സ്വന്തം ഭാര്യയെ ഇങ്ങനെ പറ്റിക്കാൻ നാണമില്ലേ മനുഷ്യാ” നേരം വെളുക്കുമ്പോൾ തന്നെ സഫ്ന എന്റെ നേരെ ഉറഞ്ഞുതുള്ളി. അവളുടെ കയ്യിൽ എന്റെ ഫോണും കൂടി

(രചന: ഞാൻ ഗന്ധർവ്വൻ)

“സ്വന്തം ഭാര്യയെ ഇങ്ങനെ പറ്റിക്കാൻ നാണമില്ലേ മനുഷ്യാ”

നേരം വെളുക്കുമ്പോൾ തന്നെ സഫ്ന എന്റെ നേരെ ഉറഞ്ഞുതുള്ളി. അവളുടെ കയ്യിൽ എന്റെ ഫോണും കൂടി കണ്ടപ്പോൾ എന്റെ ഹൃദയം പെട പെടാന്ന് ഇടിച്ചു. എന്നാലും ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ ഞാൻ അവളെ നോക്കി

“എന്തുപറ്റി…? നേരം വെളുക്കുമ്പോൾ തന്നെ എന്തിനാ ഇങ്ങനെ കിടന്ന് ചാടുന്നേ…?”

സഫ്നയുടെ മുഖം ചുവന്ന് തുടിച്ചു

“ഓ ഒന്നും അറിയാത്ത ഒരു പാവം. എന്തൊക്കെ ആയിരുന്നു. നിന്നെ സ്നേഹിക്കാൻ സമയം തികയാത്തത് കൊണ്ടാണ് ഫേസ്ബുക്ക് ഉപയോഗിക്കാത്തേ, ഫേസ്ബുക്ക് ഒന്നും ശരിയല്ല,

ഫേസ്ബുക്ക് ഉണ്ടേൽ വെറുതേ അതിൽ തോണ്ടി കളിച്ച് സമയം പോവും, അതുകൊണ്ട് ആ സമയം കൂടി ന്റെ ഭാര്യയെ എനിക്ക് സ്നേഹിക്കണം എന്ന തീരുമാനം കൊണ്ടാണ് ഫേസ്ബുക്ക് ഉപയോഗിക്കാത്തേ”

ഇതും പറഞ്ഞ് സഫ്ന കണ്ണുരുട്ടി എന്നെ നോക്കി

“എനിക്ക് ഇതൊന്നും അല്ല ദേഷ്യം പിടിക്കുന്നേ, ഫേസ്ബുക്ക് ഉണ്ടേൽ നിങ്ങളെ എഴുത്തൊക്കെ വായിച്ച് കുറേ പെണ്ണുങ്ങൾ പ്രണയം ആണെന്നും പറഞ്ഞ് മെസ്സേജ് അയക്കും, അത് ഒരിക്കലും ഇങ്ങക്ക് സഹിക്കാൻ പറ്റില്ല എന്നും,

എന്റെ ഭാര്യ അല്ലാതെ മറ്റൊരു പെണ്ണിനെ ഓർക്കാൻ കൂടി സാധിക്കില്ല എന്നുമൊക്കെ കല്ല് വെച്ച നുണ എന്നോട് ഇങ്ങള് പറഞ്ഞത് ഓർക്കുമ്പോഴാ എനിക്ക് തരിച്ച് വരുന്നേ”

“നീ കാര്യം പറ, വെറുതേ അവിടേം ഇവിടേം തൊടാതെ ഓരോന്ന് പറഞ്ഞ്”

ഇങ്ങനൊക്കെ ഞാൻ പറയുന്നുണ്ടേലും ആകെ മരവിച്ച അവസ്ഥ ആയിരുന്നു ഉള്ളിൽ.

“അവിടേം ഇവിടേം തൊടാതെ അല്ല, എല്ലായിടത്തും കിട്ടിക്കോളും. ന്റെ ഉപ്പയും കാക്കമാരും വരുന്നുണ്ട്. ഞാൻ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു കാട്ട് കോഴി ആണല്ലോ പടച്ചോനെ എനിക്ക് ഭർത്താവായി കിട്ടിയത്”

“എന്നെ കോഴി എന്ന് മാത്രം വിളിക്കരുത്. അതെനിക്ക് ഇഷ്ടല്ല”

“ദേ മനുഷ്യാ, ഇക്കാന്ന് വിളിച്ച നാവോണ്ട് എന്നെകൊണ്ട് തെറി വിളിപ്പിക്കരുത്. പത്ത് മുപ്പത്തഞ്ച് വയസായില്ലേ മനുഷ്യാ ഇങ്ങക്ക്.

ഭാര്യയും മോനുമില്ലേ…? ഒന്നുമില്ലേലും നിങ്ങളൊരു അധ്യാപകൻ അല്ലേ…? എന്നിട്ടും കോഴിത്തരം കാണിച്ച് ഇങ്ങനെ… നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികളെ കാര്യം ഓർക്കുമ്പോഴാ എനിക്ക്”

ഒന്ന് നിറുത്തിയിട്ട് അവൾ എന്റെ കണ്ണിലേക്ക് നോക്കി

“ആരാ ഈ ഞാൻ ഗന്ധർവ്വൻ…?”

“ഏത് ഗന്ധർവ്വൻ…?”

“വേണ്ടാ, ഇനീം കള്ളം പറഞ്ഞ് ഉരുണ്ട് കളിക്കേണ്ട. നിങ്ങൾ ഓരോ പെണ്ണുങ്ങൾക്കും അയച്ച വോയ്‌സ് മെസ്സേജ് അടക്കം എന്റെ കയ്യിലുണ്ട്.

സ്വന്തം പേരിൽ ഫേസ്ബുക്ക് ഉണ്ടേൽ അതിൽ എന്നേം കൂടെ ഫ്രണ്ട് ആക്കണമല്ലോ, അങ്ങനെ ഫ്രണ്ട് ആക്കിയാൽ നിങ്ങളുടെ പോസ്റ്റുകളും കഥകളും അതിന് വരുന്ന കമന്റുകളും ആ കമന്റിന് നിങ്ങൾ കൊടുക്കുന്ന മുത്തേ പൊന്നേ മറുപടിയും ഒക്കെ ഞാൻ കാണുമല്ലോ അതുകൊണ്ടാവും ഞാൻ അറിയാതെ ഒരു ഫേക്ക് അക്കൗണ്ട് എടുത്തത് അല്ലേ… ഞാൻ ഗന്ധർവ്വൻ”

ഒന്ന് നിറുത്തിയിട്ട് അവൾ എന്നെ അടിമുടി ഒന്ന് നോക്കി. അപ്പോഴേക്കും ഞാൻ കീരീടം വെച്ച് കീഴടങ്ങിയിരുന്നു

“എത്ര പെണ്ണുങ്ങൾക്കാ രാവിലെ ഗുഡ് മോർണിംഗ് മെസ്സേജ് അയക്കുന്നത്. റിപ്ലൈ തരാത്ത പെണ്ണുങ്ങളോട് വളിച്ച തമാശ പറഞ്ഞ് മിണ്ടിക്കാൻ നോക്കുന്നു. ഫുഡ്‌ കഴിച്ചോ, എന്താ ശബ്ദം മാറിയിരിക്കുന്നേ, ന്റെ പോന്നുന് സുഖല്ലേ, റെസ്റ്റെടുക്ക്, എന്നിങ്ങനെ എത്രയെത്ര കേറിങ് മെസ്സേജുകൾ”

ഇതും പറഞ്ഞ് അവൾ എന്നെ നോക്കി കണ്ണുരുട്ടി ഞാൻ ഫേസ്ബുക്ക് കാമുകിക്ക് അയച്ച വോയ്‌സ് മെസ്സേജ് പ്ലേ ചെയ്തു

“എന്തുപറ്റി മുത്തേ, ന്റെ പൊന്നൂന് ന്താ പറ്റിയേ… ഇക്കൂനോട് പറ… മോളുസേ… മിണ്ട്… ന്റെ മുത്ത് എന്തിനാ മഴ നനയാൻ പോയേ, അതോണ്ടല്ലേ ജലദോഷം പിടിച്ചേ… ഞാൻ കാണിച്ച് കൊടുക്കാം മഴയെ… അടിക്കും ഞാൻ മഴയെ… ഇനി അവൻ ന്റെ പോന്നൂന്റെ മേലെ പെയ്യട്ടെ, അപ്പോ കാണിച്ച് കൊടുക്കാം ഞാൻ ആരാണെന്ന്”

ഈ വോയ്സ് കേട്ടതും ഞാൻ മുറിയിൽ നിന്നും ഓടാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും ഭാര്യ വാതിൽ കുറ്റിയിട്ടിരുന്നു…

രണ്ട് ദിവസങ്ങൾക്ക് ശേഷം…

എന്റെ ക്ലാസ്സിന്റെ വാട്സാപ്പ് ഗ്രൂപ്പ്‌…

“മാഷേ, ഇങ്ങളെന്താ രണ്ട് ദിവസായി സ്കൂളിൽ വരാത്തേ…?”

ആ മെസ്സേജ് കണ്ടപ്പോൾ ഞാൻ മെല്ലെ ഫോൺ കയ്യിലെടുത്തു… കയ്യിനൊക്കെ ഭയങ്കര വേദന, സംസാരിക്കാൻ പോലും വയ്യ, വായ തുറക്കാൻ പോലും പറ്റാത്ത അവസ്ഥ. എന്നാലും ഞാൻ പതിയെ സംസാരിച്ചു

“മോനേ, മാഷ് രണ്ട് ദിവസം മുന്നേ വീട്ടിലെ ചൂലിൽ തട്ടി അമ്മിക്കല്ലിൽ തല ഇടിച്ച് വീണു, അപ്പോൾ കുറച്ച് ചട്ടിയും കലവും കയ്യിലും കാലിലും വീണ് പരിക്കായി. ഇത് മാറിയിട്ട് മാഷ് വരാം ട്ടോ”

ഗുണപാഠം: നമ്മൾ പുതിയ ഫോൺ മേടിച്ചാൽ ഒരു കാരണവശാലും നമ്മൾ ഉപയോഗിച്ചിരുന്ന പഴയ ഫോൺ ഭാര്യക്ക് കൊടുക്കരുത്. ഫോൺ മാറിയാലും നമ്മുടെ ഇമെയിൽ കൊണ്ട് പഴയ ഫോണിൽ ഗൂഗിൾ അക്കൗണ്ട് ആക്ടീവ് ആയി അങ്ങനെ കിടക്കുന്നുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *