(രചന: ഞാൻ ഗന്ധർവ്വൻ)
“ഷംനാ, നിന്റെ ഉപ്പാന്റെ കാർ എനിക്ക് വാടകക്ക് തരോ…?”
ഫൈസിയുടെ ചോദ്യം കേട്ടപ്പോൾ ഷംനയൊന്ന് ഞെട്ടി
“ന്തിനാ ഇക്കാ…?”
ഫൈസി ഒന്ന് പുഞ്ചിരിച്ചു
“നീ ഉപ്പാനോട് ആ കാറിന്റെ കാര്യം ചോദിക്ക്. കൃത്യമായി വാടക കൊടുക്കാം. കാറിന് അല്ലറ ചില്ലറ പണിയൊക്കെ ഉണ്ട്, അത് ഞാൻ എങ്ങനെയെങ്കിലും തീർത്തോണ്ട്. രണ്ട് ഡിഗ്രി ഉള്ളോർക്ക് ടാക്സി ഓടിക്കാൻ പാടില്ല എന്നൊന്നും നിയമമില്ലല്ലോ. അപ്പോ എങ്ങനാ, ഓക്കേ ആണോ ഈ ദുരഭിമാനിയുടെ ഭാര്യക്ക്”
ഷംന അത്ഭുതത്തോടെ ഫൈസിയെ നോക്കി. ഫൈസി അവളെ ചേർത്ത് പിടിച്ച് കണ്ണിറുക്കി പുഞ്ചിരിച്ചു
“ഇനിയും വയ്യടീ , ടൈയ്യും കെട്ടി ഇസ്തിരിയിട്ട ഷർട്ടും പാന്റും ഇട്ടോണ്ട് കാണുന്ന കമ്പനികളിലൊക്കെ ഇന്റർവ്യൂന്റെ പേരും പറഞ്ഞ് കയറിയിറങ്ങാൻ”
ഗവണ്മെന്റ് ജോലിക്ക് അല്ലാതെ വേറൊരു ജോലിക്കും പോവില്ല എന്ന് വാശി പിടിച്ചിരുന്ന ഫൈസിയുടെ മാറ്റം ഷംനയെ അത്ഭുതപ്പെടുത്തി.
ഉമ്മാക്ക് പെട്ടെന്നൊരു അസുഖം വന്നപ്പോൾ എല്ലാവരും കൂടി ഫൈസിയെ കൊണ്ട് പെണ്ണ് കെട്ടിച്ചു. ഒരൊറ്റ മോൻ ആയത് കൊണ്ടുതന്നെ സർക്കാർ ഉദ്യോഗസ്ഥന്റെ മോന് ജോലി ഇല്ലേലും പെണ്ണ് കിട്ടാൻ വല്യ ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു.
കല്യാണം കഴിഞ്ഞ് തന്റെ ഭാര്യയുടെ സ്വകാര്യ ആവശ്യങ്ങൾക്ക് വരെ ഉപ്പയുടെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥ വന്നപ്പോൾ ഫൈസിക്ക് മാറി ചിന്തിക്കേണ്ടി വന്നു എന്നതാണ് സത്യം.
ഫൈസിയുടെ മുഖത്ത് വല്ലാത്ത ഒരു ആത്മവിശ്വാസം കണ്ടു അവൾ. അതുവരെ തങ്ങൾ കണ്ട ഫൈസിയല്ല അതെന്ന് ഉമ്മയും ഉപ്പയും ഷംനയോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കാറിന്റെ അല്ലറ ചില്ലറ പണിയൊക്കെ കഴിച്ച് റൂട്ടിലിറക്കി. ഉപ്പയെ രാവിലെ ഓഫീസിൽ കൊണ്ടാക്കി ഫൈസി സവാരി ആരംഭിച്ചു.
ഫൈസിയുടെ മാറ്റം കണ്ട് കൂട്ടുകാരൊക്കെ അന്തംവിട്ട് നിന്നു. ഫൈസി കാറുമായി സ്റ്റാൻഡിൽ എത്തിയ കാര്യമറിഞ്ഞ് സുഹൃത്ത് ഗഫൂർ ഓടിയെത്തി
“ന്റെ ഫൈസീ, നീ എന്ത് പണിയാ ഈ കാണിക്കുന്നത്…? നീയൊന്ന് വീട്ടിൽ പോയേ… നിന്റെ സ്റ്റാൻഡേർഡിന് ചേർന്ന പണിയൊന്നും അല്ല ഇത്. നീയല്ലേ പറഞ്ഞിരുന്നത് ബാങ്ക് മാനേജർ ആവണമെന്നും വേൾഡ് ബാങ്കിന്റെ അധിപൻ ആകുന്നതുമൊക്കെയാണ് നിന്റെ സ്വപ്നങ്ങൾ എന്ന്”
ഒന്ന് നിറുത്തിയിട്ട് ഗഫൂർ ഫൈസിയെ അടിമുടി ഒന്ന് നോക്കി
“ആ നീയാണ് ഈ കാക്കിയും ഇട്ടോണ്ട് ടാക്സി ഓടിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഫൈസീ നീ മര്യാദക്ക് വീട്ടിൽ പോ, വെറുതെ നാട്ടുകാരെക്കൊണ്ട് അതും ഇതും പറയിപ്പിക്കരുത്.
ഒന്നുമില്ലേലും ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മകൻ അല്ലേടോ താൻ. അതൊക്കെ പോട്ടെ, ഞങ്ങൾ കൂട്ടുകാർ ഇനി എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും. കൂട്ടുകാരൻ ഒരു ടാക്സി ഡ്രൈവർ ആണെന്ന് പറയുന്നത് ഞങ്ങൾക്ക് ഒരു മോശല്ലേ”
ഫൈസി പുച്ഛത്തോടെ ഗഫൂറിനെ അടിമുടി ഒന്ന് നോക്കി
“സാറിനെന്താ ജോലി”
ഒരു ജോലിയും ആയില്ല എന്ന അർഥത്തിൽ ഗഫൂർ കണ്ണിറുക്കി തലയാട്ടി. ഫൈസി അവന്റെ കണ്ണിലേക്ക് തറപ്പിച്ചൊന്ന് നോക്കി
“നീയൊന്നും ഒരു ജോലിക്ക് പോവേം ഇല്ല. മറ്റുള്ളവരെ ജോലി ചെയ്യാനൊട്ട് സമ്മതിക്കത്തും ഇല്ല. വെറുതെ ജോലിക്കൊന്നും പോവാതെ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നതിനേക്കാൾ ഭേദം അധ്വാനിച്ച് ജീവിക്കുന്നത് തന്നെയാണ്. ഇനി ഈ പേരും പറഞ്ഞ് എന്റെ മുന്നിൽ വന്നാൽ കൂട്ടുകാരൻ ആണെന്നൊന്നും ഞാൻ നോക്കൂല, അടിച്ച് മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും”
ഫൈസിയെ നോക്കി പല്ലിളിച്ച് ഗഫൂർ മെല്ലെ അവിടെ നിന്നും തടിയൂരാൻ നോക്കി. പോവാൻ നേരം തല ചൊറിഞ്ഞ് ഗഫൂർ ഉണ്ണിയെ നോക്കി
“അല്ല, അന്റെടുത്ത് ഒരു നൂറുറുപ്യ എടുക്കാൻ ഉണ്ടാവോ… പണി എന്തേലും ആയിട്ട് തിരിച്ച് തരാം”
ഇത് കേട്ടതും ഫൈസി അവിടെ കിടന്ന വടി എടുക്കാൻ ശ്രമിച്ചതും ഗഫൂർ മെല്ലെ അവിടെനിന്നും തടിയൂരി…
നോട്ട്: ചെയ്യുന്ന ജോലിയിൽ അല്ല, നമ്മുടെ ആ ജോലിക്കൊണ്ട് എത്രപേർ സന്തോഷിക്കുന്നുണ്ട് എന്നതിലാണ് കാര്യം…