പണമുണ്ടാക്കാൻ നെട്ടോട്ടമോടുന്ന ബന്ധുക്കൾ ഒരു ഭാരം കൂടി ഏറ്റെടുക്കാൻ വയ്യെന്ന് പറഞ്ഞു ആ കുഞ്ഞുവീട്ടിൽ അവനെ തനിച്ചാക്കി എങ്ങോ മറഞ്ഞുപോയി….

ബന്ധം
(രചന: Gopi Krishnan)

വളവും തിരിവും നിറഞ്ഞ ആ വഴിയിലൂടെ ആ കാർ കുതിച്ചുപോവുകയാണ്…. മഞ്ഞിന്റെ കണങ്ങളെ വകഞ്ഞുമാറ്റി പോകുന്ന ആ വണ്ടിയിൽ…

സേതുവിന്റെ തോളിൽ തല ചായ്ച്ചുകൊണ്ട് പതിനാലുവയസ്സുകാരി മകൾ നന്ദന ചോദിച്ചു..

.. ” അച്ഛാ ശരിക്കും നമ്മളിപ്പോ എങ്ങോട്ടാ ഈ പോകുന്നത്..? ”

“നമ്മളിപ്പോ ഒരു കുഞ്ഞു ഗ്രാമത്തിലേക്കാ മോളെ….അച്ഛൻ ജനിച്ചുവളർന്ന മണ്ണിലേക്ക് അവിടെ ഒരാളെ കാണാനുണ്ട് ”

മനസിലാകാത്ത മട്ടിൽ മുഖത്ത് നോക്കിയ നന്ദനയെ നോക്കി പുഞ്ചിരിച്ചുകൊണ്ട്… സേതു ഓർമ്മകളുടെ വഴിയേ മനസുകൊണ്ട് ഒരു മടക്കയാത്ര നടത്തി……

പാടത്തും പറമ്പിലും ഓടിക്കളിച്ചും കൂട്ടുകാരൊത്ത് മൂവാണ്ടൻ മാവിന് കല്ലെറിഞ്ഞും ചാടിത്തിമിർത്തു നടന്ന ബാല്യം.. ഒറ്റമകനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന അച്ഛനും അമ്മേം കുറെ കൂട്ടുകാരും……

പത്താം ക്ലാസ്സിന്റെ പ്രാധാന്യം തന്നെ പറഞ്ഞു മനസിലാക്കി പഠിക്കാൻ ഏൽപ്പിച്ചു അമ്പലത്തിൽ കുളിച്ചുതൊഴാൻ പോയ അച്ഛനും അമ്മയും ആംബുലൻസിലാണ് തിരിച്ചുവന്നത്…

കരയേത് കടലേതെന്നറിയാതെ ആ പതിനാലുവയസുകാരൻ അനാഥത്വം എന്ന വിധിക്കു മുന്നിൽ പകച്ചുനിന്നു…

പണമുണ്ടാക്കാൻ നെട്ടോട്ടമോടുന്ന ബന്ധുക്കൾ ഒരു ഭാരം കൂടി ഏറ്റെടുക്കാൻ വയ്യെന്ന് പറഞ്ഞു ആ കുഞ്ഞുവീട്ടിൽ അവനെ തനിച്ചാക്കി എങ്ങോ മറഞ്ഞുപോയി….

ഒറ്റയ്ക്കൊരു വീട്ടിൽ കരഞ്ഞു തളർന്നുറങ്ങുന്ന ഒരുനാൾ… തോളത്തൊരു സ്നേഹത്തിന്റെ കൈ തൊട്ടു വിളിച്ചു……

മായച്ചേച്ചി…..

സ്നേഹിച്ച പുരുഷനോടൊപ്പം ഇറങ്ങിവന്നു എന്ന തെറ്റിന്റെ പേരിൽ ആരുമില്ലാതെ ആയവൾ….

കുടുംബം എന്ന സ്വർഗത്തിൽ കാലെടുത്തു വെക്കും മുന്നേ സ്നേഹിച്ചവൻ വാഹനാപകടത്തിൽ മറ്റൊരു ലോകത്തേക്ക് മടങ്ങിപ്പോയി…..

ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്ണുങ്ങളെല്ലാം തെറ്റുകാരികൾ ആണെന്നുറപ്പിച്ച സമൂഹത്തിനു മുന്നിൽ പലപ്പോഴും ചോദ്യചിഹ്നമായി അവർ കരഞ്ഞു നിൽക്കുന്നത് സേതു കണ്ടിട്ടുണ്ട്….

കൂടെ പിറക്കാതെ അവർ കൂടെപ്പിറപ്പുകളായി… ആഹാരവും സ്നേഹവും പങ്കുവെച്ചു…. കളങ്കമില്ലാത്ത സ്നേഹം മാത്രം മനസ്സിൽ സൂക്ഷിച്ചതുകൊണ്ട് അവർ മായേച്ചിയും അനിയൻകുട്ടനുമായി മാറി…..

ആണും പെണ്ണും ഒരുമിച്ചിരുന്നാൽ എല്ലാം തെറ്റാണെന്ന് കാണുന്ന സമൂഹത്തിലെ ചില പ്രമാണികൾ ഒരുനാൾ അവരെ തടഞ്ഞുവെച്ചു….

കയ്യൂക്കുള്ളവൻ വലിയവനായ ആ കാലത്ത് എതിർക്കാൻ കഴിയാതെ സേതു ആ നാട്ടിൽ നിന്നും ഓടിപ്പോയി…. മായേച്ചിയെ കുറിച്ച് പിന്നെ ഒരറിവും ഉണ്ടായില്ല…..

പണമില്ല എന്ന കാരണം കൊണ്ട് പലയിടത്തും കറിവേപ്പില ആയ സേതു ഒരുപാട് കഷ്ടപ്പെട്ടു… ഒരുപാട് നാളത്തെ കഠിനാധ്വാനം കൊണ്ട് … ഡോക്ടർ സേതുനാഥ് ആയി വളർന്നു…..

നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടർ ആയി ഭാര്യയും മകളും എല്ലാം കൂട്ടിനെത്തി എന്നിട്ടും സേതുവിന്റെ മനസ്സിൽ നിന്നും തന്റെ മായേച്ചി മാഞ്ഞുപോയില്ല. കുറെ കാലം അന്വേഷണം നടത്തിയെങ്കിലും അറിവൊന്നും കിട്ടിയില്ല…..

അങ്ങനെയിരിക്കെ ഒരുനാൾ ഒരു സായഹ്‌നപത്രത്തിലെ വാർത്തയിൽ തന്റെ മായേച്ചിയെ അയാൾ കണ്ടത്….

” ആരോരുമില്ലാത്ത സ്ത്രീ കരുണ തേടുന്നു ”

എന്നൊരു വാർത്തയിൽ…..അതിൽ കൊടുത്ത വിവരങ്ങൾ വഴി അന്വേഷണം നടത്തിയപ്പോൾ … അവർ ആ നാട്ടിൽ തന്നെ ഒറ്റയ്ക്ക് ജീവിച്ചെന്നും…..

ഉള്ള അറിവുകൾ അടുത്തുള്ള കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുത്തു ജീവിക്കുകയായിരുന്നു എന്നും അറിഞ്ഞു…

ജരാനരകൾ കീഴടക്കാൻ തുടങ്ങിയപ്പോൾ ആരോരുമില്ലാത്ത അവരെ തേടി രോഗങ്ങൾ കൂട്ടിനെത്തി… നാട്ടുകാരും സംഘടനകളും കുഞ്ഞു സഹായങ്ങളുമായി അരികിലെത്തി….. അവരെല്ലാം ചേർന്നാണ് ഇങ്ങനൊരു പത്രവാർത്ത കൊടുത്തത്‌…..

ചാണകം മെഴുകിയ മുറ്റമുള്ള ഒരു കുഞ്ഞു വീടിനു മുന്നിൽ ആ വണ്ടി നിന്നു….

സേതുവിന്റെ കൈപിടിച്ച് നന്ദനയും ആ വീട്ടിലേക്ക് ചെന്നു…. മുഷിഞ്ഞ വസ്ത്രങ്ങളും വര വീണ കണ്ണടയുമായി അവിടെ അവർ ഇരുന്നിരുന്നു….. മായ….

ആദ്യം മനസിലായില്ലെങ്കിലും പറഞ്ഞു വന്നപ്പോൾ സേതുവിനെ അവർ തിരിച്ചറിഞ്ഞു…. കൂടെപ്പിറക്കാത്ത ആ അനിയനെ അവർ ചേർത്തുപിടിച്ചു….

ഒത്തിരി കരഞ്ഞു…….. ആരുമില്ലാതെയായപ്പോൾ അന്നം നൽകിയ ആ കൈകൾ ചേർത്തു പിടിച്ചു സേതു അവരോട് പറഞ്ഞു….

” ഇനി മായേച്ചി കരയരുത് കൂടെ ഞാനും എന്റെ കുഞ്ഞു കുടുംബവും ഉണ്ട് …. ഇനിയുള്ള കാലം മുഴുവൻ…. വിഷമിക്കണ്ട ” ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചുകൊണ്ട് നന്ദന അവരെ കാറിലേക്ക് കയറ്റിയിരുത്തി…

അവിടെ എത്തിയ നല്ല മനസുകളോട് നന്ദി പറഞ്ഞിട്ട് സേതു വണ്ടിയെടുത്തു…. തന്റെ കൂടെപ്പിറപ്പിനെ കൂട്ടി… കുടുംബത്തിലേക്ക്…..

ആണും പെണ്ണും ഒരുമിച്ചു നടക്കുന്നത് കണ്ടാൽ ഉടനെ അവിഹിതം കണ്ടുപിടിക്കുന്ന ഈ സമൂഹത്തിൽ ഇങ്ങനെയും ഉണ്ട് ചില ബന്ധങ്ങൾ… കൂടെ പിറക്കാത്ത കൂടെപ്പിറപ്പുകൾ ……

മനസിലെ സ്നേഹത്തിൽ കളങ്കമില്ലാത്തവർക്ക് മനസിലാകും……. ബന്ധങ്ങളുടെ അർത്ഥം….

Leave a Reply

Your email address will not be published. Required fields are marked *