മഴ പോലെ
(രചന: Gopika Vipin)
“ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു തീരാ മൊഴിയിൽ മൗനങ്ങളായലിഞ്ഞു ഈറൻ കാറ്റിൽ മെല്ലെ മായും മഞ്ഞിന്റെ ഉള്ളിൽ
ഈറൻ കാറ്റിൽ മെല്ലെ മായും മഞ്ഞിന്റെ ഉള്ളിൽ പുലരും……………”
ചാരുകസേരയിൽ ചാരി കിടന്നവൻ കണ്ണുകളടച്ചു…. പാട്ടിന്റെ ഈരടികൾ മനസിലേക്ക് ആവാഹിക്കവെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….
“എന്റെ മഴപെണ്ണ്…. ” ആ പുഞ്ചിരിയോടെ തന്നെ ചുണ്ടുകൾ മൊഴിഞ്ഞു… ഹൃദയം വല്ലാതെ തുടികൊട്ടി….
രാവിലെ പെയ്ത മഴയുടെ അവശേഷിപ്പുകൾ അവിടവിടെയായി ഇപ്പൊളും അന്തരീക്ഷത്തിൽ തങ്ങി നിൽപ്പുണ്ട്….
മുറ്റത്തെ ചെമ്പരത്തി ചെടിയുടെ തുമ്പത്തു ഇറ്റുവീഴാനായി തൂങ്ങി നിന്ന മഴതുള്ളികളെ ആ കുറുമ്പൻ കാറ്റ് തട്ടി താഴെ ഇട്ടു…. ഉമ്മറ കോലായിൽ നിന്നും രണ്ടുമൂന്നു മഴത്തുള്ളികൾ തെറിച്ചവന്റെ കവിളിലേക്കും വന്നു പതിച്ചു…
വലംകൈയാൽ അവയെ തുടച്ചു നീക്കി… വെറുതെ അങ്ങനെ എന്തൊക്കെയോ ചിന്തികൊണ്ട്….
“ഇച്ഛ….. ദേ നോക്കിയേ ഇച്ഛാ…. ഇങ്ങോട്ടു… പുറത്തു നല്ല മഴയ… എനിക്ക് നല്ല തണുത്ത ഐസ്‌ക്രീം വേണം…. എന്നിട്ടേ ഇച്ഛന്റെ കയ്യും പിടിച്ചു മഴയിയും നനഞ്ഞു ഐസ്ക്രീമും നുണഞ്ഞു അങ്ങനെ നടക്കണം…. ”
മറുപടി പറയാതെ…. മിഴികൾ തുറക്കാതെ അവൻ പുഞ്ചിരിച്ചു….
“ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ…. ഇച്ഛ…….” കയ്യിനു മുകളിൽ ഊക്കോടെ ഒരു അടി കൊണ്ടപ്പോൾ ഞെട്ടിക്കൊണ്ടവൻ കണ്ണ് തുറന്നു….
മുഖം വീർപ്പിച്ചു എളിയിൽ രണ്ടു കയ്യും കുത്തി നിൽക്കുന്ന അവളെ കണ്ടപ്പോൾ അറിയാതെ ചിരി പൊട്ടി…. ചിരിച്ചു കൊണ്ടവൻ അടികൊണ്ട ഭാഗം തലോടികൊണ്ടവളെ നോക്കവേ മുഖം തിരിച്ചവൾ പിണക്കത്തോടെ അകത്തേക്ക് കയറി പോയി…
“ഇങ്ങനെ ഒരു പൊട്ടി പെണ്ണ്…. ” സ്വയം പറഞ്ഞുകൊണ്ടവൻ ഓർത്തു…..
അവളെ കുറിച്ചുള്ള ഓര്മകൾക്കെന്നും പുതുമഴ നനഞ്ഞ മണ്ണിന്റെ മണമാണ്…. മഴത്തുള്ളികളേറ്റു തിളങ്ങി നിൽക്കുന്ന പൂവിന്റെ ഭംഗിയാണ്….
അവൾ എന്റെ മാത്രം “മഴപെണ്ണ്….. ”
ആദ്യമായി അവളെ കാണുമ്പോളും കൂട്ടിന് ആ മഴയുണ്ടായിരുന്നു….
ഓഫീസ് കഴിഞ്ഞു വരുന്ന നേരം പ്രതീക്ഷിക്കാതെ ആയിരുന്നു മഴയുടെ പൊട്ടിപുറപ്പാട്….
കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ എന്ന് പറയുംപോലെ റൈൻ കോട്ട് അന്ന് എടുക്കാനും വിട്ടു പോയിരുന്നു..
അടുത്ത് കണ്ട ബസ്റ്റോപ്പിലേക്ക് ബൈക് ഒതുക്കി ഉള്ളിലോട്ടു കയറി നിൽക്കുമ്പോളേക്കും ശക്തമായ ഇടിനാദത്തിന്റെ അകമ്പടിയോടെ മഴ പെയ്തു തുടങ്ങിയിരുന്നു….
കൈകൾ കൂട്ടിത്തിരുമ്മി പുറത്തെ മഴയും കണ്ടു നിൽക്കുമ്പോളാണ് കുറച്ചു പെൺകുട്ടികൾ അവിടേക്ക് ഓടിക്കയറി വന്നത്…
അതുവരെ മഴയുടെ നാദം മാത്രം കേട്ടുകൊണ്ടിരുന്ന അവിടെ പിന്നെ കാക്കക്കൂട്ടം ഒന്നിച്ചെത്തിയ പോലെയായി… തെല്ലൊരു അലോസരം തോന്നാതിരുന്നില്ല….
അതിനിടയിലാണ് അവിചാരിതമായി അവരുടെ സംസാരം ശ്രെദ്ധിക്കുന്നത്…
എല്ലാവരും കൂടി അവരുടെ അടുത്തേക്ക് ആരെയോ വിളിക്കുന്നുണ്ട്…
“യാമി…. നീ ഇങ് വാ പെണ്ണെ…. ഹോ എന്റെ ഈശ്വരാ…. ആരേലും ആ സാധനത്തിന്റെ ഒന്ന് ഇങ്ങോട്ടു വിളിക്കെടി… ”
“ആരോടാ നീ ഇത് പറയുന്നത്… മഴ കണ്ട പെണ്ണിന് പ്രാന്തണ്… നീ എന്നല്ല ഇനിയിപ്പോൾ ഇന്ദ്രദേവൻ വന്നു വിളിച്ചാലും അവൾ ആ മഴയതിന് കയറില്ല…. ” കൂട്ടത്തിലെ രണ്ടാമത്തെ ആളുടെ വാദം…
“മഴ ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല…. എല്ലാര്ക്കും ഇഷ്ടാ.. ന്നാ ഇത് എല്ലാരേയും പോലെ അല്ലല്ലോ… മഴ നിലംതൊട്ടാൽ അപ്പോൾ തുടങ്ങും ഐസ്ക്രീം കൊതി… പിന്നെ അത് കിട്ടാതെ ഒതുങ്ങുകയും ഇല്ല…
അതും നക്കി നക്കി കണ്ണിൽ കണ്ട ചെളിവെള്ളത്തിൽ ഒക്കെ ചാടി തുള്ളി….
ഹോ എന്റെ അമ്മേ… ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ…. ?? ” മൂനാമത്തെയാളുടെ വക….
“അതിൽ നിനക്കെന്താ ഇത്ര സംശയം…. തവളയുടെ കുഞ്…. ഇൻ ഷോർട് മാക്രി കുഞ്…. ” എല്ലാവരും ആർത്തു ചിരിച്ചു….
എത്രയൊക്കെ കേട്ടപ്പോൾ ആരെ കുറിച്ചാണ് ഇവര് ഈ പറയുന്നത് എന്നറിയാൻ അവനിലും ആകാംക്ഷയേറി… മഴ തോർന്നോ എന്ന് നോക്കാൻ എന്നപോലെ ബസ്റ്റോപ്പിൽ നിന്നും വെളിയിലേക്ക് പതിയെ തലയിട്ടു…
മഴ നോക്കുക എന്ന വ്യാജേന അവളെ ഒന്ന് കാണുക അതാണ് ഉദ്ദേശം….
പക്ഷെ പുറത്തേക്ക് നോക്കും മുൻപേ എന്തോ ഒന്ന് കാറ്റുപോലെ ബസ്റ്റോപ്പിനുള്ളിലേക്ക് പാഞ്ഞു വന്നു….
മുന്നിലായി നിന്ന അവനെ തട്ടിമാറ്റി ഉള്ളിലോട്ടു കയറി…. പ്രതീക്ഷിക്കാതെ കിട്ടിയ പ്രഹരത്തിൽ അവൻ ഒന്ന് പിന്നോട്ടാഞ്ഞു പുറകിലെ ഭിത്തിയിൽ ഇടിച്ചു തിണ്ണയിൽ വന്നു ഇരുന്നു പോയി…
കുറച്ചുനേരം എന്താണ് തനിക്ക് സംഭവിച്ചത് എന്ന് മനസിക്കാൻ കഴിയാതെ അങ്ങനെ ഇരുന്നു പോയി….. തല ചുമരിൽ ചെറുതായി ഒന്നുതട്ടിയത് കൊണ്ടോ എന്തോ ആകമൊത്തം തലയ്ക്കു ചുറ്റും ഒരുപാട് പൂമ്പാറ്റകൾ… ഹായ്….
തലയൊന്നു നന്നായി കുടഞ്ഞുകൊണ്ടു മുന്നോട്ട് നോക്കിയപ്പോൾ ആദ്യം മുന്നിൽ ഉടക്കിയത് ഇളം റോസ് നിറത്തിൽ ഉള്ള ചെറിയ കാതിൽ തൂങ്ങിയാടുന്ന മഴതുള്ളി കമ്മലായിരുന്നു…
വല്ലാത്ത ഒരു ഭംഗിതോന്നി അവന്… സ്വർണ്ണ നൂലിന്റെ അറ്റത് ഒരു പുൽനാമ്പിന്റെ തുമ്പത്തു തൂങ്ങിനില്ക്കുന്ന മഴതുള്ളി പോലെ വെള്ള നിറത്തിലുള്ള മുത്ത്…
മതിമറന്നു നോക്കി നിൽക്കവേ ശക്തിയിൽ വെള്ളത്തുള്ളികൾ വന്നുപതിക്കവേ അവൻ ഒന്ന് കണ്ണുചിമ്മി….
പിന്നെ മിഴികൾ പതിയെ തുറക്കവേ കണ്ടു… നേരത്തെ കൂടി നിന്ന പെണ്കുട്ടികൾക്കരികിലേക്ക് തന്റെ കൈകളിൽ മഴത്തുള്ളികൾ ശേഖരിച്ചു വീശി എറിയുന്നു അവളെ….
കണ്ടു കഴിഞ്ഞ പല സിനിമയിലെയും, വായിച്ചുതീർത്ത പല കഥകളിലെയും സ്ഥിരം ക്‌ളീഷേ സീൻ… മഴവെള്ളത്തിൽ കളിക്കുന്ന നായിക… കണ്ണുമിഴിച്ചു ഇന്നേ വരെ ആരും മഴവെള്ളത്തിൽ കളിക്കുന്നത് കാണാത്ത പോലെ ഈ ലോകവും പരലോകവും അറിയാതെ നോക്കി നിൽക്കുന്ന നായകൻ…
ഓർത്തപ്പോൾ ചിരി വന്നു…. എന്നലും എന്തോ ഒന്ന് അവളിലേക്ക് വീണ്ടും വീണ്ടും അവന്റെ കണ്ണുകളെ ആകർഷിച്ചു കൊണ്ടിരുന്നു…. മഴപെയ്തു തോരുംവരെ ഒളിഞ്ഞും തെളിഞ്ഞും അവളെ തന്നെ നോക്കി നിന്നു എന്ന് വേണം പറയാൻ…
മഴതോർന്നു അവർ ഇറങ്ങി പോകുന്നത് കണ്ടപ്പോൾ എന്തോ ഒരു നഷ്ടബോധം…
വെറുതെ ആണെകിൽ പോലും അവളിൽ നിന്നും ഒരു തിരിഞ്ഞു നോട്ടം അവനും ആഗ്രഹിച്ചു… വെറുതെ….
“എന്തിനായിരുന്നു അങ്ങനെ ഒരു പ്രതീക്ഷ…??? ”
“ആ……… ആർക്കറിയാം….. അങ്ങനെ തോന്നി അത്രതന്നെ…. ”
“ഇനി ഇതാണോ ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്…??? ”
“ആണോ….. ??? ”
ആ ചോദ്യം അങ്ങനെ അവന്റെ മനസ്സിൽ തന്നെ കിടന്നു…. പലപ്പോഴും ഹൃദയത്തിന്റെ ഓരോ ഭിത്തിയിലും തട്ടി പ്രതിഫലിക്കും…. ഉത്തരം നല്കാനാകാതെ വെറും ഒരു ചോദ്യമായി അവശേഷിക്കും…
പിന്നെ ഉള്ള ദിനങ്ങളിൽ പെയ്യുന്ന ചെറിയ ചാറ്റൽ മഴപോലും അവളുടെ ഓർമകളെ ഉണർത്തി കൊണ്ടിരുന്നു… വല്ലാത്ത കുളിര് തോന്നും അപ്പോൾ…
ഇപ്പോളും അന്ന് അവളുടെ കൈ വിരലുകളാൽ മുഖത്തേക്ക് തെറിച്ചുവീണ ആ മഴത്തുള്ളികളുടെ തണുപ്പ് വിട്ടു മാറിയിട്ടില്ല എന്ന് തോന്നും….
പിന്നെ പലയിടത്തും അവളെ തിരയാൻ തുടങ്ങി ഒരിക്കൽ പോലും അവളെ വീണ്ടും കാണാൻ കഴിഞ്ഞില്ല… ഒഴിവ് സമയങ്ങളിൽ പലപ്പോഴും അവളെ ആദ്യമായി കണ്ട ആ ബസ്റ്റോപ്പിൽ പോയി വെറുതെ ഇരിക്കും….
ഒരിക്കലെങ്കിലും അവൾ വരുമെന്ന പ്രതീക്ഷയിൽ…. എവിടെ……
പ്രതീക്ഷമാത്രം ബാക്കി…
അവളെ കണ്ടതിനു ശേഷമുള്ള ഓരോ മഴയും വെറുതെ അങ്ങ് നനയും…
എവിടെയെങ്കിലും ഞാൻ ഈ നനയുന്ന മഴ അവൾകൂടി നനയുന്നുണ്ടാകും എന്ന വിശ്വാസത്തോടെ…. മഴ നനഞു മഴ നനഞ്ഞു പനി പിടിച്ചത് മിച്ചം….
ഇടയ്ക്കിടയ്ക്ക് സിക്ക് ലീവെടുക്കലും പതിവായി…
അങ്ങനെ ഒരു പനിക്കാല അവധി കഴിഞ്ഞു വീണ്ടും ഒരു മഴയൊക്കെ നനഞ്ഞു തിരിചു ഓഫീസിൽ എത്തിയ അവൻ കണ്ടത് സ്വന്തം സീറ്റിൽ ഇരുന്നു തൊട്ടടുത്ത് ഇരിക്കുന്ന ആളൊട് വാതോരാതെ സംസാരിക്കുന്ന ഒരു പെൺകുട്ടിയെ ആണ്…
പൊതുവെ തന്റെ സീറ്റിൽ വേറെ ആരും വന്നിരിക്കുന്നത് ഇഷ്ടപെടാത്ത ഒരു വ്യക്തിയാണ് അവൻ … ഇതിപ്പോൾ സീറ്റിൽ കയറി ഇരുന്നതും പോലാ പൊന്നു പോലെ സൂക്ഷിക്കുന്ന പെൻ കളക്ഷനിൽ ആണ് അവളുടെ കൈ….
ദേഷ്യം വന്നു…. നല്ലത് നാല് പറയണം എന്ന് കരുതി ധിറുതിയിൽ അടുത്തെത്തിയിട്ടും അവൾക്ക് ഒരു കുലുക്കവും ഇല്ലാ… ഇത്രയും വലിയ ഒരു മനുഷ്യൻ അടുത്ത് വന്നു നിന്നതൊന്നും അവൾ അറിഞ്ഞിട്ടേ ഇല്ല….
തട്ടി വിളിക്കാൻ കൈ ഉയർത്തിയതും അകാരണമായി ഹൃദയം വല്ലാതെ മിടിച്ചു… അവളുടെ ഷോള്ഡറില് എന്റെ വിരലുകൾ സ്പർശിക്കും മുന്നേ അവൾ കൈവിരലുകൾ കൊണ്ട് മുന്നോട്ടു വീണ മുടിയിഴകളെ ചെവിക്ക് പിറകിലേക്ക് ഒതുക്കി വച്ചതും അവൻ കണ്ടു കാതിലെ ആ മഴതുള്ളി കമ്മൽ….
ഒരുനിമിഷം വിശ്വസിക്കാൻ കഴിഞ്ഞില്ല… ഇതുവരെ താൻ തേടി നടന്ന അവൾ തനിക്ക് മുന്നിൽ….
അവളെ വിളിക്കാനായി ഉയർന്ന കൈയ്യുകൾ അങ്ങനെ നിശ്ചലമായി…
ഫ്രീസ് ആയി നിന്ന് പോയി… അപ്പോളെക്കും പുറകിലെ സാമിപ്യം തിരിച്ചറിഞ്ഞു അവൾ തിരിഞ്ഞു നോക്കി…
കണ്ണും മിഴിച്ചു തന്നെ നോക്കി നിൽക്കുന്ന അവനെ കാൺകെ ഒരുനിമിഷം അവളും ഒന്ന് പകച്ചു… പിന്നെ പുരികക്കൊടികൾ ഒരേ തളത്തിൽ ഉയർത്തി എന്താ എന്ന് തിരക്കി…..
“ഇത് എന്റെ സീറ്റ് ആണ്…… ” സീറ്റിലേക്ക് ചൂണ്ടിയ വിരൽ പിന്നെ സ്വന്തം നെഞ്ചിലേക്ക് കുത്തി അവൻ അവളെ അറിയിച്ചു…
അവളും ആകെ ചമ്മി നിൽക്കുകയായിരുന്നു… ഒന്ന് ചിരിച്ചു
പിന്നെ മടിച്ചു മടിച്ചു ഒരു സോറിയും പറഞ്ഞു പതിയെ അവിടെ നിന്നും സീറ്റിലേക്ക് തിരിഞ്ഞോടി….
ഒരു ചിരിയോടെ അവൻ സീറ്റിലേക്ക് ഇരിക്കുമുമ്പൊൾ ഒരു മഴക്കാലം മുഴുവൻ ഉള്ളിലേക്ക് ഒതുങ്ങിയ സുഖമായിരുന്നു… പിന്നെ അങ്ങോട്ട് അവളെ കുറിച്ച് അറിയാൻ തുടങ്ങുകയായിരുന്നു…
ഇഷാനി എന്ന യാമി…. അമ്മയ്ക്കും അച്ഛനും ഒറ്റമകൾ….. ഒരു കുറുമ്പി….
മഴയെ ഒരുപാട് ഇഷ്ടപെടുന്ന ഒരു പൊട്ടി പെണ്ണ്… മഴയും ഐസ്ക്രീമും രണ്ടും കൂടി കണ്ടാൽ പിന്നെ യാമിയെ പിടിച്ചാൽ കിട്ടില്ല അതാണ് അവസ്ഥ….
ഓഫീസിൽ എല്ലാവരുമായി അവൾക്ക് നല്ല അടുപ്പം ആയിരുന്നു അവനോടു മാത്രം പക്ഷെ എന്തോ അടുക്കാൻ ഒരു മടി… അവനും അവളോട് നേരിട്ട് സംസാരിക്കാൻ മടി തോന്നി… മടിയെന്നല്ല അവൾക്കടുത്തേക്ക് ചെല്ലുമ്പോൾ ആകമൊത്തം ഒരു പരിഭ്രമം…
ഓഫീസിലെ പലർക്കും അവൾക്കു മുകളിൽ കണ്ണുണ്ടെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ ഈ ഒളിച്ചു കളി അതികം വൈകാതെ അവസാനിപ്പിക്കണം എന്നും അവൻ തീരുമാനിച്ചു…
അങ്ങനെ ഒരു വൈകുംനേരം… ഓഫീസ് ടൈം കഴിഞ്ഞു പോകാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് പുറത്തു മഴ പെയ്യുന്നത് കാണുന്നത്… പാർക്കിംഗ് ചെന്ന് റൈൻകോട് എടുക്കാം എന്ന് കരുതി തിരിയവേ കണ്ടു ഓഫിന് മുന്നിൽ നിൽക്കുന്ന അവളെ….
പിന്നെ നേരെ അവൾക്കടുത്തേക്ക് നടന്നു ചിലത് തീരുമാനിച്ചുറപ്പിച്ചു തന്നെ….
താഴേക്ക് വീഴുന്ന മഴത്തുള്ളികളെ കൈകളിലേക്ക് പിടിച്ചൊതുക്കാൻ ശ്രെമിക്കുകയാണവൾ…. വിരൽ തുമ്പിലൂടെ അവ ഇട്ടിട്ടു താഴേക്ക് വീഴുമ്പോൾ ഒരു പുഞ്ചിരി ആ മുഖത്തെ കൂടുതൽ സുന്ദരമാക്കി….
“മഴ…… ഇത്രക്ക് ഇഷ്ടമാണോ…..???? ” അടുത്തുനിന്നും അവന്റെ ശബ്ദം കേൾക്കവേ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി….
“എനിക്ക് ഇഷ്ടമല്ലായിരുന്നില്ല ഈ മഴ….
ആകെ മൂടി കെട്ടി ഇരുണ്ടു കൂടി ആ അന്തരീക്ഷം കാണുമ്പോൾ തന്നെ ശ്വാസം മുട്ടും….
പിന്നെ മഴക്കാലം തുടങ്ങിയാൽ എത്ര ഉണങ്ങിയാലും വസ്ത്രങ്ങളിലും നിന്നും ഒരു നനഞ്ഞ വാസനയുണ്ട് മാറത്തെ ഇല്ല അത്…. പുറത്തേക്ക് ഇങ്ങോട്ടും പോകാനും കഴിയില്ല… സമയവും നഷ്ടം….
ഒരുതരം ദേഷ്യമായിരുന്നു ഈ മഴക്കാലത്തിനോട്…. ഇപ്പോൾ പക്ഷെ………….. ”
അവൻ ഒന്ന് നിർത്തി അവളെ നോക്കി….. ആ പക്ഷേക്ക് ശേഷം എന്താണെന്ന് അറിയാൻ ആകാംഷയോടെ നോക്കി നിൽക്കുകയാണ് അവൾ…. അവളുടെ ആ നോട്ടം കണ്ടപ്പോൾ അവന് ഒന്ന് വെറുതെ ചിരിച്ചു….
“പക്ഷെ ഇപ്പോൾ ഇഷ്ടമാണ് ഒരുപാട് ഒരുപാട്… കുറച്ചു മാസം മുന്നേ ഒരു മഴദിവസം എന്റെ ഹൃദയത്തിലേക്ക് ഇടിച്ചു കയറി വന്ന ഒരു പെൺകുട്ടി ഉണ്ട്…. ഇപ്പോൾ ഈ മഴക്ക് അവളുടെ ഗന്ധമാണ്… അനുരാഗത്തിന്റെ ഗന്ധം… അവളുടെ നിറമാണ്…. പ്രണയത്തിന്റെ ഏഴേഴുനിറങ്ങൾ….
അവളെ കണ്ടതിന് ശേഷം മഴ നനയാൻ ഒരു പ്രതേക ഇഷ്ടമാണ്… ഇന്നോളം ഒരിക്കലും തോന്നാത്ത ഒരു ഇഷ്ടം…
മഴനനഞ്ഞു പനി പിടിച്ചു കിടക്കുമ്പോൾ ഒക്കെ വല്ലാതെ കൊതിക്കും അടുത്ത് അവൾ ഉണ്ടായിരുന്നെങ്കിൽ എന്ന്….
അന്നൊക്കെ ഒരുപാട് തിരഞ്ഞു അവളെ…… കണ്ടെത്താൻ കഴിഞ്ഞില്ല…
പക്ഷെ ഇപ്പോൾ അറിയാം…. അവൾ എവിടെയാണെന്ന്…. ”
അവസാന വചകം പറയുമ്പോൾ അവൻ അവളെ ഒന്ന് നോക്കി…. ആ മുഖത്തെ ഭാവം അതെന്തായിരുന്നു… വായിച്ചെടുക്കാൻ അവന് സാധിച്ചില്ല…. പക്ഷെ എന്തായാലും പറയാൻ ഉറച്ചതു മുഴുവൻ പറയുക തന്നെ വേണം…. അപ്പോഴേക്കും മഴ പെയ്തു തോർന്നിരുന്നു….
അവൻ പതിയെ അവൾക്ക് നേരെ തിരിഞ്ഞു നിന്നു…
“ഇനി ഒരു മഴ ഞാൻ നനയുന്നുവെങ്കിൽ അത് അവൾക്കൊപ്പമായിരിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട്… പെരുമഴയിൽ അവളോട് ചേർന്ന് നിൽക്കണം….
മഴ പെയ്തിറങ്ങുമ്പോൾ അവളെ എന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിക്കണം…. ” രണ്ട് അടികൂടി അവൽക്കരികിലേക്ക് ചേർന്ന് നിന്നു അവളുടെ കാതുകൾക്കരികിൽ ചെന്ന് മന്ത്രിച്ചു… അത്രമാത്രം ആർദ്രമായി…. അതിരില്ലാത്ത പ്രണയത്തോടെ….
“സാധിച്ചുതരില്ലേ എന്റെ ഈ കുഞ്ഞാഗ്രഹം….” അവൾ ഒന്ന് ഞെട്ടി…. അവനെ നോക്കി… അതുവരെ പുഞ്ചിരി വിരിഞ്ഞ ചോടികളിൽ അത് മാഞ്ഞുപോയി….
അവനും എന്തോ വല്ലായ്ക തോന്നി….
അവൻ നോക്കി നിൽക്കേ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…. പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു……
വല്ലാത്ത ഒരു വേദന അവനെ വന്നു പൊതിഞ്ഞു…. വേണ്ടിയിരുന്നില്ല… എനിക്ക് ഇത്തിരി തിടുക്കം കൂടിയോ… അവൾ എന്നെ അങ്ങനെ കണ്ടിട്ടില്ലെങ്കിൽ….
വല്ലാത്ത ഒരു നിരാശ തോന്നി… എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞു…. വന്നു….. ബൈക്ക് പോലും എടുക്കാതെ ഇറങ്ങി നടന്നു….
പെട്ടന്നെവിടെന്നോ ആർത്തലച്ചു മഴ പെയ്തിറങ്ങി മനസ്സിലെ വേദന അറിഞ്ഞെന്ന പോലെ കണ്ണുനീർ തുള്ളികളും ആ മഴത്തുള്ളികളിൽ ചേർന്നലിഞ്ഞു…
ഞൊടിയിടയിൽ തലയ്ക്കു മുകളിലേക്ക് ഒരു കുട മറ തീർത്തു….
സംശയത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ അറിഞ്ഞു അത് അവളായിരുന്നു… എന്റെ മഴപെണ്ണ്….
മുഖത്തു നിറപുഞ്ചിരിയുമായി.. മുഖത്ത് പറ്റിപ്പിടിച്ച മഴത്തുള്ളികളെ ഷാൾ തലപ്പുകൊണ്ടവൾ തുടച്ചു നീക്കുമ്പോൾ ഞെട്ടി നിൽക്കുകയായിരുന്നു അവൻ…
തലതോർത്താൻ ആയി ഉയർന്ന കൈകളിൽ അവൻ പിടിമുറുക്കുമ്പോൾ നാണയത്തൽ ചുവന്ന മുഖം അവളെ കൂടുതൽ സുന്ദരിയാക്കി…
“അതെ വെറുതെ മഴ നനയാൻ കൊട്ടുവിളിച്ചാൽ പോരാ കൂടെ ഐസ്ക്രീം കൂടി വാങ്ങിത്തരണം… എന്നാൽ ഞാൻ വരാം… കൂടെ…. കൂട്ടായി….. ഇനിയങ്ങോട്ടുള്ള എല്ലാ വർഷത്തിലും…. ”
സന്തോഷം കൊണ്ട് ലോകം പിടിച്ചടക്കിയപോലെ….. അവിടം തൊട്ടു തുടങ്ങുകയായിരുന്നു അവരുടെ പ്രണയകാലം…. ഇന്ദ്രജിത് എന്ന അവൻ അവൾക്ക് ഇച്ഛനായി മാറി….
ഒരുനുള്ള് സിന്ദൂരം ചാർത്തി അവൻ അവളെ സഖിയാക്കുമ്പോളും സാക്ഷിയായി മഴ പെയ്തിരുന്നു…..
ചേർത്തുപിടിച്ചു ആ മഴതുള്ളി കമ്മലിൽ ഒന്ന് ചുംബിക്കുമ്പോൾ അവൾക്ക് ആ പുതുമഴയുടെ തിളക്കമുണ്ടായിരുന്നു…
ഓരോനിമിഷവും പ്രണയത്തിന്റെ തോരാമഴയായി അവൾ അവനിൽ പെയ്തു നിറഞ്ഞു…. ഇടക്ക് പിണക്കത്തോടെ ചിണുങ്ങുന്ന ചാറ്റൽ മഴയായി… ഇണക്കത്തിന്റെ പേമാരിയായി….
ഒടുവിൽ അവരുടെ പ്രണയം അവൾക്കുള്ളിൽ ഒരു കുഞ്ഞുജീവനെ സമ്മാനിക്കുമ്പോളും അവരുടെ സന്തോഷത്തിന് മോടി കൂട്ടി പുറത്തു മഴ പെയ്തിരുന്നു….
ഒരു ഒഴിവ് ദിവസം അവൻ അവളെ ചേർത്ത് പിടിചു പുറത്തു പെയ്യുന്ന മഴയും ആസ്വദിച്ചിരുന്നു…. ചെറുതായി വീർത്ത അവളുടെ വയറിൽ അവൻ പതിയെ തലോടി…. അവന്റെ കാരപർശം അറിഞ്ഞപ്പോൾ ആ കുഞ്ഞുജീവൻ ഒന്ന് പിടഞ്ഞു…
“പപ്പേടെ കുറുമ്പി……. ” വയറി തലോടി അവൻ ചിരിച്ചു….
“അതെന്താ കുറുമ്പി… കുറുമ്പൻ ആണെങ്കിലോ…. ”
“അല്ല ഇത് മോളാ… പപ്പേടെ കുറുമ്പി പെണ്ണ്… ”
“ഒഹ് പിന്നെ ഒരു പപ്പയും മോളും… ” ചെറു കുശുമ്പോടെ അവൾ മുഖം തിരിച്ചു… അത് കണ്ടു ചിരിയോടെ അവൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു…
“അവൾ ഇങ്ങു വന്നാലും എന്റെ മഴപെണ്ണ് കഴിഞ്ഞല്ലേ വേറെ ആരും എനിക്കുള്ളൂ…. പിന്നെ എന്തിനാ ഈ കുശുമ്പ്…. ” അവൾ ചിരിച്ചു… അവന്റെ കൈകൾ ചേർത്ത് പിടിച്ചു അതിൽ ചുണ്ടു ചേർത്തു….
“ഇച്ഛ…. എനിക്ക് എന്തേലും സംഭവിച്ചാൽ നമ്മടെ മോളെ ഇച്ഛൻ നന്നായി വളർത്തില്ലേ…. ” എന്തോ അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറി…
“എന്താ നീ ഇങ്ങനെ ഒക്കെ…. നിനക്ക് എന്ത് സംഭവിക്കാൻ…. ”
“ഇല്ലിച്ഛ…. എനിക്ക് എന്തോ ഒരു ഭയം…. ”
“എന്തിനാടാ…. ഇച്ഛന് ഇല്ലേ…. എന്റെ പെണ്ണിന് ഒന്നും സംഭവിക്കില്ല… ”
“മ്മ്….. ”
“ഇച്ഛ…… ”
“ന്തോ……… ”
“മോള് മഴയത്തു കളിക്കുമ്പോൾ ഇച്ഛന് വഴക്ക് പറയുവോ……. ”
“പറയാണോ…….???? ”
“പറയരുത്……. ”
“ശെരി പറയില്ല….. ”
“ഞാൻ ഇല്യാണ്ടായാ…. ഇച്ഛന് മോളെയും കൊണ്ട് മഴ നനയണം…. നിങ്ങൾ നനയുന്ന ആ മഴ….. അത് ഞാൻ ആയിരിക്കും…. എനിക്ക് രണ്ടാൾക്കും നല്കാൻ കഴിയാതെ പോയ സ്നേഹം മുഴുവൻ നിങ്ങളിൽ വീഴുന്ന ഓരോ തുള്ളിയിലും ഞാൻ ചേർത്ത് വയ്ക്കും….
ഒരു തോരാമഴയായി നിങ്ങളിൽ പെയ്തു നിറയണം എനിക്ക്…. ” ഇടർച്ചയോടെ അവൾ പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞുതുടങ്ങിയിരുന്നു…
“ദേ യാമി… വേണ്ടാത്ത ഓരോന്ന് ആലോചിച്ചു കൂട്ടി ഓരോന്ന് വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ നല്ല ഒന്നങ്ങു പൊട്ടിച്ചുതരുവെ… അവളുടെ ഒരു ഇല്യാണ്ടകല്….. ”
അവൾക്കു മുന്നിൽ തല്ലാനായി കൈ ഉയർത്തിയതും ചുണ്ടുകൾ വിതുമ്പി കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു….. അവനിൽ നിന്നും അകന്നു മാറിയവൾ പിങ്ങിയിരുന്നു… അപ്പോളും ഒരു തേങ്ങൽ അവളിൽ നിന്നും ഉയർന്നു വന്നുകൊണ്ടിരുന്നു….
“പെണ്ണേ…… എന്റെ മഴപെണ്ണേ……. ” അവൾക്കറിലേക്ക് നീങ്ങി ഇരുന്നവർ ആർദ്രമായി വിളിച്ചു… മറുപടി ആയി നിറകണ്ണുകളാലെ ദേഷ്യം നിറച്ചുവച്ചവൾ അവനെ നോക്കി….
“ഹോ…… ഞാൻ ഇപ്പോൾ ദഹിച്ചു പോയേനെ…. ” മറുപടി വന്നില്ല…
“പിണക്കമാണോ…….. ”
“ഹാ ഭയങ്കര പിണക്കമാണ്…. കുട്ടി മിണ്ടുന്നില്ല….. ഹോ ഇനിയിപ്പോൾ ഈ മഴയത്തു ഒരു ഐസ്ക്രീം കഴിക്കാൻ ആരെ കൂട്ടുവിളിക്കും എന്ന ഞാൻ ഇപ്പോൾ ഓർക്കുന്നത്…. ”
താടിക്ക് വിരൽ കൊടുത്തു ചിന്തിക്കുന്നത് പോലെ അവളെ ഇടക്കൊന്നു ഇടംകണ്ണാലെ നോക്കി അവൻ സ്വയം പറഞ്ഞു….
“ഇച്ഛ….. ബ പൊവ്വാം…. ഞാൻ റെഡി…. ” ഇട്ടിരുന്ന കുർത്ത ഒന്നുകൂടി ശെരിയാക്കി അവൾ അവനു ഹാജർ വച്ചു… അവളുടെ നിഷ്കളങ്കത വാരി വിതറി ഉള്ള നിൽപ്പ് കണ്ടപ്പോൾ പോട്ടിവന്ന ചിരി അവൻ അടക്കി നിർത്തി…
“അപ്പോൾ പിണക്കം…… ” ഒറ്റപുരികം ഉയർത്തി അവൻ തിരക്കവേ…
“ഐസ്ക്രീമിനോട് എനിക്ക് ഒരു പിണക്കവും ഇല്ലിച്ഛ…….” എന്ന് പറഞ്ഞവൾ ഉറക്കെ ചിരിച്ചു….. അവളെ ചേർത്തുപിടിച്ചു അവനും ആ ചിരിയിൽ ചേർന്നു…
“ഇന്ദ്രാ………… ” അമ്മയുടെ വിളിയിൽ അവൻ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു… ചുറ്റും നോക്കി…. കണ്ടുകഴിഞ്ഞ സുന്ദരസ്വപ്നത്തിന്റെ ബാക്കി പത്രം പോൽ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി ഇറ്റിറ്റുവീണു….
“എന്താ ഇന്ദ്ര ഇത്…… നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ ശെരിയാക.. രണ്ടു വർഷം… രണ്ടു വര്ഷം കഴിഞ്ഞില്ലേ മോനെ…. നിനക്കും വേണ്ടേ ഒരു ജീവിതം…. വീണ്ടും പാഴായെതെല്ലാം ഓർത്തോർത്തു നീ ഇങ്ങനെ…. സഹിക്കുന്നില്ല എനിക്ക്….
ദേ ഈ കുഞ്ഞിമാളുവിനെ ഓർത്തെങ്കിലും നിനക്ക് ഒന്ന് മാറി ചിന്തിച്ചൂടെ…. ” അമ്മയുടെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു അവൻ… ചുണ്ടുകൾ വിടർന്നു എങ്കിലും കണ്ണുകളിൽ ആ പുഞ്ചിരി ഏറ്റടുത്തില്ല പകരം അവ നിറഞ്ഞു തുളുമ്പാൻ തയ്യാറെടുക്കുകയായിരുന്നു…
“ച്ഛ……. “കുഞ്ഞു മാളൂട്ടി അച്ഛമ്മയുടെ കയ്യിൽ നിന്നും ഊർന്നിറങ്ങി അവന്റെ കാലുകളിൽ ചുറ്റി നിന്നുകഴിഞ്ഞിരുന്നു…
അവളെ എടുത്തുയർത്തി തുടുത്ത കുഞ്ഞികവിളിൽ ഉമ്മവയ്ക്കുമ്പോൾ മറുപടിയായവൾ അവന്റെ
കഴുത്തിലൂടെ ചുറ്റിപിടിച്ചു നെഞ്ചോടു ചേർന്ന് കിടന്നു….
“അച്ഛെടെ മാളൂട്ടി പാപം കയ്ചോ….. ” തടിയിൽ പിടിച്ചു കൊഞ്ചിച്ചവാൻ
ചോദിച്ചു…
“കയ്ച്ചു……. ”
“ന്ന മ്മക്ക് അമ്മേടെ അടുത്ത് പോകാം….. ” അമ്മയെ ഒന്നുകൂടി നോക്കി കുഞ്ഞിനെ നെഞ്ചോടക്കി അവൻ വെളിയിലേക്കിറങ്ങി…. അവർ പോകുന്നത് ഒരു നെടുവീർപ്പോടെ ഇന്ദ്രന്റെ ‘അമ്മ നോക്കി നിന്നു…
തെക്കേത്തൊടിയിൽ അവൾ ഉറങ്ങുന്ന മണ്ണിൽ ചെന്ന് നിന്നപ്പോൾ ഹൃദയം അലറി കരയും പോലെ തോന്നി അവന്…. കണ്ണുകൾ നിറയാതിരിക്കാൻ അവൻ സ്വയം ശാസിച്ചു….
“പെണ്ണേ…… ” ഇടറിയിരുന്നു ആ ശബ്ദം…. പൊടിഞ്ഞു പോയ ഹൃദയത്തിൽ നിന്നും പുറത്തു വന്നതല്ലേ മുറിഞ്ഞുപോകാതിരിക്കുമോ…
“‘അമ്മ പറഞ്ഞത് കേട്ട് നിനക്ക് വിഷമായോ…. അമ്മക്കറിയില്ലല്ലോ എന്റെ മഴപെണ്ണ് എന്നെ വിട്ട് എങ്ങും പോകില്ല എന്ന്… അവൾക്കങ്ങനെ അവളുടെ ഇച്ഛനെ വിട്ട് പോകാൻ ആകുമോ….
ഹൃദയം കൊണ്ടല്ലേ അവളെ ഞാൻ ചേർത്ത് നിറുത്തിയെ…. അപ്പോൾ ഈ ഹൃദയതാളം നിലക്കും വരെ അവൾ അവിടെ ഉണ്ടാകില്ലേ… അങ്ങനെ എന്നെ വിട്ടുപോകാൻ അനുവദിക്കുമോ ഞാൻ…. ”
അവന്റെ വാക്കുകൾ കേട്ടെന്നപോലെ അതിനു മറുപടി എന്നപോലെ ആസ്തി തറയിലെ വിളക്കൊന്നു തെളിഞ്ഞു കത്തി….
“എനിക്കറിയാം എന്റെ മഴപെണ്ണ് എന്നെ കാണുന്നുണ്ടെന്ന്.. കേൾക്കുന്നുണ്ടെന്ന്… എനിക്ക് ചുറ്റും അവളുണ്ടെന്ന്…. അല്ലെ പെണ്ണേ…” കണ്ണുകൾ അനുസരണക്കേട് കാട്ടിത്തുടങ്ങും മുന്നേ….
എവിടെ നിന്നോ ഒരു മഴമേഘം പാഞ്ഞു വന്നവർക്കു മുകളിൽ പെയ്തു തുടങ്ങി…
അവന്റെ കണ്ണുനീർ തുള്ളികളെ തുടച്ചുമാറ്റും പോലെ കണ്ണുകളിൽ ചെന്ന് പതിയ മഴത്തുള്ളികൾ കണ്ണുനീരിന്റെ അംശങ്ങളെ ആ കവിളുകളിൽ നിന്നും കഴുകി കളഞ്ഞു…
ഒരു കുഞ്ഞു തലോടൽ പോലെ പതിയെ പെയ്തു തുടങ്ങിയ മഴ പിന്നെ ഒരു പേമാരിയായി പരിണമിച്ചു…. ഒരു ചിരിയോടെ കുഞ്ഞിമാളുട്ടിയെ അവൻ നെഞ്ചോടടക്കി….
“ഞാൻ അറിയുന്നു പെണ്ണെ…. നിന്നെ…. നിന്റെ ഗന്ധത്തെ….. ഇത് നീയാണ്… ഞങ്ങളിലേക്ക് പതിക്കുന്ന ഓരോ തുള്ളിയും നീ ഞങ്ങൾക്കായി കരുതിവച്ച സ്നേഹമാണ്…. എന്റെ മഴപെണ്ണ്….. ”
ഹൃദയം പെരുമ്പറ കൊട്ടി… ഒരു പുഞ്ചിരിയോടെ അവൻ ഓരോ മഴത്തുള്ളിയെയും തന്നിലേക്ക് ഏറ്റുവാങ്ങി…
മഴയെ സ്നേഹിച്ചവളുടെ പ്രണയമായി ആ മഴ അവനിൽ പെയ്തു നിറഞ്ഞു……. ഇനി ഒരു മഴക്കാലം വരെ ഓർത്തിരിക്കാനുള്ള കുഞ്ഞോർമകൾ അവനിൽ അവശേഷിപ്പിച്ചു കൊണ്ടുതന്നെ…..