മരുമകൾ
(രചന: Jamsheer Paravetty)
“ഞാൻ.. ശരിക്കും ശ്രമിക്കുന്നുണ്ട്.. പക്ഷേ.. പറ്റുന്നില്ല.. എനിക്ക് നല്ലാഗ്രഹമുണ്ട് ഇക്കാന്റെ ഇഷ്ടങ്ങൾ നിറവേറ്റാൻ..
പക്ഷേ കഴിയാഞ്ഞിട്ടാ… എനിക്ക് കുറച്ച്കൂടെ സമയം വേണം..”
ആദ്യരാത്രിയും പിന്നീട് ഒരുപാട് രാത്രിക്കും ശേഷവും അകന്ന് തന്നെ നിന്നു.. അവളുടെ നിസ്സഹായത എനിക്ക് മനസ്സിലായിരുന്നു…
“എനിക്കറിയാം.. എനിക്ക് മനസ്സിലാകും.. നിന്റെ മനസും സാഹചര്യവും… ഞാൻ കാത്തിരിക്കും.. നിന്റെ മനസ്സിൽ പൂർണമായും ഞാൻ നിറയുന്നത് വരെ…”
പെട്ടെന്നുള്ള വിമാനത്തിന്റെ ഉലഞ്ചലിൽ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു..
പടച്ചോനേ വിമാനം തകരാണോ…
ഏതോ ചുഴിയിൽ പെട്ടതാണെന്ന അനൗൺസ്മെന്റ്.. വീണ്ടും കണ്ണടച്ചു.. ഓർമ്മകൾ പെയ്തു തുടങ്ങി……….
ഒരുപാട് പ്രതീക്ഷകളോടെ നാട്ടിൽ പോയത്….
“എന്റുമ്മാ… ഈ ഗൾഫുകാർക്കൊന്നും ഇപ്പോ.. ആരും പെണ്ണ് കൊടുക്കുന്നില്ലെത്രേ..”
“പിന്നേ.. എന്നിട്ട്, ഗൾഫുകാരൊക്കെ പെണ്ണ് കെട്ടാതെ നടക്കാണല്ലോ.. ഇയ്യ് പറയണത് കേട്ടാല്..”
“ഇങ്ങളോട് പറഞ്ഞാ ജയിക്കൂല്ല… ഏതായാലും ഞാനിന്ന് വന്ന് കയറിയതല്ലേയുള്ളൂ.. നമുക്ക് നോക്കാം..ന്നേ…”
“അങ്ങനെ വെറുതെ നോക്കിയാൽ പോരാ.. ഇയ്യ് പോകുമ്പോൾ എനിക്കിവിടെ ഒരു തുണവേണം.. ഈ പൊരേലിങ്ങനെ ഒറ്റയ്ക്കുള്ള ജീവിതം മടുത്തു..”
ഗൾഫിൽ നിന്നും വന്ന അന്ന് തുടങ്ങിയ പെണ്ണ് കാണൽ ആണ്.. ഏതായാലും ഇന്നത്തോടെയൊരു അവസാനമാകും എന്ന് മനസ് പറയുന്നുണ്ട്…
തറവാടിന്റെ അടുത്ത് തന്നെ വീട് വെച്ചത് അന്ന് ഉപ്പയുടെ നല്ലൊരു തീരുമാനമായിരുന്നു..
അല്ലെങ്കിൽ ഇന്ന് ഉമ്മ തീരെ ഒറ്റപ്പെട്ടു പോകുമായിരുന്നു.
ഉപ്പയുടെ ഏറ്റവും ചെറിയ അനിയന് ബുദ്ധിമാന്ദ്യം ആണ്. എന്നേക്കാൾ രണ്ട് മൂന്ന് വയസ് കൂടുതലാണവന്.
ഷറഫുദ്ദീൻ എന്ന പേര് അവന്റെ ഭാഷയിൽ സർപ്പൂന്നാണ്. പിന്നെ പിന്നെ എല്ലാവരും അത് തന്നെ വിളിച്ച് തുടങ്ങി. അവൻ ഉമ്മാക്ക് നല്ലൊരു സഹായിയാണ്. എപ്പോഴും ഇവിടെത്തന്നെ ആവും.
ബ്രോക്കർ നാസറാക്കാന്റെ കൂടെ ആ വീട്ടിൽ ചെന്ന് കയറുമ്പോൾ നല്ല സ്വീകരണമാണ് ലഭിച്ചത്..
“അനസേ.. അനക്ക് ഇഷ്ടപ്പെട്ടോ ”
പെണ്ണ് വെള്ളം തന്ന് പോയതേയുള്ളൂ… ബ്ലോക്കർക്കാണ് എന്നേക്കാൾ തിടുക്കം
“കുറച്ച് കളറ് കുറവാണെങ്കിലും എനിക്ക്… ഇഷ്ടായി..”
“ആ… എന്നാപ്പിന്നെ വല്ലതും മിണ്ടാനും പറയാനും ഒക്കെ ഉണ്ടെങ്കിൽ ആയിക്കോട്ടെ…” “അതൊന്നും ഇപ്പോ വേണ്ട..”
“അതെന്താ അനസേ.. അനക്ക് വേണ്ടെങ്കിലും ഓൾക്ക് വേണ്ടി വരും..”
“അത്.. എനിക്ക് കുട്ടിയെ ഇഷ്ടപ്പെട്ടു.. പക്ഷേ.. ഉമ്മാക്ക് ഇഷ്ടയാൽ മാത്രേ ഞാൻ കെട്ടുകയുള്ളൂ.. ”
“അതെന്താ.. നീയാണോ ഉമ്മയാണോ കെട്ടുന്നത്..”
“ഞാൻ ഗൾഫുകാരൻ അല്ലേ.. അത് കൊണ്ട് കൂടുതലും ജീവിക്കേണ്ടത് എന്റുമ്മയുടെ കൂടെയാണ്.. അപ്പോ പിന്നെ എന്നേക്കാൾ കൂടുതൽ ഇഷ്ടപ്പെടേണ്ടതും ഉമ്മയല്ലേ..”
“പോടാ… ഇപ്പോഴത്തെ കാലത്ത് ആരാണ് അങ്ങനെയൊക്കെ നോക്കാ.. അവനവന് പറ്റിയത് കെട്ടാന്നല്ലാതെ.. പിന്നെ അത് മാത്രമല്ല, ഇതിനൊക്കെ ഇപ്പോഴത്തെ കുട്ടികളും കൂടി തയാറാവോ. അനസേ”
“അതിന് പറ്റില്ല എങ്കിൽ വേണ്ട.. നമുക്ക് അടുത്തത് നോക്കാം..
എനിക്കീ കുട്ടിയെ ഇഷ്ടായി.. ഇനി ഉമ്മയും കൂടി കണ്ട് ഇഷ്ടായാ ഇത് തന്നെ നടത്തേം ചെയ്യാം.. ”
“ആ.. മതി.. ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം.. അല്ലാ… അനക്കിനി എത്ര മാസംണ്ട് ലീവ്..”
“ആകെ മൂന്നു മാസമായിരുന്നു.. ഇപ്പോ പതിനഞ്ച് ദിവസം കഴിഞ്ഞ്..”
“ആ..പിന്നെ.. അനസേ.. നീയിങ്ങനെ ഉമ്മാന്റെ കുട്ടി ആയി നടന്നാല് ഇപ്പോഴത്തെ കാലത്ത്
കുട്ടികളെ കിട്ടാൻ നല്ല പാടാണ്.ട്ടോ…”
“ഇല്ലെങ്കിൽ വേണ്ട.. നാസർക്കാ… അകാലത്തിൽ എന്റുപ്പ മരിച്ചപ്പോൾ കുടുംബം മുഴുവൻ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചപ്പോഴും കുഞ്ഞു കുട്ടി ആയിരുന്ന എനിക്ക് വേണ്ടി മാത്രം ജീവിതം നഷ്ടപ്പെടുത്തിയ ഉമ്മാക്ക് ഇഷ്ടമായാൽ മാത്രം മതി എനിക്ക് പെണ്ണ്… പലരും പലതും പറയും..
പറയുന്നവർക്ക് പറയാം..
ഇത്രയും കാലം എനിക്ക് വേണ്ടി ജീവിച്ച ഉമ്മയുടെ സന്തോഷങ്ങള് കണ്ട് വേണം ജീവിതത്തിലെ ഓരോ നല്ല നിമിഷവും.”
പിന്നെ അയാളൊന്നും പറഞ്ഞില്ല…
ഒരുപാട് പ്രതീക്ഷകൾ നൽകി ഉമ്മാക്കും കുട്ടിയെ ഇഷ്ടമായി.. ഇനിയിന്ന്
വൈകുന്നേരം വരെ കാത്തിരിക്കണം അവരുടെ വിവരം അറിയാൻ..
എന്റെ കല്യാണം ശരിയായോന്നറിയാൻ ഉമ്മയെ പോലെ സർപ്പൂനും വലിയ ആകാംക്ഷയായിരുന്നു. ഉറങ്ങാൻ പോകുന്നത് വരേ എന്തായി എന്ന് ചോദിച്ചിരുന്നു… അവൻ
ഇന്ന് നല്ല മഴ.. ഇശാക്ക് പള്ളിയിൽ പോയില്ല..
വീട്ടിൽ തന്നെ നിസ്കരിച്ചു.. നിസ്കാരപ്പായയിൽ ഇരുന്ന് പതിവ് പോലെ.. നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും അതിലുപരി എന്റെ പൊന്നുമ്മയ്ക്കും വേണ്ടി പ്രാർത്ഥിച്ചു..
“അനൂ.. അന്റെ നിസ്കാരം കഴിഞ്ഞോ… ആ ബ്രോക്കർ നാസറ് ഇങ്ങോട്ട് വരുന്നുണ്ട്.. ”
“ആ.. ഉമ്മാ… ഇതാ വരുന്നു..”
ഒന്ന് ഇരിക്കാൻ പോലും നിൽക്കാതെ അയാൾ വന്ന കാര്യം പറഞ്ഞു..
“അത് നടക്കില്ല അനസേ.. അന്റെ കൂടെ അവളെ ഗൾഫിലേക്ക് കൊണ്ട് പോകുമെന്ന് കരുതിയാണ് അവര് കുട്ടിയെ കാണിച്ച് തന്നത് തന്നെ…”
“അതെങ്ങനെ ശരിയാകും.. കാര്യങ്ങളൊക്കെ ഞാൻ ആദ്യമേ പറഞ്ഞതല്ലേ..”
“എന്താണ് ചെയ്യാ.. അവരങ്ങനെയാണ് പറയുന്നത്.. ഇനിയിപ്പോ അന്റെ തീരുമാനം മാറ്റിയാൽ ഇത് നടക്കും..”
“അങ്ങനെ ആണ് എങ്കിൽ വേണ്ട.. നമുക്ക് വേറെ നോക്കാം..”
“ഇനിയിപ്പോ.. ഞാൻ നോക്കിയിട്ട് അന്റെ ഈ ഡിമാന്റിന് പറ്റിയത് ഒന്നും എന്റെ ലിസ്റ്റില് ഇല്ലല്ലോ…
അല്ലെങ്കിൽ തന്നെ പെൺകുട്ടികൾക്ക് വേണ്ടി ആളുകൾ പരക്കം പായാ… നല്ലൊരു കുട്ടിയെ കിട്ടാൻ ഇപ്പോഴത്തെ കാലത്ത് നല്ല പാടാണ്… ഇതിപ്പോ.. ഞാൻ കുറേ ഓടി ചെരുപ്പ് തേഞ്ഞൂന്നല്ലാതെ….”
വേഗം ഒരു രണ്ടായിരം രൂപ എടുത്ത് അയാളുടെ കൈയിൽ കൊടുത്തു..
“നാസറാക്കാ.. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിച്ചാൽ മതി.. നമുക്ക് വിധിച്ചത് എന്തായാലും നമ്മെ തേടിയെത്തും… അത് വരെ ഈ ഓട്ടം ഓടണം..”
“പിന്നേ… അറിയിക്കാതെ… ന്റെ കുട്ടിക്ക് നല്ലൊരു കുട്ടിയെ ഞാൻ തന്നെ ഒപ്പിച്ചു തരും…”
കൊടുത്ത രണ്ടായിരത്തിന്റെ നന്ദി ആ വാക്കുകളിൽ നിറഞ്ഞു നിന്നു..
തിരിച്ച് അകത്തേക്ക് ചെല്ലുമ്പോൾ വാതിൽ പാളികൾക്കപ്പുറം മേലേക്ക് നീട്ടിയ ഉമ്മയുടെ കൈകൾ ആണ് കാണുന്നത്…
“പടച്ചോനേ… എന്റെ പൊന്നുമ്മയുടെ പ്രാർത്ഥന നീ സ്വീകരിക്കണേ…”
ഒരുപാട് നല്ല സ്വപ്നങ്ങൾ കണ്ട് ആ രാത്രിയും പുലർന്നു…
നിസ്കാരം കഴിഞ്ഞു വന്നപ്പോൾ തന്നെ ചായ റെഡി..
“ഉമ്മാ… ഞാനൊന്ന് ഗ്രൗണ്ടിൽ പോവാണ്… ഇങ്ങള് റെഡി ആയാൽ വിളിച്ചാൽ മതി….. ഇപ്പോ ഗ്രൗണ്ടിൽ പോയാൽ കൂട്ടുകാര് എല്ലാവരുമുണ്ടാകും.. വേഗം വരാം ഞാൻ.. ”
“ആ.. നീ കളിക്കാനൊന്നും നിൽക്കേണ്ട.. ട്ടോ..”
“ഇല്ലുമ്മാ.. ഞാൻ വേഗം വരാം..”
കുടുംബങ്ങളൊക്കെ ഒന്ന് സന്ദർശിക്കാൻ
ഒരുപാട് നാളായി ഉമ്മ പറയുന്നു.
ഗ്രൗണ്ടിൽ നിന്ന് വന്നപ്പോൾ
സർപ്പുവും റെഡിയായി നിൽക്കുന്നു..
“അവനും പോന്നോട്ടെ മോനേ.. സർപ്പൂനെ വേറെ ആരും എവിടെയും കൊണ്ട് പോവാറില്ല..”
“പോന്നോട്ടെ ഉമ്മാ.. വർത്താനം പറയാൻ ഒരാള് കൂടി ആയല്ലോ”
സർപ്പു പിറകിൽ കയറി. കമാനത്തിങ്ങലെ കോയന്റെ കടയുടെ മുന്നിൽ വണ്ടി നിർത്തി.
“ഉമ്മാ.. എത്ര വീട്ടിൽ കയറണം.. അതിനനുസരിച്ച് എന്തേലും വാങ്ങാം..”
“ഒരഞ്ചാറ് കവർ വാങ്ങിക്കോ..”
കാറിന്റെ മുമ്പിൽ ഉമ്മയെ ഇരുത്തി ഇങ്ങനെ യാത്ര ചെയ്യാൻ വല്ലാത്തൊരു സുഖമാണ്..
ഉമ്മയുടെ പഴങ്കിസകളൊക്കെ കേട്ട്….
ഇടക്കിടെ സർപ്പുവിന്റെ തള്ളലും കൂടി…
മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞു.
വളരെ പതുക്കെയാണ് വണ്ടി ഓടിക്കുന്നത്..
ഒരു വണ്ടിക്ക് തന്നെ ഞെരുങ്ങി പോവാൻ മാത്രം ഇടുങ്ങിയ റോഡിൽ നിറയെ ആളുകൾ കൂടി നിൽക്കുന്നു…
“ഉമ്മാ.. എന്തോ പ്രശ്നമുണ്ട്.”
വണ്ടി നിർത്തി ഞാൻ..
റോഡിനോട് ചേർന്നുള്ള കൊച്ചു വീടിന്റെ മുന്നിലാണ് ആൾക്കൂട്ടം..
“നിനക്കും കുട്ടിക്കും ചെലവിന് തരാൻ അന്റെ വാപ്പാക്ക് പണം കായ്ക്കുന്ന മരമൊന്നുമില്ല… അന്റെ താഴെ നാലെണ്ണം കൂടി വേറെയുമുണ്ട്”
ഒരു സ്ത്രീ ഉറക്കെ സംസാരിക്കുന്നു..
കൂട്ടത്തിൽ ആരോ അവരോട് മറുത്തു പറയുന്നു..
“അവളാ കുട്ടിയേയും കൊണ്ട് എങ്ങോട്ട് പോകാനാ.. അല്ലെങ്കിൽ ഓളെ കെട്ടിച്ച് വിടണം.. ”
“ആ.. ബാ.. നീ കെട്ടിക്കോ ഓളെ..”
പറഞ്ഞവന്റെ നാവ് പിന്നെ പൊങ്ങിയില്ല..
“അനക്ക് പറ്റൂല്ല… ല്ലേ.. അതാണ്.. ഈ കൊച്ചിനേം തൂക്കി പിടിച്ച് നിൽക്കുന്ന ഓളെയിനി ആര് കെട്ടാനാണ്.. കൊറച്ച് തൊലി വെളുപ്പുണ്ടെന്ന നെഗളിപ്പാണോൾക്ക്..”
“അതിന് ഇപ്പോ എന്താ ഉണ്ടായേ..”
“ഇന്ന് രാവിലെ വന്ന ആ ഹാജിയാര് ഓളെ കെട്ടിക്കൊണ്ടു പോകാൻ റെഡിയായിരുന്നു.. അപ്പോ ഓൾക്ക് അയാളെ പറ്റൂല്ല…”
“എന്താണ്.. അയാളെ വേണ്ടാന്ന് പറഞ്ഞൊ നീ..”
“നിന്ന് മോങ്ങാതെ തൊള്ള തുറന്നു പറയെടീ.. എല്ലാവരും കേൾക്കട്ടെ…”
ഒരു കുഞ്ഞു കുട്ടിയെ ഒക്കത്ത് വെച്ച ആ പെൺകുട്ടിയെ ആളുകളുടെ മുന്നിലേക്ക് വലിച്ച് കൊണ്ട് വന്നു… ആ സ്ത്രീ..
“എന്താണ്.. ഇവിടെ പ്രശ്നം.. അതാരാണ്..”
കാറിന്റെ ഗ്ലാസ് താഴ്ത്തി തൊട്ടടുത്ത് നിന്നവരോട് ചോദിച്ചു..
“ആ കുഞ്ഞിനെ ഒക്കത്ത് വെച്ച് ഒതുങ്ങി നിൽക്കുന്ന കുട്ടിയുടെ ഉമ്മ മരിച്ചു പോയി.. അതിന് ശേഷം കെട്ടിയ സ്ത്രീ ആണ്.. അത്..”
“ഓഹ്..അതാണോ പ്രശ്നം.. അപ്പോഴാ ഒക്കത്തിരിക്കുന്ന ചെറിയ കുട്ടി ഏതാണ്..”
“ഈ കുട്ടിയുടെ കഷ്ടപ്പാടുകൾ കണ്ട് ഒരു നല്ലപയ്യൻ വന്നവളെ കല്യാണം കഴിച്ചിരുന്നു.. അവന്റെ വീട്ടുകാർക്കൊന്നും ഇഷ്ടമില്ലാതെ..”
“അവനവളെ ഒഴിവാക്കി പോയി ല്ലേ..”
“ഏയ്.. അതല്ല.. ആ പാവം ചെറുക്കൻ കൊ റോണ വന്ന് മരിച്ചു… അതോടെ ഇതിന്റെ ഗതി അധോഗതിയായി… പാവം.. തിന്നാൻ പോലും അതിന് ശരിക്കും കൊടുക്കൂല്ല.. ആ സ്ത്രീ.. എന്നാ ഞങ്ങള് അയൽക്കാർ എന്തെങ്കിലും കൊടുത്താൽ അതിനും ആ പാവത്തിന്റെ മേലോട്ട് കയറും…”
ആ പെൺകുട്ടിയുടെ രൂപം വളരെ ദയനീയമായിരുന്നു…
“ഉമ്മാ.. ഞാനൊന്ന് നോക്കിയിട്ട് വരാം…”
“നിക്കെടാ.. ഞാനും വരുന്നു..”
“ന്നാ.. ഞാനും ണ്ട്..”
സർപ്പുവും പുറത്തിറങ്ങി.
എന്ത് പറയണമെന്ന് അറിയാതെ കൂടി നിൽക്കുന്ന ആളുകളെ നോക്കി നിൽക്കുന്ന അവളുടെ മുഖം കണ്ടാൽ അറിയാം നിരാലംബയായണെന്ന്… അതി ദയനീയമായ മുഖം.. അവൾ പതുക്കെ പറഞ്ഞു തുടങ്ങി..
“എനിക്ക്.. എന്റെ പൊന്നു മോളെ തനിച്ചാക്കി മരിക്കാൻ പേടിയാ…. ”
“അതിന് നീ എന്തിനാ മരിക്കുന്നേ.. ഇന്ന് വന്ന ഹാജിയാരെ വേണ്ടെന്ന് പറയാൻ എന്താണ് കാരണം…”
“എന്റെ ഉപ്പയേക്കാൾ പ്രായമുണ്ടയാൾക്ക്… വീട്ടുകാരറിയാതെയാ അയാള്…. എന്നെ നികാഹ് ചെയ്യുന്നേ.. നാളെ എനിക്കോ അയാൾക്കോ എന്തെങ്കിലും പറ്റിയാൽ… എന്റെ പൊന്നു മോൾക്ക് പിന്നെ ആരാ..ണ്ടാവാ… അതാ.. ഞാൻ..”
ഉമ്മറപ്പടിയിൽ മുട്ട്കാലിൽ മുഖം ചേർത്ത് ഇരുന്ന മെലിഞ്ഞൊട്ടിയ മനുഷ്യൻ മെല്ലെ എഴുന്നേറ്റു വന്നു…
“എന്റെ മോളെയും ഓളെ കുട്ടിനീം കൊണ്ട് ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം…. എനിക്ക് മടുത്തു ഇങ്ങനെ ജീവിതം… പടച്ചോനേ.. എന്തിനാണിങ്ങനെ എടങ്ങേറാക്കുന്നത്…”
ആ സാധു മനുഷ്യൻ ആ പെൺകുട്ടിയെ ചേർത്ത് പിടിച്ച് കരഞ്ഞു..
“ഇങ്ങളങ്ങനെ ഓളേം കൊണ്ട് പോവാണെങ്കില് ഇവിടേം ഉണ്ടല്ലോ മൂന്നാലെണ്ണം.. ഓലേം കൊണ്ടോണം.. എന്നിട്ട് വേണം എനിക്കെവിടെയെങ്കിലും പോയി സുഖായിട്ടൊന്ന് ജീവിക്കാൻ….”
എല്ലാം കണ്ട് നിൽക്കുന്ന ഉമ്മയുടെ കണ്ണുകൾ പുഴപോലെ ഒഴുകുന്നു…
നിറയുന്ന ഉമ്മയുടെ കണ്ണുകൾ ഇപ്പോ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല…
“ഉമ്മാ… എന്താണ്… എന്ത് പറ്റി..”
“അനൂ… ഞാൻ.. ഞാനും ഇതേപോലെ ആയിരുന്നു…ഡാ… ദേ ഇവളെ പോലെ.. നിന്നേയും ഒക്കത്ത് വെച്ച്… എങ്ങനെയൊക്കെയോ പിടിച്ച് നിന്നു… എനിക്ക്… ഓർത്തപ്പോൾ…”
ആ ആൾക്കൂട്ടത്തിന് മുന്നിലും ഉമ്മയെ ചേർത്ത് പിടിച്ചു…
എന്റുമ്മയുടെ ഹൃദയവും ഇത് പോലെ എത്രയോ വേദനകൾ സഹിച്ചിട്ടുണ്ടാവും…
പടച്ചോനേ… എല്ലാം എനിക്ക് വേണ്ടി…
ഉമ്മയുടെ നെറുകയിൽ ചുണ്ടുകൾ പതിഞ്ഞപ്പോൾ കൂടെ കണ്ണുകളിൽ നിന്നും ഉതിർന്നു വീണ നീർതുള്ളികൾ ഈ മകന്റെ ഹൃദയം പൊട്ടിയൊഴുകിയതായിരുന്നു….
ഉമ്മ അവളുടെ അടുത്തേക്ക് ചെന്നു..
“മോളേ..”
ആ വിളിയിൽ അവളുടെ മുഖം ഒന്ന് വിടർന്നു..
“മോളേ.. എത്ര വർഷമായി നിന്റെ ഭർത്താവ് മരിച്ചിട്ട്..”
“ഒരുകൊല്ലം കഴിഞ്ഞു.. ന്റെ മോള് കുറച്ചു കൂടി വലുതായാൽ.. വല്ല പണിയും ചെയ്ത് ജീവിക്കാമായിരുന്നു.. … ഇതിപ്പോ എളേമ്മാക്ക് അല്ലെങ്കിൽ തന്നെ ഞങ്ങളെ ഇഷ്ടല്ലാ.. അപ്പോ മോളെ ഇവിടെ ഒറ്റയ്ക്കാക്കി എന്തെങ്കിലും പണിക്ക് പോകാനും എനിക്ക് പേടിയാ…”
“എന്നാ.. വല്ല കല്യാണത്തിനും സമ്മതിച്ചൂടെ..”
“ഇങ്ങനെ നിൽക്കുന്നതിനേക്കാൾ നല്ലത് അതാണെന്ന് എനിക്കും തോന്നുന്നുണ്ട്.. പക്ഷേ.. എന്നേക്കാൾ ഇരട്ടിയിലേറെ വയസ്സുള്ളവരുടെ വെറും കാമപൂർത്തീകരണത്തിന് വേണ്ടിയുള്ള രണ്ടാം ഭാര്യയാകുന്നതിനേക്കാൾ എളേമ്മാന്റെ ചീത്ത കേൾക്കുകയാണ് നല്ലതെന്ന് തോന്നി…”
“കണ്ടോ.. ഓളെ പൂച്ച കണ്ണീര്… കേറിപ്പോടീ.. അകത്ത്..” ആ സ്ത്രീ അവളെ പിടിച്ച് ആ ചെറിയ വീടിന്റെ അകത്തേക്ക് തള്ളാൻ വന്നു..
“തൊട്ടു പോകരുതവളെ.. ” ഉമ്മയുടെ ശബ്ദം ഒരുപാട് ഉച്ചത്തിൽ ആയിരുന്നു…
ഉമ്മ അവളുടെ കൈയിൽ നിന്ന് ആ കുഞ്ഞിനെ കൈനീട്ടി വാങ്ങുമ്പോൾ അവൾ വേണ്ടെന്ന് പറഞ്ഞു കൊണ്ടിരുന്നു…..
“ആകെ.. അഴുക്കാണ്….” അവൾ വീണ്ടും പറയുന്നു..
ആകെയുള്ള കുറച്ചുമുടി ചെമ്പരത്തി പൂവ് പോലെ മുകളിൽ കെട്ടി വെച്ച്.. കീറിപ്പറിഞ്ഞ വലിപ്പം കുറഞ്ഞ ഉടുപ്പിട്ട ആ സുന്ദരി കുട്ടി ഉമ്മയുടെ കയ്യിൽ നിന്ന് എന്നെ എടുത്തോളൂ എന്ന പോലെ എന്റെ നേരെ ചാടി..
ഞാനവളെ എടുത്തു, മുഖത്ത് പലയിടത്തും കരിപിടിച്ചിട്ടുണ്ട്… എന്റടുത്തായപ്പോൾ അവളുടെ കുഞ്ഞു മുഖത്ത് ചിരി വിടർന്നു… എന്റെ ടീഷർട്ട് വാസനിച്ചു നോക്കി അവൾ.. അവളുടെ കുഞ്ഞു നാസിക കൂടുതൽ വിടർത്തി വീണ്ടും വീണ്ടും വാസനിച്ചു…
“എനിക്കൊരുമ്മ താ…” ഉമ്മ തന്നതിന് ശേഷം നാണത്തോടെ ചിരിച്ചു അവൾ…
“എന്താണ് മോളുടെ പേര്…”
“ന്റെ… പേര്… ആമി.. ന്റെ മ്മച്ചി ന്നെ പൊന്നൂന്നാ… വിളിക്കാ..”
“ഞങ്ങളുടെ കൂടെ വരുന്നോ.. ആമിക്കുട്ടി..”
“ഊം.. ഞാം വരും..”
ഞാനാ കുഞ്ഞു സുന്ദരി കുട്ടിയുമായി കാറിൽ വന്ന് കയറി.. അവളാദ്യമായി കാറിൽ കയറുന്ന പോലെ… കുടുംബവീട്ടിലേക്ക് നൽകാൻ വേണ്ടി വാങ്ങിയ ചോക്ലേറ്റ് ബോക്സ് ആ കുഞ്ഞു കൈകളിൽ നൽകുമ്പോൾ…
സത്യമാണോ സ്വപ്നമാണോ എന്നറിയാതെ ആ കുഞ്ഞു മനസ്സ് ആശ്ചര്യപ്പെട്ടു.. അപ്പോഴേക്കും ഉമ്മ അവളുടെ ഉപ്പയെയും അവിടെ കൂടി നിന്ന കാരണവന്മാരേയും മാറ്റി നിർത്തി സംസാരിച്ചു തുടങ്ങിയിരുന്നു…
കൂട്ടത്തിൽ ആരെയോ പള്ളിയിലേക്ക് പറഞ്ഞു വിടുന്നത് കണ്ടു…. ചില നേരങ്ങളിൽ ഉമ്മ അങ്ങനെയാണ്.. ഒരാണിന്റെ തന്റേടം ആകും.. ആ കുട്ടിയുടെ കാര്യത്തിൽ ഇന്നൊരു തീരുമാനം ഉണ്ടാക്കിയേ ഉമ്മ ഇനി അടങ്ങൂ…
അപ്പോഴേക്കും കുഞ്ഞു ആമി എന്നോട് നല്ലോണം ഇണങ്ങി.. ഇനി ഈ വഴി വരുമ്പോൾ ആമിക്ക് കുറച്ച് നല്ല ഡ്രസ്സുകളും മറ്റും വാങ്ങി വരണം…
പാവം.. ആരും ഒന്നും വാങ്ങി നൽകാൻ ഇല്ലാത്തവരുടെ അവസ്ഥ… എല്ലാം ഇഷ്ടം പോലെ ഉള്ളവർക്ക് വീണ്ടും വീണ്ടും ആളുകൾ സമ്മാനങ്ങൾ നൽകി കൊണ്ടിരിക്കുന്നു..
പക്ഷേ.. ഒരു പെന്നോ പെൻസിലോ പോലും മറ്റുള്ളവരുടെ കൈയ്യിൽ നിന്നും സമ്മാനമായി ലഭിക്കാൻ ആഗ്രഹിക്കുന്ന ഒരായിരം ഇത് പോലെയുള്ള അനാഥകളെ നാമെല്ലാം മറന്നു പോവുന്നു…
ഉമ്മ ഇപ്പോൾ അവളോടാണ് സംസാരിക്കുന്നത്… പലതും ചോദിച്ചറിയുന്നുണ്ട്..
കൂടി നിൽക്കുന്നവർ നിശബ്ദമായി ഉമ്മയെ നോക്കി നിൽക്കുന്നു..
“എന്റടുത്ത് ഒരു പയ്യൻ ഉണ്ട്…. ഇത് വരേയും കെട്ടിയിട്ടില്ല.. മോൾക്ക് സമ്മതമാണെങ്കിൽ നമുക്ക് ആലോചിക്കാം..”
“അതിന്… അതിന് അവർക്ക് എന്നെ ഇഷ്ടാവോ.. ഞാൻ.. ഞാനൊരു വിധവയാണ്.. എനിക്കൊരു മോളുണ്ട്….”
“ഇതൊക്കെ അറിഞ്ഞു കൊണ്ടാണ് എങ്കിൽ നീ സമ്മതിക്കൂലേ..”
“ഇതൊക്കെ അറിഞ്ഞിട്ടും എന്നേം എന്റെ കുട്ടിയേയും സ്വീകരിക്കാൻ തയ്യാറായി ഒരാൾ വന്നാൽ… അയാൾക്ക് എന്ത് കുറവുണ്ട് എങ്കിലും ഞാൻ സ്വീകരിക്കും.. പക്ഷേ.. അവരുടെ വീട്ടുകാരുടെ സമ്മതത്തോടെ., മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടു വേണം എന്നെ കല്യാണം കഴിക്കുന്നത്.. അല്ലാതെ എന്റെ ശരീരം മാത്രം കരുതിയാവരുത്..”
“ഇതെല്ലാം സമ്മതിച്ച് ഒരാളുണ്ട്..”
“അതിന് ആള് എന്നെ കണ്ടിട്ടില്ലോ..”
“അവൻ കണ്ടു.. നിന്നെ ഇഷ്ടായോ എന്നറിയില്ല.. അവന് എന്റെ ഇഷ്ടമാണ് വലുത്.. എനിക്ക് ഇഷ്ടപ്പെട്ടാൽ മാത്രം മതി.. മോൾക്ക് ആളെ കാണണോ..”
“വേണ്ട.. അങ്ങനെ ഒരാളെ മനസ്സ് കൊണ്ട് ഞാൻ സ്വീകരിച്ചു.. ഇനി ആൾക്ക് എന്ത് കുറവുണ്ട് എങ്കിലും..”
“ഏതെങ്കിലും പൊട്ടനാവും.. അല്ലാതെ ആരാ..”
കൂട്ടത്തിൽ ആരോ പറഞ്ഞു. ഉമ്മ കാറിന് നേരെ നോക്കുന്നു..
സർപ്പു മുഴുക്കെ ചിരിച്ച് കാറിന് പുറത്ത് നിന്ന് കൈവീശി കാണിച്ചു. അവിടെ കൂടി നിന്നവരെല്ലാം പുതിയാപ്ളയെ കണ്ടു.. സർപ്പു അപ്പോഴും മുഴുക്കെ ചിരിച്ചു.
“ആ പൊട്ടനാണല്ലേ.. പൊട്ടനെങ്കി പൊട്ടൻ ഇവിടത്തെ ശല്യം ഒഴിവാകുമല്ലോ..”
എളേമയും ഓകെ. അവളുടെ മുഖത്ത് തൊട്ടു മുൻപ് കണ്ട ചിരി മാഞ്ഞിരുന്നു..
ഉമ്മ ഇങ്ങോട്ട് വരുന്നുണ്ട്.. എല്ലാം തീരുമാനമായി എന്ന് തോന്നുന്നു..
“ഉമ്മാ… എല്ലാം തീരുമാനമായി ല്ലേ..”
“ആ.. അനൂ… നമുക്കിവരെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുപോയാല്ലോ..”
“അതിനവൾ തയ്യാറാകുമോ..”
“തയ്യാറാണെങ്കിൽ…”
“എന്നാപ്പിന്നെ അവരേയും കൂട്ടി വേഗം വന്ന് വണ്ടിയിൽ കയറൂ..”
“അങ്ങനെ എങ്ങനെയാണ്.. നീ കൂടെ വാ..”
സർപ്പുവും ഞാനും വരുന്നത് കണ്ടപ്പോൾ ആളുകൾ ഒതുങ്ങി നിന്നു.
സർപ്പുവിന് ആരോ കസേര വലിച്ചിട്ട് കൊടുത്തു..
മായാവി സിനിമയിൽ മമ്മൂട്ടിയുടെ ഫോൺ എടുക്കാൻ വന്ന സലീം കുമാറിന് കസേരയിട്ട് കൊടുത്തപ്പോൾ കണ്ട മുഖഭാവം നമ്മുടെ സർപ്പുവിന്റെ മുഖത്തും പ്രതിഫലിച്ചു..
ഒന്നും മനസ്സിലായില്ല എങ്കിലും സർപ്പു ഞെളിഞ്ഞിരുന്നു..
ആളുകൾക്ക് ഇടയിലൂടെ വന്ന ഉസ്താദ്
തൊട്ടു മുമ്പിൽ മറ്റൊരു കസേര വലിച്ചിട്ടിരുന്നു…
കഴുത്തിൽ കിടക്കുന്ന മാല ഉമ്മ അഴിച്ചെടുക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ അന്ധാളിച്ചു.. ഈ ഉമ്മ എന്ത് ഭാവിച്ചാണ്..
ഗൾഫിൽ വന്നപ്പോൾ ഉമ്മാക്ക് വേണ്ടി കൊണ്ട് വന്നതാണ്.. ആറ് പവൻ തൂക്കമുള്ള ആ മാല.
ഇപ്പോ അതാണോ മഹറ് കൊടുക്കുന്നത്..
ഏതായാലും നമ്മുടെ സർപ്പുവിന്റെ പെണ്ണിന് വേണ്ടിയാണല്ലോ… മനസിനെ സമാധാനിപ്പിച്ചു..
ഉമ്മയുടെ ഈ ദാനശീലം പലപ്പോഴും പേടിയാണ്.. മുന്നിൽ കൈനീട്ടി വരുന്നവർക്ക് ഉമ്മ വാരി കോരി നൽകും.
ഒരു വലിയ ലഡ്ജർ ബുക്കുമായി നിന്നയാൾ അവളുടെ ഉപ്പയെയും അവിടെ പിടിച്ചിരുത്തി.
ആമിയെ എടുത്ത് നിന്ന എന്റെ കയ്യിൽ നിന്നും ഉമ്മ ആമിയെ വാങ്ങി.. എന്നിട്ടാ വലിയ മാല എന്റെ കയ്യിൽ തന്നു.
എല്ലാവരും കേൾക്കെ ഉച്ചത്തിൽ പറഞ്ഞു..
“ഇതാണ് ഞാൻ പറഞ്ഞ പയ്യൻ.. എന്റെ മോനാണ്.. അനീസ്..”
പടച്ചോനേ… ഇതാണോ ഉമ്മ തീരുമാനിച്ചത്..
ഞാനൊന്ന് ശരിക്കും കാണുക പോലും ചെയ്തിട്ടില്ല.. വെപ്രാളപ്പെട്ട് നോക്കുമ്പോൾ
അവൾ എന്റെ മുഖത്തേക്ക് നോക്കുന്നു…
ആ കണ്ണുകൾക്കും വിശ്വാസം വരാത്ത പോലെ…
ഞാനും അവളെ ശരിക്കും നോക്കി കണ്ടു.
ദാരിദ്ര്യത്തിന്റെ കരാളഹസ്തങ്ങൾക്ക് പോലും മായ്ക്കാൻ കഴിയാത്ത മനോഹരമായ അവളുടെ മുഖം…. ഒരായിരം ജീവിതാനുഭവങ്ങൾ ഒളിപ്പിച്ച അവളുടെ മനോഹരമായ കണ്ണുകൾ…
നാട്ടുകാരേയും കുടുംബക്കാരേയും വിളിച്ച് നല്ലൊരു ഭക്ഷണം കൊടുത്തു എങ്കിലും
ഇത്രയും നല്ലൊരു ചെക്കനെ കൊണ്ട് നടുറോട്ടിൽ നികാഹ് കഴിപ്പിച്ചതിന്റെ പഴി ഉമ്മ ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു..
“ഞാനും എന്റെ മോനും ആരുടേയും ജീവിതം തകർക്കുകയല്ല ചെയ്തത്… എന്നെപ്പോലെയുള്ള ഒരു കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി.. അതിനെന്റെ പൊന്നു മോൻ എന്റെ കൂടെ നിന്നു.. നിങ്ങൾക്ക് എന്തും പറയാം… പക്ഷേ ജീവിതം അതനുഭവിച്ചവർക്കേ അറിയൂ…”
എല്ലാവരുടെ മുന്നിലും ഉമ്മ തലയുയർത്തി തന്നെ നിന്നു.
രണ്ട് മാസത്തോളമായി ആമിയും അവളുടെ ഉമ്മയും ഞങ്ങളുടെ സ്വന്തമായിട്ട്….
ഇന്നവരെ കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയില്ല..
എത്ര പെട്ടെന്നാണ് അവര് മാറിയത്..
ഒരു മനുഷ്യന്റെ സൗന്ദര്യം മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയുമ്പോൾ മാത്രമാണ് പൂർണമാകുന്നത്..
വന്ന അന്ന് തൊട്ട് തന്നെ ആമിക്കുട്ടി എന്റെതായി… ഞാനാണ് അവളുടെ ഏറ്റവും വലിയ കൂട്ട്… പക്ഷേ ഒരു മാസത്തിന് ശേഷമാണ് മെഹറിൻ ശരിക്കും എനിക്ക് സ്വന്തമായത്..
അവളുടെ മനസ്സിൽ പൂർണമായും ഞാൻ മാത്രമായി മാറിയത് കൊണ്ടാവും അന്നാദ്യമായി, ആമിയെ എന്റടുത്ത് നിന്നും വാങ്ങുന്ന സമയം എനിക്കുമ്മ തന്നത്… അത് ശരിക്കും ഒരനുഭവമായിരുന്നു…. പിന്നെ പിന്നെ അവളെല്ലാ അർത്ഥത്തിലും എന്നിലേക്കലിഞ്ഞു ചേർന്നു…
അവളുടെ വേദനകൾ പെയ്യുന്ന ഒരിടമായി മാറി എന്റെ നെഞ്ച്… അവളുടെ ഇഷ്ടങ്ങൾ പൂക്കൾ പോലെ വിടർന്നു എന്റെ കവിളിൽ… ഞങ്ങളുടെ ഇടയിൽ സന്തോഷത്തിന്റെ പുതുവസന്തങ്ങൾ തീർത്തു ഉമ്മ….
ഇങ്ങനെ ഒക്കെ ആണെങ്കിലും
ഗൾഫിലേക്ക് തിരിച്ചുള്ള ഈ യാത്രയിൽ ഏറ്റവും കൂടുതൽ എന്നെ മിസ് ചെയ്യുന്നത് ആമിയാണ്…
വിടപറഞ്ഞ് പോരും നേരം എനിക്ക് വേണ്ടി കരയുന്ന ആ മൂന്ന് ഹൃദയങ്ങളും എന്റെ കണ്ണുകളും നിറച്ചു…
ഈ പുതിയ യാത്രയിൽ എന്റെ മുന്നിൽ ഒരുപാട് ലക്ഷ്യങ്ങളുണ്ട്…, സ്വപ്നങ്ങളും………
സ്നേഹം അത് മനസ്സിനോട് തോന്നി തുടങ്ങുമ്പോൾ അവിടെ സന്തോഷങ്ങള് വിരിഞ്ഞു തുടങ്ങും…