അടുക്കളയുടെ തറയിൽ വീണു കിടക്കുന്ന അവളുടെ ശരീരം എടുത്തുയർത്തിയപ്പോൾ എന്തോ പറയാനായി ആ ചുണ്ടുകൾ വിറക്കുന്നത് താൻ കണ്ടിരുന്നു….

അച്ഛൻ
(രചന: Jils Lincy)

ചടങ്ങുകൾ കഴിഞ്ഞു… എല്ലാവരും പോയികഴിഞ്ഞു …… തെക്കേ തൊടിയിൽ നിന്ന് പുക ചുരുളുകൾ ഉയർന്നു പോകുന്നത് മുറ്റത്തു നിന്നയാൾ നോക്കി നിന്നു….

നോക്കി നിൽക്കവേ ആ പുക ചുരുൾകൾക്കിടയിൽ സരോജത്തിന്റെ മുഖം മാഞ്ഞു പോകുന്നപോലെ…

കാറ്റടിച്ചപ്പോൾ തന്റെ ദേഹത്തിന് ചുറ്റും ആ പുക വന്ന് മൂടിയത് അദൃശ്യമായി സരോജം തന്നോട് യാത്ര ചോദിച്ചത് പോലെ അയാൾക്ക് തോന്നി…..

അവളെന്തിനാണ് ആദ്യം പോയത്”” ഒരുമിച്ചു പോകണം എന്നല്ലേ നമ്മൾ തീരുമാനിച്ചത്….

പതിവ് പോലെ കുളിച്ചു രാവിലത്തെ ചായ കൊണ്ടവൾ വരുമ്പോൾ ഒരു ക്ഷീണം പോലും തോന്നിയില്ലല്ലോ?

നര വീണ തന്റെ മുഖത്തവൾ വാത്സല്യത്തോടെ ഒരു നുള്ള് തന്ന് കിളവൻ..

എന്ന് വിളിച്ചു നടന്നു പോകവേ താനറിഞ്ഞിരുന്നില്ല അതവസാനത്തെ സ്നേഹവും കരുതലും ആയിരുന്നു എന്ന്….

പാത്രം വീണ ഒച്ച കേട്ടാണ് ഓടിയെത്തിയത്…. അടുക്കളയുടെ തറയിൽ വീണു കിടക്കുന്ന അവളുടെ ശരീരം എടുത്തുയർത്തിയപ്പോൾ എന്തോ പറയാനായി ആ ചുണ്ടുകൾ വിറക്കുന്നത് താൻ കണ്ടിരുന്നു….

ഒരു നിമിഷം കൊണ്ട് തന്നെ തന്റെ നെഞ്ചോടു ചേർത്തു വെച്ച ആ ശരീരം ഒരു ഞെട്ടലിൽ വിറക്കുന്നതും പിന്നെ നിശ്ചലമാകുന്നതും താൻ അറിഞ്ഞു…..

മരണം.. നിനച്ചിരിക്കാത്ത നേരത്തവൻ വന്ന് ജോലി തീർത്തു വെച്ചിരിക്കുന്നു…..
തൊണ്ടയോളം വന്ന കരച്ചിൽ ശ്വാസം കിട്ടാത്ത പോലെ നെഞ്ചിൽ തങ്ങി നിന്നു….

പിന്നെല്ലാം പെട്ടന്നായിരുന്നു…. വണ്ടി വിളിച്ചതും ആശുപത്രിയിൽ എത്തിച്ചതും എല്ലാം എങ്ങനെ എന്ന് ഓർക്കാൻ പോലും പറ്റുന്നില്ല…..

മക്കൾ രണ്ടു പേരും വന്നിട്ടുണ്ട്….. അവരുടെ ഭർത്താക്കന്മാരും…. വർഷങ്ങളായി അവരിങ്ങോട്ട് വരാറില്ലായിരുന്നു…..

അല്ല അവരെയും പറഞ്ഞിട്ട് കാര്യമില്ല ആറും അഞ്ചും വയസ്സിൽ അച്ഛൻ ഉപേക്ഷിച്ച കുട്ടികളല്ലേ…

വർഷങ്ങൾക്ക് ശേഷം അമ്മ ഒരാളെ വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഉൾക്കൊള്ളാൻ ആയില്ല…..

സരോജം ചെറുപ്പത്തിലേ മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹം….. പക്ഷേ വീട്… ബാധ്യതകൾ ….

സഹോദരിമാരുടെ വിവാഹം.. അതിലെല്ലാം കുടുങ്ങി തന്റെ ഇഷ്ടങ്ങൾ മാറ്റി വെച്ചു….. അവൾ മറ്റൊരാളുടേതായി എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…..

ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവൾ തിരിച്ചു വന്നപ്പോൾ മുതൽ മനസ്സ് വീണ്ടും പഴയതൊക്കെ ഓർമിപ്പിച്ചു…. പക്ഷേ….അവളൊരിക്കലും ഒരു നോട്ടം കൊണ്ട് പോലും തന്നെ പരിഗണിച്ചില്ല….

അവസാനം ഒരു വിവാഹലോചനയായി പോയപ്പോഴാകട്ടെ … താല്പര്യമില്ല മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന ഒറ്റ വാക്കിൽ എല്ലാം തീർത്തു വെച്ചു……

തകർന്നെങ്കിലും പ്രതീക്ഷയോടെ ഇരുന്നു… ഒരു വിവാഹത്തിനായി പലരും നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല….

ചില കാത്തിരുപ്പുകൾക്ക് വല്ലാത്തൊരു ലഹരിയുണ്ടെന്ന് വർഷങ്ങൾ കൊണ്ട് തിരിച്ചറിയുകയായിരുന്നു…….

പെൺമക്കളെ രണ്ടു പേരെയും വിവാഹം കഴിപ്പിച്ചു വിട്ടതിനു ശേഷമുള്ള നീണ്ട ഏകാന്തതയാണ് വിവാഹത്തിൽ എത്തിച്ചത്…..

പക്ഷേ മക്കൾ തന്നെ ഏറ്റവും വലിയ എതിർപ്പുമായെത്തി…. സ്വത്ത്‌ ഭാഗം വെച്ച് വാങ്ങി അമ്മയോടുള്ള ബന്ധം മുറിച്ചവർ പടികടന്ന് പോകുന്നത് കണ്ണീരോടെ അവൾ നോക്കി നിന്നു….

ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചിട്ടും അമ്മയെ അവർ മനസ്സിലാക്കിയില്ല”

പിന്നീടുള്ള വർഷങ്ങൾ…. മക്കൾ അമ്മയെ പാടെ മറന്നിരുന്നു…..

പക്ഷേ മക്കൾക്കും കൊച്ചു മക്കൾക്കുമുള്ള പലഹാരങ്ങളും സമ്മാനങ്ങളുമായി സരോജം അവരുടെ വീടുകളിലേക്ക് പോകും കൂടെ താനും….

അവർക്കിഷ്ടമല്ലെങ്കിലും സരോജത്തിന്റെ സന്തോഷത്തിന് വേണ്ടി താനും അവളുടെ കൂടെ എല്ലായ്പോഴും പോകും…..

ഓരോ വിശേഷദിവസങ്ങളിലും അവൾ വാതിൽക്കലേക്ക് നോക്കിയിരിക്കും.. കൊച്ചു മക്കളെ കൂട്ടി മക്കൾ വരുമെന്ന് പ്രതീക്ഷിച്ച്….പക്ഷേ ഇക്കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഒരിക്കൽ പോലും അവർ വന്നില്ല…..

എന്നാലും ഞങ്ങളുടെ യാത്രകൾ തുടർന്ന് കൊണ്ടേയിരുന്നു……. എന്റെ മക്കൾക്ക് എന്നെ വേണ്ടെങ്കിലും എനിക്കവരെ വേണം വാസുവേട്ടാ…

എന്നവൾ പറയുമ്പോൾ താനും മറുത്തൊന്നും പറഞ്ഞിരുന്നില്ല…. അല്ലേലും അവളുടെ സന്തോഷം ആയിരുന്നു എനിക്ക് പ്രധാനം….

സന്ധ്യ വന്ന് മൂടിയിരിക്കുന്നു….. ഇനി താനിവിടെ അധിക പറ്റാണ്….

അവളില്ലാത്ത ഈ വീട് തനിക്കും അന്യമാണ്…. പോകണം എങ്ങോട്ടെങ്കിലും…. പതുക്കെ വീടിനകത്തേക്ക് കയറി….

ആരൊക്കെയോ റൂമുകളിൽ ഇരിപ്പുണ്ട്…. ആളുകളുടെ ഇടയിൽ അന്യനെപോലെ അയാൾ നിന്നു..

അല്പം മടിച്ചു..മടിച്ചു റൂമിലേക്ക് കയറി….ഒറ്റ ദിവസം കൊണ്ട് ഈ വീട് തനിക്ക് അന്യമായിരിക്കുന്നു….

എടുക്കാൻ ഒന്നും തന്നെയില്ല…. കണ്ണടയും ഡ്രെസ്സും പെട്ടി തുറന്നെടുത്തു… എല്ലാമവൾ അലക്കി ഇസ്തിരി ഇട്ട് വെച്ചിട്ടുണ്ടായിരുന്നു…..

കണ്ണിനൽപ്പം മങ്ങൽ പോലെ… പഴകിയ ഒരു കൂട്ടിൽ വസ്ത്രങ്ങൾ എടുത്തു പതുക്കെ റൂമിന് പുറത്തിറങ്ങി….

മക്കളോട് പറയണോ?

വേണ്ട….

അച്ചാച്ചനെ അമ്മ വിളിക്കുന്നു… മൂത്തവളുടെ കുഞ്ഞു മോൾ വന്ന് വിളിച്ചു…. റൂമിൽ ചെന്നപ്പോൾ കണ്ടു മക്കൾ രണ്ടു പേരും ഭിത്തി ചാരി കരഞ്ഞിരിക്കുന്നു…..

അച്ഛനെങ്ങോട്ടാണ് ഈ തുണിയൊക്കെ എടുത്ത് മൂത്തവൾ ഇടറിയ സ്വരത്തോടെ ചോദിച്ചു….

അച്ഛൻ ആദ്യമായുള്ള ആ വിളിയിൽ തന്റെ ഹൃദയം നിറയുന്ന പോലെ അയാൾക്ക് തോന്നി….

പോകല്ലേ അച്ഛാ…. ഇളയവൾ ഒരു പൊട്ടി കരച്ചിലോടെ പറഞ്ഞൂ…

ഒരു കയ്യിൽ തുണിയും മറു കയ്യ് ഭിത്തിയിൽ പിടിച്ചു ആയാസപ്പെട്ട് കിതച്ചു നിൽക്കുന്ന ആ വൃദ്ധന്റെ കാലിൽ വീണവർ കരഞ്ഞു… തെറ്റാണ് ചെയ്തത് അച്ഛാ.. ക്ഷമിക്ക് ഞങ്ങളോട്…..

ക്ഷമിക്കാനാവാത്ത തെറ്റാണെന്നറിയാം ഞങ്ങളുടെ അമ്മയുടെ സ്നേഹം പകുത്തു പോകുന്ന വിഷമമായിരുന്നു അത്…. അല്ലാതെ അച്ഛനോട് ഞങ്ങൾക്ക് ഒരു വെറുപ്പും ഇല്ല…..

അത് വരെ ആരും കാണാതെ ഒളിപ്പിച്ചു വെച്ച അയാളുടെ കണ്ണുനീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി…..

ചുളിവ് വീണ ശോഷിച്ച തന്റെ കൈകൾ കൊണ്ട് തന്റെ കാലിൽ വീണ മക്കളെ ചേർത്തു പിടിച്ചയാൾ പറഞ്ഞു…
അച്ഛനെങ്ങും പോകില്ല….. അച്ഛനുണ്ടാകും എന്നും…

മരണം വരെ….. എന്റെ മക്കളുടെ അച്ഛനായിട്ട്…. എന്റെ കൊച്ചു മക്കളുടെ അച്ചാച്ചനായിട്ട്…. എന്റെ സരോജത്തിന്റെ ആത്മാവിന്റെ കാവൽക്കാരനായിട്ട്……….

അത് പറയുമ്പോൾ ചന്ദനത്തിന്റെ ഗന്ധമുള്ള ഒരു കാറ്റ് അവരെ തഴുകി പോയത് മക്കൾ അറിഞ്ഞില്ലെങ്കിലും അയാൾ അറിഞ്ഞിരുന്നു……

Leave a Reply

Your email address will not be published. Required fields are marked *