ആരോരുമില്ലാത്തവളെ കെട്ടിയത് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കാനാണെന്നും…ഞാൻ കൊണ്ടു തരുന്നത് തിന്ന് ഇവിടെ ഇരുന്നോളണം എന്നും പറഞ്ഞായിരുന്നു വഴക്ക്… അമ്മയെ അടിക്കുന്നത് കണ്ട്

ആശ്വാസമാകുന്ന വേദനകൾ
(രചന: Jils Lincy)

ചിതയിലോട്ട് ശരീരം എടുത്തപ്പോഴേക്കും ചുറ്റും കൂടി നിന്നവർ അവളുടെ കയ്യിൽ പിടിച്ചു പതുക്കെ പറഞ്ഞു … വാ!!! ഇനി വീട്ടിലേക്ക് പോകാം…

പരീക്ഷീണയായ വൾ തന്റെ ചുറ്റിനും ഉള്ള മുഖങ്ങളിലേക്ക് പകച്ചു നോക്കി… ഇന്നലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ടാവും ദേഹമാകെ തളരുന്നപോലെ…

മക്കളെവിടെ?? ചുറ്റിനും നോക്കി കുറച്ചു മാറി അപ്പുറത്തെ വീട്ടിലെ രാധ ചേച്ചി അവരെ ചേർത്തു പിടിച്ചു നിൽപ്പുണ്ട്… പാവങ്ങൾ അവരും ഒന്നും ഈ നേരം വരെ കഴിച്ചിട്ടുണ്ടാവില്ല…

പതുക്കെ അവരുടെ അടുത്ത് ചെന്ന് അവരെ ചേർത്തു പിടിച്ചു… അമ്മേ!! അച്ഛൻ!!! മോളുടെ സ്വരം വിറച്ചു…

മോനാകട്ടെ എന്റെ മുഖത്തേക്ക് നോക്കി നിർവികാരനായി നിൽക്കുകയാണ്…. അല്ലെങ്കിലും ഒരഞ്ചു വയസ്സുകാരന് അച്ഛനെ നഷ്ടപെട്ടത് മനസ്സിലാക്കാൻ ഇനിയും കാലം പിടിക്കും….

സാരല്ല്യ… എന്റെ മക്കൾക്ക് അമ്മയുണ്ട് ഇനി.. എന്തോ പറഞ്ഞപ്പോൾ തന്റെ സ്വരവും അറിയാതെ ഇടറിപ്പോയി….

വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ബന്ധുക്കൾ ഓരോരുത്തരായി പോയി തുടങ്ങി…

ആരോരുമില്ലാത്ത ഒരു പെണ്ണിന്റെയും രണ്ടു മക്കളുടെയും ഉത്തരവാദിത്തം ഇനി തലയിലാകുമോ എന്നു പേടിച്ചിട്ടാണോ എന്തോ??

അല്ലേലും അങ്ങേര് ജീവിച്ചിരിക്കുമ്പോഴേ ആരുമായും ഒരു ബന്ധവും ഇല്ലായിരുന്നു….

എത്ര പെട്ടന്നാണ് ജീവിതം മാറിപോയത്…… ഇന്നലെ വൈകുന്നേരം കുടിക്കാതെ വന്നു കയറിയപ്പോഴാണ് മോൻ പോകുന്ന അംഗൻവാടിയിലെ ആയയുടെ ജോലിക്ക് ഞാൻ പൊയ്ക്കോട്ടേ എന്ന് മടിച്ചു മടിച്ചു ചോദിച്ചത്…. മറുപടി ഒരു മൂളലിൽ ഒതുങ്ങി….

പക്ഷേ!!!പിന്നെ ഒന്ന് പുറത്തു പോയ ആൾ വന്നത് നാലു കാലിൽ ആയിരുന്നു….
വന്നപാടെ ചീത്ത തുടങ്ങി….

ആരോരുമില്ലാത്തവളെ കെട്ടിയത് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കാനാണെന്നും…ഞാൻ കൊണ്ടു തരുന്നത് തിന്ന് ഇവിടെ ഇരുന്നോളണം എന്നും പറഞ്ഞായിരുന്നു വഴക്ക്… അമ്മയെ അടിക്കുന്നത് കണ്ട് പേടിച്ചു മക്കൾ നിലവിളിച്ചു…

തനിക്കിത് നിത്യ സംഭവമായത് കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല ഒരു മരവിപ്പ് അത്ര തന്നെ… കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വീണ്ടും പുറത്തു പോയി…

കുടിക്കാനായിരിക്കും….. കുടിക്കട്ടെ ഇതു തന്റെ വിധിയാണ്…. ഈ ജന്മം ഇങ്ങനെ വേദനിച്ചു ജീവിക്കാനാണ് വിധി….. ഉറക്കമില്ലാത്ത രാത്രികൾ… ഓരോ രാത്രിയും തന്നെ അടിക്കാൻ അയാൾക്ക് ഓരോ കാരണങ്ങൾ ഉണ്ടാകുമായിരുന്നു…..

മക്കളെ കുറിച്ച് ഓർക്കുമ്പോഴാണ്… പാവങ്ങൾ അവരെന്തു തെറ്റ് ചെയ്തു…. അന്ന് രാത്രി അയാൾ തിരിച്ചു വന്നില്ല…. പേടിച്ചു പേടിച്ചിരുന്നു ഉറങ്ങി പോയത് അറിഞ്ഞില്ല….

രാവിലെ വീട്ടിൽ വന്ന ആരോ പറഞ്ഞറിഞ്ഞു…. രാത്രിയിൽ ഏതോ ചരക്ക് ലോറി വന്നിടിക്കുകയായിരുന്നത്രെ…

കരഞ്ഞില്ല… ഒരു തുള്ളി കണ്ണീർ പോലും പൊടിഞ്ഞില്ല….കാരണം ഇക്കഴിഞ്ഞ വർഷത്തിനിടക്ക് കരയാനുള്ളതെല്ലാം കരഞ്ഞു തീർത്തിരുന്നു….

മരിച്ച ചടങ്ങുകൾക്കിടയിൽ പലരും നിർവികാരയായ തന്റെ മുഖത്തേക്ക് നോക്കുന്നതും മൂക്കത്ത് വിരൽ വെക്കുന്നതും തനിക്ക് കാണാമായിരുന്നു…

കുടിയനാണെങ്കിലും അവളുടെ പിള്ളേരുടെ അച്ഛനല്ലേ എന്ന് ഒരു സ്ത്രീ പിറു പിറുക്കുന്നത് കേട്ടു….

നീ എന്താണ് ആലോചിച്ചിരിക്കുന്നത്?? ഈ കഞ്ഞി കുടിക്ക്!”രാധ ചേച്ചിയാണ്… മക്കൾക്കും കൊടുക്ക്…

മക്കളെ വിളിച്ച് കഞ്ഞി കോരി കൊടുത്തു…. വയറു നിറച്ചു തന്നെ… പിന്നെ ബാക്കി താനും കഴിച്ചു……

രാധ ചേച്ചിയോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു…. വേണമെങ്കിൽ ഇന്നൊരു രാത്രി കിടക്കാമെന്ന് ചേച്ചി പറഞ്ഞപ്പോൾ വേണ്ട!!!ചേച്ചി സാരമില്ല.. മക്കളുണ്ടല്ലോ എന്ന് പറഞ്ഞു തിരിച്ചയച്ചു….

അവര് പോയതും വീട് മുഴുവൻ അടിച്ചു വാരി വൃത്തിയാക്കി… ആദ്യം മക്കളും പിന്നീട് താനും കുളിച്ചു…. ഉള്ളതിൽ ഏറ്റവും നല്ല ഒരു നൈറ്റി എടുത്ത് ധരിച്ചു….

നേരത്തെ തന്നെ മക്കളെ കൂട്ടി ഉറങ്ങാൻ പോയി… എത്രയോ നാളുകളായി മക്കൾ സന്തോഷത്തോടെയും സമാധാനത്തോടെയും ഉറങ്ങിയിട്ട്…നാളെ മുതൽ അമ്മ ജോലിക്ക് പോകും എന്ന് പറഞ്ഞു…

ഇനി മുതൽ മക്കൾക്ക് നല്ല ഭക്ഷണവും ആരെയും പേടിക്കാതെ ഉറങ്ങാനും പറ്റും എന്ന് പറഞ്ഞു…അത് കേട്ടവർ തന്റെ ദേഹത്തോട് മുഖം ചേർത്ത് പതുങ്ങി കിടന്നു….

മുറിയിലുണ്ടായിരുന്ന ഒരു പഴഞ്ചൻ റേഡിയോയിൽ ഒരു പഴയ സിനിമ പാട്ട് പതിഞ്ഞ ശബ്ദത്തിൽ വെച്ച് മക്കളെ രണ്ടു പേരെയും നെഞ്ചോട് ചേർത്തവൾ കിടന്നു……ഏറെ വര്ഷങ്ങളായി മുടങ്ങി കിടന്ന ഉറക്കത്തെ തിരിച്ചു വിളിക്കാനായി…

പക്ഷേ!!!വാതിൽ പാളിയിലൂടെ പതുക്കെ കടന്നു വന്ന തണുത്ത കാറ്റിൽ പതുക്കെ കണ്ണടഞ്ഞു പോകുമ്പോഴും..

പേരറിയാത്തൊരു ഉൾവേദനയാൽ അയാളെക്കുറിച്ചുള്ള ഓർമ്മകൾ അവളുടെ കണ്ണിൽ കണ്ണീർ വീഴ്ത്തിയിരുന്നു…….

Leave a Reply

Your email address will not be published. Required fields are marked *