(രചന: J. K)
“””എടീ അപ്പോ മിഥുൻ ചേട്ടനോ? അത് ഉറപ്പിച്ചതല്ലേ?” സ്വാതി അങ്ങനെ ചോദിച്ചതും അശ്വതിക്ക് ദേഷ്യം വന്നിരുന്നു അവൾ സ്വാതിയുടെ നേരെ അല്പം പരുഷമായി തന്നെ പറഞ്ഞു…
“”അതിനെന്താ എനിക്ക് വലുത് എന്റെ ജീവിതമാണ് ഇവിടെനിന്നാണ് നല്ല ജീവിതം കിട്ടുക ഞാൻ അങ്ങോട്ട് പോകും”””
എന്ന്…
അത് കേട്ട് സ്വാതി പകച്ചു പോയി. അവൾ കുറച്ചുനേരം അശ്വതിയെ നോക്കി നിന്നു. പിന്നെ ബാഗും എടുത്ത് പുറത്തേക്കിറങ്ങി…
അശ്വതിയും ഒരുമിച്ചാണ് ആ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നത്..
അവർ പഠിച്ചതും ഏകദേശം ഒരുമിച്ചാണ് വേറേ വേറെ ക്ലാസുകളിൽ ആയിരുന്നു എന്ന് മാത്രം….
അന്നേ അശ്വതിയുടെ ഇഷ്ടമായിരുന്നു മിഥുൻ ചേട്ടൻ.. സ്കൂളിൽ ഞങ്ങളുടെ സീനിയർ ആയി പഠിച്ചതാണ്…
അവർ തമ്മിലുള്ള പ്രണയം സ്കൂൾ മുഴുവൻ പാട്ടായിരുന്നു അശ്വതി കോളേജിൽ ചേർന്നപ്പോഴും ഈ ഹോസ്പിറ്റലിൽ ജോലി കിട്ടിയപ്പോഴും അത് തുടർന്നു…
ഒടുവിൽ മിഥുൻ ചേട്ടനും കൂടി ഒരു പ്രൈവറ്റ് കമ്പനിയിൽ അത്യാവശ്യം തരക്കേടില്ലാത്ത ജോലി ശരിയായപ്പോഴാണ് അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് അന്വേഷിച്ചത് അവർക്ക് വലിയ എതിർപ്പൊന്നും ഇല്ലായിരുന്നു അതുകൊണ്ടുതന്നെ ആ വിവാഹം ഉറപ്പിച്ചു..
അന്ന് കരുതിയതാണ് ഈ ബന്ധം ഭാഗ്യം ആണ് അവളുടെ എന്ന്.. കാരണം മിഥുൻ ചേട്ടന് സ്നേഹിക്കാൻ മാത്രമേ അറിയുള്ളൂ…
കാണാൻ അത്യാവശ്യം തരക്കേടില്ലായിരുന്നു അശ്വതിയെ അവൾ അതിനനുസരിച്ച് നന്നായി വസ്ത്രവും മേക്കപ്പും ഒക്കെ ഇട്ടിട്ടാണ് നടന്നിരുന്നത് ആര് കണ്ടാലും ഒന്ന് നോക്കി പോകും…
ഇവിടെ ഈ ഹോസ്പിറ്റലിൽ വന്നതിനുശേഷം ഇവിടെയുള്ള പുതുതായി വന്ന ചെറുപ്പക്കാരൻ ആയ ഡ്യൂട്ടി ഡോക്ടർ അവളെ പ്രത്യേകം ശ്രദ്ധിക്കുന്നത് കണ്ടിരുന്നു…
പിന്നെ കേട്ടത് അവര് തമ്മിൽ പ്രണയമാണ് എന്നായിരുന്നു ആകെക്കൂടി ഷോക്കായി അത് കേട്ട് അപ്പോൾ മിഥുൻ ചേട്ടന്റെ മുഖമാണ് എന്റെ മനസ്സിൽ വന്നത്..
എന്നാലും ഞാൻ അശ്വതി അതിനു സമ്മതിച്ചിട്ടുണ്ടാവും എന്ന് വിശ്വസിച്ചില്ല കാരണം അവർ തമ്മിൽ ഏതോ കാലം മുതൽ പ്രണയം ആയിരുന്നല്ലോ… വെറുതെ ആരൊക്കെയോ പറഞ്ഞു നടന്നതാകാം ഈ കഥ എന്ന് വിശ്വസിച്ചു..
അതുകൊണ്ടാണ് നേരിട്ട് അവളോട് തന്നെ ചോദിച്ച് ആതെറ്റിദ്ധാരണ നീക്കം എന്ന് കരുതി വന്നത്…
പക്ഷേ അവൾ പറഞ്ഞത് കേട്ടാണ് എനിക്ക് ആകെ അത്ഭുതമായത് ഇത്ര പെട്ടെന്ന് അവൾക്കെല്ലാം മറക്കാൻ കഴിഞ്ഞു..
എല്ലാം മിഥുൻ ചേട്ടൻ അറിഞ്ഞു അറിഞ്ഞപ്പോൾ അദ്ദേഹം വളരെ പ്രശ്നമുണ്ടാക്കി അവളുടെ വീട്ടിലേക്ക് വന്നു..
ചക്കിക്കൊത്ത ചങ്കരൻ എന്ന രീതിയിലായിരുന്നു അവളുടെ വീട്ടുകാരും വെറുമൊരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനായ മിഥുൻ ചേട്ടനെക്കാൾ എത്രയോ ഉയരത്തിൽ ആണല്ലോ അന്യ നാട്ടുകാരൻ ആണെങ്കിലും ആ ഡോക്ടർ എന്ന് കരുതി അവരും അതിൽ തന്നെ കടിച്ചു തൂങ്ങി നിൽക്കുകയായിരുന്നു…
ഒടുവിൽ ഏറെ വിഷമമുണ്ടെങ്കിലും മിഥുൻ ചേട്ടൻ അവളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു..
എനിക്കെന്തോ ആ മനുഷ്യനോട് വല്ലാതെ പാവം തോന്നിയിരുന്നു കാരണം 100% ആത്മാർത്ഥമായി തന്നെയാണ് മിഥുൻ ചേട്ടൻ അശ്വതിയെ പ്രണയിച്ചത് അവൾക്കും തിരിച്ച് അങ്ങനെയാണെന്ന് കരുതിക്കാണും ഇങ്ങനെ ചതിക്കും എന്ന് മനസ്സിൽ പോലും കരുതിയിട്ടുണ്ടാവില്ല…
അതറിഞ്ഞപ്പോൾ ആ മനസ്സ് എത്രത്തോളം വേദനിച്ചു കാണും.. അതുകൊണ്ടാണ് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഞാൻ കാണാൻ ചെന്നത്….
അവൾക്കുവേണ്ടി വെറുതെ വിഷമിച്ചിരിക്കരുത് എന്ന് പറയാൻ..
പക്ഷേ അവിടെ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ചോദ്യം കേട്ട് ഞാൻ ആകേ ഞെട്ടി..
“” തന്നെ ഞാൻ വിവാഹം ചെയ്തോട്ടെ”” എന്ന്..
“” അവളോടുള്ള വാശിയുടെ പുറത്തല്ലേ? ”
എന്ന് ചോദിച്ചപ്പോൾ അതെ എന്ന് തന്നെയായിരുന്നു മറുപടി പക്ഷേ അദ്ദേഹത്തിന് ഉറപ്പുണ്ടത്രേ എന്നെ സ്നേഹിക്കാൻ കഴിയും എന്ന് ഇപ്പോൾ അശ്വതിയോട് മനസ്സിൽ ഒരു തരി സ്നേഹം ഇല്ല പകരം ദേഷ്യം മാത്രമേ ഉള്ളൂ….
എനിക്ക് ഒന്നാലോചിക്കണം എന്ന് പറഞ്ഞു..
അങ്ങനെ വാശി വിജയിപ്പിക്കാൻ വേണ്ടി ചെയ്യാവുന്ന ഒന്നല്ലല്ലോ വിവാഹം..
വീട്ടുകാർക്ക് സമ്മതമാണെങ്കിൽ എനിക്കും സമ്മതമാണ് എന്നായിരുന്നു എന്റെ മറുപടി അത് കേട്ടതും അദ്ദേഹം വീട്ടുകാരെയും വിളിച്ച് വന്നിരുന്നു വിവാഹം ഉറപ്പിക്കാൻ അവളുടെ വിവാഹത്തെക്കാൾ മുന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞു….
അദ്ദേഹത്തിന്റെ മനസ്സിൽ ഇപ്പോഴും അശ്വതി ഉണ്ടോ എന്നൊന്നും അറിയില്ല പക്ഷേ എന്നെ ജീവനായിരുന്നു.. ശരിക്കും സ്വർഗം പോലെ തന്നെയായിരുന്നു ജീവിതം…
ഇതിനിടയിൽ അശ്വതി വിവാഹിതയായി..
വെറുമൊരു പ്രൈവറ്റ് സ്ഥാപന ജീവനക്കാരനെക്കാൾ എത്രയോ വലിയ ഡോക്ടറെ കല്യാണം കഴിച്ചവൾ ഞങ്ങളുടെ മുന്നിൽ ഗമയോട് കൂടി തന്നെ നിന്നു….
അപ്പോഴൊക്കെയും എന്നെ ചേർത്തുപിടിച്ചു മിഥുൻ ചേട്ടൻ.. സന്തോഷത്തോടെ ഞാൻ ചേർന്നുനിന്നു..
പക്ഷേ ഡോക്ടറുടെ ആദ്യത്തെ ആ പുതുമ നഷ്ടപ്പെട്ടപ്പോൾ അയാൾക്ക് അവളെ വേണ്ടതായിരുന്നു…
പിന്നെയും എന്തൊക്കെയോ പ്രശ്നങ്ങൾ.
സ്വപ്നം കണ്ട ജീവിതത്തിൽ നിന്ന് ഒടുവിൽ അവർക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വന്നു..
ഒന്നുമില്ലാത്തവളായി..
അപ്പോഴേക്കും മിഥുൻ ചേട്ടന്റെ കുഞ്ഞിന് ജന്മം നൽകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഞാൻ.. ഏഴാം മാസം എന്റെ വീട്ടിലേക്ക് പോയിരുന്നു..
അവിടേക്ക് അവൾ വന്നിരുന്നു അശ്വതി അവൾക്ക് പറ്റിയ തെറ്റ് എന്നോട് പറഞ്ഞു ഒരുപാട് കരഞ്ഞു പക്ഷേ എന്റെ ഉള്ളിൽ എന്തോ ഭയമായിരുന്നു മിഥുൻ ചേട്ടൻ ഒരു പക്ഷേ അവളുടെ ഈ അവസ്ഥ കണ്ടാൽ എങ്ങനെ പെരുമാറും എന്നത് ഓർത്ത്..
അദ്ദേഹം സ്നേഹത്തിന്റെ പേരിലാണോ വാശിയുടെ പേരിലാണോ എന്നെ വിവാഹം കഴിച്ചത് എന്ന് എനിക്ക് ഇപ്പോഴും നിശ്ചയമില്ലായിരുന്നു…
അവൾ അവിടെ നിന്നും ഇറങ്ങുമ്പോഴേക്കും മിഥുൻ ചേട്ടൻ അങ്ങോട്ട് വന്നിരുന്നു..
അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.
ഞാൻ അങ്ങോട്ടേക്ക് പോയില്ല കാരണം എനിക്കുള്ളതാണെങ്കിൽ മതി എനിക്ക് എന്ന് ഞാനും കരുതി.. എന്നാലും എന്തിനാണ് എന്നറിയാത്ത ഒരു ടെൻഷൻ എനിക്കുണ്ടായിരുന്നു..
ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നിരുന്ന എന്റെ തോളിൽ ഒരു കൈപതിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ മിഥുൻ ചേട്ടൻ ആയിരുന്നു..
കുസൃതി ചിരിയോടെ എന്നോട് ചോദിച്ചു എല്ലാം കൈവിട്ടുപോയി എന്ന് വിചാരിച്ചുള്ള നിൽപ്പാണോ എന്ന്…
കൂർപ്പിച്ച് ഒരു നോട്ടം പകരം കൊടുത്ത് ഞാൻ അങ്ങേരെ നോക്കി നിന്നു..
“”ടീ.. നിനക്ക് തോന്നുന്നുണ്ടോ ഇനി എനിക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയും എന്ന്… നീയും നമ്മുടെ ഈ കുഞ്ഞും മാത്രമേ ഇപ്പോൾ എന്റെ മനസ്സിലുള്ളൂ…
പിന്നെ അറിയാൻ കുറച്ചു വൈകി എങ്കിലും അവളെക്കാൾ മുന്നേ എന്നെ പ്രണയിച്ചവളെ സ്വന്തമാക്കിയതിന്റെ ത്രില്ലിലാ ഞാനും “”
അവസാനം പറഞ്ഞത് കേട്ട് പിടപ്പോടെ ഞാൻ മിഥുൻ ചേട്ടനെ നോക്കി…
“” നിന്റെ ഡയറി ഞാൻ വായിച്ചിരുന്നു””
ആകെ ചമ്മി നിന്നു അതെ സത്യമാണ് .
അശ്വതിയുടെ സ്വന്തം ആവുന്നതിനു മുമ്പ് എന്തോ എന്റെ മനസ്സിൽ കയറിയതായിരുന്നു മിഥുൻ ചേട്ടൻ പക്ഷേ അവളെയാണ് ആ മനസ്സിന് ഇഷ്ടം എന്ന് അറിഞ്ഞപ്പോൾ ഉള്ളിൽ കുഴിച്ചുമൂടിയത് ആയിരുന്നു എന്റെ മോഹം….
ഇപ്പോൾ എല്ലാം ആള് അറിഞ്ഞിരിക്കുന്നു..
“” അത് ഞാൻ വായിച്ചപ്പോൾ എനിക്ക് എന്താ തോന്നിയത് എന്ന് നിനക്കറിയോ..?? “”
എന്താണെന്ന് അറിയാതെ ഞാൻ ആ മുഖത്തേക്ക് നോക്കി..
“” ചേരേണ്ടവർ മാത്രമേ ഒന്നിക്കു അത് ഏത് പ്രതിസന്ധികളിൽ കൂടി പോയാലും ശരി “”
അതും പറഞ്ഞ് എന്നെ നെഞ്ചോട് ചേർക്കുമ്പോൾ എനിക്കറിയാമായിരുന്നു ഒരിക്കലും ആ മനസ്സ് ഇനി മറ്റൊരു ഇടത്തേക്ക് സഞ്ചരിക്കില്ല എന്ന്…