ശ്രീജിത്ത് പഠിപ്പിക്കുന്ന കോളേജിലെ സ്റ്റുഡന്റ് ആണ് മഞ്ജിമ അയാളുടെ ഡിപ്പാർട്ട്മെന്റ് അല്ല എങ്കിലും കോളേജിൽനിന്ന് കണ്ട് ഇഷ്ടപ്പെട്ടതാണ്…

(രചന: J. K)

ശ്രീജിത്തിന്റെയും മഞ്ജിമയുടെയും കാര്യത്തിൽ വീട്ടുകാർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല..

ശ്രീജിത്ത് പഠിപ്പിക്കുന്ന കോളേജിലെ സ്റ്റുഡന്റ് ആണ് മഞ്ജിമ അയാളുടെ ഡിപ്പാർട്ട്മെന്റ് അല്ല എങ്കിലും കോളേജിൽനിന്ന് കണ്ട് ഇഷ്ടപ്പെട്ടതാണ്…

ആളെ വിട്ട് അന്വേഷിപ്പിച്ചു മഞ്ജിമയുടെ കാര്യങ്ങൾ അവളുടെത് ഒരു യാഥാസ്ഥിതിക കുടുംബമാണ് എന്നും പെട്ടെന്ന് തന്നെ അവളുടെ വിവാഹം ഉണ്ടാകും എന്നൊക്കെ അറിഞ്ഞപ്പോൾ ശ്രീജിത്ത് ശരിക്കും പേടിച്ചുപോയി….

കാരണം അവളെ നഷ്ടപ്പെടുത്തുക എന്നത് അയാളെ കൊണ്ട് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു… അതുകൊണ്ടാണ് വീട്ടുകാരെ നിർബന്ധിച്ചു ഒരു വിവാഹാലോചനയുമായി അവളുടെ വീട്ടിലേക്ക് ചെന്നത്….

സുമുഖനായ ഒരു ചെറുപ്പക്കാരൻ നല്ല വിദ്യാഭ്യാസവും പോരാത്തതിന് നല്ല ജോലിയും മഞ്ജിമയുടെ വീട്ടുകാർക്ക് അതിൽ ആക്ഷേപം ഒന്നും ഉണ്ടായിരുന്നില്ല.
വിവാഹം എത്രയും പെട്ടെന്ന് നടത്താം എന്ന് അവർ പറഞ്ഞു…

പക്ഷേ അപ്പോഴും ഒരു പ്രശ്നമുണ്ട് ശ്രീജിത്തിന്റെ അനിയത്തിയാണ് ശ്രീപ്രിയ..

നാട്ടുനടപ്പ് പ്രകാരം പെൺകുട്ടിയെ ആദ്യം വിവാഹം കഴിപ്പിച്ച അയക്കുന്നതാണ് അതുകൊണ്ട് സ്ത്രീയുടെ വിവാഹം എവിടെനിന്നെങ്കിലും ശരിയാക്കുന്നത് വരെ കാത്തിരിക്കാൻ അവരോട് പറഞ്ഞു..

ശ്രീജിത്തിന് പെണ്ണന്വേഷിച്ചു വന്നപ്പോൾ ശ്രീപ്രിയയും വന്നിരുന്നു മഞ്ജിമയുടെ അച്ഛനും അമ്മയ്ക്കും ആ കുട്ടിയെ ഒറ്റനോട്ടത്തിൽ തന്നെ ബോധിച്ചു..

നല്ല അടക്കവും ഒതുക്കവുമുള്ള സുന്ദരിക്കുട്ടി അതുകൊണ്ടാണ് അവർക്ക് ഉള്ളിൽ മറ്റൊരു ചിന്ത ഉണർന്നത് മഞ്ജിമയുടെ ചേട്ടൻ ഉണ്ട് മഹേഷ്‌.. ആള് മിലിറ്ററി സർവീസ് ആണ്..

ആൾക്കും പെട്ടെന്ന് തന്നെ ഒരു പെണ്ണ് ശരിയാവുകയാണെങ്കിൽ ഇവരുടെ കൂടെ കല്യാണം കഴിപ്പിക്കാം എന്ന് ഓർത്തിരിക്കുമ്പോഴാണ് ശ്രീപ്രിയയെ കാണുന്നത്..

അവളുടെ അച്ഛനും അമ്മയും കൂടി ശ്രീജിത്തിന്റെ വീട്ടിലേക്ക് ഒരു ദിവസം ഒരു സൗഹൃദ സന്ദർശനം പോലെ ചെന്നു. അവർക്ക് പറയാൻ ഒരു മടിയുണ്ടായിരുന്നു അവരെങ്ങനെ എടുക്കും എന്ന് അറിയില്ലല്ലോ ഒന്ന് മടിച്ചിട്ട് ആണെങ്കിൽ കൂടി കാര്യം പറഞ്ഞു…

അവർക്കും പ്രത്യേകിച്ച് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല ഗവൺമെന്റ് ജോലി ആണല്ലോ.. രണ്ടുപേരുടെയും നിശ്ചയം ഒരുമിച്ച് കഴിക്കാം എന്ന് പറഞ്ഞു മഹേഷിനെ ലീവ് കിട്ടുന്നത് വരെ കാത്തിരുന്നു.. അയാൾ എത്തിയപ്പോൾ അവർ രണ്ട് കൂട്ടരുടെയും മോതിരം മാറ്റം കഴിച്ചു…

അധികം താമസിപ്പിക്കാതെ വിവാഹവും..

ശ്രീജിത്ത്‌ ഒരു ശാന്ത സ്വഭാവക്കാരൻ ആയിരുന്നു. അതുകൊണ്ടുതന്നെ മഞ്ജുമയ്ക്ക് വിവാഹശേഷം വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല…

പക്ഷേ ശ്രീപ്രിയയുടെ കാര്യം അങ്ങനെ ആയിരുന്നില്ല മഹേഷിന് പെട്ടെന്ന് ദേഷ്യം വരുമായിരുന്നു. എന്തെങ്കിലും ചെറിയ കാര്യങ്ങൾക്ക് തന്നെ അയാൾ നന്നായി ദേഷ്യപ്പെടും…

ഏറെ കൊഞ്ചിച്ചു വളർത്തിയത് കൊണ്ട് തന്നെ ശ്രീപ്രിയയ്ക്ക് അതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.. മഹേഷ്‌ ചെറുതായി ഒന്ന് ദേഷ്യപ്പെടുമ്പോൾ തന്നെ അവൾക്ക് ആകെ ഭയവും സങ്കടവും ഒക്കെ ആയിരുന്നു…

പലപ്പോഴും മഹേഷ് പറഞ്ഞിരുന്നു അറിയാതെ ദേഷ്യപ്പെടുന്നതാണ് നീ ക്ഷമിക്കണം എന്ന്…
ആ ദേഷ്യം പെട്ടെന്ന് മാറിയാൽ പിന്നെ താൻ ഒക്കെ ആണെന്ന്.. ഇത്തിരി പ്രഷർ ഇല്ലാത്ത ആരാ ഉള്ളത് എന്ന്…

അപ്പോഴൊക്കെ അത് ശരി വച്ചു പിന്നെയും അവൾ പഴയപടി തന്നെ ആവാൻ തുടങ്ങി..
മഹേഷ് എന്തെങ്കിലും ചെറിയ കാര്യത്തിന് ദേഷ്യപ്പെടുമ്പോഴേക്കും അവൾ അത് കുത്തിപ്പൊക്കി വലിയ കാര്യമാക്കി..

ശ്രീജിത്തും മഞ്ജിമയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് മുറിവിട്ട് പുറത്തേക്ക് പോകുമായിരുന്നില്ല മഞ്ജിമ അത് അത്രയും വിദഗ്ധമായി കൈകാര്യം ചെയ്തിരുന്നു…

പക്ഷേ ശ്രീ പ്രിയയുടെ കാര്യം അങ്ങനെ ആയിരുന്നില്ല അവൾക്ക് എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അവളത് വീട്ടുകാരെല്ലാം ഉൾപ്പെടുത്തി അവരോടെല്ലാം തുറന്നു പറഞ്ഞു അങ്ങനെ വലിയൊരു പ്രശ്നമാക്കി തീർക്കുമായിരുന്നു….

പലപ്പോഴും മഞ്ജിമ ശ്രീപ്രിയ ഉപദേശിക്കാൻ മെനക്കെട്ടിട്ടുണ്ട് പക്ഷേ ശ്രീപ്രിയ അതൊന്നും ചെവിക്കൊണ്ടില്ല അവളെ സംബന്ധിച്ച് ഭർത്താവ് ചീത്ത പറയാത്ത എപ്പോഴും അവളെ കൊഞ്ചിപ്പിച്ചുകൊണ്ട് നടക്കുന്ന ഒരാളാവണം എന്നായിരുന്നു…

ഇത് ജീവിതമാണ് എല്ലായിപ്പോഴും ഒരാൾക്ക് സന്തോഷപൂർവ്വവും സമാധാനപൂർവ്വവും പെരുമാറാൻ കഴിയില്ല എന്നൊക്കെ മഞ്ജിമ അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു പക്ഷേ പ്രായത്തിന്റെ പക്വത പോലും അവൾ കാണിച്ചില്ല….

ഒരിക്കൽ എന്തോ ഒരു കാര്യം മഹേഷ് പറഞ്ഞത് അവൾ വലിയ പ്രശ്നമാക്കി എടുത്തു.. വീട്ടുകാരോട് വിളിച്ചുപറഞ്ഞു അത് വലിയ പ്രശ്നമായി അവരെല്ലാം കൂടി മഹേഷിനെ ചോദ്യം ചെയ്തു. മഹേഷിനെ കൊണ്ട് അതൊന്നും സഹിക്കാൻ പറ്റിയില്ല..

അയാൾ ശ്രീപ്രിയയെ അടിച്ചു അത് മതിയായിരുന്നു അവൾക്ക് പിണങ്ങി വീട്ടിലേക്ക് പോകാൻ…

പിണങ്ങി വീട്ടിൽ വന്ന തന്റെ മകളെ കണ്ട് അവളുടെ മാതാപിതാക്കൾക്ക് വല്ലാതായി…

പിന്നെ കുറ്റം മുഴുവൻ മഞ്ജിമയ്ക്ക് ആയിരുന്നു നിന്റെ വീട്ടുകാർ അങ്ങനെ ആയതുകൊണ്ടാണ് അവൾക്ക് ഇങ്ങനെയൊരു ഗതി വന്നത് എന്നൊക്കെ പറഞ്ഞു വെറുതെ പ്രശ്നമുണ്ടാക്കാൻ തുടങ്ങി…

ഇതുപോലൊരു മാറ്റ കല്യാണത്തിന്റെ പ്രശ്നങ്ങൾ അവൾ അനുഭവിച്ചറിയുകയായിരുന്നു….

തങ്ങളുടെ ജീവിതത്തിൽ യാതൊരു പ്രശ്നവും ഇല്ലെങ്കിൽ പോലും മറ്റൊരാളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ തങ്ങളെ ബാധിക്കുന്നത് അവൾ മനസ്സിലാക്കുകയായിരുന്നു…

ശ്രീജിത്തിനോട് മഞ്ജിമയെ അവളുടെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കാൻ അവന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു..

അയാൾ പറഞ്ഞതുപോലെ തന്നെ അവളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി..
ഒപ്പം ശ്രീജിത്ത്‌ അവന്റെ അച്ഛനെയും അമ്മയെയും കൂട്ടി…

ആരുടെയോ കുറ്റങ്ങൾ കൊണ്ട് ഒരു പ്രശ്നങ്ങളും ഇല്ലാത്ത തന്റെ ജീവിതത്തിൽ ഓരോന്ന് ഉണ്ടാകുന്നത് സങ്കടത്തോടെ മഞ്ജിമ കണ്ടു അവൾ ഒന്നും പറഞ്ഞില്ല…

മറ്റുള്ളോർക്ക് വേണ്ടി തന്നെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കുകയാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ എന്ന് കരുതി മിണ്ടാതിരുന്നു…

അവിടെ എത്തിയതും ശ്രീജിത്തിന്റെ അച്ഛനും അമ്മയും മഹേഷിനെ എന്തൊക്കെയോ പറയാൻ വേണ്ടി തുടങ്ങി ഒന്നും മിണ്ടരുത് താൻ പറഞ്ഞോളാം എന്ന് പറഞ്ഞ് ശ്രീജിത്ത് അവരെ വിലക്കി..

അതിനുശേഷം മഹേഷിനെ വിളിച്ച് സംസാരിച്ചു..

“” നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം എന്നൊന്നും എനിക്കറിയില്ല പക്ഷേ അളിയൻ എന്റെ പെങ്ങളെ തല്ലിയത് ശരിയായില്ല..

എന്തൊക്കെ തന്നെയായാലും പെണ്ണുങ്ങളെ തല്ലുന്നത് അത്ര വലിയ കേമത്തം അല്ല… പിന്നെ നിങ്ങൾ തമ്മിലുള്ള പ്രശ്നത്തിന് എന്റെ അച്ഛനും അമ്മയും പറയുന്നത് എന്റെ ഭാര്യയെ ഇവിടെ കൊണ്ടുവന്ന് നിർത്തണം എന്നാണ്..

അതിനുകൂടി ഒരു തീരുമാനം ഉണ്ടാക്കാനാണ് ഞാനിപ്പോൾ വന്നത്.. നിങ്ങൾ തമ്മിൽ ഇനിയും പ്രശ്നങ്ങളുണ്ടാകും അപ്പോഴൊക്കെയും ഞാൻ എന്റെ ഭാര്യയെ ഇവിടെ കൊണ്ടുവന്ന് വിടണം എന്ന് പറഞ്ഞാൽ അത് എനിക്ക് ബുദ്ധിമുട്ടാണ്…

തന്നെയുമല്ല ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് പോകുന്നുണ്ട്..

ഞാൻ അത് ശ്രദ്ധിച്ചാൽ പോരെ നിങ്ങളുടെ ജീവിതം കണ്ട് എന്റെ ജീവിതം അതുപോലെ ആക്കണം എന്ന് പറയുന്നതിലെ യുക്തി എനിക്ക് മനസ്സിലായില്ല…

അതുകൊണ്ട് സ്വന്തം മകളുടെ കാര്യം എന്തൊക്കെയാണെന്ന് വെച്ചാൽ അച്ഛനും അമ്മയ്ക്കും ഇപ്പോൾ തീരുമാനിക്കാം പക്ഷേ അതൊരിക്കലും എന്റെ ജീവിതത്തെ ബാധിക്കില്ല…

ഓരോരുത്തരോടും തനിയെ പറയുന്നതിന് പകരം എല്ലാവരോടും കൂടി ഒന്നിച്ചു പറയാം എന്ന് കരുതി ആണ് വന്നത്..

ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നു..
മഹേഷിന്റെയും ശ്രീപ്രിയയുടെയും പ്രശ്നം അവർ സംസാരിച്ചു ഒത്തു തീർപ്പാക്കി…

അവളെ തിരികെ കൊണ്ട് വന്നു..

പിന്നെയും അവർ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു പക്ഷേ അതൊന്നും ശ്രീജിത്തിനെയോ മഞ്ജിമയെയോ ബാധിച്ചില്ല..

അവരോട് പിന്നെ ആരും ഒന്നും പറഞ്ഞതും ഇല്ല..
എല്ലാം നേരത്തിനു ശ്രീജിത്ത്‌ എടുത്ത നിലപാട് കൊണ്ട് മാത്രം ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *