നീ വല്യച്ഛനെ പോലും മയക്കാൻ നോക്കിയവളല്ലെടീ എന്ന്.. അയാൾ നീ ശരി അല്ല എന്ന് അന്നേ പറഞ്ഞിട്ടുണ്ട് എന്ന്…

(രചന: J. K)

“ഒന്ന് പോയി തന്നൂടെ ടീ എന്റെ ജീവിതത്തിൽ നിന്ന് ” രേഷ്മയുടെ മുടിക്കെട്ടിൽ കുത്തിപ്പിടിച്ച് അയാൾ അത് ചോദിക്കുമ്പോൾ വേദനകൊണ്ട് പുളഞ്ഞിരുന്നു ആ പെണ്ണ്…

സ്വന്തം വേദനയെക്കാൾ എല്ലാം കണ്ട് പേടിച്ച് ഇരിക്കുന്ന രണ്ടു കുഞ്ഞു കണ്ണുകളെ ഓർത്തായിരുന്നു അവളുടെ ഭയം മുഴുവൻ…

അച്ഛന്റെ പേക്കൂത്ത് മുഴുവൻ കാണാൻ വിധിച്ചവർ… അവളുടെ മിഴികൾ നിറഞ്ഞൊഴുകി.. അയാൾക്ക് മതിയാവോളം അവളെ ഉപദ്രവിച്ച് അയാൾ ആ മുറി വിട്ട് പുറത്തേക്ക് പോകുമ്പോൾ… ഓടി ചെന്നു അവൾ തന്റെ കുഞ്ഞുങ്ങളുടെ അടുത്തേക്ക്…

പേടിച്ച് കരയാൻ പോലും ഭയന്ന് അവർ രണ്ടുപേരും പൂച്ച കുഞ്ഞുങ്ങളെ പോലെ ഒരു മൂലയിൽ ഒതുങ്ങി ഇരിക്കുന്നുണ്ടായിരുന്നു….

രണ്ടുപേരെയും മാറോട് ചേർക്കുമ്പോൾ ആ അമ്മ മനസ്സ് വല്ലാതെ തേങ്ങി… ജീവിതം ഇങ്ങനെയൊക്കെ ആവാൻ തുടങ്ങിയിട്ട് വർഷം നാലായി…

സഹിക്കുക എന്നല്ലാതെ വേറൊന്നും അവൾക്ക് അറിയില്ലായിരുന്നു..

മെല്ലെ മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മനസ്സിലായി അയാൾ ഫ്ലാറ്റ് വിട്ട് പുറത്തേക്ക് പോയിട്ടുണ്ട് എന്ന് അടുക്കളയിൽ നിന്ന് ഇത്തിരി ചോറ് എടുത്തുകൊണ്ടുവന്ന് രണ്ടുപേർക്കും കൂടെ വായിൽ വച്ചു കൊടുത്തു പാവങ്ങൾ കഴിച്ചു കിടന്നുറങ്ങി….

അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല..
കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് അവരുടെ ഓരം ചേർന്ന് കിടന്നു… മിഴി നിറഞ്ഞൊഴുകി ഇതിങ്ങനെ തോരാതെ ആയിട്ട് നാളുകളേറെ ആയിട്ടുണ്ട്….

ഓർമ്മകൾ വർഷങ്ങൾ മുന്നിലേക്ക് പോയി..
അച്ഛനെയും അമ്മയെയും വളരെ ചെറുപ്പത്തിൽതന്നെ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു അതുകൊണ്ട് തന്നെ ബാല്യവും കൗമാരവും ഒന്നും അത്ര സുഖകരമായിരുന്നില്ല രേഷ്മയുടെ……

വളർന്നത് മുഴുവൻ അച്ഛന്റെ പെങ്ങളുടെ വീട്ടിൽ ആയിരുന്നു അവരുടെ ഭർത്താവ് ദുബായിലായിരുന്നു….

അയാൾ തിരിച്ചു വരുമ്പോൾ പേടിച്ചാണ് അവിടെ കഴിഞ്ഞിരുന്നത് ആദ്യമൊന്നും വലിയ കുഴപ്പം ഉണ്ടായിരുന്നില്ല പിന്നീട് വലുതാവും തോറും അയാൾക്ക് തന്നോടുള്ള പെരുമാറ്റത്തിൽ എന്തൊക്കെയോ വ്യത്യാസങ്ങൾ….

ആവശ്യത്തിൽ കൂടുതൽ സ്നേഹപ്രകടനങ്ങൾ… മറ്റെല്ലാവർക്കും അത് വാത്സല്യം സ്നേഹം എന്നൊക്കെ തോന്നുമ്പോൾ തനിക്ക് എന്തോ അതിൽ ഒരു പന്തികേട് തോന്നിയിരുന്നു…

അനാവശ്യ സ്പർശനങ്ങൾ തിരിച്ചറിയാൻ സ്ത്രീകൾക്ക് മാത്രം ഉള്ള കഴിവ്….

മറ്റുള്ളവർ പറയുന്നത് തന്നെ വിശ്വസിക്കാൻ ശ്രമിച്ചു അയാൾക്ക് തന്നോട് വാൽസല്യം ആകും എന്ന് ഒരു മകളോട് എന്ന പോലെ സ്നേഹം ആകുമെന്ന്…. പക്ഷേ വലിയമ്മ വീട്ടിലില്ലാത്ത സമയത്ത് മനസിലാക്കിയിരുന്നു അയാളുടെ ഉള്ളിൽ ഒരു ചെകുത്താൻ ഉണ്ടെന്ന്…

സ്നേഹത്തിന്റെ പേരുപറഞ്ഞ് ശരീരത്തിൽ അനാവശ്യ സ്ഥലത്തൊക്കെ സ്പർശിക്കും…
അത് കൂടി വന്നപ്പോൾ, അയാളിൽനിന്ന് ഒളിച്ചു നടക്കാൻ തുടങ്ങി വലിയമ്മ വീട്ടിലില്ലാത്ത സമയം അപ്പുറത്തോട്ടോ ഇപ്പുറതൊട്ടോ രക്ഷപ്പെട്ടു തുടങ്ങി…

അയാളുടെ മോഹം നടക്കില്ല എന്ന് അറിഞ്ഞതും അയാൾ എന്നെ ശത്രുവായി കാണാൻ തുടങ്ങി ..
… അയാൾ പലതും പറഞ്ഞ് വലിയമ്മയെ എന്നിൽ നിന്നും അകറ്റി..

പതിയെ വലിയമ്മ കുത്തുവാക്കുകൾ പറഞ്ഞു തുടങ്ങി..

അവിടെ നിൽക്കാനാവില്ല എന്ന ഘട്ടം വന്നപ്പോഴാണ് എന്നോട് പ്രണയവും പറഞ്ഞ് വന്ന കുടുംബത്തിലെ അകന്ന ഒരു ബന്ധുവിനെ കല്യാണം കഴിക്കേണ്ടി വന്നത്…. ഷിജു ഏട്ടനോട് പ്രണയം ഒന്നും ആയിരുന്നില്ല…

ആർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല….

ഷിജു ഏട്ടനെ പറ്റി അന്വേഷിക്കാനോ ആയാളുടെ സ്വഭാവം അറിയാനോ പോലും ആരും ശ്രമിച്ചില്ല… ഞാൻ പോലും എന്ന് പറയുന്നതാവും ശരി… ബാംഗ്ലൂർ എന്തോ ഒരു ജോലി ആണ് എന്ന് മാത്രം അറിയാം…

ഇവിടെ നിന്നും രക്ഷപ്പെട്ടു പോകാമല്ലോ എന്ന് മാത്രമാണ് ഞാൻ കരുതിയത് പക്ഷെ പോകുന്നതിനു മുമ്പ് അയാൾക്ക് വലിയച്ചൻ തന്നെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു കൊടുത്തിരുന്നു…..

എന്താണ് എന്ന് ചോദിച്ചപ്പോൾ ഷിജു ഏട്ടൻ പറഞ്ഞതുമില്ല… ഞാനും പിന്നെ അതത്ര കാര്യമാക്കിയില്ല.. ആദ്യം ഒന്ന് രണ്ട് വർഷം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോയി ഇതിനിടയിൽ ഗർഭം ധരിച്ചു…

ഇരട്ടകുഞ്ഞുങ്ങൾ ആയിരുന്നു രണ്ട് ആൺകുട്ടികൾ… അവരെ പ്രസവിച്ചതോടെ യാണ് പ്രശ്നങ്ങൾ ആരംഭിച്ചത്… ഷിജു ഏട്ടൻ കറുത്തിട്ടായിരുന്നു.. ഞാനും നിറം കുറവ്..

പക്ഷേ കുഞ്ഞുങ്ങൾ രണ്ടും നല്ല നിറം ഉണ്ടായിരുന്നു… അതിന്റെ പേരും പറഞ്ഞായിരുന്നു പ്രശ്നം മുഴുവൻ കുഞ്ഞുങ്ങൾ അയാളുടേത് അല്ല എന്ന്….

എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ പറയും, നീ വല്യച്ഛനെ പോലും മയക്കാൻ നോക്കിയവളല്ലെടീ എന്ന്.. അയാൾ നീ ശരി അല്ല എന്ന് അന്നേ പറഞ്ഞിട്ടുണ്ട് എന്ന്…

ആദ്യമൊന്നും ദേഹോപദ്രവം ഉണ്ടായിരുന്നില്ല… പിന്നീട് അതും തുടങ്ങി.. കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അടിക്കുന്നത് ആയിരുന്നു എനിക്ക് സഹിക്കാൻ പറ്റാത്തത്.. അതുങ്ങൾ പേടിച്ച് കരയാൻ തുടങ്ങും…

അടുത്ത ഫ്ലാറ്റിൽ ഉള്ളവരോട് ആരോടും മിണ്ടുന്നത് അയാൾക്ക് ഇഷ്ടമല്ല… അതുകൊണ്ടുതന്നെ ആരുമായും ഞാൻ യാതൊരുവിധ കോൺടാക്ടും വച്ചില്ല..

അയാൾ ഇടയ്ക്ക് കുടിയും തുടങ്ങിയിരുന്നു.. ചില സമയങ്ങളിൽ ശരിക്കും ഭ്രാന്തൻ ആയിരുന്നു അയാൾ.. കുഞ്ഞുങ്ങളെപ്പോലും ചെറിയ കാര്യത്തിന് വല്ലാതെ ഉപദ്രവിക്കും.. അത് പക്ഷെ ഞാൻ കണ്ടു കൊണ്ടിരിക്കില്ലായിരുന്നു..

പിന്നെ എന്നോട് ആവും…

ഒരിക്കൽ അടുത്ത ഫ്ലാറ്റിലെ ചേട്ടൻ എല്ലാം കണ്ടു പോലീസിൽ വിവരമറിയിച്ചു അവർ വന്ന ഷിജു ഏട്ടനെ പിടിച്ചുകൊണ്ടുപോയി…
അവിടെ നിന്നും വാണിംഗ് ഒക്കെ കൊടുത്ത് വിട്ടു…

പക്ഷെ വീട്ടിൽ എത്തിയപ്പോൾ എന്നെ വീടിനു പുറത്താക്കി ഫ്ലാറ്റ് പൂട്ടി എങ്ങോട്ടൊ പോയി….
പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ ഞാൻ ഫ്ലാറ്റിനു മുന്നിൽ നിന്നു…

അപ്പുറത്തെ വീട്ടിലെ ചേട്ടൻ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അയാൾ ആരെയോ ഫോൺ ചെയ്യുന്നത് കേട്ടു… കുറച്ചു കഴിഞ്ഞപ്പോൾ മദ്യവയസ്കയായ ഒരു സ്ത്രീ വന്നു….

അവർക്ക് മലയാളം അറിയാമായിരുന്നു..
നാട്ടിൽ എവിടേക്കാണ് പോകേണ്ടത് അങ്ങോട്ട് എത്തിച്ചു തരാം എന്ന് അവർ പറഞ്ഞു …

അവിടെ പറയത്തക്ക ആരുമില്ല എന്ന് പറഞ്ഞപ്പോൾ, അവിടെയുള്ള അനാഥർ താമസിക്കുന്ന ഒരു റസ്ക്യൂ ഹോമിലേക്ക് ഞങ്ങളെ മാറ്റി…

കുറെ വലിയ നല്ല മനുഷ്യരുടെ സന്മനസ്സ് ഉണ്ടായിരുന്നു അത് നടന്നു പോയിരുന്നത്…

ആ വന്ന സ്ത്രീ അവിടെ വന്ന ഒരാളോട് സംസാരിച്ചു…

ബികോം വരെ പഠിച്ചിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ എനിക്ക് ജോലി തരാൻ അവർ തയ്യാറായി.. കുഞ്ഞുങ്ങളെ അവിടെ നിർത്തി എനിക്ക് ജോലിക്ക് പോകാമായിരുന്നു… അന്ന് ഞാൻ ആദ്യമായി സ്വാതന്ത്ര്യത്തിന്റെ മധുരം അനുഭവിച്ചു..

ആദ്യത്തെ ശമ്പളം വാങ്ങിയപ്പോൾ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അനാഥമന്ദിരത്തിൽ ഞങ്ങൾക്ക് പ്രത്യേകിച്ച് ചെലവ് ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ആ ചേച്ചി ആ പൈസ എല്ലാം കുഞ്ഞുങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ പറഞ്ഞു…

അവർ പറഞ്ഞ പോലെ ചെയ്തു.. കുഞ്ഞുങ്ങൾ ഇത്തിരി വലുതായപ്പോൾ വേറെ വീട് എടുത്ത് മാറാനും അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും ആ പണം ഞങ്ങളെ തുണച്ചു… ഇന്ന് ജീവിതം മനോഹരമാണ് എന്റെ കുഞ്ഞുങ്ങളോടൊപ്പം…..

Leave a Reply

Your email address will not be published. Required fields are marked *