വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടു മുറ്റത്ത് ഒരു ബോധവുമില്ലാതെ കിടക്കുന്ന അയാളെ… എന്റെ ഭർത്താവ് എന്ന സ്ഥാനത്തിന് ഉടമയെ..

(രചന: J. K)

രണ്ട് വീട്ടിൽ ജോലി ചെയ്യുന്നുണ്ട് വിദ്യ.. അവിടുത്തെ രണ്ടു വീട്ടിലെയും ജോലികഴിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തിയതായിരുന്നു അവൾ..

ആകെ കൂടിയുള്ള നാല് സെന്റിൽ ഒരു കുഞ്ഞു കൂര പണിതിട്ടിട്ടുണ്ട് പഞ്ചായത്തിൽ നിന്ന് സഹായം ലഭിച്ചു ബാക്കി കയ്യിലുള്ള സ്വർണവും മറ്റും വിറ്റു പെറുക്കി ആണ് ഒപ്പിച്ചത്…

ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് കിട്ടുന്നതും മറ്റുമായി ഒരു ചിട്ടിയിൽ ചേർന്നിരുന്നു പിന്നെ കുടുംബശ്രീയിൽ നിന്നും ലോണെടുത്തു അങ്ങനെ ഒരു വിധം നിലം പണിയും തേപ്പും കഴിച്ചു…

ഉമ്മറത്തെയും പിറകുവശത്തെയും വാതിൽ കൂടി പിടിപ്പിക്കണം അതിനായി കുറച്ചു പണം ജോലിക്ക് നിൽക്കുന്ന വീട്ടിലെ അമ്മയോട് കടം മേടിച്ചു വച്ചിട്ടുണ്ട് ഇന്ന് പണി കഴിഞ്ഞു കൊണ്ടുവന്ന് ഫിറ്റ് ചെയ്യാം എന്നാണ് പറഞ്ഞിരുന്നത് അതുകൊണ്ടാണ് ഓടി വന്നത്…

നാളെ ഒരു ചെറിയ ഗണപതിഹോമവും കൂടി കഴിച്ച് കേറി ഇരിക്കണം എന്നാണ് മോഹം…

മൂന്നാലു വർഷം കൊണ്ട് പണിയുന്ന വീടാണ് ഇനിയും നോക്കിയിരുന്നാൽ ശരിയാവില്ല മൂത്ത കുഞ്ഞിന് പ്രായം തികഞ്ഞു ഈ കാലം നല്ലതല്ല അതുകൊണ്ടുതന്നെ ഇനിയും ടാർപ്പായ കെട്ടിയ വീട്ടിൽ അതുങ്ങളെ കിടത്താൻ പറ്റില്ല…

അതുകൊണ്ട് കൂടിയാണ് വീട് പണി ഇപ്പോ എടുപിടി എന്ന് നോക്കിയത്.. വർഷങ്ങളായി ഉള്ള മോഹമാണ് അടച്ചുറപ്പുള്ള ഒരു വീട്ടിൽ കിടക്കുക എന്നത് അത് സഫലമാക്കാൻ പോകുന്നതിന്റെ സന്തോഷത്തിലും കൂടിയാണ് ഇപ്പോൾ..

വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടു മുറ്റത്ത് ഒരു ബോധവുമില്ലാതെ കിടക്കുന്ന അയാളെ…
എന്റെ ഭർത്താവ് എന്ന സ്ഥാനത്തിന് ഉടമയെ..
മൂന്ന് മക്കളെ തന്നു എന്നല്ലാതെ അയാൾ തങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ല…

കുടിച്ച് ബോധമില്ലാതെ കിടക്കുകയാണ്. എന്തൊക്കെയോ വൃത്തികേട് വിളിച്ചുപറയുന്നുമുണ്ട്…

ഇത് സ്ഥിരം കാഴ്ചയായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല പക്ഷേ എന്തോ ഒരു സംശയം തോന്നി വേഗം പൈസ വച്ചിരിക്കുന്ന സ്ഥലത്തേക്ക് പോയി നോക്കി.. അതെ ദ്രോഹി, ഞാൻ കൂട്ടിവെച്ച പൈസ എടുത്തിട്ടാണ് കുടിച്ച് അവിടെ കിടന്ന് ബോധമില്ലാതെ ഓരോന്ന് പറയുന്നത്…

വാതിൽ കൊണ്ടുവന്ന് വെക്കാൻ ഇപ്പോൾ ആളു വരും അവരോട് എന്ത് പറയും..
ഓർത്തപ്പോൾ ആകെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി കുറേനേരം ഇരുന്നു കരഞ്ഞു…

ചില നേരങ്ങളിൽ നമ്മൾ അത്രയും നിസ്സഹായരാവാറില്ലേ ഒന്നും ചെയ്യാനില്ലാത്ത വിധം… ആ ഒരു അവസ്ഥയാണ് ഇപ്പോൾ എനിക്ക്…

കാണാൻ അത്ര വലിയ ഭംഗി ഒന്നും ഉണ്ടായിരുന്നില്ല തന്നെ പല്ലും ഒരല്പം പൊന്തിയിട്ടാണ്.. അതുകൊണ്ടുതന്നെ, വരുന്ന വിവാഹ ആലോചനകൾ എല്ലാം മുടങ്ങി പോവുകയാണ് പതിവ്. അങ്ങനെയാണ് ഇയാളുടെ ആലോചന വന്നത്…

പേര് സതീഷ് കാണാൻ നല്ല ഭംഗിയുള്ള ഒരാൾ.. എല്ലാവർക്കും അത്ഭുതമായിരുന്നു അയാൾക്ക് എങ്ങനെ എന്നെ ഇഷ്ടപ്പെട്ടു എന്നത് എനിക്കും..

വിവാഹ കമ്പോളത്തിൽ ഭംഗി ഇല്ലാത്തതിന് എപ്പോഴും വിലകുറവായിരിക്കുമല്ലോ അത് എപ്പോഴും ചവിട്ടി താഴ്ത്തപ്പെടുകയും ചെയ്യും..

വലിയ പഠിപ്പോന്നും ഇല്ലെങ്കിലും എന്തെങ്കിലും തൊഴിൽ ചെയ്ത് സ്വന്തം കാലിൽ നിൽക്കാമെന്ന് നല്ല മനസുറപ്പുണ്ടായിരുന്നു അതുകൊണ്ട് തന്നെ ആരുടെയും കാലു പിടിക്കില്ല ഇനി അങ്ങോട്ട് ജീവിക്കാനും എന്ന് മനസ്സിൽ കരുതിയിരുന്നു അപ്പോഴാണ് ഈ വിവാഹാലോചന…

ഇത്ര നല്ല ഭംഗിയുള്ള ഒരാൾ എന്തുകൊണ്ട് എന്നെപ്പോലെ ഒരാളെ തിരഞ്ഞെടുത്തു എന്നതിൽ സംശയമുണ്ടായിരുന്നതുകൊണ്ട് അമ്മയും അയാളുടെ വീടിന് അരികിൽ എല്ലാം പോയി അന്വേഷിച്ചിരുന്നു പുതിയ താമസക്കാരായതുകൊണ്ട് ആർക്കും അവരെ പറ്റി വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല…

എങ്കിലും ഇത്രയും കാലം കൊണ്ട് അയാളെ പറ്റി അറിയാൻ കഴിഞ്ഞത് ജോലിക്ക് പോകും വലിയ കുഴപ്പമൊന്നുമില്ല എന്നതായിരുന്നു..

അച്ഛൻ ചെറുപ്പത്തിലെ മരിച്ചു ഉള്ള അനിയൻ ആണെങ്കിൽ ബുദ്ധിവളർച്ചയും ഇല്ല ആകെക്കൂടി അമ്മയ്ക്ക് എന്റെ ഒരു കാര്യത്തിൽ മാത്രമായിരുന്നു അതുകൊണ്ടുതന്നെ അമ്മ കൂടുതലൊന്നും ചിന്തിക്കാൻ നിൽക്കാതെ എന്നെ അയാളുടെ കയ്യിൽ പിടിച്ചേൽപ്പിച്ചു.

ഞങ്ങളുടെ നാട്ടിലേക്ക് സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും പുതിയ ഒരു ഏർപ്പാട് അല്ലാത്തതുകൊണ്ട് തന്നെ അയാൾ സ്ത്രീധനം ചോദിച്ചതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല…

അമ്മ ഞാൻ ചെറിയ കുട്ടി ആയിരിക്കുമ്പോഴേ ചിട്ടിയിലും മറ്റും ചേർന്ന് എനിക്കായുള്ള ആഭരണങ്ങൾ മുഴുവൻ എടുത്തു വച്ചിരുന്നു പിന്നെ ബാങ്കിൽ എന്റെ പേരിൽ പൈസയും ഇട്ടിരുന്നു അതുകൊണ്ടുതന്നെ കഷ്ടപ്പെടേണ്ടി വന്നില്ല അയാൾ ചോദിച്ച പൈസ തീർത്തു കൊടുക്കാൻ പറ്റി ചോദിച്ചതിലും അപ്പുറവും സ്വർണ്ണവും തരാൻ പറ്റി…

ഒരു ഏട്ടനും രണ്ട് അനിയന്മാരും മൂന്നു പെങ്ങമ്മാരും അടങ്ങുന്ന വലിയൊരു കുടുംബമായിരുന്നു അയാൾക്ക് ഏട്ടനും അനിയന്മാരും വീട്ടിലുണ്ട് പെങ്ങമ്മാരെ മുഴുവൻ കല്യാണം കഴിപ്പിച്ചയച്ചു..

വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അവരുടെ ഉള്ളിൽ ഇരുപ്പ് മനസ്സിലായത് അവരുടെ വീട് ജപ്തിയുടെ വക്കിൽ ആയിരുന്നു അതിനുള്ള പരിഹാരം ആയിരുന്നു അയാളെ കൊണ്ട് വിവാഹം കഴിപ്പിക്കുക എന്നത് ഇതിന്റെയെല്ലാം സൂത്രധാര അയാളുടെ അമ്മയാണെന്നും മനസ്സിലായി.

അമ്മ ആയിരുന്നു അവിടത്തെ അവസാനവാക്ക് അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതും എന്നെ വിവാഹം കഴിച്ചതും അല്ലാതെ അയാൾക്ക് മനസ്സോടെ ഇഷ്ടം ഉണ്ടായിട്ടൊന്നും ആയിരുന്നില്ല…

ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരുതരം ചതി തന്നെയായിരുന്നു അത്… അതെനിക്ക് മനസ്സിലായത് വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അയാൾ കുടിച്ചു വന്നപ്പോഴാണ്..

നിന്നെ എനിക്ക് ഒരു തരത്തിലും ഭാര്യയായി സങ്കൽപ്പിക്കാൻ കഴിയില്ല എന്റെ അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് നിന്റെ കഴുത്തിൽ ഞാൻ താലികെട്ടിയത് എന്റെ എല്ലാ ആവശ്യങ്ങളും കഴിഞ്ഞ് ഞാൻ നിന്നെ ഒഴിവാക്കും എന്നൊക്കെ അയാൾ പുലമ്പുന്നുണ്ടായിരുന്നു.

അക്ഷരാർത്ഥത്തിൽ അത് കേട്ട് ഞാൻ ആകെ തളർന്നു…

അതുതന്നെയായിരുന്നു അവരുടെ ഉദ്ദേശവും അവരുടെ വീട് എങ്ങനെയെങ്കിലും ജപ്തിയിൽ നിന്ന് രക്ഷിച്ചെടുക്കണം അതിനുള്ള ഒരു മാർഗ്ഗം മാത്രമായിരുന്നു ഞാൻ…

ഞാനത് എന്റെ അമ്മയോട് പറഞ്ഞു.. എനിക്ക് മറ്റാരും ഇല്ലല്ലോ പറയാൻ…

അമ്മ ഭയപ്പെട്ടു അവിടെ നിന്നും ചിലരെയെല്ലാം കൂട്ടി ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ വേണ്ടി വന്നു… അന്നേരം സതീഷേട്ടനും അമ്മയും ചേർന്ന് ഒരൊറ്റ അഭിനയം ആയിരുന്നു ഇതൊക്കെ അവളുടെ ഓരോ തോന്നലാണ് എന്നും..

അവളെ ഞങ്ങൾ ഉപേക്ഷിക്കുകയോ അങ്ങനെയൊരു സംഗതിയെ അവർക്ക് അറിയില്ലായിരുന്നു..

എന്തൊക്കെയായാലും അന്ന് അമ്മ മടങ്ങിയത് സമാധാനത്തോടെ ആയിരുന്നു..

അതുകൊണ്ടുതന്നെ ഞാൻ പിന്നെ അമ്മയുടെ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതി കൂടുതലൊന്നിനും നിന്നില്ല..

എന്റെ ഒരു കാര്യവും അയാൾ നോക്കിയിരുന്നു എനിക്ക് വേണ്ടി ഒരു രൂപ പോലും അയാൾ ചെലവാക്കില്ലായിരുന്നു അയാൾ ജോലി ചെയ്യുന്ന പൈസ മുഴുവൻ കുടിച്ചു തീർക്കും..

കുടിച്ചു വരുന്ന ദിവസങ്ങളിൽ അയാൾ എന്നെ കീഴടക്കും പുച്ഛത്തോടെ തന്നെ.. അയാളിൽ എന്നോട് ഒരു തരി പ്രണയം പോലും ഇല്ല എന്ന് മനസ്സിലാക്കി തന്നെ അയാൾക്ക് വഴങ്ങി കൊടുക്കേണ്ടി വരുന്ന എന്റെ ഗതികേട് വല്ലാത്തതായിരുന്നു..

ഇതിനിടയിൽ ഗർഭിണിയുമായി അയാൾ ആശുപത്രിയിലേക്ക് ഒന്നു വരിക പോലും ചെയ്യില്ല.. എന്തിന് മരുന്നു വാങ്ങാൻ പോലും പണം തരില്ല

അമ്മയോട് പറഞ്ഞാലും വലിയ വിശേഷം ഒന്നും ഇല്ല നിന്റെ ഭർത്താവിനോട് ചോദിക്ക് എന്ന് പറയും .

അപ്പോൾ ഞാൻ ഒരു കാര്യം മനസ്സിലാക്കി ഇവരുടെ അടുത്ത് പാവം പോലെ നിന്നിട്ടുണ്ടെങ്കിൽ രക്ഷയില്ല എന്ന് അതുകൊണ്ടുതന്നെ അവിടെ അടുത്ത വീടുകളിൽ ജോലി ചെയ്ത് ഞാൻ എന്റെ കാലിൽ നിൽക്കാൻ ഒരു ശ്രമം നടത്തി…

ആദ്യം വലിയ എതിർപ്പ് കാണിച്ചതെങ്കിലും പറഞ്ഞിട്ട് കാര്യമില്ല എന്നറിഞ്ഞപ്പോൾ എല്ലാവരും മിണ്ടാതെയായി എനിക്ക് ആവശ്യമുള്ള പണം ഞാൻ സമ്പാദിച്ചു തുടങ്ങി..

മൂന്ന് കുട്ടികളെ അയാൾ എനിക്ക് തന്നു.. ആകെക്കൂടി ഭർത്താവ് എന്ന പേരിൽ എനിക്ക് കിട്ടിയത് അത് മാത്രമായിരുന്നു.. ഒരിക്കൽ ഏട്ടനും പെങ്ങമ്മാരും വന്നിരുന്നു ഭാഗം വേണമെന്ന് പറഞ്ഞ്..

അമ്മയ്ക്കും ആലോച്ചപ്പോൾ എല്ലാവരും ഒന്നിച്ചു നിന്ന് വലിയ പ്രശ്നങ്ങളുണ്ടാകുന്നതിനേക്കാൾ നല്ലത് വേറെ വേറെ പോകുന്നതാണെന്ന് തോന്നിയത് കൊണ്ടാവണം ഭാഗിച്ചത് അവിടെ മാത്രം അമ്മ യുക്തിപൂർവ്വം ഒരു കാര്യം ചെയ്തു…

അയാൾക്ക് കൊടുക്കേണ്ടിയിരുന്ന നാല് സെന്റ് എന്റെ പേരിൽ എഴുതിത്തന്നു.. അയാൾ കേസ് കൊടുക്കും വലിയ പ്രശ്നം ഉണ്ടാക്കും എന്നൊക്കെ പറഞ്ഞ് നടന്നിരുന്നു പക്ഷേ ഒന്നും ഉണ്ടായില്ല .

ആ നാല് സെന്റിലാണ് പെടാപ്പാട് പെറ്റ് ഞാൻ ആ വീട് കെട്ടിപ്പൊക്കിയത് അതിൽ ഒരു തരി പോലും അയാളുടെ സമ്പാദ്യം ഇല്ല..

ഞങ്ങൾക്ക് വേണ്ടി ഒരു രൂപ ചെലവാക്കുകയില്ല എന്നതും പോട്ടെ ഉണ്ടാക്കിവെച്ചത് കൂടി നശിപ്പിക്കും ഒരു ജോലിക്കും പോകില്ല വെറും കുടി മാത്രമായി ദ്രോഹങ്ങളും ചെയ്ത് ഇവിടെ ഇങ്ങനെ കൂടും..

ഇത്തവണ പക്ഷേ അയാൾ ചെയ്തത് വല്ലാത്ത ചതിയായിപ്പോയി ഞാൻ വാങ്ങി വച്ചിരുന്ന പൈസ എടുത്തു കൊണ്ട് പോയി കുടിച്ചിരിക്കുന്നു..

പെട്ടെന്ന് നോക്കിയപ്പോൾ കണ്ടു അയാളുടെ പോക്കറ്റിൽ പണം. ഞാൻ കൊണ്ട് വച്ചതാണ്… ഭാഗ്യത്തിന് അതിൽ നിന്നും കുറച്ച് മാത്രമേ ചെലവാക്കിയിട്ടുള്ളൂ എന്ന് തോന്നുന്നു ഞാൻ വേഗം അത് എടുത്തു..

അപ്പോഴേക്കും വാതില് ഫിറ്റ് ചെയ്യാൻ ആളുകൾ വന്നിരുന്നു.. ഉള്ള പൈസ അവർക്ക് കൊടുത്തു ബാക്കി പിന്നെ തരാം എന്ന് പറഞ്ഞു..

അപ്പോഴേക്ക് അയാൾ എണീറ്റ് വന്നിരുന്നു അയാളുടെ പോക്കറ്റിലെ പൈസ കാണാനില്ല എന്ന് പറഞ്ഞ് എന്നെ മർദ്ദിച്ചു… ഞാൻ അധ്വാനിച്ചു കൊണ്ടുവന്ന പൈസ എടുത്ത് അത് ഞാൻ ചെലവാക്കിയതിന് എന്നെ അടിക്കുന്നു അതും ഒരു അത്യാവശ്യ കാര്യത്തിന്..

ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ്.. അടുത്ത വീട്ടിലെ ടീച്ചർ പറഞ്ഞതുപോലെ വനിത കമ്മീഷനിലും പോലീസിലും പരാതി കൊടുക്കാൻ ഞാൻ തീരുമാനിച്ചത്..

ഡൊമസ്റ്റിക് വയലൻസിന് അവർ കേസെടുത്തു അയാളെ അറസ്റ്റ് ചെയ്തു..

ആളുകൾ എന്നെ കുറ്റപ്പെടുത്തി പലതും പറയുന്നുണ്ടായിരുന്നു സ്വന്തം ഭർത്താവിനെ ജയിലിൽ ദ്രോഹി എന്നെല്ലാം പക്ഷേ സത്യാവസ്ഥ എനിക്കറിയാം..

ഒരുതരത്തിലും അയാളെ കൊണ്ട് ജീവിക്കാൻ പറ്റാതെ ആയിട്ടുണ്ട്.. അതുകൊണ്ട് മാത്രമാണ് ഞാൻ കേസ് കൊടുത്തത്..

നാളെ അവിടെ നിന്നും അയാൾ ഇറങ്ങുന്ന വരെയെങ്കിലും എനിക്ക് സമാധാനത്തോടെ ജീവിക്കണം… പിന്നെ വന്നിട്ട് വല്ലാത്ത പ്രശ്നം ഉണ്ടാക്കുമ്പോൾ എന്ത് ചെയ്യണം എന്ന് എനിക്ക് പൂർണ്ണ ബോധ്യവും ഉണ്ട്…

മൂർച്ചയുള്ള ഒരു കോഡുകൾ ഞാനെന്റെ അടുക്കളയിൽ ഇപ്പോൾ സൂക്ഷിക്കുന്നുണ്ട്…. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *