(രചന: J. K)
“”കണ്മണിയുടെ ആളുകൾ “”
എന്ന് ഗവൺമെന്റ് ഹോസ്പിറ്റലിലെ നേഴ്സ് ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിൽ നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു പെട്ടെന്നൊരു ചെറുപ്പക്കാരൻ അങ്ങോട്ടേക്ക് ഓടിവന്നു. അവരോട് പറഞ്ഞു കണ്മണി പ്രസവിച്ചു പെൺകുട്ടിയാണ് എന്ന്…
ഒപ്പം വെള്ള തുണിയിൽ പൊതിഞ്ഞ പഞ്ഞിക്കെട്ടു പോലുള്ള ഒരു കുഞ്ഞിനെ അയാളുടെ കയ്യിലേക്കും വെച്ചുകൊടുത്തു കുഞ്ഞിനെയും കയ്യിൽ വാങ്ങി എന്തുവേണമെന്നറിയാതെ മിഴി നിറച്ച് അയാൾ നിന്നു…
“” കുഞ്ഞിനെ പിടിച്ചോളൂ കണ്മണിയെ എട്ടുമണിക്കൂർ ഒബ്സർവേഷൻ കഴിഞ്ഞ് വാർഡിലേക്ക് മാറ്റിത്തരാം എന്ന് പറഞ്ഞ് അവർ പോയി “”
അയാൾ ആ കുഞ്ഞിനെ നോക്കി കൺമണിയെ പോലെ തന്നെ നിറഞ്ഞ പീലി ഉള്ള വലിയ മിഴികൾ ആണ്.. അത് ഉരുട്ടി മിഴിച്ചു അവിടെയൊക്കെ നോക്കുന്നുണ്ട്…
കുഞ്ഞിനെ കാണുമ്പോൾ പേരറിയാത്ത എന്തോ ഒരു വികാരം അയാളുടെ ഉള്ളിൽ ഉടലെടുക്കുന്നത് അയാൾ അറിഞ്ഞു താൻ ഒരു അച്ഛനായ പോലെ…
ഇടയ്ക്കൊക്കെ നഴ്സുമാർ വന്ന് കുഞ്ഞിന് അയാളുടെ കയ്യിൽ നിന്ന് വാങ്ങിക്കൊണ്ടു പോയി പാലുകുടിപ്പിക്കാൻ ആണ് എന്ന് പറഞ്ഞ്..
പാല് കുടിപ്പിച്ച് വയറുനിറച്ച് അവളെ അയാളുടെ കയ്യിൽ തന്നെ തിരികെ ഏൽപ്പിച്ചു അവർ…
ഇപ്പൊ കയ്യിൽ കിടന്ന് സുഖമായി ഉറങ്ങുന്നുണ്ട് കുറുമ്പി…
അൽപനേരം കഴിഞ്ഞപ്പോൾ നേഴ്സുമാരിൽ ആരോ വന്നിരുന്നു കണ്മണിയുടെ ഡ്രസ്സ് തന്നോളൂ ഇനി റൂമിലേക്ക് മാറ്റുകയാണ് എന്ന് പറഞ്ഞപ്പോൾ അവിടെ വച്ചിരുന്ന കവർ എടുത്ത് അയാൾ അവർക്ക് നേരെ നീട്ടി…
സ്ട്രക്ചറിൽ അവളെ ഉന്തിക്കൊണ്ടുപോയി വാർഡിൽ കിടത്തി.. അപ്പോഴേക്കും അയാൾ കുഞ്ഞിനേ അവളുടെ തൊട്ടരികിൽ കിടത്തി കൊടുത്തു അവൾ ഒന്ന് കണ്ണുയർത്തി അയാളെ നോക്കുന്നത് പോലും ഉണ്ടായിരുന്നില്ല പക്ഷേ അവളുടെ രണ്ടു മിഴികളും ചാലിട്ട് ഒഴുകിയിരുന്നു ഒരു തടസവും ഇല്ലാതെ…
“””ഇനി അണ്ണൻ പൊയ്ക്കോ.. ഒരുപാട് കഷ്ടപ്പെട്ടില്ലേ എനിക്ക് വേണ്ടി ഇനിയും ഞാൻ ബുദ്ധിമുട്ടിച്ചാൽ ദൈവം പോലും എന്നോട് പൊറുക്കില്ല…””
എന്നുപറയുമ്പോഴും അവളുടെ ശബ്ദത്തിൽ ഒരു കരച്ചിലിന്റെ അകമ്പടി ഉണ്ടായിരുന്നു…
“”ഞാൻ പോയിട്ട്?? നീ നിന്റെ മറ്റവനോട് വരാൻ പറഞ്ഞിട്ടുണ്ടോ??””
എന്ന് ദേഷ്യത്തോടെ അയാൾ അവളോട് ചോദിച്ചു അതിനു മറുപടിയൊന്നും പറയാതെ കരച്ചിൽ തുടർന്നു…
അയാളുടെ മിഴി എപ്പോഴും കിടന്നുറങ്ങുന്ന കുറുമ്പിയിലായിരുന്നു അയാൾ നോക്കിനിൽക്കേ തന്നെ അവൾ ഉണർന്നു കരയാൻ തുടങ്ങി ചെറിയ ശബ്ദത്തിൽ അവൾ അങ്ങനെ കരഞ്ഞു തുടങ്ങി…
അത് കണ്ടതും കണ്മണിയിലെ അമ്മ ഉണർന്നു മെല്ലെ അവളെ എടുത്ത് മാരോട് ചേർത്തു അതുകൊണ്ട് അയാൾ അവിടെ നിന്നും പുറത്തേക്ക് നീങ്ങി നിന്നു കൊടുത്തിരുന്നു.
അവളുടെ മിഴികൾ നടന്നു നീങ്ങുന്ന അയാളിൽ തങ്ങി നിന്നിരുന്നു തന്റെ ആരുമല്ല എന്നിട്ടും ഇപ്പോൾ തന്നെ ഇങ്ങനെ ചേർത്തുപിടിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ ആണ് ആർക്കും ശല്യമാവരുത് എന്ന് തന്നെയാണ് മോഹം. പക്ഷേ തന്നെക്കൊണ്ട് ഇപ്പോൾ അതിന് കഴിയുന്നില്ലല്ലോ എന്നോർത്ത് അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു…
ഓർമ്മകൾ ഒരു വർഷം പുറകിലേക്ക് പോയി.. ചെറുപ്പത്തിലെ അമ്മയും അച്ഛനും മരിച്ചതായിരുന്നു… അമ്മയുടെ ഒരു അനിയത്തിയുടെ കൂടെയായിരുന്നു താമസം…
തമിഴ്നാട്ടിലെ തേനിയിൽ ആയിരുന്നു ഇത്രയും നാളും… വീട്ടുകാർ മലയാളികൾ ആയിരുന്നതുകൊണ്ട് വീട്ടിൽ കുറച്ചൊക്കെ മലയാളം സംസാരിക്കും…
ചിറ്റ അത്ര നല്ല ആളൊന്നുമായിരുന്നില്ല പലപ്പോഴും അവരെ തേടി ആണുങ്ങൾ വീട്ടിൽ വന്നു കയറുന്നത് കണ്ടിട്ടുണ്ട്…. ആ വന്നു കയറുന്നവരെല്ലാം എന്നെ നോക്കി പെണ്ണങ്ങു വലുതായല്ലോ എന്നൊക്കെ പറയുന്നതും കേട്ടിട്ടുണ്ട്…
അത് ശരിയല്ല എന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും വരുമ്പോഴേക്കും ആ വീട്ടിൽ നിന്ന് സ്ഥലം കാലിയാക്കും അപ്പുറത്തെ വീട്ടിലെ ഒരു ചേച്ചി അഭയം തന്നിരുന്നു…
ചെറിയമ്മയുടെ മനസ്സിലെ ഉദ്ദേശം വേറെയായിരുന്നു അത് നടക്കില്ല എന്ന് ഞാൻ തീർത്തു തന്നെ പറഞ്ഞു അത് ബോധ്യപ്പെട്ടത് കൊണ്ടാവണം എവിടെനിന്നോ വന്ന് ഒരു ലോറി ഡ്രൈവർക്ക് എന്നെ പിടിച്ചു കൊടുത്തത് എന്റെ ഇരട്ടി പ്രായം ഉണ്ടായിരുന്നു അയാൾക്ക് ഒരു കിഴവൻ…
അതിനു സമ്മാനമായി ചെറിയമ്മയ്ക്ക് കൈ നിറയെ പണവും അയാൾ നൽകിയിരുന്നു എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ രാത്രി അയാൾ വന്ന് എന്നെ ലോറിയിൽ പിടിച്ചു കയറ്റി എങ്ങോട്ടോ കൊണ്ടുപോയി..
തമിഴ്നാട് കേരള ബോർഡറിൽ ആയിരുന്നു അയാളുടെ വീട്.. വീട് എന്നൊന്നും പറയാൻ പറ്റില്ല ഒരു ഇടത്താവളം അവിടെ എന്നെ കൊണ്ട് നിർത്തി…
ആ രാത്രി തന്നെ അയാൾ ശാരീരികമായി എന്നെ കീഴ്പെടുത്തി.. വയസന്റെ കാമ കൂത്തുകൾക്ക് ഞാൻ ഇരയായി..
അയാളുടെ കൂടെയുള്ളതായിരുന്നു ഈ മുരുകണ്ണൻ.. അയാളുടെ കൂടെ ആയതുകൊണ്ട് എനിക്ക് ഇയാളോട് ദേഷ്യമായിരുന്നു…
അയാൾ ലോറിയിൽ പോയാൽ പിന്നെ കുറേ ദിവസം കഴിഞ്ഞിട്ടെ അങ്ങോട്ട് വരൂ… അതുവരെ എനിക്ക് കാവൽ നിൽക്കാൻ അയാളുടെ ഏതോ ഒരു അകന്ന ബന്ധു ഒരു തള്ളയും ഉണ്ടായിരുന്നു…
അവരെന്നെ ഇടം വലം തിരിയാൻ വിടാതെ അവിടെത്തന്നെ പിടിച്ച് നിർത്തി…
അല്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഓടി പോകുമായിരുന്നു..
ഒരുമാസം കഴിഞ്ഞ് കാണും അന്ന് പറഞ്ഞ ദിവസം അയാൾ വന്നില്ല…
പിന്നെ കേട്ടു ലോറി മറിഞ്ഞ് അയാൾ മരിച്ചു എന്ന് എനിക്ക് കേട്ടപ്പോൾ ആശ്വാസമാണ് തോന്നിയത് അത് കേട്ടതും അയാളുടെ ബന്ധു എന്ന് പറഞ്ഞ സ്ത്രീ അവിടെ നിന്നും പോയിരുന്നു ഇനിയും അവിടെ നിന്നാൽ അവർക്കൊന്നും കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട്….
ഞാനെന്തു വേണം എന്ന് എനിക്കറിയില്ലായിരുന്നു.. പഠിപ്പും വിവരവുമില്ല ഇനിയെങ്ങോട്ടെങ്കിലും പോകാം എന്നുവച്ചാൽ അതിന് കയ്യിൽ ഒരു പൈസ പോലുമില്ല ഭക്ഷണം പോലും കഴിക്കാൻ ഉള്ളത് ആ വീട്ടിൽ ഇല്ലായിരുന്നു…
പോരാത്തതിന് മറ്റൊരു സത്യം കൂടി ഞാൻ മനസ്സിലാക്കി ഞാൻ ഗർഭിണിയാണ് എന്ന്…
ആ സമയത്താണ് എന്റെ നേരെ സഹായവും ആയി രണ്ടു കൈകൾ നീണ്ടത്…
മുരുകന്റെ… “””
അയാളുടെ സഹായി…
ആദ്യം ഒന്നും ഞാൻ അയാളെ മൈൻഡ് പോലും ചെയ്തില്ല അയാൾ എനിക്കുള്ള ഭക്ഷണം കൊണ്ടുവരും അവിടെ വയ്ക്കും പോകും കുറെ ആയപ്പോൾ എനിക്ക് മനസ്സിലായി അയാളിൽ നല്ലൊരു മനുഷ്യൻ ഉണ്ട് എന്ന്..
അല്ലെങ്കിലും അയാൾ എന്നെ ഒന്നും തന്നെ ചെയ്തിട്ടില്ല ആ കിളവന്റെ കൂടെ കണ്ടതുകൊണ്ട് മാത്രമാണ് ഞാൻ ഇയാളെയും കൂടി വെറുത്തു പോയത്..
പത്തുമാസം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ഒടുവിൽ വേദന വന്നപ്പോൾ കരുതിയത് മരിക്കും എന്ന് തന്നെ ആയിരുന്നു….
അപ്പോഴും എന്നെ ഇങ്ങനെയൊക്കെയോ താങ്ങിപ്പിടിച്ച് ഈ ആശുപത്രി വരെ കൊണ്ടുവന്നു അയാൾ..
ഞാൻ ഒരാൾക്ക് കടപ്പെട്ടിട്ടുണ്ടെങ്കിൽ അത് അയാൾക്ക് മാത്രമാണ് ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെയാണ് ഇത്രയും എനിക്ക് വേണ്ടി അയാൾ ചെയ്തു തന്നത്…
ഇനിയും അയാളെ ബുദ്ധിമുട്ടിക്കാൻ വയ്യ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അവിടെ നിന്നും ഡിസ്ചാർജ് ആയി അവിടെയുള്ള എല്ലാ ബില്ലുകളും മരുന്നും എല്ലാം വാങ്ങിത്തന്നത് അയാൾ ആയിരുന്നു…
”’ ഞാൻ പോവുകയാണ്””
എന്നുപറഞ്ഞു അയാളോട് എങ്ങോട്ട് എന്ന് തിരിച്ചു ചോദിച്ചു എനിക്ക് പറയാൻ മറുപടിയുണ്ടായിരുന്നില്ല…
“”” ഈ കുഞ്ഞിനെ എന്റെ കയ്യിൽ ആണ് ഏൽപ്പിച്ചത് അപ്പോൾ മുതൽ എന്റെ മോളാണ് അങ്ങനെ ഞാൻ കണ്ടിട്ടുള്ളൂ നിനക്ക് സമ്മതമാണെങ്കിൽ ഞാൻ അവളെ പൊന്നുപോലെ നോക്കിക്കോളാം… എന്റെ സ്വന്തം മകളായി.. “”
എന്ന് പറയുമ്പോൾ ഞാൻ ആ മനുഷ്യനെ നോക്കി..
അപ്പോഴേക്കും ഒരു താലി കൊണ്ടുവന്ന് എന്റെ കഴുത്തിൽ കെട്ടി തന്നിരുന്നു.. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ മറ്റാരും ഉണ്ടായിരുന്നില്ല…
ഒരു കുന്നിനു മുകളിൽ കുറച്ച് സ്ഥലത്ത് ഒരു ചെറിയ കൂര…
അന്നുമുതൽ അത് ഞങ്ങളുടെ സ്വർഗ്ഗമായിരുന്നു…
എന്റെ മോളെ എന്നെക്കാൾ അധികം അദ്ദേഹം സ്നേഹിച്ചു അവളെ ഒന്ന് നുള്ളി നോവിക്കാൻ പോലും അദ്ദേഹം അനുവദിച്ചില്ല…
ആരോരുമില്ലാത്തവൻ.. അദ്ദേഹത്തിന് ബന്ധങ്ങളുടെ വില നന്നായി അറിയാം അതുകൊണ്ടുതന്നെ എന്റെ മോളെ പൊന്നുപോലെ നോക്കി..
ഒരു ഭർത്താവ് എന്ന നിലയിൽ എന്നോടും അദ്ദേഹം നീതി പുലർത്താൻ തുടങ്ങി…
“” വൈഷ്ണവി എന്ന കുഞ്ഞിന് പേര് വച്ചത് പോലും അദ്ദേഹമാണ്..
ഈ സ്വർഗ്ഗത്തിൽ ഞങ്ങൾ മാത്രം…
“”” ഇനി വൈഷ്ണവിക്ക് ഒരു അനിയത്തിയോ അനിയനോ കൂടെ വേണം എന്ന് അദ്ദേഹം സ്വകാര്യം പറഞ്ഞപ്പോൾ നാണത്തോടെ ഞാൻ മിഴികൾ പൊത്തിയിരുന്നു…