രാത്രി ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു. എന്നെക്കണ്ടതും അവൾ വേഗം ഫോൺ കട്ട്‌ ചെയ്യുന്നത് കണ്ടു.

(രചന: Sivapriya)

ഇന്ന് എന്റെ വിവാഹമാണ്. ഒത്തിരി പ്രതീക്ഷകളോടെയാണ് ഞാൻ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ പോകുന്നത്. ഓരോ പെണ്ണിനും തന്റെ വിവാഹത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും പല സ്വപ്‌നങ്ങൾ കാണും.

അതുപോലെ തന്നെയാണ് ഓരോ പുരുഷനും. ഇനിയുള്ള ജീവിതം എങ്ങനെ ആയിരിക്കുമെന്നും നല്ലൊരു കുടുംബ ജീവിതം ഉണ്ടാകണമെന്നും ആരോഗ്യമുള്ള കുട്ടികൾ വേണമെന്നും സുഖ ദുഃഖങ്ങളിൽ താങ്ങായി നിൽക്കുന്ന പങ്കാളി ആയിരിക്കണമെന്നും എന്നിങ്ങനെ നാനാവിധ ആഗ്രഹങ്ങൾ പുരുഷൻമാർക്കും ഉണ്ട്.

പെണ്ണ് കാണാൻ പോയപ്പോൾ അവൾ അധികമൊന്നും തന്നോട് സംസാരിച്ചിരുന്നില്ല. അങ്ങോട്ട്‌ എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കിലോ ഒരു മൂളലിലോ മറുപടി ഒതുക്കിയിരുന്ന പെണ്ണ്.

പെണ്ണ് കാണലിന്റെ പേടിയും പരിഭ്രമവും കൊണ്ടായിരിക്കുമെന്ന് വിചാരിച്ചു. എന്റെ ആദ്യ പെണ്ണ് കാണൽ ചടങ്ങായിരുന്നു അത്. ആദ്യ കാഴ്ചയിൽ തന്നെ ശ്രീലതയെ എനിക്കിഷ്ടായി.

അവളോട്‌ തന്നെ ഇഷ്ടമായോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നും പറഞ്ഞില്ല ഇല്ലെന്നും പറഞ്ഞില്ല മുഖം കുനിച്ചു നിന്നതേയുള്ളു.

ശ്രീലതയുടെ വീട്ടുകാർക്ക് തന്നെ ഇഷ്ടപ്പെട്ടു. അവൾക്കും ഇഷ്ടമായി കാണണം. അല്ലെങ്കിൽ പിന്നെ ഈ ആലോചന വിവാഹം വരെ എത്തി നിൽക്കില്ലല്ലോ.

ഹാ വിശേഷങ്ങൾ പറഞ്ഞു വന്നപ്പോൾ എന്നെ പരിചയപ്പെടുത്താൻ വിട്ടുപോയി. ഞാൻ രമേശ്‌, ടൗണിൽ ഒരു പലചരക്ക് കട നടത്തുന്നു. വീട്ടിൽ അമ്മ, അച്ഛൻ, അനിയൻ. അമ്മ തൊഴിലുറപ്പ് പണിക്ക് പോകുന്നു. അച്ഛന് മേസ്തിരി പണിയാണ്. അനിയൻ ഡിഗ്രി അവസാന വർഷം പഠിക്കുന്നു.

എനിക്ക് പഠിക്കാൻ വല്യ ബുദ്ധി ഇല്ലാത്തോണ്ട് പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അച്ഛൻ തന്നെ മുൻകൈ എടുത്ത് ടൗണിൽ ഒരു കട വാടകയ്ക്ക് ഒപ്പിച്ചു തന്നു.

എല്ല് മുറിയെ പണി എടുത്ത് കിട്ടുന്ന പൈസയിൽ നല്ലൊരു പങ്ക് മാറ്റിവച്ചു ഞാൻ ഒടുവിൽ ആ കാടമുറി സ്വന്തമായി വാങ്ങി. ജീവിതം അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് അമ്മയുടെ കൂട്ടുകാരി വഴി ശ്രീലതയുടെ ആലോചന വരുന്നത്.

ശ്രീലതയ്ക്ക് ഒരു ചേട്ടനുണ്ട്. ദുബായിൽ ആണ് ആൾ. വിവാഹം കൂടാൻ ലീവ് എടുത്തു വന്നിട്ടുണ്ട്. ശ്രീലതയുടെ അച്ഛൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ആയി പോകുന്നു. അമ്മ ടൈലറിംഗ് ഷോപ്പ് നടത്തുന്നു.

ഞാൻ സഞ്ചരിച്ചിരുന്ന കാർ കല്യാണ മണ്ഡപത്തിൽ എത്തിച്ചേർന്നു. ശ്രീലതയുടെ ചേട്ടൻ ബൊക്കയും ഹാരവും നൽകി മണ്ഡപത്തിലേക്ക് സ്വീകരിച്ചു ഇരുത്തി. മുഹൂർത്തം അടുക്കാറായപ്പോൾ ആരൊക്കെയോ ചേർന്ന് കല്യാണപെണ്ണായി അണിയിച്ചു ഒരുക്കിയ ശ്രീലതയെ കൊണ്ട് വരുന്നത് കണ്ടു.

എന്റെ അടുത്തായി അവൾ വന്നിരുന്നപ്പോൾ എന്തെന്നില്ലാത്തൊരു ഭയം എന്നെ പിടികൂടി. കൈകൾക്കൊക്കെ ഒരു വിറയൽ ബാധിച്ചു. മുഖം ഉയർത്തി അടുത്തിരിക്കുന്ന പെണ്ണിനെ നോക്കാൻ എനിക്ക് ജാള്യത തോന്നി.

മുന്നിൽ കല്യാണം കാണാൻ വന്നിരിക്കുന്ന ആളുകൾക്ക് മുന്നിൽ ഇങ്ങനെ ഇരിക്കാൻ എനിക്ക് വല്ലായ്മ തോന്നി. എല്ലാവരുടെയും നോട്ടം തങ്ങളിൽ മാത്രം ആയിരിക്കും.

താലി കെട്ടുന്ന സമയം കൈവിറയ്ക്കുകയോ തലചുറ്റി വീഴുകയോ ചെയ്താൽ ആകെ നാണക്കേടാകും. അങ്ങനെ ഒന്നും ഉണ്ടാവല്ലെന്ന് ഈശ്വരനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് ഞാൻ മനസ്സിന് ധൈര്യം കൊടുത്തു.

“മുഹൂർത്തം ആയി… ആ താലി അങ്ങ് പെണ്ണിന്റെ കഴുത്തിൽ കെട്ടിക്കോളൂ.” നമ്പൂതിരി പറഞ്ഞത് കേട്ട് വിറ കൈകളോടെ താലി വാങ്ങി ഞാൻ അവളുടെ കഴുത്തിൽ കെട്ടികൊടുത്തു.

താലികെട്ടുമ്പോൾ ഞാൻ അവളുടെ മുഖത്തേക്കൊന്ന് നോക്കി. ശ്രീലതയുടെ കണ്ണുകൾ നിറഞ്ഞിരിക്കുണ്ടായിരുന്നു. കുനിഞ്ഞ ശിരസ്സോടെ അവളെന്റെ താലിയും സിന്ദൂരവും ഏറ്റു വാങ്ങി.

ചടങ്ങുകൾ ഒന്നൊന്നായി കഴിഞ്ഞു. എന്നെ ബാധിച്ച പേടിയും വിറയലും പരിഭ്രമവുമൊക്കെ മെല്ലെ മാറി. മനസ്സിൽ സന്തോഷം തിരയടിക്കാൻ തുടങ്ങി. ശ്രീലതയുടെ അച്ഛൻ അവളെ എന്റെ കൈയ്യിലേക്ക് കൈപിടിച്ച് ഏൽപ്പിക്കുമ്പോൾ ഒരിക്കലും ഞാനായിട്ട് അവളുടെ കണ്ണീർ വീഴ്ത്താൻ ഇടവരുത്തില്ലെന്ന് വാക്ക് കൊടുത്തു.

സദ്യ കഴിഞ്ഞു ഗൃഹപ്രവേശത്തിന് സമയം ആയപ്പോൾ മണ്ഡപത്തിൽ നിന്നും ഞങ്ങൾ എന്റെ വീട്ടിലേക്ക് പുറപ്പെടാൻ തയ്യാറായി. അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു അവൾ പൊട്ടിക്കരയുമ്പോൾ നിസ്സഹായതയോടെ ഞാൻ അത് നോക്കി നിന്നു.

ജനിച്ചു വളർന്ന വീട്ടിൽ നിന്നും അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും തണലിൽ നിന്ന് മറ്റൊരു വീട്ടിലേക്കുള്ള പറിച്ചു നടൽ അവൾക്ക് എത്ര വേദനാജനകം ആയിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.

കാറിൽ എനിക്കൊപ്പം ഇരിക്കുമ്പോൾ സാരിതുമ്പ് വായിലേക്കമർത്തി ശ്രീലത തേങ്ങി കരയുമ്പോൾ ആശ്വാസപ്പിക്കാൻ വേണ്ടി അവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിക്കണമെന്നും ആ നെറുകയിൽ മെല്ലെ തലോടി സമാധാനിപ്പിക്കണമെന്നും എനിക്ക് തോന്നി.

പക്ഷേ എന്തോ ഒരു ഭയം കാരണം അവളുടെ വിരൽത്തുമ്പിൽ പോലും ഒന്ന് തൊടാൻ എനിക്കായില്ല.

ശ്രീലതയെ ആശ്വാസിപ്പിക്കാൻ വേണ്ടി ഞാനവളെ തൊട്ടാൽ എന്നെ അവൾ തെറ്റിദ്ധരിക്കുമോയെന്ന പേടി കാരണം ഞാൻ മൗനം പാലിച്ചു മിണ്ടാതിരുന്നു. കുറച്ചു സമയം അവളുടെ കരച്ചിൽ അങ്ങനെതന്നെ തുടർന്നപ്പോൾ “പോട്ടെ സാരമില്ല” എന്ന് ഞാൻ പറഞ്ഞു.

അപ്പോൾ അവൾ എന്നെ നോക്കി ഒരു വാടിയ ചിരി സമ്മാനിച്ചു. അവളുടെ തേങ്ങൽ നേർത്തു നേർത്തു വന്നു. പുറത്തെ കാഴ്ചകളിലേക്ക് നോട്ടമെറിഞ്ഞു ശ്രീലത നിശബ്ദമായി ഇരുന്നു. ഞാനും അവളെ ശല്യപ്പെടുത്താൻ പോയില്ല.

അര മണിക്കൂർത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ എന്റെ വീട്ടിൽ എത്തിച്ചേർന്നു. എന്റെ അമ്മ മാധവി ഞങ്ങളെ ഇരുവരെയും ചേർത്ത് നിർത്തി ആരതി ഉഴിഞ്ഞ ശേഷം ശ്രീലതയുടെ കൈയ്യിൽ നിലവിളക്ക് നൽകി അകത്തേക്ക് കൊണ്ട് പോയി.

വലതുകാൽ വച്ച് അവൾ വീടുനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ അവളുടെ പിന്നാലെ ഞാനും അകത്തേക്ക് കയറി.

ശ്രീലതയോട് സ്വസ്ഥമായി ഒന്ന് സംസാരിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീട് നിറച്ചും ബന്ധുക്കളും സുഹൃത്തുക്കളുമായതിനാൽ അവളെ ഒന്ന് തനിച്ചു കിട്ടാൻ രാത്രി വരെ കാക്കേണ്ടി വന്നു.

വൈകുന്നേരത്തെ റിസപ്ഷൻ ഒക്കെ കഴിഞ്ഞു ആളുകൾ എല്ലാം പോയിരുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

റിസപ്ഷൻ സമയത്തൊക്കെ ശ്രീലതയുടെ മുഖം വിവാഹ മണ്ഡപത്തിൽ വച്ചുള്ള പോലെ കടന്നൽ കുത്തിയ കണക്ക് തന്നെ ആയിരുന്നു. ആരുടെയോ വരവ് പ്രതീക്ഷിച്ചത് പോലെ അവളുടെ കണ്ണുകൾ ചുറ്റിനും പരതി കൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

ശ്രീലതയുടെ മുഖത്തെ സന്തോഷമില്ലായ്‌മ എന്റെ ഉള്ളിലും ആധി സൃഷ്ടിച്ചു. അവൾക്ക് എന്ത് പറ്റിയെന്ന് ഓർത്തിട്ട് എനിക്കൊരു സമാധാനവും കിട്ടിയില്ല.

രാത്രി ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു. എന്നെക്കണ്ടതും അവൾ വേഗം ഫോൺ കട്ട്‌ ചെയ്യുന്നത് കണ്ടു. അവൾ കരയുകയായിരുന്നുവെന്ന് എനിക്ക് മനസിലായി. വീട്ടുകാരെ ഓർത്തുള്ള സങ്കടം ആയിരിക്കുമെന്ന് ഞാൻ വിചാരിച്ചു.

“ശ്രീലതയ്ക്ക് എന്നെ കല്യാണം കഴിക്കാൻ ഇഷ്ടമില്ലായിരുന്നോ?” വാതിൽ അടച്ച് കട്ടിലിൽ വന്നിരുന്നു കൊണ്ട് ഞാൻ ചോദിച്ചു.

“ഇ… ഇല്ല… എ… എനിക്ക് വേറൊരാളെ… ഇഷ്ടമായിരുന്നു.” മടിച്ചു മടിച്ചു അവൾ മനസ്സിലുള്ള കാര്യം തുറന്നു പറഞ്ഞു.

അത് കേട്ടപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി.

“എങ്കിൽ കുട്ടിക്ക് അത് നേരത്തെ പറയാമായിരുന്നില്ലേ. ഞാൻ ഈ ബന്ധത്തിൽ നിന്ന് പിന്മാറുമായിരുന്നല്ലോ.” എന്റെ സങ്കടം ഉള്ളിലൊതുക്കി ഞാൻ പറഞ്ഞു.

“വിവാഹം വരെ ഈ ബന്ധം കൊണ്ടെത്തിക്കണമെന്ന് എനിക്കും ആഗ്രഹം ഇല്ലായിരുന്നു. കല്യാണത്തിന് മുൻപ് തന്നെ ഒളിച്ചോടാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ.

പക്ഷേ സമയം ആയപ്പോഴേക്കും അലക്സിച്ചായന് വരാൻ പറ്റിയില്ല. ഞങ്ങളുടെ ബന്ധം വീട്ടിൽ പറഞ്ഞാലും അന്യമതസ്ഥനായത് കൊണ്ട് കെട്ടിച്ചു തരില്ലായിരുന്നു.”

“ഒളിച്ചോടാൻ വരെ തീരുമാനിച്ചിരുന്ന താനെന്തിനാ പിന്നെ വിവാഹത്തിന് തയ്യാറായി മണ്ഡപത്തിൽ വന്നിരുന്നത്? നിന്റെ കാമുകനിപ്പോ എവിടെയാ?” എനിക്ക് ചെറുതായി ദേഷ്യം വരുന്നുണ്ടായിരുന്നു.

“കഴിഞ്ഞ മാസം അവസാനം അലക്സിച്ചായൻ കാനഡയ്ക്ക് പോയി. ഇച്ചായൻ പോയതിന്റെ പിറ്റേ ദിവസമാണ് രമേശേട്ടൻ പെണ്ണ് കാണാൻ വരുന്നത്. എന്റെ ചേട്ടൻ തിരിച്ചുപോകും മുൻപ് എന്റെ വിവാഹം നടത്തണമെന്ന് കരുതി അച്ഛൻ എല്ലാം പെട്ടെന്നങ്ങു തീരുമാനിച്ചു. എനിക്ക് എതിർത്തു പറയാനും ഭയമായിരുന്നു.

കാര്യങ്ങൾ ഇച്ചായനോട് പറഞ്ഞപ്പോൾ വിവാഹത്തിന് മുൻപ് തന്നെ നാട്ടിലേക്ക് വന്ന് എന്നെ രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് പറഞ്ഞു.

അവസാന നിമിഷത്തിൽ ഇച്ചായന് ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയില്ല. അപ്പോഴാണ് ഞാൻ പ്രെഗ്നന്റ് ആണെന്നും അറിയുന്നത്. എന്നോട് ഈ വിവാഹത്തിന് സഹകരിക്കണമെന്നും ഇച്ചായൻ നാട്ടിൽ വന്ന ശേഷം രമേശേട്ടനോട് കാര്യങ്ങൾ തുറന്നു സംസാരിക്കാമെന്നും ഇച്ചായൻ പറഞ്ഞു.

ഇച്ചായന് ഇനി ഉടനെ ഒന്നും നാട്ടിലേക്ക് വരാൻ പറ്റില്ലെന്ന് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു. അപ്പോഴാണ് ചതിവ് പറ്റിയ കാര്യം എനിക്ക് ബോധ്യമായത്.

അലെക്സിച്ചായൻ എന്നെ പറഞ്ഞു പറ്റിക്കുവായിരുന്നു. പിന്നെ എനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. വീട്ടിൽ എല്ലാം തുറന്നു പറഞ്ഞാൽ അച്ഛൻ എന്നെ കൊന്നുകളയും.

ഇച്ചായനോടൊപ്പം ജീവിക്കാനുള്ള മോഹം കൊണ്ട് എല്ലാം ഞാൻ എല്ലാരിൽ നിന്നും മറച്ചു പിടിച്ചു. കുറച്ചുമുൻപ് വിളിച്ചു നോക്കിയപ്പോൾ പറഞ്ഞത് രമേശേട്ടനിൽ നിന്ന് എല്ലാം മറച്ചുവച്ചു ഇവിടെ ജീവിച്ചോ. അതാണ് നല്ലതെന്ന്. രമേശേട്ടനെ ചതിക്കണമെന്ന് മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലായിരുന്നു.

പക്ഷേ ഈ അവസ്ഥയിൽ എനിക്കൊരു ആശ്രയം ആയി തോന്നിയത് രമേശേട്ടൻ മാത്രമാണ്. അതുകൊണ്ടാ ഞാൻ നടന്നതൊക്കെ തുറന്നു പറഞ്ഞത്. ” അത് പറഞ്ഞു കൊണ്ട് ശ്രീലത എന്റെ കാലിലേക്ക് വീണ് കരഞ്ഞു.

അവളുടെ തുറന്നു പറച്ചിൽ ഏൽപ്പിച്ച പ്രഹരത്തിൽ നിന്നും ഞാൻ മുക്തനായിട്ടുണ്ടായിരുന്നില്ല. ഒരു പ്രണയബന്ധം മാത്രം ആയിരുന്നെങ്കിൽ ഞാൻ ക്ഷമിക്കുമായിരുന്നു, ഇത് പക്ഷേ മറ്റൊരുത്തന്റെ വിഴുപ്പ് ഞാൻ ചുമക്കേണ്ട അവസ്ഥയാണ്.

“താൻ എന്റെ ജീവിതം നശിപ്പിക്കുകയല്ലേ ചെയ്തത്. വിവാഹ ജീവിതത്തെ കുറിച്ച് എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ടതാ ഞാൻ. തന്നെ പൊന്നുപോലെ നോക്കണമെന്നും കരയിക്കരുതെന്നും ഞാൻ ആഗ്രഹിച്ചിരുന്നു. എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയില്ലേ.

തനിക്ക് കളിക്കാൻ കിട്ടിയത് എന്റെ ജീവിതം ആണോ? ഈ ബന്ധം ഇവിടെ വരെ എത്തിക്കുന്നതിനു മുൻപ് എന്നോട് എല്ലാം പറയാമായിരുന്നു. എങ്കിൽ ഈ വേഷം കെട്ടലിന് നിന്ന് തരാതെ ഞാൻ ഒഴിഞ്ഞു മാറിയേനെ.” എനിക്ക് അവളോട് കലശലായ ദേഷ്യവും വെറുപ്പും തോന്നി.

“അങ്ങനെ പറഞ്ഞു എന്നെ ഉപേക്ഷിക്കരുത്. എന്നെ സഹായിക്കാനിപ്പോ ആരുമില്ല.”

“എന്റെ ജീവിതം തകർത്തതിന് ശിക്ഷയായി തന്നെ ദൈവം പോലും സഹായിക്കില്ല. അതുപോലെ തന്റെ ഇച്ചായൻ ഇല്ലേ അവൻ ഭൂലോക ഫ്രോഡ് ആണ്. അതുകൊണ്ടാ തന്നെ ഗർഭിണി ആക്കിയിട്ട് അവൻ കടന്നുകളഞ്ഞത്.”

“ഈ അവസ്ഥയിൽ രമേശേട്ടൻ എന്നെ കൈവിടരുത്.” എന്റെ കാലിൽ പിടിച്ചു ശ്രീലത വാവിട്ട് കരഞ്ഞു.

പക്ഷേ അത് കണ്ടിട്ടും എന്റെ മനസ്സ് അലിഞ്ഞില്ല.

“എല്ലാ കാര്യവും തുറന്നു പറഞ്ഞത് കൊണ്ട് തനിക്ക് ഞാനൊരു ഉപകാരം ചെയ്യാം. ഇപ്പോൾ തന്നെ ബാഗും എടുത്ത് എന്റെ കൂടെ വാ. തന്നെ ഞാൻ വീട്ടിൽ കൊണ്ട് വിടാം. നടന്ന കാര്യങ്ങൾ എന്റെ വീട്ടുകാരോട് പോലും ഞാൻ പറയില്ല. തന്റെ വീട്ടുകാർ മാത്രം അറിഞ്ഞാൽ മതി. പിന്നെ തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ വളർത്തണോ വേണ്ടേ എന്നുള്ളത് തന്റെ ഇഷ്ടം.

എന്നോട് ഈ ചതി ചെയ്ത തന്നോട് ക്ഷമിക്കാൻ മാത്രം വിശാല മനസ്സിന് ഉടമയല്ല ഞാൻ. എനിക്ക് വിവാഹത്തിന് ചിലവായ തുക അത് ഒരു മാസത്തിനുള്ളിൽത്തന്നെ എനിക്ക് കിട്ടണം. ആരെയും ഒന്നും അറിയിക്കാതിരിക്കുന്നത് തന്റെ വീട്ടുകാർക്ക് ഉണ്ടാവുന്ന നാണക്കേട് ഓർത്ത് മാത്രമാണ്.”

അവൾക്ക് തിരിച്ചൊന്നും പറയാൻ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്.

ആ രാത്രി തന്നെ ശ്രീലതയെ വീട്ടിൽ തിരിച്ചുകൊണ്ട് വിട്ട ശേഷം അവളെ അച്ഛനെയും ചേട്ടനെയും വിളിച്ചു മാറ്റി നിർത്തി ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചു. എല്ലാം അറിഞ്ഞപ്പോൾ അവർ എന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞു.

നാട്ടുകാരും ബന്ധുക്കളും അറിഞ്ഞാലുള്ള നാണക്കേട് ഓർത്തു വിവാഹത്തിന് എനിക്ക് നഷ്ടമായ മുഴുവൻ തുകയും തരാമെന്ന ഉറപ്പിന്മേൽ ഞാൻ വീട്ടിലേക്ക് തിരിച്ചുപോയി.

കെട്ടിയ പെണ്ണിനെ അന്ന് രാത്രി തന്നെ അവളുടെ വീട്ടിൽ തിരിച്ചു കൊണ്ട് വിട്ടതിന്റെ കാരണം എല്ലാവരും മാറി മാറി ചോദിച്ചിട്ടും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.

എനിക്ക് നല്ല വിഷമം തോന്നി… സ്വയം കോമാളിയായി പോയതുപോലെ. എങ്കിലും ഒരു സമാധാനം തോന്നി വല്ലവന്റെയും കൊച്ചിന് അച്ഛനാകേണ്ടി വന്നില്ലല്ലോ എന്നോർത്ത്.

Leave a Reply

Your email address will not be published. Required fields are marked *