(രചന: J. K)
ഇപ്പോഴും തറവാട്ടുമഹിമ പ്രസംഗിച്ചു നടക്കുന്ന ഒരു വീടാണ് എന്റെത്… എല്ലാം ക്ഷയിച്ചു എങ്കിൽപോലും…
അച്ഛന് ഇല്ലത്തെ കാര്യസ്ഥ പണിയായിരുന്നു അത് അച്ഛൻ വലിയ അഭിമാനത്തോടെ കൂടെയാണ് കരുതുന്നത്…..
അവിടുത്തെ എല്ലാ കാര്യങ്ങളും അച്ഛനെയാണ് അവർ ഏൽപ്പിക്കുക എന്നത്, അച്ഛന് മറ്റുള്ളവരുടെ മുന്നിൽ വലിയ അഭിമാനം ആയിരുന്നു….
അത് പറഞ്ഞ് പ്രസംഗിച്ച് അച്ഛൻ ഇങ്ങനെ നടക്കും.. അത് തന്നെ തക്കം അവർ എല്ലാ ജോലിയും അച്ഛനെ തന്നെ ഏൽപ്പിച്ചിരുന്നു…
അച്ഛന് പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തും കൊടുത്തിരുന്നു… ഞങ്ങൾ രണ്ടു പെൺകുട്ടികൾക്കായി ഒന്നും അച്ഛൻ ഉണ്ടാക്കി വെച്ചിട്ട് ഉണ്ടായിരുന്നില്ല തറവാട്ടു മഹിമ അല്ലാതെ…..
മൂത്തവൾ ആയി പോയി.അതുകൊണ്ട് എനിക്ക് ഉത്തരവാദിത്തങ്ങളും ഏറെയായിരുന്നു…
പതിനെട്ടു വയസ് ആയപ്പോഴേക്ക് കല്യാണാലോചനകൾ വരാൻ തുടങ്ങി..
അച്ഛൻ ഒന്നും ഇഷ്ടമായില്ല. സ്വർണമോ പണമോ ഒന്നും വേണ്ട എന്ന് പറഞ്ഞ് കുറെ നല്ല ആലോചനകൾ വന്നു.അവർക്കൊന്നും കുടുംബ മഹിമ പോര എന്ന് പറഞ്ഞു അച്ഛൻ തന്നെയാണ് ഒഴിവാക്കിയത്…..
പതിനെട്ട് വയസിൽ നിന്ന് ഒരു വയസ്സ് കൂടി പത്തൊൻപത് വയസ്സായപ്പോൾ പിന്നെ, ധൃതിയിൽ ആയിരുന്നു കല്യാണാലോചന… ഇനിയും വീട്ടിൽ ഇരുത്തിയാൽ മോശം ആണത്രേ….
ഒടുവിൽ അച്ഛന് നല്ലത് എന്ന് തോന്നിയത് വളരെ പ്രായം കൂടിയ ഒരാളുമായി ഉള്ള വിവാഹമായിരുന്നു…
ഞാൻ എതിർത്തിട്ടും അച്ഛൻ അത് തന്നെ നടത്തണം എന്ന് പറഞ്ഞ് വാശിപിടിച്ചു… സമ്മതിക്കുകയും അല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു.കാരണം, താഴെയും ഒരു പെൺകുട്ടിയായിരുന്നു അവളും ഞാനും തമ്മിൽ ഒന്ന് രണ്ട് വയസ് വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ…..
ഞാൻ കാരണം മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവരുത് കുടുംബത്തിന് എന്ന് എനിക്ക് നിർബന്ധമായിരുന്നു.അതുകൊണ്ടു തന്നെ ആ വിവാഹത്തിന് ഞാൻ സമ്മതം മൂളി….
അയാൾ ഒരു എക്സ് മിലിറ്ററി ആയിരുന്നു…
ആയ പ്രായത്തിൽ ഒന്നും കല്യാണം കഴിക്കാതെ ഇപ്പോൾ ഒറ്റപ്പെട്ടു പോയപ്പോൾ വിവാഹം വേണമെന്ന് തോന്നിയത്രേ…
കൊമ്പൻ മീശ ഒക്കെയുള്ള ഒരാൾ….
പെണ്ണുകാണാൻ വന്നപ്പോഴേ അയാൾ ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു…. ഒരു പത്ത് നാല്പത് വയസ്സ് എങ്കിലും കാണും….
പണ്ടത്തെ വലിയ തറവാട്ടുകാരാണ്…. ജന്മികൾ… അതുകൊണ്ടുതന്നെ വിവാഹം വേഗം കഴിഞ്ഞു…. ജന്മിത്തവും തറവാട്ട് മഹിമയും മാത്രം നോക്കുന്നവരോട് പിന്നെ എന്ത് പറയാൻ….
അയാളുടെ വീട്ടിൽ വിവാഹം കഴിക്കാത്ത അയാളുടെ ഒരു ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ…
വിവാഹം കഴിഞ്ഞ് ഇത്തിരി നേരം കൊണ്ട് മനസ്സിലായിരുന്നു അയാൾ അത്ര സംസാരിക്കുന്ന ടൈപ്പ് ഒന്നും അല്ല എന്ന്…. ഇനിയിപ്പോ എന്തായാലും സഹിച്ചല്ലേ പറ്റൂ എന്ന രീതിയിലായിരുന്നു ഞാനും…
ചേച്ചിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല വളരെ അപൂർവമായി മാത്രം അവർ സംസാരിച്ചു….. ഞാനതൊക്കെ കണ്ട് ആകെ ഭയന്നു നിൽക്കുകയായിരുന്നു….
പക്ഷേ ചേച്ചി ആ വീട് എനിക്ക് കൈമാറും പോലെയായിരുന്നു പെരുമാറിയത്….
എന്നോട് എന്തുവേണമെങ്കിലും ചെയ്തോളാൻ പറഞ്ഞു. അവിടെ ഉള്ളതെല്ലാം എന്താണെന്ന് വെറുതെ ഒന്ന് പരിചയപ്പെടുത്തി തന്നു. എന്നിട്ട് ഇഷ്ടമുള്ളതു പോലെ ചെയ്തോളാൻ പറഞ്ഞു. അവരുടെതായ ലോകത്തിലേക്ക് കേറി…..
നേരം ഇരുട്ടും തോറും എന്തോ ഒരു പേടി മനസ്സിൽ വന്നു കൂടിയിരുന്നു…..
ആദ്യരാത്രി “””’ എന്നൊരു സംഭവം ആരോ പറഞ്ഞു തന്ന ചെറിയ ഒരു അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ……
വെറുമൊരു പത്തൊൻപതു വയസ്സുകാരിക്ക് അല്ലാതെ അതിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടായിരുന്നു. അതുകൊണ്ടുതന്നെ ഭയത്തോടെയാണ് ആ മുറിയിലേക്ക് കടന്നു ചെന്നത്….
കിട്ടിയ ഉപദേശം വെച്ച് അയാൾ ഭർത്താവ് എന്ന് പറഞ്ഞ് എന്തോ വലിയൊരു സംഗതിയാണെന്നും….
തന്നെ എന്തുചെയ്താലും ഇനിയുള്ള രാത്രികളിൽ സഹിക്കണം എന്നും ഒക്കെയായിരുന്നു മനസ്സിലാക്കി എടുത്തത്…..
കേട്ട് ഉപദേശം വെച്ച് ഇനി എനിക്കൊരു വ്യക്തിത്വമില്ല ഭർത്താവ് എന്ന ഒരു കേന്ദ്രബിന്ദുവിൽ കറങ്ങുന്ന വെറുമൊരു ഗോളം മാത്രമാണ് ഞാൻ…..
അതുകൊണ്ടുതന്നെ ഒരു അടിമയെ പോലെയാണ് ഞാൻ അവിടെ നിന്നത്…
അയാൾക്ക് ചവിട്ടി അരയ്ക്കാൻ പാകത്തിൽ…
അയാൾ അരികിൽ വന്നതും, കയ്യും കാലും എല്ലാം വിറയ്ക്കാൻ തുടങ്ങിയിരുന്നു…..
പറഞ്ഞു കേട്ട അറിവ് വെച്ചു ഇപ്പോൾ എന്റെ ദേഹത്ത് ചാടി വീഴും… ഒരു മൃഗത്തിന്റെ ശൗര്യതോടെ കീഴ്പ്പെടുത്തും… ഒന്നും തിരിച്ചു ചെയ്യാൻ കഴിയാതെ ഒരു പാവയെപ്പോലെ താൻ നിന്നു കൊടുക്കണം ഓർത്ത് പോലെ അവൾക്ക് വല്ലായ്മ തോന്നി…
“””ഭക്ഷണം കഴിച്ചോ????”” കനപ്പെട്ട ഒരു ശബ്ദത്തിൽ അയാൾ ആദ്യമായി എന്നോട് ചോദിച്ചത് അത് ആയിരുന്നു….
‘”””ഉ… ഉവ്വ് “”” എന്ന് മറുപടി നൽകുമ്പോൾ അത്ഭുതമായിരുന്നു കാരണം ഇത്തരം കനിവോലും ഒരു ചോദ്യം അയാളിൽനിന്ന് പ്രതീക്ഷിച്ചിരുന്നില്ല…
“”‘ ഉറക്കം വരുന്നെങ്കിൽ കിടന്നോളൂ “” എന്നു പറഞ്ഞ് പുറത്തേക്ക് നടക്കുന്ന അയാളെ അത്ഭുതത്തോട് കൂടി നോക്കി….
ഉപദേശികൾ ഉപദേശിച്ച പോലെ ഒന്നും അല്ലേ യാഥാർഥ്യം????
ഒന്നും മനസ്സിലാകാതെ നിന്നു.. പിന്നീടുള്ള ദിവസങ്ങൾ മനസ്സിലാക്കിതന്നിരുന്നു,
അയാളെക്കുറിച്ച് കൂടുതൽ.. കൂടുതലായി ഒന്നും സംസാരിച്ചില്ല എങ്കിലും അയാളുടെ ഉള്ളിൽ ഒരു നല്ല മനസ്സ് ഉണ്ടായിരുന്നു….
എന്റെ മനസ്സ് പാകപ്പെടും വരെ…. അയാളോട് ഒരു മമത തോന്നും വരെ… അയാൾ കാത്തുനിന്നിരുന്നു… ഒരു ഭാര്യ ഭര്തൃ ബന്ധത്തിനായി…..
അടുക്കുന്തോറും അയാളോടുള്ള ഇഷ്ടം കൂടി കൂടി വന്നിരുന്നു…
ഒടുവിൽ ഒരു ദിവസം എന്റെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ, ഞാൻ മെല്ലെ ചോദിച്ചു എന്തുകൊണ്ടാണ് ഇത്രയും നാൾ കല്യാണം കഴിക്കാതെ നിന്നത് എന്ന്….
“”” ഇതുവരെ എന്തോ അങ്ങനെ തോന്നിയില്ല ഇപ്പോ ഇങ്ങനെ തോന്നി “”” എന്ന് മറുപടി നൽകി കൂടുതലൊന്നും കുത്തി ചോദിച്ചില്ല,
പകരം ഒരു കുസൃതിച്ചിരിയോടെ ഞാൻ
പതിയെ പറഞ്ഞു കൊടുത്തിരുന്നു ഉപദേശികൾ തന്ന ആദ്യരാത്രിയുടെ രൂപത്തെ പറ്റി…
പൊട്ടിച്ചിരിച്ചു കൊണ്ടാണ് അത് കേട്ടത്….
എന്നിട്ട് തിരികെ തന്ന മറുപടി ഇങ്ങനെ ആയിരുന്നു, പെണ്ണിന്റെ ശരീരം ആയാലും മനസായാലും അത് അവളറിഞ്ഞു തരുമ്പോഴേ അതിന് സൗന്ദര്യം ഉള്ളൂ എന്ന്……
രൂപം കൊണ്ട് ആരെയും വിലയിരുത്തരുത് എന്ന വലിയൊരു പാഠം ഞാനവിടെ പഠിക്കുകയായിരുന്നു…
ഒപ്പം മറ്റുള്ളവർ ഉപദേശിക്കുന്നതും പറഞ്ഞുതരുന്നത് ഒന്നുമല്ല നമ്മുടെ ജീവിതം എന്നും നമ്മുടെ ജീവിതം കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതും ആയ കാര്യങ്ങൾ മാത്രമാണെന്നും…
മറ്റുള്ളവർക്ക് അവരുടെ ജീവിതത്തിൽ നിന്നും അവർ അനുഭവിക്കുന്ന കാര്യങ്ങൾ മാത്രമേ നമുക്ക് ഉപദേശിച്ചു തരാൻ കഴിയൂ അത് നമ്മുടെ ജീവിതത്തിൽ പ്രയോജനപ്പെടണം എന്നില്ല കാരണം നമ്മുടെയും അവരുടെയും രണ്ടും രണ്ട് വ്യത്യസ്തമായ ജീവിതങ്ങളാണ്….
ഞങ്ങൾക്കുണ്ടായ രണ്ടു പെൺമക്കളെയും പഠിപ്പിച്ച് ഒരു പ്രായം കഴിഞ്ഞ് അവരുടെ ഇഷ്ടപ്രകാരം കല്യാണം കഴിപ്പിക്കൂ എന്ന് അദ്ദേഹം തീരുമാനിച്ചപ്പോൾ,
എന്റെ അച്ഛനും അദ്ദേഹവും തമ്മിലുള്ള അന്തരം വെറുതെ കണക്ക് കൂട്ടുകയായിരുന്നു ഞാൻ… ഒപ്പം ഇതുപോലെ ഒരു ജീവിതം തന്നതിന് നന്ദിയുംപറഞ്ഞു…. അറിയാവുന്ന എല്ലാ ദൈവങ്ങളോടും…