(രചന: J. K)
പൈഡ് ടാക്സി വിളിക്കുമ്പോൾ അവൾ ആകെ തളർന്നിരുന്നു… എങ്കിലും കയ്യിൽ കിട്ടിയതെല്ലാം എടുത്ത് പുറത്തേക്ക് നടന്നു.
ചുമരിനോരം ചേർത്ത് വച്ച കണ്ണാടിയിൽ സ്വന്തം രൂപം കണ്ടതും ഒന്ന് കൂടെ നോക്കി. ഇന്നലെ അയാൾ അടിച്ചത് അതുപോലെ നീലിച്ചു കിടക്കുന്നുണ്ട്..
വായുടെ ഉള്ളിൽ ഇപ്പോഴും ചോരയുടെ ചുവ.. നല്ല വേദനയും.. പക്ഷേ ഉള്ളിലെ വിങ്ങൽ അതിലും കൂടുതൽ ആയതു കൊണ്ട് അതത്ര കാര്യമാക്കിയില്ല..
നിറഞ്ഞ് ഒഴുകിയ മിഴികൾ അവൾ വാശിയോടെ തുടച്ചു നീക്കി..
മെല്ലെ പുറത്തേക്ക് നടന്നു അവൾ താഴെ എത്തുമ്പോഴേക്കും ടാക്സി വന്നിരുന്നു….
ലഗേജ് അവൾ തനിയെ ടാക്സിയിൽ എടുത്തു വെക്കുന്നത് കണ്ടു സെക്യൂരിറ്റി അവളുടെ സഹായത്തിനായി എത്തി…
“”” മൃദുല മാഡം വീട്ടിലേക്ക് പോവുകയാണോ?? ഫ്ലാറ്റിൽ സാർ ഉണ്ടാവുമല്ലോ അല്ലേ??? “”
എന്ന് ചോദിച്ചപ്പോൾ അവൾ യാന്ത്രികമായി ഒന്ന് ചിരിച്ചു… അവൾ ടാക്സിയിൽ കയറി.. പേഴ്സിൽ നിന്നും ഒരു നൂറ് രൂപ എടുത്ത് സെക്യൂരിറ്റി കാരന്റെ കയ്യിൽ വെച്ച് കൊടുത്തു…
അയാൾ നല്ലൊരു ചിരി തിരിച്ചു സമ്മാനിച്ചു…
കാറിൽ കയറി മുന്നോട്ടു പോകുംതോറും അവളുടെ ചിന്തകൾ പുറകിലേക്ക് പോയി…
ഡിഗ്രി കഴിഞ്ഞ ഉടനെ വീട്ടുകാർ ആയിട്ട് ആലോചിച്ചു നടത്തിയതാണ് ആദ്യത്തെ വിവാഹം..
കിരൺ”””” ശരിക്കും ഒരു സൈക്കോ…
മറ്റുള്ളവരെ ഉപദ്രവിച്ച് അതിൽ മാത്രം ആനന്ദം കണ്ടെത്തുന്ന ഒരാൾ….
അതായിരുന്നു ശരിക്കും കിരൺ…
അവളെ ശരിക്കും ഉപദ്രവിച്ചിരുന്നു അയാൾ… ഒപ്പം സംശയ രോഗവും..
തനിക്ക് തന്റെ ഇണയെ തൃപ്തിപ്പെടുത്താനുള്ള കഴിവില്ല എന്നതും അയാൾക്ക് അവളോടുള്ള പക കൂട്ടി…
അവൾ ആരോടും മിണ്ടാൻ പാടില്ല പുറത്തേക്കിറങ്ങാൻ പാടില്ല ചിരിക്കാൻ പാടില്ല അങ്ങനെ അവളെ ശരിക്കും ഒരു ജയിലിൽ എന്ന പോലെ തന്നെ അയാൾ പൂട്ടിയിട്ടു….
വീട്ടുകാരോട് പോലും തന്റെ അവസ്ഥ അറിയിക്കാനുള്ള അവളുടെ അവസരം അയാൾ നിഷേധിച്ചു…
എങ്ങാനും പറഞ്ഞിട്ടുണ്ടെങ്കിൽ അവരെക്കൂടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി..
അയാളുടെ സ്വഭാവം വച്ച് അയാൾ അതും ചെയ്യുമായിരുന്നു അത്രമാത്രം ക്രൂരൻ ആയിരുന്നു അയാൾ..
അതുകൊണ്ടുതന്നെ അവൾ എല്ലാം നിശബ്ദമായി സഹിച്ചു…
അപ്പോഴാണ് പണ്ട് അവൾ അപ്ലൈ ചെയ്ത് ഒരു ജോലിക്ക് അപ്പോയ്ന്റ്മെന്റ് ചെയ്ത ഒരു ലെറ്റർ വരുന്നത്…
ജോലിക്ക് പോകണം എന്ന് വാശിപിടിച്ച അവളെ അയാൾ പരമാവധി ഉപദ്രവിച്ചു…
ഒടുവിൽ ചാവും എന്നായപ്പോൾ ഏതോ ഒരു ആശുപത്രിയിലേക്ക് താങ്ങിയെടുത്തു ..
അവിടെവെച്ചാണ് അവളുടെ അവസ്ഥ പുറംലോകം അറിയുന്നത്… അത് പോലീസ് കേസ് ആക്കി.. എല്ലാവരും അവളുടെ രക്ഷയ്ക്കെത്തി.. ക്രൂരനായ അവളുടെ ഭർത്താവ് ജയിലിലും പോയി..
വീട്ടിൽ അധികം വൈകാതെ അവൾ അധികപ്പറ്റായി…
അവിടെ നിന്നും ഇറങ്ങി…
എല്ലാം മറന്ന് അവൾക്ക് കിട്ടിയ ജോലിയിൽശ്രദ്ധിച്ച് അവൾ കഴിഞ്ഞ് പോരുകയായിരുന്നു.. അപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന ഒരാളുടെ സൗഹൃദം അവളിലേക്ക് എത്തുന്നത്..
നിഹാൽ””” വിവാഹിതനായിരുന്നു ഒരു കുഞ്ഞിന്റെ അച്ഛനും… വീട്ടുകാരുമായി ഒരു ബന്ധവും ഇപ്പോൾ വച്ചുപുലർത്തുന്നില്ലായിരുന്നു..
ഒരു അളവ് കഴിഞ്ഞാൽ താൻ അവർക്ക് ഒരു ഭാരം ആണെന്ന് അറിവ് ആകണം അവരെക്കൊണ്ട് ഒരു അകലം എന്നിൽനിന്നും പാലിക്കാൻ നിർബന്ധിച്ചത്…
ആകെ കൂടെയുള്ള കൂട്ട് നീള”””” എന്ന ഒരു സുഹൃത്ത് മാത്രമായിരുന്നു….
പലപ്പോഴും അവളെയും കൂട്ടിനായി കിട്ടിയിരുന്നില്ല… അവളുടെ തിരക്കുകൾ തന്നെ കാരണം..
അതുകൊണ്ടുതന്നെ നിഹാലിന്റെ കടന്നു വരവ് അക്ഷരാർത്ഥത്തിൽ അവൾക്കൊരു ആശ്വാസമായിരുന്നു…
ഒരു സുഹൃത്ത് എന്ന രീതിയിൽ നിഹാൽ അവളെ പലതരത്തിൽ അയാൾ സഹായിച്ചിരുന്നു..
ജോലി സ്ഥലത്തിനടുത്ത് ഫ്ലാറ്റ് എടുക്കാനും..
അവളുടെ ലൈഫിൽ ബുദ്ധിപരമായ ഉപദേശങ്ങൾ നൽകാനും എല്ലാം അയാൾ മുന്നിൽ നിന്നു.. വല്ലാത്ത ഒറ്റപ്പെടലിൽ അവൾക്ക് അയാൾ വലിയൊരു സഹായമായിരുന്നു…
അതുകൊണ്ടുതന്നെ അവർ തമ്മിലുള്ള സൗഹൃദത്തിന്റെ നിറം മെല്ലെ മാറാൻ തുടങ്ങി….
അയാൾക്ക് ഭാര്യയും കുഞ്ഞും ഉണ്ടെന്നറിഞ്ഞ് തന്നെ അവൾ അയാളെ പ്രണയിച്ചു..
അവളുടെ കൂടെ കൂടുമ്പോൾ അയാൾ ഒരു വാക്ക് നൽകിയിരുന്നു അവരെ ഉപേക്ഷിച്ച് അവളുടെ മാത്രമാകാം എന്ന്….
തെറ്റല്ലേ എന്നവൾ ഒരുപാട് ചിന്തിച്ചു..
പിന്നെ തങ്ങളുടെ പ്രണയം അതിലും ഉപരി ആണെന്നോർത്ത് മെല്ലെ ആ സത്യത്തെ മറന്നു.. ഭാര്യയെ ഉപേക്ഷിക്കാം എന്നത് വാക്കിൽ മാത്രം ഒതുങ്ങി..
അയാൾ അവരോടൊപ്പം തന്നെ തുടർന്നു… ഇടക്ക് അവളുടെയും കൂടെ… ഏറെ നാളായിട്ടും അതിനൊന്നും ഒരു നീക്കുപോക്കും അവൾ കണ്ടില്ല…
അയാൾ വീട്ടിലേക്ക് പോകും അവരെ ഒളിച്ച് അവളുടെ കൂടെയും നിൽക്കും…
അത് അവൾക്ക് സ്വീകാര്യമായിരുന്നില്ല…
അയാളുടെ രഹസ്യ ഭാര്യ ഇരിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു… ആദ്യം നല്ല രീതിയിലും പിന്നീട് ചെറിയ പൊട്ടിത്തെറിയായും അവൾ അത് പ്രകടിപ്പിച്ചു..
നിഹാൽ ആദ്യം അവളെ അനുനയിപ്പിക്കാൻ നോക്കി പിന്നെ ഉപദ്രവിക്കാനും..
അയാൾക്ക് പണച്ചാക്കായ അയാളുടെ ഭാര്യയെ ഉപേക്ഷിച്ചു കളയാൻ വയ്യ എന്ന്…
ബൈ””””‘
പറഞ്ഞു പിരിയാൻ മൃദുലക്ക് ആകുമായിരുന്നില്ല കാരണം അത്രയേറെ അവൾ അയാളിൽ ആണ്ടു പോയിരുന്നു…
കെഞ്ചി നോക്കി തന്നെ സ്വീകരിക്കാൻ..
അയാൾ തുറന്നു തന്നെ പറഞ്ഞു,
ശരീരിക സുഖം മാത്രം പ്രതീക്ഷിച്ചാൽ മതി എന്ന്.. അത് അവൾക്ക് താങ്ങാവുന്നതിലും ഏറെ ആയിരുന്നു..
ഒരിക്കലും വെറും ശാരീരിക സുഖത്തിന് വേണ്ടി അല്ലായിരുന്നു നിഹാലിനെ അവൾ സ്നേഹിച്ചത്..
അവൾ പ്രതികരിച്ചു ശക്തമായി..
അവർ തമ്മിൽ ഉള്ളതെല്ലാം അയാളുടെ ഭാര്യയേ അറിയിക്കും എന്ന് പറഞ്ഞു..
അതിനാണ് അയാൾ അവളെ ക്രൂരമായി ഉപദ്രവിച്ചത്.. തിരികെ പോകുമ്പോൾ എങ്ങോട്ട് എന്ന് അറിയില്ലായിരുന്നു..
നിളയുടെ അടുത്തേക്ക് പോയി..
നിള “””” തന്റെ പ്രിയപ്പെട്ട സൗഹൃദം…
എല്ലാം പറഞ്ഞ് ഒന്ന് പൊട്ടികരഞ്ഞപ്പോൾ ഇത്തിരി സമാധാനം കിട്ടി..
അപ്പോൾ അവൾ ഒന്നും പറഞ്ഞില്ല..
ഞാൻ ഒന്ന് ഓക്കേ ആവും വരെ അവൾ കാത്തിരുന്നു..
അവളാണ് പറഞ്ഞു മനസ്സിലാക്കി തന്നത്,
പ്രണയം “”‘ തെറ്റല്ല എന്നും എപ്പോൾ വേണമെങ്കിലും ആരോടും തോന്നാം എന്നും…
പക്ഷേ തീരുമാനം ബുദ്ധിപരം ആവണം എന്നും.. നിഹാൽ””‘ എന്നത് ഒരു അടഞ്ഞ അദ്ധ്യായം ആണെന്നും ഇനി അതിന്റെ പുറകെ പോകരുത് എന്നും…
അവൾ പറഞ്ഞതാണ് ശരി എന്ന് എനിക്ക് മനസ്സിലായിരുന്നു…
പ്രണയത്തിന് മാത്രം മുൻതൂക്കം നൽകിയ ഞാൻ പലതും കാണാൻ മടിച്ചു…. അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു..
പ്രണയിക്കുമ്പോൾ അങ്ങനെയാണ് കൂടുതൽ കൂടുതൽ അടുക്കാൻ തോന്നും… എല്ലാ രീതിയിലും…
അപ്പോൾ ഒരു പിരിയലിനെ കുറിച്ച് ചിന്തിക്കുക പോലുമില്ല… പക്ഷേ പിരിയേണ്ടി വരുമ്പോഴാണ് എത്രമാത്രം അടുത്തുവോ അത്രമാത്രം വേദന അനുഭവിക്കേണ്ടി വരിക…
ജീവിതത്തിൽ പഠിച്ച പാഠം നിരവധിയാണ് അതോടൊപ്പം ഈ ഒരു അറിവും എഴുതി ചേർത്തിരുന്നു മൃദുല..
പിന്നീട് സൗഹൃദങ്ങളും മറ്റും വികാരത്തെ മുൻനിർത്തി അല്ലാതെ വിവേകം കൊണ്ടവൾ സ്വീകരിച്ചു.. ഇനി ഒരിക്കലും തോൽക്കാതിരിക്കാൻ…..