രണ്ട് ആങ്ങളമാർക്ക് ഇളയതായി ബുദ്ധിവളർച്ചയില്ലാത്ത ഒരു അനിയത്തി ഉണ്ടായപ്പോൾ അവർക്കത് നാണക്കേടായിരുന്നു.. അമ്മയും അച്ഛനും ഉള്ള കാലം വരെ

(രചന: J. K)

“””അരവിന്ദാ… മോനെ…””” പുറത്തുനിന്നുള്ള വിളി കേട്ടിട്ടാണ് ഉമ്മറത്തേക്ക് ചെന്നത് അവിടെ നിൽപ്പുണ്ടായിരുന്നു ആയമ്മ ..

“”” മോൻ വന്നിട്ട് രണ്ടീസം ആയില്ലേ.. എന്തേ അമ്മായീനെ കാണാൻ വരാഞ്ഞൂ..,?? “”

ചിരിയോടെ അവർ ചോദിച്ചു ഒന്നും മിണ്ടാതെ അവരെ തന്നെ നോക്കി നിന്നു..

കാരണം മോനെ എന്നുള്ള ഈ വിളിയും ഇവരുടെ ചിരിയും എല്ലാം തനിക്ക് പുതുമ നിറഞ്ഞ കാഴ്ചകളാണ്…
ഇതുവരെക്കും ജീവിതത്തിൽ കാണാത്തവ…

“”ചിഞ്ചുട്ടി ആകെ സങ്കടത്തിലാ… അരവിന്ദേട്ടൻ വന്നിട്ട് ഒന്ന് അത്രേം വരെ വരിക കൂടി ഉണ്ടായില്ല എന്ന് പറഞ്ഞ്…”””

“””വരൂ അമ്മായീടെ കൂടെ പോകാം..”””

എന്ന് പറഞ്ഞ് അവർ ക്ഷണിച്ചു..

“”” ഞാൻ എങ്ങോട്ടും വരുന്നില്ല പോയിക്കോളൂ… “”

എന്നായിരുന്നു മറുപടി അത് കേട്ട് ചിരിച്ച അവരുടെ മുഖം പതിയെ മാറുന്നുണ്ടായിരുന്നു…

“””ഞങ്ങളൊക്കെ
അന്യന്മാരായതുകൊണ്ടാണോ?? അതോ ഇപ്പോൾ പണം ആയപ്പോൾ ഞങ്ങൾക്ക് പത്രാസില്യാണ്ടായോ??””

എന്ന് ചോദിച്ചു അവർ.. പുച്ഛത്തോടെ ഒന്ന് ചിരിച്ചതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല അരവിന്ദ്..
പകരം,

“”എനിക്ക് ഒരിടം വരെ പോകാനുണ്ട് “””

എന്ന് മാത്രം പറഞ്ഞു..

“”ഓ അപ്പോ ഞാൻ പോണായിരിക്കും… ഹാ പണ്ടത്തെ ബന്ധവും വെച്ച് തിരഞ്ഞു വന്നത് എന്റെ പിടിപ്പുകേട് “”

എന്നും പറഞ്ഞ് എന്തൊക്കെയോ പിറു പിറുത്ത് പോയി…

അതുകണ്ട് ഒട്ടും വിഷമം തോന്നിയില്ല അരവിന്ദന്റെ ഓർമ്മകൾ പുറകിലേക്ക് പോയി…

“””പൊട്ടീടെ മോനും പൊട്ടനാ “”

“”പൊട്ടൻ!!!’

ഇങ്ങനെയുള്ള വിളികൾ മാത്രമാണ് ചെറുപ്പത്തിൽ കേട്ടത്. അരവിന്ദ് എന്ന് തന്റെ പേര് പോലും മറന്നിരുന്നു..

രണ്ട് ആങ്ങളമാർക്ക് ഇളയതായി ബുദ്ധിവളർച്ചയില്ലാത്ത ഒരു അനിയത്തി ഉണ്ടായപ്പോൾ അവർക്കത് നാണക്കേടായിരുന്നു..
അമ്മയും അച്ഛനും ഉള്ള കാലം വരെ അവൾക്ക് സുഖമായിരുന്നു അവർ കണ്ണിലെ കൃഷ്ണമണി പോലെ നോക്കും….

പക്ഷേ അവരെ രണ്ടുപേരെയും ദൈവം അങ്ങോട്ട് വിളിച്ചതിന് ശേഷം ദുരിതം എന്താണ് അറിയുകയായിരുന്നു ആ പാവം പെണ്ണ്…

ആരെയും ദ്രോഹിക്കാൻ അറിയില്ല എപ്പോഴും ചിരിച്ചുകൊണ്ട് ഒരു പാവം…

സ്വത്ത് വീതം വച്ചപ്പോൾ ഒരു ഓഹരി അവളുടെ പേരിലും ഉണ്ടായിരുന്നു അതുകൊണ്ട് മാത്രം ഇളയ ആങ്ങള നോക്കാമെന്നേറ്റു….

ഭാര്യയുടെ എതിർപ്പ് വകവയ്ക്കാതെ അവളെ അവിടെ കൊണ്ടുവന്നു… അതിനുശേഷം നരകം എന്താണെന്ന് ശരിക്കും അറിയുകയായിരുന്നു ആ പാവം… കിടക്കാൻ സ്ഥലം കൊടുക്കില്ല ഉമ്മറത്ത് വല്ല ചാക്കോ മറ്റോ വിരിച്ചു കിടക്കണം..

കഴിക്കാൻ നല്ല ഭക്ഷണം കൊടുക്കില്ല അവരെല്ലാം കഴിച്ചു കഴിഞ്ഞ് വല്ലതും ബാക്കിയുണ്ടെങ്കിൽ അതും കേടുവന്നതും ഒക്കെ കൊടുക്കും ചിലപ്പോൾ അതും ഇല്ല…

എന്നിട്ടും അവൾ ചിരിച്ചു മനോഹരമായി തന്നെ… ആരോടും ദേഷ്യം കാണിക്കാതെ…

ഒരിക്കൽ അറിഞ്ഞു അവളുടെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ടെന്ന്.. അത് ആരുടേതാണെന്ന് പറയാനുള്ള ബുദ്ധി പോലും ആ പാവത്തിന് ഉണ്ടായിരുന്നില്ല…

ആരൊക്കെയോ പറഞ്ഞു നടന്നത് ആങ്ങളയുടെ ഭാര്യയുടെ അനിയൻ കുറച്ചുദിവസം അവിടെ വന്നു നിന്നപ്പോൾ അയാൾ സമ്മാനിച്ചതാണ് എന്നായിരുന്നു..

അതേപ്പറ്റി അയാളോട് ചോദിച്ചപ്പോൾ വിദഗ്ധമായി ഒഴിഞ്ഞുമാറി..

നാൾക്ക് നാൾ വീർത്തുവരുന്ന വയറും അസ്വസ്ഥതകളും എല്ലാം സഹിച്ച് അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി… പക്ഷേ അവനേ നേരാംവണ്ണം നോക്കാനോ വളർത്താനോ ഒന്നും അവൾക്കറിയില്ലായിരുന്നു….

അധികകാലം മകനൊത്ത് ജീവിക്കാനും അവൾക്കായില്ല വെറും രണ്ടു വയസ്സ് മകന് ഉണ്ടാകുമ്പോൾ തന്നെ അസുഖം വന്ന് അവൾ വിട പറഞ്ഞു…

പിന്നെ നരക ജീവിതം മുഴുവൻ അവന് ആയിരുന്നു പൊട്ടൻ എന്നല്ലാതെ അരവിന്ദൻ എന്ന അവന്റെ പേര്
അവനെ ആരും വിളിച്ചില്ല..

കുട്ടിയുടെ മകൻ അവനും പൊട്ടനാവും എന്ന് എല്ലാവരും കരുതി..

അവൻ ആരോടും സംസാരിക്കാതെയായി..

കളിയാക്കലുകൾ മാത്രം ഏറ്റുവാങ്ങാൻ എന്തിനാണ് മറ്റുള്ളവരോട് കൂട്ടുകൂടുന്നത് എന്ന് അവനും തോന്നിക്കാണും…

അമ്മാവന് മകൾ ഉണ്ടായി.. ചിഞ്ചു… ഒരിക്കൽ അവളെ ഒന്ന് എടുത്തതിന് ഇത്തിരി ഒന്നുമല്ല തല്ലു കൊണ്ടിട്ടുള്ളത്..

“””നാശം.. കുഞ്ഞിനെ വല്ലതും ചെയ്യാനാണോ?””

എന്ന് ചോദിച്ചു അമ്മായി അന്ന് ദേഷ്യപ്പെട്ടു.. ഒത്തിരി അടിച്ചു അത് എന്തിനാണെന്ന് പോലും മനസ്സിലാവാതെ കുഞ്ഞു അരവിന്ദൻ തല്ലു കൊണ്ടു…

‘”ദേ… ഈ പൊട്ടനോട് പറഞ്ഞേക്ക് എന്റെ ചിഞ്ചുട്ടീടെ നിഴൽ വക്കത്ത് പോലും വന്നേക്കരുത് എന്ന് ””

ഇന്ന് അമ്മാവനെ നോക്കി അവർ പറഞ്ഞു..
പിന്നെ എന്റെ സ്ഥാനം കടത്തിണ്ണയിൽ ആയിരുന്നു….

അവിടെ അടുത്ത് ചായക്കട നടത്തുന്ന ഒരു ചേട്ടൻ ഉണ്ട് അയാൾക്ക് എന്നോട് സഹതാപം തോന്നി മൂന്നുനേരം വല്ലതും കഴിക്കാൻ തരും ..
അത്രപോലും അമ്മാവനോ അമ്മായി എനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല… അമ്മയുടെ സ്വത്ത് അവർ സ്വന്തം എന്നപോലെ ആക്കി…

എന്നെ കറിവേപ്പില പോലെ പുറത്തേക്കും…
മെല്ലെ ആ ചായക്കടയിൽ എന്നെക്കൊണ്ട് കഴിയാവുന്ന രീതിയിൽ എല്ലാം സഹായിക്കാൻ തുടങ്ങി അങ്ങനെ അവിടുത്തെ ജോലിക്കാരനായി…

മൂന്ന് നേരം ഭക്ഷണവും എന്തെങ്കിലും ചില്ലറയും എന്നതിലുപരി അവിടെ നിന്നും ഒന്നും കിട്ടിയില്ല…

അങ്ങനെയാണ് ആ ചേട്ടന്റെ ഒരു ബന്ധുവിന്റെ കൂടെ ബോംബെയിലേക്ക് പോകുന്നത്..
അയാൾക്ക് അവിടെ ചായക്കട ആയിരുന്നു…
നാട്ടിൽനിന്ന് എക്സ്പീരിയൻസ് ആയപ്പോൾ കൊണ്ടുപോയതാണ് എന്നെ…

അയാൾക്കൊരു സഹായി വേണമെന്ന് പറഞ്ഞ്…
ഒരുപക്ഷേ ശമ്പളം കുറച്ച് തന്നാൽ മതിയാവും എന്ന് അയാളും കരുതിക്കാണും….

പിന്നീടായിരുന്നു എന്റെ ജീവിതത്തിലെ നല്ല കാലഘട്ടം.. അവിടെ അടുത്തൊരു ഫാമിലി ഉണ്ടായിരുന്നു. ചായക്കടയിലെ ജോലി കഴിഞ്ഞാൽ അവർക്ക് എന്തെങ്കിലുമൊക്കെ സഹായം ചെയ്തു അവിടെ കൂടും..

അവിടെ വയസ്സായ ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ അയാളുടെ മക്കളൊക്കെ ദുബായിലും അമേരിക്കയിലും ഒക്കെയാണ്.

അവർക്ക് ഞാൻ അവിടെയുള്ളത് വളരെ ആശ്വാസമായിരുന്നു.. അങ്ങനെയാണ് അവരെ ഒരു മകൻ അയാളുടെ ഒപ്പം താമസിക്കാൻ വേണ്ടി കൊണ്ടുപോയത്…

പോകാൻ നേരം ദുബായിലുള്ള മകനോട് എന്നെപ്പറ്റി എല്ലാം പറഞ്ഞു കൊടുത്തിരുന്നു എനിക്ക് അവിടെ എന്തെങ്കിലും ഒരു ജോലി ശരിയാക്കി തരാനും…

അച്ഛന്റെയും അമ്മയുടെയും വാക്കിന് വലിയ വില കൊടുക്കുന്നവരായിരുന്നു ആ മക്കൾ..
അവരുടെ ആഗ്രഹപ്രകാരം തന്നെ അദ്ദേഹം നാട്ടിൽ വന്ന് എന്നെ അങ്ങോട്ടേക്ക് കൊണ്ടുപോയി.. അത്യാവശ്യം നല്ലൊരു ജോലിയും വാങ്ങിത്തന്നു…

ഇത്തിരി അധ്വാനം കൂടുതലാണ് എങ്കിലും ഓവർടൈം എല്ലാം ചെയ്തു പൈസ സമ്പാദിക്കാം…

കൊണ്ടുപോകുമ്പോൾ അദ്ദേഹവും പറഞ്ഞത് അതാണ് മെയ് മറന്ന് പണി ചെയ്യാൻ നോക്ക് ആദ്യം എങ്കിലേ സമ്പാദിക്കാൻ കഴിയൂ എന്ന്..

സമ്പാദിച്ചു…

ഇനി നാട്ടിലേക്ക് പോകണോ എന്ന് വെറുതെ ചിന്തിച്ചു അവിടെ എനിക്ക് ആരും തന്നെ ഉണ്ടായിരുന്നില്ലല്ലോ… എങ്കിലും വെറുതെ പോണം എന്ന് കരുതി…

അപ്പോഴാണ് ഇതുവരെ ഇല്ലാത്ത ബന്ധുക്കളുടെ എല്ലാം വരവ്… ഒപ്പം നാട്ടുകാരുടെയും പൊട്ടൻ എന്ന് വിളിച്ചു കളിയാക്കിയവർ പലരും സ്നേഹവുമായി എത്തി….

അർഹിക്കുന്ന അവഗണന നൽകി എല്ലാവരെയും തിരിച്ചയച്ചു വയ്യാത്ത അമ്മാവനെയും വിളിച്ചു കൊണ്ടായിരുന്നു പിന്നെ അമ്മായിയുടെ വരവ്… ചിഞ്ചുട്ടിക്കു വേണ്ടി എന്നെ വിവാഹം ആലോചിക്കാൻ…

ഒരിക്കൽ ഞാൻ ഒന്ന് എടുത്തപ്പോൾ എന്നെ തല്ലി ചതച്ചതാണ് ഒന്നും മറന്നിട്ടില്ലായിരുന്നു ഞാൻ..

അവരോട് മുഖത്ത് നോക്കി തന്നെ പറഞ്ഞു എനിക്ക്, അത്യാവശ്യത്തിന് പണമുള്ള വീട്ടിൽ നിന്ന് മതി അതും നല്ല ഭംഗിയുള്ള പെണ്ണിനെ എന്ന്…. തത്കാലം ചിഞ്ചുട്ടി വേണ്ട നിങ്ങൾ പൊയ്ക്കോ… എന്ന്…

പണക്കാരൻ ആയപ്പോൾ അവരെ മറന്നു എന്ന് മറ്റും ശപിച്ച് രണ്ടുപേരും ഇറങ്ങിപ്പോയി

വല്ലാത്ത ഒരു നിർവൃതി ആയിരുന്നു അപ്പോൾ…
ആ അപ്പൂപ്പനും അമ്മൂമ്മയും നാട്ടിലെത്തിയിട്ടുണ്ട് എന്നറിഞ്ഞു ബോംബെയിൽ അവരെ പോയി കാണണം…

എനിക്ക് അവിടെ ഒരു സുന്ദരിക്കുട്ടിയെ കണ്ടുവെച്ചിട്ടുണ്ടത്രെ… അവരുടെ ആഗ്രഹപ്രകാരം വിവാഹവും കഴിക്കണം…

പിന്നെയും ഒന്നുകൂടി നാട്ടിലേക്ക് വരണം.. എല്ലാവരുടെയും കണ്ണിലെ നീരാശ ഒന്നുകൂടെ കാണാൻ…

Leave a Reply

Your email address will not be published. Required fields are marked *