എന്നും സാർ ക്ലാസിൽ വരും.. ഇടയ്ക്ക് മിഴികൾ എന്നെ തേടി വരുന്നത് കാണാം.. അതിന്റെ തിളക്കം… അറിയാതെ എപ്പോഴോ തിരിച്ചറിഞ്ഞിരുന്നു…

(രചന: J. K)

കോളേജിൽ ആദ്യത്തെ ദിവസമായിട്ട് ഇന്ന് തന്നെ നേരം വൈകിക്കണോ കുട്ട്യേ??

മുത്തശ്ശി പറഞ്ഞപ്പോൾ ആണ് അമൃത
ക്ലോക്കിൽ നോക്കിയത്..

“”എന്റെ ദേവീ സമയം ഇപ്പഴാ നോക്കിയേ… എട്ടര ഇതിപ്പോ ഇന്ന് എന്തായാലും വൈകും…””

വേഗം ഡ്രസ്സ്‌ മാറി ഓടിയപ്പോഴേക്കും നേരം പിന്നേം വൈകി..

ആതിരയോട് ഞാൻ കൃത്യസമയത്ത് ബസ്റ്റോപ്പിൽ ഉണ്ടാകും എന്നാണ് പറഞ്ഞത്.പക്ഷേ നേരം വൈകിയത് കൊണ്ടാണെന്ന് തോന്നുന്നു അവൾ പോയിട്ടുണ്ട്…

അത് കണ്ടപ്പോൾ നെഞ്ച് ഒന്നാളി..
കോളേജിലേക്ക് ഉള്ള സ്റ്റോപ്പിൽ ഇറങ്ങിയാൽ അവിടെ വലിയ ട്രാഫിക്കാണ് റോഡ് മുറിച്ച് കടക്കാൻ പേടിയാണ്… ഇതിനുമുമ്പ് കോളേജിൽ പോയ സമയത്തൊക്കെ ആതിരയാണ് സഹായിച്ചിട്ടുള്ളത് അവളുടെ കയ്യും പിടിച്ച് പുറകെ ഓടും..
ഇന്നിപ്പോ ആദ്യത്തെ ദിവസം അവളും പോയിട്ടുണ്ട് ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ നിന്നു
എന്തായാലും പോയല്ലേ പറ്റൂ അതുകൊണ്ട് പോയി..
കോളേജിനടുത്തായി സ്റ്റോപ്പിൽ ഇറങ്ങി.. റോഡ് ക്രോസ് ചെയ്യാൻ നോക്കുമ്പോൾ വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും ചീറി പാഞ്ഞു പോകുന്നു എങ്ങനെ ക്രോസ് ചെയ്യും എന്ന് അറിയില്ലായിരുന്നു…

ഇതുവരെ ഈ ഒരു കാരണം കൊണ്ട് ഒറ്റയ്ക്ക് എങ്ങോട്ടും പോയിട്ടില്ല..

എന്തോ വല്ലാത്ത പേടിയാണ് റോഡിൽ വണ്ടികൾ ഇങ്ങനെ ചീറിപ്പാഞ്ഞ് പോകുന്നത് കാണുമ്പോൾ..
ഒരുപക്ഷേ വളരെ ചെറുപ്പത്തിൽ റോഡ് ക്രോസ് ചെയ്യുമ്പോൾ ഒരു ആന്റിയെ വണ്ടി ഇടിച്ചത് കണ്ടിരുന്നു അതുകൊണ്ടാകാം..

പ്ലസ് ടു വരെ വീടിനടുത്തുള്ള സ്കൂളിലാണ് പഠിച്ചത്. അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. കോളേജ് ഇത്രയും ദൂരെയാണ് എന്നറിഞ്ഞപ്പോൾ മുതൽ ഉള്ളിലുള്ള ടെൻഷനാണ് ഇത്… അതുകൊണ്ടു തന്നെ കൂട്ടുകാരിയെ പറഞ്ഞു ചട്ടം കെട്ടിയിരുന്നു.ഒപ്പം ഉണ്ടാവണമെന്ന് കഷ്ടകാലത്തിന് ഇന്ന് നേരവും വൈകി.അവൾ നേരത്തെ പോവുകയും ചെയ്തു…

എങ്ങനെയെങ്കിലും ഒന്ന് കടക്കണമല്ലോ ഈശ്വരാ എന്ന് ചിന്തിച്ചു നിന്നു.പിന്നെ ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ് കണ്ണടച്ച് റോഡ് ക്രോസ് ചെയ്തത്. തുറന്നു പിടിച്ചു എന്തായാലും കഴിയില്ല എന്ന് അറിയാം..

കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു..
ഒട്ടും താമസിച്ചില്ല എന്തോ ഒരു വണ്ടി വന്നു തട്ടി തെറിപ്പിച്ചിട്ടു പേടിച്ചു കണ്ണ് തുറന്നു ചത്തോ?? എന്ന് വിചാരിച്ചു…

ഭാഗ്യം ജീവൻ പോയിട്ടില്ല അല്പം ബാക്കിയുണ്ടെന്ന് തോന്നുന്നു കയ്യും കാലും ഒക്കെ നല്ല വേദന..
കണ്ണ് തുറന്നപ്പോൾ ഒരു ബൈക്ക് കാരനാണ്..

ഹെൽമറ്റ് മാറ്റിയപ്പോഴാണ് അയാളുടെ മുഖം കണ്ടത് ഒരു സുന്ദരക്കുട്ടൻ വളരെ ദേഷ്യത്തോടെ അരികിൽ വന്ന് എന്തൊക്കെയോ പറയുന്നുണ്ട്..

“” കണ്ണു കാണാനില്ല വീട്ടിൽ പറഞ്ഞിട്ടല്ലേ പോരുന്നത് എന്നൊക്കെയുള്ള സാധാരണ ക്ളീഷേ ഡയലോഗുകൾ….

എന്താന്നറിയില്ല അതൊക്കെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി..
അത് കണ്ട് പാവം തോന്നിയിട്ടാണെന്ന് തോന്നുന്നു മിണ്ടാതെ ബൈക്കും എടുത്ത് അയാൾ പോയത്…

തെറ്റ് എന്റെ അടുത്താണെന്ന് എല്ലാവർക്കും മനസ്സിലായിരിക്കുന്നു…
ചുറ്റും കുറെ ആളുകൾ കൂടിയിരുന്നു. അവരുടെ ഭാഗത്തുനിന്നും എനിക്കാണ് ചീത്ത കേൾക്കുന്നത്..

വേഗം എണീറ്റ് ബാഗ് തപ്പിയെടുത്ത് കോളേജിലേക്ക് നടന്നു കാലൊക്കെ ശരിക്കും നല്ല വേദനയുണ്ട്…

നാണം കെട്ടു പോരാത്തതിന് നാട്ടുകാരുടെ വക ചീത്തയും ശരിക്കും കരച്ചിൽ വന്നു വേഗം വാഷ് റൂമിലേക്ക് ഓടി അവിടെ നിന്നും കരഞ്ഞു.. പിന്നെ കണ്ണും മുഖവും കഴുകി ഒക്കെ ആണ് ക്ലാസിലേക്ക് ചെന്നത്… അപ്പോ അവിടെ ഇരിപ്പുണ്ട് ആതിര മിണ്ടാനേ പോയില്ല…

അവൾ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും നടക്കില്ല ആയിരുന്നു… ഒരിത്തിരി നേരം അവൾക്ക് കാത്തു നിന്നാൽ എന്താ അതൊക്കെ ആയിരുന്നു മനസ്സിൽ ….

അവൾ കുറെ അടുത്ത് വന്നു മിണ്ടാൻ നോക്കി. എന്റെ കയ്യിന്റെ മോളിൽ ആകെ മുറിയൊക്കെ കണ്ട് ആളാകെ പേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു…

എന്താടി ഉണ്ടായത് എന്ന് കുറെ പുറകെ നടന്നു ചോദിച്ചു ഞാൻ ഒന്നും മിണ്ടാൻ പോയില്ല

അവസാനം അവൾ പറഞ്ഞു പറഞ്ഞു എന്നെക്കൊണ്ട് മിണ്ടിച്ചു… അങ്ങനെയാണ് ഉണ്ടായത് പറഞ്ഞത് എല്ലാം കേട്ട് അവൾ പറഞ്ഞു ഇനി എത്ര വൈകിയാലും നിന്നെ ഞാൻ കാത്തു നിന്നോളാം എന്ന്…

പെട്ടെന്നാണ് ക്ലാസിലേക്ക് സാറ് കേറിവന്നത്. അയാളെ കണ്ടതും എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. നേരത്തെ റോഡിൽ അതേ ബൈക്ക് കാരൻ….

സാറ് എന്നെ കണ്ടതും പതിയെ ഒന്ന് ഞെട്ടി എന്നു തോന്നുന്നു. പിന്നെ അത് മുഖത്ത് കാണിക്കാതെ ക്ലാസെടുക്കാൻ തുടങ്ങി. ഇടയ്ക്കിടയ്ക്ക് ആ കണ്ണ് എന്റെ മേലെ വന്നു വീണിരുന്നു..

ക്ലാസ് കഴിഞ്ഞതും എന്നെ പുറത്തേക്കു വിളിച്ചിട്ട് ചോദിച്ചു ഡോക്ടറുടെ അടുത്ത് പോകണോ എന്ന്…
എന്റെ കയ്യിൽ മുറികൾ ഒക്കെ കണ്ടു കാണണം..
ഞാൻ വേണ്ട എന്ന് പറഞ്ഞു… പിന്നെ ചിരിയോടെ ചോദിച്ചു എന്തിനാ ഓടി വന്ന് ബൈക്കിനെ ഇടിച്ചേ എന്ന്…

അപ്പോഴേക്കും ആതിര പുറത്തേക്ക് വന്നിരുന്നു ഇവർക്ക് റോഡ് മുറിച്ചു കിടക്കാൻ പേടിയാ സാർ എന്നും പറഞ്ഞു…

സമാധാനമായി ബാക്കി കൂടി നാണം കെട്ടു…
അതൊരു തുടക്കമായിരുന്നു വല്ലാത്തൊരു ബന്ധത്തിന്റെ..
എന്നും സാർ ക്ലാസിൽ വരും.. ഇടയ്ക്ക് മിഴികൾ എന്നെ തേടി വരുന്നത് കാണാം..
അതിന്റെ തിളക്കം…
അറിയാതെ എപ്പോഴോ തിരിച്ചറിഞ്ഞിരുന്നു…

തിരിച്ചും എന്തോ എന്റെ ഉള്ളിലും പേരറിയാത്ത വല്ലാത്തൊരു ഇഷ്ടം സാറിനോട് തോന്നിയിരുന്നു…

പക്ഷേ തുറന്നു പറയാൻ ഒരു ഭയം..
ഒടുവിൽ ഒരു ദിവസം കേട്ടു സാറെ നാട്ടിൽ പോയി എന്നും സാറിന്റെ കല്യാണമാണ് എന്ന് കേട്ടതും തകർന്നു പോയിരുന്നു..

കുറെ നാളായി ഉള്ളിൽ കൊണ്ട് നടന്ന പ്രണയം ഉള്ളിൽ തന്നെ ഇരുന്ന് അങ്ങനെ വിങ്ങി…

അപ്പോഴേക്കും ആർക്കൊക്കെയോ സാറിന്റെ കല്യാണ ഫോട്ടോ കിട്ടിയിരുന്നു..

ഒരു സുന്ദരി പെണ്ണ്..

പക്ഷേ എനിക്ക് മാത്രം എന്തോ കാണും തോറും കണ്ണൊക്കെ നീറി തുടങ്ങി…
മിഴികൾ അനുസരണക്കേട് കാണിച്ചു..

എങ്ങനെയൊക്കെയോ അവരുടെ മുന്നിൽ പിടിച്ചുനിന്നു വീട്ടിലെത്തിയതും മുഴുവൻ നിയന്ത്രണങ്ങളും പോയിരുന്നു ഞാൻ കരഞ്ഞു..
മതിയാവോളം കരഞ്ഞു..

പിന്നെയും മൂന്നാം ദിവസം കഴിഞ്ഞപ്പോൾ സാറ് ക്ലാസിന് വരാൻ തുടങ്ങി..

ഒരു മാസമെങ്കിലും ലീവ് ഉണ്ടാവും എന്ന് പറഞ്ഞ് വെറും രണ്ടാഴ്ചകൊണ്ട് ജോലിക്ക് എത്തിയിരുന്നു..
പക്ഷേ പിന്നീട് അങ്ങോട്ട് ശ്രദ്ധിക്കാനായി പോയില്ല എന്റെ കാര്യം മാത്രം നോക്കി നടന്നു..

പെട്ടെന്ന് ഒരു ദിവസം ലൈബ്രറിയിലേക്ക് ചെന്നപ്പോൾ സാർ ഓപ്പോസിറ്റ് വന്നിരുന്നു..
ഒന്ന് നോക്കി വേഗം അവിടെനിന്ന് എണീറ്റ് പോകാൻ നോക്കിയ എന്നെ കൈപിടിച്ച് അടുത്തുള്ള സീറ്റിൽ ഇരുത്തി…

“” എന്നാ തന്റെ പ്രശ്നം എന്ന് ചോദിച്ചു??

ഒന്നും പറയാനുണ്ടായിരുന്നില്ല..

കണ്ണിന്റെ കോണിൽ നനവ് പടരുന്നത് അറിഞ്ഞു..

“”സാ.. സാറിന്റെ കല്യാണം കഴിഞ്ഞോ??””

വിറച്ചിട്ടാണെങ്കിലും ചോദിച്ചു അത് കേട്ട് ചിരിയോട് സാർ പറഞ്ഞു കല്യാണം കഴിഞ്ഞത് സത്യമാ പക്ഷേ അത് എന്റെ അല്ല എന്റെ ട്വിൻ ബ്രദറിന്റെ ആണ്… എന്ന്..

അവർ ഐഡന്റിക്കൽ ട്വിൻസ് ആണത്രേ..

“”” അതെ എന്റെ വിവാഹം കഴിഞ്ഞെന്ന് വച്ച് തനിക്ക് എന്തിനാ സങ്കടം?? “”

എന്ന് തിരിച്ചു ചോദിച്ചപ്പോൾ കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ ഞാൻ ഇരുന്നു പരുങ്ങി .

ചിരിയോടെ സാർ പറഞ്ഞു എനിക്കും ഇഷ്ടമാണ് തന്നെ എന്ന്..

അത് കേട്ട് മിഴിച്ചിരുന്ന എന്നോട് ഇത്ര കൂടി പറഞ്ഞു സാറ്..
തന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് ഉടൻതന്നെ അമ്മയും അച്ഛനും അവിടെ വന്ന് പെണ്ണ് അന്വേഷിക്കും എന്ന്..
എന്നുവച്ച് ഉഴപ്പിയാൽ ചെവി ഞാൻ പൊന്നാക്കും കേട്ടോ എന്നുകൂടി പറഞ്ഞു സാർ അവിടെ നിന്നും പോയപ്പോൾ,
സ്വയം പിച്ചി നോക്കുകയായിരുന്നു സത്യം തന്നെ ആണോ എന്ന് അറിയാൻ….

Jk

Leave a Reply

Your email address will not be published. Required fields are marked *