അന്ന് രാത്രിയാണ് റിസപ്ഷൻ എന്ന് പറഞ്ഞു പക്ഷേ റിസപ്ഷന് എന്നെ ആരും പുറത്തേക്ക് വിളിച്ചില്ല മുറിയിൽ കൊണ്ടുപോയി ഇരുത്തി ഇവിടെ ഇരുന്നോളൂ എന്ന് പറഞ്ഞു

(രചന: J. K)

ഗവൺമെന്റ് ജോലിക്കാർക്ക് മാത്രമേ ഞാൻ എന്റെ മോളെ കെട്ടിച്ചുകൊടുക്കു എന്ന് ഒറ്റക്കാലിൽ നിൽക്കുകയായിരുന്നു അച്ഛൻ ഒരുപാട് നല്ല നല്ല കല്യാണ ആലോചനകൾ വന്നതാണ്

പക്ഷേ ഗവൺമെന്റ് ജോലി ഉള്ളോർക്ക് മാത്രമേ ഇവിടെ നിന്നും പെണ്ണുള്ളൂ എന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു അതെല്ലാം..

ഒടുവിൽ അച്ഛന്റെ ആഗ്രഹം പോലെ തന്നെയാണ് ആ വിവാഹാലോചന വന്നത്..

സ്വന്തം മകളും ഭർത്താവും തമ്മിലുള്ള പന്ത്രണ്ടു വയസ്സിന്റെ വ്യത്യാസമോ കൂട്ടരുടെ സ്വഭാവമോ ഒന്നും അച്ഛന് ഒരു കാര്യമായിരുന്നില്ല എല്ലാം അയാളുടെ ഗവൺമെന്റ് ജോലി എന്നതിന്റെ മുന്നിൽ നിഷ്പ്രഭമായി..

വിവാഹം ഉറപ്പിച്ചത് മുതൽ ആരോടെയൊക്കെയോ ഫോൺ വിളിച്ച് പറയുന്നുണ്ടായിരുന്നു എന്റെ മോളുടെ ഭാവി സുരക്ഷിതമായി ഒന്നുമില്ലെങ്കിലും അവൻ ഒരു ഗവൺമെന്റ് ജോലിക്കാരൻ അല്ലേ ഇനിയിപ്പോൾ ജോലി കഴിഞ്ഞാലും പെൻഷൻ ഉണ്ട് മിണ്ടാതെ ഒരു ഭാഗത്ത് കഞ്ഞിയും കുടിച്ചു കിടക്കാം എന്നൊക്കെ….

“””അപ്പോ ഇനി എന്റെ ഭാവിയിൽ മുഴുവൻ എനിക്ക് കഞ്ഞി കുടിച്ചു കിടക്കേണ്ടി വരും!!!

ഞാൻ ഓർത്തു…

പെണ്ണുകാണാൻ വന്നത് മുതൽ അവരുടെ സ്വഭാവം എനിക്കെന്തോ വിചിത്രമായി തോന്നിയിരുന്നു..

ഒന്നുകൂടി അന്വേഷിച്ചിട്ട് പോരെ എന്ന എന്റെ ചോദ്യത്തിന് അച്ഛൻ മറുപടി ഒരു കൂർത്ത നോട്ടം കൊണ്ടാണ് തന്നത് അതുകൊണ്ടുതന്നെ എന്റെ വായ അടഞ്ഞു. അച്ഛനെ അനുസരിക്കുകയല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ല എന്ന് മനസ്സിലാക്കി..

വിവാഹം കഴിഞ്ഞത് മുതൽ അവിടെ ആകെ ഒരു വശപ്പിശക് ആയിരുന്നു…

അന്ന് രാത്രിയാണ് റിസപ്ഷൻ എന്ന് പറഞ്ഞു പക്ഷേ റിസപ്ഷന് എന്നെ ആരും പുറത്തേക്ക് വിളിച്ചില്ല മുറിയിൽ കൊണ്ടുപോയി ഇരുത്തി ഇവിടെ ഇരുന്നോളൂ എന്ന് പറഞ്ഞു ഏതൊക്കെയോ പെണ്ണുങ്ങൾ മാത്രം എന്നെ പരിചയപ്പെട്ടു ഞാൻ അവരോടെല്ലാം ചിരിച്ച് സംസാരിച്ചു..

അവിടെ റൂമിലേക്ക് എനിക്കെന്തെങ്കിലും കുടിക്കാൻ വേണോ എന്ന് ചോദിച്ചു വന്ന ഏടത്തിയമ്മയോട് ഞാൻ ചോദിച്ചിരുന്നു റിസപ്ഷൻ എപ്പോഴാണ് തുടങ്ങുക എന്ന്. ചിരിയോടെ അവർ പറഞ്ഞു അതൊക്കെ എപ്പോഴേ തുടങ്ങിയല്ലോ എന്ന്. ഞാൻ അത്ഭുതത്തോടെ അവരെ നോക്കി അപ്പോൾ പറഞ്ഞു,

കുട്ടി ഓരോ സ്ഥലത്ത് കണ്ടപോലെ ആണും പെണ്ണും കൂടി ഒരുമിച്ചു സ്റ്റേജിൽ നിൽക്കുന്ന പതിവ് ഇവിടെയില്ല.. അവന്റെ ആളുകൾ എല്ലാം വരുമ്പോൾ അവൻ സ്വീകരിക്കും പെണ്ണുങ്ങൾ മാത്രമേ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയുള്ളൂ…
ഞങ്ങളുടെ കല്യാണവും ഇതുപോലെ തന്നെയായിരുന്നു എന്ന്…

ഇത് ഏത് നൂറ്റാണ്ടിലാണ് ഞാൻ ജീവിക്കുന്നത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ അപ്പോൾ..

ചെറിയ രീതിയിൽ വയറു വേദനിക്കുന്നുണ്ടായിരുന്നു ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു വയറുവേദന എന്ന് കരുതി എനിക്കൊന്നു ബാത്റൂമിലേക്ക് പോണം എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ഏടത്തിയമ്മയോട് ചോദിച്ചത് അപ്പോൾ കാണിച്ചുതന്നു വീടിന്റെ അടുത്ത് നിന്ന് ഒരു കിലോമീറ്റർ അപ്പുറത്തുള്ള ടോയ്‌ലറ്റ്..

“” ഇവിടെയാണോ എല്ലാവരും??? “”

എന്ന് ചോദിച്ചപ്പോൾ ഏടത്തിയമ്മ പറഞ്ഞിരുന്നു ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന്..

ഞാൻ ബാത്റൂമിൽ പോയി.. ആകെ കൂടി എനിക്ക് മടുപ്പ് തോന്നാൻ തുടങ്ങിയിരുന്നു..
എനിക്ക് പീരീഡ്സ് ആയിരുന്നു അപ്പോഴേക്ക്.. കല്യാണത്തിന്റെ ടെൻഷനും പിന്നെ ഈ അലച്ചിലും എല്ലാംകൊണ്ടും അഞ്ച് പത്ത് ദിവസം മുന്നേ ആണ്..

അതുകൊണ്ടുതന്നെ പാടും കയ്യിൽ കരുതിയിരുന്നില്ല ഞാൻ ഏടത്തിയമ്മയോട് ചോദിച്ചു..

കണ്ണുംതള്ളി എന്നെ നോക്കുന്നത് കണ്ടു അതിനു ശേഷം ഒരു ഓട്ടവും പിന്നെ ഒരു സംഘം പെണ്ണുങ്ങൾ അങ്ങോട്ടേക്ക് വരുന്നതാണ് കണ്ടത്..

“””എന്താ കുട്ടി വലതുകാലു വച്ച് കേറിയ ദിവസം തന്നെ ഇങ്ങനെ ആയല്ലോ…??
ഇപ്പോഴായത് ഭാഗ്യം ഇതിനു മുന്നേ ആയിരുന്നെങ്കിൽ ആകെ ശുദ്ധക്കേട് ആയേനെ…””

“””അതിന് ഞാൻ പീരിയഡ്സ് ആണ് ആയത് എന്ന് അവരുടെ മുഖത്ത് നോക്കി പറഞ്ഞു..

അവരുടെയെല്ലാം മട്ടും ഭാവവും കണ്ടപ്പോൾ ഏതോ അവിഹിത ഗർഭവും വയറ്റിലിട്ട് വന്നു കയറിയ മട്ടായിരുന്നു…

അപ്പോഴേക്കും ഏടത്തിയമ്മ ഒരു വലിയ സാരി എനിക്ക് കൊണ്ട് തന്നു. അതും പിടിച്ച് ഞാൻ അവരെ തന്നെ നോക്കി..

“”” കോട്ടന്റെ പഴയ സാരിയാ ഇതിന്ന് ആവശ്യമുള്ളത് കീറിയെടുത്തൊ… “”

ആ പറഞ്ഞത് സത്യമായിരുന്നു പഴയത് എന്ന് പറഞ്ഞാൽ ഒരുപാട് കാലം പഴക്കമുള്ള ഒരു സാരി..

“”” എനിക്ക് ഇത് വെച്ചാൽ ഇൻഫെക്ഷൻ വരും പാഡില്ലേ?? “”

എന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഇതാ നല്ലത് എന്ന്… പത്തിരുപത്തൊന്നു വയസ്സുവരെ എനിക്ക് തോന്നാത്ത കാര്യം..!!!

അതുകഴിഞ്ഞ് ഭക്ഷണം കഴിച്ച് മേലും കഴുകി…
അടിവസ്ത്രങ്ങൾ അലക്കിയെടുത്തു, അപ്പോഴേക്കും ഏടത്തിയമ്മ ഓടി വന്നിരുന്നു എന്നിട്ട് എന്നോട് പറഞ്ഞു..

ഇതൊക്കെ ആളുകൾ കാണുന്ന ഇടത്തൊന്നും ഇടണ്ട ട്ടോ മോശമാ ദൂരെ എവിടെയെങ്കിലും കൊണ്ട് ഇടാം വരൂ എന്ന് പറഞ്ഞ് അവർ ഇടുന്ന സ്ഥലമാണെന്ന് തോന്നുന്നു എനിക്ക് കാണിച്ചു തന്നു..

അതുകൂടി ആയപ്പോൾ എന്റെ മുഴുവൻ കിളികളും പറന്നു പോയിരുന്നു..

അതുകഴിഞ്ഞ് എല്ലാവരും ചേർന്ന് എന്നെ ഒരു മുറിയിലേക്ക് ആനയിച്ചു…

“” അതെ ഇന്ന് ഇവിടെ കിടന്നോളൂ… പുറത്തായാൽ പിന്നെ കൂട്ടി തൊടുന്ന പതിവില്ല ഇവിടെ അതുകൊണ്ട് നാല് ദിവസം കഴിഞ്ഞ് കേറിയാൽ മതി… “”

“”‘ഏടത്തി എന്റെ ബാഗ് അവിടെ എവിടെയോ ഉണ്ട് അതൊന്ന് ഇങ്ങോട്ട് കൊണ്ട് തരാമോ??””

അത് പറഞ്ഞപ്പോൾ അവർ ബാഗ് അവിടെ കൊണ്ടുവന്നു തന്നു. എന്നിട്ട് എന്നോട് പറഞ്ഞു…

“”” ഇതിൽനിന്ന് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ ഞാൻ എടുത്തു തരാം വെറുതെ ഇതെല്ലാം കൂടി തൊട്ട് അശുദ്ധമാക്കേണ്ട എന്ന്””” ഞാൻ അവരെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു എനിക്ക് എന്റെ ഫോൺ വേണമെന്ന്..

വീട്ടിലേക്ക് വിളിച്ച് ഞാൻ അച്ഛനോട് ഒരു വലിയ നന്ദി പറഞ്ഞു ഇങ്ങനെ ഒരു വീട് തന്നെ കണ്ടുപിടിച്ച് എന്നെ ഏൽപ്പിച്ചത്..

“”” പണ്ടത്തെ തറവാട്ടുകാരൊക്കെ ഇങ്ങനെയാ മോളെ നിനക്ക് അറിയാത്തതുകൊണ്ട് ആണ് നീ ഒന്ന് ക്ഷമിച്ചു നിൽക്ക് എല്ലാം ശരിയാകും ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ നമുക്ക് ഒത്തു പോകാവുന്നതേയുള്ളൂ… “”‘

എന്ന് അച്ഛൻ പറഞ്ഞപ്പോഴേക്ക് അമ്മ ഫോൺ പിടിച്ചു വാങ്ങിയിരുന്നു..

“””എന്റെ പൊന്നു മോളെ നിനക്ക് പറ്റില്ലെങ്കിൽ നീ അത് തുറന്നു പറഞ്ഞേക്ക് വെറുതെ ഓരോന്ന് ഒറ്റയ്ക്കിരുന്ന് സഹിക്കേണ്ട.. പറഞ്ഞു ശരിയാക്കാൻ പറ്റുന്നതാണെങ്കിൽ അങ്ങനെ ചെയ്യാം അല്ലെങ്കിൽ നമുക്ക് എന്തെങ്കിലും ഒരു സൊല്യൂഷൻ കണ്ടുപിടിക്കാം…””

ഹാവൂ തലയ്ക്ക് വെളിവുള്ള ഒരാളോടെങ്കിലും സംസാരിച്ചതിന്റെ ആശ്വാസം എനിക്കുണ്ടായി…

പിന്നെ നാല് ദിവസം കഴിഞ്ഞാണ് എന്റെ ഭർത്താവ് എന്ന് പറയുന്ന മഹാനെ കണ്ടത്..

“””വിജി, ഇനി കോളേജിലേക്ക് പോകണം എന്നില്ല.. ഏടത്തിയമ്മ പത്താം ക്ലാസ് ഫെയിലാണ്.. അതുകൊണ്ട് എന്താ ഏടത്തിയമ്മ ഇവിടുത്തെ കാര്യങ്ങൾ ഓരോന്ന് കിറു കൃത്യമായി ചെയ്യുന്നത് കണ്ടില്ലേ…

പെൺകുട്ടികൾക്ക് പഠിപ്പ് എല്ലാം മുഖ്യം ഒരു വീട് കൊണ്ട് നടക്കാനുള്ള കഴിവാണ് അത് നീ എടത്തിയമ്മയിൽ നിന്ന് വേണം പഠിക്കാൻ… എന്നിട്ട് ഇവിടെയുള്ളവരെ കൊണ്ടൊക്കെ അതിലും കേമിയാണ് എന്ന് പറയിപ്പിക്കണം…””

എന്താപ്പോ ഇയാള് പറഞ്ഞേ എന്ന് ഒന്നുകൂടി ഓർത്തു നോക്കി ഞാൻ….
ഇപ്പോഴും ഇങ്ങനെയുള്ള നിർമിതികളോ എനിക്ക് അത്ഭുതം തോന്നി..

പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല ഇറങ്ങിയോടി..

ഉള്ള ജീവനും കൊണ്ട്…

വീട്ടിലെത്തിയാൽ എതിർക്കാൻ പോകുന്ന അച്ഛന്റെ ന്യായങ്ങൾ എനിക്കറിയാം ഗവൺമെന്റ് ജോലി അതിനുള്ള മറുപടി ഞാൻ എടുത്തു വച്ചിട്ടുണ്ട്…

ഒന്നുമില്ലെങ്കിലും അമ്മ എന്റെ കൂടെ നിൽക്കും എന്ന് എനിക്കറിയാം…

പോകുന്നതിനു മുമ്പ് എന്റെ ഭർത്താവ് എന്ന് പറയുന്ന മഹാനോട് ഞാൻ പറഞ്ഞിരുന്നു അതേപോലെ വല്ല പീസും കിട്ടുകയാണെങ്കിൽ ഇവിടെ കൊണ്ടുവന്ന വെച്ചോളാൻ.. കാരണം ആ ടൈപ്പ് പ്രോഡക്ടുകൾ ഇക്കാലത്ത് അധികം കിട്ടില്ല എന്ന്…

അന്തംവിട്ട് കണ്ണും തുറിച്ച് എന്നെയും നോക്കി നിൽക്കുന്ന അയാളെയും കണ്ടു ഞാൻ അവിടെ നിന്ന് ഇറങ്ങി എന്നെന്നേക്കുമായി..

Leave a Reply

Your email address will not be published. Required fields are marked *