രചന: J. K)
വിവാഹം കഴിഞ്ഞ് ഏതൊരു പെണ്ണിനെയും പോലെ ഒത്തിരി മോഹങ്ങളോടെ ആണ് ഞാൻ എന്റെ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്
പക്ഷേ അയാൾ കെട്ടി തന്ന താലിയുമായി അയാളുടെ വീട്ടിൽ വലതുകാൽ വച്ച് കേറുമ്പോൾ അറിയില്ലായിരുന്നു ജീവിതം ആകെ താറുമാറാകാൻ പോകുകയാണ് എന്ന്…
ഡിഗ്രി വരെ പഠിച്ചു pg ചെയ്യണമെന്ന് വീട്ടിൽ ആഗ്രഹം പറഞ്ഞപ്പോഴാണ് ഇനി കല്യാണം ഒക്കെ കഴിഞ്ഞ് ചെറുക്കൻ പഠിപ്പിക്കും എന്ന് പറഞ്ഞത്…
അതുകൊണ്ടുതന്നെ ഏത് കല്യാണ ആലോചന വന്നാലും ആദ്യം ഞാൻ വയ്ക്കുന്ന ഡിമാൻഡ് എന്നെ തുടർന്ന് പഠിക്കാൻ അനുവദിക്കണമെന്ന് മാത്രമായിരുന്നു അതൊക്കെ സമ്മതിച്ചിട്ടാണ് ശ്രീജിത്ത് വിവാഹം അന്വേഷിച്ചത്..
വീടിനടുത്ത് തന്നെ സ്വന്തമായി വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ശ്രീജിത്ത് വീട്ടിൽ ആകെയുള്ളത് അനിയത്തി മാത്രമാണ്
പിന്നെ അമ്മയും പറയത്തക്ക ബാധ്യതകൾ ഒന്നുമില്ല അനിയത്തിയെ വിവാഹം ചെയ്തു അയച്ചിട്ടുണ്ട് അവരും നല്ല കുടുംബമാണ്…
അത്യാവശ്യത്തിന് നല്ല സ്വത്തും ഉണ്ടായിരുന്നു. കാണാനും വലിയ കുഴപ്പമില്ല അതുകൊണ്ട് തന്നെ ഈ വിവാഹാലോചന വന്നപ്പോൾ എല്ലാവർക്കും താല്പര്യം ആയിരുന്നു തന്നെയുമല്ല അയാൾ പറഞ്ഞിരുന്നു എന്നെ തുടർന്ന് പഠിപ്പിക്കാൻ അയാൾക്ക് സമ്മതമാണ് എന്ന്..
അവിടേക്ക് കാലെടുത്തുവച്ച് കയറിയപ്പോൾ കൂടെയുണ്ടായിരുന്നതാണ് ശ്രീജിത്ത്. അതിനുശേഷം ശ്രീജിത്തിനെ അവിടെയെങ്ങും കണ്ടില്ല..
കല്യാണത്തിന്റെ അന്ന് അല്ലായിരുന്നു റിസപ്ഷൻ പിറ്റേദിവസമായിരുന്നു വച്ചിരുന്നത് അതുകൊണ്ടുതന്നെ ആളുകളെല്ലാം അപ്പോൾ തന്നെ ഒഴിഞ്ഞുപോയി….
പിന്നെ അവിടെ ഉണ്ടായിരുന്നത് ചുരുക്കം ചില അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ശ്രീജിത്തിനെ അവര് ആരെങ്കിലും അന്വേഷിക്കുമ്പോൾ അമ്മ കിടന്നു ഉരുണ്ടുകളിക്കുന്നത് കണ്ടു. എനിക്ക് പക്ഷേ ഒന്നും മനസ്സിലായില്ല എന്താണ് നടക്കുന്നത് എന്ന്….
രാത്രി ഏറെയായിട്ടും അയാൾ തിരിച്ചെത്തിയില്ല… എന്നെ ശ്രീജിത്തിന്റെ ആണ് എന്ന് പറഞ്ഞ് ഒരു മുറിയിൽ കൊണ്ട് ചെന്നിരുത്തി ഞാൻ അവിടെ ഇരുന്നു…
പാതിരാത്രിയായിട്ടും ശ്രീജിത്തിനെ കാണാത്തത് എന്തൊക്കെയോ എന്റെയുള്ളിൽ സംശയം സൃഷ്ടിച്ചു അമ്മയും പെങ്ങളും അടുത്ത് തന്നെ വന്ന് ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു….
“””” അവന്റെ ഏതോ കൂട്ടുകാരൻ ആശുപത്രിയിലാണ് അവൻ അവിടെയാണ് എന്നൊക്കെ പറഞ്ഞ്…
പക്ഷേ അവരുടെ കുശുകുശക്കലിൽ നിന്ന് എനിക്ക് മറ്റെന്തോ ഒരു പ്രശ്നം അവിടെ നടക്കുന്നുണ്ട് എന്ന് മനസ്സിലായി പുതിയ പെണ്ണല്ലേ അതുകൊണ്ട് ഞാൻ ഒന്നും അന്വേഷിക്കാൻ പോയില്ല മിണ്ടാതെ അവിടെത്തന്നെ ഇരുന്നു…
പിറ്റേദിവസം ഉച്ചവരെയും അയാളെ കാണാത്തതുകൊണ്ട് ഞാൻ അന്വേഷിച്ചു എവിടെയാണ് എന്ന്..
അതിനവർ എന്തൊക്കെയോ മറുപടി പറഞ്ഞു…
അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി ഞാൻ ഒന്നും മിണ്ടാതെ അവിടെത്തന്നെ നിന്നു…
വൈകിട്ട് റിസപ്ഷന് തുടങ്ങുന്നതിന് കുറച്ചു മുൻപായി അയാൾ എത്തി…
എന്നെ കണ്ടിട്ടും അയാൾ കാണാത്ത ഭാവം നടിച്ചു… എന്തോ ഒളിച്ചു കളി പോലെ….അതോടുകൂടി എനിക്ക് ഉറപ്പായിരുന്നു എന്തോ പ്രശ്നം ഉണ്ട് എന്ന്….
“””” റിസപ്ഷൻ തുടങ്ങി ഉള്ളിൽ വലിയ സന്തോഷം ഒന്നുമില്ലെങ്കിലും വരുന്നവരോട് മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് ഞാൻ നിന്നു… അപ്പോഴാണ് ഒരു സ്ത്രീ എന്നെ കാണാൻ വന്നത്.. പത്തു മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന നന്നായി മേക്കപ്പ് ചെയ്ത ഒരു സ്ത്രീ….
അവർ വന്ന് എന്നെ അടുത്ത് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു അപ്പോൾ എന്റെ ചെവിയിൽ പറഞ്ഞിരുന്നു,
ശ്രീജിത്തിന്റെ ഭാര്യയായി നീ അധികം വാഴാം എന്ന് കരുതണ്ട എന്ന്… അവൻ എന്റെയാ.. ഇന്നലെ മുഴുവൻ എന്റെ കൂടെയായിരുന്നു ഞാൻ അനുവദിച്ചതിനു ശേഷം മാത്രമാണ് അവൻ ഇങ്ങോട്ട് വന്നത് എന്ന്…..
ഒരു നെട്ടലോടെയാണ് അവർ പറഞ്ഞത് ഞാൻ കേട്ടത് എന്തോ എനിക്ക് അവർ നുണ പറയുന്നതായി തോന്നിയില്ല അല്ലെങ്കിൽ പിന്നെ ഇത്രയും നേരം അയാൾ എവിടെയായിരുന്നു…
ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി വല്ലാത്ത ഒരു പരിഭ്രമം അയാളുടെ മുഖത്ത് നിറയുന്നത് അറിഞ്ഞു….
അന്ന് രാത്രി മുറിയിലേക്ക് അയാൾ വന്നപ്പോൾ, ഞാൻ ചോദിച്ചു ആ വന്ന സ്ത്രീ ആരാണ് എന്ന്…
ഞെട്ടലോടെ അയാൾ എന്നോട് ചോദിച്ചു അവർ നിന്നോട് എന്തെങ്കിലും പറഞ്ഞോ എന്ന്….
ആദ്യം ഞാൻ ചോദിച്ചതിനുള്ള മറുപടി അറിയട്ടെ എന്ന് പറഞ്ഞപ്പോൾ,
അയാൾ എന്റെ കാലിൽ വീണു…
വർക്ക്ഷോപ്പിന് അടുത്തുള്ള ഒരു സ്ത്രീയാണ്…
അവരുടെ സ്കൂട്ടി നന്നാക്കാൻ ഇടയ്ക്ക് ഷോപ്പിൽ വരും… അങ്ങനെ കണ്ട് പരിചയം ആയതാണ് അവരുടെ ഭർത്താവ് ഗൾഫിലാണ്…
അവർ എന്നോട് കൂടുതൽ അടുത്തു…
ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ഞാനും കൂട്ടുകാരുടെ ഇടയിൽ വീമ്പ് പറയാൻ വേണ്ടി മാത്രം പക്ഷേ അവർ എന്നെ ഒരുതരത്തിൽ ചതിക്കുകയായിരുന്നു ചില നിമിഷങ്ങൾ അവർ ഫോണിൽ റെക്കോർഡ് ചെയ്ത് എന്നെ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി…
ഇന്നലെ എന്നെ ഇങ്ങോട്ട് അതും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വിടാതിരുന്നത് അതെല്ലാം എല്ലാവരുടെയും മുന്നിൽ കാണിക്കും എന്ന് പറഞ്ഞ്…
ഒന്നും മിണ്ടാതെ അതെല്ലാം കേട്ട് നിന്നു സപ്ന…
അവർക്ക് ഇപ്പോൾ എന്റെ കൂടെ ജീവിക്കണം എന്നാണ് പറയുന്നത് അവരുടെ ഭർത്താവിനെ ഉപേക്ഷിച്ച് അവർ വരാൻ തയ്യാറാണ് എന്ന്..
പക്ഷേ വെറും തമാശയ്ക്ക് വേണ്ടി മാത്രം ഞാൻ തുടങ്ങിയതാണ് ഈ ബന്ധം ഒരു നേരമ്പോക്ക് പോലെ..
എനിക്ക് അവരോട് ഒരു സ്നേഹവുമില്ല നീ എന്നെ മനസ്സിലാക്കണം… അവരിൽ നിന്ന് രക്ഷപ്പെടാൻ ആയിട്ട ഞാൻ ഈ വിവാഹം ധൃതിപിടിച്ച് നടത്തിയത്…
എനിക്ക് അയാളോട് തോന്നിയത് പുച്ഛം ആയിരുന്നു അവർക്ക് സ്വകാര്യ നിമിഷങ്ങൾ ഷൂട്ട് ചെയ്തു വയ്ക്കണം എന്നുണ്ടെങ്കിൽ അത്തരം നിമിഷങ്ങൾ ഉണ്ടാകാൻ നിങ്ങൾ നിന്നു കൊടുത്തിട്ടല്ലേ…
എന്നിട്ട് നിങ്ങളുടെ അവളിൽ നിന്നുള്ള രക്ഷപ്പെടലിനു വേണ്ടി മാത്രം എന്റെ ജീവിതം തുലയ്ക്കാമെന്ന് കരുതിയോ…
ആരും അറിയാതെ സൂഖിക്കാൻ വേണ്ടി ചെന്നതല്ലേ അവരുടെ അടുത്ത്.. ഇപ്പോൾ അത് പ്രശ്നമാകും എന്ന് അറിഞ്ഞതുകൊണ്ട് മാത്രമല്ലേ ഈ ഏറ്റുപറച്ചിൽ.. അല്ലെങ്കിൽ അത് നിങ്ങൾ രഹസ്യമായി ഇനിയും തുടരില്ലേ..
ഒരു വിഡ്ഢിയെ പോലെ നിങ്ങളെയും സ്നേഹിച്ചു ഞാൻ ഇവിടെ തന്നെ കൂടേണ്ടി വരില്ലേ…
അയാൾ എന്റെ മുന്നിൽ കെഞ്ചി… എനിക്ക് പക്ഷേ അയാളോട് ഒട്ടും ക്ഷമിക്കാൻ തോന്നുന്നില്ലായിരുന്നു എന്റെ സാധനങ്ങളെല്ലാം എടുത്ത് ഞാൻ എന്റെ വീട്ടിലേക്ക് പോന്നു…
ഇനി എനിക്ക് സംസാരിക്കാനുള്ളത് അവരോട് ആയിരുന്നു…
ഞാൻ തുടർന്ന് പഠിക്കണം എന്ന് പറഞ്ഞപ്പോൾ സമ്മതിക്കാതെ എന്തോ പെൺകുട്ടികൾ ഈ വയസ്സിൽ കല്യാണം കഴിച്ചില്ലെങ്കിൽ മാനം ഇടിഞ്ഞു വീഴും എന്ന് വിചാരിച്ചു നടക്കുന്ന എന്റെ വീട്ടുകാരോട്…
പഠിപ്പിക്കാനും അവർ കൂടെ നിന്നില്ല എങ്കിൽ പറഞ്ഞയക്കുന്ന വീട്ടിൽ അയാളുടെ സ്വഭാവം എങ്ങനെയുണ്ട് എന്ന് നന്നായി തിരക്കുക എങ്കിലും വേണം…
ഏതെങ്കിലും ആളുടെ സ്വഭാവം നേരെയാക്കാൻ പരീക്ഷണങ്ങൾക്ക് മക്കളെ വിട്ടു നൽകുന്ന ഓരോ രക്ഷിതാക്കളും ആണ് തെറ്റുകാർ…
ഞാനത് ചോദിച്ചപ്പോൾ അവർക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല കുറെ അയാളുടെ വീട്ടിൽ പോയി അവർ ബഹളം വെച്ചു… അതുകൊണ്ട് എന്ത് പ്രയോജനം…
ഇനി എന്റെ ജീവിതം എന്റെ തീരുമാനങ്ങൾക്ക് അനുസരിച്ച് പോകട്ടെ… ആദ്യം പഠിച്ച ഒരു ജോലി നേടണം… ബാക്കിയെല്ലാം പിന്നെ…