(രചന: J. K)
അപ്പുറത്തെ വീട്ടിലെ പെൺകുട്ടിയുടെ വിവാഹമാണ് അടുത്തമാസം അതുകൊണ്ട് തന്നെ അവിടെ പെയിന്റിംഗ് പണിയും മറ്റു ജോലികളും തകൃതിയായി നടക്കുന്നുണ്ട് അവിടെക്ക് വെറുതെ ഒന്ന് നോക്കിയതായിരുന്നു വാമി….
അതിൽ ഒരാൾ ഇങ്ങോട്ട് നോക്കി ചിരിച്ചു… എന്റെ കുഞ്ഞ് അനിയന്റെ പ്രായം കാണും….
ഞാൻ തിരിച്ചും… പെട്ടെന്ന് പുറകിൽ ഗ്ലാസ് അടയുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്…
“”ചെക്കന്മാരെ നോക്കി നിൽക്കുവാ അവള്… അതെങ്ങനാ അഴിഞ്ഞാടി നടന്നോൾ അത് മറക്കൂല്ലല്ലോ “”‘
രാജുവേട്ടൻ ആണ്… അതും വളരെ ശബ്ദമുയർത്തി ആകെ തൊലിയുരിയുന്നത് അറിഞ്ഞു വാമി അപ്പുറത്തുള്ള ജോലിക്കാരൊക്കെ ഇങ്ങോട്ട് നോക്കുന്നുണ്ട്. അവൾ വേഗം അകത്തേക്ക് ഓടി…
മിഴി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… മനസ്സറിയാത്ത കാര്യത്തിന് പഴികേട്ടതിന്…
‘””ഓ അവൾക്കങ്ങു വിഷമായി ആ തെണ്ടികൾ കേട്ടപ്പോ “”
എന്നും പറഞ്ഞുകൊണ്ട് അയാൾ പിന്നെയും പുറകെ വന്നിരുന്നു അവൾ ഒന്നും കേൾക്കാത്ത പോലെ അടുക്കളയിൽ നിന്നു…
കാരണം കുറെ കാലമായി ഇതെല്ലാം ഇങ്ങനെയാണ്.. സഹിച്ചു സഹിച്ചു അവൾക്കും ഭ്രാന്തായി തുടങ്ങിയിരുന്നു….
റേഷൻ കടയിലേക്ക് പോകും മുമ്പ് എല്ലാ വാതിലുകളും അടച്ചിരുന്നു അയാൾ.
അത് കാണെ സ്വയം ദേഷ്യം തോന്നി അവൾക്ക്… ഇത്രമേൽ നാണംകെട്ട് ഒരാളുടെ മുന്നിൽ നിന്നു കൊടുക്കുന്നത് ആലോചിച്ച്….
ഉച്ചയ്ക്ക് ഞാൻ ഉണ്ണാൻ വരുമ്പോൾ ഇനി തുറന്നാൽ മതി ഒന്നിനും പുറത്തു പോകേണ്ട എന്ന് പറഞ്ഞിട്ടാണ് അയാൾ പോയത്.
സ്വയം അവജ്ഞ തോന്നി അവൾക്ക്…
കുടുംബ മഹിമയും പണവും ജോലിയും എല്ലാം കണ്ട് കുടുംബക്കാർ നടത്തി തന്നതാണ് ഈ വിവാഹം…..തന്നെക്കാൾ 14 വയസ്സിന് മൂത്തതായിരുന്നു രാജുവേട്ടൻ ഒരുപാട് പറഞ്ഞതാണ് ഇത് വേണ്ട എന്ന്…..
വീട്ടുകാർ പറഞ്ഞത് ഭർത്താവിന് എപ്പോഴും പ്രായം കൂടുന്നതാണ് നല്ലത് ഒരു പക്വത കാണും കുടുംബം നന്നായി കൊണ്ട് നടക്കാൻ അത് നല്ലതാണ് എന്നൊക്കെ…..
പക്ഷേ ഭാര്യയ്ക്ക് വെളുത്ത നിറം ഉള്ളതും അയാളെക്കാൾ ഒരുപാട് വയസിനു താഴെയുള്ളതും അയാളുടെ മനസ്സിൽ സംശയങ്ങളാണ് സൃഷ്ടിച്ചത് എങ്ങോട്ട് തിരിഞ്ഞാലും കുറ്റം….
ആരുമായും സംസാരിക്കാൻ പാടില്ല ഏതൊരു ബന്ധവും അയാളുടെ കണ്ണിന്റെ മുന്നിൽ അവിഹിതമാണ്…. ആദ്യമൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പക്ഷേ അയാൾക്ക് ഒന്നും മനസ്സിലാവില്ല എന്ന് സ്വയം ബോധ്യം വന്നപ്പോ നിർത്തി…
ഇപ്പോൾ ഒഴുക്കിനനുസരിച്ച് നീന്താം എന്നാണ് കരുതിയത്… ആകെ ഒരുതരം മരവിപ്പ്…
വിവാഹിതമുമ്പ് ഞാൻ ഇങ്ങനെയൊന്നും അല്ലായിരുന്നു കളിയും ചിരിയും ഒക്കെയായി എപ്പോഴും ആക്ടീവായി നടക്കുന്ന ഒരു പെണ്ണ് ആയിരുന്നു താൻ….
പക്ഷേ വിവാഹത്തിന് ശേഷം ആകെ മാറി..
അത് തന്റെ അടക്കവും ഒരുക്കവുമായി ആണ് എല്ലാവരും കണക്കാക്കിയത്…
കണ്ടില്ലേ ഇപ്പോൾ എന്തായി നല്ലൊരു കുടുംബത്തിൽ ചെന്ന് കയറിയപ്പോൾ അവൾ നന്നായി… ആ മരം കേറി സ്വഭാവം ഒക്കെ അങ്ങ് പോയി…. എന്ന് എല്ലാവരും പറഞ്ഞു പക്ഷേ എന്തുകൊണ്ടാണ് ഇങ്ങനെ ആയത് എന്ന് ആരും അന്വേഷിച്ചില്ല…. പറയാനും പോയില്ല…
ഇനി അവർക്കൊന്നും ഇതിലൊന്നും ചെയ്യാനില്ലല്ലോ അവർക്ക് ചെയ്യാനുള്ളതെല്ലാം അവർ ചെയ്തു തന്നു കഴിഞ്ഞു…
രാജീവേട്ടന്റെ വീട്ടിൽ രാജുവേട്ടന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ അമ്മ ഉള്ള കാലത്ത് അല്പമെങ്കിലും സമാധാനം കിട്ടിയിരുന്നു എല്ലാത്തിനും ഇടയ്ക്ക് അമ്മയുണ്ടല്ലോ എന്ന് ഒരു ബോധം അയാൾക്കും ഉണ്ടായിരുന്നു….
പക്ഷേ അമ്മയുടെ മരണശേഷം ആകെ അവതാളത്തിലായി കാര്യങ്ങൾ അയാൾക്ക് മാനസികമായി ഓരോ പ്രശ്നങ്ങൾ…
എന്നാൽ അതെല്ലാം അയാളുടെ മാനസിക രോഗങ്ങൾ ആണെന്ന് അയാളോട്ട് സമ്മതിച്ചു തരികയുമില്ല…. സംശയം അതിന്റെ കൊടുമുടിയിൽ എത്തിക്കഴിഞ്ഞു…
ആരോടെങ്കിലും ഒന്നും മിണ്ടിയാൽ അന്ന് വീട്ടിൽ അയാൾ പൊളിച്ചിടും അതുകൊണ്ടുതന്നെ മാക്സിമം ആരോടും സംസാരിക്കാതെ പുറംലോകവുമായി ബന്ധമില്ലാത്തത് പോലെ ആണ് ഞാൻ ആ വീട്ടിനുള്ളിൽ കഴിഞ്ഞിരുന്നത്…
എന്നും വന്നാൽ ഫോൺ പോലും പരിശോധിക്കും…
ആരെയൊക്കെ വിളിച്ചു ഏതൊക്കെ മെസ്സേജ് വന്നു എന്നെല്ലാം… ഒരിക്കൽ എന്തോ മെസ്സേജ് കണ്ടെന്നും പറഞ്ഞ് അതും തല്ലിപ്പൊളിച്ചിട്ടു….
ഒരു കല്യാണത്തിന് പോലും എന്നെ കൂടെ കൂട്ടാതായി… ഇങ്ങനെ പോയാൽ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടും എന്ന് എനിക്ക് ബോധ്യമായിരുന്നു വല്ലാത്തൊരു വിഷാദരോഗത്തിലേക്ക് ഞാനും പോവുകയായിരുന്നു…
ഒരു കുഞ്ഞ് എന്നതിനെപ്പറ്റി പലപ്പോഴും ഞാൻ ചിന്തിച്ചു നോക്കിയതാണ് ദൈവം ഞങ്ങൾക്ക് ആ ഭാഗ്യം തന്നില്ല….
പക്ഷേ വേണ്ട….. ഞാൻ അങ്ങനെ ആണ് കരുതിയത് ദൈവം കുഞ്ഞിനെ തരാത്തത് ഭാഗ്യം ആയി എന്ന്…. ഒരുപക്ഷേ അതും അയാളുടേതല്ല എന്ന് പറഞ്ഞ് കുഞ്ഞിനെ വല്ലതും ഉപദ്രവിച്ചാൽ അതും ഞാൻ തന്നെ കാണേണ്ടി വരില്ലേ എന്ന്…
ഒരിക്കൽ വൈകുന്നേരം മുറ്റം തൂത്തുവാരി കൊണ്ടിരുന്ന ഞാൻ മുറ്റത്തുകൂടെ പോകുന്ന ഒരു അപ്പൂപ്പൻ വഴിയിൽ തളർന്നുവീണത് കണ്ട് വെള്ളവും എടുത്ത് പോയി കുടിക്കാൻ കൊടുത്തു അത് കണ്ടാണ് അയാളന്ന് കേറി വന്നത്..
ഇതാണോടി നിന്റെ ധ്യാനം എന്നും പറഞ്ഞ് അയാളുടെ മുന്നിൽ വച്ച് അടിച്ചു… എന്റെ അച്ഛനെക്കാൾ എത്രയോ പ്രായത്തിന് മൂത്ത ആ അപ്പൂപ്പനെ പോലും ചേർത്ത് അയാൾ അങ്ങനെ പറഞ്ഞത് കേട്ട് ഞാൻ ആകെ തകർന്നു പോയി…
ആ ഒരു നിമിഷം കൊണ്ട് ഞാൻ അയാളെ വല്ലാതെ വെറുത്തു പോയിരുന്നു…
ഇനിയും അവിടെ നിൽക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നി…
കിട്ടിയതെല്ലാം വാരിയെടുത്ത് ബാഗിൽ നിറച്ച് ആ പാടിയിറങ്ങുമ്പോഴും അയാൾ പറഞ്ഞിരുന്നു….
“”” ചെല്ലടി നിന്റെ കാമുകന്മാര് കാത്തു നിൽക്കുന്നുണ്ടാവും എന്ന്”””
”’”” ഇതുവരെ ഇല്ലായിരുന്നു ഇനിയിപ്പോൾ അങ്ങനെ തന്നെയാണ് എന്റെ തീരുമാനം…. “””
എന്ന് ദേഹത്തിന് അയാളുടെ മുഖത്ത് നോക്കി പറഞ്ഞു…
അത് അയാൾ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു…
എടി!!!!! എന്ന് ആക്രോശിച്ച് തല്ലാനായി വന്നപ്പോൾ ഞാൻ അയാളെ തടഞ്ഞു
“”തൊട്ടുപോകരുത് എന്നെ “”””!!!!
എന്ന് പറഞ്ഞു… ഇനിയും അവിടെ അയാളുടെ ഭ്രാന്ത് കണ്ട് നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല..
“””” സംശയം കൂടി നിങ്ങൾക്ക് ഭ്രാന്താണ്… ഇത്രയും കാലം ഞാൻ സഹിച്ചത് എന്നെങ്കിലും ഇതിനൊരു മാറ്റം വരും എന്ന് കരുതിയിരുന്നത്… പക്ഷേ ഇത് കൂടുതൽ ഭാഷകൾ ആവുകയല്ലാതെ ഇതിനൊരു മാറ്റവും വരില്ല എന്ന് എനിക്ക് പൂർണ ബോധ്യമായി….
ഞാൻ വരില്ല എന്നൊന്നും പറയുന്നില്ല നിങ്ങൾ ഇത് ചികിത്സിച്ച് അല്പമെങ്കിലും മനുഷ്യൻ ആവാൻ ശ്രമിച്ചാൽ അന്ന് ഞാൻ വരാം പൂർണ്ണ മനസ്സോടെ “”””
അതും പറഞ്ഞ് ആ പടിയിറങ്ങി..
വീട്ടിലേക്ക് നടക്കുമ്പോഴും അറിയാമായിരുന്നു ആരും തന്നെ ഭാഗത്ത് കാണില്ല എന്ന്… എങ്കിലും ഒറ്റ തടിയല്ലേ ആരോഗ്യവും ഉണ്ട് മുന്നോട്ട് ജീവിക്കാം എന്നുള്ള നല്ല ആത്മവിശ്വാസം….
അത് മതി…. അതാണ് നല്ലത് ഇതിനേക്കാൾ….