“””അന്നെ സമ്മതിച്ചു മോളെ..! കെട്ട്യോന് വേറെ ഭാര്യേം മക്കളും ഉണ്ടെന്നറിഞ്ഞും അവിടെ തന്നെ നിക്കുന്നുണ്ടല്ലോ…. ഞാൻ വല്ലോം ആയിരുന്നെങ്കിൽ രണ്ടിനെയും കൊന്നേനെ “””‘

(രചന: J. K)

“””അന്നെ സമ്മതിച്ചു മോളെ..! കെട്ട്യോന് വേറെ ഭാര്യേം മക്കളും ഉണ്ടെന്നറിഞ്ഞും അവിടെ തന്നെ നിക്കുന്നുണ്ടല്ലോ…. ഞാൻ വല്ലോം ആയിരുന്നെങ്കിൽ രണ്ടിനെയും കൊന്നേനെ “””‘

അടുത്ത ഒരു ബന്ധുവിനെ കല്യാണത്തിന് എത്തിയതായിരുന്നു റാഹില… തന്റെ കൂടെ പഠിച്ച കുട്ടിയെ ഒരുപാട് കാലങ്ങൾക്കു ശേഷം കണ്ടപ്പോൾ മിണ്ടാൻ പോയതായിരുന്നു അപ്പോൾ അവളുടെ വായിൽ നിന്ന് കേട്ടതാണ് ഇത്….

എന്താണ് താൻ കേട്ടത് എന്ന് തിരിച്ചറിയാൻ കഴിയാതെ ഒരു നിമിഷം അവൾ സ്തംഭിച്ചു നിന്നു…. പിന്നീട് കൂട്ടുകാരിയോട് തന്നെ ചോദിച്ചു,

ഷാഹിന, ഇയ്യിപ്പോ ന്താ പറഞ്ഞെ??? എന്ന്….
റാഹിലയുടെ ഭർത്താവ് ഷമീറിന് ദുബായിയിൽ വേറൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്നുള്ളത് നാട്ടിൽ മുഴുവൻ പാട്ടാണ്…

റാഹിലയ്ക്ക് അറിയും എന്നാണ് ഷാഹിന കരുതിയിരുന്നത് അവൾക്ക് ഒന്നും അറിയില്ല എന്ന് സംശയം തോന്നിയപ്പോൾ രംഗം പന്തിയല്ലെന്ന് മനസ്സിലായി അവിടെ നിന്ന് മുങ്ങാൻ നോക്കി…..

ഇത്രയും പറഞ്ഞ അവളെ അങ്ങനെയങ്ങ് വിടാൻ റാഹിലയും തയ്യാറായിരുന്നില്ല…ഷാഹിനയെ പിടിച്ചുനിർത്തി അവളോട് ചോദിച്ചു എന്താ നീ പറഞ്ഞത് എന്ന്??? മറ്റുള്ളവരെല്ലാം അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു…. ഷാഹിന എന്ത് ചെയ്യണമെന്നറിയാതെ നിന്നു…

ഷമീമിന്റെ വീട് ജപ്തി യുടെ വക്കിൽ ആയിരുന്നു അപ്പോഴാണ് അയാളെ എല്ലാവരും കൂടി ചേർന്ന് കല്യാണം കഴിപ്പിച്ചത്…..

കിട്ടുന്ന സ്ത്രീധനം ബാങ്കിൽ അടച്ചു തൽക്കാലം ജപ്തി നടപടികൾ നീട്ടി വെക്കുക എന്നതായിരുന്നു അവർ കണ്ട പോംവഴി…. അതുകൊണ്ടുതന്നെയാണ് വിദ്യാഭ്യാസം അല്പം കുറവായിരുന്ന റാഹിലയെ കണ്ടുപിടിച്ചതും കല്യാണം കഴിച്ചതും..

ഷമീമിന് ഒട്ടും യോജിക്കാൻ പറ്റാത്തതായിരുന്നു ആ ബന്ധം… പക്ഷേ തൽക്കാലത്തെ കാര്യം കാണാൻ വേണ്ടി അയാളും അഭിനയിച്ചു…

എന്തുകൊണ്ടും തന്നെക്കാൾ ഭംഗിയും വിദ്യാഭ്യാസവുമുള്ള ഷമീമ് തന്നെ ഇഷ്ടപ്പെട്ട് തന്നെയാണോ കല്യാണം കഴിക്കാൻ പോകുന്നത് എന്ന് റാഹിലയ്ക്ക് സംശയം ഉണ്ടായിരുന്നു….

അവൾ ഒരിക്കൽ ഷെമീമിനോട് അത് പ്രകടിപ്പിച്ചതും ആണ് വിവാഹത്തിനുമുമ്പ് . പക്ഷേ അയാൾ അന്ന് പറഞ്ഞത്, അങ്ങനെയൊന്നുമില്ല അയാൾക്ക് ഇഷ്ടപ്പെട്ട് തന്നെയാണ് ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന് തന്നെയാണ്….

അതുകൊണ്ട് അവളും വിശ്വസിച്ചു അങ്ങനെ തന്നെയാവും എന്ന് ..

വിവാഹം കഴിഞ്ഞു അവളുടെ പണ്ടവും സ്ത്രീധനമായി അവളുടെ പേരിൽ ബാങ്കിൽ ഇട്ട് കൊടുത്ത പൈസയും എല്ലാം എടുത്ത് അവർ കടം വീട്ടി….

വിവാഹത്തിന് മുൻപ് കണ്ട ആള് അല്ലായിരുന്നു ഷമീം കല്യാണത്തിന് ശേഷം… രഹില എന്തുപറഞ്ഞാലും ദേഷ്യം… അവളെ അയാള് ഒന്ന് ഗൗനിക്കാറു കൂടിയില്ല..

ഇതിനിടയിൽ അറിഞ്ഞു അവൾ ഗർഭിണിയാണെന്ന്… അതും അയാൾ വലിയ മാറ്റമൊന്നും സൃഷ്ടിച്ചില്ല.. എല്ലാം തന്റെ വിധിയാണ് എന്ന് കരുതി ആരോടും പരാതി പറയാതെ ജീവിക്കുകയായിരുന്നു അവൾ…

അതിന് മറ്റൊരു കാരണം ഉണ്ടായിരുന്നു ഷെമീമിന്റെ ഉമ്മയും ഉപ്പയും…. അവർ റാഹിലയേ സ്വന്തം മക്കളെക്കാൾ കൂടുതൽ സ്നേഹിച്ചു….
അവളുടെ കൂടെ നിന്നു…

ഭർത്താവിന്റെ അവഗണന എല്ലാം അവരുടെ സ്നേഹപൂർവമായ പെരുമാറ്റം കൊണ്ട് അവൾ മറന്നു….

നാട്ടിൽ പ്രത്യേകിച്ച് ഒരു പണിയൊന്നുമില്ലാതെ ഇരുന്ന ഷമീമിനെ റാഹിലയുടെ ആങ്ങള തന്നെയാണ് ഗൾഫിലേക്ക് കൊണ്ടുപോയത്…
അയാൾക്ക് അവിടെ നല്ല ജോലിയും ശരിയാക്കി…

റാഹിലയുടെ ഉപ്പ മരിക്കുന്നത് അപ്പോഴാണ്… അതോടെ അവളുടെ ആങ്ങള നാട്ടിലേക്ക് പോരുകയും ചെയ്തു….

ഈ സമയത്താണ് അയാൾ അവിടെയുള്ള മറ്റൊരു പെണ്ണിനെ കാണുന്നതും അവളുമായി ബന്ധം സ്ഥാപിക്കുന്നതും….

അവളെയും കല്യാണം കഴിച്ച് അവിടെ ഫാമിലി കഴിയുകയായിരുന്നു അയാൾ…. ഒന്നുമറിയാതെ നാട്ടിൽ അവന്റെ കുഞ്ഞിനേയും പെറ്റു പോറ്റി ആ പാവം പെണ്ണും….

ഷമീമിന്റെ ഉപ്പയും ഉമ്മയും എല്ലാം അറിഞ്ഞു എങ്കിലും റാഹിലയെ ഒന്നും അറിയിക്കരുത് എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു…

അവൾ വിഷമിക്കുന്നതവർക്ക് കാണാൻ വയ്യ.. അവന് വെണ്ടങ്കിലും അവളെയും കുഞ്ഞിനേയും സ്വന്തം മക്കളെ പോലെ നോക്കിക്കോളാം എന്ന് അവർ തീരുമാനിച്ചിരുന്നു…..

അവളെ ഒന്നും അറിയിക്കാതെ കൊണ്ട് നടക്കുകയായിരുന്നു അതിനിടയിലാണ് ഇങ്ങനെയൊരു സംഭവം….

വീട്ടിലേക്ക് കൊണ്ടുപോയി അവളെ, അവിടെ വച്ച്, ഷമീമിന്റെ ഉപ്പയ്ക്ക് എല്ലാം അവളോട് തുറന്നു പറയേണ്ടിവന്നു… ഇത്രയുംനാൾ ഭാര്യ പദവി എന്ന പേരിൽ താൻ കെട്ടിയ വിഡ്ഢി വേഷം ഓർത്ത് അവൾ ഏറെ സങ്കടപ്പെട്ടു….

“””ചോദിച്ചതല്ലേ ഉപ്പാ ഞാൻ ഇക്കയോട് ഇഷ്ടപ്പെട്ടിട്ടാണോ എന്ന്?? അന്ന് ഒരു വാക്ക് പറയാരുന്നില്ലേ “””??

നിറകണ്ണുകളോടെ അവൾ അത് ചോദിച്ചപ്പോൾ ഉപ്പയും ഉമ്മയും ഉത്തരമില്ലാതെ തലകുനിച്ചു നിന്നു…

അപ്പോഴേക്കും അവളുടെ ആങ്ങളയും എത്തി..
അവളെ കൊണ്ടു പോകാൻ… ആങ്ങള വന്ന് അതേ കുറിച്ച് പറഞ്ഞപ്പോഴാണ് അവർക്കും ഇതിനെപ്പറ്റി അറിവുണ്ടായിരുന്നു എന്ന് റാഹില അറിയുന്നത്…

എല്ലാം അറിഞ്ഞു പ്രശ്നമുണ്ടാക്കാൻ ആയി വന്നപ്പോൾ, ഷമീമിന്റെ ഉപ്പയും ഉമ്മയും റാഹിലയെ അറിയിച്ചു അവളെ സങ്കടപ്പെടുത്തരുത് എന്ന് പറഞ്ഞ് കാലു പിടിക്കുകയായിരുന്നത്രേ…

അയാളുടെ ഉപ്പയുടെ കണ്ണീരിനു മുന്നിൽ ആ ആങ്ങള തോറ്റു മടങ്ങി.. കാരണം അവർക്ക് തന്റെ പെങ്ങൾ സ്വന്തം മക്കളേക്കാൾ മുകളിലാണ് എന്ന് അയാൾക്കും അറിയാമായിരുന്നു…

“””എടുക്കാൻ ഉള്ളതൊക്കെ എടുത്തോ പോകാം “””” എന്ന് റാഹിലയെ നോക്കി സഹോദരൻ പറഞ്ഞു…

അവൾ ഉപ്പയെ നോക്കി… ആകെ തകർന്നു നിൽക്കുകയായിരുന്നു ആ മനുഷ്യൻ സ്വന്തം മകൻ അയാളുടെ വാക്ക് കണക്കിലെടുക്കാത്തതിന് അയാൾ എന്ത് പിഴച്ചു…

“””ന്റെ കുട്ടിക്ക് പോണോ.. ഉപ്പ ചാവണ വരെ ഇയ്യ് പട്ടിണി കിടക്കില്ല… ഇവിടെ നിന്നൂടെ അനക്കും കുഞ്ഞിനും..”””

എന്ന് യാചനാ പൂർവ്വം പറയുന്ന ആളെ നോക്കി അവൾ…

അത്രപെട്ടെന്ന് തട്ടിത്തെറിപ്പിച്ച് നടന്ന് അകലാൻ പറ്റില്ലായിരുന്നു അവൾക്ക് ആ ഉപ്പയുടെ വാക്കുകൾ കാരണം അത്രമാത്രം സ്നേഹം വാരിക്കോരി കൊടുത്ത ആള് ആയിരുന്നു അത്…..

“””ഓനെ ഞ്ഞി വേണ്ട ഞങ്ങക്ക് അങ്ങനൊന്നിനെ പെറ്റിട്ടില്ലന്നു കൂട്ടിക്കോളാ.. ന്റൂട്ടി പോവല്ലേ “”””

എന്ന് ഉമ്മ കൂടെ അവളുടെ കൈ പിടിച്ചു പറഞ്ഞു… പിന്നെ ഒന്നും നോക്കിയില്ല… അവിടെ നിൽക്കാം അവരുടെ മോളായി എന്ന് തീരുമാനിക്കുകയായിരുന്നു അവൾ….

ഇക്കാ പൊയ്ക്കോളുഇനി എന്റെ ജീവിതം ഇവിടെയാണ് നല്ലതിനുവേണ്ടി ആയാലും ചീത്തതിനുവേണ്ടി ആയാലും എന്റെ ജീവിതം ഞാൻ ഇവിടെ ജീവിച്ചു തീർക്കാൻ ആഗ്രഹിക്കുന്നു എന്ന് അവൾ കൊണ്ട് പോകാൻ വന്ന ആങ്ങളയോട് പറഞ്ഞു…

അല്ലെങ്കിൽ തന്നെ അവരുടെ വീട്ടിൽ പോയി അവർക്കും ഒരു ഭാരമായി ജീവിക്കാൻ അല്ലേ എനിക്കും കഴിയൂ…

എത്രയോ കാലം അധികാരത്തോടെ ജീവിച്ചതാണ് ഇവിടെ… ഒരു മരുമകളുടെ…

ഇനി തിരുത്തണം, അത് മകൾ എന്നാക്കണം..

ആങ്ങളയും പടി ഇറങ്ങുമ്പോൾ പറഞ്ഞിരുന്നു.. അവിടുത്തെ വാതിലും ഒരു മുറിയും എന്നും അവൾക്കായി ഒരുങ്ങി കിടക്കുന്നുണ്ടാവും എന്ന്…

അപ്പോഴേക്കും ആ ഉമ്മയും ഉപ്പയും അവളെയും മോളെയും ചേർത്തു പിടിച്ചിരുന്നു…..

രക്തബന്ധത്തേക്കാൾ ഉപരിയായി കിട്ടുന്ന ചില ബന്ധങ്ങൾ ഇല്ലേ.. അത്രയും മനോഹരമായവ…
വാക്കുകൾക്കും അതീതമായവ…. അങ്ങനെ സ്നേഹിക്കപ്പെടുന്നതും ഭാഗ്യം അല്ലേ???

Leave a Reply

Your email address will not be published. Required fields are marked *