അവൾ എന്നെ കണ്ടതും നാണത്തോടെ കാലിന്റെ വിരൽ കൊണ്ട് കളം വരച്ച് നഖവും കടിച്ച് നിൽക്കുന്നുണ്ട്… എല്ലാംകൂടി നാടക നടിമാരുടെ വീട്ടിലേക്ക് പോയ ഒരു അവസ്ഥയായിരുന്നു എനിക്ക്…

(രചന: Jk)

“” മൃദുലേ, ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കടി!! ഹരിമോൻ നീയല്ലേ പറഞ്ഞത് ഹരിമോൻ വന്നിട്ട് ഇങ്ങോട്ട് ഒന്നും കണ്ടില്ലല്ലോ എന്ന്!! വന്നു നോക്കടി പെണ്ണേ!!!””

അമ്മായിയുടെ പെർഫോമൻസ് കണ്ട് എനിക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു…
മുമ്പ് അടിച്ചതിനകത്ത് കയറിയാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞു നിന്ന് തുള്ളിയ ആളാണ്..

പണത്തിന്റെ ഓരോ മായാജാലങ്ങളെ എന്ന് മനസ്സിൽ കരുതി ഞാൻ അവരുടെ ഉമ്മറത്ത് കയറിയിരുന്നു…

അപ്പോഴേക്കും എവിടെ നിന്നോ ഓടിക്കിതച്ച് അമ്മായിയുടെ മകൾ മൃദുലയും എത്തിയിരുന്നു…
അവൾ എന്നെ കണ്ടതും നാണത്തോടെ കാലിന്റെ വിരൽ കൊണ്ട് കളം വരച്ച് നഖവും കടിച്ച് നിൽക്കുന്നുണ്ട്…

എല്ലാംകൂടി നാടക നടിമാരുടെ വീട്ടിലേക്ക് പോയ ഒരു അവസ്ഥയായിരുന്നു എനിക്ക്…

ഓരോരുത്തരുടെയും ഉള്ളിലിരിപ്പ് കണ്ടിട്ട് പിന്നീട് നമ്മളെ കാണുമ്പോൾ എന്തെങ്കിലും സ്വാർത്ഥ കാര്യത്തിനുവേണ്ടി അവർ അഭിനയിക്കുകയാണെങ്കിൽ നമുക്കത് തിരിച്ചറിയാൻ പറ്റും എന്നുപോലും മനസ്സിലാക്കാനുള്ള വകതിരിവ് ഇവർക്കില്ലേ എന്ന് ഞാൻ ചിന്തിച്ചു..

“” അമ്മാവൻ ഇല്ലേ?? “”

ഇനിയും അവരെക്കൊണ്ട് അഭിനയിപ്പിക്കേണ്ട എന്ന് കരുതി ഞാൻ ചോദിച്ചു…

“”” ദേ, പശുവിനെയും കൊണ്ട് ഇപ്പോൾ അങ്ങോട്ട് തൊടിയിലേക്ക് ഇറങ്ങിയതാ.. മൃദു പോയി അമ്മാവനെ വിളിച്ചുകൊണ്ടുവന്നേ ഹരി മോൻ വന്നിട്ടുണ്ട് എന്ന് പറ!!””

അത് കേട്ടതും അവൾ വേഗം പറമ്പിലേക്ക് ഓടി അമ്മായി വേഗം അകത്തു പോയി എനിക്ക് ഒരു ഗ്ലാസ് കട്ടിയുള്ള സംഭാരം എടുത്തു കൊണ്ടുവന്നിരുന്നു…

“”” ഇന്നാ മോനെ സംഭാരം!!! ഇതൊക്കെ മോന് പിടിക്കുമോ?? “”

അമ്മായിയുടെ ചോദ്യം കേട്ട് എനിക്ക് ശരിക്കും ചിരി വന്നു ചിരിയോടെ തന്നെ ഞാൻ അവരോട് ചോദിച്ചു…

“”” മൂന്നുനേരം വയറു നിറയ്ക്കാൻ ഇല്ലാഞ്ഞിട്ട് പച്ചവെള്ളം അല്ലേ അമ്മായി ഞാൻ കുടിച്ചിരുന്നത് അപ്പോ ഈ സംഭാരം ഒക്കെ എനിക്ക് കിട്ടാക്കനിയായിരുന്നു.. പിന്നെ ഇപ്പോൾ ഇതൊക്കെ കുടിക്കുമോ എന്ന് ചോദിച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല?? “””

എന്റെ ചോദ്യം കേട്ടതും അമ്മായിയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു അവർ വേഗം ചിരിയോടെ ആ ഭാവം മറച്ച് എന്നോട് പറഞ്ഞു,

“”‘ അല്ല മോനിപ്പോ മൂന്നാല് വർഷമായി ഗൾഫിൽ അല്ലേ അപ്പോൾ അവിടെ വലിയ വലിയ ഭക്ഷണങ്ങളല്ലേ കഴിക്കാൻ കിട്ടുക നമ്മുടെ നാട്ടിലെ പോലെ സംഭാരവും പാലും ഒന്നും അവിടെ ഉണ്ടാവില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ!!”””
എന്ന്..

“”” അവിടെ വലിയ വലിയ ഭക്ഷണങ്ങൾ കിട്ടുകയൊക്കെ ചെയ്യും പക്ഷേ മൂന്നുനേരം ഞാൻ നാട്ടിൽ എന്തായിരുന്നു മുമ്പ് കഴിച്ചിരുന്നത് അത് തന്നെയാണ് അവിടെയും കഴിച്ചിരുന്നത് അന്ന് പോയ അതേ ഹരിദാസ് തന്നെയാണ് ഇപ്പോഴും ഞാൻ!!!””

എന്ന് പറഞ്ഞപ്പോഴേക്ക് അമ്മാവനെയും കൊണ്ട് മൃദുല എത്തിയിരുന്നു…

“”” അമ്മാവാ എനിക്ക് നമ്മുടെ സ്ഥലത്തിന്റെ അടിയാധാരം ഒന്ന് വേണം!!! അറിയാലോ പുതിയ വീട് ഉണ്ടാക്കിയിട്ട് അതിന് വീട്ടിനമ്പർ ഇതുവരെ കിട്ടിയിട്ടില്ല അടിയാധാരം കൊണ്ടുവന്ന് കാണിക്കാൻ പറഞ്ഞു അമ്മാവന്റെ അടുത്ത് കാണും എന്നാണ് എന്റെ ഒരു വിശ്വാസം!!””‘

എന്ന് പറഞ്ഞത് അമ്മാവൻ ഇപ്പോൾ എടുത്തു തരാം എന്ന് പറഞ്ഞ് അകത്തേക്ക് പോയി…
മൃദുലയെ എന്റെ അടുത്ത് മനപ്പൂർവ്വം നിർത്തി അമ്മായിയും അകത്തേക്ക് പോയി അവൾ കണ്ണുകൊണ്ട് എന്തൊക്കെയോ കഥകളി കാണിക്കുന്നുണ്ടായിരുന്നു…

“”” നിന്റെ വിവാഹം ഏതു വരെയായി??? “”
മനപ്പൂർവം തന്നെ ചോദിച്ചതായിരുന്നു അത്!!

പണ്ട് എന്റെ അച്ഛൻ കച്ചവടം എന്നും പറഞ്ഞ് ഉള്ള വീടും കിടപ്പാടവും പണയപെടുത്തി ഓരോ ചതിയിൽ പോയി പെട്ടു അങ്ങനെ എല്ലാം നഷ്ടപ്പെട്ടു..

അന്ന് അമ്മ ഒരു സഹായത്തിനായി വന്നതായിരുന്നു ഈ മുറ്റത്തേക്ക് അമ്മയുടെ ഭാഗവും ചോദിച്ച് അമ്മയ്ക്ക് അവകാശപ്പെട്ടത് പോലും നൽകാൻ അമ്മാവൻ തയ്യാറായില്ല എന്ന് മാത്രമല്ല ഇവിടെ നിന്ന് ആട്ടിയിറക്കി വിടുകയും ചെയ്തു!!!

സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കേണ്ടി വന്നു ഞങ്ങൾക്ക് ഒരു വാടക വീട്ടിലേക്ക് പോകേണ്ടിയും വന്നു അച്ഛന് അത് സഹിക്കാൻ കഴിഞ്ഞില്ല ഒരു മുഴം കയറിൽ അദ്ദേഹം ജീവനോടുക്കി പിന്നെ ഞാനും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്..

പണ്ടെങ്ങോ പറഞ്ഞുവെച്ചിരുന്നു മൃദു ഹരിക്കുട്ടന് ഉള്ളതാണ് എന്ന് അതുകൊണ്ടുതന്നെ അവൾക്ക് വേറെ വിവാഹം അന്വേഷിക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ അമ്മ അത് ചോദിക്കാൻ വേണ്ടി വന്നു അന്ന് പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്,

“”” നിന്നെപ്പോലെ മൂന്നുപേരും അന്നം കഴിക്കാൻ വകയില്ലാത്തവർക്ക് പെണ്ണിനെ കൊടുക്കേണ്ട ഗതികേട് ഒന്നും ഇന്നീ തറവാട്ടിൽ ഇല്ല അതുകൊണ്ട് രണ്ടുപേരും ഈ അടിച്ചതിനകത്ത് കയറരുത് എന്ന്!!”

അന്ന് അമ്മയുടെ കണ്ണിലൂടെ ചോരയായിരുന്നു ഒഴുകിയിരുന്നത് എന്ന് എനിക്ക് തോന്നി…

ഉള്ള ജോലിക്ക് അന്നെനിക്ക് തുച്ഛമായ വരുമാനമാണ് കിട്ടിക്കൊണ്ടിരുന്നത്.. അതുകൊണ്ട് ഞങ്ങൾക്ക് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പോലും കഴിയുന്നില്ല ആയിരുന്നു.

അങ്ങനെയാണ് എന്റെ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്ന് വന്നത് എന്റെ അവസ്ഥ കണ്ട് അവൻ അവിടെ ഒരു ജോലി ശരിയാക്കാം എന്ന് പറഞ്ഞു പോയി…
വെറും വാക്ക് പറഞ്ഞതാണ് എന്നാണ് കരുതിയത് പക്ഷേ അടുത്ത തവണ അവൻ വന്നപ്പോൾ എനിക്കുള്ള വിസയും കൊണ്ടായിരുന്നു വന്നത്…

അമ്മയെ അവിടെയുള്ള ഒരു ഓൾഡ് ഏജ് ഹോമിൽ ആക്കി എനിക്ക് വേറെ മാർഗ്ഗമില്ലായിരുന്നു..
അത്രപോലും എന്റെ അമ്മാവനോ വീട്ടുകാരോ ഒന്ന് ഞങ്ങൾക്ക് സഹായത്തിനായി വന്നിട്ടില്ല..

നല്ല ജോലിയായിരുന്നു ഗൾഫിൽ ഓവർടൈം ചെയ്താൽ അതിനനുസരിച്ച് ഉള്ള ശമ്പളം കിട്ടുമായിരുന്നു ഞാൻ അധ്വാനിച്ചു എല്ലുമുറിയെ…

തിരികെ ചെല്ലുമ്പോൾ ഓൾഡേജ് ഹോമിൽ നിന്ന് അമ്മയെ മാറ്റി സ്വന്തമായി ഒരു കൂരയിൽ താമസിപ്പിക്കണം എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ…

അതിനിടയിലാണ് ഞാനും എന്നെ കൊണ്ടുപോയ കൂട്ടുകാരനും ചേർന്ന് അവിടത്തെ ഒരു ലോട്ടറി എടുക്കുന്നത്..
അതിനായിരുന്നു ഫസ്റ്റ് പ്രൈസ്…

അളവില്ലാത്ത സമ്പത്തിന് ഉടമയായി എന്നെനിക്ക് വിശ്വസിക്കാൻ പോലും കഴിയില്ല ആയിരുന്നു ഞാൻ പെട്ടെന്ന് തന്നെ ഒരു കോടീശ്വരനായി വിവരം നാട്ടിൽ മുഴുവൻ പാട്ടായി..

നാട്ടിലേക്ക് ലീവിന് വന്നു ഞാൻ എന്റെ മോഹം പോലെ ഒരു വീടുണ്ടാക്കാൻ..

അമ്മയാണ് പറഞ്ഞത് അമ്മയുടെ സ്ഥലത്ത് തന്നെ വേണം എന്ന് അങ്ങനെയാണ് അമ്മാവന്റെ കയ്യിൽ നിന്ന് അമ്മയ്ക്ക് അവകാശപ്പെട്ട സ്ഥലം ഞാൻ പൈസ കൊടുത്തു വാങ്ങിയത് ഇത്തവണ അമ്മാവൻ വെറുതെ തരാൻ തയ്യാറായിരുന്നു പക്ഷേ അത് വേണ്ട എന്ന് അമ്മ തന്നെയാണ് പറഞ്ഞത് അമ്മയുടെ വാശി..

കൊട്ടാരം പോലൊരു വീടുണ്ടാക്കി ഞാൻ അമ്മയെ അവിടുത്തെ റാണി ആക്കി..
അമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു ഉടനെ തന്നെ എന്നെ ഒരു കല്യാണം കഴിപ്പിക്കണം എന്നും അമ്മയ്ക്ക് മോഹമുണ്ടായിരുന്നു അന്നേരം അമ്മാവനും അമ്മായിയും വന്നു…

എന്തിനാണ് പുറമേ പെണ്ണ് അന്വേഷിച്ച് നടക്കുന്നത് നമ്മുടെ മൃദുലമോൾ ഉണ്ടല്ലോ എന്നും പറഞ്ഞ്..
അന്ന് ഈയൊരു കാര്യത്തിന് അങ്ങോട്ടേക്ക് ചെന്നപ്പോൾ ആട്ടിയിറക്കി വിട്ടവരാണ് ഇപ്പോൾ നേരെ പ്ലേറ്റ് മാറ്റി വന്നിരിക്കുന്നത്..

“”” അവന് നിങ്ങളുടെ മോളെ വേണ്ട!! വേറെ നല്ല ഐശ്വര്യമുള്ള ഒരു കുട്ടിയെ ഞാൻ കണ്ടു വച്ചിട്ടുണ്ട്!!!””

എന്ന് അമ്മ അവരുടെ മുഖത്ത് നോക്കി പറയുമ്പോൾ അവരുടെ മുഖം ആടുന്നതും അതുകണ്ട് അമ്മയുടെ മുഖം വിടരുന്നതും ഞാൻ കുറുമ്പോടെ നോക്കി നിന്നു….

“”” ഏതാ അമ്മേ ആ ഐശ്വര്യമുള്ള പെണ്ണ്??? “””

എന്ന് അവർ പോയതും അമ്മയോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞിരുന്നു… “”””ആാാ അതിനീ കണ്ടുപിടിക്കണം എന്ന്!!!!”””

അതുകേട്ട് മനസ്സുനിറഞ്ഞ ഞങ്ങൾ രണ്ടുപേരും പൊട്ടി പൊട്ടി ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *