പാവം മഹേഷ് അവനും ഉണ്ടാവില്ലേ ഒരു ആൺകുഞ്ഞിനെയൊക്കെ ലാളിക്കാൻ മോഹം ഇതിപ്പോ മൂന്നും പെൺമക്കളായി പണ്ടൊക്കെ

(രചന: J. K)

“” എടി കൊച്ചിനെ ഒന്ന് ഉഴിഞ്ഞിട്ടേക്ക്, അവൾ വന്ന് എടുത്തതൊക്കെ അല്ലേ വെറുതെ കണ്ണ് തട്ടേണ്ട “”

മറന്നുവച്ച കുട എടുക്കാൻ വേണ്ടി തിരിച്ചു വന്നപ്പോൾ കേട്ടത് ഇതാണ് വലിയമ്മയുടെ ക്രൂരമായ വാക്കുകൾ എന്തോ അത് കേട്ട് നെഞ്ചിനുള്ളിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി…

“” ആ ഞാനും അത് അമ്മയോട് പറയാൻ ഇരിക്കുകയായിരുന്നു””

ഇന്ന് സിന്ധുവും പറഞ്ഞതുകൊണ്ടാണ് ഏറെ വിഷമമായത്…

കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു.. വാശിയോടെ തുടച്ചു നീക്കി അകത്തേക്ക് നടന്നു എന്നിട്ട് പറഞ്ഞു ഈ കൂട എടുക്കാൻ വന്നതാ എന്ന്…

തന്റെ കൂടെ കഴിച്ചു വളർന്നവർ ഈ വിധം മാറും എന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല..
തന്നെയും കാത്ത് ശ്രീക്കുട്ടി വാതിലിന്റെ അവിടെ നിന്നിരുന്നു….

“”ന്താ അമ്മേ വല്ലാണ്ടെ??””

എന്നവൾ എന്റെ മുഖം കണ്ടതും ചോദിച്ചു അവളെയും ചേർത്തുപിടിച്ച് ഒന്നും ഇല്ലടാ എന്ന് പറഞ്ഞ് നടന്നു…

വീട്ടിലെത്തിയിട്ടും വലിയമ്മയുടെയും സിന്ധുവിന്റെയും വാക്കുകൾ ദിവ്യയുടെ മനസ്സിൽ നിന്ന് പോകുന്നേ ഉണ്ടായിരുന്നില്ല മഹേഷേട്ടൻ വന്നപ്പോഴും അവൾ ആകെ മൂകയായി തന്നെ കാണപ്പെട്ടു.

അയാൾക്കറിയാമായിരുന്നു എന്തെങ്കിലും കാര്യമായി കിട്ടാതെ പെണ്ണ് ഇങ്ങനെ ആവില്ല എന്ന്..

മക്കളുടെ മുന്നിൽ വച്ച് ഒന്നും ചെയ്തു ചോദിക്കേണ്ട എന്ന് കരുതിയിട്ടാവണം രാത്രി കിടക്കുമ്പോൾ ആ നെഞ്ചോരം ചേർത്തുപിടിച്ച് തലയിൽ തഴുകി മെല്ലെ ചോദിച്ചത് എന്തുപറ്റി എന്റെ പെണ്ണിന് എന്ന്..

നടന്നതെല്ലാം പറഞ്ഞപ്പോൾ പൊട്ടിപ്പൊട്ടി ചിരിക്കുകയാണ് ചെയ്തത്..
അത് കണ്ടപ്പോൾ ആ മുഖത്തേക്ക് ഒന്ന് കൂർപ്പിച്ചു നോക്കി..

“” വെറുതെ ഓരോന്ന് പറയാൻ നിക്കണ്ട.. മഹേഷേട്ടനും ഒരു ആൺകുട്ടി വേണം എന്ന് ഉണ്ടായിരുന്നില്ലേ അതുകൊണ്ടല്ലേ രണ്ടു കുട്ടികളായിട്ടും നിർത്താഞ്ഞത്… “”

മഹേഷേട്ടൻ എന്നെ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ച് മക്കളുടെ അടുത്തു കൊണ്ടുപോയി നിർത്തി നിഷ്കളങ്കമായി ഉറങ്ങുന്ന മൂന്ന് പെൺകുഞ്ഞുങ്ങൾ അവരുടെ മുഖത്തേക്ക് നോക്കാൻ പറഞ്ഞു…

“” ഇനി പറ എപ്പോഴെങ്കിലും ഞാൻ ത ഒരു വിഷമം പോലെ നിന്നോട് പറഞ്ഞിട്ടുണ്ടോ എനിക്ക് മൂന്ന് പെൺകുട്ടികളാണ് എന്ന് എപ്പോഴും എന്റെ വാക്കുകൾ അഭിമാനതായിരുന്നു… എന്റെ മൂന്ന് മാലാഖ കുഞ്ഞുങ്ങൾ..

എടി അവരെന്നെയും നിന്നെയും സ്നേഹിക്കുന്നത് നീ കാണുന്നില്ലേ…?? അവർ പെൺകുട്ടികളായി പോയി ആൺകുട്ടികൾക്ക് ഇതിലും കൂടുതലായി നമ്മൾ സ്നേഹിക്കാൻ കഴിയും അല്ലെങ്കിൽ മറ്റെന്തെങ്കിലും നമുക്ക് ചെയ്തു തരാൻ കഴിയും എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല

പിന്നെ ഓരോരുത്തരുടെ പൊട്ട വാക്കുകളും കേട്ട് നീ ഇവിടെ കിടന്നു മോങ്ങിയാൽ ഉണ്ടല്ലോ എന്റെ തനി സ്വഭാവം നീ മനസ്സിലാക്കും…””

അത്രയും കപട ദേഷ്യത്തോടെ പറഞ്ഞ് അദ്ദേഹം മുറിയിലേക്ക് പോയി..

“” ഓരോരുത്തര് ഒരു കുഞ്ഞിക്കാല് കാണാൻ എന്തൊക്കെ നേർച്ച നേരുന്നു അപ്പോഴാ അവൾക്ക് മൂന്ന് സുന്ദരി കൊച്ചുങ്ങളെ കിട്ടിയപ്പോൾ അഹങ്കാരം എന്നൊക്കെ പിറുപിറുക്കുന്നത് കേട്ടു…

അത് കേട്ടപ്പോൾ എന്തോ എന്റെ ചുണ്ടിലും ഒരു ചെറിയ ചിരി വിരിഞ്ഞു…

ഏട്ടന്റെ അടുത്ത് പോയി കിടന്നു അപ്പോഴേക്കും ആ കൈകൾ എന്റെ ദേഹത്തേക്ക് വന്നു എന്നേ ചേർത്തുപിടിച്ചിരുന്നു….

കളിക്കൂട്ടുകാരാണ് താനും സിന്ധുവും ഒരുമിച്ച് വളർന്നവർ… അമ്മയുടെ ചേച്ചിയുടെ മകളാണ് അവൾ…

കൂട്ടുകാരികളെ പോലെ ആയിരുന്നു എങ്കിലും അവൾക്കും വലിയമ്മക്കും എല്ലാ കാര്യത്തിലും കുശുമ്പ് ആയിരുന്നു…

ഒന്നും എന്നേക്കാൾ കുറവിൽ അവൾക്ക് കിട്ടരുത് എന്നൊരു തരം വാശി..
അതിന് വേണ്ടി എന്തും ചെയ്യും..

പക്ഷേ അതൊന്നും കാര്യമാക്കാതെ അവളുടെ സൗഹൃദം മാത്രമേ താൻ നോക്കിയിരുന്നുള്ളൂ…

എന്നേ കണ്ട് ഇഷ്ടമായി എന്ന് പറഞ്ഞ് മഹേഷേട്ടൻ വിവാഹാലോചനയുമായി വന്നപ്പോൾ അത് അവൾക്ക് ആക്കി തീർക്കാൻ വലിയമ്മ കുറേ കഷ്ടപ്പെട്ടിരുന്നു പക്ഷേ മഹേഷേട്ടൻ എന്നെ തന്നെ മതി എന്നു പറഞ്ഞ് ഒറ്റക്കാലിൽ നിന്നു…

അതുകൊണ്ട് മാത്രമാണ് ഈ വിവാഹം നടന്നത് അല്ലെങ്കിൽ സിന്ധുമായുള്ള വിവാഹം വലിയമ്മ നടത്തിയേനെ… അതിന് കാരണവുമുണ്ട് മഹേഷേട്ടൻ നല്ലൊരു കുടുംബത്തിലെ അംഗമാണ് പോരാത്തതിന് ബാങ്കിൽ നല്ലൊരു ജോലിയും…

അതിനുശേഷം വലിയമ്മ വലിയ ലോഹ്യം ഒന്നും കാണിക്കാറില്ല മഹേഷേട്ടനോട് ഒരുപാട് പറഞ്ഞു സങ്കടപ്പെട്ടതാണ് അദ്ദേഹത്തിന് അതെല്ലാം പുച്ഛമാണ് വലിയമ്മയെയും സിന്ധുവിനെയും എല്ലാം ഇത്തിരി നാളുകൾ കൊണ്ട് തന്നെ അവരുടെയെല്ലാം സ്വഭാവം മനസ്സിലാക്കിയെടുത്തിരുന്നു ഏട്ടൻ…

വിവാഹം കഴിഞ്ഞതും രണ്ടുമാസത്തിനുള്ളിൽ ഞാൻ ഗർഭിണിയായി അത് അറിഞ്ഞപ്പോൾ വലിയമ്മയുടെ വക കളിയാക്കൽ ഉണ്ടായിരുന്നു അങ്ങോട്ട് കയറിയതേയുള്ളൂ അപ്പോഴേക്കും വയറു വീർപ്പിച്ചല്ലോ എന്ന്…

എന്തോ അത് കേട്ട് വിഷമം തോന്നിയെങ്കിലും മഹേഷേട്ടന്റെയും വീട്ടുകാരുടെയും സന്തോഷം കണ്ടപ്പോൾ അതൊന്നും പിന്നെ വലിയ കാര്യമാക്കി എടുത്തില്ല സിന്ധുവിന്റെ കല്യാണം പിന്നെയും രണ്ടുവർഷം കഴിഞ്ഞാണ് കഴിഞ്ഞത് അപ്പോഴേക്കും എനിക്ക് ഒരു കുഞ്ഞു കൂടി ആയിരുന്നു…

രണ്ട് പെൺമക്കൾ…

അതിനും വലിയമ്മയുടെ മക മുറി ഉണ്ടായിരുന്നു ഭാഗ്യം ഉള്ളവർക്ക് ആൺകുട്ടികൾ ഉണ്ടാവൂ എന്ന്…

എനിക്കിഷ്ടം പെൺകുട്ടികളെ തന്നെയായിരുന്നു പക്ഷേ അപ്പോഴും ഒരു സങ്കടം ഉണ്ടായിരുന്നു മഹേഷേട്ടന്റെ ഉള്ളിൽ ഒരാൺകുഞ്ഞ് വേണം എന്നൊരു മോഹം ഉണ്ടാകുമോ എന്ന് പലപ്പോഴും ചോദിച്ചു നോക്കിയതാണ്

ഒന്നും വിട്ടു പറഞ്ഞില്ല അദ്ദേഹത്തിന് അങ്ങനെയൊന്നും സംസാരിക്കുന്നത് ഇഷ്ടമായിരുന്നില്ല…

എന്റെ വിവാഹം ആദ്യം കഴിഞ്ഞതിനുശേഷം സിന്ധു പഠനം ശ്രെദ്ധിച്ചു.. ഞാനും കുഞ്ഞിന് കുറച്ച് ആയപ്പോൾ എന്റെ പഠനം തുടർന്നു മഹേഷേട്ടന് നിർബന്ധമായിരുന്നു ഒന്നിന്റെ പേരിലും എന്റെ ഭാവി തുലയ്ക്കരുത് എന്ന്…

കുട്ടികൾ ഉണ്ടായാലും പഠിക്കാം അതൊന്നും പഠനത്തിന് തടസ്സമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതിനുവേണ്ട എല്ലാ സഹായവും അദ്ദേഹം ചെയ്തു തന്നിരുന്നു..

വലിയമ്മയ്ക്ക് എന്നെക്കാൾ നല്ലൊരു ബന്ധം അവൾക്ക് വരണം എന്ന് നല്ല മോഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഗൾഫിൽ നല്ല സ്ഥിതിയിൽ ഉള്ള ഒരാളെ കണ്ടുപിടിച്ചു അവളുടെ വിവാഹം നടത്തിയത്…

പിന്നെ മരുമകനെ പുകഴ്ത്തലോട് പുകഴ്ത്തൽ ആയിരുന്നു അയാൾക്ക് അങ്ങനെയാണ് ഇങ്ങനെയാണ് ഗൾഫിൽ വലിയ സ്ഥിതിയാണ് എന്നൊക്കെ പറഞ്ഞ് എല്ലാവരുടെ ഇടയിലും വലിയ ആളായി വലിയമ്മ..

സിന്ധുവിനും ഗമ ഇത്തിരി ഒന്നുമല്ലായിരുന്നു കണ്ടാൽ ഒന്നും മിണ്ടുക പോലും ഇല്ല..

എന്നാലും കാണുമ്പോഴൊക്കെ അങ്ങോട്ട് കേറി സംസാരിക്കും മഹേഷേട്ടൻ പലപ്പോഴും തടഞ്ഞതാണ് വെറുതെ അവനവന്റെ വില കളയരുത് എന്ന് പറഞ്ഞു

പക്ഷേ എനിക്ക് അവളോട് മിണ്ടാതിരിക്കാൻ കഴിയുമായിരുന്നില്ല ഇതിനിടയിൽ മൂന്നാമതും ഞാൻ ഗർഭിണിയായി അതുകൂടി പെൺകുട്ടിയായപ്പോൾ പിന്നെ വലിയമ്മ ഓരോന്ന് പറയാൻ തുടങ്ങി..

“” പാവം മഹേഷ് അവനും ഉണ്ടാവില്ലേ ഒരു ആൺകുഞ്ഞിനെയൊക്കെ ലാളിക്കാൻ മോഹം ഇതിപ്പോ മൂന്നും പെൺമക്കളായി പണ്ടൊക്കെ ആണെങ്കിൽ വേറെ കെട്ടും, ഒരു ആൺകുട്ടിയെ കൊടുക്കാൻ കഴിവുള്ളോരേ… “”

എന്നൊക്കെ പറഞ്ഞതും വല്ലാത്ത വിഷമം മഹേഷേട്ടന്റെ കാര്യം ഓർത്ത്… അദ്ദേഹത്തോട് പറഞ്ഞപ്പോൾ എന്നെ പിടിച്ചു തിന്നില്ല എന്നേയുള്ളൂ…

പിന്നെ വലിയ ഒരു ഉപദേശവും ഈ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നൊക്കെ തീരുമാനിക്കുന്നത് ആണുങ്ങടെ ക്രോമോസോം ആണ്… അതുകൊണ്ട് വല്ലാതെ വിഡ്ഢിത്തം എഴുന്നള്ളിക്കരുത് എന്ന്..

പിന്നെ ഒന്നും മിണ്ടാൻ പോയില്ല ആ വിഷയം അവിടെ വച്ച് അവസാനിച്ചതായിരുന്നു….

പിന്നെ അറിഞ്ഞു സിന്ധു ഗർഭിണിയാണ് എന്ന് അവൾ ഗൾഫിൽ തന്നെയായിരുന്നു പ്രസവത്തിന് കുറച്ചുദിവസം മുൻപ് മാത്രമാണ് നാട്ടിലേക്ക് എത്തിയത് അവൾ പ്രസവിച്ചു ആൺകുട്ടിയാണ് എന്നറിഞ്ഞു…

ആശുപത്രിയിലേക്ക് പോകാതെ ഡിസ്ചാർജ് ആയി വീട്ടിലെത്തിയപ്പോൾ കാണാതിരിക്കാൻ തോന്നിയില്ല അവളെയും കുഞ്ഞിനെയും കാണണം എന്ന് മനസ്സു പറഞ്ഞു പോകുമ്പോഴേ ഏട്ടൻ വിലക്കിയത് ആണ് ഇനി അവിടെ ചെന്ന് വലിയമ്മ വായിൽ തോന്നുന്നത് ഓരോന്ന് പറഞ്ഞ് ഇവിടെ വന്നിരുന്നു മോങ്ങരുത് എന്ന്…

കേൾക്കാതെ പോയി ഇങ്ങനെയെല്ലാം ആയി…
മഹേഷേട്ടന്റെ വക കുറച്ച് ചീത്ത കൂടി ആയപ്പോൾ എല്ലാം തൃപ്തിയായി…

പിന്നീട് അതിനെപ്പറ്റി ഒരു ചർച്ചയോ അല്ലെങ്കിൽ അതിൽ വിഷമിക്കാനോ പോയില്ല, മറ്റുള്ളവരുടെ വാക്കിനേക്കാൾ നമ്മളുടെ ഉള്ളിലെ വിശ്വാസമാണ് വലുത് എന്ന് കരുതി ജീവിച്ചു…

മൂന്നു മക്കളും ഒന്നിനൊന്നു മിടുക്കികളായിരുന്നു മൂന്നുപേർക്കും മഹേഷേട്ടന്റെ സ്വഭാവം തന്നെ… ആരെയും ചേർത്തുപിടിക്കും തള്ളിക്കളയേണ്ടവരെ തള്ളിക്കളയുകയും ചെയ്യും..

ആൺകുട്ടി ഉണ്ടായ സിന്ധു ഗൾഫിൽ തന്നെയായിരുന്നു നാട്ടിലേക്ക് വന്നത് കൂടിയില്ല വലിയമ്മയ്ക്ക് വയ്യാതായിട്ടും അവൾ ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല നരകിച്ചാണ് അവർ മരിച്ചത്…

ഒരു പ്രായം കഴിഞ്ഞപ്പോൾ സിന്ധു നാട്ടിലേക്ക് വന്നു അവളുടെ മകൻ അവിടെ കൊണ്ടുവന്ന് വിടുകയായിരുന്നു . അവന് അവന്റെ തായ് ജീവിതമുണ്ട് അതിനിടയിൽ തടസ്സമായി അവൾ വന്നപ്പോൾ നാട്ടിൽ കൊണ്ട് വിട്ടതാണ്…

അപ്പോഴേക്ക് എന്റെ പെൺമക്കളുടെ എല്ലാം വിവാഹം കഴിഞ്ഞിരുന്നു അവർ ഓരോരുത്തരും എന്റെയും ഏട്ടന്റെയും കൂടെ വന്നു നിൽക്കും..

ഞങ്ങൾ ഇടയ്ക്ക് അവരുടെ വീടുകളിലേക്കും പോകും എല്ലായിടത്തും സന്തോഷം മാത്രം..

സിന്ധു എത്തിയതറിഞ്ഞ് മോളെയും കൂട്ടി ഞാൻ അങ്ങോട്ട് പോയിരുന്നു… മഹേഷേട്ടൻ വേണ്ട എന്ന് പറഞ്ഞെങ്കിൽ കൂടി..

അവിടെ എത്തിയപ്പോൾ അവൾ കരഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു നീ ഭാഗ്യവതിയാ പെൺമക്കൾ ഉണ്ടാകുന്നതാ ഭാഗ്യം എന്ന്….

“” ഞാൻ അവളെ തിരുത്തി ഏത് മക്കൾ ഉണ്ടായാലും അവർ നമ്മളെ മനസ്സിലാക്കി നമ്മളോടൊപ്പം നിൽക്കുന്നുണ്ടെങ്കിൽ മാത്രമാണ് ഭാഗ്യം എന്ന്…

അതിപ്പോ ആണായാലും ശരി പെണ്ണായാലും ശരി അമ്മയെയും അച്ഛനെയും നോക്കാനുള്ള മനസ്സ് കാണിക്കണം….

അതിൽ ഭാഗ്യവും ഭാഗ്യക്കേടും ഒന്നുമില്ല ചെറുപ്പം മുതലേ ഒരുപക്ഷേ നമ്മൾ അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിലും അവരുടെ സ്വഭാവ രൂപീകരണത്തിന് വലിയൊരു പങ്കുണ്ടാവാം…

മറ്റുള്ളവരെ ബഹുമാനിക്കാനും സഹജീവികളോടുള്ള കരുണയും അവരുടെ മനസ്സിൽ ചെറുപ്പം മുതലേ നമ്മൾ വളർത്തിയെടുക്കണം… എങ്കിൽ ഒരിക്കലും അവർ ആരെയും വേദനിപ്പിക്കില്ല മറ്റുള്ളവർക്ക് ദോഷം വരുന്നതൊന്നും ചെയ്യില്ല…

ഞാൻ പറഞ്ഞതെല്ലാം കേട്ട് സിന്ധു തലയാട്ടി എല്ലാം ശരിയാണ് എന്ന മട്ടിൽ..

ഇത്തവണയും ശ്രീക്കുട്ടി തന്നെയായിരുന്നു എന്റെ കൂടെ വന്നത് അവൾ എന്നെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു ആന്റി വിഷമിക്കേണ്ട, ഇത് എന്റെ നമ്പർ ആണ് എനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം ഞങ്ങൾ വന്നു പറ്റുന്ന വിധത്തിൽ എന്ത് സഹായം വേണമെങ്കിലും ചെയ്യാം എന്ന്…

അത് കേട്ടപ്പോൾ എനിക്ക് എന്തെന്നറിയില്ലാതെ മനസ്സ് നിറഞ്ഞു… പോകുമ്പോൾ ഞാൻ അവളോട് സ്വകാര്യം പറഞ്ഞിരുന്നു,

” നേരത്തെ ഞാനിപ്പോ കണ്ടത് ശ്രീക്കുട്ടിയെ ആണോ അതോ ആ മഹേഷേട്ടനെ ആണോ എന്ന് “”

അദ്ദേഹവും ഇങ്ങനെ തന്നെയാണ്…. മനോഹരമായ ചിരി അവൾ എനിക്ക് തിരികെ തന്നു… അവൾ തീർത്ത് പിടിച്ച് ഞാനെന്റെ സ്വർഗ്ഗത്തിലേക്ക് യാത്രയായി….

Leave a Reply

Your email address will not be published. Required fields are marked *