ഭർത്താവിന്റെ വീട്ടിൽ നിന്ന് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്ന പെങ്ങൾക്ക് സങ്കടം ആകും എന്ന് കരുതി ഞങ്ങൾക്ക് അടുത്ത് ഇടപഴകാൻ പോലും അമ്മ അനുവദിച്ചിരുന്നില്ല….

(രചന: J. K)

“”നന്ദ… നീ ഇങ്ങനെ ആവശ്യമില്ലാതെ വാശി കാണിക്കരുത് ഇത് നിന്റെ ജീവിതമാണ്… അവരെല്ലാം അപ്പുറത്ത് വന്നിരിക്കുന്നത് നിന്റെ ഒരാളുടെ തീരുമാനം അറിയാൻ മാത്രമാണ്..”

അമ്മായി അങ്ങനെ പറഞ്ഞപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഞാൻ..

“” ദേ അവന് വേണമെങ്കിൽ വേറെ ഇനിയും നല്ല പെണ്ണുങ്ങളെ കിട്ടും… നിനക്ക് അങ്ങനെയല്ല ഒരു കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞാൽ പിന്നെ ആരും ഈ വഴിക്ക് തിരിഞ്ഞു നോക്കില്ല..”

അത്രയും പറഞ്ഞ് എന്തോ വലിയ കാര്യം പറഞ്ഞതുപോലെ അമ്മായി എന്നെ നോക്കി. എനിക്ക് ചിരിയാണ് വന്നത് ഞാനാ ചിരി ഒളിപ്പിച്ചു വെക്കാതെ തന്നെ അമ്മായിയോട് പറഞ്ഞു ഇത് ഇരുപത്തി ഒന്നാമത്തെ നൂറ്റാണ്ട് ആണ്….

അമ്മായി ജനിച്ചപ്പോഴത്തെ പോലെയല്ല ഇപ്പോൾ എന്ന്…

ആമുഖം ഇപ്പോൾ ചുളിഞ്ഞു കാണും എന്നും എന്നോട് ദേഷ്യം തോന്നിക്കാണും എന്നും എനിക്കറിയാം പക്ഷേ ഇതിൽ കൂടുതൽ എന്താണ് അവരോടൊക്കെ പറയുക ഞാൻ അവിടെ അനുഭവിച്ച എല്ലാ കാര്യങ്ങളും ഇവരോടെല്ലാം വന്ന് പറഞ്ഞതാണ്…

അപ്പോൾ സപ്പോർട്ട് ചെയ്ത് നിന്നവർ പോലും അവരൊന്നു വന്ന് നല്ലവണ്ണം സംസാരിച്ചപ്പോൾ തിരിഞ്ഞിരിക്കുന്നു ഇപ്പോൾ എനിക്കെതിരെ സംസാരിക്കാനും തുടങ്ങിയിരിക്കുന്നു ഓർത്തപ്പോൾ തമാശയായി തോന്നി..

അപ്പോഴേക്കും അച്ഛൻ വന്നിരുന്നു അച്ഛന്റെ മുഖത്തേക്ക് ഞാൻ നോക്കി ആ മുഖത്ത് എന്താണ് ഭാവം എന്നറിയാൻ വേണ്ടി…
പ്രത്യേകിച്ചൊന്നും എനിക്ക് തോന്നിയില്ല അച്ഛൻ എന്നെ വിളിച്ചിട്ട് പറഞ്ഞു…

“””നന്ദ അവർക്ക് നിന്നോട് എന്തോ സംസാരിക്കണം എന്ന് ഒന്ന് പുറത്തേക്ക് വരൂ കുട്ടി “”

അത്രയും പറഞ്ഞ് അച്ഛൻ പുറത്തേക്ക് പോയി ഞാൻ അച്ഛന്റെ പുറകെ തന്നെ ചെന്നു..

അവിടെ അവരെല്ലാവരും വന്നിരുന്നു കിരണിന്റെ അമ്മ ഒഴികെ.. അമ്മാവനും വലിയച്ഛനും എല്ലാവരും ഇരിക്കുന്നത് കണ്ടു അവരുടെ മുന്നിൽ തന്നെ പോയി നിന്നു. കിരൺ മറ്റെങ്ങോട്ടോ നോക്കി ഇരിക്കുന്നുണ്ടായിരുന്നു….

“” മോളെ ഈ വിവാഹം എന്നു പറയുമ്പോൾ രണ്ടു വ്യത്യസ്തമായ ജീവിതരീതിയിൽ വളർന്നു പോന്നിട്ടുള്ളവരുടെ ഒന്നാവൽ കൂടിയാണ്… രണ്ടുപേർക്കും തികച്ചും വ്യത്യസ്തമായ സംസ്കാരങ്ങൾ ആയിരിക്കാം..

നമ്മളൊന്ന് ചെറുതായി കണ്ണടച്ചാൽ മാത്രമേ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു ജീവിക്കാൻ കഴിയു അതിനാണല്ലോ ഈ കുടുംബം എന്ന് പറയുന്നത്…

ഇതിലും വലിയ പ്രശ്നങ്ങളുള്ള പല ഇടങ്ങളും ഉണ്ട് ഇപ്പോൾ എന്താണ് നിനക്ക് പ്രശ്നം കിരണിന്റെ പെങ്ങൾ കല്യാണം കഴിച്ചു കൊടുത്ത വീട്ടിൽ നിൽക്കാതെ അവിടെ വീട്ടിൽ വന്നു നിൽക്കുന്നതാണോ?? “”

കിരണിന്റെ അമ്മാവനാണ് പകുതി ഉപദേശമായും പകുതി കുറ്റപ്പെടുത്തലായും ചോദിച്ചു നിർത്തിയത്..

“” കിരണിന്റെ പെങ്ങളോ മറ്റാരായാലും ആ വീട്ടിൽ നിൽക്കുന്നതോ പോകുന്നതോ ഒന്നും എനിക്കൊരു പ്രശ്നമല്ല മാമേ..

പക്ഷേ അവിടെ ഉണ്ടായത് പലപ്പോഴും എന്റെ യുക്തിക്ക് എതിരായിട്ടുള്ള കാര്യങ്ങളാണ് എനിക്ക് ഒരുതരത്തിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അതുകൊണ്ട് മാത്രമാണ് ഞാൻ ഇറങ്ങിപ്പോന്നത്””

“” അതെന്താണ് എന്നാണ് ചോദിച്ചത് അതിന് പരിഹാരം കാണണം എന്നിട്ട് നിന്നെ തിരിച്ചുകൊണ്ടു പോകാൻ ആണ് ഞങ്ങൾ വന്നിരിക്കുന്നത്.. “”

“” അതിനൊരു പരിഹാരം നിങ്ങൾക്ക് കാണാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല കാരണം അവിടെനിന്ന് ഇറങ്ങുന്നതിനു മുമ്പ് ഞാനെന്റെ കഴിവിന്റെ പരമാവധി അതിനു വേണ്ടി പരിശ്രമിച്ചിരുന്നു

എന്റെ ജീവിതം ആണിതെന്നും അത് സ്മൂത്ത് ആയി മുന്നോട്ടു പോകണം എന്നും നിങ്ങളെക്കാൾ ബോധം ആ കാര്യത്തിൽ എനിക്കാവുമല്ലോ ഉണ്ടാവുക..””

പറഞ്ഞതൊന്നും അമ്മാവന് ഒട്ടും പിടിച്ചിട്ടില്ല എന്ന് ആ മുഖം കാണുമ്പോൾ തന്നെ അറിഞ്ഞിരുന്നു…

“”” എന്താണ് നിനക്ക് പരിഹാരം പോലും കാണാൻ പറ്റാത്ത ഇത്രയും വലിയ പ്രശ്നങ്ങൾ അവിടെ ഉള്ളത് “””

എന്ന് പരിഹാസത്തോടുകൂടി തന്നെയാണ് അയാൾ പിന്നെ ചോദിച്ചത്…

ഞാൻ കിരണിനെ നോക്കി അയാൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കുകയാണ് കിരണിന് അറിയാം എന്റെ പ്രശ്നങ്ങളെല്ലാം പലതവണ ഞാൻ അയാളോട് ഇതിനെപ്പറ്റി സംസാരിച്ചിട്ടുള്ളതുമാണ്…

ഇനി ഇപ്പോൾ മിണ്ടാതെ നിന്നാൽ എല്ലാവരും എന്റെ തലയിലേക്ക് കുറ്റം ഇടും എന്ന് തോന്നിയതുകൊണ്ട് മാത്രമാണ് ഉണ്ടായതെല്ലാം ഒരു തവണ കൂടി പറയാൻ ഞാൻ നിർബന്ധിതയായത്…

വിവാഹം ഉറപ്പിച്ചത് മുതൽ മനസ്സിലായിരുന്നു കിരണിന് അമ്മ പറയുന്നതിനപ്പുറം ഇല്ല എന്ന്..
പക്ഷേ അതൊന്നും അത്ര വലിയ കാര്യമാക്കിയില്ല…

അങ്ങനെ ഒരു വിവാഹം കഴിച്ചാൽ ഇല്ലാതാകുന്നതല്ല അമ്മ മകൻ ബന്ധം എന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അവരുടെ കാര്യത്തിൽ ഇടപെടില്ല എന്നും മനസ്സിൽ ഉറപ്പിച്ചിരുന്നു പക്ഷേ അവിടെ ചെന്നപ്പോൾ അമ്മ എല്ലാ കാര്യങ്ങളിലും കയറി ഇടപെടുന്നതാണ് കണ്ടത്..

ഒന്ന് പുറത്തു പോകണമെങ്കിലോ സ്വന്തം വീട്ടിലേക്ക് വരണമെങ്കിലും അമ്മ സമ്മതിക്കണം.. അമ്മ പോകാൻ പറ്റില്ല എന്ന് പറഞ്ഞാൽ എത്ര വലിയ കാര്യമാണെങ്കിലും മാറ്റിവയ്ക്കണം..

പോരാത്തതിന് ഭർത്താവിന്റെ വീട്ടിൽ നിന്ന് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്ന പെങ്ങൾക്ക് സങ്കടം ആകും എന്ന് കരുതി ഞങ്ങൾക്ക് അടുത്ത് ഇടപഴകാൻ പോലും അമ്മ അനുവദിച്ചിരുന്നില്ല….

പിന്നെയും ഉണ്ടായിരുന്നു നിയമങ്ങൾ എന്റെ സ്വർണം മുഴുവൻ അമ്മയുടെ കയ്യിൽ അഴിച്ചു കൊടുക്കണം അമ്മ അത് സൂക്ഷിക്കും എങ്ങോട്ടെങ്കിലും പോകണമെന്നുണ്ടെങ്കിൽ അമ്മയോട് കെഞ്ചണം അതിൽ ഏതെങ്കിലും ഒന്ന് തരാൻ….

എല്ലാം ഒരു പ്രാകൃത നിയമം പോലെ തോന്നിപ്പിച്ചു… ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് കേട്ട് കേൾവിയുണ്ടായിരുന്നു ഇപ്പോഴും ഇത് തുടർന്നുപോരുന്ന കുടുംബങ്ങൾ ഉണ്ടെന്ന് ഇവിടെ എത്തിയതിനു ശേഷമാണ് മനസ്സിലായത്….

കിരണും അതിന് എതിരെ ഒരക്ഷരം മിണ്ടാതെ അനുസരിക്കുന്നത് കണ്ടപ്പോഴാണ് വിഷമം തോന്നിയത്… കുറെ കിരണിനോട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു അമ്മയ്ക്കുള്ള സ്ഥാനം അമ്മയ്ക്ക് നൽകണം ഒപ്പം ഭാര്യയോടും ചില കടമകൾ ഉണ്ട് എന്ന്..

കിരൺ നിസ്സഹായനായി അഭിനയിച്ചു.. അതായിരുന്നു എനിക്ക് കൂടുതൽ ദേഷ്യം വരാൻ കാരണം..

സ്വന്തം കാലിൽ നിന്നിട്ട് മാത്രമേ ഒരു വിവാഹം കഴിക്കൂ എന്നത് എന്റെ തീരുമാനമായിരുന്നു അതുകൊണ്ടാണ് ജോലി ആയതിനുശേഷം മാത്രം വിവാഹം കഴിച്ചത്….

വിവാഹം പ്രമാണിച്ച് ഒരു മാസം ലീവ് എടുത്തിരുന്നു അത് കഴിഞ്ഞ് ജോലിക്ക് തിരികെ പ്രവേശിക്കേണ്ട ദിവസം വന്നപ്പോഴാണ് അമ്മ പറഞ്ഞത് അങ്ങനെ പെണ്ണുങ്ങൾ ജോലിക്ക് പോകുന്ന ഒരു പതിവ് ഈ കുടുംബത്തിൽ ഇല്ല എന്ന്…

ഏതു നൂറ്റാണ്ടിലാണ് ഇവരെല്ലാം ജീവിക്കുന്നത് എന്ന് പോലും തോന്നിപ്പോയി….

മറ്റെന്ത് കാര്യമായാലും എങ്ങനെയും അനുസരിക്കാൻ പക്ഷേ ഞാൻ പഠിച്ചു നേടിയ ജോലി അത് ഉപേക്ഷിക്കണം എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല കിരണിനോട് സംസാരിച്ചപ്പോൾ കിരൺ ഒന്നും മിണ്ടിയില്ല..

സ്വന്തമായി ഒരു അഭിപ്രായമോ തീരുമാനമോ ഇല്ലാത്ത ഒരാളോട് എന്ത് ഇംപ്രഷൻ ആണ് മറ്റുള്ളവർക്ക് തോന്നുക…

അമ്മയുടെ ആജ്ഞകള്ക്കനുസരിച്ച് കളിക്കുന്ന ഒരു കളിപ്പാവ മാത്രമായിട്ട് ആണ് എനിക്ക് അയാളെ പിന്നീട് തോന്നിയത്….

എല്ലാം കൂടിയായപ്പോൾ മടുത്തിട്ടാണ് അവിടെ നിന്നും ഇറങ്ങിയത്.. വീട്ടിൽ വന്ന് അച്ഛനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു അച്ഛൻ പറഞ്ഞത് മോൾക്ക് ശരിയെന്ന് തോന്നുന്നത് എന്താണെന്ന് വെച്ചാൽ ചെയ്യൂ ആ തീരുമാനവുമായി മുന്നോട്ടുപോകു എന്നതാണ്…

എന്റെ തീരുമാനം ഇതുതന്നെയായിരുന്നു എന്റെ ജോലിയുമായി മുന്നോട്ടു പോവുക ഈ ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്നത്…

അച്ഛനോട് പറഞ്ഞപ്പോൾ അച്ഛനും നിന്റെ തീരുമാനം അതുതന്നെയാണെങ്കില്‍ അങ്ങനെ നടന്നോട്ടെ എന്ന് പറഞ്ഞു പക്ഷേ പ്രശ്നം മുഴുവൻ നാട്ടുകാർക്കും അകന്ന ബന്ധുക്കൾക്കും ഒക്കെയാണ്…

അവരുടെ അഭിപ്രായവും ഉപദേശവും കേട്ടപ്പോൾ എനിക്ക് തോന്നിയത് ഇതെന്റെ ജീവിതത്തിലെ അവസാന വഴിയാണ് കിരണുമായുള്ള ജീവിതം…

ഇത് അടഞ്ഞു കഴിഞ്ഞാൽ പിന്നെ മറ്റ് ഒന്നും എനിക്കെന്റെ ജീവിതത്തിൽ ചെയ്യാനില്ല എന്നൊക്കെയാണ്… അർഹിക്കുന്ന വിലയോട് അവരുടെ വാക്കുകളെയെല്ലാം ഞാൻ തട്ടിക്കളഞ്ഞു എന്റേതായ തീരുമാനത്തിൽ ഉറച്ചുനിന്നു..

അച്ഛനും അമ്മയും എന്റെ കൂടെ നിന്നിരുന്നു അതിൽ കൂടുതലായി ആരുടെയും സപ്പോർട്ട് എനിക്ക് ആവശ്യമില്ലായിരുന്നു…

കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആ ബന്ധം അങ്ങനെ അവസാനിപ്പിച്ചു കിട്ടി..
എന്നോടുള്ള വാശി… കിരണിനെ കൊണ്ട് അമ്മ ആ മാസം തന്നെ വിവാഹം കഴിപ്പിച്ചിരുന്നു…

ആ കുട്ടിക്ക് ഏറെനാൾ അവിടെ പിടിച്ചുനിൽക്കാനായില്ല എന്ന് തന്നെയാണ് ഞാൻ കേട്ടത്. അവൾ അവളുടെ വീട്ടിലേക്ക് പോയത്രേ..

അല്ലെങ്കിലും അടിമപ്പണി എത്ര നാൾ ആളുകൾക്ക് ക്ഷമിക്കാനാവും എല്ലാവർക്കും സ്വന്തം ആത്മാഭിമാനം ഉയർത്തിക്കാട്ടി ജീവിക്കണം എന്ന് തന്നെയാണ് മോഹം…

കൂടെ ജോലി ചെയ്യുന്ന ആൾക്ക്, എന്നോട് എന്തോ പ്രത്യേകതയുള്ളതായി തോന്നിയിരുന്നു എന്തായാലും കൂടുതൽ അയാളെ ശ്രദ്ധിക്കാൻ പോയില്ല വെറുതെ എന്തിനാണ് ഒരു വയ്യാവേലികൾ തലയിൽ വയ്ക്കുന്നത് എന്ന് കരുതി…

പക്ഷേ എല്ലാവർക്കും ആളെപ്പറ്റി നല്ല അഭിപ്രായമാണെന്ന് അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ ഞാൻ അറിയുന്നിരുന്നു. എനിക്കും എന്തോ അദ്ദേഹത്തിന്റെ കാര്യത്തിൽ നല്ല മതിപ്പ് തോന്നിയിരുന്നു..

എന്നാലും കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല സ്വന്തം കാര്യം മാത്രം നോക്കി നടന്നു… പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു വിവാഹാലോചനയായി അയാൾ പാരൻസിനെയും കൂട്ടി വീട്ടിലേക്ക് വന്നിരുന്നു.. എന്റെ കാര്യങ്ങളെല്ലാം അദ്ദേഹം അറിഞ്ഞിരുന്നു..

എനിക്കും സമ്മതക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല ആ വിവാഹം കഴിഞ്ഞു..

ജീവിതത്തിൽ തന്നോളം തന്നെ തന്റെ ഭാര്യയെയും ചേർത്തുപിടിക്കാൻ ഒരാൾക്ക് കഴിയും എന്നത് ഞാൻ പിന്നീട് അറിയുകയായിരുന്നു…

എല്ലാ കാര്യത്തിലും എന്റേയും പങ്കാളിത്തം വേണം എന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു… ജീവിതം സ്വർഗ്ഗമാക്കുന്നത് കൂടെയുള്ള ആളുകളുടെ മനോഭാവമാണെന്ന് അനുഭവം കൊണ്ട് എനിക്ക് മനസ്സിലായിരുന്നു…

അദ്ദേഹത്തിന്റെ നല്ല പാതിയായി ജീവിക്കുമ്പോൾ നിന്റെ ജീവിതം തീർന്നു പോയല്ലോ ഇതോടുകൂടി എന്ന് പറഞ്ഞ് വിഷമിച്ച അമ്മായിയുടെ വാക്കുകൾ തമാശപോലെ ഓർക്കും…. ഓർത്തോർത്ത് ചിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *