(രചന: J. K)
അരവിന്ദേട്ടൻ എന്താണ് പറഞ്ഞത് എന്ന് ഒന്നുകൂടി ആലോചിച്ചു നോക്കി അനിത അതെ തനിക്ക് കേട്ടത് പിഴച്ചതല്ല അയാൾ അങ്ങനെ തന്നെയാണ് പറഞ്ഞത് തലയിൽ ഒരു വണ്ട് മൂളാൻ തുടങ്ങി…
“” അനിതേ… നീയൊന്ന് സഹകരിച്ചാൽ മതി ആരും അറിയാതെ ഈ ബന്ധം ഞാൻ മുന്നോട്ടു കൊണ്ടുപോയി കൊള്ളാം… “”
ചേച്ചിയുടെ ഭർത്താവാണ് സ്വന്തം ഏട്ടനെ പോലെ കരുതിയ ആൾ..
കണ്ണിറി പുകയുന്നുണ്ടായിരുന്നു അനിതയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന തന്റെ മക്കളെ ഒന്നുകൂടി ചേർത്തു പിടിച്ചു അവൾ…
സിംഗിൾ മദർ എന്നാൽ, ജീവിക്കാൻ ഒരുപാട് കടമ്പകൾ ഉണ്ട് എന്ന് ആദ്യത്തെ തിരിച്ചറിവ് കിട്ടിയത് അപ്പോഴായിരുന്നു…
ഒരു സഹോദരനെപ്പോലെ കൂടെയുണ്ടാവും എന്ന് കരുതിയവരുടെ അടുത്ത് നിന്നു പോലും ഇത്തരത്തിൽ മോശപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിച്ചു വേണം ഇനി മുന്നോട്ടുപോകാൻ അല്ലെങ്കിൽ ഇന്ന് കണ്ണീര് വാർക്കുന്നതുപോലെ എന്നും ഓരോ അനുഭവങ്ങൾ ഉണ്ടാകും അതിലൊക്കെ തകർന്നു പോവുകയും ചെയ്യും…
കാണാൻ വലിയ ഭംഗി ഒന്നുമില്ലാത്ത തന്നെ മനോജേട്ടനെ പോലെ സുന്ദരനായ ഒരാൾ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു ഈ വിവാഹം നടക്കില്ല എന്ന് ഇത്രയും ഭംഗിയുള്ള ആൾക്ക് അതുപോലൊരു പെൺകുട്ടിയെ മാത്രമല്ലേ എല്ലാവരും കണ്ടു പിടിക്കൂ..
പക്ഷേ അത്ഭുതം തോന്നിയത് ആൾക്ക് ഈ വിവാഹത്തിന് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ ആയിരുന്നു… ഒരുപാട് സ്വപ്നത്തോടെയാണ് ഈ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത് പക്ഷേ ദാമ്പത്യം അത്ര സുഖകരം ഒന്നുമല്ല എന്ന് വിവാഹം കഴിഞ്ഞതോടെ മനസ്സിലായിരുന്നു…
അയാൾ കുടിക്കും ദേഹോപദ്രവം ഏൽപ്പിക്കും.. കൂടിക്കൂടി വന്നപ്പോൾ സ്വന്തം വീട്ടിലേക്ക് ചെന്നു… അച്ഛനും അമ്മയും മൗനമായി എതിരേറ്റുവെങ്കിലും ആങ്ങളയും ഭാര്യയും പറഞ്ഞത്,
“” എല്ലാം അങ്ങ് കണ്ടില്ലെന്നു വയ്ക്കണം.. ഒന്നുമില്ലെങ്കിലും നിന്നെ പോലെ ഒന്നിനെ അയാൾ സഹിക്കുന്നില്ലേ എന്നാണ്….
പനി കുറവ് വലിയൊരു പ്രശ്നമാണ് അത് കുഴപ്പമില്ല എന്ന് പറഞ്ഞ് വിവാഹം കഴിച്ചയാൾ മഹാനാണോ? അപ്പറഞ്ഞതൊന്നും എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു..
ഞാനവിടെ കൂടുതൽ നിന്നാൽ അമ്മയ്ക്കും അച്ഛനും അത് കൂടുതൽ ശല്യമാകും അവർ സ്വയ്ര്യം കൊടുക്കില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് അടിയെങ്കിൽ അടി എന്ന് കരുതി വീണ്ടും ഇറങ്ങിയത്..
സ്വന്തം വീട്ടിൽ പോലും നിലനിൽപ്പില്ല എന്ന് മനസ്സിലാക്കിയ അയാൾക്ക് എന്നോടുള്ള പെരുമാറ്റത്തിൽ വീണ്ടും മാറ്റം വന്നിരുന്നു പഴയതിനേക്കാൾ മോശമായി..
എല്ലാം സൈറ്റിൽ വീണ്ടും അവിടെ നിന്നു.. അയാളുടെ രണ്ട് ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി..
ഇളയ മോന് മൂന്നു വയസ്സായി മൂത്തവന് ആറും…
പെട്ടെന്ന് ഒരു ദിവസം അയാൾ ഇറങ്ങിപ്പോയി ആർക്കും ഒരു വിവരവുമില്ല…
എന്തുവേണം എന്നറിയില്ല ആരൊക്കെയോ അന്വേഷിച്ചു പോയി പക്ഷേ എവിടെ നിന്നും ഒരു തുമ്പും കണ്ടെത്താനായില്ല എനിക്ക് ആശ്വാസമായിരുന്നു ഒന്നുമില്ലെങ്കിലും ഇനി അയാളുടെ തല്ലു കൊള്ളേണ്ട..
പക്ഷേ പിന്നെയും വലിയൊരു യാഥാർത്ഥ്യം എന്നെ കാത്തിരുന്നു ഇനിമുതൽ ഞാൻ തനിച്ചാണെന്ന് എന്റെ കുഞ്ഞുങ്ങളും ഞാനും മുന്നോട്ടുള്ള ജീവിതം ഒറ്റയ്ക്ക് തള്ളിനീക്കണം എന്ന്..
ഉപദ്രവം ആണെങ്കിലും അയാൾ മാസം എന്തെങ്കിലുമൊക്കെ കാശ് കയ്യിൽ തന്നിരുന്നു എന്റെ കുഞ്ഞുങ്ങളെ പട്ടിണിക്കിടാതെ നോക്കാൻ കഴിയുമായിരുന്നു പെട്ടെന്നാണ് അതെല്ലാം നിലച്ചത് ഇനി എന്ത് വേണം എന്നുപോലും എനിക്കറിയില്ലായിരുന്നു…
കൂനിന്മേൽ കുരു എന്നപോലെ വീട് ജപ്തി ചെയ്യാനും ബാങ്കിൽ നിന്ന് ആളു വന്നു..
അവർ വീടിന്റെ മുകളിൽ നോട്ടീസ് പതിച്ചിട്ട് പോയി കുറച്ചുദിവസം കൂടി കഴിഞ്ഞാൽ പൂർണമായും ഈ വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കേണ്ടി വരും..
അയാൾ ചെയ്ത ഉപകാരത്തിൽ മറ്റൊന്ന്… വീടിന്റെ ആധാരം വരെ പണയം വച്ച് അയാൾ കള്ളുകുടിച്ചിട്ടുണ്ടാവണം…
അല്ലെങ്കിൽ പണം അയാളുടെ വല്ല ഇഷ്ടകാരികൾക്കും കൊണ്ട് കൊടുത്തിട്ടുണ്ടാവണം..
ഒരുപാട് തവണ ബാങ്കിൽ നിന്ന് അയാളെ വിളിച്ചു പറഞ്ഞതാണ് പക്ഷേ നിങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്തു കൊള്ളൂ എന്നായിരുന്നു അയാളുടെ മറുപടി..
അതുകൊണ്ടാണ് അവർ ജപ്തി നാടകം ആയി മുന്നോട്ടുനീങ്ങാം എന്ന് തീരുമാനിച്ചത് എനിക്ക് എന്ത് വേണം എന്നറിയില്ലായിരുന്നു…
അങ്ങനെയാണ് ചെയ്യും എന്ന് പറഞ്ഞ ദിവസം എന്റെ ചേച്ചി അങ്ങോട്ടേക്ക് വന്നത് ചേച്ചിക്ക് പാവം തോന്നി ഞങ്ങളെ അവരുടെ വീട്ടിൽ വിളിച്ചുകൊണ്ടുപോയി…
വളരെ മുന്നേ തന്നെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നു. പക്ഷേ ചേച്ചിക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ എന്റെ കുഞ്ഞുങ്ങളോട് ചേച്ചിക്ക് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു..
ചേച്ചിയുടെ ഭർത്താവാണ് അരവിന്ദേട്ടൻ നാളിതുവരെ ഞാനൊരു ഏട്ടന്റെ സ്ഥാനത്ത് മാത്രമേ അയാളെ കണ്ടിട്ടുള്ളൂ പെട്ടെന്ന് ഒരു ദിവസം അയാൾ എന്നോട് പറഞ്ഞ വാക്കുകൾ ആണത്…
ഇനിയും അവിടെ പിടിച്ചുനിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല അതുകൊണ്ടാണ് കുഞ്ഞുങ്ങളെയും കൂട്ടി അവിടെ നിന്നും ഇറങ്ങിയത് ചേച്ചി ഒരുപാട് നിർബന്ധിച്ചു അവിടെത്തന്നെ നിന്നോളാൻ നിനക്ക് എന്തെങ്കിലും ജോലി കണ്ടുപിടിച്ചാൽ മതിയല്ലോ കുഞ്ഞുങ്ങളെ അന്നേരം അവൾ നോക്കിക്കോളാം എന്നെല്ലാം പറഞ്ഞു
പക്ഷേ എന്നോട് ഒരു കരുണ കാണിച്ച് അവളുടെ ജീവിതം കൂടി താറുമാറാക്കാൻ ഞാൻ ഒരുക്കമല്ല ആയിരുന്നു..
എന്റെ വീട്ടിലേക്ക് ആയിരുന്നു നേരെ പോയത്.. അച്ഛനോടും അമ്മയോടും കർക്കശത്തോടെ തന്നെ പറഞ്ഞു എനിക്കുള്ളത് എന്താണെന്ന് വെച്ചാൽ ഇങ്ങോട്ട് തരാൻ..
വീടും അതിന് ചുറ്റുമുള്ള സ്ഥലവും എല്ലാം ആങ്ങളയും ഭാര്യയും കൈവശം വെച്ചാണ് ഇപ്പോൾ അനുഭവിക്കുന്നത്..
അതിലൊന്നും ഇടപെടാൻ പോയിരുന്നില്ല പക്ഷേ ഇനിയും വിഡ്ഢിയെ പോലെ മാറി നിന്നാൽ തനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കി കൊണ്ട് തന്നെയാണ് അവിടെ പോയി അത്രയും ചോദിച്ചത്…
ആങ്ങളയും ഭാര്യയും ഒരു യുദ്ധത്തിന് തന്നെ വന്നു നിനക്ക് തരാനുള്ളതൊക്കെ സ്വർണമായി നിന്റെ വിവാഹത്തിന് തന്നു എന്ന് പറഞ്ഞു ആകെക്കൂടി എനിക്ക് തന്നത് ആറ് പവനാണ്.
അതും പലരും ആയി സമ്മാനമായി തന്നത് ഇവിടെ നിന്ന് എനിക്കൊന്നും തന്നിട്ടില്ല എന്ന് വീറോടെ തന്നെ പറഞ്ഞു ഒപ്പം എനിക്കുള്ളത് തന്നിട്ടില്ലെങ്കിൽ കേസിനു പോകും എന്നും..
ആ പറഞ്ഞത് കേട്ട് അവർ ഒന്ന് പേടിച്ചു അവരായിട്ട് തരുകയാണെങ്കിൽ എന്തെങ്കിലും നക്കാപ്പിച്ചതെന്ന് ഒഴിവാക്കാം കേസിന് പോവുകയാണെങ്കിൽ തുല്യമായി വീതിക്കേണ്ടി വരും അപ്പോൾ ഒന്നിനും വരാത്ത ചേച്ചിക്കും പോകും ഒരു ഭാഗം അതുകൊണ്ട് വീടിനു കുറച്ച് അപ്പുറത്തുള്ള ഒരു അഞ്ചു സെന്റ് എന്റെ പേരിൽ എഴുതിത്തന്നു..
കഴുത്തിൽ കിടക്കുന്ന മാലയും നുള്ളി പെറുക്കി ഉണ്ടായിരുന്ന പൈസയും എല്ലാം ചേർത്ത് അവിടെ കുത്തിമറിച്ച് ഒരു വീടുണ്ടാക്കി…
ടാർപോളിൻ വച്ച് ഒരു കൂര.. എന്നെയും കുഞ്ഞുങ്ങളെയും സംബന്ധിച്ച് ഇപ്പോൾ അതൊരു കൊട്ടാരമാണ്…
അവരെ അവിടെയാക്കി ഞാൻ ജോലിക്ക് പോയി തുടങ്ങി..
അടുത്തുതന്നെ ഒരു ചെമ്മീൻ ഫാക്ടറി ഉണ്ടായിരുന്നു.. അച്ഛൻ ആരോടൊക്കെയോ പറഞ്ഞ അവിടെ ഒരു ജോലി വാങ്ങി തന്നു.. വലിയ ശമ്പളം ഒന്നുമില്ല പക്ഷേ അന്നന്നെ ക്കുള്ളത് കഴിഞ്ഞുപോകാൻ ഉള്ളത് അവിടെ നിന്നും കിട്ടുന്നുണ്ടായിരുന്നു…
പക്ഷേ എന്നിട്ടും ആളുകൾ വെറുതെ വിട്ടില്ല പകൽ മാന്യന്മാരായി നടന്ന പലരും രാത്രി വീടിന്റെ വാതിലിൽ മുട്ടി…
എന്റെ വിഷമം കണ്ടതുകൊണ്ട് ആവാം അച്ഛനും അമ്മയും അങ്ങോട്ട് താമസം മാറ്റി അത് എനിക്ക് വലിയൊരു അനുഗ്രഹമായിരുന്നു…
കുഞ്ഞുങ്ങൾ സ്കൂളിൽ പോയി തുടങ്ങി ജീവിതം അല്ലലില്ലാതെ മുന്നോട്ടുപോയി പെട്ടെന്നാണ് ഒരു ദിവസം പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു വിളി വന്നത്…
പെട്ടെന്ന് അങ്ങോട്ട് ചെല്ലാൻ.. അവർ എന്നെ അവിടെയുള്ള ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി അവിടെ രണ്ടുകാലും മുറിഞ്ഞ നിലയിൽ അയാൾ ഉണ്ടായിരുന്നു എന്റെ ഭർത്താവ് എന്ന് പറയുന്ന ആൾ…
എവിടെയോ എന്തോ അടിപിടിയോ മറ്റോ ഉണ്ടാക്കിയ ഈ കോലത്തിൽ ആയത്..
ഏറ്റെടുക്കാൻ ആളില്ലാത്തതുകൊണ്ട് ഡിസ്ചാർജ് ചെയ്യാൻ വയ്യാതെ കിടക്കുകയായിരുന്നു അയാൾ അവിടെ അങ്ങനെയാണ് പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നതും… അവർ എന്നെ തപ്പിപ്പിടിച്ച് വന്നതും… ദയനീയമായിരുന്നു അയാളുടെ അവസ്ഥ..
എല്ലാവരും അയാളുടെ അരികിൽ വന്ന് സഹതപിക്കുന്നുണ്ടായിരുന്നു പക്ഷേ എനിക്കൊന്നും തോന്നിയില്ല….
പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും എന്നെയും പെരുവഴിയിൽ നിർത്തിയ അയാളെയാണ് എനിക്കപ്പോൾ ഓർമ്മ വന്നത് അവരെയും കൊണ്ട് ഞാൻ മുട്ടാത്ത വാതിലുകളില്ല… പോരാത്തതിന് എനിക്ക് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനം.. എല്ലാം മനസ്സിലൂടെ ഒരു നിമിഷം മിന്നി മാഞ്ഞു പോയി .
അതുകൊണ്ടുതന്നെ ഇയാൾ എന്റെ ആരുമല്ല എനിക്ക് ഏറ്റെടുക്കാൻ പറ്റില്ല എന്നവരോട് ഞാൻ തീർത്തു തന്നെ പറഞ്ഞു ഞങ്ങളുടെ വിവാഹം നിയമപരമായി ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല അങ്ങനെ ചെയ്യാത്തത് ഭാഗ്യം ആയി തോന്നി…
അതുകൊണ്ടുതന്നെ അവർക്കും ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു ഞാൻ അവിടെ നിന്നും നടന്നു നീങ്ങി…
സഹതപിക്കുന്നവർക്ക് അവിടെ സഹതപിക്കാം.. അനുഭവിക്കുന്നവർക്ക് പക്ഷേ അതത്ര എളുപ്പമല്ല…
ആരൊക്കെ തന്നെ എന്തൊക്കെ പറഞ്ഞാലും ഞാൻ ചെയ്തതാണ് എന്റെ മനസ്സാക്ഷിയുടെ മുന്നിൽ ശരി..
തോന്നുമ്പോൾ ഉപേക്ഷിച്ചിട്ട് പോകാനും പിന്നീട് ഒരു ചീത്ത കാലം വരുമ്പോൾ അവരെ ശുശ്രൂഷിക്കാൻ മാത്രമായി ചെല്ലാനും ഉള്ള സർവ്വം സഹായാവാൻ എനിക്ക് പറ്റില്ലായിരുന്നു….
വീട്ടിലെത്തി എന്റെ മക്കളെ ചേർത്തുപിടിച്ചു..
അവർക്ക് ഈ അമ്മ മാത്രം മതി എന്ന് അവരോട് പറഞ്ഞു..
അതെ.. വീണുപോവാതെ അവരെ ചേർത്തുപിടിക്കാൻ ഈ രണ്ടു കൈകൾ തന്നെ ധാരാളം…