പണയം വയ്ക്കാൻ വല്ലതുമുണ്ടോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാനാണ് പറഞ്ഞത് വിജിയുടെ മാല ഇരിപ്പുണ്ട് എന്ന്.. ഇന്നിപ്പോ ആ മാല വാങ്ങാൻ അവൾ വരും..”

(രചന: ശ്രേയ)

” വിഷ്ണൂ.. നീ വിജിയുടെ ആ മാല ഒന്നിങ്ങു തരാൻ പറയണം.. ”

ഉമ്മറത്തിരുന്നു ഫോൺ നോക്കി ഇരിക്കുമ്പോൾ അമ്മ വന്നു പറയുന്നത് കേട്ട് അവൻ തലയുയർത്തി നോക്കി. അമ്മ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല എന്ന് അവന്റെ ഭാവത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.

” അമ്മയ്ക്ക് എന്തിനാ ഇപ്പൊ ആ മാല..? ”

അവൻ ചോദിച്ചു.അത് കേട്ടപ്പോൾ അമ്മ എന്തോ അത്ഭുതം കേട്ടതു പോലെ അവനെ നോക്കി.

“അതു കൊള്ളാം.. നിന്നോട് ഇന്നലെ രാത്രി തന്നെ ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞതല്ലേ..? വിദ്യയുടെ ഭർത്താവിന് ഇപ്പോൾ പണി കുറവാണെന്ന് നിനക്കറിയില്ലേ..?

അവൾക്ക് അവിടെ എന്തോ അത്യാവശ്യം ഉണ്ട്.. പണയം വയ്ക്കാൻ വല്ലതുമുണ്ടോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാനാണ് പറഞ്ഞത് വിജിയുടെ മാല ഇരിപ്പുണ്ട് എന്ന്.. ഇന്നിപ്പോ ആ മാല വാങ്ങാൻ അവൾ വരും..”

അമ്മ പറഞ്ഞത് കേട്ടപ്പോൾ വിഷ്ണുവിന് ദേഷ്യവും സങ്കടവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.

” വിജിയുടെ മാല പണയം വെക്കാൻ കൊടുക്കാം എന്ന് പറയാൻ അമ്മയ്ക്ക് എന്ത് അധികാരം ഉണ്ട്..? അവളുടെ സ്വർണം എടുത്ത് പണയം വയ്ക്കുമ്പോൾ അവളോടെങ്കിലും ചോദിക്കേണ്ടതല്ലേ..? ”

അവൻ ചോദിച്ചത് ഇഷ്ടപ്പെടാത്തതു പോലെ അമ്മ മുഖം ചുളിച്ചു.

“ഞാനെന്തിനാ അത് അവളോട് ചോദിക്കുന്നത്..? നിനക്ക് സ്ത്രീധനം കിട്ടിയതാണ്. അതെന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം നിന്റെ അമ്മ എന്ന നിലയിൽ എനിക്കുണ്ട്.”

അമ്മ പറഞ്ഞത് കേട്ടപ്പോൾ അവന് പുച്ഛമാണ് തോന്നിയത്.

“അത് നല്ല തോന്നലാണ്.അവളുടെ സ്വർണം അവളുടെത് മാത്രമാണ്.അല്ലാതെ അത് അമ്മയ്ക്ക് അടിയറവ് വച്ചിട്ട് ഒന്നുമില്ല..”

അവൻ പറഞ്ഞപ്പോൾ അമ്മ കണ്ണുതുടക്കാൻ തുടങ്ങി.

“കൊള്ളാം..അച്ഛനില്ലാതെ നിന്നെയൊക്കെ വളർത്തി വലുതാക്കി ഈ നിലയിൽ എത്തിച്ച ഞാൻ ഇതുതന്നെ കേൾക്കണം. നിന്റെ ഔദാര്യത്തിന് വേണ്ടി കാത്തു നിൽക്കാനാണ് ഇപ്പോൾ എന്റെ വിധി.”

അമ്മ അത് പറയുന്നത് കേട്ടിട്ടും അവനിൽ ചലനങ്ങൾ ഒന്നും ഉണ്ടായില്ല..

കഴിഞ്ഞ കുറച്ചു നാളായുള്ള നാടകങ്ങളും ബഹളങ്ങളും അവൻ കാണുന്നതാണല്ലോ..!

വിജിയുടെ കൈപിടിച്ച് ഈ വീട്ടിലേക്ക് കയറി വന്ന അന്ന് തുടങ്ങിയതാണ് ഇവിടുത്തെ പ്രശ്നങ്ങൾ.

അമ്മ പറഞ്ഞതുപോലെ അച്ഛനില്ലാതെ രണ്ടു മക്കളെ വളർത്തി വലുതാക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അത് മനസ്സിലാക്കി തന്നെയാണ് ഈ പ്രായത്തിലും തങ്ങൾ ജീവിക്കുന്നത്.

അമ്മയ്ക്ക് വേണ്ടി എന്ത് ചെയ്തു കൊടുക്കുന്നതിനും തനിക്ക് യാതൊരു പരാതിയുമില്ല.

പക്ഷേ തന്റെ സാഹചര്യങ്ങളോ ആവശ്യങ്ങളോ ഒന്നും അറിഞ്ഞിട്ടില്ല അമ്മ പ്രതികരിക്കുന്നത്. അമ്മയ്ക്ക് എപ്പോഴും അവൾ സുഖമായിരിക്കണം എന്നൊരു ചിന്ത മാത്രമാണുള്ളത്. അതിനിടയിൽ താനെന്നൊരു വ്യക്തിയെ അമ്മ മറന്നു പോകുന്നുണ്ട് എന്ന് വിഷ്ണു ആലോചിച്ചു.

അമ്മയോട് മറുപടിയൊന്നും പറയാതെ അവൻ മുറിയിലേക്ക് നടന്നു. അവിടെ എന്തോ പണികളിൽ ആണെങ്കിലും ഉമ്മറത്ത് നടന്ന സംസാരങ്ങൾ ഒക്കെ വിധി കേട്ടിട്ടുണ്ട് എന്ന് അവളുടെ മുഖത്ത് നോക്കിയപ്പോൾ തന്നെ വിഷ്ണുവിന് മനസ്സിലാക്കാൻ കഴിഞ്ഞു.

” അമ്മ വന്നു തന്നോട് സ്വർണ്ണം എന്തെങ്കിലും ചോദിച്ചോ..? ”

അവൻ ചോദിച്ചപ്പോൾ അവൾ തലയുയർത്തി അവനെ നോക്കി.

പിന്നെ ഇല്ല എന്ന് തലയാട്ടി.

” മിക്കവാറും അമ്മ തന്നോട് ആ മാല ചോദിക്കാൻ സാധ്യതയുണ്ട്.”

അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി. അത് കണ്ടപ്പോൾ അവന് ചെറുതായി ദേഷ്യം തോന്നി.

“തനിക്കൊന്നും പറയാനില്ലേ..?”

അവളുടെ കണ്ണ് നിറഞ്ഞു.

” ഞാനെന്താ പറയേണ്ടത്..? അമ്മയോട് ഞാനത് പണയം വയ്ക്കാൻ തരില്ല എന്ന് പറഞ്ഞാൽ പിന്നെ അമ്മയുടെ ദേഷ്യവും വാശിയും മുഴുവൻ ഞാൻ കേൾക്കേണ്ടി വരും.ഉപദ്രവം വേറൊരു വഴിക്ക്.. എന്നെക്കൊണ്ട് പറ്റില്ല എപ്പോഴും ഇത് സഹിക്കാൻ..’

അവൾ പറയുന്നത് കേട്ടപ്പോൾ അവന് ആകെ വല്ലാതായി. അവൾ പറയുന്നതിലും കാര്യമുണ്ട്. അമ്മയ്ക്ക് ഒന്നു പറഞ്ഞു രണ്ടാമത്തെതിന് ദേഷ്യം വരും. അടുത്തു നിൽക്കുന്നത് അവളാണെങ്കിൽ ചിലപ്പോൾ അവളെ ഉപദ്രവിക്കുകയും ചെയ്യും..

അവൾ ആയതുകൊണ്ടാണ് ഇവിടെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടു പോകുന്നത്. മറ്റേതെങ്കിലും ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ എപ്പോഴേ എല്ലാം ഓരോ വഴിക്കായേനെ.

” അമ്മ എന്തെങ്കിലും പറയുമ്പോൾ താൻ ഇങ്ങനെ കരഞ്ഞു നിൽക്കുന്നതു കൊണ്ടാണ്.തനിക്ക് ചിലവിന് തരുന്നത് ഞാനാണ്.

കാര്യം എന്റെ അമ്മയൊക്കെയാണ്. പക്ഷേ അമ്മ പറയുന്നതെല്ലാം അനുസരിക്കണം അമ്മയെ എതിർത്ത് ഒരു വാക്കുപോലും പറയരുത് എന്നൊന്നും ഞാൻ തന്നോട് പറയില്ല. തന്നെ ഉപദ്രവിക്കുന്നത് എനിക്കും സങ്കടം തന്നെയാണ്.

പക്ഷേ അതിന്റെ പേരിൽ ഞാൻ എന്തെങ്കിലും പറഞ്ഞാൽ പിന്നെ അമ്മയുടെ നിരാഹാരം ആയിരിക്കും.. അമ്മ എന്നല്ല തനിക്ക് ഇഷ്ടപ്പെടാത്തത് ആര് എന്ത് പറഞ്ഞാലും താൻ പ്രതികരിക്കണം. തനിക്കുവേണ്ടി സംസാരിക്കാൻ താൻ മാത്രമേ ഉണ്ടാകൂ… ”

അവൻ പറഞ്ഞു കഴിഞ്ഞപ്പോൾ അത് ശരിയാണെന്ന് അവൾക്കും തോന്നുന്നുണ്ടായിരുന്നു.

വിഷ്ണു മാല പണയം വയ്ക്കാൻ കൊടുക്കില്ല എന്ന് പറഞ്ഞ കാര്യം അമ്മ ആ നിമിഷം തന്നെ വിദ്യയെ വിളിച്ച് അറിയിച്ചിരുന്നു. അതിന്റെ പരിണിതഫലമായി വൈകുന്നേരം തന്നെ വിദ്യയും കുട്ടികളും വീട്ടിലെത്തി..

ചായ കുടി ഒക്കെ കഴിഞ്ഞ് എല്ലാവരും കൂടി ഒരുമിച്ചിരിക്കുന്ന സമയത്ത് വിദ്യ തന്റെ ആഗമന ഉദ്ദേശം അറിയിക്കുകയും ചെയ്തു.

” വിഷ്ണുവേട്ടാ എനിക്ക് പണത്തിന് കുറച്ച് അത്യാവശ്യമുണ്ട്. സുമേഷേട്ടന് ഇപ്പോൾ ജോലിയൊക്കെ കുറവാണെന്ന് അറിയാമല്ലോ.. കുട്ടികളുടെ കാര്യങ്ങൾക്ക് തന്നെ പണം തികയുന്നില്ല.. ഏട്ടത്തിയുടെ ഒരു മാല കിട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു.. ”

വിദ്യ അത് പറഞ്ഞപ്പോൾ വിഷ്ണു വിജിയെ ഒന്നു നോക്കി. ഇതൊക്കെ താൻ പ്രതീക്ഷിച്ചതാണ് എന്നൊരു ഭാവം ആയിരുന്നു അവളുടെ മുഖത്ത്.

” അതിനിപ്പോൾ നിന്റെ കയ്യിൽ കുറെ സ്വർണം ഉണ്ടായിരുന്നല്ലോ..? നിന്റെ കയ്യിൽ കിടക്കുന്ന വളയെടുത്തു പണയം വെച്ചാലും പണം കിട്ടുമല്ലോ.. ”

വിദ്യയുടെ കൈയിലും കഴുത്തിലും കിടക്കുന്ന സ്വർണത്തിലേക്ക് നോക്കി വിഷ്ണു ചോദിച്ചപ്പോൾ അവൾ കൈ പെട്ടെന്ന് മറച്ചു പിടിച്ചു.

” എവിടേക്കെങ്കിലും പോകുമ്പോൾ കയ്യിലും കഴുത്തിലും ഒന്നുമില്ലാതെ എങ്ങനെയാണ് പോവുക..? ഏട്ടത്തിയുടെ മാലയൊക്കെ ആകുമ്പോൾ ഇവിടെ ഉപയോഗിക്കാതെ വച്ചിരിക്കുകയല്ലേ.. ഞങ്ങൾക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് കരുതി ചോദിച്ചതാണ്.. ”

അവൾ പറഞ്ഞപ്പോൾ വിഷ്ണുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു.

“എന്റെ മാല ഇവിടെ ഉപയോഗമില്ലാതെ ഇരിക്കുകയാണെന്ന് നിന്നോട് ആരാ പറഞ്ഞത്..?”

വിജി ചോദിച്ചപ്പോൾ വിദ്യ ഞെട്ടി കൊണ്ട് അവളെ നോക്കി.

‘നിന്നോട് ഇവിടെ ആരെങ്കിലും അഭിപ്രായം ചോദിച്ചോ..? ”

അമ്മ ചോദിക്കുന്നത് കേട്ടപ്പോൾ വിജി ചിരിയോടെ അമ്മയെ നോക്കി.

“എന്റെ സ്വർണത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഞാനല്ലാതെ മറ്റാരാണ് അഭിപ്രായം പറയേണ്ടത്..? ”

അവൾ ചോദിച്ചപ്പോൾ അമ്മയുടെ മുഖം വീർത്തു.

” നിന്റെ സ്വർണ്ണമല്ല എന്റെ മോന് സ്ത്രീധനം കിട്ടിയ സ്വർണം.. അതിൽ അവകാശം അവന്റെ അമ്മയ്ക്കും പെങ്ങൾക്കും ആണ്. അല്ലാതെ നിനക്ക് അതിൽ പ്രത്യേകിച്ച് ഒരു അവകാശവുമില്ല.. ”

അമ്മ പറഞ്ഞത് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു..

” അങ്ങനെയാണെങ്കിൽ അമ്മയുടെ മോളുടെ കഴുത്തിലും കയ്യിലും കിടക്കുന്നതൊക്കെ അമ്മയുടെ മരുമോൻ അവകാശപ്പെട്ടതല്ലേ..? അപ്പോൾ പിന്നെ മരുമോന്റെ അവകാശം വച്ചിട്ട് അതൊക്കെ എടുത്ത് വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യാത്തത് എന്താ..?”

അവളുടെ ചോദ്യം കേട്ടപ്പോൾ അമ്മയും മകളും മറുപടിയില്ലാതെ പരസ്പരം നോക്കി.വിഷ്ണു പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു.

” എന്റെ സ്വർണം കണ്ടിട്ട് ആരും ഇങ്ങോട്ടേക്ക് കയറി വരണമെന്നില്ല. ഞാൻ അത് സൂക്ഷിച്ചുവച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ അതെടുത്ത് ഉപയോഗിക്കാൻ വേണ്ടിയിട്ടാണ്. എന്റെ അച്ഛൻ രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട് എനിക്ക് വേണ്ടി ഉണ്ടാക്കി തന്നതാണ് അത്.

രണ്ടുമാസം മുമ്പ് എന്നോട് ഇങ്ങനെ ഓരോന്ന് പറഞ്ഞു എന്റെ രണ്ടു പവന്റെ ഒരു വള നീ വാങ്ങിക്കൊണ്ടു പോയിട്ട് ഇന്ന് വരെ അത് എനിക്ക് തിരിച്ചു കിട്ടിയിട്ടില്ല.. ഇങ്ങനെ ഓരോന്നോരോന്നായി എന്റെ കയ്യിൽ നിന്നും നഷ്ടപ്പെടുത്തി കളയാൻ എനിക്ക് താല്പര്യമില്ല.”

പറഞ്ഞു നിർത്തിക്കൊണ്ട് അവൾ അടുക്കളയിലേക്ക് കയറി പോയി.

” നിന്റെ ഭാര്യയുടെ അതേ അഭിപ്രായം തന്നെയാണോ നിന്റെയും..? ”

അമ്മ ചോദിച്ചപ്പോൾ വിഷ്ണു ഇരുന്ന ഇടത്തുനിന്ന് എഴുന്നേറ്റു.

” കഴിഞ്ഞമാസം ഇവിടെ വീട്ടു ചെലവിനു പോലും പണമില്ലാതെ ഞാൻ കിടന്നു നട്ടം തിരിഞ്ഞു. അന്ന് ഈ ഇരിക്കുന്ന എന്റെ പെങ്ങളോട് പോലും ഞാൻ ചോദിച്ചു കുറച്ചു പണം കടം തരാൻ ഉണ്ടോ എന്ന്..

അന്ന് അവൾ പറഞ്ഞത് എന്താണെന്ന് അറിയാമോ..? അവളുടെ വീട്ടിലെ കാര്യങ്ങൾ അല്ലാതെ ഈ വീട്ടിലേക്ക് കൂടി ചെലവാക്കാൻ അവൾക്ക് പണമില്ലെന്ന്..

അതേ കാര്യം തന്നെയാണ് ഞാനും പറയുന്നത്. എന്റെ ആവശ്യങ്ങൾക്ക് ചെലവാക്കാൻ അവളുടെ സ്വർണം ഞാൻ എടുക്കും.. അല്ലാതെ മറ്റൊരു വീട്ടിലെ ചെലവ് നോക്കാൻ വേണ്ടി അവളുടെ സ്വർണം എടുത്ത് പണയം വയ്ക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.. അവനവന്റെ കയ്യിലുള്ളത് എടുത്ത് പണയം വയ്ക്കാൻ നോക്ക്.. ”

അത്രയും പറഞ്ഞുകൊണ്ട് വിഷ്ണു കൂടി നടന്നു പോയപ്പോൾ അമ്മയും മകളും പരസ്പരം നോക്കി നെടുവീർപ്പിട്ടു.

” ഇനിയിപ്പോൾ അടുത്തകാലത്തൊന്നും ഇവിടെ നിന്നും പ്രതീക്ഷിക്കേണ്ട എന്ന് സാരം.. എങ്കിൽ പിന്നെ ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നത്..? ഞാൻ വിളിച്ച് ഓട്ടോ വരാൻ പറയട്ടെ.. ”

വിദ്യ അതും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി പോകുമ്പോൾ അവൾക്ക് ശരിക്കും പണത്തിന് ആവശ്യമില്ലേ എന്നൊരു ചിന്തയിലായിരുന്നു അമ്മ..!!

Leave a Reply

Your email address will not be published. Required fields are marked *