കലിപ്പന്റെ കാന്താരി
(രചന: J. K)
ഇപ്പോഴും തന്നെ ഇഷ്ടപ്രകാരം വഴങ്ങാത്ത രണ്ട് കയ്യിലേക്കും നോക്കി നെടുവീർപ്പിട്ടു അമൃത…
എല്ലാം താൻ ആയിട്ട് തന്നെ വരുത്തി വെച്ചതാണ്, ഓർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു ഓർമ്മകൾ പുറകിലേക്ക് പോയി… കോളേജിൽ പഠിക്കുമ്പോഴാണ് അയാളെ പരിചയപ്പെട്ടത്, മൃദുൽ..
കോളേജിനു മുന്നിലെ ഓട്ടോസ്റ്റാൻഡിൽ മുന്നിൽ തന്നെ ഉണ്ടാവും.. കുളിച്ച് കുറിയൊക്കെ തൊട്ട്,വണ്ടിക്കും നിറയെ ചന്ദനക്കുറി ഒക്കെ തൊട്ട് കൊടുത്ത്… ഒരു പൂർണ ഭക്തൻ കാണുമ്പോൾ തന്നെ ഒരു ഐശ്വര്യം ഉള്ളതായി തോന്നും…
ഇക്കാലത്തും ഇങ്ങനെ ഉള്ളൊരുണ്ടോ എന്ന് അത്ഭുതം തോന്നും.. എന്നും കാണും പതിയെ ഒരു ചിരി അങ്ങോട്ടുമിങ്ങോട്ടും അത് പിന്നെ ചെറിയൊരു സൗഹൃദമായി തുടങ്ങി….
കോളേജിൽ ലീവ് എടുക്കുന്ന ദിവസങ്ങളിലെല്ലാം പിറ്റേദിവസം എന്തേ ഇന്നലെ വന്നില്ല??
എന്ന് ചോദിക്കും…. എന്തെങ്കിലും കാരണം പറയുമ്പോൾ അതെയോ?? എന്ന് ചോദിക്കും.. മെല്ലെമെല്ലെ പിന്നീടത് പ്രണയമായി വളരുകയായിരുന്നു….
ആരും കാണാതെയുള്ള ഫോൺ കോളുകൾക്ക് ഉപരി അയാളുടെ ഓട്ടോയിൽ ക്ലാസ് കട്ട് ചെയ്ത് പലയിടത്തും കറങ്ങി നടക്കുന്നിടത്ത് വരെ എത്തി കാര്യങ്ങൾ…
മൃദുൽ വളരെ മാന്യമായി തന്നെയാണ് പെരുമാറിയിരുന്നത്… പക്ഷേ എന്റെ കാര്യത്തിൽ വല്ലാതെ സ്വാർത്ഥൻ ആയിരുന്നു അയാൾ…
മറ്റുള്ളവരുമായി അടുക്കുന്നതോ, സംസാരിക്കുന്നതൊ ഒന്നും അയാൾക്ക് ഇഷ്ടമല്ലായിരുന്നു…. അതുകൊണ്ടുതന്നെ അയാളിലേക്ക് ഒതുങ്ങാൻ പലപ്പോഴും ശ്രമിച്ചിരുന്നു…
ആരോടെങ്കിലും കൂടുതൽ അടുത്തു എന്നതിന്റെ പേരിൽ എന്നോട് വഴക്കിടുന്നത്, മിണ്ടാതിരിക്കുന്നത് എന്റെ ഭാഗ്യമായി കരുതി…
എന്നോട് അത്രത്തോളം സ്നേഹം ഉണ്ടായത് കൊണ്ടാണല്ലോ ഇത്തരം പ്രശ്നങ്ങൾ എന്നായിരുന്നു എന്റെ ചിന്തകൾ….
അതുകൊണ്ടുതന്നെ അയാളിലേക്ക് മാത്രം കൂടുതൽ ഒതുങ്ങി… മറ്റാരും ആയി കൂട്ടു കൂടാതെയായി…
ഒരിക്കൽ ആരോ ഞങ്ങളെ ഒരുമിച്ചു കണ്ടത് വീട്ടിൽ പറഞ്ഞു കൊടുത്തു.
അത് വലിയ പ്രശ്നങ്ങൾ തീർത്തു..
അടിയായി… വീട്ടു തടങ്കലായി..
വലിയ പണം ഒന്നും ഇല്ലായിരുന്നെങ്കിലും അച്ഛൻ എല്ലാ സൗഭാഗ്യങ്ങളോടും കൂടി തന്നെയാണ് എന്നെയും അനിയനെയും വളർത്തിയിരുന്നത്…
അച്ഛന് റബർ ടാപ്പിങ് ആയിരുന്നു ബാക്കിയുള്ള സമയം കൃഷിയും കന്നുകാലികളും ഒക്കെയായി അങ്ങനെ പോകും…
ചെറുതായി തയ്ക്കുമായിരുന്ന അമ്മ സ്വന്തമായി എന്തെങ്കിലുമൊക്കെ ജോലി ചെയ്ത് ഒരു ആശ്വാസം എന്നവണ്ണം അച്ഛന് കൂട്ടായി നിന്നിരുന്നു…..
ഞാനും അനിയനും പഠിച്ച് നല്ല ഒരു നിലയിൽ എത്തണമെന്ന്, അത് മാത്രമായിരുന്നു അവരുടെ ആഗ്രഹം….
അതുകൊണ്ടുതന്നെ എന്റെ ഈ പ്രണയം അവരിൽ വളരെ ആഘാതം സൃഷ്ടിച്ചു….
അയാളെപ്പറ്റി അവർക്കാർക്കും നല്ല അഭിപ്രായമായിരുന്നില്ല..
അച്ഛൻ ഉപേക്ഷിച്ചിട്ട് പോയതാണ്, അമ്മ ആരുടെയോ കൂടെ ഒളിച്ചോടി പോയി എന്നൊക്കെയുള്ള വാദങ്ങൾ നിരത്തി ഇതെല്ലാം എനിക്കും അറിയാവുന്നത് ആയിരുന്നു പക്ഷേ ഇതിനെല്ലാം ആ ആൾ എന്ത് പിഴച്ചു എന്നായിരുന്നു എന്റെ പോയിന്റ്….
ഇത്തരത്തിലുള്ള അച്ഛന്റെയും അമ്മയുടെയും മകനും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ കാണും എന്ന് അവർ പറഞ്ഞു.. സ്നേഹം കിട്ടാതെ വളർന്ന വർക്ക് സ്നേഹത്തിന് വില അറിയില്ലത്രേ…
ഇപ്പോഴത്തെ സ്നേഹം എല്ലാം ഒരിക്കലും മാറും അന്നായിരിക്കും നീ അനുഭവിക്കുക എന്നെല്ലാം പറഞ്ഞു അവർ എന്നെ ഉപദേശിച്ചു…
അന്ന് എല്ലാവരെയും ശത്രുക്കളായി തോന്നി..
ഞങ്ങളെ തമ്മിൽ പിരിക്കാൻ വരുന്ന എന്റെ ശത്രുക്കൾ..
എങ്ങനെയും ഞങ്ങൾ തമ്മിൽ ഒരുമിച്ച് ജീവിച്ചാൽ മതി എന്ന് മാത്രം ആയിരുന്നു എന്റെ മനസ്സിൽ അതുകൊണ്ടുതന്നെ, ആരും കാണാതെ അവിടെ നിന്നും അദ്ദേഹത്തിന് ഫോൺ ചെയ്തു..
അയാൾ പറഞ്ഞ പ്രകാരമാണ് രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷം ഇറങ്ങിചെന്നത്…
എന്റെ വീട്ടുകാർ കേസ് കൊടുത്തു… അവർക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല എന്ന് തിരികെ വിളിച്ചവരുടെ മുഖത്തു നോക്കി ഞാൻ പറഞ്ഞു….
കാര്യങ്ങൾ മാറി മറിഞ്ഞു…. കൂടുതൽ പൊസസീവ് ആയ ഒരാളുടെ കൂടെയുള്ള ജീവിതം അത്ര സുഖകരമാവില്ല എന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയുകയായിരുന്നു അവിടന്നങ്ങോട്ട്…
ആദ്യം തന്നെ ചെയ്തത് എന്റെ പഠനം നിർത്തുകയായിരുന്നു… എന്റെ അച്ഛന്റെ മോഹം ഞാൻ പഠിച്ച് നല്ലൊരു ജോലി നേടുക എന്നതായിരുന്നു… അതുകൊണ്ടുതന്നെ അയാളുടെ ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു..
അനുസരിക്കാതെ തരമില്ലായിരുന്നു… പിന്നെയും തുടർന്നു അയാളുടെ ഭ്രാന്ത്.. എങ്ങോട്ടും തിരിയാൻ പാടില്ല ആരുമായും സംസാരിക്കാൻ പാടില്ല എന്ത് ചെയ്താലും അയാൾക്ക് സംശയം…
വിവാഹം കഴിഞ്ഞതോടുകൂടി അയാൾ ജോലിക്ക് പോകാതെയായി…ഏതോ ഒരു അമ്മായിയുടെ കൂടെയാണ് അയാൾ താമസിച്ചിരുന്നത് ഒളിച്ചോടി ചെന്നപ്പോൾ കൊണ്ടുപോയതും അങ്ങോട്ട് തന്നെയാണ്…
അവർക്ക് ദിവസവും കൈനിറയെ പൈസ കൊടുക്കണം അല്ലെങ്കിൽ അവരുടെ സ്വഭാവം വളരെ മോശം ആകും..
ജോലിക്ക് പോകാത്തത് കൊണ്ട് അവർക്ക് പൈസ കൊടുക്കാതെ ആയി.. അതോടെ അവിടെയുള്ള ജീവിതം ദുസ്സഹമായി…
അങ്ങനെയാണ് അയാളുടെ എതിർപ്പിനെ മറികടന്ന് ജോലിക്ക് പോകാൻ തീരുമാനിച്ചത്…
അടുത്തുള്ള ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ് ഗേൾ ആയിട്ടായിരുന്നു ജോലി…
എല്ലാം കഴിഞ്ഞ് എട്ടായിരം രൂപ കയ്യിൽ കിട്ടും അന്ന് അത് വലിയൊരു അനുഗ്രഹം ആയിരുന്നു… പക്ഷേ ജോലിക്ക് പോകുന്നതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി…
പോകരുത് എന്ന് പറഞ്ഞു.. ഇത്തവണ ഞാൻ എതിർത്തു.. പോകും എന്ന് തന്നെ തീർത്തു പറഞ്ഞു..
അതയാളെ ചൊടിപ്പിച്ചു… തർക്കം മൂത്ത് അവിടെയിരിക്കുന്ന മടവാൾ എടുത്ത് അയാൾ കഴുത്തിന് വെട്ടാൻ ആഞ്ഞു… ജീവൻ കിട്ടാൻ രണ്ടുകൈകൊണ്ടും തടഞ്ഞു….
അധികം മൂർച്ചയില്ലാത്ത കാരണം രണ്ടു കയ്യും അറ്റ് പോയില്ല… എങ്കിലും ആഴത്തിൽ ഉള്ളതായിരുന്നു മുറിവ്…
ഓടിരക്ഷപ്പെട്ട അയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു അടുത്തുള്ളവർ ആണ് എന്നെ ആശുപത്രിയിൽ എത്തിച്ചത് സംഭവമറിഞ്ഞ് അച്ഛനുമമ്മയും ഓടിവന്നു…
മക്കൾ എന്തൊക്കെ തെറ്റ് ചെയ്താലും എത്രയൊക്കെ അവഗണിച്ചാലും ഒടുവിൽ അവർക്ക് ഒരു പ്രശ്നം വരുമ്പോൾ അച്ഛനും അമ്മയും മാത്രമേ കൂടെ കാണുമെന്ന ഒരു വലിയ പാഠം അവിടെ പഠിച്ചിരുന്നു ഞാൻ…
അവരെ ഒരിക്കലും സങ്കടപ്പെടുത്തരുത് എന്നും….
കൈകളെക്കാൾ വേദന ഇപ്പോൾ മനസ്സിൽ ആണ്… ഇത്രയും സ്നേഹിച്ച അച്ഛനെയും അമ്മയേയും ഉപേക്ഷിച്ച്, ഇന്നലെ കണ്ട ഒരാളുടെ പുറകെ പോയതിൽ ഇന്ന് ഏറെ ദുഖിക്കുന്നു…
“” എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്…. അച്ഛന്റെ പ്രതീക്ഷക്കൊത്ത് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ, ഉപേക്ഷിക്കാമായിരുന്നില്ലേ എന്ന് അച്ഛനോട് ചോദിച്ചു…. “”””
“”‘ അതിന് അല്ലല്ലോ നിന്നെ വളർത്തിയത്… പിന്നെ പ്രതീക്ഷകൾ അതിന് ഇനിയും സമയം ഇല്ലേ…”””
എന്നായിരുന്നു അച്ഛന്റെ ഭാഷ്യം… അതേ ഇനിയും വൈകിയില്ല എന്ന് ഞാനും മനസിനെ പറഞ്ഞു പഠിപ്പിച്ചു..
പഠനം തുടർന്നു… ഇനി, സ്വന്തമായൊരു ജോലി… അച്ഛനേം അമ്മയേം ചേർത്ത് നിർത്തി ഒരു ജീവിതം അതിലുപരി ഒന്നും ഈ മനസ്സിൽ ഇല്ല…