(രചന: J. K)
“””സുമേ സച്ചി ഇതാടീ സാരി കൊണ്ടു വന്നേക്കുന്നു “””
ജോലി കഴിഞ്ഞു വരുമ്പോൾ ടെസ്റ്റിൽസിൽ കയറി സാരിയും വാങ്ങി വന്നതാണ് സച്ചിദാനന്ദൻ….
നാളെ അഞ്ജലിയുടെ പിറന്നാളാണ് അവൾക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് വാങ്ങണം എന്നേ കരുതിയുള്ളൂ…
അവിടെ കയറിയപ്പോൾ തന്നെ ചോദിച്ചത് മഞ്ഞ സാരിക്ക് പച്ച ബോർഡർ ഉള്ള പട്ടുസാരിയാണ്…
ഒരിക്കൽ ഏതോ ഒരു വിവാഹത്തിന് അവളെയും കൂട്ടി പോയപ്പോൾ ആരോ ഉടുത്തെന്നും പറഞ്ഞ് അതിന്റെ ഭംഗി കണ്ണ് ചിമ്മാണ്ട് നോക്കി നിന്നവളാണ്….
നാളെ പെറന്നാൾ ആണെന്നുള്ള കാര്യം പോലും അവൾ എന്നോട് പറഞ്ഞിട്ടില്ല അല്ലെങ്കിലും അവൾ അങ്ങനെയാണ് ഒന്നും അങ്ങനെ ചോദിച്ചു മേടിക്കാറില്ല എന്തെങ്കിലും ഒരു ചെറിയ സമ്മാനം കൊണ്ട് കൊടുത്തതിൽ തന്നെ വളരെ സന്തോഷവുമാണ്…
അതാണ് അവളുടെ ഇഷ്ടം ഓർത്തുവച്ച് ഈസാരി തന്നെ വാങ്ങിയത്..
അവളുടെ മനസ്സിനൊത്ത് ആവുമോ എന്നറിയില്ല പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു സച്ചിന് അവൾക്ക് ഇത് ഇഷ്ട കുറവൊന്നും ഉണ്ടാവില്ല എന്ന്…..
കേറി ചെന്നപ്പോഴേ അമ്മ ഉമ്മറത്തിരുന്ന് സന്ധ്യാനാമം ചൊല്ലുന്നുണ്ടായിരുന്നു. എന്താണ് നിന്റെ കയ്യിൽ ഒരു പൊതി എന്ന് പറഞ്ഞ് അമ്മ തന്നെയാണ് അടുത്തേക്ക് വന്നത്…
“”” ഇത് ഒരു സാരിയാ “”
എന്ന് പറഞ്ഞപ്പോഴേക്ക് അമ്മ സുമയെ വിളിച്ചു…
അവൾ കുറച്ച് നാളായി ഇവിടെയുണ്ട് ഭർത്താവിനോട് എന്തോ പറഞ്ഞു പിണങ്ങി പോന്നതാണ് ഞാൻ ഒരുപാട് പറഞ്ഞതാണ് എന്താണ് പ്രശ്നം എന്ന് നോക്കി പരിഹരിക്കാം എന്ന് പക്ഷേ അമ്മ സമ്മതിച്ചില്ല…
അവളുടെ പിടിവാശി എനിക്കറിയാവുന്നതാണ് ഒപ്പം മനോജിനെ പറ്റിയും അവൻ എന്തായാലും അവൾക്ക് ദോഷകരമായി ഒന്നും ചെയ്യില്ല എന്ന് എനിക്ക് ഉറപ്പാണ്…
അവന്റെ അമ്മയും അതുപോലെതന്നെ പെൺകുട്ടികളില്ലാത്ത അവർക്ക് സുമയെ വലിയ കാര്യമാണ് എങ്കിലും അവൾ അതൊന്നും മൈൻഡ് ചെയ്യാതെ അവരോട് കയർക്കാൻ നിൽക്കും എന്തെങ്കിലുമൊക്കെ പറഞ്ഞാൽ ദേഷ്യപ്പെട്ട് സംസാരിക്കും ..
മനോജ് കുറെ ഒക്കെ ക്ഷമിക്കും ചിലപ്പോഴൊക്കെ ഇവളുടെ പെരുമാറ്റം അതിര് കടക്കാറുണ്ട് ഇവിടെ പോലും അപ്പോൾ പിന്നെ അവിടെ ഊഹിക്കാം…
മനോജിന്റെ അമ്മ കുളിമുറിയിൽ വഴുക്കി വീണ് ഇടത്തെ കാലിന് പൊട്ടലുണ്ട്…
അറിയാം ഇനി അവിടെ നിന്നാൽ എല്ലാ പണികളും അവൾ ചെയ്യേണ്ടി വരും എന്ന് അതുകൊണ്ടാണ് എന്തോ നിസ്സാര പ്രശ്നം ഉണ്ടാക്കി അവിടെ നിന്ന് പിണങ്ങി അവൾ ഇവിടെ വന്നു നിൽക്കുന്നത്…
എല്ലാത്തിനും കൂട്ടായി അമ്മയും…
ഒരിക്കൽപോലും അമ്മ മകളോട് അവളുടെ അവളുടെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല
തെറ്റായാലും ശരിയായാലും മുഴുവൻ സപ്പോർട്ട് കൊടുത്ത് കൂടെ നിൽക്കാറാണ് പതിവ് അത് ഒരുതരത്തിൽ അവളെ എന്തും ആവാം എന്ന് ഒരു സ്ഥിതിയിലേക്ക് എത്തിച്ചിരുന്നു…
ഇതിനുമുമ്പേയും അവൾ പിണങ്ങി വന്നപ്പോൾ താൻ ശ്രമിച്ചതാണ് എന്താണ് പ്രശ്നം എന്ന് ചോദിച്ചു അത് പരിഹരിക്കാൻ പക്ഷേ അപ്പോൾ അമ്മയാണ് തന്നെയും തടഞ്ഞത്…
എന്തെങ്കിലും ആയിക്കോട്ടെ എന്ന രീതിയിൽ ഞാൻ വിട്ടു….
ഇവിടെ വന്നു നിൽക്കുന്നതും പോരാഞ്ഞിട്ട് അമ്മയെയും കൂട്ടുപിടിച്ച് അവൾ ഇവിടെയും പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും…
അമ്മ തനിച്ചാണെങ്കിൽ അത്ര വലിയ പ്രശ്നങ്ങൾ ഒന്നുമില്ല പക്ഷേ അവളുടെ കൂട്ടുകൂടി കിട്ടിക്കഴിഞ്ഞാൽ അമ്മ പിന്നെ മറ്റൊരാളാണ്…
അമ്മ വിളിച്ചപ്പോഴേക്കും സുമ ഓടി വന്നിരുന്നു…
“”” ഇത് ആർക്കാ ചേട്ടാ എന്നും ചോദിച്ചു “”
അഞ്ജുവിനാണ് “”””‘
എന്ന് പറഞ്ഞത് രണ്ടുപേരുടെയും മുഖം മാറുന്നത് അറിഞ്ഞു…
“”””നാളെ അവളുടെ പിറന്നാളല്ലേ??”””
അല്ലെങ്കിലും ഇങ്ങനെയാണ്….
അവൾക്ക് എന്ന് പറഞ്ഞ് എന്ത് ഞാൻ വാങ്ങിക്കൊണ്ടുവന്നാലും രണ്ടുപേർക്കും ദേഷ്യമാണ്..
പക്ഷേ അമ്മയ്ക്ക് സ്വന്തം മകൾക്ക് എന്തു വാങ്ങി കൊടുത്താലും മതിയാവുകയുമില്ല…
“””” കൊച്ചു കുഞ്ഞല്ലേ കുപ്പായം ഒക്കെ വേടിച്ചു കൊടുത്ത് പിറന്നാളാഘോഷിക്കാൻ?? “””
എന്ന് അമ്മ പറഞ്ഞപ്പോൾ അവൾ
“””ഓ…””
എന്നും പറഞ്ഞ് പുച്ഛത്തോടെ പറഞ്ഞു ആ സാരി അവിടെയിട്ട് മുറിയിലേക്ക് പോയി….
അതോടെ അമ്മ ദേഷ്യപ്പെട്ടു…
“നീ ഇത് എന്തു ഭാവിച്ചാ സച്ചി ഭർത്താവിനെയും വിട്ട് വന്നുനിൽക്കുന്ന പെണ്ണ് അതിന്റെ മനസ്സ് ഇങ്ങനെ വിഷമിപ്പിക്കാൻ പാടുണ്ടോ…???.
ഒന്നുമില്ലേലും അത് നിന്റെ പെങ്ങളല്ലേടാ നിന്റെ ഭാര്യക്ക് ഒരു സാരി അവളുടെ മുന്നിൽ കൂടെ തന്നെ വാങ്ങി പോകണമായിരുന്നോ….”
“””” എന്റെ ഭാര്യക്ക് എത്ര തവണ ഞാൻ തുണിയെടുക്കുന്നത് അമ്മ കണ്ടിട്ടുണ്ട് ആണ്ടിന് ഒരെണ്ണം… അവൾ ഇവിടെ വന്ന് നിൽക്കുന്നുണ്ട് എന്ന് വച്ച് എനിക്ക് എന്റെ ഭാര്യക്ക് ഒന്നും വാങ്ങി കൊടുക്കാൻ പാടില്ല എന്നാണോ…
അവളുടെ ഭർത്താവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.. അവൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇപ്പോഴും എന്നോട് പറയാം ഞാൻ അവളുടെ ഭാഗത്താണ് ന്യായമെങ്കിൽ തീർച്ചയായും കൂടെ നിൽക്കും… പക്ഷേ ഇത് അങ്ങനെയൊന്നുമല്ലല്ലോ.. “””
“””എന്താടാ നീ പറഞ്ഞത് എല്ലാം അവൾ പറഞ്ഞു പഠിപ്പിച്ചു തരുന്നതായിരിക്കും അല്ലേ തലേണ മന്ത്രത്തിന്റെ ഒരു ശക്തിയെ…..!!!
പണ്ട് ഒന്ന് നേരെ നിൽക്കുക പോലും ഇല്ലാത്ത ചെക്കനാ ഇപ്പോൾ തർക്കുത്തരവും പറഞ്ഞുകൊണ്ട് വരുന്നത്…. ഈശ്വര ഇങ്ങനെ പോയ എന്നെ അടിച്ചു പുറത്താക്കാൻ പറഞ്ഞ ഇവൻ അതും ചെയ്യുമല്ലോ”””
എന്നും പറഞ്ഞ് അമ്മയുടെ പതിവ് നാടകം തുടങ്ങി..
“”” ഇതൊക്കെ അമ്മയുടെ വെറും തെറ്റിദ്ധാരണയാണ് കല്യാണം കഴിഞ്ഞ് ആണുങ്ങൾക്ക് എന്തെങ്കിലും ഒന്ന് പറയണമെന്നുണ്ടെങ്കിൽ അവരുടെ ഭാര്യമാർ മൂട്ടിൽ നിന്ന് കുത്തണം എന്നുള്ളത്..
ഈ പറഞ്ഞതൊക്കെ എന്റെ അഭിപ്രായം മാത്രമാണ് ഞാൻ പൊട്ടൻ ഒന്നുമല്ലല്ലോ ഇവിടെ നടക്കുന്നത് കാണാനും കേൾക്കാനും ഒക്കെ എനിക്കും കഴിയും… “””
അപ്പോഴേക്കും അഞ്ജലി അവിടെ വന്ന് ഹാജരായിരുന്നു ഒന്നും മിണ്ടണ്ട എന്ന് പറഞ്ഞ് കഥകളി കാണിക്കുന്നുണ്ട്…
കാരണവും എനിക്ക് അറിയാമായിരുന്നു നാളെ ഞാൻ ജോലിക്ക് പോയാൽ രണ്ടാളും കൂടി അവളെ കൊന്നു തിന്നും എന്ന്…
വലിയ സ്വത്ത് ഉള്ള വീട്ടിലെ തായിരുന്നില്ല അഞ്ജലി അതുകൊണ്ടുതന്നെ കല്യാണം കഴിഞ്ഞപ്പോൾ അമ്മ വിചാരിച്ചത്ര സ്വർണവും കിട്ടിയില്ല അന്നേ ഉള്ളതാണ് അമ്മയ്ക്ക് ഈ ഒരു ഇഷ്ടമില്ലായ്മ…
“””അഞ്ജലീ “”””
എന്ന് വിളിച്ചപ്പോഴേക്ക് അവൾ ഓടി എന്റെ മുന്നിൽ വന്നു നിന്നിരുന്നു…
“”””ഇന്നാ ഇത് അകത്തു കൊണ്ടുപോയി വക്ക് “””
എന്ന് പറഞ്ഞ് അവളുടെ കയ്യിൽ ആ സാരി കൊടുത്തപ്പോൾ നിന്ന് വിറക്കുന്നുണ്ടായിരുന്നു പെണ്ണ്…
അകത്തേക്ക് ചെല്ലുമ്പോൾ അവൾ പരിഭവം പറയുന്നുണ്ടായിരുന്നു എന്തിനാണ് അങ്ങനെയൊക്കെ ചെയ്തത് സുമേച്ചിക്ക് ഇഷ്ടമാണെങ്കിൽ ആ സാരി എടുത്തോട്ടെ എന്നൊക്കെ..
“”മോളെ നീ ഒരുമാതിരി സീരിയൽ മരുമകൾ കളിക്കല്ലേ… അത്യാവശ്യം ബോൾഡ് ആയി നിന്നില്ലെങ്കിൽ മറ്റുള്ളവരെ തലയിൽ കയറി നിരങ്ങും…
പ്രതികരിക്കേണ്ട ഇടത്ത് പ്രതികരിക്കാൻ പഠിക്കണം അത് ആണാണെങ്കിലും പെണ്ണാണെങ്കിലും… അത് ആദ്യം പഠിക്ക് “”””
എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടപ്പോൾ മുഖവും വീർപ്പിച്ച് ചായ എടുക്കാൻ പോയി പാവം..
എനിക്കറിയാമായിരുന്നു കാലം പതിയെ അവളെ ബോൾഡ് ആക്കും എന്ന്.. അപ്പോഴും കൂട്ടായി ഈ ഞാനും കാണും….