“” ആ എരണം കെട്ടവളെ വീട്ടിൽ നിന്ന് പുറത്താക്ക് എന്നിട്ട് വേണമെങ്കിൽ നിന്നെയും കൊച്ചിനെയും അങ്ങോട്ട് വിടുന്ന കാര്യം ആലോചിക്കാം””

(രചന: J. K)

“” ആ എരണം കെട്ടവളെ വീട്ടിൽ നിന്ന് പുറത്താക്ക് എന്നിട്ട് വേണമെങ്കിൽ നിന്നെയും കൊച്ചിനെയും അങ്ങോട്ട് വിടുന്ന കാര്യം ആലോചിക്കാം””

സതീഷേട്ടൻ ആണ് പറയുന്നത് ചേച്ചിയുടെ കാര്യമാണ്…

അങ്ങനെയും കുറ്റം പറയാൻ പറ്റില്ല സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ അല്ലെങ്കിലും ആരും സ്വാർത്ഥരാകുമല്ലോ..

“” സതീശേട്ടൻ ഒന്നും ഉണ്ടാവില്ല ഞാനല്ലേ പറയുന്നത് “””

എന്ന് പറഞ്ഞപ്പോഴേക്കും അദ്ദേഹം കടിച്ചു കീറാൻ വന്നിരുന്നു. നീ വേണമെങ്കിൽ പൊയ്ക്കോ എന്റെ കൊച്ചിനെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ടുപോയിക്കോളാം….

എന്ന് അദ്ദേഹം കാലി തുള്ളി പറഞ്ഞപ്പോൾ അവരുടെ വീട്ടുകാരും അത് സമ്മതിക്കുന്നുണ്ടായിരുന്നു..

ഒരു ഉറുമ്പിനെ പോലെ നോവിക്കാത്ത ആളാണ് തന്റെ ചേച്ചി പക്ഷേ കാര്യങ്ങളെല്ലാം എത്ര പെട്ടെന്നാണ് മാറിമറിഞ്ഞത്..

അവൾക്ക് അതോർത്ത് കരച്ചിൽ വന്നു..

കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ ചേച്ചിക്ക് ഒരാളുമായി ഇഷ്ടമുണ്ടായിരുന്നു.

അത് വീട്ടിൽ അറിഞ്ഞപ്പോൾ വലിയ പ്രശ്നമായി അങ്ങനെയാണ് ചേച്ചിയുടെ ഇഷ്ടംപോലെ നോക്കാതെ ഒരു ദുബായ് കാരനുമായുള്ള വിവാഹം നടത്തിക്കൊടുത്തത്…

ചേച്ചി എല്ലാം തുറന്നു പറഞ്ഞിരുന്നത് തന്നോടാണ്.. ഒരുതരത്തിൽ പറഞ്ഞാൽ ചേച്ചിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയാണ് താൻ എന്ന് തന്നെ വേണമെങ്കിൽ പറയാം..

വിവാഹം കഴിഞ്ഞതോടുകൂടി ചേച്ചിയുടെ സ്വഭാവം ആകെ മാറിയിരുന്നു ചിരിയും കളിയും ആയി നടന്ന ആൾ ആകെ മൂടികെട്ടിയ മുഖവുമായി എവിടെയെങ്കിലും പോയിരിക്കും…

കല്യാണം കഴിഞ്ഞ് വിരുന്നു വന്ന ആ സമയത്ത് തന്നെ ഈ മാറ്റം ശ്രദ്ധിച്ചിരുന്നു മെല്ലെ അടുത്തുപോയി ചേച്ചിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ചേച്ചി എല്ലാം പറഞ്ഞത്..

ആദ്യരാത്രിയിൽ തന്നെ ചേച്ചി ഭർത്താവിനോട് മറ്റൊരു സ്നേഹബന്ധം ഉണ്ടായിരുന്ന കാര്യം പറഞ്ഞത്രേ… അതുകൊണ്ടുതന്നെ ഈ വിവാഹം ഉൾക്കൊള്ളാൻ കുറച്ചു സമയം കൊടുക്കണം എന്നും..

അയാൾ അതിനൊന്നും തയ്യാറായിരുന്നില്ല അയാൾ ബലമായി ചേച്ചിയെ പ്രാപിച്ചത്രേ…

ചേച്ചിക്ക് അത് വലിയൊരു ഷോക്ക് ആയിരുന്നു.. അതിന് കാരണമായി പറഞ്ഞത് അയാൾക്ക് തിരിച്ചു പോണം അതിനുള്ളിൽ ഒരു കുഞ്ഞു വേണം എന്നായിരുന്നുവത്രേ…

ആകെക്കൂടി മാനസികമായി തകർന്നു നിൽക്കുന്ന ചേച്ചിക്ക് ഇതുകൂടിയായപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയായി..

രണ്ടുമാസം കൂടി കഴിഞ്ഞ് അയാൾ തിരിച്ചു പോകുമ്പോൾ ചേച്ചിക്ക് വിശേഷം ഉണ്ടായിരുന്നു…

ഒട്ടും ആഗ്രഹിക്കാത്ത സമയത്ത് മനസ്സ് പൂക്കൊണ്ടുപോലും തയ്യാറെടുക്കാത്ത സമയത്ത് ചേച്ചി ഗർഭിണിയായി..

പിന്നെ അതിന്റെ ഓരോ അസ്വസ്ഥതകൾ അതെല്ലാം മാനസികമായി ചേച്ചിയെ വല്ലാതെ ബാധിച്ചു…

പ്രസവിച്ച് കഴിഞ്ഞ് കുഞ്ഞിന്റെ മുഖത്തേക്ക് പോലും നോക്കാൻ ചേച്ചി തയ്യാറായില്ല..

എല്ലാവരും ഏറെ പറഞ്ഞു നോക്കി എന്നിട്ട് പോലും ചേച്ചിയിൽ ഒരു മാറ്റവും കണ്ടില്ല…
ചേച്ചിയുടെ അഹങ്കാരമായി എല്ലാവരും അതിനെ വിധി എഴുതി…

ചേച്ചി മാനസികമായി തളർന്നതാണെന്ന് ആർക്കും മനസ്സിലായില്ല.. കുഞ്ഞിനെ കാണുന്നതുപോലും ചേച്ചിക്ക് ഇഷ്ടമല്ലായിരുന്നു…അതുകൊണ്ട് തന്നെ ചേച്ചിയുടെ അടുത്ത് കുഞ്ഞിനേ ഒറ്റയ്ക്കാതിരിക്കാൻ ഞങ്ങളും ശ്രദ്ധിച്ചിരുന്നു….

ക്രമേണ ആ അവസ്ഥയെല്ലാം മാറി വന്നു ചേച്ചി കുഞ്ഞിന്റെ കാര്യങ്ങളെല്ലാം പതിയെ നോക്കാൻ തുടങ്ങി അത് ഞങ്ങളിൽ ഏറെ ആശ്വാസം സൃഷ്ടിച്ചു..

അങ്ങനെയാണ് ചേച്ചിക്ക് കുഞ്ഞിനെ ഒറ്റയ്ക്ക് വിട്ടുകൊടുക്കാൻ തുടങ്ങിയത് ഒരു ദിവസം എല്ലാവരും കൂടി ഒരു കല്യാണത്തിന് പോയതായിരുന്നു ചേച്ചിയും കുഞ്ഞും വീട്ടിൽ തനിച്ച് അന്ന് എന്തോ പെട്ടെന്ന് ആ മനസ്സ് കൈവിട്ടു പോയതാവും,

ഞങ്ങൾ വന്നപ്പോൾ കണ്ടത് ചലനമില്ലാത്ത തണുത്ത് വിറങ്ങലിച്ച കുഞ്ഞിനെയാണ്…. എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു കുഞ്ഞിനെയും എടുത്ത് ആശുപത്രിയിലേക്കോടി പക്ഷേ എല്ലാം ഒരു മണിക്കൂർ മുന്നേ തീർന്നിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞു..

അത് എല്ലാവരെയും അക്ഷരാർത്ഥത്തിൽ വല്ലാതെ ഉലച്ചു കളഞ്ഞു എല്ലാവരുടെയും മുന്നിൽ ചേച്ചി തെറ്റുകാരിയായി ഞാൻ മാത്രം ചേച്ചിയുടെ കൂടെ നിന്നു….

പിന്നെ കേസും കൂട്ടവും ചേച്ചിയുടെ മാനസികാവസ്ഥ മുൻനിർത്തി കോടതിയിൽ നിന്ന് ഇളവ് ലഭിച്ചു അത് കഴിഞ്ഞ് ചേച്ചി വീട്ടിലേക്ക് തന്നെ തിരിച്ചുവന്നു

പക്ഷേ ചേച്ചിയെ സ്വീകരിക്കാൻ ആരും തയ്യാറായില്ല ഒടുവിൽ അച്ഛന്റെയും അമ്മയുടെയും കാലുപിടിച്ച് കരഞ്ഞു പറഞ്ഞാണ് ഞാൻ വീട്ടിലേക്ക് ചേച്ചിയെ തിരികെ വിളിച്ചു കൊണ്ടുവന്നത്..

എപ്പോഴും കരച്ചിലായിരുന്നു പിന്നീടങ്ങോട്ട് ചേച്ചിക്ക് കുഞ്ഞ് നഷ്ടപ്പെട്ടതിൽ വല്ലാതെ ദുഃഖിച്ചിരുന്നു ഏതോ ഒരു നിമിഷത്തിൽ അറിയാതെ ചെയ്തു പോയതാണ് അതും മനസ്സ് പോലും അറിയാതെ….

എനിക്ക് ഒഴികെ മറ്റുള്ളവർക്ക് ആർക്കും ചേച്ചിയുടെ അവസ്ഥ മനസ്സിലാകുന്നുണ്ടായിരുന്നില്ല അവരെല്ലാം ചേർത്ത് നിർത്താതെ കുറ്റപ്പെടുത്തലുകൾ മാത്രമായി ചേച്ചിയെ ഒറ്റപ്പെടുത്തി…

ചേച്ചിയുടെ കാര്യം കൊണ്ട് എനിക്ക് പോലും കല്യാണം ആലോചന വരുന്നില്ലായിരുന്നു…

അങ്ങനെയാണ് സതീശേട്ടൻ എന്നോട് ഇഷ്ടമാണ് എന്ന് പറയുന്നത് ഞാൻ കമ്പ്യൂട്ടർ പഠിക്കാൻ പോയിരുന്ന സ്ഥാപനത്തിന് അടുത്ത് പലചരക്ക് കച്ചവടം നടത്തുന്ന ആളാണ് അങ്ങനെ കണ്ട് ഇഷ്ടമായതാണ് എന്റെ എല്ലാ കാര്യങ്ങളും അറിയാം..

അതുകൊണ്ടുതന്നെ കൂടുതൽ കാര്യങ്ങൾ വിശദമാക്കി കൊടുക്കേണ്ടി വന്നില്ല..

വീട്ടുകാർക്ക് പലർക്കും എതിർപ്പ് ഉണ്ടെങ്കിലും സതീശേട്ടൻ അതൊന്നും കാര്യമാക്കാതെ എന്റെ കഴുത്തിൽ താലികെട്ടി. പക്ഷേ സതീഷേട്ടന് ചേച്ചിയെ ഒട്ടും ഇഷ്ടമല്ലായിരുന്നു എപ്പോഴും അവരെ പലതും ദുഷിച്ചു പറയുന്നത് കേൾക്കാം…

പലപ്പോഴും ഞാൻ പറഞ്ഞു തിരുത്താൻ ശ്രമിച്ചു പക്ഷേ എന്റെ ശ്രമം വെറുതെ വിഫലമാവുകയല്ലാതെ ആർക്കും ചേച്ചിയെ മനസ്സിലായില്ല…

എന്നെ വീട്ടിലേക്ക് പറഞ്ഞയക്കാൻ പോലും സതീഷേട്ടന് ഇഷ്ടമല്ലായിരുന്നു എങ്കിലും ഇടയ്ക്ക് നിർബന്ധിച്ചു ഞാൻ പോയി നിൽക്കും..

സതീഷേട്ടൻ അങ്ങോട്ട് വന്നാൽ ചേച്ചി മുറിയിൽ തന്നെ ഒതുങ്ങിയിരിക്കും പുറത്തേക്ക് പോലും വരില്ല ആ മനസ്സിൽ ചേച്ചിയോട് ഉള്ള ഇഷ്ടക്കേട് ചേച്ചി മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു….

അങ്ങനെയാണ് ഞാൻ ഗർഭിണിയാകുന്നത് അതിൽ പിന്നെ സതീഷേട്ടന് വല്ലാത്ത ഭയമായിരുന്നു… എന്റെ അരികിൽ നിന്ന് പോലും പോവില്ല ഓരോന്ന് വാങ്ങി തന്ന് ശുശ്രൂഷിച്ച് എന്റെ അരികിൽ ഇങ്ങനെ നിൽക്കും..

സതീശേട്ടന്റെ കൂടെ വന്നിട്ട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കാലം ഏതാണെന്ന് ചോദിച്ചാൽ നീസംശയം എനിക്ക് പറയാൻ കഴിയുമായിരുന്നു എന്റെ ഗർഭകാലം ആണ് എന്ന് അത്രയും മനോഹരമായി അദ്ദേഹം എന്നെ നോക്കിയിരുന്നു…

അപ്പോഴൊക്കെയും ഞാൻ വെറുതെ ചേച്ചിയുടെ കാര്യം സങ്കൽപ്പിച്ചു നോക്കും ഏറ്റവും കൂടുതൽ പരിഗണന അർഹിക്കുന്ന സമയത്ത് അത്രയും മാനസിക പീഡകൾ അനുഭവിച്ച ഒരാളുടെ മനസ്സ് കൈവിട്ടു പോയതിൽ എന്ത് അത്ഭുതമാണുള്ളത്..

ഇതിപ്പോൾ പ്രസവം കഴിഞ്ഞ് നാട്ടുനടപ്പ് അനുസരിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുപോകണം അതിന് സമ്മതിക്കാതെ നിൽക്കുകയാണ് സതീഷേട്ടൻ..

ഏഴാം മാസത്തിൽ പോലും സ്വന്തം വീട്ടിലേക്ക് വിട്ടില്ല ചേച്ചിയാണ് കാരണം എന്നെനിക്കറിയാമായിരുന്നു… ഇതിപ്പോ പ്രസവം കഴിഞ്ഞിട്ടും അങ്ങോട്ട് വിടുന്നില്ല എന്ന് കണ്ടപ്പോൾ എനിക്ക് വലിയ സങ്കടമായി…

ചേച്ചിയുടെ ഒരു കാര്യങ്ങളും ഞാൻ ആരോടും പറഞ്ഞിരുന്നില്ല ചേച്ചി ആരോടും പറയരുത് എന്ന് എന്നോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോ ഏട്ടൻ അറിയണം എന്ന് എനിക്ക് തോന്നി…

വിവാഹം കഴിഞ്ഞത് മുതൽ ചേച്ചി അനുഭവിച്ച മേരിറ്റൽ റേപ്പ്… ഗർഭിണിയായതിനു ശേഷവും അത് തുടർന്നു . ഒന്ന് പരിഗണിച്ചത് പോലും ഇല്ല അയാൾ…

അയാൾ പോയതിനുശേഷം ഉള്ള വീട്ടുകാരുടെ പോര്.. എല്ലാംകൊണ്ടും തളർന്ന ആ മനസ്സ് എല്ലാം ഞാൻ അദ്ദേഹത്തോട് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു..

ഒന്നും മിണ്ടാതെ കുറെ നേരം സതീഷേട്ടൻ എന്നെ തന്നെ നോക്കിയിരുന്നു..

ഒരുപക്ഷേ അദ്ദേഹത്തിന് എന്റെ ചേച്ചിയെ അപ്പോൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരിക്കാം..

“” സതീഷേട്ടനെ പോലെ ഒരാളായിരുന്നു എന്റെ ചേച്ചിക്ക് കിട്ടിയിരുന്നത് എങ്കിൽ ഒരിക്കലും ഇതൊന്നും സംഭവിക്കില്ലായിരുന്നു ഇതുപോലെ ചേർത്ത് ഒന്ന് പിടിച്ചാൽ മതിയായിരുന്നു അവളുടെ എല്ലാ അസുഖവും മാറാൻ… “”

എന്ന് പറഞ്ഞപ്പോൾ ആ മിഴികൾ നിറയുന്നത് കണ്ടു…

വീട്ടിൽ ചെന്നതും ആദ്യം കുഞ്ഞിനെ കൊടുത്തത് അവളുടെ കൈകളിലേക്കാണ് പരിഭ്രമത്തോടെ അവളുടെ മിഴികൾ സതീഷേട്ടനെ തേടിയെത്തി..

ആമുഖത്ത് ചിരി കണ്ടതുകൊണ്ടാവാം അവൾ എന്റെ കുഞ്ഞിനെ ധൈര്യത്തോടെ എടുത്തത്. ആ കുഞ്ഞു മുഖത്ത് ഉമ്മകൾ കൊണ്ട് മൂടിയത്…

അത് കണ്ട് മനസ്സു നിറഞ്ഞ് ഞാനും ഏട്ടനും നിന്നു..

വലിയ സന്തോഷങ്ങളൊന്നും നമുക്ക് മറ്റുള്ളവർക്ക് കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ല… പക്ഷേ ചെറിയ ചിലത് നമ്മളെ കൊണ്ടാവും…
അല്ലേ???

Leave a Reply

Your email address will not be published. Required fields are marked *