“നീയത് എന്തറിഞ്ഞ ബാബു പറയുന്നത്??? തെളിവോടെ പിടിച്ചതാണ് നിന്റെ ഭാര്യയെയും അവളുടെ രഹസ്യക്കാരനെയും!!!എന്നിട്ടും നീ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാൽ!!! ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. കുറെ നാളായിരുന്നു സേവ തുടങ്ങിയിട്ട്

(രചന: J. K)

“””” ഇല്ല ഹരിദാസേട്ടാ ഞാനെന്റെ കണ്ണിൽ കണ്ടിട്ടില്ലല്ലോ??? ഞാൻ നിങ്ങൾ പറഞ്ഞതൊന്നും വിശ്വസിക്കുന്നില്ല “”””

ബാബു അത് പറയുമ്പോൾ അയാളുടെ മിഴികൾ നിറഞ്ഞിരുന്നു അപ്പുറത്ത് നിന്നും പുച്ഛത്തോടെയുള്ള ശബ്ദം കേട്ടു

“””നീയത് എന്തറിഞ്ഞ ബാബു പറയുന്നത്??? തെളിവോടെ പിടിച്ചതാണ് നിന്റെ ഭാര്യയെയും അവളുടെ രഹസ്യക്കാരനെയും!!!എന്നിട്ടും നീ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാൽ!!!

ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല കുറെ നാളായിരുന്നു സേവ തുടങ്ങിയിട്ട് എല്ലാവരും കൂടി പിടിക്കണം എന്ന് കരുതിയത് അങ്ങനെയാണ് എല്ലാവരും കൂടി വന്ന് പിടിച്ചതും

എന്നിട്ടും നിനക്ക് വിശ്വാസമില്ല എന്ന് പറഞ്ഞാൽ ഒരു കാര്യം ചെയ്യ് നീ ഗൾഫിൽ മതിയാക്കി നാട്ടിലേക്ക് വാ എന്നിട്ട് എന്താ എന്നുവച്ചാൽ ചെയ്യ് “”””

ഒന്നും മിണ്ടാതെ ബാബു ഫോൺ കട്ടാക്കി…

“””നീതു “””

അവൾ അങ്ങനെയൊക്കെ ചെയ്യുമോ അവൾക്ക് അങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ ബാബുവിന്റെ ചിന്തകൾ ആകെ ഭ്രാന്ത് പിടിക്കാൻ തുടങ്ങി….

ഗൾഫിൽ നല്ല ഒരു ജോലി ശരിയായതിനുശേഷം നാട്ടിലേക്ക് ലീവിന് പോയതാണ്….
അമ്മ നിർബന്ധിച്ച് പറഞ്ഞതോണ്ട് ആണ് പെണ്ണ് കാണാൻ പോകാം എന്ന് കരുതിയത്…

ഒരുപാട് പെണ്ണ് പോയി കണ്ടു ചിലരൊക്കെ ഗൾഫുകാരനെ വേണ്ട എന്ന് പറഞ്ഞ് ഒഴിവാക്കി ചിലതൊന്നും ജാതകം ചേർന്നില്ല…

അങ്ങനെയാണ് ഒരിക്കൽ ബ്രോക്കർ വന്നു പറഞ്ഞത് ഒരു നല്ല കുട്ടിയുണ്ട് കാണാൻ പോകാം എന്ന് അങ്ങനെ അവിടെ വരെ പോയി.

അവരുടെ വീട്ടിൽ ചെന്നപ്പോൾ അറിഞ്ഞു ആ കുട്ടി എന്തോ പഠനപരമായ കാര്യങ്ങൾക്ക് വേണ്ടി എവിടേക്ക് പോയതാണ് അവിടെ ഇല്ല എന്ന് നിരാശനായി മടങ്ങുമ്പോഴാണ് അടുത്ത വീട്ടിൽ കുസൃതിയോടെ കുട്ടികളുടെ കൂടെ കളിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്….

എന്തോ കണ്ട മാത്രയിൽ തന്നെ അവളെ ഇഷ്ടമായി ബാബുവിന്…. അത്ര വലിയ ഭംഗി ഒന്നുമില്ല എങ്കിലും എന്തോ ഒരു ആകർഷണീയത തോന്നി ബാബുവിന് അവളിൽ……

അച്ഛനില്ലാത്ത ഒരു പാവം കുട്ടി അമ്മാവന്മാരുടെ സംരക്ഷണയിൽ വളരുന്നു…

പെണ്ണ് ചോദിച്ചതിനോട് ഒപ്പം സ്ത്രീധനം ഒന്നും വേണ്ട എന്നത് പറഞ്ഞത് മാത്രമാണ് അവരുടെ കണ്ണിൽ ആകർഷണീയമായി തോന്നിയത് അതുകൊണ്ടുതന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ ആ വിവാഹം നടന്നു…

അവളോടും ബാബു ചോദിച്ചിരുന്നു ഇഷ്ടമായോ എന്ന് ഇഷ്ടക്കുറവ് ഒന്നും ഇല്ല എന്ന് അവളും പറഞ്ഞിരുന്നു അങ്ങനെ വിവാഹം കഴിഞ്ഞു..

അമ്മയുടെ കൂടെ നിർത്തി ഒരിക്കൽ പോയതാണ് പിന്നെ മുഴുവൻ പരാതികൾ ആയിരുന്നു അമ്മ അത് പറഞ്ഞു ഇതു പറഞ്ഞു എന്നൊക്കെ പറഞ്ഞ്….

അമ്മയുടെ വിളിച്ച് അന്വേഷിച്ചപ്പോൾ കുഞ്ഞിനെ നേരാംവണ്ണം ശ്രദ്ധിക്കാഞ്ഞിട്ടാണെടാ എന്നായിരുന്നു അമ്മയുടെ മറുപടി, പിന്നെ എന്തു പറയാനാണ് ഞാൻ…

അങ്ങനെ ഒരിക്കൽ നാട്ടിലെക്ക് ലീവിൽ വന്നപ്പോഴാണ് അവൾ പറഞ്ഞത് ഇവിടെ നിന്നും എങ്ങോട്ടെങ്കിലും താമസം മാറണം എന്ന്… ഇനി അവൾ അവിടെ നിന്നാൽ ആത്മഹത്യ ചെയ്യുമത്രെ അത്രയ്ക്ക് അമ്മ അവളെ ടോർച്ചർ ചെയ്യുന്നുണ്ട് എന്ന്…

അമ്മ പാവം ക്യാരക്ടർ അല്ല എന്ന് എനിക്കും ബോധ്യമുണ്ടായിരുന്നു…. അച്ഛനില്ലാത്ത എന്നെയും അനിയത്തിയും ഒരു വയസ്സുവരെ വളർത്തിയെടുക്കേണ്ടിയിരുന്നു….

അതിന്റെ ബോൾഡ്നെസ്സ് അമ്മയുടെ പെരുമാറ്റത്തിലും ഉണ്ടായിരുന്നു….

എന്തെങ്കിലും കണ്ടാൽ കണ്ടതിനു നേരെ പറയുന്ന ശീലം അമ്മയ്ക്ക് പണ്ടെ ഉള്ളതായിരുന്നു പക്ഷേ ആരെയും മനപൂർവ്വം ദ്രോഹിക്കില്ല എന്നൊരു ഉറപ്പുണ്ടായിരുന്നു.

എന്നിട്ടും ഞാൻ അവളുടെ എല്ലാ തീരുമാനങ്ങൾക്ക് കൂട്ടുനിന്നു അവളെയും കൊണ്ട് മറ്റൊരു വീട് വെച്ച് മാറി….

അവളുടെ സ്വഭാവത്തിൽ പലതരം വ്യത്യാസങ്ങൾ എനിക്കും തോന്നിയിരുന്നു പണ്ടത്തെപ്പോലെ വിളിയില്ല വിളിച്ചാൽ എടുത്ത് സംസാരിക്കാൻ സമയമില്ല….

വീട്ടിലിരുന്ന് ബോറടിക്കുന്നു അവിടെ അടുത്തുള്ള ഒരു സെന്ററിൽ റിസപ്ഷനിസ്റ്റ് ആയിട്ട് പോകട്ടെ എന്ന് ചോദിച്ചപ്പോൾ ഞാനും വിചാരിച്ചു അവളുടെ ബോറടി മാറുമല്ലോ പൊയ്ക്കോട്ടെ എന്ന്…

അതിൽ പിന്നെ അവൾ ഒട്ടും ഫോൺ എടുക്കാതെയായി… രാത്രി എപ്പോഴെങ്കിലും പിടിച്ചാൽ കുറച്ചുനേരം സംസാരിക്കും ക്ഷീണമാണ് എന്ന് പറഞ്ഞ് കട്ട് ചെയ്യും.. ഒന്നും കാര്യമായി എടുത്തില്ല

ഇപ്പോൾ തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടനാണ് വിളിച്ചത് ഇത്രയൊക്കെ പറഞ്ഞത് എന്തുവേണമെന്ന് അറിയില്ലായിരുന്നു….

അവർ പറഞ്ഞത് പ്രകാരം നാട്ടിലേക്ക് ടിക്കറ്റ് എടുത്തു നാട്ടിലെത്തി അവളോട് സംസാരിച്ചു ഒന്നും അറിയാത്തവളെ പോലെ അവൾ പെരുമാറി…

ഹരിദാസേട്ടന്റെ പക്കൽ തെളിവുണ്ട് എന്ന് പറഞ്ഞപ്പോൾ അവൾ മെല്ലെ താഴ്ന്നു…

അവൾക്ക് ഒരു അബദ്ധം പറ്റിയതാണ് എന്ന് പറഞ്ഞ് എന്റെ കാലുപിടിച്ച് കരഞ്ഞു…

ഞാൻ ഇനി ആവർത്തിക്കരുത് എന്നൊരു വാക്ക് മാത്രം പറഞ്ഞ് ക്ഷമിക്കാൻ തയ്യാറായി….
എങ്കിലും പണ്ടത്തെപ്പോലെ അവളെ ഒരു ഭാര്യയായി കരുതാൻ എനിക്ക് കഴിയില്ല ആയിരുന്നു എന്റെ കുഞ്ഞുങ്ങൾക്ക് പക്ഷേ ഒരു അമ്മ വേണമായിരുന്നു..

അവർക്ക് ഒരു അമ്മ മാത്രം…

ലോകം മുഴുവൻ എന്നെ നട്ടെല്ലില്ലാത്തവൻ എന്ന് പറഞ്ഞ് കളിയാക്കി…

പിന്നെ ഞാൻ എന്താണ് വേണ്ടിയിരുന്നത് അവളെ അവന്റെ കൂടെ പറഞ്ഞയക്കണമായിരുന്നോ???

എന്നിട്ട് ഇതിലും കൂടുതൽ അപഹാസ്യനായി നാട്ടുകാരുടെ മുന്നിൽ ജീവിക്കേണ്ടിയിരുന്നോ…
എന്റെ കുഞ്ഞുങ്ങൾക്ക് അമ്മ നഷ്ടപ്പെട്ട് അവരെയും കണ്ണീരു കുടിപ്പിക്കണം ആയിരുന്നോ…

അവളെ ഉപേക്ഷിക്കണം എന്നിട്ട് ആണുങ്ങളെപ്പോലെ ജീവിക്കണം എന്നൊക്കെ പലരും ഉപദേശവുമായി വന്നു പറയാൻ വളരെ എളുപ്പമാണ് കഴിയുകയും ചെയ്യും പക്ഷേ, ഒന്ന് ഇരുട്ടി വെളുത്തതുകൊണ്ട് ജീവിതം തീരുന്നില്ലല്ലോ…

എന്റെ കുഞ്ഞുങ്ങൾ അവരുടെ ജീവിതം, ഇതെല്ലാം എന്റെ മുന്നിലുള്ള പ്രതിസന്ധികളാണ്..

ഒരുപക്ഷേ ഇതിപ്പോ കുറച്ചുനാൾ ആളുകൾ പറഞ്ഞു നിർത്തുമായിരിക്കും…

പക്ഷേ അവളെ ഞാൻ ഉപേക്ഷിച്ചാൽ അവൾക്ക് ഞങ്ങളെ വിട്ടു പോകേണ്ടി വന്നാൽ അത് എന്നെന്നേക്കുമായി ഉള്ള ഒരു ഇറങ്ങിപ്പോക്കായിരിക്കും….

പിന്നെ ഒരിക്കലും പിന്നെ ആ ബന്ധം കൂട്ടി യോജിപ്പിക്കാൻ കഴിഞ്ഞു എന്ന് വരില്ല…
ഒരുപക്ഷേ എനിക്ക് വേറെ ഒരു ഭാര്യയെയും കിട്ടുമായിരിക്കും പക്ഷേ എന്റെ മക്കൾക്ക് അവൾ ഒരു അമ്മയാകും എന്ന് എന്താണ് ഇത്ര ഉറപ്പ്…

എന്തൊക്കെ ന്യായീകരിച്ചാലും അവൾ ചെയ്തത് തെറ്റാണെന്നുള്ള പൂർണ ബോധ്യം എനിക്കുണ്ട് അതിനുള്ള ശിക്ഷയും ഞാൻ വിധിച്ചു കഴിഞ്ഞു

ഒരു വീട്ടിൽ ഒരു കൂരയ്ക്ക് കീഴെ പരസ്പരം അറിയാത്തവരെ പോലെ ഞങ്ങൾ ഇനിയുള്ള ആയുസ്സ് ജീവിച്ചു തീർക്കണം കുഞ്ഞുങ്ങളുടെ കാര്യം മാത്രം നോക്കി അവൾ അവളുടെ ആയുസ്സ് തീർക്കണം

ഒരിക്കൽ പോലും എന്റെ ഭാഗത്തുനിന്ന് ഒരു നോട്ടമോ പരിഗണനയോ അവൾക്ക് ഇനി കിട്ടില്ല അതാണ് ഞാൻ വിധിച്ച ശിക്ഷ…

ആര് എന്തൊക്കെ തന്നെ പറഞ്ഞാലും എന്നെ മനസാക്ഷിയുടെ കോടതിയിൽ ഞാൻ ചെയ്തത് പൂർണ്ണമായും ശരിയായിരുന്നു…

ചിലതൊക്കെ ചീഞ്ഞളിഞ്ഞു എന്ന് അറിഞ്ഞാലും കൂടെ കൊണ്ടുപോകേണ്ടിവരും… അതിനാണല്ലോ വിധി എന്ന് നമ്മൾ പേര് എഴുതി വച്ചിരിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *