സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോളൂ എന്ന് അവളുടെ അച്ഛൻ പറഞ്ഞു. ഞാൻ അവളോട് പേരും മറ്റും ചോദിച്ചു എന്നെ ഇഷ്ടമായോ എന്ന് ചോദിച്ചപ്പോൾ ആയി എന്ന് തന്നെയാണ് മറുപടി പറഞ്ഞത് വല്ലാത്ത സന്തോഷമായിരുന്നു പിന്നീട് അങ്ങോട്ട്…

(രചന: J. K)

“””” എടാ മോനെ അമ്മ ഈ വാട്സാപ്പിലേക്ക് ആ കുട്ടിയുടെ ഫോട്ടോ ഇട്ടിട്ടുണ്ട് നീ ഒന്ന് നോക്കി എന്തെങ്കിലും ഒന്ന് പറ…””””

രഞ്ജിത്ത് അമ്മയുടെ വോയിസ് മെസ്സേജ് കേട്ടു.. തൊട്ടു മുകളിലായി അയച്ചിട്ടുള്ള ഫോട്ടോ ഡൗൺലോഡ് ചെയ്തെടുക്കുമ്പോൾ അയാളുടെ നെഞ്ചിടിപ്പ് അല്പം കൂടി..

അച്ഛനും അമ്മയും കൂടി പോയി തനിക്കായി കണ്ടുവെച്ചിട്ടുള്ള പെണ്ണാണ് താൻ ദുബായിൽ വന്നിട്ട് ഇതിപ്പോ ഏഴു മാസം ആവുന്നതേയുള്ളൂ…

കഴിഞ്ഞതവണ നാട്ടിലെത്തിയപ്പോൾ മുതൽ പെണ്ണ് തിരഞ്ഞ് നടക്കുന്നതാണ് ഇതുവരെയും ഒന്നും ശരിയായില്ല താൻ ഇങ്ങോട്ട് പോന്നതിനുശേഷം അത് അച്ഛനും അമ്മയും ഏറ്റെടുത്തു….

പെട്ടെന്നാണ് ഒരു ആലോചന ശരിയായത്… വൃന്ദ എന്നാണത്രേ പേര്.. ആദ്യം കൂട്ടുകാരും അച്ഛനുമൊക്കെ പോയി കണ്ടതാണ് അവർക്ക് കുഴപ്പമില്ല എന്ന് തോന്നി അമ്മയെയും മറ്റു ബന്ധുക്കളെയും വിളിച്ച് അവരും പോയി കണ്ടു…..

അവർക്ക് എല്ലാവർക്കും ഇഷ്ടമായി എന്നാണ് പറഞ്ഞത് എന്നിട്ട് ഇപ്പോൾ അവർ ഫോട്ടോയും മേടിച്ച് വന്നിരിക്കുകയാണ്. എന്റെ വാട്സാപ്പിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത് മെല്ലെ രഞ്ജിത്ത് ഫോട്ടോ എടുത്തു നോക്കി…

അത്ര സുന്ദരി എന്നൊന്നും പറയാനില്ല എങ്കിലും തെറ്റില്ല കാണാൻ മുഖത്ത് നല്ല ശ്രിത്വം ഉണ്ട്…. ഇഷ്ടമായോ എന്ന് ചോദിച്ച് അമ്മ വീണ്ടും മെസ്സേജ് അയച്ചിരുന്നു ഇഷ്ടമായി എന്ന് മറുപടി അയച്ചപ്പോൾ എന്തോ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നിരുന്നു…

എങ്കിൽ നാട്ടിൽ വന്ന് ഒന്ന് നേരിട്ട് കാണാൻ അമ്മ പറഞ്ഞു വന്നിട്ട് ഏഴുമാസം മാത്രം ആയതുകൊണ്ട് ലീവ് കിട്ടാൻ പ്രയാസമാണ് എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു.

എങ്കിലും എല്ലാവരുടെയും നിർബന്ധപ്രകാരം ഇവിടെ ലീവ് ചോദിച്ചു അങ്ങനെയാണ് വെറും ഒരാഴ്ചത്തെ ലീവിന് നാട്ടിലേക്ക് വന്നത്…

വന്ന് ഉടനെ വൃന്ദയെ പോയി കണ്ടു ഫോട്ടോയിൽ കാണുന്നതിനേക്കാൾ നേരിട്ട് കാണാൻ ആണ് അവൾക്ക് ഭംഗി എന്ന് എനിക്ക് തോന്നി…

സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോളൂ എന്ന് അവളുടെ അച്ഛൻ പറഞ്ഞു.

ഞാൻ അവളോട് പേരും മറ്റും ചോദിച്ചു എന്നെ ഇഷ്ടമായോ എന്ന് ചോദിച്ചപ്പോൾ ആയി എന്ന് തന്നെയാണ് മറുപടി പറഞ്ഞത് വല്ലാത്ത സന്തോഷമായിരുന്നു പിന്നീട് അങ്ങോട്ട്…

നിശ്ചയം കഴിച്ചിട്ട് പോകാം എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെയാണ് നല്ല മുഹൂർത്തം നോക്കിയത് മോതിരം മാറ്റത്തിന് മറ്റും

പക്ഷേ ഞാൻ പോകുന്നതിനുള്ളിൽ നല്ല മുഹൂർത്തം ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു അവർ ചടങ്ങ് നടത്തിക്കോളാം എന്ന് പറഞ്ഞു… മോതിരമാറ്റം കല്യാണത്തിന് ചെയ്യാം എന്നും..

ഏറെ സ്വപ്നങ്ങളോടെയാണ് ഇത്തവണ ദുബായിലേക്ക് ഞാൻ തിരികെ പോകുന്നത്…

ഇനി നിനക്ക് എന്നാണ് വരാൻ പറ്റുക എന്ന് ചോദിച്ചു അഞ്ചുമാസം കൂടി കഴിഞ്ഞാൽ എനിക്ക് അത്യാവശ്യം ലീവ് കിട്ടുമെന്നും അപ്പോഴേക്കും കല്യാണം ഫിക്സ് ചെയ്തോളാനും ഞാൻ വിളിച്ചു പറഞ്ഞു അത് പ്രകാരം എല്ലാം ചെയ്തു..

അവളോട് സംസാരിക്കണമെങ്കിൽ അവളുടെ അച്ഛന്റെ ഫോണിലേക്ക് വിളിക്കണം ആയിരുന്നു..

അതുകൊണ്ടുതന്നെ അത് ബുദ്ധിമുട്ടാണല്ലോ എന്ന് കരുതി അധികം ഒന്നും വിളിക്കാറില്ല എപ്പോഴെങ്കിലും വിളിക്കും കുറച്ചുനേരം സംസാരിക്കും അത്രതന്നെ

അച്ഛന്റെ ഫോണിൽ നിന്ന് അവരുടെ മുന്നിൽ വച്ച് സംസാരിക്കുന്നത് കൊണ്ടാവാം അവൾ ഫോർമൽ ആയി മാത്രമാണ് സംസാരിച്ചിരുന്നുള്ളൂ…

അഞ്ചുമാസം എങ്ങനെയൊക്കെയോ ഞാൻ തള്ളി നീക്കി… അമ്മ അവിടെ നിന്നും ഫോൺ ചെയ്തു പറഞ്ഞിരുന്നു താലിയുടെ ചെയിൻ നീ അവിടെ നിന്നും എടുത്തു വാ…

അവിടെ നിന്നും കൊണ്ടുവരുമ്പോൾ പുതിയ ഡിസൈൻ ഒക്കെ ആവും എന്ന് അങ്ങനെയാണ് ഞാൻ പോയി മോതിരവും മാലയും എല്ലാം ഇവിടെ നിന്ന് തന്നെ സെലക്ട് ചെയ്തത്…..

ഇവിടെ കൂടെ വർക്ക് ചെയ്യുന്നവരോടൊക്കെ യാത്രപറഞ്ഞ് അങ്ങനെ നാട്ടിലെത്തി…

കല്യാണത്തിന് കഷ്ടി ഒരാഴ്ച കൂടി ഉണ്ടായിരുന്നുള്ളൂ അവിടെ നിന്നും കൂട്ടുകാർ ഒരുപാട് നിർബന്ധിച്ചാണ് കല്യാണത്തിന് മുമ്പ് ഒരു തവണ അവന്മാരെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയത്….

അവിടെയെത്തി വൃന്ദയെ കാണണം എന്ന് പറഞ്ഞപ്പോൾ അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് വല്ലാത്ത ഒരു പരിഭ്രമം ആയിരുന്നു..

ഒന്നും മനസ്സിലാവാതെ ഞാൻ അവരോട് എന്താണ് കാര്യം എന്ന് തിരക്കി. അവർ കരഞ്ഞു കാര്യം പറഞ്ഞു അന്ന് രാവിലെ ഒരു എഴുത്തും എഴുതിവെച്ച് അവൾ ആരുടെയോ ഒപ്പം പോയി എന്ന് അവർ തമ്മിൽ പ്രണയമായിരുന്നത്രേ….

എനിക്കെന്റെ സമനില തെറ്റുന്നത് പോലെ തോന്നി വീട്ടിൽ കല്യാണത്തിന് എല്ലാ ആഘോഷങ്ങളും ഒരുങ്ങിയിരുന്നു നാട്ടുകാരെ ക്ഷണിക്കൽ അടക്കം കഴിഞ്ഞിരുന്നു….

വായിൽ തോന്നുന്നത് മുഴുവൻ ഞാൻ അവളുടെ അച്ഛനെ വിളിച്ചു.

അയാൾ മിണ്ടാതെ തലതാഴ്ത്തി നിന്ന് കരഞ്ഞ് അതെല്ലാം കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് അയാളോട് പാവം തോന്നി. അയാൾ എന്റെ കാലുപിടിച്ച് മാപ്പ് പറഞ്ഞു അയാൾ ഒന്നും അറിഞ്ഞിട്ടില്ല എന്ന്…

അതെ സത്യമാവാം ചിലപ്പോൾ അയാളെയും അവൾ പറ്റിച്ചതാവാം.. ഞാൻ അന്ന് പെണ്ണുകാണാൻ ചെന്നപ്പോൾ ചോദിച്ചതാണ് എന്നെ ഇഷ്ടമായോ എന്ന് ഒരു വാക്ക് അവൾ പറഞ്ഞിരുന്നു എങ്കിൽ

ഈ വിവാഹമേ നടക്കില്ലായിരുന്നു ഇത്രത്തോളം കൊണ്ട് ചെന്നേത്തിച്ച് രണ്ട് വീട്ടുകാരെ നാണം കെടുത്തേണ്ടി വരില്ലായിരുന്നു…..

വീട്ടിൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ അവർക്കും ദേഷ്യം വന്നു അവരും രണ്ടു വാക്ക് പറയാൻ എന്ന് പറഞ്ഞ് ഇറങ്ങി അവരെ തടഞ്ഞത് ഞാനാണ് ഒന്നുമറിയാത്ത അച്ഛനെയും അമ്മയെയും പോയി ചീത്ത വിളിച്ചിട്ട് എന്താണ് കാര്യം…

ഒന്നാമത് അവൾ മകൾ പോയതിന്റെ വിഷമത്തിലും നാണക്കേടിലും ആവും ഇനി കൂടുതൽ അവരെ തളർത്തേണ്ട എന്ന് ഞാൻ പറഞ്ഞു…

ജനിച്ചവരോട് ഒക്കെയും ഈ കല്യാണം നടക്കില്ല എന്ന് പറഞ്ഞു… ചിലർ സഹധപച്ചു ചിലർ പരിഹസിച്ചു ഒന്നും കണ്ടില്ല എന്ന് നടിച്ചു…

അതേ മുഹൂർത്തത്തിൽ മറ്റൊരു പെണ്ണിനെ റെഡിയാക്കി കല്യാണം കഴിക്കുന്നത് കഥകളിലും സിനിമകളിലും ഒക്കെയല്ലേ നടക്കൂ ജീവിതത്തിൽ അതൊന്നും നടക്കില്ലല്ലോ…

ഏറെ മോഹങ്ങളുമായി വന്നതായിരുന്നു ഇത്തവണ ലീവിന് ലീവ് ക്യാൻസൽ ചെയ്ത് തിരികെ പോകുമ്പോൾ എന്തോ നെഞ്ചിൽ വലിയ ഭാരം എടുത്തുവച്ചതുപോലെ….

പിന്നെ ഒരു അഞ്ചെട്ട് മാസം കഴിഞ്ഞ് ആണ് നാട്ടിലേക്ക് ലീവ് എടുത്ത് ചെന്നത്…

അവിടെ ഞങ്ങളുടെ തൊട്ടപ്പുറത്തെ പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു…

അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു അവരുടെ പീഡനം സഹിച്ചു കഴിയുന്ന ഒരു പാവം അവളുടെ അച്ഛനും കൂടി മരിച്ചു എന്ന് അമ്മ പറഞ്ഞു

അതോടെ അവളുടെ ഗതി ആകെ അവതാളത്തിൽ ആയത് ഭക്ഷണം പോലും കൊടുക്കാതെ ആ സ്ത്രീ അവളെ ഉപദ്രവിക്കും എന്ന്..

“””” അമ്മേ നമുക്ക് അവളെ ഇങ്ങോട്ട് കൂട്ടിയാലോ എന്ന് ഞാൻ വെറുതെ അമ്മയോട് ചോദിച്ചു….

“”” അത് ശരിയാവുമോ എന്ന് അമ്മ ആശങ്ക പ്രകടിപ്പിച്ചു പക്ഷേ സാവധാനം അമ്മയും സമ്മതിച്ചു…

സ്ത്രീധനം ഒന്നും വേണ്ട അവളെ മാത്രം മതി എന്ന് പറഞ്ഞപ്പോൾ അവർക്ക് പൂർണസമതം ആയിരുന്നു എങ്ങനെയെങ്കിലും അവളെ ഒന്ന് തലയിൽ നിന്ന് ഒഴിവാക്കാനായിരുന്നു അവരുടെ പ്ലാൻ

അങ്ങനെ ഞങ്ങൾ അവളെ ഇങ്ങോട്ട് കൊണ്ടുവന്നു എന്റെ ഭാര്യയായി എന്റെ അമ്മയ്ക്ക് ഒരു മകളായി…

സ്നേഹം ജീവിതത്തിൽ ഒരുപാട് കിട്ടാത്തത് കൊണ്ടാണെന്ന് തോന്നുന്നു അവൾ ഞങ്ങളെ അത്രയും സ്നേഹിച്ചു….

അപ്പോ അമ്മ പറയുന്നത് കേട്ടു, മറ്റേ വിവാഹം നടക്കാഞ്ഞത് നന്നായി… അല്ലെങ്കിൽ ഈ പൊന്നുമോളെ ഞങ്ങൾക്ക് കിട്ടുമായിരുന്നുവോ എന്ന്…..

Leave a Reply

Your email address will not be published. Required fields are marked *