(രചന: J. K)
“”സാരല്ല്യ ഏടത്തി.. ആൾക്കും വേണ്ടേ ഒരു ജീവിതം “””
അങ്ങനെയാണ് താൻ അന്ന് പറഞ്ഞത്.. ഏടത്തി ഒരുപാട് തവണ പറഞ്ഞതാണ് ഈ വിവാഹം വേണ്ട പ്രിയ മോളെ ഇത് കഴിഞ്ഞാൽ നീ ബുദ്ധിമുട്ടും എന്നൊക്കെ… ഒന്നും കേട്ടില്ല..
അന്ന് മുഴുവൻ അയാളോടുള്ള ദയയായിരുന്നു.. വരും വരായ്കകൾ ഒന്നും ചിന്തിക്കാതെ ഉള്ള ഒരെടുത്തു ചാട്ടം…
നാട്ടിലെ വലിയ ഒരു തറവാടായിരുന്നു പുതിയേടത്ത്.. തലമുറകൾ ആയി ജന്മികൾ…
ഒടുവിൽ എല്ലാം ശ്രീധരൻ മാഷിലേക്കും ഭാമ ടീച്ചറിലേക്കും എത്തി..
ഇട്ടു മൂടാൻ പണം ഉണ്ട്.. പക്ഷേ ഒരു കുഞ്ഞിനെ നൽകി ദൈവം അവരെ കാടാക്ഷിച്ചില്ല….
പ്രാർത്ഥനയും കണ്ണീരുമായി ടീച്ചർ കഴിഞ്ഞു.. ഒടുവിൽ ആ വീടിനെ ഒരു സ്വർഗം ആക്കി ആ വാർത്ത എത്തി..
ഭാമ ടീച്ചറിന്റെ ഉള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ട് എന്ന്..
നിലത്തൊന്നും ആയിരുന്നില്ല പിന്നെ..
ആഘോഷമായിരുന്നു ഉത്സവമായിരുന്നു…
ഏഴാം മാസത്തെ ചെക് അപ്പിൽ നിർമല ഡോക്ടർക്ക് തോന്നിയ ഒരു സംശയം.. അതാണ് വിശദമായി ചെക്ക് ചെയ്യാൻ അവരെ പറഞ്ഞു വിട്ടത്..
ഡോക്ടറുടെ ഊഹം ശരിയായിരുന്നു….
വൈകി കിട്ടിയ കുഞ്ഞിന് കാലിനു ശേഷിയില്ല…
ലോകം നിലച്ചു പോകുന്നത് പോലെ തോന്നി മാഷിനും ടീച്ചർക്കും… എങ്കിലും മാഷ് ടീച്ചറിനെ ആശ്വസിപ്പിച്ചു ഒന്നും ഇല്ലാതിരിക്കുന്നതിനേക്കാൾ ഭേദമല്ലേ ഇങ്ങനെ ഒരു കുഞ്ഞ് എന്ന്…
ടീച്ചറിന്റെയും ആശ്വാസം അതായിരുന്നു എങ്ങനെയെങ്കിലും ഒരു കുഞ്ഞ്..
ശ്രീരാഗ് “””” അവൻ ജനിച്ചു.. ഓമനത്തുമുള്ള ഒരു കുഞ്ഞ്… പക്ഷേ കാലിന് സ്വാധീനശേഷി ഇല്ല എന്ന ഒരു കുറവ് മാത്രം…
മാഷും ടീച്ചറും അവന്റെ ചലിക്കാത്ത കാലുകൾ ആയി മാറി… താഴത്തും തറയിലും വയ്ക്കാതെ അവരവനെ കൊണ്ടുനടന്നു…
പഠിക്കാൻ ഒക്കെ മിടുക്കൻ ആയിരുന്നു അവൻ… പക്ഷേ ബാല്യം വീൽചെയറിൽ തള്ളിനീക്കാൻ ആയിരുന്നു വിധി…
ആദ്യമേ തങ്ങളിൽ നിന്ന് വ്യത്യസ്തനായ ഒരു കുഞ്ഞിനെ കണ്ടതും എല്ലാവരും കളിയാക്കാൻ തുടങ്ങിയിരുന്നു അത് അവന്റെ കുഞ്ഞുമനസിനെ വല്ലാതെ ബാധിച്ചു അതുകൊണ്ടുതന്നെ ഒരൊറ്റ കൂട്ടുകാർ പോലും ശ്രീരാഗിന് ഉണ്ടായിരുന്നില്ല….
ക്രമേണ സ്കൂളിൽ പോകുന്നത് തന്നെ അവന് വെറുപ്പ് ആവാൻ തുടങ്ങി.. മറ്റുള്ളവരുടെ കളിയാക്കൽ സഹിക്കാൻ വയ്യാതായി അപ്പോഴും കൂടെ നിന്നത് മാഷും ടീച്ചറും മാത്രമായിരുന്നു..
ഒപ്പം സ്കൂളിലെ എല്ലാ ടീച്ചേഴ്സിനും അവൻ വളരെ പ്രിയപ്പെട്ടവനായിരുന്നു അത്രമേൽ നന്നായി അവർ പറഞ്ഞു കൊടുത്ത പാഠങ്ങൾ അവൻ പഠിച്ചു…
ശാരീരിക ബുദ്ധിമുട്ടുള്ള ഒരുവൻ ഞങ്ങളെക്കാൾ മുന്നിൽ എത്തുന്നത് കണ്ടത് കൊണ്ടാവണം മറ്റുള്ളവർക്ക് അതൊരു അസൂയയായി രൂപപ്പെട്ടത് അവരവനെ കളിയാക്കൽ കൊണ്ട് തളർത്തിയിടാൻ ശ്രമിച്ചത്….
എന്തൊക്കെയുണ്ട് എങ്കിലും സ്വന്തം കാര്യത്തിനു ഒന്ന് എണീക്കാൻ പോലും ആവില്ലല്ലോ എന്ന് പറഞ്ഞവർ വല്ലാതെ അവനെ തളർത്തി…..
അവന്റെ മനസ്സ് വല്ലാത്തൊരു രീതിയിൽ രൂപപ്പെട്ടു.. സ്വാതന്ത്ര്യമായി നടന്നു തങ്ങളുടെ കാര്യങ്ങൾ ചെയ്യുന്നവരോടൊക്കെ ഒരുതരം വല്ലാത്ത പക അവന്റെ ഉള്ളിൽ ഉടലെടുത്തു..
എന്നിട്ടും പീജി ചെയ്തു അവൻ… ബീയഡ് പാസ്സായി…. അച്ഛൻ പഠിപ്പിച്ചിരുന്ന സ്കൂളിൽ അധ്യാപകനായി ജോലി നേടി…
വീടിനു തൊട്ടരികിൽ ഉള്ള സ്കൂൾ.. എല്ലാ സൗകര്യങ്ങളോടുകൂടിയ ഒരു വീൽചെയർ കൂടി വാങ്ങിയതോടുകൂടി സ്വതന്ത്രമായി അവന് ചലിക്കാം എന്നായി…
പിന്നെ ടീച്ചറുടെയും മാഷിന്റെയും മുന്നിലുള്ള സമസ്യ അതായിരുന്നു അവന്റെ വിവാഹം..
ഇങ്ങനെ ഒരാളെ വിവാഹം കഴിക്കാൻ ഒരു പെൺകുട്ടികളും തയ്യാറാവില്ല..
അപ്പോഴാണ് ടീച്ചർ പറഞ്ഞത് പാവപ്പെട്ട വല്ല വീട്ടിലേയും പെൺകുട്ടികളെ നോക്കാമെന്ന്….
മാഷ് അതിനു പകരമായി ചോദിച്ചു, അവർക്ക് ആഗ്രഹങ്ങളും മോഹങ്ങളും ഒന്നും കാണില്ലേ???എന്ന്..
ടീച്ചർക്ക് അതിനു മറുപടിയുണ്ടായിരുന്നില്ല മകന്റെ കാര്യത്തിൽ അല്ലെങ്കിലും അമ്മമാർ സ്വാർത്ഥരാകുമല്ലോ….
ടീച്ചറെ കൂടുതൽ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് മാഷ് കുറെ ബ്രോക്കർമാരോട് പറഞ്ഞു കുറെ ഇടങ്ങളിൽ മകനായി പെണ്ണ് അന്വേഷിച്ചത്….
ഒടുവിലാണ് പ്രിയ എന്നൊരു പാവപ്പെട്ട പെൺകുട്ടിയുടെ വീട്ടിലും ഈ കല്യാണ ആലോചന എത്തിയത്…
സാധാരണ പെണ്ണ് കാണാൻ പെണ്ണിന്റെ വീട്ടിലേക്ക് ചെല്ലുന്നതിനു പകരം അവളെയും കൊണ്ട് ശ്രീരാഗിനെ കാണാൻ വേണ്ടി വീട്ടുകാർ ഇങ്ങോട്ട് വരികയായിരുന്നു..
അവൾക്ക് ഇഷ്ടമായി…
വിവാഹത്തിന് സമ്മതമാണ് എന്ന് പറഞ്ഞു…
പലരും അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി പക്ഷേ അവൾ അവളുടെ അഭിപ്രായത്തിൽ ഉറച്ചുനിന്നു അയാൾക്കും വേണ്ടേ ഒരു ജീവിതം എന്നായിരുന്നു അവളുടെ ന്യായം…
കൂടുതൽ വൈകിക്കാതെ ആ വിവാഹം നടന്നു…
പക്ഷേ അതിനുശേഷം ആണ് പ്രിയ യഥാർത്ഥത്തിൽ ശ്രീരാഗിന്റെ സ്വഭാവം മനസ്സിലാക്കുന്നത്… ചെറുപ്പത്തിൽ ഉണ്ടായ തിക്താനുഭവങ്ങൾ ആവാം അയാളെ ഇത്രമേൽ മാറ്റിയെടുത്തത്…
എങ്ങോട്ടും തിരിയാൻ പാടില്ല.. അവൾ ചെയ്യുന്നതൊക്കെ അയാൾക്ക് കുറ്റം…
പോരാത്തതിന് വല്ലാത്ത സംശയരോഗവും…
“”” കിടപ്പു രോഗിയോട് തോന്നിയ ദയ അല്ലെടീ നിന്റെ കഴുത്തിൽ ഇപ്പോൾ എന്റെ താലി കിടക്കാൻ കാരണം എന്ന് കൂടെക്കൂടെ അയാൾ പറയുമായിരുന്നു..
ഒരുതരം ദുരഭിമാനം…
അവൾ പണം കണ്ടിട്ട് കല്യാണത്തിന് സമ്മതിച്ചതാണ് എന്നോ അല്ലെങ്കിൽ, അയാളെ ചതിച്ച് അവൾ ഒരു ദിവസം അവിടെ നിന്നും ഓടിപ്പോകും എന്നോ ഒക്കെയായിരുന്നു അയാൾ മനസ്സിൽ കരുതി വച്ചിരിക്കുന്നത്….
പ്രിയ അയാളെ ഒരുപാട് തിരുത്താൻ നോക്കി പക്ഷേ അത് അവൾക്ക് കഴിയുമായിരുന്നില്ല..
അയാളെ ആ അവസ്ഥയിൽ ഇട്ടിട്ട് പോകാനും തോന്നിയില്ല…
ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയായി അവളുടേത്…
കുറെയൊക്കെ അയാളുടെ പാട്ടിന് തുള്ളി കൊടുത്തു..
എങ്ങോട്ടും പോകാതെ അയാളോടൊപ്പം തന്നെ അവിടെ കഴിച്ചുകൂട്ടി… അപ്പോഴും വേറെ ഓരോ കാരണങ്ങൾ പറഞ്ഞ് അയാൾ കുറ്റപ്പെടുത്താൻ തുടങ്ങും….
ഒടുവിൽ സഹികെട്ടിട്ടാണ് അവൾ വീട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞത്…
അതോടെ അയാൾ അക്രമാസക്തനാവാൻ തുടങ്ങി.. അവൾക്കായി ഏതോ പൂർവ കാമുകൻ കാത്തിരിക്കുകയാണ് അയാളോട് ഒന്നിച്ചു ജീവിക്കാനാണ് പോകുന്നത് എന്നായിരുന്നു അയാളുടെ ഭാഷ്യം…
നീ പോകില്ല അതിനു മുന്നേ ഞാൻ നിന്നെ കൊല്ലും എന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു…
അതോടെ അവൾ ആ പടിയിറങ്ങാൻ തീരുമാനിച്ചു…
“”” മകനെ നല്ലൊരു ഡോക്ടറിന്റെ അടുത്ത് കൊണ്ടുപോയി ചികിത്സിക്കു… എല്ലാം ശരിയായാൽ ഞാൻ വരാം അതുവരേക്കും ഞാൻ കാത്തിരിക്കുന്നുണ്ടാകും.. എത്ര താമസിച്ചാലും….
കാരണം ആ മനുഷ്യനെ എന്നോ ഞാൻ സ്നേഹിച്ചു പോയി…. “”””
എന്ന് ടീച്ചറിനോടും മാഷിനോടുമായി പറഞ്ഞ് ആ പടിയിറങ്ങി….
ചിലരോട് നമ്മൾ എത്ര ദയ കാണിച്ചാലും തിരിച്ചു കിട്ടുന്നത് വല്ലാത്ത മുറിവുകൾ ആയിരിക്കും.. അത്തരക്കാർ അത് അർഹിക്കുന്നില്ല എന്ന് തന്നെ വേണം നമ്മൾ മനസ്സിലാക്കാൻ അത് ആര് തന്നെയായാലും…
വീണ്ടും ആ തോന്നിയ ദയയുടെ പേരിൽ കടിച്ചു തൂങ്ങി നിൽക്കാൻ നോക്കിയാൽ നഷ്ടം മാത്രമേ അവസാനം ബാക്കി കാണൂ…