” കാര്യം മുഴുവൻ കേൾക്കാതെ നീ അവിടെ പോയി പ്രതികരിച്ചാൽ നീ തന്നെയായിരിക്കും അവരുടെ ഇരയാകുന്നത്.. ഞാൻ പറയുന്നത് നീ മുഴുവനായിട്ടും കേൾക്ക്.. “

(രചന: ശ്രുതി)

” വയസ്സുകാലത്ത് പ്രണയം പോലും.. ഇതൊന്നും പ്രണയം അല്ല.. ഇതിനൊക്കെ പേര് വേറെയാ.. ”

ആളുകൾ അടക്കം പറയുന്നത് കേട്ടു. പക്ഷെ.. അത് ആരെ കുറിച്ചാണെന്ന് മാത്രം എനിക്ക് മനസ്സിലാവില്ല..

പലരും തന്നെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ട്. പല കണ്ണുകളിലും തന്നോടുള്ള ഭാവം എന്താണെന്ന് പോലും മനസ്സിലാവുന്നില്ല..!

വീണ എല്ലാവരെയും ഒന്ന് നോക്കി.

പലരും പലതും പറയുന്നുണ്ടെങ്കിലും ആരെയാണ് ഉദ്ദേശിക്കുന്നതെന്നും എന്ത് കാര്യമാണ് പറയുന്നതെന്ന് മനസ്സിലാവാത്തത് കൊണ്ട് അവൾ വീണ്ടും ഫോണിലേക്ക് ശ്രദ്ധ തിരിച്ചു.

അതേ സമയത്ത് തന്നെയാണ് അവളുടെ സുഹൃത്ത് ഗീതു അവിടേക്ക് വരുന്നത്. ചുറ്റും നടക്കുന്ന സംസാരങ്ങളൊക്കെയും അവളും കേട്ടിരുന്നു.

അവൾ പെട്ടെന്ന് തന്നെ വീണയെ നോക്കി. പക്ഷേ അവൾ ഇതൊന്നുമറിയാതെ മറ്റൊരു ലോകത്താണ് എന്ന് ഗീതുവിന് തോന്നി.

ഒരുതരത്തിൽ ആലോചിച്ചാൽ അതു തന്നെയാണ് നല്ലതും..! അവൾ ചിന്തിച്ചു.

” വീണേ.. ”

വീണയുടെ അടുത്തേക്ക് ചെന്നിരുന്നു കൊണ്ട് ഗീതു വിളിച്ചു.

” നീ എത്തിയോ..? ഇനിയും നീ വന്നില്ലെങ്കിൽ നിന്നെ തിരക്കി വീട്ടിലേക്കു വരാം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. എന്താ ലേറ്റ് ആയത്..?”

വീണ ചോദിച്ചപ്പോൾ ഗീതു പുഞ്ചിരിച്ചു.

” ഞാൻ നേരത്തെ ഇറങ്ങിയതാ..വരുന്ന വഴിക്ക് ഞാൻ നമ്മുടെ മനുവിനെ കണ്ടിരുന്നു. അവനോട് സംസാരിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല.”

ഗീതു പറഞ്ഞപ്പോൾ വീണ തലയാട്ടി.

” നീ വന്നു കഴിയുമ്പോൾ നിന്നോട് ഒരു കാര്യം ചോദിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. ”

വീണ പെട്ടെന്ന് ഓർത്തത് പോലെ പറഞ്ഞപ്പോൾ ഗീതു ഒന്ന് പതറി.

” എന്താടി..? ”

ഗീത ചോദിച്ചപ്പോൾ വീണ ചുറ്റും നിൽക്കുന്നവരെ ഒന്ന് പാളി നോക്കി. പലരും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവൾക്ക് മനസ്സിലായി.

‘ ഇവരൊക്കെ കുറേ നേരമായി ആരെയോ കുറിച്ച് സംസാരിക്കുന്നുണ്ട്.. ഇവിടെ എന്താ സംഭവം..? ”

കാര്യം അറിയാനുള്ള ആകാംക്ഷയോടെ അവൾ ചോദിച്ചത് കേട്ടപ്പോൾ ഗീതുവിന് ആകെ ഒരു വല്ലായ്മ തോന്നി.

ഇവളോട് എന്തു പറഞ്ഞു മനസ്സിലാക്കും..?

ആ ഒരു ചിന്തയോടെ ഗീതു മൗനം പാലിച്ചു. പക്ഷേ വീണ വിട്ടു കളയാൻ ഭാവമില്ലായിരുന്നു.

” പറയടി.. ഞാൻ കുറെ നാളായിട്ട് ഇവിടെ ഇല്ലല്ലോ. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും ഞാൻ അറിയുന്നതു കൂടിയില്ല.

ഇതിപ്പോൾ സേം ബ്രേക്ക്‌ ആയതു കൊണ്ടാണ് ഇത്ര ദിവസം അടുപ്പിച്ച് അവധി കിട്ടിയത് തന്നെ. ഇനിയിപ്പോൾ ഇങ്ങനെ ഒരു അവധി കിട്ടിയില്ലെന്ന് തന്നെ വരും. നീ കാര്യം പറയൂ.. ”

വീണ നിർബന്ധിച്ചപ്പോൾ ഗീതു ഒരു നിമിഷം ആലോചിച്ചു.

എന്തൊക്കെയാണെങ്കിലും കാര്യങ്ങൾ ആരെങ്കിലുമൊക്കെ പറഞ്ഞ് ഇവൾ അറിയും. ചിലപ്പോൾ ആ പറയുന്ന ആള് നല്ല അർത്ഥത്തിലോ രീതിയിലോ ആകില്ല ഇവളോട് സംസാരിക്കുന്നത്.

ആ സമയത്ത് അവൾ തകർന്നു പോകും. അതിനെക്കാൾ എത്രയോ നല്ലതാണ് അവളുടെ ആത്മാർത്ഥ സുഹൃത്തായ ഞാൻ അതിനെക്കുറിച്ച് സംസാരിക്കുന്നത്..!

അത്രയും ചിന്തിച്ചു കൊണ്ട് ഗീതു ഒന്ന് ദീർഘനിശ്വാസം ഉതിർത്തു.

” പറയാനാണെങ്കിൽ കുറച്ച് അധികം കാര്യങ്ങൾ പറയാനുണ്ട്. നമുക്ക് ഇവിടെ നിന്ന് കുറച്ചു മാറി നിൽക്കാം.. ”

ഗീതു അങ്ങനെ പറഞ്ഞപ്പോൾ തന്നെ എന്തോ സീരിയസ് ആയ കാര്യമാണ് അവൾക്ക് സംസാരിക്കാൻ ഉള്ളത് എന്ന് വീണ ഉറപ്പിച്ചിരുന്നു.

കൂടുതൽ തടസ്സവാദങ്ങൾ ഒന്നുമില്ലാതെ വീണ ഗീതുവിനോടൊപ്പം കുറച്ചു മാറി നിന്നു.

” എടീ ഇവർ സംസാരിക്കുന്നത് മുഴുവൻ നിന്റെ അമ്മയെ കുറിച്ചാണ്..”

കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം അവളുടെ മുഖത്ത് പോലും നോക്കാതെയാണ് ഗീതു അത് പറഞ്ഞത്. പക്ഷേ അത് കേട്ട് വീണയുടെ മുഖം ചുവന്നു.

” ആരെക്കുറിച്ചും എന്ത്‌ അനാവശ്യവും പറയാം എന്നാണോ ഈ നാട്ടുകാർ കരുതി വെച്ചിരിക്കുന്നത്..?

എന്റെ അച്ഛൻ മരിച്ചതിനു ശേഷം എന്നെ വളർത്തി ഈ ഒരു അവസ്ഥയിലേക്ക് എത്തിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനിടയിൽ സ്വന്തം ജീവിതത്തെക്കുറിച്ച് പോലും ചിന്തിക്കാത്ത ഒരാളാണ് എന്റെ അമ്മ.

അങ്ങനെയുള്ള എന്റെ അമ്മയെ കുറിച്ചാണ് നാട്ടുകാർ ഇങ്ങനെ ഓരോന്നും പറയുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ കാണുമ്പോൾ പലർക്കും ഉള്ളതാണല്ലോ ഇങ്ങനെയുള്ള വർത്തമാനങ്ങൾ..!”

ദേഷ്യം അടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു വീണ.

“എന്തായാലും ഇവന്മാരുടെ അസുഖം ഞാൻ ഇന്ന് തന്നെ തീർത്തു കൊടുക്കുന്നുണ്ട്..”

ദേഷ്യത്തോടെ വീണ ബസ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഗീതു അവളുടെ കൈയിലേക്ക് കടന്നു പിടിച്ചു.

” കാര്യം മുഴുവൻ കേൾക്കാതെ നീ അവിടെ പോയി പ്രതികരിച്ചാൽ നീ തന്നെയായിരിക്കും അവരുടെ ഇരയാകുന്നത്.. ഞാൻ പറയുന്നത് നീ മുഴുവനായിട്ടും കേൾക്ക്.. ”

ഗീതു ഗൗരവത്തോടെ പറഞ്ഞപ്പോൾ അതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് ആലോചിക്കുകയായിരുന്നു വീണ.

” നാട്ടുകാർ വെറുതെ ഓരോന്നു പറഞ്ഞു ഉണ്ടാക്കുന്നതല്ല. അതിൽ എവിടെയൊക്കെയോ ഒരു സത്യമുണ്ട്.. ”

ഗീതു ഉറപ്പിച്ചു പറഞ്ഞപ്പോൾ വീണ അവിശ്വസനീയതയോടെ അവളെ നോക്കി.

“എന്താടി നീ പറയുന്നത്..?”

അമ്പരപ്പോടെയാണ് വീണ അത് ചോദിച്ചത്.

” സത്യമാണ്.. നിന്റെ അമ്മയ്ക്ക് ഒരു പ്രണയമുണ്ട്. പലപ്പോഴും അവരെ ഒന്നിച്ച് ഞാൻ കണ്ടിട്ടുണ്ട്. ആളാരാണെന്ന് അറിയാമോ..? നിന്റെ അമ്മ ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിന്റെ മുതലാളിയാണ്.”

ഗീതു ഉറപ്പിച്ചു പറഞ്ഞിട്ടും വീണ അത് വിശ്വസിക്കാൻ തയ്യാറായില്ല.

“എനിക്ക് അങ്ങനെ തോന്നുന്നില്ല. ഒരുപക്ഷേ അയാളോട് അമ്മയ്ക്ക് സൗഹൃദം ആയിരിക്കാം. അല്ലാതെ ഒരു പ്രണയം ഒരിക്കലും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.”

വീണയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു ആ കാര്യത്തിൽ.

” നീ നിന്റെ അമ്മയെ ശ്രദ്ധിച്ചിട്ടുണ്ടോ..? കഴിഞ്ഞ തവണ നീ ഇവിടെ വന്നു പോയപ്പോൾ കണ്ട അമ്മ തന്നെയാണോ ഇപ്പോഴും ഉള്ളത്..?

അമ്മയിൽ പ്രകടമായ വ്യത്യാസങ്ങൾ തന്നെ കാണാനുണ്ട്. അയാൾ രണ്ടുമൂന്നു തവണ നിന്റെ വീട്ടിൽ വന്നു പോകുന്നത് ഞാൻ കണ്ടതാണ്.

അയാളെ കാണുമ്പോൾ നിന്റെ അമ്മയുടെ കണ്ണിലുള്ള തിളക്കവും ചുണ്ടിലുള്ള പുഞ്ചിരിയും ഒക്കെ തന്നെ മതി അവർ തമ്മിലുള്ള ബന്ധം എന്താണെന്ന് മനസ്സിലാക്കാൻ..!”

ഗീതു പറഞ്ഞപ്പോൾ വീണ അതിനെക്കുറിച്ച് ചിന്തിച്ചു. അവൾ പറഞ്ഞത് ശരിയാണ് അമ്മയിൽ പ്രകടമായ മാറ്റങ്ങൾ തന്നെ കാണാനുണ്ട്.

നല്ല ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ഒരുപാട് മേക്കപ്പ് ചെയ്യുന്നതും ഒക്കെ അമ്മയുടെ ശീലമായി മാറിയിട്ടുണ്ട്. കഴിഞ്ഞ തവണ ഞാൻ കാണുമ്പോൾ അമ്മ അങ്ങനെ ആയിരുന്നില്ല.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എങ്ങനെ പ്രതികരിക്കണമെന്നും അമ്മയോട് എന്ത് ചോദിക്കണം എന്നോ പോലും അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല.

കുറെയധികം സമയം അവൾ ആരോടും ഒന്നും മിണ്ടാതെ ആ ഇടവഴി ഓരത്ത് നിന്നു.

പിന്നെ എന്തൊക്കെയോ ആലോചിച്ചു ഉറപ്പിച്ച് അവൾ ഒരു തീരുമാനമെടുത്തു. അതും കൊണ്ട് തന്നെയായിരുന്നു അവൾ വീട്ടിലേക്ക് പോയത്.

വീട്ടിലെത്തിയപ്പോൾ തന്നെ അമ്മയെ ഉമ്മറത്ത് കണ്ടു. യാതൊരു മുഖവുരയും ഇല്ലാതെയാണ് അവൾ അമ്മയോട് പലതും ചോദിച്ചു തുടങ്ങിയത്.

” അമ്മയ്ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ..? ”

അവളുടെ ഗൗരവപൂർണ്ണമായ മുഖവും ചോദ്യവും ഒക്കെ കണ്ടപ്പോൾ തന്നെ അവൾ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട് എന്ന് അമ്മയ്ക്ക് ബോധ്യമായി. അതുകൊണ്ടുതന്നെ കൂടുതൽ ഒളിച്ചു കളിക്ക് നിൽക്കാതെ അമ്മ കാര്യങ്ങൾ തുറന്നു പറയാൻ തുടങ്ങി.

” മോള് എന്താണ് കേട്ടിരിക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ മുരളിയേട്ടനെ എനിക്കിഷ്ടമാണ്. അദ്ദേഹത്തിന് എന്നോടും താല്പര്യമുണ്ട്. അതൊരിക്കലും ശരീരം മോഹിച്ചു കൊണ്ടുള്ള താൽപര്യമല്ല.

മനസ്സുകൊണ്ട് പ്രണയിക്കപ്പെടുക എന്നത് എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്ന കാര്യമാണ്. അങ്ങനെയൊരു ആഗ്രഹമുള്ള പെണ്ണ് തന്നെയാണ് ഞാനും.

ഇപ്പോഴാണ് യഥാർത്ഥ പ്രണയവും സ്നേഹവും എന്താണെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയത്. പക്ഷേ മോള് പേടിക്കണ്ട. നിന്നെ ബുദ്ധിമുട്ടിക്കുന്ന ഒരു തീരുമാനങ്ങളും അമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല.”

അമ്മയിൽ നിന്ന് ഇത്ര പെട്ടെന്ന് ഒരു തുറന്നു പറച്ചിൽ അവൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

അതുകൊണ്ടു തന്നെ അവൾ ഒന്നു പകച്ചു. പിന്നെ അമ്മയിൽ നിന്ന് മുരളിയുടെ നമ്പർ ചോദിച്ചു വാങ്ങി.

ആ നമ്പർ ഡയൽ ചെയ്ത് ചെവിയിലേക്ക് ചേർക്കുമ്പോൾ അയാളോട് എന്ത് സംസാരിക്കണം എന്ന് വ്യക്തമായ ധാരണ അവൾക്കുണ്ടായിരുന്നു. അവൾ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി മാത്രം അമ്മ അവളോടൊപ്പം നിൽക്കുന്നുണ്ടായിരുന്നു.

“അമ്മ എന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അങ്കിളിന് അമ്മയോടുള്ള ഇഷ്ടം ആത്മാർത്ഥമാണെങ്കിൽ, എത്രയും വേഗം അമ്മയെ വിവാഹം ചെയ്യണം. നാട്ടുകാർക്ക് മുന്നിൽ അമ്മയെ ഒരു പരിഹാസപാത്രമായി ഇട്ടു കൊടുക്കാൻ എനിക്ക് താല്പര്യമില്ല.

നാളെ ഒരു സമയത്ത് ഞാൻ എന്റെ ജീവിതം നോക്കി പോകുമ്പോൾ അമ്മ ഒരിക്കലും തനിച്ചായി പോകാൻ പാടില്ല. അതിന് അമ്മയ്ക്കൊരു തുണയായി അങ്കിൾ എല്ലായിപ്പോഴും ഉണ്ടാകണം..”

അവൾ പറഞ്ഞു കഴിഞ്ഞതും മറുവശത്തു നിന്ന് ഒരു തേങ്ങൽ മാത്രമാണ് ഉയർന്നു കേട്ടത്. അയാളുടെ സന്തോഷമാണ് അത് എന്ന് ഊഹിക്കാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല.

തൊട്ടടുത്ത് അമ്മയും സന്തോഷത്തോടെ കണ്ണുനിറച്ചു നിൽക്കുന്നത് കണ്ടു. അതിൽ നിന്ന് തന്നെ താനെടുത്ത് തീരുമാനം ശരിയായിരുന്നു എന്ന് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *