(രചന: J. K)
“”അറിഞ്ഞോ രജനീ, രത്നേടെ മോളില്ലേ ശിവാനി അതിന്റെ കല്യാണം ശരിയായീത്രെ “””
ദേവു അമ്മായി അത് പറഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ല രജനി കാരണം ഇവർക്ക് ഇതു തന്നെയാണ് പണി മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ കുത്തിനോവിക്കാൻ പറ്റുമെങ്കിൽ ആ അവസരങ്ങളൊന്നും അമ്മായി വെറുതെ കളയാറില്ല….
അതുകൊണ്ടുതന്നെ ഒന്നു മൂളി അവൾ…
“””ഇനിപ്പോ സതീശൻ എന്തെങ്കിലും കൊടുക്കേണ്ടിവരുമോ??? പറഞ്ഞുവരുമ്പോൾ അത് അവന്റെ കുഞ്ഞല്ലേ??”
ഉള്ളിൽ ഒരു തീപ്പൊരി ഇട്ടു തന്ന അമ്മായി ഫോൺ കട്ട് ചെയ്തു എന്തോ അത് കേട്ട് ആകെ ചൊറിഞ്ഞു കയറിയിരുന്നു പക്ഷേ ഒന്നും മിണ്ടിയില്ല…
കാരണം അവർ പറഞ്ഞതിലും ഇത്തിരി സത്യം ഉണ്ടായിരുന്നു…
രജനിയുടെ മിഴികൾ നീറി….ജോലി കഴിഞ്ഞ് സതീശൻ എത്തിയത് അപ്പോഴാണ്…
അവർ പരസ്പരം നേരം വണ്ണം മിണ്ടിയിട്ട് വർഷങ്ങളാകുന്നു….
രജനിയുടെ ഓർമ്മകൾ പുറകിലേക്ക് പോയി…
ഏറെ സന്തോഷകരമായ കുടുംബജീവിതം ആയിരുന്നു സതീശനുമൊത്ത് ഉണ്ടായിരുന്നത് അതിന്റെ മാറ്റ് കൂട്ടാൻ വേണ്ടി മാലാഖ പോലെ രണ്ട് കുഞ്ഞുങ്ങളും അവരുടെ കൂടെ സന്തോഷമായി കഴിയുന്നതിനിടയിൽ ആണ്…
അപ്പുറത്തെ വീട്ടിൽ പുതിയ താമസക്കാർ വരുന്നത്…. വയസ്സായ ഒരു അച്ഛനും അമ്മയും അവരുടെ രണ്ട് പെൺമക്കളും അതിൽ മൂത്തവളായിരുന്നു രത്നം..
ചൊവ്വാദോഷം കൊണ്ട്, കഴിച്ച വിവാഹം ഒഴിവായി വീട്ടിൽവന്ന് നിൽക്കുന്നവൾ…
ഇളയ മകളുടെ കല്യാണം ഉറപ്പിച്ചു വെച്ചിട്ടുണ്ട് ഇവിടെ വന്നു താമസം ആയതിനു ശേഷമാണ് അവളുടെയും കല്യാണം കഴിഞ്ഞത്…
ആാാ വീടുമായി ഞങ്ങൾ നല്ലൊരു ആത്മബന്ധം സ്ഥാപിച്ചു…അവർക്ക് എന്ത് സഹായത്തിനും ഞങ്ങളായിരുന്നു….
അവർ തിരിച്ചും ഞങ്ങളെ കുടുംബക്കാരെ പോലെ കണ്ടു… സതീഷ് ഏട്ടന് അവിടുത്തെ ആളുകൾ സ്വന്തം അമ്മയെയും അച്ഛനെയും പോലെയായിരുന്നു….
അവർ മോനേ എന്ന് മാത്രമാണ് സതി ചേട്ടനെ വിളിച്ചത് കാരണം അവർക്ക് ഒരു ആൺകുട്ടി ഉണ്ടായിരുന്നത്രെ… സൂക്കേട് വന്ന് നഷ്ടപ്പെട്ട ഒരു മകൻ.. ജീവിച്ചിരുന്നെങ്കിൽ ഈ പ്രായം ഉണ്ടായിരുന്നത്രേ…
അതുകൊണ്ടുതന്നെ സതീശന് ആ മകന്റെ സ്ഥാനത്താണ് കാണുന്നത് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം അവർ പറഞ്ഞിരുന്നു…
അങ്ങനെ മുന്നോട്ടു പോകുന്നതിനിടയിലാണ് ആരോ പറഞ്ഞത് നിന്റെ ഭർത്താവ് സതീശനും അപ്പുറത്തെ രത്നയും തമ്മിൽ എന്തോ ബന്ധം ഉണ്ട് എന്ന്..
കേട്ടപ്പോൾ എന്നോട് പറഞ്ഞ ആളോട് ദേഷ്യപ്പെടുകയാണ് ചെയ്തത്…. കാരണം അങ്ങനെയൊന്നും ഞാൻ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലായിരുന്നു…
ഇപ്പോ ഇങ്ങനെയൊക്കെ തോന്നും ഒടുവിൽ നീന്റെ ജീവിതം കൈവിട്ടു പോകുമ്പോൾ കിടന്നു കരഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല എന്ന് പറഞ്ഞ് അവർ എന്നിൽ വിഷം കുത്തി വച്ചു…
പക്ഷേ പിന്നീട് ഒരു കരടായി അത് മനസ്സിൽ കിടന്നിരുന്നു…. ആരെയും അറിയിച്ചിരുന്നില്ല…
അന്നുമുതൽ അപ്പുറത്തെ വീട്ടിലെ രത്നയുടെ ഓരോ പെരുമാറ്റങ്ങളും എന്നിൽ സംശയം ഉണർത്തി… സതീഷേട്ടൻ അവർക്ക് വേണ്ടി ഓരോന്ന് ചെയ്തു കൊടുക്കുന്നത് ഇതിന്റെ പേരിൽ ആണ് എന്ന് ഞാൻ സംശയിച്ചു….
രത്നയുടെയും സതീഷേട്ടൻറെയും മനസ്സ് ശുദ്ധം ആയിരുന്നു… അവർ തമ്മിൽ അരുതാത്ത യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല പക്ഷേ എനിക്ക് എന്റെ മനസ്സിൽ വീണ കരട് കാരണം ആ ബന്ധത്തിന്റെ നന്മ തിരിച്ചറിയാൻ കഴിഞ്ഞില്ല….
ഒരിക്കൽ സതീഷ് ചേട്ടന്റെ ബൈക്കിനു പിന്നിൽ രത്നം വന്നിറങ്ങുന്നത് കണ്ടപ്പോൾ നിയന്ത്രണംവിട്ട ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി… മുഖമടച്ച് ഒരു അടി ആയിരുന്നു സതീഷ് ചേട്ടന്റെ മറുപടി…
പിന്നെ അവരുമായി ഒരു രീതിയിലും സഹകരിക്കാൻ ഞാൻ ആരെയും അനുവദിചില്ല..
സ്നേഹത്തോടെ കഴിഞ്ഞിരുന്നവർ ഇപ്പോൾ ബദ്ധ ശത്രുക്കൾ ആയി… അവരുടെ കുറ്റം മാത്രംകണ്ടുപിടിക്കാൻ തുടങ്ങി…
രത്‌നയെ കുറിച്ച് ആവും പോലെ എല്ലാം ദുഷിച്ചു പറഞ്ഞു… ഒരുപാട് കല്യാണാലോചനകൾ വന്നിരുന്നു അവിടെ അവൾക്ക് ഒന്നിനും സമ്മതിക്കാതെ അവൾ നിൽക്കുന്നത് എന്റെ സതീഷ് ഏട്ടനെ കണ്ടിട്ടാണ് എന്ന് വരെ പറഞ്ഞു…
നാട്ടുകാരും കൂടി എന്റെ കൂടെ കൂടിയപ്പോൾ, എനിക്ക് ധൈര്യമായി…
ഒരു ദിവസം സതീഷേട്ടൻ കുടിച്ച് വീട്ടിൽ വന്ന് എന്നോട് കുട്ടികളെ പിടിച്ച് ആണയിട്ടു പറഞ്ഞു ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന്….
എന്റെ പ്രവർത്തികളും ചെയ്തികളും ആ മനസ്സിൽ എത്രത്തോളം ആഘാതം സൃഷ്ടിക്കുന്നുണ്ട് എന്ന് എനിക്ക് അപ്പോൾ മനസ്സിലായിരുന്നു….
അപ്പോഴേക്കും എല്ലാം നാട്ടുകാർ ഏറ്റെടുത്തുകഴിഞ്ഞു അവർ ഇല്ലാത്ത ബന്ധം ആരോപിച്ചു അവർ തമ്മിൽ ഒടുവിൽ സഹികെട്ടാണ് വന്ന കല്യാണം ആലോചനക്ക് അവൾ സമ്മതം പറഞ്ഞത്
ഇതുവരെയും അവള് കല്യാണാലോചന വേണ്ട എന്ന് പറഞ്ഞു ഇരിക്കുകയായിരുന്നു…..
ആദ്യ വിവാഹ ആലോചന കയ്പേറിയ അനുഭവങ്ങൾ തന്നെയായിരുന്നു കാരണം….
അതോടെ ഞാനത് വിട്ടു.. പക്ഷേ സതീഷ് ചേട്ടന്റെ മനസ്സിൽ അതൊരു കരടായി തന്നെ കിടന്നു എന്നോട് മിണ്ടിയില്ല അതിനുശേഷം ഞങ്ങളുടെ വീട് ശരിക്കും നരകമായി മാറി …
അവൾ കല്യാണം കഴിഞ്ഞ് പോയിട്ടും യാതൊരു സ്വര്യവും ഉണ്ടായിരുന്നില്ല….
ആദ്യത്തെ മാസം കഴിഞ്ഞപ്പോൾ തന്നെ അവൾ ഗർഭിണിയായി എന്നത് നാട്ടുകാർ വേറെ രീതിയിൽ എടുത്തു സതീശന്റെ കുഞ്ഞ് ആണ് അത് എന്ന് ആരൊക്കെയോ പറഞ്ഞു ഉണ്ടാക്കി അതോടെ രത്നയുടെയും ജീവിതം നശിച്ചു…
അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചു…
ഇതിനെല്ലാം കാരണക്കാരി ഞാൻ ആണ് എന്ന് പറഞ്ഞ് സതീഷേട്ടൻ എന്നെ വെറുക്കാൻ തുടങ്ങി…രത്ന തിരികെ വീട്ടിലെത്തിയപ്പോൾ പിന്നെ അവിടെ അവർ നിന്നില്ല…. വീട് കിട്ടിയ പൈസക്ക് കൊടുത്തു മറ്റെങ്ങോ താമസം മാറിപ്പോയി…
പക്ഷേ ഞങ്ങളുടെ ജീവിതം താറുമാറായി തന്നെ തുടർന്നു..
പരസ്പരം മിണ്ടാട്ടമില്ലാതെ.. കുഞ്ഞുങ്ങളുടെ കാര്യം എന്തെങ്കിലും ഉണ്ടെങ്കിൽ പറയും എന്നല്ലാതെ ഞങ്ങൾ തമ്മിൽ മറ്റൊരു വിധത്തിലുള്ള ബന്ധമുണ്ടായിരുന്നില്ല..
എല്ലാം എന്റെ പൊട്ട ബുദ്ധി കാരണം ആണെന്ന് ഓർത്ത് ഞാൻ എപ്പോഴും സങ്കടപ്പെട്ടു കാരണം ആരെങ്കിലും പറയുന്നത് കേട്ട് അവരെ സംശയിക്കേണ്ട യാതൊരു കാര്യവും എനിക്കില്ലായിരുന്നു….
പിന്നീട് പലരും എന്നോട് വന്ന് പറഞ്ഞതാണ് കുഞ്ഞ് സതീശന്റെ ആണെന്ന്…..
അല്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു കാരണം വൈകിയിട്ടാണെങ്കിലും എനിക്ക് അവരുടെ ബന്ധത്തിന്റെ ശുദ്ധി മനസ്സിലായിരുന്നു….
രത്നം മകളുടെ കല്യാണം ക്ഷണിക്കാൻ വേണ്ടി മകളെയും കൂട്ടി വന്നപ്പോൾ എന്റെ മുഖത്ത് നോക്കാൻ അവൾക്കു മടി ആയിരുന്നു ഞാൻ അവളെ വിളിച്ചു…
ഇപ്പോഴും ചേച്ചി നാട്ടുകാർ പറയുന്നത് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചു,
മാപ്പ് എന്ന് മാത്രമേ എനിക്ക് പറയാൻ കഴിഞ്ഞുള്ളൂ.. എന്റെ പൊട്ട ബുദ്ധി കാരണം നശിച്ചത് എന്റെ ജീവിതത്തോടൊപ്പം അവരുടേതും ആണെന്ന് എനിക്കറിയാമായിരുന്നു..
അവൾക്ക് എന്നോട് യാതൊരു വെറുപ്പും ഉണ്ടായിരുന്നില്ല ഞാനും സതീഷ് ചേട്ടനും പണ്ടത്തെപ്പോലെ സന്തോഷകരമായി ജീവിക്കണം എന്ന് മാത്രമായിരുന്നു അവളുടെ ഉള്ളിലെ ആഗ്രഹം അവളുടെ മുന്നിൽ ഞാൻ ചെറുതായി പോകുന്നത് പോലെ തോന്നി
അപ്പോഴാണ് സതീഷേട്ടൻ ജോലി കഴിഞ്ഞു വന്നത്… സതിശേട്ടനെ കണ്ടപ്പോൾ ശിവാനിക്ക് ഇതാ നിന്റെ മാമ എന്ന് പറഞ്ഞു പരിചയപ്പെടുത്തി കൊടുത്തു രത്നം….
രണ്ടാളും വിവാഹത്തിനു വരണമെന്ന് പറഞ്ഞ് ഇറങ്ങുമ്പോൾ വരാമെന്ന് ഉറപ്പു കൊടുത്തിരുന്നു ഞാൻ…
ചില നേരത്ത് നമ്മിൽ പലർക്കും പലതും ചെയ്യാൻ കഴിയും.. നമ്മുടെ വിശ്വാസങ്ങൾ കെട്ടിക്കാം മനസ്സിൽ കനൽ കോരിയിട്ട് അങ്ങനെ പലതും പക്ഷേ അതൊന്നും അപ്പടി വിഴുങ്ങിയാൽ നഷ്ടം നമുക്ക് മാത്രമായിരിക്കും..
രജനിക്ക് ഇനി ഒന്നും ചെയ്യാനില്ല അവൾ എല്ലാം ഒരിക്കൽ ചെയ്തതിന് ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് സ്വർഗ്ഗം പോലെ ഉണ്ടായിരുന്ന ജീവിതം അവളുടെ കൈ വിട്ടു പോയിരിക്കുന്നു….
ഇപ്പോൾ വെറുതെ ഭർത്താവ് ഭാര്യ എന്ന പേരിനു മാത്രമായി ജീവിക്കാൻ അവള് വിധിക്കപ്പെട്ടു. .
എന്ത് ചെയ്യുമ്പോഴും പറയുമ്പോഴും രണ്ടു വട്ടം ചിന്തിക്കുക എന്ന് പഴമക്കാർ പറയുന്നത് അതുകൊണ്ടായിരിക്കും…