“”നാളെ അജിത്തിന്റെ കല്യാണം ഉറപ്പിക്കലാ ട്ടോ… നേരത്തെ വരണേ””” എന്ന് അമ്മ ആരെയോ ക്ഷണിക്കുന്നത് കേട്ടിട്ടാണ് സുജിത്ത് വീട്ടിലേക്ക് കയറി ചെന്നത്… സ്വന്തം അനിയന്റെ വിവാഹമുറപ്പിക്കൽ ആണ് അതിനാണ് അമ്മ ആരെയോ ക്ഷണിക്കുന്നത്…

(രചന: J. K)

“”നാളെ അജിത്തിന്റെ കല്യാണം ഉറപ്പിക്കലാ ട്ടോ… നേരത്തെ വരണേ”””

എന്ന് അമ്മ ആരെയോ ക്ഷണിക്കുന്നത് കേട്ടിട്ടാണ് സുജിത്ത് വീട്ടിലേക്ക് കയറി ചെന്നത്… സ്വന്തം അനിയന്റെ വിവാഹമുറപ്പിക്കൽ ആണ് അതിനാണ് അമ്മ ആരെയോ ക്ഷണിക്കുന്നത്…

സുജിത്തിനെ കണ്ടതും അമ്മ വേഗം ഫോൺ കട്ട് ചെയ്ത്, അവന്റെ പുറകെ ചെന്നു…

“”” സുജി നീ നാളെ വരുന്നില്ല നിന്നെയും കൂട്ടി വേണം പോകാൻ എന്നാണ് അജി പറഞ്ഞത്”””

അജിത് എന്ന തന്റെ അനിയന് തന്നെ വല്ലാത്ത കാര്യമാണ് അതുകൊണ്ടാണ് അവന്റെ വിവാഹം ഉറപ്പിക്കാൻ ചേട്ടൻ ആയ ഞാൻ കൂടി വരണം എന്ന് അവൻ പറഞ്ഞു അമ്മയെ ഏൽപ്പിക്കാൻ കാരണം…..

“”‘ അവനോട് ഞാൻ പറഞ്ഞോളാം അമ്മേ. എനിക്ക് വയ്യ””

എന്നുപറഞ്ഞ് ഞാൻ മെല്ലെ മുറിയിലേക്ക് നടന്നു അമ്മയ്ക്ക് പിന്നെ ഒന്നും എന്നോട് പറയാൻ ഉണ്ടായിരുന്നില്ല…

മൂന്നു വയസ്സിന്റെ വ്യത്യാസമുണ്ട് ഞാനും അനിയനും തമ്മിൽ.. എന്നാലും തങ്ങൾ കൂട്ടുകാരെ പോലെയാണ്…

അവന് ഗവണ്മെന്റ് ജോലിയാണ് അതുകൊണ്ട് തന്നെ വേഗം കല്യാണം ശരിയായി…

അവനെക്കാൾ മുന്നേ എന്റെ വിവാഹം നടക്കാൻ അമ്മയും അച്ഛനും കിണഞ്ഞ് പരിശ്രമിക്കുന്നതാണ് പക്ഷേ ഇതുവരെയും എന്റെ വിവാഹം ശരിയായില്ല.

അല്ലെങ്കിലും വെറുമൊരു ദുബായിക്കാരന് ഇപ്പോൾ വിവാഹ കമ്പോളത്തിൽ വില ഒട്ടും ഇല്ലല്ലോ അതും ഒരു സാധാ ജോലിക്കാരൻ ആകുമ്പോൾ..

തന്നെയുമല്ല ഇനിയൊരു വിവാഹത്തെപ്പറ്റി ഓർക്കാൻ കൂടി വയ്യ അത്രത്തോളം അനുഭവങ്ങൾ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്…

അയാൾ വേഗം മുറിയിലേക്ക് നടന്നു കട്ടിലിൽ കണ്ണുമടച്ച് മലർന്നു കിടക്കുമ്പോൾ പഴയ ചില ഓർമ്മകൾ ഉള്ളിലേക്ക് ഓടിയെത്തി…

തന്റെ പ്രണയം…

“””ദിവ്യ..””

വീടിന് അടുത്തുതന്നെയായിരുന്നു അവളുടെ വീട് ചെറുപ്പം മുതലേ അവളെ കാണാൻ തുടങ്ങിയതാണ്.. അവളോട് ഒരു പ്രത്യേകത എനിക്ക് പണ്ടേ തോന്നിയിരുന്നു അത് പ്രണയമാണ് എന്ന് മനസ്സിലാക്കാൻ അല്പം വൈകി…

എന്നോ വഴിയിൽ കാത്തുനിന്ന് അവളോട് അത് തുറന്നു പറഞ്ഞപ്പോൾ അവളും കാര്യമായി എതിർത്തില്ല…

പിന്നെ പ്രണയത്തിന്റെ ദിനങ്ങൾ ആയിരുന്നു രണ്ട് ശരീരങ്ങളും ഒറ്റ ആത്മാവുമായി കുറെ വർഷങ്ങൾ…

എന്നെക്കാൾ മൂന്നാലു വയസ്സിന് ഇളയതാണെങ്കിലും അവൾക്കായിരുന്നു വിവാഹാലോചനകൾ ആദ്യം വന്നു കൊണ്ടിരുന്നത്…

അതിലേതോ ഒന്ന് അവളുടെ അച്ഛൻ ഉറപ്പിക്കാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ പരിഭ്രാന്തിയോടെ അവൾ എന്റെ അരികിലേക്ക് ഓടി വന്നു…

വീട്ടിൽ പറഞ്ഞപ്പോൾ ഇവിടെ ആർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല ഞാൻ അവളെ വിളിച്ചു വരട്ടെ എന്ന് ചോദിച്ചപ്പോൾ അമ്മയും അച്ഛനും മൗന സമ്മതം തന്നിരുന്നു…

അവളോട് ഇറങ്ങി വരാൻ പറഞ്ഞു പാടവരമ്പിൽ അവൾക്കായി കാത്തു നിന്നു പറഞ്ഞ പ്രകാരം അവൾ ഇറങ്ങി വന്നു പക്ഷേ ഞങ്ങളുടെ പ്ലാനിങ് എല്ലാം തെറ്റി അവളുടെ അച്ഛനും ആങ്ങളമാരും എല്ലാം കണ്ടുപിടിച്ചു…

മരിക്കാതിരിക്കാൻ മാത്രം അല്പം ജീവൻ ബാക്കിവെച്ച് ബാക്കിയെല്ലാം അവർ തല്ലി ചതച്ചു…. അവളെയും കൊണ്ട് പോയി..

നെഞ്ചുപൊട്ടും പോലെ അവൾ കരയുന്നത് അവസാനം ബോധം മറയുമ്പോഴും എനിക്ക് കേൾക്കാമായിരുന്നു…

ഞങ്ങളുടെ ഒളിച്ചോട്ടം പാളി പോയെങ്കിലും നാട്ടിൽ മുഴുവൻ അത് അറിഞ്ഞിരുന്നു അങ്ങനെ അവൾക്ക് ഉറപ്പിച്ച വിവാഹം മുടങ്ങി പോയി…

അതോടെ അവളുടെ അച്ഛനും ആങ്ങളമാർക്കും ഞങ്ങളോട് പകയായി അച്ഛന്റെ ഒരു സ്നേഹിതനോട്‌ പറഞ്ഞു ഏൽപ്പിച്ച് എന്നെ ദുബായിലേക്ക് പറഞ്ഞയച്ചത് അച്ഛനായിരുന്നു….
ഇനിയും അവരുടെ തല്ലു കൊള്ളുന്നത് കാണാൻ വയ്യാഞ്ഞിട്ട്…

പിന്നെ അവളെ പറ്റി ഒരറിവുമില്ല… വീട്ടിലേക്ക് വിളിക്കുമ്പോൾ അമ്മയോട് അച്ഛനോട് ചോദിക്കും ഒരിക്കൽ അമ്മ പറഞ്ഞു അവളുടെ വിവാഹം കഴിഞ്ഞ് അത് കേട്ട് വല്ലാതെ സങ്കടപ്പെട്ടു…

അപ്പോഴേക്കും അനിയന് ഗവൺമെന്റ് ജോലി കിട്ടിയിരുന്നു കുറെ കാലത്തിനു ശേഷമാണ് നാട്ടിലേക്ക് വന്നത് അതും അവനൊരു പ്രണയം ഉണ്ടായിരുന്നു ആ വിവാഹം ഉറപ്പിക്കുകയാണ് ഏട്ടൻ വരണമെന്ന് അവൻ അത്രയും കാര്യമായി എന്നോട് പറഞ്ഞതുകൊണ്ട് മാത്രം….

നാട്ടിലേക്ക് വന്നതും മനപ്പൂർവ്വം അവളുടെ വീടിന്റെ അതുവഴി പോകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു കാരണം മറ്റൊരാളുടേതായി അവളെ കാണാൻ എന്റെ മനസ്സിന് ശക്തിയുണ്ടായിരുന്നില്ല….

എന്റെ വിവാഹം നടക്കാൻ വേണ്ടി അമ്മയാണ് ക്ഷേത്രത്തിൽ വഴിപാട് നേർന്നത് അതുകൊണ്ടുതന്നെ ദിവസവും നിർബന്ധിച്ചു പറഞ്ഞയക്കും ഒരു ദിവസം ക്ഷേത്രത്തിൽ ചെന്നതും അവളെ അവിടെ വെച്ച് കണ്ടു…

“””ദിവ്യയെ “””

ആകെ കോലം കെട്ട് വല്ലാത്തൊരു രൂപത്തിൽ…

ഞാൻ അവളുടെ അടുത്തേക്ക് ചെന്നതും അവൾ പെട്ടെന്ന് അവിടം വിട്ടു പോയി…

എനിക്കെന്തോ അത് വല്ലാത്ത ഷോക്ക് ആയി… ഒന്നിനും അല്ലായിരുന്നു വെറുതെ ഒന്ന് കാണാൻ സംസാരിക്കാൻ അത്ര മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ… അതും ഇങ്ങനെ അപ്രതീക്ഷിതമായി കണ്ടതുകൊണ്ട് മാത്രം….

അവൾക്കെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി അത്രമാത്രം പരിതാപകരമായിരുന്നു അവളുടെ കോലം

ഞാൻ എന്റെ കൂട്ടുകാരോട് അവളെപ്പറ്റി അന്വേഷിച്ചു അവരെല്ലാം മനപ്പൂർവം എന്നോടൊന്നും പറയാതിരുന്നതായിരുന്നു ഞാനും അവരോട് അവളെപ്പറ്റി ചോദിച്ചില്ല വെറുതെ എന്തിനാണ് അടഞ്ഞ അധ്യായങ്ങൾ തുറക്കുന്നത് എന്ന് കരുതി…

ഞാൻ പോയതിനുശേഷം അവൾക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചത്രെ….

നിശ്ചയം കഴിഞ്ഞതിനുശേഷം ആണ് ഞാനുമായുള്ള ബന്ധത്തെ പറ്റി അവർ അറിഞ്ഞത്…. അവർ വിവാഹത്തിൽ നിന്ന് പിന്മാറും എന്നാണ് ദിവ്യ കരുതിയത് പക്ഷേ ഉണ്ടായില്ല…

അതിന് കാരണമുണ്ടായിരുന്നു പയ്യൻ കടുത്ത മാനസിക രോഗത്തിന് അടിമയായിരുന്നു…

പാവം അവിടെ കുറെ അനുഭവിച്ചു അയാളുടെ ഉപദ്രവങ്ങൾ…

വീട്ടിലേക്ക് വന്നാൽ അച്ഛനും ആങ്ങളമാരും സ്വീകരിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് അവൾക്ക് അത് സഹിച്ച് അവിടെ നിൽക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് പിന്നെ എന്നെ നിയന്ത്രിക്കാൻ പറ്റാതായി..

അവളുടെ ഭർത്താവിന്റെ വീട് ചോദിച്ചറിഞ്ഞ് ഞാൻ അവിടേക്ക് എത്തി…

വെറുമൊരു വേലക്കാരിയെ പോലെ പണിയെടുക്കുന്ന അവളെ കണ്ടപ്പോൾ നെഞ്ച് വിങ്ങി..

എന്റെ കൂടെ വരാമോ എന്ന് ചോദിച്ചു വിളിച്ചപ്പോൾ അവൾ ഇല്ല എന്ന് പറഞ്ഞു…

“”‘ദയവു ചെയ്തു പോകൂ ആരെങ്കിലും കണ്ടാൽ പ്രശ്നം ആവും “””

എന്ന് പറഞ്ഞ് ഭയപ്പെട്ടു…

“” എന്റെ ജീവിതത്തിലേക്ക് എന്റെ പെണ്ണായി ആണ് ഞാൻ വിളിക്കുന്നത്… നീ വരണം എന്ന് പറഞ്ഞു… “””

ഒടുവിൽ അവൾ എന്റെ കൂടെ ഇറങ്ങി വന്നു.. എല്ലാം ഉപേക്ഷിച്ച്.. അത്രമാത്രം അവിടെ നിന്നും അനുഭവിച്ചിരുന്നു ആ പാവം…

അവളെയും കൊണ്ട് വീട്ടിലേക്ക് കയറിയതും പലരും മുറു മുറുപ്പും ആയി വന്നിരുന്നു പക്ഷേ എനിക്ക് അതൊന്നും കാര്യമായിരുന്നില്ല…

അവളുടെ ഭർത്താവിന്റെ വീട്ടുകാർ പോലീസിൽ പരാതി കൊടുത്തു അന്വേഷണം വന്നപ്പോൾ അവൾ തന്നെ, അവർ പീഡിപ്പിക്കുന്നത് മൊബൈലിൽ റെക്കോർഡ് ചെയ്തു വച്ചിരുന്നു അത് കാണിച്ചുകൊടുത്തു കേസ് ആയി…

അതിന്റെ പിൻബലം കൊണ്ട് ഡിവോഴ്സ് പെട്ടെന്ന് തന്നെ അനുവദിച്ചു. തന്നെയുമല്ല അയാൾ മാനസിക രോഗിയാണെന്ന് അയാളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് നിന്നും സർട്ടിഫിക്കറ്റും ഞങ്ങൾ വാങ്ങിയിരുന്നു…

എല്ലാ ബന്ധനത്തിൽ നിന്നും അവൾ ഒഴിവായി… ഇനി ഒരേ പന്തലിൽ രണ്ട് വിവാഹം എന്റെയും അജിയുടെയും….

Leave a Reply

Your email address will not be published. Required fields are marked *