(രചന: J. K)
“” സിസിലി അത്യാവശ്യമായി ഒരു അയ്യായിരം രൂപ തരാൻ ഉണ്ടാകുമോ?? ” വെപ്രാളം പൂണ്ട് ജിഷ വിളിച്ചപ്പോൾ എന്തോ കാര്യമായ പ്രശ്നമുണ്ട് എന്ന് സിസിലിക്ക് മനസ്സിലായിരുന്നു..
“” എന്താടി എന്തിനാ നിനക്കിപ്പോ ഇത്രേം പൈസയുടെ അത്യാവശ്യം വല്ല പ്രശ്നോം ഉണ്ടോ?? എന്ന് അവൾ ചോദിച്ചു…
“”” എടി ആമി മോൾക്ക് ടൂർ പോകണം എന്ന്.. പൈസ കൊടുക്കേണ്ട അവസാനത്തെ ദിവസമാണത്രേ നാളെ…
നീ അവളോട് പോണ്ട എന്ന് പറയും എന്നല്ലേ പറഞ്ഞിരുന്നത് പിന്നെ ഇപ്പോൾ എന്താ??..
ഒന്നും മനസ്സിലാവാതെ ചോദിച്ചു..
“” ഇപ്പോഴും എനിക്ക് അവൾ പോകുന്നത് ഇഷ്ടമല്ലെടി ഇത്രയും ദൂരം ഒക്കെ പറഞ്ഞയക്കാൻ പേടിയാണ്
പക്ഷേ അവൾ പറയുന്നത് ഞാൻ പറഞ്ഞയച്ചില്ലെങ്കിൽ അവൾ ഇവിടുന്ന് പോകും അവളുടെ അമ്മയുടെ അടുത്തേക്ക് എന്നൊക്കെയാണ് അതുകൊണ്ട് നീ പൈസ ഉണ്ടേൽ താ…””
എന്നും പറഞ്ഞ് ജിഷ ഫോൺ കട്ട് ചെയ്തു സിസിലിക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി… ജിഷയുടെയും ഹരിയുടെയും അവസ്ഥവച്ച് അവൾ മുതലാക്കുകയാണ്..
സിസിലിക്ക് അവരോട് പാവം തോന്നി…
തന്റെ കൂടെ പഠിച്ചതാണ് ജിഷ അവളുടെ വിവാഹം വളരെ ചെറുപ്പത്തിൽ തന്നെ കഴിഞ്ഞിരുന്നു..
പക്ഷേ ഏറെ നാൾ കാത്തിരുന്നിട്ടും അവർക്ക് ഒരു കുഞ്ഞിക്കാൽ കാണാനായില്ല ഒരുപാട് ഇഷ്ടമായിരുന്നു ജിഷക്ക് കുഞ്ഞുങ്ങളെ അതുകൊണ്ടാണ് അവൾ സ്വന്തം അനിയത്തിയുടെ കുട്ടിയെ സ്വന്തം മകളെപ്പോലെ വളർത്താം എന്ന് കരുതിയത്…
അനിയത്തിക്ക് മൂന്ന് പെൺ കുട്ടികളായിരുന്നു ഭർത്താവ് ഒരു കള്ളുകുടിയനും അയാൾ കുടിച്ചു നടക്കും കുടുംബം നോക്കാതെ…
വളരെ കഷ്ടപ്പെട്ടാണ് അനിയത്തി ആ കുഞ്ഞുങ്ങളെ വളർത്തിയിരുന്നത് ഒരു കുട്ടിയെയെങ്കിലും ചേച്ചി വളർത്തിയാൽ തനിക്ക് അത്രയും ഭാരം കുറയുമല്ലോ എന്ന് അവരും ഓർത്തു കാണും…
അതുകൊണ്ടാണ് മൂത്തമകളെ കൊണ്ടുപോയി വളർത്തിക്കൊള്ളാൻ പറഞ്ഞു കൊടുത്തത്.
സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു ജിഷക്ക് അല്ലെങ്കിലും ആ കുട്ടിയെ മുഴുവൻ നോക്കിയിരുന്നത് ജിഷയാണ് അവളുടെ അനിയത്തി,
ആ കുട്ടിക്ക് മൂന്ന് മാസം പ്രായമുള്ളപ്പോൾ വീണ്ടും ഗർഭിണിയായി അതുകൊണ്ടുതന്നെ അപ്പോൾ മുതൽ ആ കുട്ടിയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ജിഷയാണ്…
അനിയത്തി ഭർത്താവിനോട് തെറ്റി കുറെ കാലം ജിഷയുടെ വീട്ടിലായിരുന്നു.. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് കുറെ കഴിഞ്ഞാണ് അയാൾ വന്ന് അവളെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയത്….
ഇനി കുടിക്കില്ല എന്നൊക്കെ ഉറപ്പു കൊടുത്തെങ്കിലും അയാൾ പണ്ടത്തെ പല്ലവി തന്നെ തുടർന്നു…
എത്രകാലം എന്നുവച്ചാൽ ചേച്ചിയുടെ വീട്ടിൽ തന്നെ നിൽക്കുക എന്നുകരുതി ആവണം അവളുടെ അനിയത്തി പിന്നെ ഒരു പ്രശ്നത്തിനും നിൽക്കാതെ എല്ലാം സഹിച്ച് അവിടെത്തന്നെ നിന്നത് ജിഷയും അത്യാവിശ്യം അവൾക്ക് സഹായങ്ങളൊക്കെ ചെയ്തു..
ജിഷയുടെ ഭർത്താവ് ഹരിക്ക് ഒരു പ്രിന്റിങ് പ്രസാണ്. വലിയ വരുമാനം ഒന്നും ഇല്ലെങ്കിലും അത്യാവശ്യം തട്ടിമുട്ടി പോകാനുള്ളതൊക്കെ കിട്ടും..
എന്ത് കിട്ടിയാലും അതെല്ലാം ആ കുഞ്ഞിനു വേണ്ടിയാണ് അവർ ചിലവാക്കിയിരുന്നത് ആമി മോൾ എന്ന് പറഞ്ഞാൽ ജീവനായിരുന്നു ജിഷക്ക്..
ആ കുട്ടിക്ക് തിരിച്ച് അങ്ങനെ തന്നെയാണ് എന്നാണ് കരുതിയിരുന്നത് പക്ഷേ ഇപ്പോൾ ഓരോന്ന് കേൾക്കുകയും അറിയുകയും ചെയ്തപ്പോൾ മനസ്സിലാക്കി ആ കുട്ടി ഇവരെ പലപ്പോഴും മുതൽ എടുക്കുന്നുണ്ട് എന്ന്…
ഏതായാലും ജിഷയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ചോദിച്ച പണം നൽകാൻ വേണ്ടി അവിടേക്ക് ചെന്നു..
ജിഷ ഒരു പാവമാണ് എന്ന് എനിക്കറിയാമായിരുന്നു .
ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല കുറച്ചുനേരം അവിടെയൊക്കെ നിന്ന് അവളെ വിളിച്ചു… അപ്പോഴേക്കും അവർ എത്തിയിരുന്നു അവളുടെ ആമി മോളും കയ്യിൽ കുറെ കവറുകളും ഒക്കെ ആയി..
“” എവിടെയാടി പോയെ? “”
അവളെ കണ്ടപ്പോൾ ഞാൻ ചോദിച്ചു.
ആമി മോൾക്ക് ടൂർ പോകുമ്പോൾ ഇടാൻ നല്ല ഡ്രസ്സ് ഒന്നുമില്ല എന്ന് അവൾ പറയുകയായിരുന്നു തന്നെയുമല്ല ഊട്ടിയിലേക്ക് അല്ലേ പോകുന്നത്? അവിടെയാണെങ്കിൽ ഭയങ്കര തണുപ്പാണ് അതുകൊണ്ട് അതിനുപറ്റിയ കുറച്ച് ഡ്രസ്സ് എടുക്കാൻ വേണ്ടി പോയതാ…
പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആ കുട്ടിയെ നോക്കി അവൾ യാതൊരു ഭാവഭേദവും കൂടാതെ തന്നെ അവിടെ നിൽക്കുന്നുണ്ട്…
പൈസ കിട്ടിയോടി അവൾ എന്നോട് ചോദിച്ചു ഞാൻ അവൾക്കായി കൊണ്ടുവന്ന പണം അവളുടെ കയ്യിലേക്ക് കൊടുത്തു…
ചിരിയോടെ മേടിച്ചു ആ കുട്ടിയുടെ കയ്യിലേക്ക് കൊടുത്തു…
അവൾ കിട്ടിയതും ആ പണവും കൊണ്ട് പോയി…
ഞാൻ മെല്ലെ ജിഷയെ അരികിൽ വിളിച്ചു…
“”എടൊ ഇങ്ങനെ അവൾ പറയുന്നതിന് എല്ലാം തുള്ളാൻ നിക്കല്ലേ!””
എന്ന് പറഞ്ഞു…
“നിനക്ക് അറിഞ്ഞൂടെ സിസിലി അവള് ഞാൻ പ്രസവിച്ച എന്റെ മോളല്ല..
അവൾക്ക് അവളുടെ കുടുംബം ഉണ്ട്.. വേണേൽ അവൾക്ക് അങ്ങോട്ട് പോകാം. ഞങ്ങൾക്ക് തടയാൻ പോലും അധികാരം ഇല്ലല്ലോ.. എന്നിട്ടും അവൾ ഞങ്ങൾക്ക് വേണ്ടി ഇവിടെ നിക്കുന്നു.. അപ്പോ ഞങ്ങൾ വേണ്ടേ അവളുടെ എല്ലാ മോഹങ്ങളും സാധിപ്പിച്ചു കൊടുക്കാൻ…””
അത് കേട്ട് എനിക്ക് ജിഷയോട് പാവം തോന്നി..
“” എന്റെ പൊന്നു ജിഷയെ അവളുടെ മോഹങ്ങൾ സാധിപ്പിച്ചു കൊടുക്കണം അത് നിങ്ങൾക്കും കൂടി കഴിയുന്നതാണെങ്കിൽ മാത്രം… അല്ലെങ്കിൽ അത് നിങ്ങളെക്കൊണ്ട് പറ്റില്ല എന്ന് അവളെ പറഞ്ഞു മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയണം..
ഇപ്പോൾ ടൂർ പോകാൻ ഒരു 5000 രൂപ ആയതുകൊണ്ട് അത് നിങ്ങളെക്കൊണ്ട് സാധിച്ചു നാളെ അവൾ നിങ്ങളുടെ കൊക്കിലൊതുങ്ങാത്ത വല്ല മോഹവും പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും..”””
അതിനൊന്നും ഉത്തരമില്ലായിരുന്നു ജിഷയുടെ പക്കൽ ഞാൻ തുടർന്നു..
“” എല്ലാം വാങ്ങിക്കൊടുത്ത് സന്തോഷിപ്പിക്കുന്നതൊന്നുമല്ലടോ സ്നേഹം ഇല്ലായ്മ വരുമ്പോൾ അതിനനുസരിച്ച് തിരിച്ചു പെരുമാറാനും കൂടി പഠിപ്പിക്കുന്നതാ…
ആ കുട്ടിക്ക് അതനുസരിച്ച് പെരുമാറാനുള്ള പ്രായമൊക്കെ ആയിട്ടുണ്ട് ഇനിയും അവൾ വാശി പിടിക്കുന്നുണ്ട് എങ്കിൽ അത് വെറും മുതലെടുപ്പ് മാത്രമാണ്..
നാളെ ഒരുപക്ഷേ നിങ്ങളെക്കൊണ്ട് സാധിച്ചു കൊടുക്കാൻ പറ്റാത്ത ഒരു മോഹം അവൾ പറഞ്ഞാൽ, അത് കിട്ടിയില്ലെങ്കിൽ അപ്പോഴും ഈ അവസ്ഥ തന്നെ ഉണ്ടാവില്ലേ അവൾ നിങ്ങളെ ഉപേക്ഷിച്ചു പോവില്ലേ? “”
അത് പറഞ്ഞപ്പോൾ ജിഷയുടെ മുഖം ആകെ മാറി അവൾ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു…
അവളുടെ ഉള്ളു നീറുന്നത് എനിക്ക് കാണാമായിരുന്നു പക്ഷേ ഇപ്പോൾ ഞാൻ ഇത് പറഞ്ഞു മനസ്സിലാക്കിയിട്ടില്ലെങ്കിൽ, ഒരുപക്ഷേ ഭാവിയിൽ അവൾക്ക് ഇതിലും വലിയ ഒരു സങ്കടം വന്നേക്കാം..
“”” ജിഷേ അതുകൊണ്ടാണ് ഞാൻ പറയുന്നത്.. ആരോടായാലും എത്ര സ്നേഹമുള്ളവരോട് ആയാലും നോ പറയേണ്ട ഇടത്ത് നോ എന്ന് തന്നെ പറയണം.. അപ്പോ വരുന്ന നഷ്ടം നഷ്ടമല്ലടോ..””‘
കുറേനേരം ജിഷ എന്നെ തന്നെ നോക്കി നിന്നു…
ഒരുപക്ഷേ അവൾ തിരുത്തുമായിരിക്കാം.. അല്ലെങ്കിൽ വീണ്ടും പഴയതുപോലെതന്നെ ആ കുട്ടിയുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കാൻ വേണ്ടി നെട്ടോട്ടമോടിയേക്കാം…
എങ്കിലും ഇനിയൊന്ന് ചിന്തിക്കും എന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു.. അത് മതിയായിരുന്നു എനിക്കും..