(രചന: J. K)
“”” എടാ ഇനിയിപ്പോ ടൈൽസ് വാങ്ങണ്ടേ?? എത്രയെന്ന് വച്ചിട്ട് ഈ വാടക വീടിന് പൈസ കൊടുക്കുക “”
അമ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ പറഞ്ഞത് ഇതാണ് എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല…
കയ്യിലുള്ളത് മുഴുവൻ വീടുപണിക്കായി അയച്ചുകൊടുത്തു. പോരാത്തതിന് ഒരു ചിട്ടിയിൽ ചേർന്ന് ആദ്യം തന്നെ പൈസ മേടിച്ച് അതും അയച്ചു…
ഓരോ ഘട്ടത്തിലും ഒരുപാട് പണം ആകുന്നുണ്ടായിരുന്നു..
ഇവിടെ മുണ്ടുമുറുക്കിയുടുത്തും എന്തെങ്കിലും ഒരു അസുഖം വന്നാൽ, ചികിത്സ പോലും ചെയ്യാതെ അത് സഹിച്ചും ഒക്കെയാണ് ഓരോ തവണ പറയുമ്പോഴും പണം അയച്ചുകൊടുത്തു കൊണ്ടിരുന്നത്…
അമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാൻ നോക്കട്ടെ അമ്മേ എന്ന് പറഞ്ഞത്…
എന്തു ചെയ്യും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല.. അങ്ങനെയാണ് പനിയും തലവേദനയും നല്ലത് പോലെ ഉണ്ട് എങ്കിൽ പോലും ഓവർടൈം ചെയ്യാൻ വിചാരിച്ചത്…
തൽക്കാലം ഒരു കൂട്ടുകാരൻ ഒരാവശ്യത്തിന് വച്ച പണം വാങ്ങി അയച്ചുകൊടുത്തു. ഇനി മെല്ലെ അവന് കൊടുത്താൽ മതി ഒരു മൂന്നാലു മാസം സാവകാശം ഉണ്ട്….
പിന്നെയും വേണം അല്പം കൂടി പണം..
അമ്മ അത് പറഞ്ഞപ്പോഴാണ് ചേച്ചിയോട് ചോദിക്കാൻ പറഞ്ഞത്…
അമ്മയ്ക്ക് വയ്യ നീ തന്നെ പറഞ്ഞോ എന്ന് പറഞ്ഞു അങ്ങനെയാണ് ചേച്ചിയെ വിളിച്ചത്…
ചേച്ചിയുടെ കയ്യിൽ ഇപ്പോൾ പണമുണ്ട് എന്ന് എനിക്കറിയാമായിരുന്നു..
“”” നീ എന്തു വർത്തമാനാ സുബീഷേ പറയുന്നേ… അല്ലേല് തന്നെ അന്നന്നത്തെ അന്നത്തിന് വക കാണാതെ ബുദ്ധിമുട്ടുകയാണ് ഞങ്ങൾ.. അപ്പോഴാണ് വീടുപണി…
അതിന് സഹായിക്കാൻ വേണ്ടി പറയുന്നത്. ഇവിടെ ഒരു ബുദ്ധിമുട്ടുണ്ടായപ്പോൾ നിന്നോട് കുറച്ച് പൈസ തിരിമറി ചെയ്തു തരാൻ പറ്റുമോ എന്ന് ചോദിക്കാൻ ഇരിക്കുകയാണ് ഞാൻ .. “””
ഇനിയൊന്നും ചേച്ചിയോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയുന്നത് കൊണ്ട് മെല്ലെ ഫോൺ കട്ട് ചെയ്തു..
വീടും പറമ്പും പണയപ്പെടുത്തി അവളുടെ വിവാഹത്തിന് വേണ്ടിയിട്ട് തന്നെയാണ് ലോൺ എടുത്തത് താൻ ഗൾഫിൽ വന്നത് മുതൽ അത് അടച്ചു തീർക്കുകയായിരുന്നു ഈ അടുത്തകാലത്താണ് അത് വീട്ടി കഴിഞ്ഞത്…
അതിനുശേഷമാണ് അമ്മ ആഗ്രഹം പ്രകടിപ്പിച്ചത് ഈ വീട് പൊളിച്ച് ഒരു പുതിയത് പണിയാമെന്ന്.. ആ വീട്ടിൽ താമസിക്കാൻ പറ്റാതെ ആയിട്ടുണ്ട് അത്രയ്ക്കും പഴഞ്ചൻ ആയിരുന്നു വീട്….
ഒരു നല്ല അടച്ചുറപ്പുള്ള വീട്ടിൽ കിടക്കാൻ അമ്മയ്ക്കും ഉണ്ടാകുമല്ലോ ആഗ്രഹം.. എന്ന് കരുതിയാണ് ഞാൻ ഇല്ലാത്ത പണം ഉണ്ടാക്കി വീടുപണി അമ്മയുടെ ഇഷ്ടപ്രകാരം തുടങ്ങിയത്…
ഒന്നരവർഷം കഴിഞ്ഞ് നാട്ടിലേക്ക് പോകേണ്ട ഞാൻ ഈ ഒരൊറ്റ കാരണം കൊണ്ടാണ് രണ്ടുവർഷം കഴിഞ്ഞിട്ടും ഇവിടെ തന്നെ ഓരോന്നും ചെയ്ത് കടിച്ചുപിടിച്ചു നിൽക്കുന്നത്…
സാധാരണ പ്രവാസികൾക്ക് വെള്ളിയാഴ്ച ലീവ് കിട്ടും. അന്നുപോലും എന്തെങ്കിലും പണം ഉണ്ടാക്കാൻ മാർഗ്ഗമുണ്ടോ എന്ന് അന്വേഷിച്ച് നടക്കുകയാണ് ഇപ്പോൾ ഞാൻ…
എന്റെ അവസ്ഥ അറിയുന്ന കൂട്ടുകാർ എന്തെങ്കിലും ഒക്കെ പരിപാടിയുണ്ടെങ്കിൽ അറിയിക്കാറുമുണ്ട്…
കടവും കടത്തിൻമേൽ കടവും ഒക്കെ വാങ്ങി ഒരു വിധം ആ വീടിന്റെ പണിതീർത്തു…
വലിയ കടങ്ങളൊക്കെ വീട്ടി അത്യാവശ്യം ഒന്ന് പിടിച്ചുനിൽക്കാം എന്ന് ആയപ്പോഴേക്ക് മൂന്നുവർഷം കഴിഞ്ഞിരുന്നു ഈ മണലാരണ്യത്തിലേക്ക് വന്നിട്ട്…
ഇനി നാട്ടിലെ ബാങ്കിൽ നിന്ന് അമ്മ എടുത്ത ലോൺ മാത്രമേ ഉള്ളൂ.. അതും അത്യാവശ്യം നല്ല ഒരു തുകയുണ്ട്. അത് സാവധാനം വീട്ടാം…
എന്ന് കരുതിയാണ് നാട്ടിലേക്ക് തിരിച്ചത് അമ്മ പറഞ്ഞിരുന്നു ഇത്തവണ നീ വരുമ്പോൾ വിവാഹം കൂടി നോക്കാം എന്ന്…
ഈ ചിങ്ങം വന്നാൽ 32 വയസ്സ് തികയുമല്ലോ എന്ന്… അതെ സ്വന്തമായി ഒരു കുടുംബം ഒക്കെ നോക്കേണ്ട സമയം അതിക്രമിച്ചു…
അങ്ങനെയാണ് നാട്ടിലേക്ക് തിരിച്ചത് അവിടെ ചെന്നപ്പോൾ പെങ്ങളും കുട്ടികളും അവിടെ ഉണ്ടായിരുന്നു…
ഞാൻ വരുന്നത് പ്രമാണിച്ച് വന്നതാവും എന്ന് കരുതി പക്ഷേ എന്റെ കണക്കുകൂട്ടൽ തെറ്റായിരുന്നു..
അവരിപ്പോൾ സ്ഥിരമായി ഇവിടെ തന്നെയാണത്രെ വന്നു നിൽക്കാറുള്ളത്…
“”” നല്ലൊരു വീട് ഇവിടെയുള്ളപ്പോൾ ഞാൻ എന്തിനാണ് അവിടെ ഉത്തമേട്ടന്റെ അമ്മയുടെ പോരും സഹിച്ചു നിൽക്കുന്നത്.. തന്നെയുമല്ല ഇത് എനിക്കും കൂടി അവകാശപ്പെട്ടതല്ലേ??? “””
എന്നായിരുന്നു പെങ്ങളുടെ മറുപടി..
ഈ വീട് പണിക്ക് ഒരു രൂപ പോലും സഹായിക്കാത്തവളാണ്,
അന്യ നാട്ടിൽ കിടന്ന് ഞാൻ കണ്ണീര് കുടിച്ചപ്പോൾ അതുപോലും ഒന്ന് അറിയാൻ ശ്രമിക്കാത്തവളാണ് ഇപ്പോൾ വീട് പണി പൂർത്തിയാക്കിയപ്പോൾ അതിന് അവകാശവുമായി വന്നിരിക്കുന്നത്..
ഇതിനുപിന്നിൽ അമ്മയുടെ മൗനസമ്മതം കൂടി ഉണ്ട് എന്ന് എനിക്ക് ഇത്രയും നേരം കൊണ്ട് മനസ്സിലായിരുന്നു….
അടുത്തതായി അവളുടെ അജണ്ട വീട് അവളുടെ പേരിൽ എഴുതിക്കുകയായിരുന്നു..
അവൻ ദുബായിക്കാരൻ അല്ലേ ഇനിയും ഇതുപോലെ വീടൊക്കെ ഉണ്ടാക്കാമല്ലോ.. അതുപോലാണോ എന്റെ കാര്യം എനിക്ക് രണ്ട് പെൺകുട്ടികൾ അല്ലേ… എന്നൊക്കെ അമ്മയോട് പ്രസംഗിക്കുന്നുണ്ടായിരുന്നു…
അമ്മ നേരിട്ട് പറയാതെ അവിടെയും ഇവിടെയും ഒക്കെ ഇതിനെപ്പറ്റി എന്നോട് സൂചിപ്പിച്ചിരുന്നു…
അവൾ അതിന് അമ്മയെ സോപ്പിടാൻ തുടങ്ങിയിട്ട് കുറെ നാളായി എന്ന് അമ്മയുടെ വർത്താനത്തിലൂടെ എനിക്ക് മനസ്സിലായി..
അവൾക്കുള്ള ഓഹരി വേണമെന്ന് പറഞ്ഞ് നേരത്തെ തന്നെ വേടിച്ചു കൊണ്ടുപോയ ആളാണ് വീണ്ടും വന്നിരിക്കുന്നത് എന്ന് ഓർക്കണം…
സമയത്തിന് പ്രതികരിച്ചില്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടുപോകും എന്ന് എനിക്ക് ഉറപ്പായിരുന്നു….
“””” ചേച്ചി നീ വന്നു നിൽക്കുന്നതൊക്കെ കൊള്ളാം.. പക്ഷേ ഈ വീട് സ്വന്തമാണ് എന്നൊരു തോന്നൽ നിനക്കുണ്ടെങ്കിൽ അത് വെറുതെയാണ്…
ഒരു മനുഷ്യായുസ്സിൽ ചെയ്യേണ്ട ജോലി ഈ രണ്ടുമൂന്നു കൊല്ലം കൊണ്ട് ചെയ്തിട്ടാണ് ഞാൻ ഈ വീട് ഈ നിലയിൽ എത്തിച്ചത്.. അന്നൊന്നും ഒരാളെയും ഈ വഴിക്ക് കണ്ടിട്ടില്ല സഹായിക്കാൻ..
ഒരു പത്ത് രൂപ എടുത്ത് നീ വെച്ചു എന്ന് പറഞ്ഞിട്ട് ഇവിടെ വന്നു നിൽക്കുകയാണെങ്കിൽ അതിനൊരു അന്തസ്സ് ഉണ്ട്… ഇതിപ്പോ ഞാൻ ഒന്നും പറയുന്നില്ല “””
അതോടെ അവളുടെ ഭാവവും മാറി.. വീടിരിക്കുന്ന സ്ഥലം അമ്മയുടെ പേരിലാണെന്നും അത് തനിക്കും കൂടി അവകാശപ്പെട്ടതാണ് തന്നില്ലെങ്കിൽ കേസിനു പോകും എന്നൊക്കെയായി അവളുടെ വാദം…
അമ്മയോട് ഞാൻ കൃത്യമായി തന്നെ പറഞ്ഞു എന്റെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ വീട് എന്ന്.
അമ്മയ്ക്ക് ആരുടെ പക്ഷം വേണമെങ്കിലും നിൽക്കാം ചേച്ചിക്ക് വീട് വേണമെങ്കിൽ എഴുതിക്കൊടുക്കാം ഒരക്ഷരം പോലും ഞാൻ എതിര് പറയില്ല പക്ഷേ പിന്നെ ഞാൻ ഈ പടി പോലും കയറില്ല എന്ന്…
ഒരുപക്ഷേ എന്റെ കഷ്ടപ്പാട് അറിയുന്നതുകൊണ്ടാകും അമ്മ എന്റെ കൂടെ നിന്നത്…
അവൾ കുട്ടികളെയും കൂട്ടി ഇറങ്ങിപ്പോയി..
അടുത്തതായി ഞാൻ ചെയ്തത് ആ വീടും പറമ്പും എന്റെ പേരിൽ എഴുതിക്കുകയായിരുന്നു…
അല്ലെങ്കിൽ അടുത്ത വരവിനുള്ളിൽ ഒരു പൊട്ടനെ പോലെ ഞാൻ ഇവിടെ നിൽക്കേണ്ടിവരും…
പെണ്ണ് തിരഞ്ഞു നടന്നു ഒരു കുട്ടിയെ കണ്ട് നിശ്ചയവും കഴിച്ചിട്ടിട്ടാണ് ഇത്തവണ മടക്കം..
ആറുമാസത്തിന്റെ ഉള്ളിൽ ഒന്നുകൂടി വരണം കല്യാണത്തിന്… ചേച്ചി പിന്നെ ഈ വഴി കിടന്നിട്ടില്ല അതിൽ എനിക്കൊരു മനസ്താപവും തോന്നിയില്ല… പുകഞ്ഞ കൊള്ളികളൊക്കെ അങ്ങനെ പുറത്തു പോകട്ടെ…