നിനക്ക് ചതി പറ്റരുത്… എന്റെ കണ്ണടയുവോളം നീ സങ്കടപെടുന്നത് കാണരുത്… ബന്ധം പിടിച്ചപ്പോൾ നമ്മുടെ ഇന്നലകൾക്ക് ചേർന്ന ഒരു കുട്ടി ആയിരുന്നെങ്കിൽ

വെയിലേറ്റുരുകുന്നവർ
(രചന: Jolly Shaji)

“പ്ലീസ് നിരഞ്ജന അല്പം ശബ്ദം താഴ്ത്തി സംസാരിക്കു… എന്തിനാ അച്ഛന്റെ മനസ്സ് വേദനിപ്പിക്കുന്നത്..”

“ഞാൻ പറഞ്ഞത് തെറ്റാണോ ചന്ദ്രു.. അച്ഛന് കുളിച്ചു കഴിയുമ്പോൾ അല്പം സ്പ്രേ അടിച്ചാൽ എന്താ ശരീരത്തിൽ.. ഡിയോഡ്രന്റ് ഞാൻ എടുത്തു കൊടുത്തു പുരട്ടാൻ…ഒന്നും ഉപയോഹിക്കില്ല… ”

“എടോ ഞങ്ങൾ നാട്ടിൻപുറത്തുകാരാണ് അവിടുള്ളവർക്ക് ഈ ശീലം ഒന്നുമില്ല..”

“പറഞ്ഞപ്പോൾ എങ്കിലും അച്ഛന് കേട്ടുകൂടെ… കുട്ടികളെ എടുക്കാൻ വരുമ്പോൾ അവർക്കു പോലും ബുദ്ധിമുട്ട് ആണ് അച്ഛന്റെ വിയർപ്പുമണം…”

“ഓർമ്മവെച്ചകാലം മുതൽ മണ്ണിൽ പണിയെടുത്തു നടന്ന ആളാണ് എന്റെ അച്ഛൻ… ആ അച്ഛന്റെ ആ വിയർപ്പ് മണം ഉണ്ടല്ലോ അതെന്റെ ജീവൻ ആണ്… എന്നേ ഇന്നീ പദവിയിൽ എത്തിച്ചതിൽ ആ വിയർപ്പു മണത്തിന് ഒരുപാട് പങ്കുണ്ടെടോ…”

“ചന്ദ്രു എന്നെയേ കുറ്റപ്പെടുത്തു എന്നെനിക്കറിയാം… ഇതൊക്കെ കൊണ്ടാണ് അച്ഛനെ ഇങ്ങോട് കൊണ്ടുവരേണ്ട എന്ന് ഞാൻ പറഞ്ഞത്…

വൈകിട്ട് മോന്റെ ബർത്തഡേ സെലിബ്രേറ്റ് ചെയ്യാൻ എന്റെ ഫ്രണ്ട്‌സ് ഒക്കേ ഉണ്ടാവും,.

എന്റെ മമ്മിക്ക് ആണെങ്കിൽ ഇങ്ങനെ ഉള്ള മണങ്ങൾ ഒട്ടും പിടിക്കില്ല… അച്ഛനോട് ഫങ്ഷൻ നടക്കുമ്പോൾ മുകളിൽ പോയി ഇരുന്നോളാൻ പറഞ്ഞേക്ക്….”

“തനിക്ക് എങ്ങനെ പറയാൻ കഴിയുന്നു ഇത്രയും സിംപിൾ ആയി…. ഒരിക്കൽ ആ വിയർപ്പു മണം ഏൽക്കാതെ എന്റെ കണ്ണുകളിൽ ഉറക്കം വരില്ലായിരുന്നു…

അല്ല അതൊക്കെ ഇയാളോട് പറഞ്ഞിട്ടെന്തു കാര്യം… ഹൈ സൊസൈറ്റിയിൽ ജനിച്ചു വളർന്ന തനിക്കു മനസ്സിലാവില്ല അത്..”

“ചന്ദ്രു തർക്കിക്കാൻ സമയം ഇല്ല… അച്ഛനോട് മുകളിലെ മുറിയിൽ പോയി കിടന്നോളാൻ പറയു .. ഭക്ഷണം അങ്ങോടു കൊടുക്കാം…ആളുകൾ വരാൻ സമയം ആയി.. ഞാൻ കുട്ടികളെ റെഡിയാക്കട്ടെ…”

ചന്ദ്രമോഹൻ എന്ത് ചെയ്യും എന്ന അവസ്ഥയിൽ ആയി…

വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ ഇഷ്ടപ്പെട്ട പെണ്ണിനെ തന്റെ അമ്മയെ വിളിച്ചിറക്കി കൊണ്ടുവന്നതായിരുന്നു തന്റെ അച്ഛൻ…

വീട്ടുകാർ എല്ലാരും ഉപേക്ഷിച്ചപ്പോൾ പുറമ്പോക്ക് ഭൂമിയിൽ കുടിലുകെട്ടി താമസം തുടങ്ങിയതാണ് അവർ.. നാട്ടിൻ പുറം ആയതിനാൽ അച്ഛന് മിക്കവാറും പറമ്പിലും പാടത്തുമൊക്കെ പണികൾ കിട്ടുമായിരുന്നു…

തന്നെ അമ്മ ഗർഭിണി ആയപ്പോളും അമ്മയുടെയോ അച്ഛന്റെയോ വീട്ടുകാർ തിരിഞ്ഞു നോക്കിയില്ല…

കാലവർഷം കലിതുള്ളി പെയ്യുന്ന ഒരു രാത്രിയിൽ ആണ് അമ്മക്ക് പേറ്റ് നോവ് തുടങ്ങുന്നത്…. വേദന എന്തിന്റെ എന്ന് അന്നവർക്ക് മനസ്സിലായില്ല…

ചൂടുവെള്ളം കുടിച്ചും ചൂടുപിടിച്ചുമൊക്കെ നോക്കി പക്ഷെ വേദനയ്ക്ക് ആശ്വാസമുണ്ടായില്ല… അമ്മക്ക് ചെറുതായി ഡിസ്ചാർജ് ആയി തുടങ്ങി…

ആശുപത്രിയിൽ എത്തിക്കാൻ അച്ഛൻ ഒരുപാട് പാടുപെട്ടു… ചെന്നപ്പോളേക്കും അമ്മ അവശ ആയിരുന്നു… ഉടനെ ഓപ്പറേഷൻ ചെയ്തു തന്നെ പുറത്തെടുത്തു…

പക്ഷെ അമ്മ ഞങ്ങളെ ഒറ്റക്കാക്കി പോയിരുന്നു…. അമ്മയുടെ മണം അടിക്കാനോ, ആ ചൂടേൽക്കാനോ, അമ്മിഞ്ഞ നുണയാണോ ഭാഗ്യം തനിക്കു ഉണ്ടായില്ല… ഒരു ഫോട്ടോയിൽ പോലും അമ്മ എന്ത് എന്ന് തനിക്കറിയില്ല….

ചോ ര ക്കുഞ്ഞിനെ കയ്യിൽ പിടിച്ച് പാവം എന്റെ അച്ഛൻ എത്ര കരഞ്ഞുകാണും അന്ന്… അയൽക്കാർ ഒക്കെ കൂടിയാണ് അച്ഛനെ അശ്വസിപ്പിച്ചത്…

തൊട്ടടുത്ത കൂരയിൽ താമസിക്കുന്ന തങ്കപ്പൻ ചേട്ടന്റെ ഭാര്യ ലീലച്ചേച്ചിയാണ് കുഞ്ഞായിരുന്ന തന്നെ കുളിപ്പിക്കാനും പാലുകൊടുക്കാനുമൊക്കെ അച്ഛനെ സഹായിച്ചത്…

അച്ഛൻ പണിക്കുപോകുമ്പോൾ ലീലച്ചേച്ചിയും അവരുടെ മക്കളും തന്നെ നോക്കും…

ഓടി നടന്നു തുടങ്ങിയപ്പോൾ തൊട്ട് അച്ഛൻ തന്നെയും കൊണ്ടിപ്പോകും പണിക്കു പോകുമ്പോൾ… പറമ്പിലെ തണലിൽ കളിക്കാൻ എന്തെങ്കിലുമൊക്കെ തന്നു തന്നെ ഇരുത്തിയിട്ടു അച്ഛൻ പാടത്തു പണിയും…

സ്കൂളിൽ ചേർക്കാൻ പ്രായമായപ്പോൾ കൊണ്ടുപോയി ചേർത്തു… എല്ലാ കുട്ടികളും അമ്മമാരുടെ കൈപിടിച്ച് വരുന്നത് കാണുമ്പോൾ താൻ നോക്കി നിൽക്കും.. പക്ഷെ ഒരിക്കലും അച്ഛനോട് ചോദിച്ചില്ല അമ്മയെക്കുറിച്ച്…

രാത്രിയിൽ വിളക്ക് വെട്ടത്തിരുന്നു താൻ പഠിക്കുമ്പോൾ പാവം അച്ഛൻ കാവലിരിക്കും… അച്ഛന് വാശി ആയിരുന്നു തന്നെ വലിയൊരു സ്ഥാനത്ത് എത്തിക്കുക എന്നത്…

പഠിക്കാൻ മിടുക്കനായിരുന്ന തന്നെ സ്കൂളിലും എല്ലാർക്കും ഇഷ്ടമായിരുന്നു…

പത്താം ക്ലാസ്സിൽ റാങ്ക് വാങ്ങി പാസ്സായ തന്നെ തുടർന്നു പഠിപ്പിക്കാൻ സന്നദ്ധരായി പലരും മുന്നോട്ട് വന്നു…
വലിയ പണക്കാരുടെ മക്കൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലൊക്കെ അഡ്മിഷൻ തരാൻ പല സ്കൂളുകാരും തിരക്കി വന്നു…

പക്ഷെ അച്ഛന് വാശി ആയിരുന്നു ഗവണ്മെന്റ് സ്കൂളിൽ തന്നെ പഠിക്കണമെന്ന്…

ആ സമയത്താണ് സ്കൂളുകാരും പഞ്ചായതും നാട്ടുകാരും എല്ലാരും കൂടി തനിക്കും അച്ഛനും അഞ്ചുസെന്റ് ഭൂമീ വാങ്ങി അതിലൊരു കൊച്ച് വീട് വെച്ചു തരുന്നത്…

പ്ലസ്ടുവിനും ഉന്നത വിജയം നേടിയ തനിക്ക് ഐ എ എസ് എടുക്കുക എന്നത് സ്വപ്നം ആയിരുന്നു…. അവിടെയും താൻ വിജയിച്ചു…. താൻ ഓരോ പടി മുകളിലേക്കു കയറുമ്പോൾ പാവം അച്ഛന്റെ ആരോഗ്യം ക്ഷെയിച്ചു തുടങ്ങിയിരുന്നു…

ഐ എ എസ് കോച്ചിങ്ങിനിടയിലാണ് യാദൃച്ഛികമായി നിരഞ്ജനയെ പരിചയപ്പെടുന്നത്….

നഗരത്തിലെ പ്രശസ്തമായ ഒരു ലൈബ്രറിയിൽ ആയിരുന്നു അന്നൊക്കെ ഒഴിവു സമയത്തു പോയിരിക്കുന്നത്… ധാരാളം വായിക്കുന്ന താൻ പേരുകേട്ട പല പുസ്തകങ്ങളും അവിടെ നിന്നാണ് വായിച്ചിരുന്നത്…

നിരഞ്ജനയും അന്ന് ടൗണിൽ ഡിഗ്രി പഠിക്കുന്ന സമയം ആണ്… പലപ്പോഴും ഉള്ള കണ്ടുമുട്ടൽ എപ്പോളോ പ്രണയത്തിലേക്കു വഴിമാറി…

അവളുടെ മാതാപിതാക്കൾ വിദേശത്ത് ആയിരുന്നു… ഒരുപാട് പണം… എപ്പോഴോ ഒരു നിമിഷം താനും ചിന്തിച്ചുപോയി രക്ഷപെടാൻ ഒരു മാർഗ്ഗം ആയിരിക്കും എന്ന്…

തിരുവനന്തപുരം റയിൽവേ ഓഫിസ് മാനേജർ ആയിട്ടായിരുന്നു തനിക്ക് ആദ്യനിയമനം…

താമസിക്കാൻ ക്വാർട്ടേഴ്സ്, സഞ്ചരിക്കാൻ കാർ, എല്ലാം റെയിൽവേയുടെ വകയായി കിട്ടി…. അച്ഛനെ ക്വാർട്ടേസ്ലേക്ക് കൊണ്ടുവരാൻ താൻ ഒരുപാട് ശ്രമിച്ചു പാക്ഷേ അച്ഛൻ ആ കൊച്ച് ഗ്രാമം വിട്ടു പോരാൻ ഒരുക്കമല്ലായിരുന്നു..

നിരഞ്ജന ഡിഗ്രി കഴിഞ്ഞ് എം ബി എ ക്ക് ചേർന്നു… അപ്പോളാണ് അവൾക്ക് വീട്ടിൽ ആലോചനകൾ തുടങ്ങുന്ന കാര്യം പറയുന്നത്…

ആ ആഴ്ച അവസാനം വീട്ടിൽ എത്തിയപ്പോൾ അച്ഛനോട് നിരഞ്ജനെയെക്കുറിച്ച് പറഞ്ഞു… എല്ലാം പറയുമ്പോളും നിശബ്‍ദനായി കേട്ടിരിക്കുകയായിരുന്നു അച്ഛൻ…

“അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ലല്ലോ..”

“ഞാനിപ്പോ എന്തുപറയാനാണ്… നീ പ്രായപൂർത്തിയായ വിദ്യാഭ്യാസവും വിവരവും ജോലിയുമുള്ള പുരുഷൻ… തീരുമാനങ്ങൾ എടുക്കാൻ നീ പ്രാബ്ദൻ ആയി…”

“അങ്ങനെ എങ്കിൽ എനിക്ക് അച്ഛനോട് അഭിപ്രായം ചോദിക്കണമായിരുന്നോ…”

“പരസ്പരം ഇഷ്ടപ്പെട്ടു പോയിട്ട് ഇനി എന്തിനു അച്ഛന്റെ അഭിപ്രായം അറിയുന്നു… നിനക്ക് ചതി പറ്റരുത്…

എന്റെ കണ്ണടയുവോളം നീ സങ്കടപെടുന്നത് കാണരുത്… ബന്ധം പിടിച്ചപ്പോൾ നമ്മുടെ ഇന്നലകൾക്ക് ചേർന്ന ഒരു കുട്ടി ആയിരുന്നെങ്കിൽ എന്റെ മനസ്സ് നിറഞ്ഞേനെ…”

“അപ്പോൾ അച്ഛന് ഇഷ്ടമില്ല എന്നാണോ..”

“എന്ന് ഞാൻ പറയില്ല… നിന്റെ സന്തോഷം അതാണ് എന്റെയും സന്തോഷം…”

നിരഞ്ജനയും വീട്ടിൽ കാര്യം അവതരിപ്പിച്ചു.. കെട്ടാതെ എതിർപ്പായിരുന്നു മറുപടി… പിന്നെ കാര്യങ്ങൾ ചിന്തിച്ചു തീരുമാനം എടുത്ത് അച്ഛനും അമ്മയും സമ്മതം മൂളി…

വിവാഹം ഉറപ്പിക്കാനോ ചെറുക്കൻ വീടുകാണാനോ നിരഞ്ജനയുടെ വീട്ടിൽ നിന്നും ആരും ചന്ദ്രമോഹന്റെ വീട്ടിലേക്കു പോയതും ഇല്ല…. നഗരത്തിലെ പ്രമുഖ ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്….

അച്ഛൻ എല്ലാത്തിൽ നിന്നും മാറി നിൽക്കുന്നതായി ചന്ദ്രന് തോന്നി… അതവനെ ഒരുപാട് വേദനിപ്പിച്ചു.. വിവാഹം കഴിഞ്ഞ് അന്ന് അവർ നിരഞ്ജനയുടെ വീട്ടിൽ ആയിരുന്നു…

അച്ഛൻ ക്വാർട്ടേഴ്സിലും… പിറ്റേന്ന് രാവിലെ ചന്ദ്രൻ പോരാൻ ഇറങ്ങിയെങ്കിലും നിരഞ്ജനയും വീട്ടുകാരും ഓരോ കാരണങ്ങൾ പറഞ്ഞു പിടിച്ച് നിർത്തി…

ഒരിക്കൽ പോലും നിരഞ്ജന തന്റെ കൊച്ച് വീട്ടിൽ താമസിച്ചിട്ടും ഇല്ല… അവൾക്ക് സ്ത്രീധനം എന്നപേരിൽ അച്ഛൻ സ്ഥലവും വീടും നഗരത്തിൽ വാങ്ങികൊടുത്തു…

അച്ഛനും അവിടെ വന്നാൽ താമസിക്കാൻ നിൽക്കാറില്ല.. നിരഞ്ജന നന്നായി സംസാരിക്കുക പോലും ഇല്ല…

ആദ്യമൊക്കെ താൻ പറഞ്ഞു നോക്കി.. പക്ഷെ അവൾക്ക് വാശി പോലെയാണ്… രണ്ടാളും കൂടി പറഞ്ഞാൽ പലപ്പോളും വാഴക്കാകും അപ്പോളൊക്കെ ചന്ദ്രൻ ആണ് വിട്ടുകൊടുക്കാറ്…

അച്ഛനും പരാതി ഒന്നുമില്ല പറ്റുന്ന പണിയെടുത്താണ് അച്ഛൻ എന്നും ജീവിച്ചതും… തന്റെ രണ്ടുമക്കളെയും നിരഞ്ജന അച്ഛനിൽ നിന്നും അകറ്റുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്..

പക്ഷെ അവർക്കു മുത്തശ്ശൻ എന്നാൽ ജീവനാണ്… കഴിഞ്ഞപ്രാവശ്യം വന്നു പോകാൻ നേരം സഞ്ചുമോൻ പ്രത്യേകം പറഞ്ഞിരുന്നു മുത്തശ്ശൻ ബർത്ത് ഡേ ക്ക് വരണം എന്ന്… അതാണ് അച്ഛൻ വന്നതും…

ഇനി അച്ഛനോട് താൻ എന്തുപറയും..
ചന്ദ്രമോഹൻ വല്ലാത്ത വിഷമത്തിൽ ഹാളിലേക്ക് ചെന്നു… അച്ഛൻ അവിടില്ല..

ഭാഗ്യം പുറത്താണെങ്കിൽ സംസാരം കേട്ടുകാണില്ല.. അയാൾ വാതിൽ തുറന്നു പുറത്ത് നോക്കി അവിടെയും അച്ഛൻ ഇല്ല… അപ്പൊ അച്ഛൻ എവിടെ… അയാൾ വീടിനു ചുറ്റിലും അച്ഛനെ തിരഞ്ഞു..

“സാറെ സാറിന്റെ അച്ഛൻ കുറച്ചു മുന്നേ ഗേറ്റ് തുറന്നു പുറത്തേക്കു പോകുന്നത് കണ്ടു…”

ക്യാറ്ററിംഗ് സർവീസിനു വന്ന പയ്യൻ പറഞ്ഞു..

ഈശ്വരാ ഈ സന്ധ്യ സമയത്തു അച്ഛൻ എങ്ങോട് പോയി..

അയാൾ വേഗം അകത്തുപോയി കാറിന്റെ കീ എടുത്തു വന്നു കാറിൽ കേറാൻ തുടങ്ങിയപ്പോൾ നിരഞ്ജനയുടെ മാതാപിതാക്കൾ വന്നു..

“ചന്ദ്രു എവിടെ പോണ് ഈ സമയത്തു.. ദേ നമ്മുടെ ഗസ്റ്റ്‌ എല്ലാരും എത്തി തുടങ്ങി… വാ നമുക്ക് കേക്ക് മുറിക്കാം…”

നിരഞ്ജനയുടെ അച്ഛൻ അവന്റെ കയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി… അവൻ ഒരു യന്ത്രം പോലെ പ്രവർത്തിച്ചു…

പാട്ടും കൂത്തും മേളവും നടക്കുമ്പോഴും ചന്ദ്രന്റെ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു… ആളുകൾ പിരിഞ്ഞപ്പോൾ ഒരുപാട് നേരം ആയി.. അവൻ വേഗം ഫോൺ എടുത്തു വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ചു.. ബെൽ അടിക്കുന്നുണ്ട്…

പിറ്റേന്ന് നേരം വെട്ടം വെക്കും മുന്നേ ചന്ദ്രൻ അച്ഛനെ തിരഞ്ഞ് ഇറങ്ങി.. അന്വഷിച്ചു വീട്ടിൽ വരെ എത്തി പാക്ഷേ അച്ഛൻ വീട്ടിൽ എത്തിയിട്ടില്ല…

കുറേ ദിവസങ്ങൾ അച്ഛനെ തിരഞ്ഞയാൾ നടന്നു.. പക്ഷെ കണ്ടെത്താൻ ആയില്ല… പോലീസും തിരഞ്ഞു … വിവരം ഒന്നും ലഭിച്ചില്ല…

ഇതിനിടെ നിരഞ്ജന വലിയൊരു ഫുഡ്‌ പ്രോഡക്റ്റ് കമ്പനിയുടെ എം ഡി ആയി ചുമതല ഏറ്റു…

മൂന്നാല് വർഷങ്ങൾ വേഗം കടന്നുപോയി…

ഇന്നാണ് ആ വലിയ ആശ്രമത്തിന്റെ അൻപതാം വാർഷികം നടക്കുന്നത്…
ഒരുപറ്റം ആരോരുമില്ലാത്ത അന്തേവാസികൾ വസിക്കുന്ന സ്നേഹലയത്തിന്റെ…

ഇരുപത് ഏക്കറോളം സ്ഥലത്തിന് നടുവിൽ ആണ് സ്നേഹാലയം… അവിടെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ ഉണ്ട്…

എല്ലാവർക്കും താമസിക്കാൻ വെവ്വേറെ കെട്ടിടങ്ങളും ഉണ്ട്… സന്നദ്ധസേവകരായ കുറേ കന്യാസ്ത്രികൾ ആണ് സ്ഥാപനം നടത്തുന്നത്…

അവർക്കുള്ള അരിയും പച്ചക്കറികളും അവിടെ തന്നെ കൃഷി ചെയ്ത് എടുക്കുകയാണ്… ആരോഗ്യം ഉള്ളവർ ജോലി ചെയ്യും.. കോഴി, മുയൽ, പശു ആട്, ഫാമുകൾ ഇവിടെ ഉണ്ട്..

പെൺകുട്ടികൾക്കായി തയ്യൽ പരിശീലനം, കുടനിർമ്മാനം ബുക്ക്‌ നിർമ്മാണം ഒക്കെ അവിടെയുണ്ട്… അവരുടെ കാര്യങ്ങൾക്കുള്ള ക്യാഷ് അവർ തന്നെ കണ്ടെത്തുന്നു…

പഠിക്കാൻ മിടുക്കുള്ള കുട്ടികളെ പഠിപ്പിച്ചു നല്ല നിലയിൽ വിവാഹം ചെയ്തു വിടുന്നു… ഡോക്ടർ, നേഴ്‌സ്, വക്കീൽ അങ്ങനെ പല മേഖലയിലേക്കും ഇവിടെ നിന്നും പഠിച്ചു പോയവർ ഉണ്ട്…

വലിയ ആഘോഷ പരിപാടികൾ ആണ് സങ്കടിപ്പിച്ചേക്കുന്നത്…

നിരഞ്ജനയുടെ കീഴിലുള്ള ഫുഡ്‌ പ്രോഡക്റ്റ് കമ്പനി ഇവിടെനിന്നാണ് പാലും പാൽ ഉത്പന്നങ്ങളും, മുട്ടയും, ചിക്കനുമൊക്കെ എടുക്കുന്നത്…

ഇന്നാതെ പ്രോഗ്രാം മെയിൻ ഗസ്റ്റ്‌ നിരഞ്ജന ചന്ദ്രമോഹൻ ആണ്…

ഈശ്വര പ്രാർത്ഥന, സ്വാഗതം, അധ്യക്ഷപ്രസംഗം ഒക്കെ കഴിഞ്ഞപ്പോൾ നിരഞ്ജന ഉത്ഘാടന പ്രസംഗം നടത്തി…

പിന്നീട് ആദരവു ചടങ്ങുകൾ ആയിരുന്നു… മുതിർന്ന അന്തേവാസികളെയും, ഓരോ സ്ഥാനം അലങ്കരിക്കുന്നവരെയും പ്രത്യേകം പ്രത്യേകം ആദരിച്ചു…

“അടുത്തത് ഈ സ്ഥാപനത്തിന്റെ നെടും തൂണും, ഇവിടെത്തെ കൃഷി മുഴുവൻ നോക്കി നടത്തുകയും, ഫാമിന്റെ ചുമതല ഭംഗിയായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്ന മോഹന ചന്ദ്രൻ ആണ്… ഈ ആദരവ് വാങ്ങുവാൻ മുന്നോട്ട് വരിക…”

ആളുകൾക്കിടയിൽ നിന്നും തല കുമ്പിട്ട് വേദിയിലേക്ക് കയറിയ ആളെ ആദരിക്കാൻ പൊന്നാടയുമായി മുന്നോട്ട് വന്ന നിരഞ്ജനയുടെ മുഖത്തേക്ക് അയാൾ തല ഉയർത്തി നോക്കി…

ചന്ദ്രുവിന്റെ അച്ഛൻ… നിരഞ്ജന തരിച്ചു നിന്നുപോയി… മോഹന ചന്ദ്രൻ കൈകൂപ്പി അവൾക്ക് മുന്നിൽ തലകുനിച്ചു നിന്നു… നിരഞ്ജന വിയർപ്പിൽ മുങ്ങി…

ഇടറുന്ന കൈകൾ കൊണ്ട് അവൾ ആ ഷാൾ അയാളെ പുതപ്പിച്ചു….അയാൾ പക്ഷെ നിരഞ്ജനയെ പരിചയ ഭാവം പോലും കാണിച്ചില്ല…

“മോഹനചന്ദ്രൻ എന്താണ് ഈ അവസരത്തിൽ പറയാൻ ഉള്ളത്…”

“പ്രത്യേകിച്ച് ഒന്നുമില്ല…. ഓരോ പണിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്… കൂലിപ്പണിക്കാരന്റെ വിയർപ്പാണ് പണക്കാരൻ എ സി യിൽ ഇരുന്നു കഴിക്കുന്ന അന്നം…

അത് ആരും മറക്കാതിരിക്കുക… മക്കൾക്കായി വിയർപ്പൂറ്റി പണിയെടുത്തു അവശരായ മാതാപിതാക്കളെ ഒരിക്കലും ആരും ആക്ഷേപിക്കാതിരിക്കുക… എല്ലാവർക്കും നന്ദി..”

നിരഞ്ജന ഉരുകുകയായിരുന്നു വേദിയിൽ ഇരുന്നു…. ഒരുവിധം എല്ലാം തീർത്ത് എങ്ങനെയോ അവൾ ഓടിച്ചെന്നു കാറിൽ കയറി… എങ്ങനെയെങ്കിലും രക്ഷപെടുക എന്നത് മാത്രം ആയിരുന്നു അവളുടെ ചിന്ത…

Leave a Reply

Your email address will not be published. Required fields are marked *