അവളെ അങ്ങനെ കാണാൻ വയ്യായിരുന്നു.. എപ്പോൾ അവിടെ ചെന്നാലും നിർബന്ധിച്ചു എന്തേലും കഴപ്പിക്കുന്നവൾ ഒന്നും ഇറങ്ങാതെ കിടക്കുന്നത്

(രചന: ജ്യോതി കൃഷ്ണ കുമാർ)

ആൽത്തറയിൽ കിടന്നപ്പോൾ അറിയാതെ മയങ്ങിപ്പോയി.. അല്ലെങ്കിലും ഇടയ്ക്ക് കിട്ടുന്ന ഈ മയക്കങ്ങൾ അല്ലാതെ ഉറക്കം എന്നോ നഷ്ടപ്പെട്ടിരിക്കുന്നു….

പാർവതി “””‘ തന്റെ പ്രാണൻ…
സ്നേഹിച്ചു കൊതി തീരാത്തവൾ..
കണ്ട് മതിയാകാത്തവൾ… മാറാരോഗം അവൾക്ക്…

കൂടെ കൂടെ വരുന്ന പനി.. മാസമുറ കഴിഞ്ഞും ഉള്ള കഠിനമായ വയറു വേദന..

അവൾക്കൊക്കെ നിസാരം ആയിരുന്നു…
കുഞ്ഞിന്റെയും എന്റെയും കാര്യം മാത്രമേ ആ മനസ്സിൽ ഉള്ളൂ…
കുഞ്ഞി കുറുമ്പി വന്നേ പിന്നെ അവൾക്ക് ജീവിതതോട് വല്ലാത്തൊരു കൊതിയാണ് എന്ന് തോന്നിയിട്ടുണ്ട്…

എപ്പോ എന്ത് അസുഖം വന്നാലും നിസ്സാരമായിരുന്നു പെണ്ണിന്…

അതൊക്കെ മാറും.. ജയേട്ടാ…””” എന്നായിരുന്നു അവളുടെ ഭാഷ്യം…

താനാണു അന്നും നിർബന്ധിച്ചു ആശുപത്രിയിൽ കൊണ്ടു പോയത്….

എന്തൊക്കെയോ കുത്തിയെടുത്ത് അവർ ടെസ്റ്റിന് അയച്ചു.. അന്ന് മുതൽ അകാരണമായ ഭയം ആയിരുന്നു…

എന്തോ ആപത്തു വരുന്ന പോലെ…

“”” എന്താടോ ആലിന്റെ തറയിൽ ഇങ്ങനെയൊരു കിടത്തം… തന്നേം തെരഞ്ഞു വീട്ടിൽ പോയിരുന്നു.. പാർവതിയ പറഞ്ഞെ നേരത്തെ എങ്ങോട്ടോ ഇറങ്ങി എന്ന്..”””

അത് കേട്ടാണ് കണ്ണ് തുറന്നു നോക്കിയത് വാര്യർ മാഷാണ്…

മാഷേ എന്നാണ് വിളിക്കുന്നത്, എങ്കിലും അച്ഛൻ എന്നായിരുന്നു പ്രതിധ്വനിച്ചിരുന്നത്…. തന്നെ മനസിലാക്കിയ… ഒരുപക്ഷേ തന്നിലെ പ്രണയത്തെ ആദ്യം തിരിച്ചറിഞ്ഞയാൾ…

ശക്തമായി എതിർത്തു എങ്കിലും എന്റെ ആത്മാർത്ഥ തിരിച്ചറിഞ്ഞ് കൂടെ നിന്നയാൾ… അപ്പോഴാണ് മിഴികൾ ഇരു സൈഡിലേക്ക് ചാലിട്ടോഴുകിയത് മാഷും ശ്രദ്ധിക്കുന്നത് ..

“””എന്താടോ താൻ കാണണം എന്ന് വിളിച്ച് പറഞ്ഞെ… എന്തിനാ കരയുന്നേ???””

ഇന്ന് അലിവോടെ ചോദിച്ചപ്പോൾ വീണ്ടും സങ്കടം തികട്ടി വന്നു..

മാഷിനെ കെട്ടിപ്പിടിച്ച് കരയുമ്പോൾ പത്താംക്ലാസിലെ ട്യൂഷനു വേണ്ടി ചെന്ന ആ പഴയ പത്താം ക്ലാസ്സ്‌ കാരനായി…

“””അവൾക്ക്… അവൾക്ക്… ന്റെ പാർവതിക്ക്….മാറാരോഗം ആണെന്ന്… ഇന്നലെ ആണ് റിസൾട്ട്‌ വന്നത്..

ഞാൻ.. ഞാനവളോട് എന്ത് പറയും മാഷേ… ചികിൽസിക്കാവുന്ന സ്റ്റേജ് എല്ലാം കഴിഞ്ഞത്രേ…. എനിക്ക് എന്താ വേണ്ടേ എന്ന് അറീല്ല മാഷേ…. “””

അതും പറഞ്ഞ് കരയുന്നവനെ ചേർത്തു പിടിച്ചു മാഷ് പത്തു മുപ്പത് കൊല്ലം മലയാളം പഠിപ്പിച്ചെങ്കിലും അയാളോട് പറയാൻ ആശ്വാസവാക്ക് ഓർമ്മകളിൽ പരതുകയായിരുന്നു അയാൾ…

അല്ലെങ്കിൽ ആ കേട്ടതിൽ ഉഴറി എന്താ വേണ്ടേ എന്നറിയില്ലായിരുന്നു മാഷിന്..

“””എല്ലാം ശരിയാവും “”””

എന്ന് പ്രതീക്ഷ നശിച്ച ആ മുഖത്തു നോക്കി പറയേണ്ടി വന്നതിന്റെ സങ്കടത്തിൽ മാഷും നിന്നു..

ഇല്ലെന്നു നിഷേധാർത്ഥത്തിൽ തലയാട്ടുന്നവൻ വീണ്ടും പുലമ്പി..

“””ഒത്തിരി ചോദിച്ചു ഞാൻ മാഷേ ഡോക്ടറോട്… എന്തേലും മാർഗം ഉണ്ടോ ന്ന്.. ഈ പ്രാണൻ പകരം തരാം എന്ന്… ആ സ്റ്റേജ് ഒക്കെ എന്നോ കഴിഞ്ഞെന്ന്… ഇനി… ഇനി.. ഒന്നും ചെയ്യാൻ ഇല്ലെന്ന്…”””

ഒന്നും മിണ്ടാൻ ഇല്ലാതെ മാഷ് കേട്ട് നിന്നു..

“””ഞങ്ങടെ പൊന്നുമോൾ… കല്യാണം കഴിഞ്ഞ് പതിന്നാല് വർഷം കാത്തിരുന്നു കിട്ടിയ ഞങ്ങടെ നിധി…അവളെ കൊഞ്ചിച്ച് അവൾക്ക് മതിയായിട്ടില്ല മാഷേ… അവളുടെ കൊഞ്ചൽ കേട്ട് കൊതി തീർന്നില്ല…”””

“””എല്ലാത്തിനും ഉപരിയായൊരു ശക്തി ഇല്ലെടോ.. മുള്ളും പൂവാക്കാൻ ത്രാണിയുള്ളവൻ… പ്രാർത്ഥിക്ക്… എല്ലാം മാറും… നീ വീട്ടിലേക്ക് ചെല്ലൂ ജയ “””

എന്ന് പറഞ്ഞു അയാളെ പറഞ്ഞ് വിടുമ്പോൾ മാഷിന്റെ മിഴികളും നിറഞ്ഞ് ഒഴുകി…

പഠിപ്പിച്ചിരുന്ന കാലത്ത് കുട്ടികൾക്ക് വീട്ടിൽ നിന്നും എന്തേലും പറഞ്ഞ് കൊടുക്കുന്ന പതിവുണ്ടായിരുന്നു..

അന്ന് ക്ലാസ്സിലെ ഏറ്റവും കുറുമ്പനായിരുന്നു ഇയാൾ..

ജയകുമാർ “””

‘”‘മാഷ് തല്ലി കൊന്നോ.. ഈ കുരുത്തം കെട്ടോനെ “”‘

എന്ന് പറഞ്ഞ് അവന്റെ അച്ഛൻ തന്നെ ആണ് ഏല്പിച്ചു തന്നത്..

പക്ഷേ ഈ കുറുമ്പ് ഒഴിച്ചാൽ അവനൊരു പാവം ആണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായിരുന്നു…

അവനെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞതാവണം ഞങ്ങൾക്കിടയിൽ വളർന്ന ആത്മ ബന്ധത്തിന് കാരണം..
വിവാഹം കഴിക്കാതെ.. ജന്മം നൽകാതെ ഒരച്ഛനായി തീരുകയായിരുന്നു ഞാനും…

രണ്ട് ക്ലാസ് താഴെ പഠിച്ച പാർവതിയെ ഇഷ്ടമാണ് എന്നറിഞ്ഞപ്പോൾ ആദ്യം എതിർത്തു..

ഒരച്ഛന്റെ അധികാരത്തോടെ തന്നെ…

പക്ഷേ പിന്നെ അവളോട് ഉള്ള അവന്റെ സ്നേഹം കണ്ട് അവർക്കായി കൂടെ നിന്നു..

ഇതുകൊണ്ടൊക്കെ തന്നെയാവാം അവനിലെ ഞാനും ഒരച്ഛന്റെ രൂപം പൂണ്ടത്…

വിവാഹം രണ്ട് വീട്ടുകാരും എതിർത്തിട്ടും അവരെ പറഞ്ഞ് മനസ്സിലാക്കാൻ മുൻകൈ എടുത്തതും അവനോടുള്ള എന്റെ ഇഷ്ടം കൊണ്ടാണ്..

തൃപ്തി ഇല്ലാത്തൊരു സമ്മതം കിട്ടിയപ്പോൾ അന്നാണവൻ കെട്ടിപ്പുണർന്ന് ആദ്യമായി കരഞ്ഞത്…

സ്വന്തം അച്ഛനെക്കാൾ മാഷിനെ ആണ് ആ സ്ഥാനത്ത് കണ്ടത് എന്ന് പറഞ്ഞ്..
രണ്ടു വീട്ടുകാരും വിവാഹത്തോടെ അവരെ ഉപേക്ഷിച്ചു…. തന്നിഷ്ടം കാട്ടിയവർ അല്ലേ???

അപ്പോഴും കൂടെ നിന്നു… ഒരച്ഛന്റെ സ്ഥാനത്ത്…

വിവാഹം കഴിഞ്ഞും അവരുടെ ജീവിതം മനസ്സ് നിറഞ്ഞു കണ്ടു നിന്നിട്ടുണ്ട്.. അവരുടെ പരസ്പര സ്നേഹവും ഐക്യവും കണ്ട്..

ഒരു കുഞ്ഞില്ലാത്തതായിരുന്നു ഏക ദുഃഖം…

പക്ഷെ വൈകീട്ട് ആണേലും ദൈവം അതും കനിഞ്ഞു നൽകി.. സന്തോഷം അതിരില്ലാതെയായി… അതിങ്ങനെ ഒരു സങ്കട പെയ്തിനാണ് എന്നറിഞ്ഞില്ലല്ലോ ഈശ്വരൻമാരെ..

അവൾ പാർവതി സാക്ഷാൽ ദേവി തന്നെ ആയിരുന്നു… പെരുമാറ്റം അയാലും രൂപം കൊണ്ടായാലും…

ആ കുട്ടിക്ക് ഇങ്ങനെ ഒരു ഗതി….

നാളുകൾ കൊഴിഞ്ഞു…

പാർവതി തീർത്തും അവശയായി…
അവളെ അങ്ങനെ കാണാൻ വയ്യായിരുന്നു.. എപ്പോൾ അവിടെ ചെന്നാലും നിർബന്ധിച്ചു എന്തേലും കഴപ്പിക്കുന്നവൾ ഒന്നും ഇറങ്ങാതെ കിടക്കുന്നത് കാണാനുള്ള മനക്കട്ടി ഇല്ലായിരുന്നു…

വയറിൽ പടർന്ന രോഗം വേദന കൊണ്ടവളെ ഒരുപാട് തവണ കൊന്നു…

വേദന കുറക്കാൻ ഉള്ള മരുന്നുകൾ നൽകി… അത് മാത്രമേ ചെയ്യാൻ ഉള്ളായിരുന്നു..

ഒടുവിൽ അവൾ യാത്ര പറഞ്ഞു പോയപ്പോൾ ആശുപത്രിയിൽ സാക്ഷിയായി ഞാനും…. അന്ന് മാഷ് വരണം എന്ന് ജയൻ നിർബന്ധിച്ചു….

എല്ലാം കാണണമായിരിക്കും…. വിധി തടുക്കാൻ കഴിയില്ലല്ലോ…

“””സോറി “” എന്ന് പറഞ്ഞ് ഡോക്ടറും നീങ്ങി…

തളർന്നു കുഞ്ഞിനെ എടുത്തിരിക്കുന്ന ജയനരികിൽ എത്തി.. അവന്റെ കുഞ്ഞിനെ വാങ്ങി എടുത്തു…

“”അവൾ പോയി ല്ലേ മാഷേ…””

എന്ന് നിസ്സംഗതയോടെ അവൻ ചോദിച്ചു.. ഒന്നും പറയാൻ ഇല്ലാത്ത കാരണം അവന്റെ തോളിൽ കൈ ചേർത്ത് കുഞ്ഞിനെയും ചേർത്തു പിടിച്ചങ്ങു നിന്നു..

“”ന്റെ… ന്റെ കുഞ്ഞിനെ നോക്കിക്കോണേ മാഷേ “””” എന്ന് പറയുമ്പോൾ അവൻ കിതച്ചിരുന്നു…

മെല്ലെ കസേരയിലേക്ക് ചാരി… ആ മിഴികൾ പൂട്ടി…. പിന്നെ അവനും കണ്ണ് തുറന്നില്ല… പാർവതിക്കു കൂട്ടായ് അവനും പോയി…

വാവിട്ട് കരയുന്ന ഒരു കുഞ്ഞിനെ തനിച്ചാക്കി… ആരോരും അല്ലാത്തൊരു വൃദ്ധനെ അവരുടെ പ്രാണൻ ഏൽപിച്ച്..

കുഞ്ഞിനേയും കൊണ്ട് തളർന്നു ഒരു കസേരയിൽ ഇരിക്കുമ്പോൾ മനസ്സ് പറഞ്ഞിരുന്നു അവൾക്കായി ഇനിയും മുന്നോട്ട് പോകാൻ ഉണ്ടെന്ന്…
ഇങ്ങനെ തളർന്നു പോകരുത് എന്ന്…

എവിടെ നിന്നോ ഊർജ്ജം നിറയുന്നത് അറിഞ്ഞു…

അച്ഛനായി.. അമ്മയായി
അപ്പൂപ്പനായി… ഇനിയെത്ര കാലം എന്നറിയില്ല..

എങ്കിലും ആ വൃദ്ധൻ പ്രാർത്ഥിച്ചു ഒരു നാൾ എങ്കിലും ഇനിയും കൂടി കിട്ടാൻ ആരോരും ഇല്ലാത്തൊരു കുഞ്ഞിന്നായി…

Leave a Reply

Your email address will not be published. Required fields are marked *