(രചന: ജ്യോതി കൃഷ്ണ കുമാർ)
“ടാ അനി, ആ ബ്രോക്കറതാ പുറത്ത് നിക്കുന്നു നീ എന്തെങ്കിലും കൊടുത്ത് വിട്. “അമ്മ അനിലിനെ നോക്കി പറഞ്ഞു …
അനിൽ അമ്മയെ നോക്കി എന്നിട്ട് പേഴ്സും എടുത്ത് പുറത്തേക് പോയി.
ഗൾഫിൽ നിന്ന് വന്നിട്ട് ഒരു മാസം കഴിഞ്ഞു. ലീവും തീരാറായി…
ഇനിയും കല്യാണം ശരിയായില്ല എങ്കിൽ പിന്നെ… പാവം ന്റെ കുട്ടി.. അവിടെ കിടന്ന് കഷ്ടപ്പെട്ടിട്ടാ ഈ കുടുംബം ഒരു വഴിക്കാക്കീത്. തിന്നാതെയും കുടിക്കാതെയുo ഒക്കെ ഇങ്ങോട്ടയക്കും..
രണ്ട് അനിയത്തിമാർക്ക് ജീവിതം ഉണ്ടാക്കി കൊടുത്തു. ഇനി അവന് കൂടി, അതിന് പെൺകുട്ട്യോൾടെ വീട്ടുകാര് ഗ ൾഫ് കാരനാന്ന് പറഞ്ഞാൽ, ങ്ങട്ട് കൊണ്ട് വരണ്ട എന്ന് പറയാന്നാ ബ്രോക്കർ പറഞ്ഞത്…
ഇങ്ങനെ ഒക്കെ ആയാൽ ഈ പാവങ്ങൾക് ഒരു ജീവിതം വേണ്ടേ? ന്റെ തേവരേ ന്റെ കുട്ടീടെ മനസ്സ് വിഷമിപ്പിക്കല്ലേ…
അനിൽ പണം കൊടുത്തപ്പോൾ ബ്രോക്കർ സംസാരിച്ച് തുടങ്ങി….
“മോനേ അനിലേ ഒരു കുട്ടിണ്ട്, മ്മടെ ഷോക്കടിച്ച് മരിച്ച വാസുകൊച്ചേട്ടന്റെ മോളാ, സന്ധ്യ, അങ്ങേര് മരിച്ചപ്പോ ജോലി മൂത്ത ചെക്കന് കിട്ടി…
അവൻ ഒരു പെണ്ണിനെ സ്’നേഹിച്ച് കല്യാണവും കഴിച്ച്, ഇപ്പ അമ്മയേം പെങ്ങളേം തിരിഞ്ഞ് നോക്കത്തില്ല.
അപ്പ പറഞ്ഞ് വന്നത് സ്ത്രീധനമായി വല്ലാണ്ടൊന്നും കിട്ടില്ല സമ്മതമാണെങ്കിൽ നാളെ അവിടം വരെ നമുക്ക് പോവാം, നീ ആലോചിക്ക്…..
പണം ഒരിക്കലും അനിലിനെ ഭ്രമിപ്പിച്ചിട്ടില്ല… അത് ഉണ്ടാക്കാനുള്ള തത്രപ്പാട് അവനെ പോലെ ഉള്ള ഒരു പ്രവാസിയോളം മറ്റാർക്കറിയാം.
ഒരു ചെറിയ ഓടിട്ട വീടാണ്. ഉമ്മറത്തിണ്ണയിൽ കഷ്ടിച്ച് മൂന്നാൾക്ക് ഇരിക്കാം. അനിലും ബ്രോക്കറും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പെൺകുട്ടി ചായയും കൊണ്ട് വന്നു. ഇരുനിറമാണ്, നല്ലമുടിയുണ്ട്. മുടി കണ്ടപ്പോ അനിൽ അമ്മ പറയാറുള്ളത് ഓർത്തു …
“പെണ്ണിന് അഴക് മുടിയാ.. ന്റെ കുട്ടിക്ക് അരക്കൊപ്പം മുടിയുള്ള കുട്ടീനെ കെട്ടിച്ചു കൊടുക്കും.”
അമ്മയുടെ മകൻ പെണ്ണ് ചോദിച്ച് ചെല്ലുമ്പോഴേക്കും പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും കൊത്തിക്കൊണ്ട് പോകും എന്നായിരുന്നു അമ്മയുടെ വിചാരം…
അമ്മയെ വിട്ട് മറ്റൊരു നാട്ടിൽ ചെന്നപ്പോഴും വീട്ടിലെ കാര്യങ്ങൾ മകൻ നിവൃത്തിക്കാൻ തുടങ്ങിയപ്പോഴും അമ്മയുടെ മനസ്സിൽ മകൻ വാനോളം ഉയരുകയായിരുന്നു..
എന്നാൽ അത് അമ്മയുടെ മാത്രം തോന്നലാണ് എന്നും.. വിവാഹ കമ്പോളത്തിൽ മകൻ ഒന്നുമല്ല എന്ന തിരിച്ചറിവ് ആ അമ്മയെയും തളർത്തി.
അവസാനം എതെങ്കിലുo ഒരു പെണ്ണായാൽ മതി എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു.. ഈ കുട്ടിക്ക് ഏതായാലും അമ്മയുടെ സ്ത്രീ ലക്ഷണം ഒക്കെ തികഞ്ഞിട്ടുണ്ട്.
“ചായ കുടിക്കൂ ” പെൺകുട്ടിയുടെ അമ്മയാണ്.. ഇടനാഴികയിൽ പാതി ദേഹം ചുമരിന്റെ പിന്നിൽ ആയി നിൽക്കുകയാണ്.
“ഇവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ ലെ ”
ബ്രോക്കർ പറഞ്ഞതിന് അവളുടെ അമ്മ തല കുലുക്കി സമ്മതം അറിയിച്ചു….
അനിൽ ചെന്നപ്പോ ചെറിയ മുറിയിലെ കട്ടിലിലിൽ ഇരിക്കുകയായിരുന്നു അവൾ.
“സന്ധ്യ ന്നല്ലേ പേര്, ”
ഒരു തുടക്കത്തിന് വേണ്ടി അവൻ ചോദിച്ചു.. അപ്പോഴാണ് അവൾ അയാളെ കണ്ടത്… അവൾ വേഗം എണീറ്റു
“ഉം ” അവൾ മറുപടി പറഞ്ഞു.
“ഞാൻ അനിൽ.. പ്ലസ് ടു വരെ പഠിച്ചിട്ടുള്ളൂ. അപ്പഴേക്കും .അച്ഛൻ….
പിന്നെ കുടുംബം ഉത്തരവാദിത്തങ്ങൾ എല്ലാം എന്നെ കൊണ്ടെത്തിച്ചത് ദുബായിലാണ്.
അവിടെ കൺസ്ട്രക്ഷൻ സൈറ്റിൽ ആണ് ജോലി… ഒരു കാര്യം കൂടി എന്റെത് ഫാമിലി വിസ ഒന്നും അല്ല ട്ടോ… കൊണ്ട് പോകാനൊന്നും കഴിയില്ല… എല്ലാം അറിഞ്ഞിട്ട് സമ്മതമാണെങ്കിൽ മതി… ”
അനിൽ ഇത്രയുo പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഭാവിച്ചപ്പോൾ അവൾ തന്റെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“നോക്കു, സ്വർണ്ണായിട്ടോ പണായിട്ടോ തരാൻ ഞങ്ങടെ കയ്യിൽ ഒന്നും ഇല്ല. അച്ഛൻ രണ്ടാമത് ആണ് അമ്മയെ വിവാഹം കഴിച്ചത്, അതും നിയമപരമല്ലാതെ,
അത് കൊണ്ട് തന്നെ ഒന്നിനും ഞങ്ങൾക്ക് അർഹതയില്ലാതായി, സഹായിക്കാനും ആരൂല്യ… രക്ഷപ്പെടണം ന്ന് വച്ചാൽ ഇപ്പോ വേണം….. ”
അനിലിന് അവളെ ഒരു പാട് ഇഷ്ട്ടായി. ഇങ്ങനെ ഒരു പെണ്ണിനെ ആദ്യായിട്ട് കാണണ പോലെ സൗന്ദര്യത്തേക്കാൾ അവളിൽ എന്തൊക്കയോ ഉള്ളത് പോലെ….
വിവാഹം നടന്നു.
എല്ലാരെയും കണക്കുകൾ തീർത്ത് ഒഴിവാക്കി അനിൽ മുറിയിൽ എത്തി സന്ധ്യ കട്ടിലിൽ ഇരിക്കുകയായിരുന്നു. അനിലിനെ കണ്ടതും അവൾ എണീറ്റു. അനിൽ കതകടച്ച് അവളുടെ അടുത്തേക് ചെന്നു.
പിന്നെ ഒരു കരച്ചിലായിരുന്നു സന്ധ്യ അവന്റെ കാലിൽ വീണ് …
“നീ എഴുന്നേൽക്ക്. നിനക്കിതെന്താ പറ്റിയത്”
“അനിയേട്ടൻ ആണല്ലേ ഈ സ്വർണ്ണം എനിക്ക് ധരിക്കാൻ അമ്മയെ ഏൽപ്പിച്ചത് ഞങ്ങൾ ചെറുതാവാതിരിക്കാൻ. ഇറങ്ങാൻ നേരത്ത് അമ്മ ഇത് പറഞ്ഞപ്പോ ഞാൻ … ഞാൻ … ”
അവൾക്ക് നിയന്ത്രിക്കാൻ ആയില്ല….
“ഹാ, താനൊന്ന് കരച്ചിൽ നിർത്ത്, എന്റെ മണവാട്ടി ആയി വരുന്നവൾക്ക് താലികെട്ടാൻ ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ചതും പിന്നെ ബാങ്കിൽ കിടന്നിരുന്ന കുറച്ച് പണവും ഒക്കെ എടുത്ത് ഞാൻ വാങ്ങിയതാ,
തരുമ്പോൾ നിങ്ങൾ തെറ്റിദ്ധരിക്കുമോ എന്നായിരുന്നു.. പിന്നെ തന്റെ അമ്മ വാങ്ങാനും കൂട്ടാക്കിയില്ല…
അവസാനം അമ്മേടെ മകൻ മനസ്സറിഞ്ഞ് തന്നാൽ അമ്മ മേടിക്കില്ലേ എന്ന് ചോദിച്ചപ്പഴാ വാങ്ങിയത്…”
പറഞ്ഞപ്പോ അനിലിനും തൊണ്ട ഇടറി…
സന്ധ്യ ചോദിച്ചു
“ഇത് ഇവിടത്തെ അമ്മ അറിഞ്ഞാൽ ….”
” അമ്മയാ ഇതൊക്കെ ചെയ്യാൻ പറഞ്ഞത്, എന്താ വിശ്വാസം വരുന്നില്ലേ.. എടീ പൊട്ടിക്കാളീ മകന്റെ ഭാര്യയായി വരുന്ന കുട്ടിക്ക് ചങ്ക് വേണേലും പറിച്ച് തരും എന്റെ അമ്മ, പകരം നീയൊന്ന് സ്നേഹിച്ചാൽ മതി. പരിഗണിച്ചാൽ മതി”
അനിലിന് തൊണ്ട ഇടറി …
“അനിലേട്ടാ…” സന്ധ്യ അനിലിന്റെ തോളിലേക്ക് ചാഞ്ഞു.
അനിൽ തുടർന്നു.. ”
ഇനിയും നീ അറിയേണ്ട പല കാര്യങ്ങളും ഉണ്ട്, ഇനി മുതൽ നീ ഒരു ദുബായിക്കാരന്റെ ഭാര്യയാ..
എന്നും കാണുന്നതിലും ഒപ്പം ഉറങ്ങുന്നതിലും ഉപരി സ്നേഹത്തിന് വേറെയും അർത്ഥ തലങ്ങൾ ഉണ്ടെന്ന് നീയറിയണം, എപ്പഴെങ്കിലും ഒരുമിച്ച് ഉള്ള ഒരു നിമിഷത്തിന്റെ ഓർമ്മ മതി ഒരായുസ് ജീവിച്ച് തീർക്കാൻ…
മണലാരണ്യത്തിൽ വെയിലേറ്റ് നീറുമ്പോഴും ഓരോ പ്രവാസിയുo പിടിച്ച് നിൽക്കുന്നത് ചില മുഖങ്ങൾ ഉള്ളിൽ ഉള്ളത് കൊണ്ടാ….
അത് തരുന്ന പ്രേരണയാ… ചോര നീരാക്കി പണിയെടുക്കും.. അസുഖം വന്നാലും വീട്ടിലേക്ക് പണം അയക്കണ കാര്യം ഓർത്താൽ പിന്നെ അത് മൈന്റ് പോലും ചെയ്യാൻ തോന്നില്ല….
അങ്ങനെ കെട്ടിപ്പടുക്കണതാ ഞങ്ങൾ ജീവിതം അത് മനസിലാക്കി കൂടെ നിക്കാൻ അവന്റെ പെണ്ണ് ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട…..
ജീവിതത്തിൽ കരയാൻ ഒത്തിരി സന്ദർഭങ്ങൾ ഉണ്ടാകും പക്ഷെ ചിരിച്ചോണ്ട് അതിനെ അങ്ങ് ചമ്മിച്ചേക്കണം….
തിരിച്ച് പോവുമ്പോ ഉടല് മാത്രേ പെണ്ണേ കൂടെ പോരൂ ഉയിര് ദേ ഇവിടെ ഉണ്ടാവും… അതറിഞ്ഞാൽ ഒരു പെണ്ണും ചതിക്കില്ല… സ്നേഹികത്തെ ഉള്ളൂ….
പിന്നെ ഇനി നമുക്ക് അമ്മമാർ രണ്ടാ നിന്റെ അമ്മയെ ആവാടക വീട്ടിന്ന് നാളെ തന്നെ ഇങ്ങോട്ട് കൊണ്ടന്നോണം എല്ലാരും കൂടെ ഇവിടെ കൂടാടീ…. ഈ കൂട്ടില് :..”
സന്ധ്യക്ക് താൻ സ്വർഗ്ഗതിൽ ആണെന്ന് തോന്നിപ്പോയി സന്തോഷോ സങ്കടോ എന്താ എന്ന് അറിയാത്ത അവസ്ഥ…
ഇരമ്പി വന്ന കണ്ണുനീർ കണങ്ങൾ അവന്റെ ചുംബനത്തിൽ അലിഞ്ഞ് പോയി.. ഇനിയൊരിക്കലും തന്റെ കണ്ണുകൾ നിറയില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു …