(രചന: ജ്യോതി കൃഷ്ണകുമാർ)
ഏറെ നാൾക്ക് ശേഷം നാട്ടിൽ എത്തിയപ്പോൾ അയാൾക്ക് അവിടം അപരിചിതമായി തോന്നി…
പാടവും തോടും ഉണ്ടായിരുന്നിടത്തെല്ലാം കോൺക്രീറ്റ് കെട്ടിടങ്ങൾ സ്ഥലം കയ്യടക്കിയിരിക്കുന്നു…
സ്വന്തം വീട്ടിലേക്കുള്ള വഴി പോലും മനസ്സിലാവാത്ത സ്ഥിതി.. കൂടെ ഇരിക്കുന്നവൾ മുഖത്തെ അമ്പരപ്പ് കണ്ട് എന്താ എന്നുള്ള മട്ടിൽ പുരികം വളച്ചു..
ഒന്നും ഇല്ല എന്ന് കാണിച്ചു..
വഴിയിൽ കണ്ട ആരോടോ,
“”വലിയാനമ്പറ്റ വീട്ടിലേക്ക് വഴി ചോദിച്ചു….
അയാൾ കയ്യൊന്നു കണ്ണിനു മുകളിൽ വച്ച് സൂക്ഷിച്ചു നോക്കി…
“”അവിടെത്തെ????””” എന്ന് ചോദിച്ചപ്പോൾ
“””പ്രതാപൻ “”” എന്ന് മറുപടി പറഞ്ഞു…
“””ഹാ അത് പറ… നിക്ക് കണ്ടപ്പഴേ തോന്നി… ശ്രീധരൻ മാഷേ പറിച്ചു വച്ച പോലെ.. പണ്ട് നാട് വിട്ട് പോയ ആ ഇളയെ മകൻ ല്ലേ “””
അച്ഛന്റെ പേര് കേട്ടതും ഒന്ന് വല്ലാണ്ടായി..എന്നാലും ചോദിച്ചതിന് മെല്ലെ ഒന്ന് മൂളി…
“”ന്നെ മനസ്സിലായോ??? വടക്കേലെ വറീത് “”
പരിചയത്തിൽ ചിരിക്കുന്ന ആളപ്പോഴേക്കും ഓർമ്മയുടെ ചിതൾപ്പുറ്റ് കളഞ്ഞ് മുന്നിൽ എത്തി..
“”പിന്നെ… ഇപ്പഴും ണ്ടോ എരുമകൾ “””
എന്ന് പരിജയം പുതുക്കി ചോദിച്ചു…
‘”ഹാ മറന്നിട്ടില്ല്യ ല്ലേ കുട്ടിയെ.. അതൊന്നും ഇപ്പൊ ഇല്ല്യ വയ്യ….””
എന്ന് പറഞ്ഞ് ആ ശോഷിച്ച കൈ നീട്ടി വീട് പറഞ്ഞ് തന്നു…. ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒരഞ്ഞൂറിന്റെ നോട്ട് ആ കീശയിൽ തിരുകി..
ആ കണ്ണ് നിറഞ്ഞത് കണ്ടു… ചിരിയോടെ യാത്ര പറഞ്ഞ് കാണിച്ചു തന്നിടത്തേക്ക് തിരിച്ചു…
ഗേറ്റ് കടന്നതും,
“””ഇറങ്ങടാ നന്ദി കെട്ട നായെ “” എന്ന് അച്ഛൻ പറയും പോലെ തോന്നി..
ചുറ്റും നോക്കി.. അങ്ങു ദൂരേ തെക്കേ മുറ്റത്ത് വള്ളികൾ പടർന്നു പിടിച്ച് കിടക്കുന്നിടത്തേക്ക് മിഴികൾ നീങ്ങി..
അമ്മയും അച്ഛനും “””””
അവസാനമായി അതാണ് അച്ഛൻ പറഞ്ഞത്.. അച്ഛൻ എന്നോർക്കുമ്പോൾ ഓർമയിൽ വരുന്നതും…
കൂടെ വന്നവളുടെ കയ്യും പിടിച്ചു നടന്നു.. ആ വലിയ വീടിന്റെ കാളിങ് ബെൽ അമർത്തി… പണ്ടത്തെ കിളി ചിലക്കും പോലെ ഉള്ള ശബ്ദം മാറിയിരിക്കുന്നു..
ഇത്തിരി നേരത്തിനു ശേഷം കതകു തുറക്കപ്പെട്ടു…
“”വീർത്തുന്തിയ വയറുമായി ഒരുവൾ “””
അവൾക്കെന്നെ മനസ്സിലായില്ലെങ്കിലും എനിക്ക് അവളെ മനസ്സിലായി..
ശ്രീക്കുട്ടി “””””
അരവിന്ധേട്ടന്റെ മകൾ… “”””
“””ആരാ??”” എന്നവൾ ചോദിച്ചപ്പോ പണ്ട് കൊച്ചച്ചാ എന്ന് വിളിച്ചു ഓടി വന്നിരുന്ന ഒരു കുഞ്ഞ് മുഖം ഉള്ളിൽ നിറഞ്ഞു..
“””എന്നെ മനസ്സിലായില്ലേ ശ്രീകുട്ടി നിനക്ക്…”” എന്ന് ചോദിച്ചപ്പോഴേക്കും അവൾ കൊച്ചച്ചാ… എന്ന് വിളിച്ചിരുന്നു..
അവൾ തന്നെ എല്ലാവരെയും പോയി വിളിച്ചുകൊണ്ടുവന്നു.. കണ്ണീരും പരിഭവം പറച്ചിലും ഏറെ കേട്ടു.. ഒപ്പം അവർക്ക് ഞാനെന്റെ പെണ്ണിനെ പരിചയപ്പെടുത്തി…
റസിയ “””
ഏറെ നാൾ കൂടി കണ്ടത് കൊണ്ടാവണം ജാ തി മാറി കല്യാണം കഴിച്ചതിന് ആരും ഒന്നും പറഞ്ഞില്ല…
റസിയ എല്ലാവരോടും വളരെ സ്നേഹപൂർവ്വം തന്നെ പെരുമാറി അവർ തിരിച്ചും..
“””നിന്റെ മുറി തന്നെ ഉപയോഗിച്ചോളൂ””
എന്ന് ഏട്ടത്തിയമ്മ പറയുമ്പോഴാണ് 15 വർഷത്തിനു ശേഷവും ഇവിടെ എനിക്ക് വേണ്ടി ഒരു മുറി കാത്തിരുന്നിരുന്നു എന്ന കാര്യം ഞാൻ അറിഞ്ഞത്..
എന്തോ പഴയ ഓർമ്മകൾ മനസ്സിലേക്ക് തികട്ടി വന്നു…
ആ മുറിയിൽ കയറുമ്പോൾ വല്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു..
പതിനഞ്ചു വർഷം മുമ്പ് പടി ഇറങ്ങിയതാണ് ഇവിടെനിന്ന്..
മുറിയിൽ കയറാനാവാതെ വാതുക്കൽ തന്നെ തറഞ്ഞു നിന്നത് കണ്ടിട്ട് ആവണം റസിയ വന്നെന്റെ കൈയിൽ മുറുകെ പിടിച്ചത്..
അവളെയും കൂട്ടി മുറിക്കകത്തേക്ക് കയറി… എല്ലാം പഴയത് പോലെ തന്നെ വച്ചിട്ടുണ്ട്…
സെൽഫ് മെല്ലെത്തുറന്നു അതിൽ ഇരിക്കുന്നുണ്ടായിരുന്നു എന്റെ പഴയ ഫുട്ബോൾ…
ഒരുകാലത്ത് ജീവശ്വാസം പോലെ കൊണ്ടുനടന്നിരുന്ന തായിരുന്നു… എന്നും നല്ലൊരു ഫുട്ബോൾ പ്ലേയർ എന്ന പേര് കേൾപ്പിച്ചിരുന്നു..
“”പ്രതാപ് കരയുന്നോ??””
ഇന്ന് റസിയ ചോദിച്ചത് കേട്ടപ്പോഴാണ് ഫുട്ബോളും കയ്യില്പിടിച്ച് താൻ കരയുകയാണ് എന്ന് ഓർത്തത്…
“””ഏയ് വെറുതെ “”” എന്ന് പറഞ്ഞപ്പോൾ…
“”അവളെയും ഓർത്തോ പ്രതാപ്??””” എന്ന്..
ഉവ്വെന്ന് തലയാട്ടിയപ്പോൾ ആ മുഖത്ത് ചെറിയൊരു സങ്കടം കണ്ട പോലെ…
“”” ഇത്തിരി നേരം ഞാൻ ഇവിടെ ഒന്ന് ഒറ്റയ്ക്ക് ഇരുന്നോട്ടെ??? “”
എന്ന് റസിയോട് ചോദിച്ചപ്പോൾ അവൾ മെല്ലെ മുറിയിൽ നിന്നും ഒഴിഞ്ഞു തന്നു… അല്ലെങ്കിലും അവളെക്കാൾ ഇപ്പോൾ തന്നെ മനസ്സിലാക്കാൻ മറ്റാരുമില്ല എന്ന് പ്രതാപന് അറിയാമായിരുന്നു…
മേലെ പണ്ട് ഡയറി സൂക്ഷിച്ചിരുന്ന അവളുടെ പടം തിരഞ്ഞു… അതിനിടയിൽ നിന്നും അവളുടെ പടം കിട്ടി..
“”അരുന്ധതി “””, എന്റെ ആദി “””
മെല്ലെ ചുണ്ടിൽ ആ പേര് മന്ത്രിച്ചു
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഫുട്ബോൾ നന്നായി കളിക്കുമായിരുന്നു അങ്ങനെയാണ് ഒമ്പതാം ക്ലാസ്സിൽ നിന്നും സെലക്ഷൻ കിട്ടിയത്..
ഫൈനലിലും ഞങ്ങൾ തന്നെ ജയിച്ചു.. കപ്പ് വാങ്ങി സന്തോഷം പങ്കിടുമ്പോൾ ആണ് അവളെ ആദ്യമായി കാണുന്നത്…
മുടി ഇരുഭാഗവും പിന്നീ ഇട്ട സുന്ദരിക്കുട്ടി.. അവൾ എന്നെ തന്നെ നോക്കി നിന്നിരുന്നു ഇതാരാണെന്ന് കൂട്ടുകാരോട് മൊത്തം ചോദിച്ചു… മലയാളം രവീന്ദ്രൻ മാഷിന്റെ മോള് “””
എന്ന് അവർ പറഞ്ഞു ഞാൻ ആദ്യമായി ആയിരുന്നു അവളെ അന്ന് കാണുന്നത്..
എന്നോ അവൾ ആണ് ഇങ്ങോട്ട് മിണ്ടാൻ വന്നത്..
പിന്നീട് അതൊരു നല്ല സൗഹൃദം ആയി സൗഹൃദം വളർന്ന് എന്നോ പ്രണയത്തിലേക്ക് വഴിമാറി…
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും ഡിഗ്രിക്ക് പഠിക്കുമ്പോഴും എല്ലാം അവളായിരുന്നു ലോകം ഒപ്പം ഫുട്ബോളും…
ഒരിക്കൽ ഞാൻ അയച്ച ഒരു കാർഡ് അവളുടെ അമ്മ കണ്ടു..
അത് പ്രശ്നം ആയി..
ഞാൻ ഒരു ഫുട്ബോൾ മാച്ച് തലയിൽ കയറി നിൽക്കുന്ന സമയം.. ഏറെ നാളത്തെ സ്വപ്നം ആയിരുന്നു ആ ട്രോഫി… സെമി ഫൈനൽ കഴിഞ്ഞു ഫൈനൽ അടുത്തപ്പോഴാണ് എല്ലാം അവളുടെ വീട്ടിൽ അറിഞ്ഞത്…
അവർ വീട്ടിൽ വന്ന് രണ്ടു കാലും തല്ലിയൊടിച്ചു..
ഒപ്പം അച്ഛനെ കുറെ ഭീഷണിപ്പെടുത്തി..
ഒരു ഫുട്ബോൾ പ്ലെയർ രണ്ട് കാലും അനക്കാൻ വയ്യാതെ കിടന്നപ്പോഴത്തെ മാനസികവ്യഥ വളരെ അധികം ആയിരുന്നു…
ശരിക്കും ഒരു ചെറിയ മരണം പോലെ തന്നെ… അവളെ അവിടെ നിന്നും അവർ മാറ്റി..
നാലഞ്ചുമാസം പിടിച്ചിരുന്നു ഒന്ന് മെല്ലെ എണീറ്റ് നടക്കാൻ..
അപ്പോഴേക്കും അറിഞ്ഞത് അവളുടെ കല്യാണം അവർ നടത്തിയെന്നതാണ്…
ഒപ്പം എന്റെ വീട്ടുകാരും എന്റെ ശത്രുക്കളായി മാറിയിരുന്നു..
അച്ഛൻ കണ്ടാൽ പോലും മിണ്ടാത്ത അവസ്ഥ…
വീണ്ടും രവീന്ദ്രൻ മാഷിന്റെ വീട്ടിൽ പോയി ഞാൻ ബഹളം വച്ചു… അവൾക്കായി എന്റെ മാത്രം അരുന്ധതി ക്കായി…
അവൾ മറ്റൊരാളുടേത് ആണെന്ന സത്യം അറിഞ്ഞപ്പോൾ തകർന്നു പോയിരുന്നു വല്ലാതെ…
ഇത് അച്ഛന്റെ ചെവിയിലുമെത്തി ഇറങ്ങി പോയ്ക്കോളാൻ പറഞ്ഞു…
എല്ലാംകൂടെ താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു..
വീട്ടിൽ നിന്നും ഇറങ്ങി…
ഒരു സുഹൃത്തിന്റെ കൂടെ ആയിരുന്നു… പിന്നീട് അവനാണ് വിസ സംഘടിപ്പിച്ചു തന്നതും ഗൾഫിലേക്ക് കൊണ്ടുപോയതും …
അവിടെ വച്ചു ഹൃദയാഘാതം മൂലം മരണപ്പെട്ടവൻ അവസാനമായി പറഞ്ഞത് ആകെയുണ്ടായിരുന്ന പെങ്ങളെ ഏറ്റെടുക്കണം എന്നായിരുന്നു.. അതാണ് റസിയ “””
എത്രനേരം ആ മുറിയിൽ അങ്ങനെ കിടന്നു എന്നറിയില്ല.. റസിയ വന്നത് വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്..
നമുക്ക് പോണ്ടേ??””” എന്ന് അവൾ ചോദിച്ചപ്പോൾ പതുക്കെ ഒന്ന് മൂളി..
പോയാലും കാണാൻ ശക്തി ഉണ്ടാകുമോ എന്ന സംശയമായിരുന്നു…
എന്നിട്ടും റസിയയുടെ ബലത്തിൽ പുറപ്പെട്ടു…
അവിടെ ആ പഴയ വീട്ടിൽ അവൾ ഉണ്ടായിരുന്നു എന്റെ അരുന്ധതി..
മെലിഞ്ഞ…ക്ഷീണിച്ച…എനിക്ക് പരിചയമില്ലാത്ത ഒരു അരുന്ധതി..
അവളെ കാണാൻ നെഞ്ചിൽ നോവ് പടർന്നു കൊണ്ടിരുന്നു.. ഓർമ്മകൾക്ക് മാത്രമാണ് മരണമില്ലാത്തത്..
അവ മാത്രമാണ് പഴമയിൽ ചുറ്റി സഞ്ചരിക്കുന്നത്… യാഥാർത്ഥ്യം എത്രയോ കാതം താണ്ടിയിട്ടുണ്ടാകും…
നമ്മുടെ യുക്തിക്കും അപ്പുറം ..
കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെ പേരിൽ എന്നു ഉപേക്ഷിക്കപ്പെട്ട ഒരുവൾ..
അതു മാത്രമായിരുന്നു അവൾ അപ്പോൾ..
ഏതോ ഒരു സുഹൃത്ത് വഴി ഇപ്പോൾ അറിഞ്ഞതാണ് അവളുടെ സ്ഥിതി…
അറിഞ്ഞപ്പോൾ കാണണമെന്ന് വലിയ നിർബന്ധം അതാണ് നാടുമായി വീണ്ടും ഒരു ബന്ധം പുതുക്കൽ..
അവളെ കണ്ടു ഇനി ഒരു യാത്ര പറച്ചിൽ മാത്രം..
അതിൽ കൂടുതൽ ഒന്നും എനിക്ക് ചെയ്യാനില്ലായിരുന്നു….കാരണം ചിലത് അങ്ങനെയാണ്..
വേദനിപ്പിക്കുന്ന നമ്മളെ നിസ്സഹായരാക്കുന്നവ… എന്നെങ്കിലും ഇനിയും വരാം എന്ന് ഒരു പ്രതീക്ഷ അവൾക്ക് നൽകി ആ പടിയും ഇറങ്ങി…