രചന: Kannan Saju
മോളേ അവൻ നിന്റെ ഭർത്താവാണ്… ഭർത്താവ് റേപ്പ് ചെയ്തെന്നൊക്കെ പറഞ്ഞു കേസ് കൊടുക്കുന്നതൊക്കെ സിനിമയിൽ മാത്രമേ കാണാൻ സാധിക്കു…. അല്ലാതെ യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ആരെങ്കിലും….
തന്റെ ഇരുനില വീടിന്റെ ബാൽക്കണിയിൽ രാത്രിയുടെ അന്ധകാരത്തെ ഭേദിക്കുന്ന മുറിയിൽ നിന്നും വാതിലിലൂടെ ബാൽക്കണിയിലേക്കു പറക്കുന്ന അരണ്ട വെളിച്ചത്തിൽ, മുന്നിൽ ഇരിക്കുന്ന ടീപ്പോയിൽ നിന്നും ഒന്നര പെഗ് വിസ്കിയിൽ ഐസ് ക്യൂബ ഇട്ടുകൊണ്ട് ഡോക്ടർ ജനൻ തന്റെ മകൾ ജാനകിയെ നോക്കി പറഞ്ഞു….
നരച്ചു വെട്ടി ഒതുക്കിയ താടിയും.. പാതി നരച്ച മുടിയും വെള്ള മുണ്ടും തേച്ചു മിനുക്കിയ ഷർട്ടും കണ്ടാൽ നാടൻ ബാബു ആന്റണിയുടെ ഉയരവും ഉള്ള ജനന്റെ മകൾ ജാനകി നേരെ തിരിച്ചു അഞ്ചര അടിയോളം മാത്രം ഉയരവും സാമാന്യം തടിച്ച ശരീരം ഉള്ളവളും ആയിരുന്നു… ചുവന്ന കളർ സാരിയും കറുത്ത ബ്ലൗസും നെറ്റിയിലെ ചുവന്ന പൊട്ടും അവളെ ആരും കൊതിച്ചു പോവുന്ന പെണ്ണായി തോന്നിപ്പിച്ചു..
ഡാഡി ഞാൻ… എനിക്ക് വയ്യാണ്ടിരിക്കണ ടൈം ആണ്.. അത് പോലും മനസ്സിലാക്കാതെ ആണ് അയ്യാൾ….
മോളേ അവൻ നിന്റെ ഭർത്താവാണ് ???
അതിനു ???
ഒരു ഞെട്ടലോടെ ആണ് ജാനകി അത് ചോദിച്ചതു…
ഡാഡി എല്ലാത്തിലും ഉപരി അയാളൊരു ips ഓഫീസറാണ്…. സാമാന്യം ചിന്തിക്കാനുള്ള ബുദ്ധി ഇല്ലേ… ഞാൻ ബ്ലീഡ് ചെയ്തിരിക്കുന്ന സമയം വയറും നടുവും വേദന കാരണം അനങ്ങാതെ കിടക്കുന്ന സമയം… ഞാനായയാളുടെ കാലു പിടിച്ചു ഡാഡി…
ജനൻ ഒരു നിമിഷം ചിന്തയിലാണ്ടു…
മോളേ നിന്റെ വിഷമം എനിക്ക് മനസ്സിലാവും.. ഒരുപക്ഷെ അവൻ മനപ്പൂർവം ആവില്ല…. ചിലപ്പോ രണ്ടെണ്ണം കഴിച്ചതിന്റെ ഹാങ്ങോവറിലോ മറ്റോ…
മതി
ഒച്ച എടുത്തു കൊണ്ടു ജാനകി ചാടി എഴുന്നേറ്റു …
ജനൻ ഒന്ന് വിറച്ചു
നാണമാവില്ലേ ഡാഡിക്കു ഇനിയും അവനെ ന്യായെകരിക്കാൻ ??? ഇതൊക്കെ ഒരു കാരണമാണോ ഡാഡി… അല്ലേലും നിങ്ങൾ ആണുങ്ങൾ ഒക്കെ ഇങ്ങനാണല്ലോ…. വന്നു കരയുമ്പോൾ നെഞ്ചോട് ചേർത്തു പിടിക്കും എന്ന് കരുതി..
അവളുടെ കണ്ണുകൾ നിറഞ്ഞു….
ജനൻ എഴുന്നേറ്റു…
മോളേ ഡാഡി അങ്ങനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല….
എങ്ങനെ ഉദ്ദേശിച്ചാണെങ്കിലും ഡാഡി… അന്നത്തെ രാത്രി ഞാൻ എത്ര വേദന തിന്നെന്ന് ഡാഡിക്കു അറിയുവോ… എതിർത്തപ്പോ അവനെന്റെ കരണത്തടിച്ചു… കഴുത്തിനു കുത്തി പിടിച്ചു… എനിക്കും മനസ്സെന്നൊന്നില്ലേ ഡാഡി…
അവൾ കരഞ്ഞു കൊണ്ടു അച്ഛനെ കെട്ടിപ്പിടിച്ചു….
മോളേ കോർട്ട് ഡിവോഴ്സ് എന്നൊക്കെ പറഞ്ഞ മോൾടെ ഇമേജ്…. ഭാവി
അവൾ അയ്യാളുടെ നെഞ്ചിൽ നിന്നും തല ഉയർത്തി
ഡാഡിക്കു മോളുടെ സന്തോഷം ആണോ വലുത് അതോ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നതാണോ ???
അയ്യാൾ ഒന്നും മിണ്ടിയില്ല…
അങ്ങനാണെങ്കിൽ ഞാൻ തിരിച്ചു പോവാം… അയാൾക്ക് തോന്നുമ്പോൾ എല്ലാം അയാൾക്ക് മുന്നിൽ ഞാൻ ഒരടിമയെ പോലെ കിടന്നു കൊടുക്കാം…. അയാൾക്ക് വേണ്ടത് ഭാര്യയെ അല്ല ഡാഡി ഒരു സെക്സ് റോബോർട്ടിനെ ആണ്….
അവൾ വീണ്ടും കരയാൻ തുടങ്ങി….
അല്ല മോളേ… അവൻ ഭർത്താവെന്ന സ്വാതന്ത്ര്യം
പറഞ്ഞു തീരും മുന്നേ
എന്ത് സ്വാതന്ത്ര്യം ??? ദാമ്പത്യത്തിൽ ഭാര്യക്കില്ലാത്ത എന്ത് സ്വാതന്ത്ര്യമാണ് ഡാഡി ഭർത്താവിനുള്ളത് ????
അല്ല മോളേ…. ഭർത്താവാണല്ലോ….
അയ്യാൾ നിർത്തി അവളും ഒന്നും മിണ്ടിയില്ല…
പൂർണമായും മൗനം നിറഞ്ഞു…..
അയ്യാൾ ധൈര്യം സംഭരിച്ചു
മോളേ കുടുംബ ജീവിതം ആവുമ്പോൾ ഇങ്ങനെ പലതും ഒക്കെ ഉണ്ടാവും… അത് നിങ്ങൾ പെണ്ണുങ്ങൾ ആണ് ക്ഷമിക്കേണ്ടതും സഹിക്കേണ്ടതും… എന്നിട്ടു സമയം കിട്ടുമ്പോൾ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.. അങ്ങനെയാണ് ഇന്നത്തെ കുടുംബ ബന്ധങ്ങൾ ഒക്കെ നില നിക്കുന്നത്….
അവൾ അയ്യാളെ നോക്കി പുഞ്ചിരിച്ചു… കരച്ചിലും ചിരിയും കലർന്ന മുഖം….
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാതെ നാല് ചുവരുകൾക്കുള്ളിൽ അടച്ചിട്ടു പെൺബുദ്ധി പിൻബുദ്ധി എന്ന് പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഡാഡി… ശരിയാണ്, അന്നത്തെ മിനിമം വിദ്യാഭ്യാസം പോലും കിട്ടാതിരുന്ന സ്ത്രീകൾ എടുക്കുന്ന തീരുമാനങ്ങൾ മണ്ടത്തരങ്ങൾ ആയിരുന്നിരിക്കാം… അവർക്കു തിന്നാനും കുടിക്കാനും ഉടുക്കാനും എല്ലാം ആണുങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നിരിക്കാം…. അതുകൊണ്ട് തന്നെ വിട്ടുവീഴ്ച എന്ന വാക്കിന്മേൽ ഒരു അടിമയെ പോലെ അടുക്കളയിൽ വെച്ചു വിളമ്പിയും പറയുന്നിടത്തു കിടന്നു കൊടുത്തും ജീവിക്കേണ്ടി വന്നിരിക്കാം.. പക്ഷെ ഇന്നത് പറ്റില്ല ഡാഡി… എന്റെ ശരീരം ഉപയോഗിക്കണം എങ്കിൽ എന്റെ ഭർത്താവായാലും എന്റെയും കൂടി സമ്മതം വേണം… പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയാത്തിടത്തു ജീവിതം ഉണ്ടാവില്ല…എനിക്ക് വിദ്യാഭ്യാസം ഉണ്ട്.. ജോലി ഉണ്ട്…. സ്വന്തമായി തീരുമാനങ്ങൾ ഉണ്ട്… എന്റെ സന്തോഷം മറ്റുള്ളവർ എന്നെ പറ്റി എന്ത് കരുതുന്നു എന്നുള്ളതല്ല.. മറിച്ചു ഓരോ നിമിഷവും പ്രിയപ്പെട്ടവരാൽ സ്നേഹിക്കപ്പെടുക അംഗീകരിക്ക പെടുക, എന്റെ കൊച്ച് കൊച്ച് വിജയങ്ങളിൽ കൂടെ ഉള്ളവരാൽ അഭിനന്ദിക്കപ്പെടുക ഒക്കെ ആണ്….
എനിക്കിനി ഈ ബന്ധം തുടരാൻ കഴിയില്ല… എന്നിലെ പെണ്ണിനെ അറിയാത്തവനൊപ്പം ജീവിക്കാൻ എനിക്ക് കഴിയില്ല… ഡാഡി കൂടെ നിന്നാലും ഇല്ലെങ്കിലും ഞാൻ ഡിവോഴ്‌സുമായി മുന്നോട്ടു പോവും…
അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി… ഒരു നിമിഷം നിന്നു
എനിക്ക് നമ്മുടെ നാട്ടിലെ പെണ്ണുങ്ങളെ ഓർത്തു സഹതാപം തോന്നുന്നു ഡാഡി…
ഇത്രയും വിദ്യാഭ്യാസം ഉള്ള.. സമൂഹത്തിൽ ഉന്നത നിലവാരമുള്ള ഒരുദ്യോഗത്തിൽ ഇരിക്കുന്ന ഡാഡി പോലും സ്വന്തം മകളുടെ കാര്യത്തിൽ ഇങ്ങനാണെങ്കിൽ ഒരു സാധാരണ പെണ്ണിന്റെ അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉളളൂ…
താലിയെന്ന നൂലിന്മേൽ വിലയ്ക്ക് വാങ്ങുന്ന അടിമയായി ഈ സമൂഹം സ്ത്രീകളെ കാണുന്നിടത്തോളം ഇവിടെ ഒന്നും മാറാൻ പോവുന്നില്ല ഡാഡി…. ഒന്നും !
കണ്ണൻ സാജു ❤️
സ്നേഹം ❤️.