സത്യവും മിഥ്യയും
(രചന: Kannan Saju)
” പിന്നെ??? എന്റെ കൂടെ കിടന്നത്തിനു പ്രത്യുപകാരമായി ഞാൻ കൊടുത്തതല്ല ആ പണം! അതെനിക്ക് തിരിച്ചു വേണം. ”
അസ്വസ്ഥത ആയിക്കൊണ്ട് അവൾ ശിഖയെ നോക്കി പറഞ്ഞു.
” അതിനു അവൻ ചോദിച്ചിട്ടാണോ നീ ആ പണം അവനു കൊടുത്തത്? നീയായിട്ട് അവന്റെ അവസ്ഥ കണ്ടിട്ട് കൊടുത്തതല്ലേ??? ഇപ്പോ പെട്ടന്ന് തിരിച്ചു ചോദിച്ചാൽ എവിടുന്നു എടുത്തു തരാനാ?? ”
” അന്ന് അവനെനിക്ക് എല്ലാം ആയിരുന്നു… ഇപ്പൊ ആരും അല്ല… ” ദേഷ്യത്തോടെ അവൾ മേശയിൽ ആഞ്ഞടിച്ചു… ”
എന്നെ അവൻ അവന്റെ ജീവിതത്തിൽ നിന്ന് ഇറക്കി വിട്ടില്ലേ…. ശരി, ഉടനെ വേണ്ട… അവനോടു ഒരു സമയം പറയാൻ പറ നീ ”
” ഞാനോ ??? ”
ഞെട്ടലോടെ ശിഖ അവളെ നോക്കി
” എന്നാ???? നിനക്ക് പറ്റില്ലായോ??? ”
” അതെ നിങ്ങള് പ്രേമിച്ചപ്പോ എന്നോട് ചോദിച്ചിട്ടില്ല പ്രേമിച്ചത്… നീ അവനു പൈസ കൊടുത്തപ്പോ എന്നോട് ചോദിച്ചിട്ടില്ല കൊടുത്തതും….
പിന്നെ നിങ്ങൾ പിരിഞ്ഞപ്പോൾ ഞാൻ എന്നാത്തിനാ ഇടപെടുന്നെ??? എനിക്ക് ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം നിന്നെ കേൾക്കുക എന്നത് മാത്രമാണ്…
എത്ര നേരം വേണേലും നിന്നെ ഞാൻ കേൾക്കാം. അല്ലാതെ അവനുമായി മദ്ധ്യസ്ഥൻ നിക്കാൻ ഒന്നും എന്നെ കിട്ടില്ല ”
” ഓഹോ….! അപ്പൊ നീയും അവന്റെ പക്ഷം ആണല്ലേ??? ആ പെണ്ണ് പിടിയന്റെ? ”
” നിനക്ക് നാണവില്ലേ ലച്ചു ഇങ്ങനൊക്കെ പറയാൻ ??? ” ശിഖ പുച്ഛത്തോടെ അവളെ നോക്കി… ”
ഇത്രയും നാളും അവനെക്കാൾ നല്ലവൻ വേറാരും ഇല്ലായിരുന്നല്ലോ.. ഇപ്പൊ എല്ലാം നിർത്താന്ന് പറഞ്ഞപ്പോ അവൻ മോശക്കാരൻ പെണ്ണ് പിടിയൻ.. ഇതുപോലെ അവനും നിന്നെ പറ്റി പറഞ്ഞാലോ??? ”
” പറയട്ടെ.. അവൻ പറയട്ടെ… ഇത്രേം ചെയ്തവനു അതും ചെയ്യാലോ..? ”
” ഇത്രേം???… ഉം???… എത്രേം???? ”
ലച്ചു നിശബ്ദയായി….
” അതെ എന്റെ പൊന്നു മോളെ, ഈ ഇഷ്ടപ്പെടുന്ന പോലെ തന്നെ ഒരാൾക്ക് മുന്നോട്ടു പോവുമ്പോൾ ആ ബന്ധം പോരാ എന്ന് തോന്നിയാൽ അല്ലെങ്കിൽ ഇതല്ലല്ലോ ഞാൻ സ്വപ്നം കണ്ട ജീവിതം എന്ന് തോന്നിയാൽ അത് തുറന്നു പറയാനും പിന്മാറാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്…
വെറുതെ ഒന്നും അല്ലല്ലോ അവനു സമാധാനം കൊടുക്കാഞ്ഞിട്ടല്ലേ??? തൊട്ടേനും പിടിച്ചെന്നും സംശയം… അവൻ ഒരു പാട്ട് എഴുതിയിട്ട് ഒന്നര വര്ഷമായി ലച്ചു.. അതിനെന്ന കാരണം? ”
” ഓഹോ… ഞാനാണോ??? ഞാനാണോ കാരണം??? ”
” ആ നീ തന്നെയാ… നിന്റെ ഒടുക്കത്തെ സംശയം…. വീട്ടിൽ വേറെ പെണ്ണ് വരാൻ പാടില്ല.. സ്റ്റുഡിയോയിൽ വരാൻ പാടില്ല… ഫോണിൽ വരുന്ന എല്ലാ മെസ്സേജും കാണണം… ഇതൊന്നും അവൻ പറഞ്ഞതല്ല.. എന്നോട് നീ തന്നെ പറഞ്ഞിട്ടുള്ളതാ.. ”
ലച്ചു വീണ്ടും നിശബ്ദയായി….
” നീയും അവനും വേർപിരിഞ്ഞാൽ നാളെ സൂര്യൻ ഉദിക്കാതെ ഇരിക്കുമോ? അല്ലെങ്കിൽ അതുകൊണ്ട് ഞങ്ങളുടെ ആരുടെ എങ്കിലും ജീവിതം നശിക്കുമോ??? ഒരു തേങ്ങയും ഇല്ല ലച്ചു…! ഇത് നിങ്ങളുടെ രണ്ടു പേരുടെ മാത്രം കാര്യമാണ്….
ഇന്നത്തെ സാമൂഹിക നിലവാരം വെച്ച് ബന്ധങ്ങൾ പിരിയുമ്പോൾ ഏറ്റവും കൂടുതൽ പഴി കേൾക്കുക പെണ്ണുങ്ങൾ ആവും.. അതും കൂടുതൽ പറഞ്ഞു പരത്തുന്നതും പെണ്ണുങ്ങൾ തന്നെ ആവും… ഞാൻ ഒരിക്കലും അവനെ ന്യായീകരിക്കില്ല..
പക്ഷെ അവനും അവന്റെതായ കാരണങ്ങൾ ഉണ്ടാവും.. ഉണ്ടാവും എന്നല്ല ഉണ്ട്… അത് ഒന്നെങ്കിൽ നിങ്ങൾ തമ്മിൽ തീർക്കുക.. അതല്ലെങ്കിൽ നല്ലൊരു സൈക്കോളജിസ്റ്റിനിയോ സൈക്കാട്രിസ്റ്റിനെയോ ഒരുമിച്ചു കാണുക..
മറ്റുള്ളവർക്ക് നിങ്ങളുടെ ജീവിതം ഒരു കൗതുകം മാത്രമാണ്… ഒരു ഫ്രണ്ടിനെ പോലെ കെട്ടിരുന്നിട്ടു നാലാളു കൂടുന്നിടത്തു പറഞ്ഞു ചിരിക്കാൻ ഒരു കാരണം മാത്രം! ”
” എനിക്ക് അവൻ ഇല്ലാതെ പറ്റുന്നില്ല ശിഖ ”
” അത് നീ ആദ്യമേ ചിന്തിക്കണമായിരുന്നു… അവനും നിന്നെ പോലെ ഒരു മനുഷ്യൻ ആണ്.. ആണോ പെണ്ണോ ആരും ആവട്ടെ..
അവർക്കും ഇഷ്ട്ടങ്ങൾ ഇല്ലേ?? അവരുടേതായ സ്പേസ് ഇല്ലേ??? നീ ഇഷ്ടപ്പെടുമ്പോൾ ഉള്ള റിഫാത് ആയി ഇരിക്കാൻ പിന്നീട് അവനു നീ അവസരങ്ങൾ നൽകിയോ? സ്വയം ചിന്തിക്കു?
ചില അച്ചന്മാർ മക്കളുടെ ഇഷ്ടം നോക്കാതെ എത്ര പണം വേണമെങ്കിലും അവർക്കു വേണ്ടി മുടക്കി അച്ഛന്മാർക്ക് ഇഷ്ടപെട്ടത് മക്കൾക്ക് വാങ്ങി കൊടുക്കും..
അതുകൊണ്ട് ഏതെങ്കിലും മക്കൾ ഹാപ്പി ആവോ??? അവർക്കു വേണ്ടത് കൊടുക്കുമ്പോൾ അല്ലെ സന്തോഷിക്കാ?? നീ പണം വെച്ച് കൊടുത്തപ്പോ വേണ്ടാന്നു അവൻ പല തവണ പറഞ്ഞെന്നു നീ തന്നെ എന്നോട് പറഞ്ഞു..
കാരണം അവനറിയാം ഉടനെ ഒന്നും അത് തിരിച്ചു തരാൻ പറ്റില്ലെന്ന് അവനു അറിയാന്നു.. ഞാൻ അവനെ ന്യായീകരിക്ക അല്ല.. പക്ഷെ എന്നിട്ടും നീ നിർബന്ധിച്ചു ഏൽപ്പിച്ചു.. എന്നതുകൊണ്ട് മാത്രം നീ ചെയ്യുന്ന എല്ലാത്തിനും അവൻ തല ആട്ടി നിക്കണോടാ? ”
ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു…
” ലച്ചു… നീ മാത്രം തെറ്റുകാരി ആണെന്നല്ല ഞാൻ പറയുന്നേ.. ആരുടേയും മനസ്സിനെ വിലക്കെടുക്കാൻ നമുക്ക് പറ്റില്ല…
അത് ഒരിക്കലും നമ്മുടെ കൺട്രോളിൽ വരില്ലടാ.. ഒരാൾ എന്ത് ചിന്തിക്കും എന്നത് അയ്യാൾ അനുഭവിക്കുന്ന സാഹചര്യങ്ങളും സന്ദര്ഭങ്ങളും ആണ് തീരുമാനിക്കുന്നത് ”
” ഞാൻ പിന്നെ എന്നാടാ ചെയ്യണ്ടേ? ”
” നല്ല ഓർമകളെ ഹൃദയത്തിൽ സൂക്ഷിക്കുക.. നെഞ്ചോട് ചേർത്ത് പിടിക്കുക.. ഒരിക്കൽ ഉടഞ്ഞ ബന്ധങ്ങൾ തുന്നി ചേർക്കാൻ ശ്രമിക്കുന്നത് നമ്മൾ കണ്ട സസ്പെൻസ് ത്രില്ലെർ ക്ലൈമാക്സ് അറിയാമായിരുന്നിട്ടും വീണ്ടും കാണുന്ന പോലെ ഇരിക്കും..
അത് ആണായാലും പെണ്ണായാലും. സാധാരണ ബന്ധം പിരിയുമ്പോൾ ഏറ്റവും കൂടുതൽ അവിഹിത കഥകൾ അടിച്ചിറക്കുക ആണുങ്ങൾ ആണ്..
പ്രത്യേകിച്ചും പങ്കാളി മറ്റൊരാളെ കണ്ടെത്തി എന്ന് അറിഞ്ഞാൽ.. ഇവിടെ അവൻ മനസ്സ് തുറന്നു പറഞ്ഞു നമ്മൾ ഒരുപാടു ഇനി മുന്നോട്ടു പോവില്ല എന്ന്… പരസ്പരം സംസാരിക്കു.. തുറന്നു..
പിടിവാശികൾക്ക് ബന്ധങ്ങളിൽ സ്ഥാനം ഇല്ല… ഒരാളെ അവരായി വിടാൻ അനുവദിക്കണം… അങ്ങനെ അവരെ സ്നേഹിക്കാൻ കഴിയണം.. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു മാറ്റാൻ ശ്രമിച്ചാൽ അത് നാശത്തിലേ കലാഷിക്കു..
പിന്നെ പൈസ.. നീയായിട്ടു അങ്ങോടു കൊടുത്തതല്ലേ? നിനക്ക് തിരിച്ചു വേണം എങ്കിൽ അവനോടു തുറന്നു നീ തന്നെ ചോദിക്ക് എന്ന് തരാൻ പറ്റും എന്ന് ”
” അപ്പൊ ഇനി ഒരിക്കലും അവൻ എന്റെ ആവില്ലേ? ”
” സ്വന്തം ആയിരുന്നത് പോയതല്ലേ…???”
” ഉം ”
” മനുഷ്യൻ വികാരവും വിചാരവും ഉള്ള ജീവിതം അല്ലെ ലച്ചു? നമുക്കൊരിക്കലും അവരുടെ മനസ്സിനെ പിടിച്ചു നിർത്താൻ കഴിയില്ല….
ഒന്നിച്ചു മുന്നോട്ടു പോവാൻ കഴിയില്ലെന്ന് അവനു തോന്നിയ നിമിഷത്തിൽ നിന്നെ പഴി ചാരാതെ തുറന്നു പറയാൻ ഉള്ള മനസ്സങ്കിലും കാണിച്ചില്ലേ?
ഇന്ന് നമ്മുടെ നാട്ടിൽ എത്ര ആണ്പിള്ളേർക്ക് ഉണ്ട് അത്? എല്ലാം കിട്ടാത്ത മുന്തിരി പുളിക്കും എന്നാ പോലല്ലേ പെരുമാറുന്നെ? പോ… പോയി അവനോടു സംസാരിക്കു..
നിങ്ങൾ തുടങ്ങി വെച്ചത് നിങ്ങൾ ഒരുമിച്ചു അവസാനിപ്പിക്കു… അവസാനിപ്പിക്കണം എന്നും ഞാൻ പറയില്ല.. നല്ല സൗഹൃദം മുന്നോട്ടു കൊണ്ട് പോകാൻ കഴിയുമെങ്കിൽ കൊണ്ട് പോകുക… മനസ്സ് തുറക്ക്.. ചിലപ്പോ മനസ്സ് മാറാം… ”
ലച്ചു കണ്ണുകൾ തുടച്ചു എണീറ്റു….
” ഞാൻ അവനെ വിളിക്കട്ടെ? ”
” ഉം ”
ലച്ചു ഫോണുമായി മുന്നോട്ടു നടന്നു… ശിഖ ഒരു നിമിഷം മൗനമായി ഇരുന്നു…
” അവളെ ഞാനും എന്റെ ഫ്രണ്ട്സും എത്ര തവണ റൂമിൽ കൊണ്ട് ആര്മാദിച്ചിട്ടുണ്ടന്നു അറിയോ…. വെടികൾ ഇതിലും ഭേദം… ”
തന്റെ പഴയകാല കാമുകന്റെ പൊയ്‌വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി… അന്ന് കുഴഞ്ഞു വീണ അച്ഛന്റെ മുഖം അവൾ മുന്നിൽ കണ്ടു.. ആത്മാർത്ഥമായി സ്നേഹിച്ചതിനു…
വിശ്വാസത്തോടെ അവനൊപ്പം ചെന്നതിനു.. ഒടുവിൽ സഹിക്കാൻ വയ്യാതായപ്പോ പിന്മാറിയതിന് താൻ കൊടുക്കേണ്ടി വന്ന വില…”
ശിഖയുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു…
ഒരു പ്രതീക്ഷയോടെ.. തനിക്കു വന്നത് ആവർത്തിക്കപ്പെടല്ലേ എന്നാ പ്രാർത്ഥനയോടെ അവൾ ലച്ചുവിനെ നോക്കി.. പക്ഷെ ആ നോട്ടത്തിൽ ആണ് പെൺ വ്യത്യാസം ഇല്ലായിരുന്നു എന്ന് മാത്രം…