ഗൗരി
(രചന: കിച്ചു)
വെളുപ്പിന് നാല് മണിക്ക് ഫോണിൽ അലാറം അടിച്ചതും ഗൗരി ഉറക്കം ഉണർന്നു. അവൾക്ക് ഇനിയും ഉറങ്ങണെമെന്നുണ്ടായിരുന്നു.
പക്ഷേ കല്യാണം കഴിഞ്ഞ് വന്നതിന്റെ ആദ്യ ദിവസം തന്നെ അമ്മായിയമ്മ പറഞ്ഞതാണ് പെണ്ണുങ്ങൾ രാവിലെ എണീറ്റു കുളിച്ചു ശുദ്ധിയായി അടുക്കളയിൽ കയറണമെന്നും
എല്ലാവരും എണീക്കുന്നതിനു മുന്നേ വീടിന് അകവും പുറവുമെല്ലാം അടിച്ചു വാരണമെന്നും മറ്റും.
അത്കൊണ്ട് തന്നെ ഉറക്കചടവോട് കൂടി അവൾ എഴുന്നേറ്റു. അടുത്ത് കിടന്നു ഉറങ്ങുന്ന ഭർത്താവ് പ്രസാദിനെ പുതപ്പ് കൊണ്ട് ഒന്നുകൂടി പുതപ്പിച്ച ശേഷം അവൾ മുറി വിട്ടിറങ്ങി.
അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ.. പ്രസാദ് ഒരുപാട് പെണ്ണ് കണ്ട് കണ്ട് ഒന്നും നടക്കാതെ വന്നപ്പോൾ അവസാന ശ്രമമെന്നോണം പെണ്ണ് കാണാൻ വന്നതാണ് ഗൗരിയെ..
ഗൗരിയെ കണ്ടയുടനെ തന്നെ പ്രസാദിനും അവന്റെ അമ്മയ്ക്കും ഗൗരിയെ ഇഷ്ടപ്പെട്ടു.. ആരും നോക്കി നിന്ന് പോകുന്ന സൗന്ദര്യവും മുട്ടൊപ്പം മുടിയുമുള്ള ഒരു ഗ്രാമീണ പെൺകുട്ടി..
അവൾക്ക് ഒരു ചേച്ചിയും, അനിയനും ആണ് ഉള്ളത്. ചേച്ചിയെ വിവാഹം ചെയ്തിരിക്കുന്ന സാബുവും അനിയൻ ഗിരീഷും പ്രവാസികളാണ്…. ഒരു ആവറേജ് കുടുംബമാണ് ഗൗരിയുടേത്..
പ്രസാദിന്റെ ആലോചന വരുമ്പോൾ ഗൗരി ഡിഗ്രി അവസാന വർഷം പഠിക്കുകയായിരുന്നു…
അവൾക്ക് ഇനിയും പഠിക്കണമെന്നും ഒരു ജോലി കിട്ടിയിട്ട് മതി കല്യാണമെന്നുമൊക്കെ വളരെ മുന്നേ തന്നെ അവളുടെ അച്ഛനോട് പറഞ്ഞിരുന്നതാണ്..
എന്നാൽ അവളുടെ അച്ഛാച്ഛന്റെ (അച്ഛന്റെ അച്ഛൻ)പെട്ടന്നുള്ള അസുഖവും ആശുപത്രി വാസവുമൊക്കെ കാരണം എത്രയും വേഗം മകളുടെ കല്യാണം നടത്തണമെന്ന തീരുമാനത്തിലേക്ക് അയാൾ എത്തപ്പെട്ടു..
അച്ഛന്റെ പിടിവാശിക്ക് മുൻപിൽ തന്റെ ആഗ്രഹങ്ങളൊക്കെ മാറ്റിവെച്ച് അവൾ വിവാഹത്തിന് സമ്മതം മൂളി.
അങ്ങനെ കല്യാണം കഴിഞ്ഞ് വന്നയുടനെ അമ്മായിയമ്മ ഉത്തരവിറക്കിയതാണ് രാവിലെ എണീക്കണമെന്നുള്ളതും, എല്ലാവരും എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ വീട്ടുപണികൾ എല്ലാം തീർക്കണം എന്നുള്ളതും മറ്റും.
ആദ്യമൊക്കെ ഗൗരി എല്ലാ ജോലികളും സന്തോഷത്തോടെ ചെയ്തു പോന്നു.
കല്യാണത്തിന് മുൻപ് തന്നെ അമ്മ അവളോട് പറഞ്ഞിരുന്നു ചെന്ന് കയറുന്ന വീട് സ്വന്തം വീട് പോലെ കരുതണമെന്നും അവിടെ ഉള്ളവരെ എല്ലാം സ്നേഹിച്ചും ബഹുമാനിച്ചും നിൽക്കണം എന്നുള്ളതും.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞു പോകവേ അവൾക്ക് പ്രസാദിന്റെ വീട്ടിലെ രീതികളുമായി പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ട് തോന്നിതുടങ്ങി.
വാഷിംഗ് മെഷീൻ ഉണ്ടെങ്കിലും കല്ലിൽ അലക്കിയാലേ വൃത്തി ആകുകയുള്ളൂ എന്നും തുണികൾ തേക്കുമ്പോൾ ചിരട്ട കത്തിച്ചുപയോഗിക്കുന്ന തേപ്പ് പെട്ടി ഉപയോഗിച്ചേ തേക്കാൻ പാടുള്ളൂ എന്നും
നിലം തുടക്കുമ്പോൾ തറയിൽ ഇരുന്നു വേണം തുടക്കുവാൻ തുടങ്ങിയ ഉത്തരവുകൾ അമ്മായിയമ്മ അവൾക്ക് നൽകി..
പ്രസാദിന് ഒരു അനിയനും അനിയത്തിയും കൂടിയുണ്ട്. അനിയത്തിയുടെ കല്യാണം കഴിഞ്ഞതാണ്.
വീട്ടിൽ വരുമ്പോഴൊക്കെ അവൾക്കും ഭർത്താവിനും അവർ ആവിശ്യപ്പെടുന്നതെല്ലാം ഗൗരി വെച്ച് വിളമ്പി കൊടുക്കണം..
എത്രയൊക്കെ നന്നായിട്ടു ഉണ്ടാക്കിയാലും അതിനു നൂറു കുറ്റങ്ങൾ നിരത്തും അവർ..അതിന് ഒപ്പം നിൽക്കാൻ പ്രസാദിന്റെ അമ്മയും അനിയനും ഉണ്ടായിരുന്നു.
നൂറു കുറ്റങ്ങൾ പറയുകയും ചെയ്യും, എന്നാൽ അവളുണ്ടാക്കുന്നതെല്ലാം വെട്ടിവിഴുങ്ങിയിട്ട് പാത്രം പോലും കഴുകി വെക്കാതെ പോവുകയും ചെയ്യും.. വീട്ടിലെ പണികളെല്ലാം കഴിഞ്ഞ് അവളൊന്നു കിടക്കുമ്പോൾ രാത്രി പതിനൊന്നു മണി ആയിട്ടുണ്ടാകും.
പ്രസാദിനോട് പരാതി പറയുമ്പോൾ ” ഇതെല്ലാം സാധാരണ വീടുകളിൽ ഉള്ളതാണ്.. നീ കാര്യമാക്കേണ്ട” എന്ന് അയാൾ ഒഴുക്കൻ മട്ടിൽ പറയും.
അയാൾക്ക് അമ്മയും അനിയത്തിയും പറയുന്നതായിരുന്നു വേദവാക്യം. അത് അറിയാവുന്ന അമ്മായിയമ്മയും നാത്തൂനും മിക്ക അവസരങ്ങളിലും ഗൗരിയെ പരമാവധി ദ്രോഹിച്ചുകൊണ്ടിരുന്നു.
തക്കം കിട്ടുമ്പോഴെല്ലാം പ്രസാദിനോട് ഓരോന്ന് ഓതികൊടുത്തു ഗൗരിയെ അവനിൽ നിന്ന് അകറ്റാനും അവർ ശ്രമിച്ചു പോന്നു. അച്ഛനോടും അമ്മയോടും ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ അവരും ഇതെല്ലാം എല്ലാ വീടുകളിലും നടക്കുന്ന സാധാരണ സംഭവങ്ങൾ ആണെന്ന് അവൾക്ക് മറുപടി നൽകി.
ആരോടും പറഞ്ഞിട്ട് കാര്യമില്ലന്ന് മനസിലായത് കൊണ്ട് ഗൗരി പിന്നീടൊന്നും ആരേയും അറിയിക്കാതെ ആരോടും പരിഭവം പറയാതെ ഭർത്താവിന്റെ വീട്ടുകാർ പറയുന്നതെല്ലാം അനുസരിച്ചു ജീവിച്ചു..
ഒരുപാടു ആട്ടും തുപ്പും സഹിച്ചു ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ അവൾ ഗർഭിണി ആയി.. ഏഴാം മാസത്തിൽ ഗൗരിയുടെ വീട്ടുകാർ അവളെ കൊണ്ട് പോകാനായി വന്നപ്പോൾ “നിങ്ങൾ അവളെ കൊണ്ട് പോയാൽ ശരിയാകില്ല ഞങ്ങൾ നോക്കുന്നത് പോലെ നിങ്ങൾ നോക്കില്ലായെന്നും ”
പറഞ്ഞ് അമ്മായിയമ്മ അവരെ തിരിച്ച് വിടാൻ ശ്രമിച്ചു… എന്നാലും അന്ന് അവളുടെ വീട്ടുകാർ നിർബന്ധം പിടിച്ച് അവളെ അവളുടെ വീട്ടിലേക്ക് കൊണ്ട് പോയി…
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മായിയമ്മക്ക് അവിടുത്തെ ജോലികളൊന്നും നോക്കാൻ പറ്റില്ലെന്നും പ്രസാദിനോട് പരാതി പറയാൻ തുടങ്ങി… അങ്ങനെ അമ്മയുടെ നിർബന്ധപ്രകാരം അവൻ അവളെ തിരികെ കൂട്ടികൊണ്ട് വന്നു..
അന്ന് ആദ്യമായി ഗൗരി പ്രസാദിനോട് കയർത്തു സംസാരിച്ചു… അന്നവൻ അവളൊരു ഗർഭിണി ആണെന്ന് പോലും നോക്കാതെ അവളെ ത ല്ലി. അപ്പോഴും അമ്മായിയമ്മ പറയുന്നുണ്ടായിരുന്നു “കണ്ടോ അവളുടെ അഹങ്കാരം രണ്ടു ദിവസം വീട്ടിൽ ചെന്ന് നിന്നപ്പോഴേക്കും അവൾ അഹങ്കാരിയായി മാറി “എന്ന്.
ദിവസങ്ങൾ മുന്നോട്ട് പോകവേ പ്രസാദിന്റെ വീട്ടിലെ ദുരിതങ്ങളും കൂടി വന്നു. പക്ഷെ എല്ലാം സഹിച്ചും ക്ഷമിച്ചും അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി…
അവൾ കരുതി കുഞ്ഞുണ്ടാകുമ്പോഴെങ്കിലും അവർക്കൊരു മാറ്റമുണ്ടാകുമെന്ന്… അങ്ങനെ കരുതാൻ മാത്രമേ അവൾക്ക് കഴിഞ്ഞിരുന്നുള്ളൂ എന്നതാണ് സത്യം.
മോനു ഒരു നാല് മാസമായ സമയത്തു അവൾക്ക് വീണ്ടും പഠിക്കണമെന്ന് ആഗ്രഹം തോന്നി. പഠിത്തത്തിലേക്ക് ശ്രദ്ദ തിരിഞ്ഞാൽ ഈ വിഷമങ്ങളൊക്കെ ഒരു പരിധി വരെ മറക്കാം എന്നവൾ കരുതി.
എന്നാൽ പ്രസാദിന്റെ അമ്മ തീർത്തു പറഞ്ഞു കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ പഠിക്കാൻ പോകേണ്ടയെന്ന്.
പക്ഷെ അവൾ എങ്ങനെയൊക്കെയോ പ്രസാദിനെ പറഞ്ഞു മനസിലാക്കി കുഞ്ഞിനെ അവളുടെ വീട്ടിലാക്കിയിട്ടു ക്ലിനിക്കൽ സൈക്കോളജി പഠിക്കാനായി തുടങ്ങി.. ആ സമയം പ്രസാദിന് മറ്റൊരു സ്ഥലത്തായിരുന്നു ജോലി… അവൻ ആഴ്ചയിലൊരിക്കലേ വീട്ടിലേക്കു വരുകയുള്ളായിരുന്നു..
അങ്ങനെ അവൾ രണ്ടു വർഷം കൊണ്ട് അത് പഠിച്ചിറങ്ങിയിട്ട് വീണ്ടും അപ്ലയിഡ് സൈക്കോളജിയും, എംസി, പിന്നെ ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളും ഓൺലൈൻ ആയി പഠിച്ചു… അതിനിടയിൽ അവൾ ഒരു ആൺകുഞ്ഞിനും കൂടി ജന്മം നൽകി.
അവന് ഒരു വയസായപ്പോഴേക്കും ഗൗരിയ്ക്ക് കലാശമായ പനി പിടിച്ചു.
ഹോസ്പിറ്റലിൽ കൊണ്ട് പോയി മരുന്നൊക്കെ മേടിച്ചു കൊടുത്തിട്ടു പ്രസാദ് വീണ്ടും ജോലി സ്ഥലത്തേക്ക് തിരികെ പോയി. വയ്യാതിരുന്നപ്പോൾ പോലും അവളെ ഒരു സ്ഥലത്ത് ഇത്തിരി നേരം ഇരിക്കാൻ ആ അമ്മായിയമ്മ സമ്മതിക്കില്ലായിരുന്നു.
രണ്ടു മൂന്നു ആഴ്ച കഴിഞ്ഞിട്ടും പനി മാറാത്തത് കൊണ്ട് വീണ്ടും ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോഴാണ് അറിയുന്നത് അവൾക്ക് മഞ്ഞപ്പിത്തമാണ് എന്നുള്ളത്.
അങ്ങനെ ഗൗരിയെ അവളുടെ വീട്ടുകാർ വന്നു കൂട്ടികൊണ്ട് അവരുടെ വീട്ടിലേക്ക് പോയി…
അവിടെ മൂന്നു നാല് ദിവസം നിന്നപ്പോൾ പ്രസാദ് വന്നു പറഞ്ഞു അവിടെ വീട്ടിൽ അമ്മക്ക് ഒറ്റയ്ക്ക് നിൽക്കാൻ കഴിയില്ലെന്നും അതിനാൽ അവൾ അവന്റെ കൂടെ ചെല്ലണമെന്നും നിർബന്ധം പിടിച്ചു.
“എനിക്ക് ഒട്ടും വയ്യ പ്രസാദേട്ടാ എനിക്ക് കുറച്ചു റസ്റ്റ് വേണമെന്ന്” ഗൗരി പറഞ്ഞതും” ഇത്രയും ദിവസം നിന്നില്ലേ ഇനി അവിടെ ചെന്ന് നിന്നാൽ മതിയെന്ന്”പറഞ്ഞു പ്രസാദ് അവളോട് ദേഷ്യപ്പെട്ടു.
വീണ്ടും അവൾ വരാൻ കൂട്ടാക്കാതെ ഇരുന്നപ്പോൾ പ്രസാദ് അവളെ അവരുടെ റൂമിലിട്ടു ത ല്ലി. അവൻ തല്ലിയ കാര്യമൊന്നും ഗൗരി വീട്ടുകാരോട് പറഞ്ഞില്ല.
“അവൾക്ക് ഒട്ടും വയ്യാത്തോണ്ടല്ലേ കുറച്ചു ദിവസം കൂടി അവിടെ നിക്കട്ടെയെന്നും അത് കഴിഞ്ഞു ഞങ്ങൾ അങ്ങ് കൊണ്ടാക്കിക്കോളാമെന്നൊക്കെ”
ഗൗരിയുടെ വീട്ടുകാർ പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ പ്രസാദ് അവളേയും പിള്ളേരെയും ബൈക്കിൽ ഇരുത്തി കൊണ്ടു പോയി.
അപ്പോഴും അവൾ പറയുന്നുണ്ടായിരുന്നു” എനിക്കൊട്ടും വയ്യഏട്ടാ” എന്ന്. അവരങ്ങനെ വീട്ടിലെത്തിയതും അവൾ കുഴഞ്ഞു വീണതും ഒരുമിച്ചായിരുന്നു.
അത് കണ്ടതും അമ്മായിയമ്മയും നാത്തൂനും പറഞ്ഞു “അതൊക്കെ അവളുടെ അടവാണെടാ മോനേയെന്ന്”
പക്ഷെ ഗൗരിയ്ക്ക് തീരെ വയ്യെന്ന് തോന്നിയത്കൊണ്ടാകും പ്രസാധും അവന്റെ അനിയനും ചേർന്നു അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
ഗൗരിയെ അഡ്മിറ്റ് ചെയ്തിട്ട് അവളുടെ വീട്ടുകരേയും വിളിച്ചറിയിച്ച ശേഷം അവൻ തിരികെ വീട്ടിലേക്ക് പോയി. അവളെ അപ്പോൾ ICU വിലേക്ക് കയറ്റിയിരുന്നു.
ഏകദേശം ഇരുപത് ദിവസത്തോളം ആയപ്പോഴാണ് ഗൗരി ഡിസ്ചാർജ് ആയത്. അതിനിടക്ക് പ്രസാദ് അവളെ കാണാൻ വന്നത് ഒന്നോ രണ്ടു വട്ടം മാത്രമായിരുന്നു. പ്രസാദിന്റെ അമ്മ ഒരിക്കൽ പോലും അവിടേക്കു ചെല്ലുകയോ വിളിച്ചന്വേഷിക്കുകയോ ചെയ്തില്ല.
“എനിക്കിനിയും വയ്യ അച്ഛാ അവിടെ.. ഇനി സഹിക്കാൻ പറ്റില്ല എനിക്ക്.. മക്കളെ ഓർത്തു മാത്രമാ ഞാൻ പിടിച്ചു നില്കുന്നത്..”
ഗൗരി കണ്ണീരോടെ അവളുടെ അച്ഛനോടും അമ്മയോടും പറഞ്ഞു. എന്നാൽ അവരുടെ മറുപടി അവളെ തീർത്തും നിശബ്ദയാക്കി.
“മോളൊന്നും ആലോചിക്കേണ്ട കഴിഞ്ഞത് കഴിഞ്ഞു.. നീയിനിയും അവിടെ ചെന്ന് ജീവിക്കാൻ ഉള്ളതാ,അവരോട് ഒരു ദേഷ്യവും മനസ്സിൽ വെക്കേണ്ട..”
എന്ന് പറഞ്ഞ് അവളെ വീണ്ടും അവന്റെ വീട്ടിലേക്ക് കൊണ്ടാക്കിയിട്ടു അവര് തിരികെ പോയി.
കുറച്ചു നാളത്തേക്ക് പിന്നീട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രസാദിന്റെ അനിയൻ പ്രവീൺ മറ്റൊരു മ ത ത്തി ൽ പെട്ട ഒരു പെണ്ണുമായി ഇഷ്ടത്തിലായിരുന്നു .
അവന്റെ അമ്മ അതെതിർത്തു എങ്കിലും അവൻ അത് തന്നെ മതിയെന്ന് നിർബന്ധം പിടിച്ചപ്പോൾ അവർക്കു സമ്മതിക്കേണ്ടി വന്നു.
അവൾക്ക് അത്യാവശ്യം നല്ല സ്ത്രീധനം ഉണ്ടായിരുന്നത് കൊണ്ട് അമ്മായിയാമ്മക്ക് അവളോട് പ്രത്യേക ഒരിഷ്ടം ഉണ്ടായിരുന്നു…
അവസാനം രണ്ടാമത് വന്നു കയറിയവൾക്ക് വരെ ആഹാരം വച്ചുണ്ടാക്കി കൊടുക്കേണ്ടിയും അവൾ കഴിച്ച എച്ചിൽ പത്രം വരെ കഴുകേണ്ടി വന്നപ്പോഴാണ് ഗൗരി പ്രസാദിനോട് പറഞ്ഞത് ഇത്രയൊക്കെ പഠിച്ചതല്ലേ അവൾക്ക് ജോലിക്ക് പോകണമെന്നുള്ളത്.
അതിന് പ്രസാദ് എതിർത്തെങ്കിലും അമ്മായിയമ്മക്ക് ആ ഒരു കാര്യത്തിൽ പൂർണ സമ്മതമായിരുന്നു.
മക്കളെ അവര് നോക്കിക്കോളാമെന്നും ഗൗരി ജോലിക്ക് പൊക്കോട്ടെയെന്നും അവര് പ്രസാദിനോട് പറഞ്ഞു. അങ്ങനെ അവൾ ജോലിക്ക് പോയി തുടങ്ങി. പക്ഷേ അപ്പോഴും വീട്ടുജോലികൾ എല്ലാം അവളുടെ തലയിൽ ആയിരുന്നു.
വീട്ടിലെ ഏല്ല ജോലികളും മക്കളുടെ കാര്യങ്ങളും എല്ലാം അവൾ വെളുപ്പിനെ എണീറ്റു ചെയ്തു തീർത്തിട്ടായിരുന്നു ജോലിക്ക് പോയിരുന്നത്. തിരികെ വന്നാലും കാണും ഒരു നൂറു കൂട്ടം ജോലികൾ.
എല്ലാവരും ഭക്ഷണം കഴിച്ച പാത്രങ്ങൾ വരെ കഴുകാതെ കൂട്ടിയിട്ടിട്ടുണ്ടായിരിക്കും. അവൾ വന്നതിനു ശേഷം എല്ലാ ജോലികളും ഒതുക്കി കിടക്കുമ്പോൾ മണി പന്ത്രണ്ടു കഴിഞ്ഞിരിക്കും. എങ്കിലും അവൾ എതിർത്തൊന്നും പറഞ്ഞില്ല.
അതിന്റെ പേരിൽ ഇനി ജോലിക്ക് പോകേണ്ടന്ന് പ്രസാദ് പറയുമോ എന്നവൾ ഭയപെട്ടു. കാരണം ജോലിക്ക് പോകുന്ന കുറച്ചു നേരം മാത്രമാണ് അവൾ മനസമാധാനത്തോടെ ഇരുന്നത്.
ജോലിക്ക് പോയി ആദ്യശമ്പളം കിട്ടിയപ്പോൾ അതിനു അവകാശം പറഞ്ഞു ഭർത്താവും അമ്മായിയമ്മയും എത്തി.
“നിനക്ക് അതിനും വേണ്ടിയുള്ള ചിലവൊന്നുമില്ലല്ലോ എന്തേലും ആവശ്യമുണ്ടെൽ ചോദിച്ചാൽ മതിയെന്നും” പറഞ്ഞ് ഗൗരിയുടെ ATM ഉം അവൻ കൈക്കലാക്കി.
ജീവിതം പിന്നെയും വിരസതയോടെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി മുഖപുസ്തകത്തിൽ കഥകൾ എഴുതിയിരുന്ന ഒരാളുമായി അവൾ ചങ്ങാത്തതിലാകുന്നത്.
കയ്പ്പേറിയ ജീവിതത്തിനിടയിലും അവൾക്ക് അല്പം ആശ്വാസം കിട്ടിയിരുന്നത് മുഖപുസ്തകത്തിലെ കഥകൾ വായിക്കുമ്പോൾ ആയിരുന്നു. മെല്ലെ മെല്ലെ അവരുടെ സൗഹൃദം വളർന്നു.
അയാൾ വളരെ നല്ലൊരു മനുഷ്യൻ ആണെന്ന് ഗൗരിയ്ക്ക് പൂർണമായും ബോധ്യപ്പെട്ടതും അവൾ തന്റെ ജീവിതത്തെക്കുറിച്ച് അയാളോട് സംസാരിച്ചു. അവൾ ഇത്രയും നാൾ അനുഭവിച്ച കാര്യങ്ങൾ കേട്ടതും അവനു ദേഷ്യം വന്നു.
“എന്തിനു വേണ്ടിയാണ് നീയിങ്ങനെ അടിമകളെ പോലെ നിക്കുന്നത്.? വീട്ടിലുള്ളവരുടെയെല്ലാം തുണി അലക്കി, കഴിക്കുന്ന പാത്രം കഴുകി,
അവരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്ത്, അവരുടെ കുത്തുവാക്കുകൾ കേട്ട് നിൽക്കേണ്ട ആവിശ്യം എന്താ നിനക്ക്?” അയാൾ ചോദിച്ചു.
തനിക്ക് വേറെ വഴിയില്ലാഞ്ഞിട്ടാണെന്നുള്ള അവളുടെ മറുപടി കേട്ടതും അവനു വീണ്ടും ദേഷ്യം വന്നു.
“എന്റെ ഫ്രണ്ട്ഷിപ് നീ എങ്ങനെയാണ് കാണുന്നതെന്നു എനിക്കറിയില്ല പക്ഷേ ഞാൻ കാണുന്നത് ആത്മാർത്ഥമായിട്ട് തന്നെയാണ്.. എന്റെ കൂട്ടുകാരി ഇങ്ങനെ സ്വന്തം ജീവിതം ഹോമിക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല.”അവൻ പറഞ്ഞു
“ഞാൻ എന്താണ് ചെയ്യേണ്ടത്… എന്ത് വേണമെന്ന് എനിക്കറിയില്ല ” അവൾ നിസ്സഹായയായി പറഞ്ഞു.
“എല്ലാവർക്കും വേണ്ടി ആഹാരം ഉണ്ടാക്കി കൊടുക്കുന്നതും, വീട്ടിലെ ജോലികൾ ചെയ്യുന്നതുമൊക്കെ നല്ല കാര്യമാണ് അതിൽ ഞാനൊന്നും പറയില്ല. പക്ഷെ അത് നിന്റെ മാത്രം ഉത്തരവാദിത്തം ആകരുത്. വീട്ടിൽ മറ്റുള്ള ആളുകളും ഉണ്ടല്ലോ.
അവർക്കും ചെയ്യാം. നിന്റെ ഭർത്താവിനെ പോലെ രാവിലെ മുതൽ വൈകിട്ട് വരെ ജോലിക്ക് പോയി വരുന്നവളല്ലേ നീയും. എന്നിട്ടും നിനക്ക് തീർത്താൽ തീരാത്ത പണിയെടുക്കേണ്ടി വരുന്നു..
പോരാത്തതിന് വീട്ടുകാരുടെ ആട്ടും തുപ്പും കേൾക്കുകയും വേണം.. ഇന്ന് മുതൽ കെട്ടിയോന്റെയും പിള്ളേരുടെയുമല്ലാതെ മറ്റുള്ളവർ കഴിച്ച പാത്രങ്ങളോ,അവരിടുന്ന തുണികളോ നീ കഴുകരുത്..
അവര് ചെയ്തില്ലെങ്കിൽ അതവിടെ കിടക്കട്ടെ.. ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ നീയെന്നും അവിടെയൊരു അടിമയായി കിടക്കേണ്ടി വരും.”അവൻ പറഞ്ഞു.
അന്ന് വൈകിട്ട് വീട്ടിൽ വന്നപ്പോഴും വീടും അടുക്കളയും അലങ്കോലമായി കിടക്കുന്നുണ്ടായിരുന്നു. അവൾ അതൊന്നും ശ്രദ്ധിക്കാതെ മക്കളുടേയും പ്രസാദിന്റെയും കാര്യങ്ങൾ മാത്രം നോക്കിയതും അമ്മായിയമ്മ ദേഷ്യത്തോടെ അവൾക്കരികിലെത്തി.
“നീ കണ്ടില്ലേ അടുക്കളയിൽ പാത്രങ്ങൾ കിടക്കുന്നത്.. നീയിവിടെ ഇരുന്നാൽ പിന്നെ അതൊക്കെ ആരാ കഴുകി വെക്കുക “അവർ ചോദിച്ചു.
“അമ്മയ്ക്കും കൈ ഉണ്ടല്ലോ..കഴിച്ച പാത്രങ്ങൾ കഴുകി വെച്ചു എന്ന് കരുതി വളയൊന്നും ഊരി പോകില്ല.” അവൾ പറഞ്ഞത് കേട്ടതും അമ്മായിയമ്മ അമ്പരന്ന് പോയി.
അത് കേട്ട പ്രസാദ് അവളെ അടിക്കാനായി കയ്യോങ്ങിയതും അവൾ അവനോട് പറഞ്ഞു ” എന്റെ ദേഹത്തെങ്ങാനും തൊട്ടാൽ നിങ്ങൾ വിവരമറിയുമെന്ന് ”
അവളുടെ പെട്ടന്നുണ്ടായ മാറ്റത്തിൽ എല്ലാവരും അമ്പരന്ന് പോയി. ഗൗരി പോലും അവൾക്ക് ഉണ്ടായ മാറ്റത്തെ ഓർത്തു സ്വയം അത്ഭുതപ്പെട്ടു. പതിയെ പതിയെ അവളുടെ ശീലങ്ങൾ അവൾ മാറ്റുകയായിരുന്നു.
ജീവിതത്തോട് അവൾക്ക് ഇഷ്ടം തോന്നിതുടങ്ങി. എല്ലാത്തിനും സപ്പോർട്ടയിട്ട് നിന്നത് അവളുടെ ബെസ്റ്റ് ഫ്രണ്ടായ എഴുത്തുകാരനുമായിരുന്നു.
ഇതിനിടയിൽ പലപ്പോഴും അവളുടെ അമ്മായിയമ്മയും നാത്തൂനും പ്രസാദിനോട് അവളെ പറ്റി പലതും പറഞ്ഞ് വഴക്കുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അവർ രണ്ട് പേരും ചേർന്ന് പ്രസാദിന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ വിതച്ചു.
ഗൗരിയ്ക്ക് ആരോടോ വഴിവിട്ട ബന്ധം ഉണ്ടെന്നും അത്കൊണ്ടാണ് അവൾ ഇങ്ങനെ ഒക്കെ പെരുമാറുന്നതെന്നും അവർ പ്രസാധിനെ ധരിപ്പിച്ചു. അതിന്റെ പേരിൽ പ്രസാദ് ഒരിക്കൽ ഗൗരിയെ പൊ തിരെ ത ല്ലി.
ഇത്തവണ ഗൗരി അടങ്ങിയിരുന്നില്ല. സ്വന്തം വീട്ടുകാരെ വിവരം അറിയിച്ച ശേഷം പോലീസിൽ കംപ്ലയിന്റ് നൽകി. S I പ്രസാദിനെയും കുടുംബത്തെയും സ്റ്റേഷനിൽ വിളിപ്പിച്ച ശേഷം നന്നായി ദേഷ്യപ്പെട്ടു.
തിരിച്ച് പ്രതികരിക്കില്ല എന്നുറപ്പുള്ളവരോടല്ല നിന്റെ ആണത്തം കാണിക്കേണ്ടതെന്നും ഇനിയും ഇത് പോലെ ആവർത്തിച്ചാൽ നിന്നേയും നിന്റെ അമ്മയേയും തൂക്കിയെടുത്തു അകത്തിടുമെന്നുമൊക്കെ പറഞ്ഞു പ്രശ്നം പരിഹരിച്ചു വിട്ടു.
അങ്ങനെ പ്രശ്നമെല്ലാം സോൾവായിട്ട് ഗൗരി വീട്ടിൽ വന്നപ്പോൾ പ്രസാദിന്റെ അനിയത്തി അവളോട് വീണ്ടും തട്ടിക്കയറി. ”
നിന്റെ കയ്യിലിരുപ്പ് നന്നായില്ലെങ്കിൽ ഇത് പോലെ കിട്ടുമെന്നും ഇനിയും നീ ത ല്ലു കൊള്ളാൻ കിടക്കുന്നതേയുള്ളുവെന്നും” പറഞ്ഞ് തീരുന്നതിനു മുന്നേ തന്നെ കുട്ടികൾക്ക് മുട്ട പുഴുങ്ങനായി വെച്ചിരുന്ന ചെറു ചൂട് വെള്ളം എടുത്ത് ഗൗരി അവളുടെ മുഖത്തേക്ക് ഒഴിച്ച് കൊടുത്തു.
“ഇനിയെന്റെ ദേഹത്തു തൊട്ടാൽ കുടുംബത്തോടെ എല്ലാവരും ജയിലിൽ പോയി കിടക്കേണ്ടി വരും..”ഗൗരി ദേഷ്യത്തോടെ പറഞ്ഞു. അവൾ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്ത് ചെന്നു പരാതി പറഞ്ഞതും ”
നീ ചെന്ന് അവളെ കുത്താൻ പോയിട്ടല്ലേ ഇല്ലെങ്കിൽ അവളൊന്നും ചെയ്യില്ലായിരുന്നല്ലോ”
എന്നും പറഞ്ഞു അവർ കയ്യൊഴിഞ്ഞു. എല്ലാവരും ആ കാര്യത്തിൽ അതെ നിലപാട് സ്വീകരിച്ചു.
പോലീസ് സ്റ്റേഷനിൽ നിന്ന് വന്നതിൽ പിന്നെഎല്ലാവർക്കും ഗൗരിയോട് നേരിട്ട് വഴക്കുണ്ടാക്കാനും ദേഹത്തു കൈ വെക്കാനും ഭയമായി തുടങ്ങി. പക്ഷെ എല്ലാവർക്കും മനസ്സിൽ അവളോട് വെറുപ്പ് ആയിരുന്നു.
പിന്നെ എല്ലാമൊന്നു കെട്ടടങ്ങിയപ്പോൾ അവൾ വീണ്ടും ജോലിക്ക് പോകുകയും അത് വരെയുണ്ടായ കാര്യങ്ങൾ അവളുടെ ബെസ്റ്റ് ഫ്രണ്ടിനോട് പറയുകയും ചെയ്തപ്പോൾ അവനും അതിശയമായി. ഇതെല്ലാം ചെയ്തത് അവൾ തന്നെയാണോ എന്നുള്ള സംശയം അവനിലുണ്ടായി.
എന്തായാലും അങ്ങനെ പ്രതികരിച്ചതിൽ അവനവളെ അഭിനന്ദിക്കുകയും ചെയ്തു. അങ്ങനെ ജീവിതം വലിയ പ്രശ്നമില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് കൊറോണ കാരണം ലോക്ക് ഡൌൺ ആയത്.
ലോ ക്ക് ഡൌ ൺ തുടങ്ങി ആദ്യത്തെ രണ്ടു മൂന്നു ദിവസം കുഴപ്പമൊന്നുമില്ലാതെ പോയി.
പിന്നെ പിന്നെ പഴയത് പോലെ ഓരോ പ്രശ്നങ്ങൾ തുടങ്ങി. അങ്ങനെ ഒരിക്കൽ പ്രസാദും അനിയനും അളിയനും കൂടി പുറത്തേക്ക് പോയിരുന്നു അവൾ റൂമിലും ഇരിക്കുകയായിരുന്നു.
പെട്ടെന്ന് ഇളയ കുട്ടി ഓടി വന്നു പറഞ്ഞു “ചേട്ടൻ കോഴിക്കൂടിന്റെ മുകളിൽ നിന്നും താഴെ വീണെന്നും അവൻ വിളിച്ചിട്ട് അനങ്ങുന്നില്ലായെന്നും.”ഗൗരി അത് കേട്ടു പേടിച്ചു അവൾ ഓടിചെന്നപ്പോൾ കുഞ്ഞു ബോധമില്ലാതെ കിടക്കുകയായിരുന്നു.
ഗൗരി നോക്കിയപ്പോൾ അമ്മായിയമ്മ അവിടെ ഉണ്ടായിരുന്നു. കുഞ്ഞു അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടിട്ടും അവർ ചെറുവിരൽ അനക്കിയില്ല. അവളുടെ നോട്ടം കണ്ടതും അവർ വെള്ളം എടുക്കാനായി പോയി.
തൊട്ടടുത്ത് വെള്ളമുണ്ടായിരുന്നിട്ടും അവർ ദൂരെ ചെന്ന് വെള്ളമെടുത്ത് പതിയെ ആയിരുന്നു ആ കുട്ടിയുടെ അടുത്തേക്ക് ചെന്നത്.
അത് കണ്ടതും ഗൗരി അവരോടു പറഞ്ഞു ഇതിലും ഭേദം അവരെയങ്ങു കൊ ന്നു തിന്നുന്നതായിരുന്നു എന്ന്.
എന്നിട്ടും പ്രസാദിന്റെ അമ്മ വളരെ കൂളായിട്ട് പറഞ്ഞു കോഴിക്ക് തീറ്റ കൊടുക്കാനായിട്ട് മുകളിൽ കയറിയപ്പോൾ അവൻ വീണതാണെന്നു.
കുഞ്ഞിന്റെ കാര്യം പറയാനായി അവൾ അപ്പോൾ തന്നെ പ്രസാദിനെ വിളിച്ചു. കുഞ്ഞിന് തീരെ വയ്യെന്നും എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കണമെന്നും പറഞ്ഞിട്ടും അവനു യാതൊരു കുലുക്കവും ഉണ്ടായില്ല.
അവൻ മറ്റെവിടെയോ നിൽക്കുവാണെന്നും ഒരു മണിക്കൂർ കൂടി കഴിഞ്ഞേ തിരിച്ചു വരുള്ളൂ എന്നും നിസ്സാരമായി പറഞ്ഞതും മറ്റൊന്നും ആലോചിക്കാതെ കൊച്ചിനെയും എടുത്ത് അവൾ അപ്പുറത്തുള്ള ഒരു ഓട്ടോ പിടിച്ച് ഹോസ്പിറ്റലിലേക്ക് പോയി.
ആ സമയത്ത് അമ്മായിയമ്മയോ വീട്ടിലുള്ള മറ്റാരുമോ ചോദിച്ചില്ല എവിടേക്കാണ് കൊണ്ട് പോകുന്നതെന്നും ഞാൻ കൂടെ വരണോ എന്നുപോലും.
കുഞ്ഞിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പ്രഷർ കൂടിയപ്പോൾ വീഴ്ചയിൽ ബോധം പോയതായിരുന്നു. അന്നത്തെ ദിവസം കുഞ്ഞിനെ അവിടെ അഡ്മിറ്റാക്കി.
ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പ്രസാദും മറ്റുള്ളവരും കു ടിച്ച് ലക്കുക്കെട്ട് ഹോസ്പിറ്റലിലേക്ക് വന്നപ്പോൾ സെക്യൂരിറ്റി അവരെ അകത്തേക്ക് കയറ്റിയില്ല. അങ്ങനെ അവർ കുറച്ചു ബഹളം വെച്ച ശേഷം തിരിച്ചു പോയി.
ഗൗരി കുഞ്ഞുമായി മെയിൽ വാർഡിൽ ആയിരുന്നു. ആകെ പെണ്ണായിട്ട് അവൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അന്ന് ആ ഒരു ഒറ്റ ദിവസത്തോടെ അവൾ മനസിലാക്കി ഒരു പെണ്ണ് രാത്രിയിൽ ഒറ്റക്കായാലുള്ള അവസ്ഥ.
അവളുടെ അച്ഛനെക്കാൾ പ്രായമുള്ള ഒരു മനുഷ്യൻ ആദ്യമൊക്കെ അവളെ മോളേ എന്ന് വിളിച്ചു സഹായിക്കാനെന്ന വ്യാജേന കൂടെ നിന്നു. എന്നാൽ അവൾ ഒറ്റയ്ക്കന്നെന്ന് മനസിലായതും അയാളുടെ വിധം മാറി. അയാളുടെ കണ്ണ് മുഴുവൻ അവളുടെ ശരീരത്തിൽ ആയിരുന്നു.
അയാൾ ഫോണെടുത്തു വെറുതേ ചെവിയിൽ വച്ചിട്ട് ഗൗരി കേൾക്കേ ഇവളെയൊക്കെ കെട്ടിയവന്റെ ഒരു യോഗമെന്നും പിന്നെ പറയാൻ അറക്കുന്ന കുറേ കാര്യങ്ങളും പറഞ്ഞുകൊണ്ടിരുന്നു.
ആദ്യം ഞെട്ടിപ്പോയെങ്കിലും അവൾ ധൈര്യം വീണ്ടെടുത്ത് അയാളുടെ അടുത്തേക്ക് ചെന്നു കരണക്കുറ്റി നോക്കി ഒന്ന് പൊ ട്ടിച്ചു.
“തന്റെ കൊച്ചു മോൾ ആകാനുള്ള പ്രായം മാത്രമല്ലെടാ നാ യെ എനിക്കുള്ളൂ. എന്നിട്ടാണോടാ ഇമ്മാതിരി ചെ റ്റത്തരം കാണിക്കുന്നതെന്നും”
പറഞ്ഞു ബഹളം വെച്ചപ്പോഴേക്കും അവിടെ ആൾക്കാർ കൂടിയിരുന്നു. എല്ലാവരും അയാളുടെ നേരെ തിരിഞ്ഞപ്പോൾ സംഗതി പന്തിയല്ലായെന്നു മനസിലാക്കിയ ആൾ അവിടെ നിന്നും ഓടി രക്ഷപെട്ടു .
“നന്നായിട്ടുണ്ട്.. ഇവനെപോലെയുള്ളവരോടൊക്കെ ഇങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടത്.. ഒരു പെണ്ണ് ഒറ്റയ്ക്ക് ആവുമ്പോഴേക്കും അവസരം മുതലെടുക്കാൻ നിൽക്കുന്നവനെയൊന്നും വെറുതെ വിടരുത്..”
അവിടെ കൂടി നിന്നവർ അവളോട് പറഞ്ഞു. എല്ലാവരും പിരിഞ്ഞു പോയതിന് ശേഷം ഗൗരി ഒറ്റയ്ക്ക് ഇരുന്നു കഴിഞ്ഞു പോയ കാലത്തേയ്ക്ക് തിരിഞ്ഞ് നോക്കി.
“ഒരു പക്ഷെ പഴയ ഗൗരി ആയിരുന്നെങ്കിലോ.. ഇങ്ങനെ പ്രതികരിക്കാൻ ധൈര്യം ഉണ്ടാകുമായിരുന്നോ…? ഒരിക്കലുമില്ല.. ഒന്ന് പ്രതികരിക്കാൻ പോലുമാവാതെ ഇതെല്ലാം സഹിച്ചു കണ്ണീർ വാർത്തു ഇരുന്നേനെ…”
കണ്ണീരൊഴുക്കുന്നതിന് പകരം തന്റേടത്തോടെ നിൽക്കാൻ തന്നെ പ്രേരിപ്പിച്ച കൂട്ടുകാരനെ അവൾ ഓർത്തു.
ഒരു പക്ഷെ ആ സുഹൃത്ത് ഇല്ലായിരുന്നെങ്കിൽ എന്നേ താനും മക്കളും എന്നേ ഇല്ലാതെ ആയേനെ.. അത്രയ്ക്ക് അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു ഈ ചെറിയ കാലയളവിനുള്ളിൽ തന്നെ..
ഇത്രയും നാളും പ്രസാദിന്റെ വീട്ടിൽ പിടിച്ചു നിന്നത് മക്കളെ ഓർത്തും, എന്നെങ്കിലും ഒരിക്കൽ എല്ലാം ശെരിയാകുമെന്ന പ്രതീക്ഷയിലും ആയിരുന്നു. തന്നോടുള്ള സമീപനം ശെരിയല്ലെങ്കിലും തന്റെ മക്കൾക്ക് അച്ഛനെ വേണമെന്ന് കരുതി പിന്നെയും അവിടെ കടിച്ചു തൂങ്ങി കിടന്നു.
എന്നാൽ ഇനി അതിന്റെ ആവിശ്യം ഇല്ല. സ്വന്തം കുഞ്ഞിന്റെ ജീവന് പോലും വില കൊടുക്കാത്ത അച്ഛനെ അവർക്ക് ഇനി ആവിശ്യമില്ല. അന്ന് രാത്രി ചില കടുത്ത തീരുമാനങ്ങൾ എടുത്തുകൊണ്ടാണ് അവൾ മുന്നോട്ട് പോയത്.
പിറ്റേന്ന് മകനെ ഡിസ്സ്ചാർജ് ചെയുന്ന സമയത്തു പോലും പ്രസാദോ അവന്റെ വീട്ടുകാരോ വന്നില്ല. ഗൗരിയുടെ പക്കൽ ആവിശ്യത്തിന് പണം ഉണ്ടായിരുന്നില്ല. അവൾ കയ്യിൽ കിടന്ന വള ഊരിയാണ് ഹോസ്പിറ്റലിൽ ബില്ല് അടച്ചത്.
അവൾ മോനെയും കൊണ്ട് രണ്ടും കല്പ്പിച്ചു തന്നെയായിരുന്നു പ്രസാദിന്റെ വീട്ടിലേക്കു ചെന്നത്. ചെന്നയുടനെ ഒരാളോട് പോലും ഒരക്ഷരം മിണ്ടാതെ ഇളയ മകനേയും കൂടെ കൂട്ടി അവളുടെ വീട്ടിലേക്ക് പോകാൻ തയ്യാറായി.
“പിള്ളേരുമായിട്ട് നീയെവിടെ പോകുന്നു” പ്രസാദ് ചോദിച്ചു.
“ഞാൻ എന്റെ മക്കളുമായി പോകുന്നു..ഇനി തിരിച്ചു വരില്ല.” അവൾ മറുപടി പറഞ്ഞു
“എന്റെ മക്കളെയും കൊണ്ട് അങ്ങനെ പോവാനൊന്നും പറ്റില്ല..” അവൻ വഴക്കുണ്ടാക്കാൻ ഭാവിച്ചതും ഗൗരി ദേഷ്യപ്പെട്ടു.
“എന്നോട് സ്നേഹമില്ലാത്തത് പോട്ടെ നിങ്ങളുടെ ചോരയിലുണ്ടായ മക്കളല്ലേ അവർക്കൊരു ആപത്ത് വന്നപ്പോൾ ഒന്ന് തിരിഞ്ഞ് നോക്കിയോ നിങ്ങൾ… ഇനി എനിക്ക് നിങ്ങളുടെ കൂടെയൊരു ജീവിതം വേണ്ട. എല്ലാം അവസാനിപ്പിച്ചു ഞാനും മക്കളും പോകുന്നു .” അവൾ പറഞ്ഞു
” അവൾ പോകുന്നെങ്കിൽ പോട്ടെടാ നീയെന്തിനാ അവളുടെ കാലുപിടിക്കുന്നത് ” അമ്മായിയമ്മ നിസ്സാരമായി പറഞ്ഞു.
“നാളെ ഒരു സമയത്ത് ഇതിന്റെയെല്ലാം ഫലം നിങ്ങൾ അനുഭവിക്കും അപ്പോഴും ഈ കാണിക്കുന്ന അഹങ്കാരം നിങ്ങളുടെ മുഖത്ത് ഉണ്ടായിരിക്കണം..”
അവൾ കോപത്തോടെ പറഞ്ഞ്കൊണ്ട് മക്കളുമായി അവളുടെ വീട്ടിലേക്ക് വന്നു. എല്ലാ വിവരങ്ങളും വീട്ടുകാരെ അറിയിച്ചപ്പോൾ അവരും അവൾക്കൊപ്പം നിന്നു.”
ഇനി അവനുമായി നമ്മുക്കൊരു ബന്ധവും വേണ്ട… നിനക്ക് എന്താന്ന് വച്ചാൽ തീരുമാനിക്കാമെന്നും” അവളോട് പറഞ്ഞു.
കുറച്ചു നാളത്തേക്ക് അവൾ ആകെ തളർന്നു പോയിരുന്നു. എന്നാൽ ഗൗരിയുടെ പ്രിയ സുഹൃത്തും വീട്ടുകാരും അവൾക്ക് ഒപ്പം താങ്ങായി നിന്നു. അവൾക്ക് മുന്നോട്ട് പോകാനുള്ള ധൈര്യം നൽകി.
വീട്ടിൽ തന്നെ ചടഞ്ഞു കൂടിയിരിക്കാതെ ജോലിക്ക് പോണമെന്നും മനസിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടണമെന്നും പറഞ്ഞു അവളെ നിർബന്ധിച്ചത് ഗൗരിയുടെ എഴുത്തുകാരൻ സുഹൃത്ത് ആയിരുന്നു.
ഇപ്പോഴത്തെ മാനസികാവസ്ഥയിൽ നിന്ന് മുക്ത ആവണമെന്നും അവളുടെ മക്കൾക്ക് വേണ്ടി ഇനിയും ജീവിക്കണമെന്നും മറ്റും അവൻ അവളെ ഉപദേശിച്ചു.
അവന്റ നിർദ്ദേശപ്രകാരം അവൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സോഷ്യൽ വർക്കർ വേക്കൻസികളിലേക്ക് അപ്ലൈ ചെയ്തു. അതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരുന്നു.
കുറച്ചു നാളുകൾക്ക് ശേഷം അവളോട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞ് കാൾ വന്നു. അവൾ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയി ജോലിക്കും കയറി.
പതിയെ പതിയെ ഗൗരി അവളുടെ ജീവിതത്തിലേക്ക് തിരികെ വരുകയും അവൾ അവളുടെ ഹോസ്പിറ്റലിന് അടുത്തേക്ക് ഒരു വീടെടുത്തു അവളുടെ അമ്മയേയും മക്കളെയും കൂട്ടി അങ്ങോട്ട് മാറുകയും ചെയ്തു.
പിന്നീട് അവൾ പ്രസാദുമായി നിയമപരമായി ഡിവോഴ്സ് നേടി. ഇന്നലകളെ മനഃപൂർവം മറന്ന് കൊണ്ട് നല്ല നാളെയെ തേടി അവൾ മക്കളുമായി മുന്നോട്ട് പോയി. അവർക്ക് വേണ്ടി അവൾ ജീവിക്കാൻ തുടങ്ങി.
ഒരു സ്ത്രീയ്ക്ക് ജീവിക്കാൻ ഒരു പുരുഷന്റെ തണൽ കൂടിയേ തീരു എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനെ അവൾ പുച്ഛത്തോടെ തള്ളിക്കളഞ്ഞു.
ഒരുവന്റെ കാൽകീഴിൽ ചവിട്ടി മെതിക്കപ്പെടേണ്ടതല്ല തന്റെ ജീവിതം എന്നവൾക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നു.
ഇന്നവൾ ആൾക്കാർക്ക് ബോൾഡായി പെരുമാറാനും ജീവിതത്തിൽ തോറ്റു പോയവരെ കൗൺസിലിങ്ങ് കൊടുത്ത് ശരിയായ മാർഗത്തിലേക്ക് നയിക്കാനും കഴിയുന്ന അത്യാവശ്യം നല്ല തിരക്കുള്ള ഒരാളായി മാറിയിരിക്കുന്നു.
എല്ലാത്തിനും സപ്പോർട്ടായിട്ട് അവളുടെ വീട്ടുകാരും പിന്നെ നല്ലൊരു ഫ്രണ്ട് ആയിട്ട് ആ എഴുത്തുകാരനും ഇന്നും അവൾക്കൊപ്പമുണ്ട്.
(NB : ഇതൊരു യഥാർത്ഥ ജീവിതത്തിന്റെ നേർപതിപ്പാണ്… ഇതിൽ എന്റേതായ ഭാവനയിൽ കുറച്ചു മാറ്റം വരുത്തി എഴുതിയതാണ്.. അവളിപ്പോഴും എല്ലാവർക്കും വെച്ചും വിളമ്പിയും ആട്ടും തുപ്പുമേറ്റ് അവിടെ അവരുടെ കൂടെ തന്നെ ജീവിക്കുകയാണ്…
ഓരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും അവളുടെ വീട്ടുകാർ കോംപ്രമൈസിനു ശ്രമിക്കുന്നതല്ലാതെ അവളുടെ ജീ വൻ അവർ യാതൊരു വി ലയും ക ല്പിച്ചിട്ടില്ല എന്നുള്ളതാണ് സത്യം)