“അരി കുത്തി കൊണ്ടിരിക്കുമ്പോൾ വേദന വന്ന് പ്രസവിക്കാൻ പോയ ഓൾഡ് ജനറേഷൻ കഥ തൊട്ടു കണ്ണിൽ നിന്നു ഒരു തുള്ളി വെള്ളം പുറത്ത് വരാതെ പ്രസവിച്ച ധീര വനിതകളുടെ

ഗർഭ കഥ
(രചന: ലക്ഷ്മിക ആനന്ദ്)

പ്രഗ്നൻസി ടെസ്റ്റ്‌ പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും ഗർഭിണിയാണെന്ന് വിശ്വസിക്കാൻ സ്വയം ഒരു ബുദ്ധിമുട്ട്, അത് വേറെ ഒന്നും കൊണ്ടല്ല,

പണ്ട് തൊട്ടേ സിനിമകളിലും മറ്റും കണ്ട് മനസ്സിൽ പതിഞ്ഞ കുറച്ചു കാര്യങ്ങളുണ്ടല്ലോ….. അതായത് എന്ത് തിന്നുമ്പോഴും ഓക്കാനം വരുക, പുളിമാങ്ങ, മസാലദോശ എന്നിവ തിന്നാൻ കൊതി തോന്നുക,

തുടങ്ങിയതൊന്നും എനിക്ക് ഉണ്ടായില്ല, എല്ലം സാധാരണ പോലെ. സത്യം പറഞ്ഞാൽ ആദ്യത്തെ സ്കാനിങ് കഴിഞ്ഞപ്പോഴാണ് ഉള്ളിൽ ഒരു കുഞ്ഞു ജീവൻ ഉണ്ടെന്നു ഞാൻ ശെരിക്കും ഉറപ്പിച്ചത്.

അതിനു ശേഷം എന്നിലെ അമ്മ ഉണർന്നു, കഴിക്കേണ്ട ഭക്ഷണങ്ങളുടെ ചാറ്റ് തയ്യാറാക്കൽ മുതൽ നടക്കുമ്പോഴും ഇരിക്കുമ്പോഴും പാലിക്കേണ്ട മിതത്വം വരെ കൃത്യമായി ചെയ്തു പോന്നു.

അങ്ങനെയിരിക്കെ ഒരു ചെക്കപ്പിന് പോയ ദിവസം ആണ് ഡോക്ടർ അത് ശ്രദ്ധിച്ചത്, ഞാനെപ്പോഴും വയറിനു മേലെ ഒരു കൈ വെച്ചിട്ടാണ് നിൽപ്പും ഇരിപ്പും,

ഇതെന്തിനാണെന്നുള്ള ചോദ്യത്തിൽ ഞാൻ അമ്പരന്നു, ഞാനൊരു ഗർഭിണി അല്ലേ? വയറ്റിൽ കൈ വെച്ച് നടക്കുമ്പോൾ കുഞ്ഞിനെ സംരക്ഷിച്ചു നടക്കണപോലെയൊരു തോന്നൽ..

ഞാൻ പറഞ്ഞത് കേട്ടു പൊതുവെ ഗൗരവക്കാരിയായ ഡോക്ടർ ഒന്ന് ചിരിച്ചു, പിന്നീടങ്ങോട്ടുള്ള 15 മിനിറ്റ് ഗർഭവസ്ഥ രോഗവസ്ഥയല്ലെന്നും എന്ത് പണി വേണമെങ്കിലും ചെയ്യുമെന്നും എന്നെ ബോധിപ്പിച്ചു.

മുഴുവൻ അത്ര ബോധ്യമായില്ലെങ്കിലും എല്ലം തല കുലുക്കി സമ്മതിച്ചു. അത് കഴിഞ്ഞുള്ള മാസങ്ങളിൽ ദിവസവും കുറച്ചു നേരം നടക്കാനും ചില ചെറു വ്യായമങ്ങൾ ചെയ്യാനും തുടങ്ങി.

സ്കാനിങ്ങിന് പോകുന്ന ദിവസങ്ങളിൽ ഭയങ്കര ടെൻഷൻ ആണ്, അന്നാണല്ലോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അറിയുന്നത്,

ഡോക്ടർ കുഴപ്പങ്ങളൊന്നും ഇല്ലായെന്ന് പറയുന്നത് വരെ അറിയാവുന്ന ദൈവങ്ങളെ വിളിച്ചു ഇരിക്കും, കുഴപ്പങ്ങളില്ലാന്ന് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ അന്നത്തെ ദിവസം വളരെ സന്തോഷമാണ്,

പോരുന്ന വഴിക്കു തന്നെ ഹോട്ടലിൽ അല്ലെങ്കിൽ ബേക്കറിയിൽ കയറി ഒന്ന് “ചില്ഡ് ” ആയിട്ടാണ് മടക്കം ഏകദേശം 5-6 മാസം തൊട്ട് വയറു പ്രത്യക്ഷപ്പെടാൻ തുടങ്ങി, അതിനു ശേഷം ആശുപത്രിയിൽ പോകുമ്പോൾ സീറ്റില്ലെങ്കിൽ ആരെങ്കിലും ഒഴിഞ്ഞു തരും,

ഏതെങ്കിലും കടയിൽ കയറിയാൽ ” മോള് അവിടെ ഇരുന്നോളു സാധനം ആവുമ്പോൾ വിളിക്കാം ” തുടങ്ങിയ പ്രിവിലേജുകൾ കിട്ടാൻ തുടങ്ങി, പൊതുവെ മടിച്ചിയായ എനിക്ക് ഇത്തരം പ്രിവിലേജുകൾ ഇഷ്ടമായി,

ഏറ്റവും ഇഷ്ടമായത് ഡോക്ടറുടെ ആ വാക്കുകൾ ആയിരുന്നു “ഇനി തൊട്ട് എല്ലാ മാസവും 2 കിലോ വെച്ച കൂടണം എന്നാലേ കുട്ടിക്ക് ശെരിയായ വളർച്ച ഉണ്ടാകൂ ”

2 അല്ല വേണമെങ്കിൽ 4 കിലോ വെച്ച കൂട്ടി തരാമെന്നു ഞാൻ മനസ്സിൽ പറഞ്ഞു, കാണിച്ചതിന് ശേഷം തന്നെ ആദ്യമായിട്ടാണ് വെയ്റ്റ് കൂട്ടാനുള്ള ലൈസൻസ് കിട്ടുന്നത്. അത് ശെരിക്കും മുതലാക്കി.

കൊ റോ ണ കാരണം ബന്ധുക്കൾ നാട്ടുകാർ സന്ദർശനവും അത് വഴി കിട്ടേണ്ട പലഹാരങ്ങളും കുറഞ്ഞെങ്കിലും സ്വിഗി സോമറ്റോ ഡെലിവറി ബോയ്സ് എനിക്ക് ഇഷ്ടമുള്ള പലഹാരങ്ങളുമായി വന്ന് കൊണ്ടേയിരുന്നു.

ആ ദിവസങ്ങൾ വളരെ കളർഫുൾ ആയിരുന്നു എത്ര ഹാപ്പി ആയി ഇരുന്നാലും ചില ചിന്തകൾ വന്ന് തലതിന്നുകൊണ്ടേയിരിക്കും,

പ്രസവത്തിൽ മരിച്ചു പോവൊന്നുള്ളതായിരുന്നു ഏറ്റവും അലട്ടിയ ചിന്ത. പ്രസവത്തെ തുടർന്ന് യുവതി മരിച്ചു വെന്നുള്ള വാർത്തകൾ ദിവസമെന്നോണം പത്രത്തിൽ വന്നിരിന്നു.

“പ പ്പയുടെ സ്വന്തം അ പ്പൂസ് ” സിനിമയിലേതു പോലാവോ സ്ഥിതിയെന്നോർത്ത് വിഷമിച്ചിരിക്കുമ്പോളാണ്

അതിശയോക്തിയും മസാലയും കുറച്ചുണ്ടെങ്കിലും ഏറെ കുറെ സത്യമായ വീരകഥകളുമായി കുറച്ചു പേര് പ്രത്യക്ഷപ്പെടുന്നത്

“അരി കുത്തി കൊണ്ടിരിക്കുമ്പോൾ വേദന വന്ന് പ്രസവിക്കാൻ പോയ ഓൾഡ് ജനറേഷൻ കഥ തൊട്ടു കണ്ണിൽ നിന്നു ഒരു തുള്ളി വെള്ളം പുറത്ത് വരാതെ പ്രസവിച്ച ധീര വനിതകളുടെ കഥകൾ എന്നെ ആവേശഭരിയാക്കി

എനിക്കും കരയാതെ പ്രസവിക്കണം അതിനു പ്രസവം “ഠപ്പേ ഠപ്പേ ന്നു കഴിയണം ” അതിനുള്ള എളുപ്പ മാർഗങ്ങൾ തേടി യുട്യൂബിൽ ഒരു ഭ്രാന്തിയെ പോലെ അലഞ്ഞു,

ശലഭസനം മുതൽ ഈന്തപ്പഴം തീറ്റവരെയുള്ള പുതിയ ശീലങ്ങളിലേക്ക് യൂട്യൂബ് എന്നെ കൊണ്ട് പോയി. അങ്ങിനെ ആ സുദിനം വന്നെത്തി വേദന വരാനുള്ള മരുന്ന് തന്നു കഴിഞ്ഞ് നേഴ്സ് പറഞ്ഞു

“പേടിക്കണ്ട ആദ്യത്തെ പ്രസവം ചിലപ്പോ 12 മണിക്കൂർ വരെ നീളും, അടുത്തത് ആകുമ്പോഴേ ക്കും എളുപ്പമാകും ”

ഏയ്‌ എനിക്ക് 12 മണിക്കൂർ ഒന്നു എടുക്കില്ല 2 മണിക്കൂറിനുള്ളിൽ നടക്കാനുള്ള നുറുങ്ങു വിദ്യകൾ യൂട്യൂബ് പറഞ്ഞു തന്നുണ്ടാല്ലോയെന്നു നഴ്സിനോട് പറയാതെ പറഞ്ഞു.

2 മണിക്കൂർ കഴിഞ്ഞിട്ടും വേദന വരുന്നില്ല, ഗർഭപാത്രം വികസിക്കുന്നില്ലാന്ന് നഴ്സുമാർ ഇടയ്ക്കിടെ പറഞ്ഞു.

അങ്ങിനെ വരാൻ വഴിയില്ലല്ലോന്നു ഞാനും പറഞ്ഞു. അപ്പോളേക്കും 5-6 മണിക്കൂർ കഴിഞ്ഞിരുന്നു “സിസേറിയൻ ചെയ്യയൊരിക്കും നല്ലത്, ഫ്ലൂയിഡ് മുഴുവനും പോയി, ഇനി അധികം നോക്കിയാൽ ശരിയാകില്ല ”

ഡോക്ടർ അറിയിച്ചു. സിസേറിയൻ എന്ന് കേട്ടപ്പോൾ ഞാൻ പോലും അറിയാതെ മനസ്സിൽ ലഡ്ഡു പൊട്ടിയെങ്കിലും, ഓപ്പറേഷൻ തീയേറ്ററിലെ ഇരുട്ടും, ബോധം കെടുത്തലും ഓർത്തപ്പോൾ നെഞ്ചോടിപ്പ് കൂടി.

നടന്നു പോവാനുള്ള ആരോഗ്യം ബാക്കി ഉണ്ടായിരുന്നുവെങ്കിലും, സ്‌ട്രെക്ച്ചറിൽ കെട്ടി കെടുത്തി, ഉറ്റവരെ കാട്ടി ബൈ ബൈ പറയിപ്പിച്ചു ചടങ്ങായിട്ടാണ് കൊണ്ട് പോയത്.

തീയേറ്ററിന്റെ ഉള്ളിൽ നല്ല വെളിച്ചം,എ. സി യുടെ സുഖകരമായ തണുപ്പ്, ചുറ്റും 10-15 ആൾക്കാർ, അല്പം വയസ്സായ ഒരു ഡോക്ടർ വന്ന് നട്ടെല്ലിന് ഇൻജെക്ഷൻ തന്നു “എന്റെ ബോധം പോവാൻ സമയമായി”

ഞാൻ ഓർത്തു, മുഖത്തിന്‌ താഴെ പച്ച കർട്ടൻ ഇട്ടു, ഗ്യനക്കോളജിസ്റ് എന്തൊക്കെയോ ചെയ്യുന്നുണ്ട്, ഞാൻ ശ്രദ്ധിച്ചില്ല,വേറെ ഒരു ഡോക്ടർ വന്ന് വളരെ അടുപ്പമുള്ള ഒരു ആളെ പോലെ കുശലാനേഷ്വണം,

സംസാരിക്കാൻ കുറച്ചധികം താല്പര്യമുള്ള ഞാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാറില്ല, തലയ്ക്കു താഴെ ശരീരം ഉണ്ടെന്ന് തന്നെ തോന്നുന്നില്ല,

തലയ്ക്കു ആണെങ്കിൽ ഉന്മാഡവസ്ഥയും, ചെറിയ മയക്കത്തിലേക്കു വീണു തുടങ്ങിയപ്പോളേക്കും ആരൊക്കെയോ പറഞ്ഞു ” ആൺകുട്ടി…””

9മാസത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് നമ്മുടെ താരം രംഗപ്രവേശനം ചെയ്തിരിക്കുകയാണ്, ഓപ്പറേഷൻ കഴിഞ്ഞ ഉടനെ മറ്റൊരു റൂമിൽ ഒബ്സെർവേഷനിൽ കിടത്തി,

വലിയ ഒരു ബാലി കേറാമല അധികം ബുദ്ധിമുട്ടാതെ കയറിയ സന്തോഷത്തിൽ കിടന്ന എന്നോട് നേഴ്സ് വന്ന് പറഞ്ഞു “ഇപ്പൊ വിശ്രമിച്ചോ…. ഇനി അങ്ങട്ട് അത് ഉണ്ടാവില്ല”…….

Leave a Reply

Your email address will not be published. Required fields are marked *