തലക്കഷ്ണം
(രചന: Magesh Boji)
പതിവിന് വിപരീതമായി പൊരിച്ച മീനിന്‍റെ നടുക്കഷ്ണം എനിക്കും തലക്കഷ്ണം അനിയനും വിളമ്പിയ അമ്മയുടെ മുഖം കണ്ടപ്പോള്‍ എന്തോ ഒരു പന്തികേട് തോന്നി.
അനിയനേയും അമ്മയേയും ഞാന്‍ ഇടം കണ്ണിട്ട് നോക്കി . അവര്‍ രണ്ട് പേരും മുഖത്തോട് മുഖം നോക്കി കഥകളിയാടുന്നു ..
ഒരു അപകടം മണത്ത ഞാന്‍ വേഗം അത്താഴം കഴിച്ച് കൈ കഴുകാനായി പുറത്തുള്ള പൈപ്പിന്‍ ചോട്ടിലേക്കിറങ്ങി. കൈ കഴുകി മുണ്ടിന്‍റെ തുമ്പ് കൊണ്ട് ചുണ്ട് തുടച്ച പാടെ ചുമരിന്‍റെ മറവിലേക്ക് ചേര്‍ന്ന് നിന്ന് ഞാന്‍ ചെവി കൂര്‍പ്പിച്ചു .
അനിയന്‍ : അമ്മ ഇന്ന് തന്നെ ഏട്ടനോട് കാര്യങ്ങള്‍ പറയണം .
അമ്മ : ഞാനിതെങ്ങനെ അവന്‍റെ മുഖത്ത് നോക്കി പറയും . ശ്ശൊ .
അനിയന്‍ : അമ്മ പറഞ്ഞാലും ശരി പറഞ്ഞില്ലെങ്കിലും ശരി , ഞാന്‍ കെട്ടും .
അമ്മ : നീയൊന്നടങ്ങാദ്യം, ഇതിപ്പോ ഇങ്ങോട്ട് വന്ന കല്ല്യാണാലോചനയല്ലേ .
ഒരേട്ടന്‍ ഉണ്ടെന്ന് കരുതി വീട്ടിലേക്ക് കയറിയ വരുന്ന മഹാലക്ഷ്മിയെ പുറം കാലുകൊണ്ട് തട്ടാന്‍ പറ്റുമോ? നാളെ അമ്മാവനോട് ഇവിടേക്കൊന്ന് വരാന്‍ പറയാം . അമ്മാവന്‍ തന്നെ അവനോടീ കാര്യം പറയട്ടെ . അതാണ് നല്ലത് .
മൂത്ത മകനായ എനിക്ക് മുന്നേ അനിയനെ പെണ്ണ് കെട്ടിക്കാനുള്ള ഗൂഢാലോചനയാണ്…..
എന്‍റെ സകല നാഢീഞരമ്പുകളും വലിഞ്ഞ് മുറുകി. കണ്ണില്‍ കോപാഗ്നി ജ്വലിച്ചു . ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ട് തന്നെ ബാക്കി കാര്യമെന്നുറപ്പിച്ച് ചുമരിന്‍റെ മറവില്‍ നിന്ന് ശരവേഗത്തില്‍ ഞാന്‍ അകത്തേക്ക് കയറി .
മുന്നിലതാ ഒരു ഗ്ലാസ്സ് പാലുമായി അമ്മ … അ മ്മി ഞ്ഞ പാലായാലും ശരി പശുവിന്‍ പാലായാലും ശരി . എന്‍റെ മുന്നില്‍ വാത്സല്ല്യ ഭാവമാണതിന് . നിഷേധിക്കാനാവുമായിരുന്നില്ല .
ഞാന്‍ പാലു വാങ്ങി കുടിച്ചു . വലിഞ്ഞു മുറുകിയതെല്ലാം മെല്ലെ മെല്ലെ അയഞ്ഞു . കണ്ണില്‍ കോപാഗ്നിക്ക് പകരം സ്നേഹാഗ്നി ജ്വലിച്ചു .
ഞാന്‍ : അമ്മേ
അമ്മ : എന്താ മോനേ .
ഞാന്‍: ഞാന്‍ പോയി കിടന്നുറങ്ങട്ടെ അമ്മേ .
അമ്മ : ശരി മോനേ .
മുറിയില്‍ കയറി വാതിലടച്ചതും ഏമ്പക്കം വന്നു. പിന്നൊന്നും ഓര്‍ക്കാന്‍ കഴിഞ്ഞില്ല. വേഗം ഉറങ്ങിപ്പോയി. രാവിലെ എണീറ്റപ്പോള്‍ കണി കണ്ടത് അമ്മാവനെ..
അമ്മാവന്‍ : നീയിന്ന് ഓട്ടോ ഓടിക്കാന്‍ പോവുന്നില്ലേ ?
ഞാന്‍ : പോണം അമ്മാവാ . അല്ല , അമ്മാവനെന്താ ഇത്ര നേരത്തെ .
അമ്മാവന്‍ : പറമ്പിലിന്ന് പണിക്കാരുണ്ട് . അങ്ങോട്ട് പോകുന്ന വഴിയാണ്. അപ്പോ പിന്നെ ഇവിടെ ഒന്ന് കയറിയിട്ട് നിന്നെയൊന്ന് കണ്ടിട്ട് പോവ്വാന്ന് കരുതി.
ഞാന്‍ : എന്താ അമ്മാവാ കാര്യം ?
അമ്മാവന്‍ : നമുക്കൊന്ന് മുറ്റത്തോട്ടിറങ്ങാം .. ന്തേ . ?
എന്‍റെ തോളില്‍ കയ്യിട്ട് അമ്മാവന്‍ മുറ്റത്തോട്ടിറങ്ങി .
അമ്മാവന്‍ : നീയിപ്പോ പെണ്ണ് കാണാനൊന്നും പോവ്വാറില്ലേ ?
ഞാന്‍ : പത്തിരുപതെണ്ണം കണ്ടതോട് കൂടി മതിയായി അമ്മാവാ . ഇപ്പോഴത്തെ പെണ്‍പ്പിള്ളേര്‍ക്കൊക്കെ ഗവണ്‍മെന്‍റ് ജോലിക്കാരെ മതി . ഓ ട്ടോ കാ രനാണെന്ന് കേള്‍ക്കുമ്പോഴേ ഒരു പു ച്ചമാണ് .
അമ്മാവന്‍ : ആയ കാലത്ത് നീ കേളുവേട്ടന്‍റെ പറമ്പിലെ മാവിന് കല്ലെറിഞ്ഞ് നടന്നു . ഉണ്ണിയാകട്ടെ പഠിത്തത്തില്‍ ശ്രദ്ധിച്ചു . നല്ലൊരു ജോലിയും നേടി .
ഇപ്പോ അവന്‍റെ ബോസ്സ് അയാള്‍ടെ മകള്‍ക്ക് വേണ്ടി കല്ല്യാണം ആലോചിച്ചിരിക്കുകയാണ് .
ചെക്കന്‍ രക്ഷപ്പെടുകയാണെങ്കില്‍ രക്ഷപ്പെടട്ടെടാ.. നീയായിട്ട് ഇനി എതിര്‍പ്പൊന്നും പറയാന്‍ പോവണ്ട .
രക്ഷപ്പെടുകയാണെങ്കില്‍ അവന്‍ രക്ഷപ്പെടട്ടെ അമ്മാവാ എന്ന് പറഞ്ഞ കൂട്ടത്തില് , കേളുവേട്ടന്‍റെ മാവീന്ന് ഞാനെറിഞ്ഞിട്ട മാങ്ങേന്‍റെ പാതി ഓന്‍റെ അണ്ണാക്കിലേക്കും തള്ളി കൊടുക്കാറുണ്ടായിരുന്നെന്ന കാര്യം തത്ക്കാലം ഞാന്‍ പറഞ്ഞില്ല .
ആ കാര്യമൊക്കെ പറയാന്‍ തുടങ്ങിയാല്‍ ചക്കയിലും മാങ്ങയിലൊന്നും നിക്കൂലത് …
അമ്മാവന്‍: നീ പേടിക്കണ്ട . ഇതിലും നല്ലൊരു ബന്ധം നിനക്കും കിട്ടും . സത്യത്തില്‍ രണ്ടും ഒരുമിച്ച് നടത്തണതായിരുന്നു സൗകര്യം . അതിനി പറഞ്ഞിട്ടെന്താ കാര്യം .
ഞാന്‍ : അല്ല അമ്മാവാ , അമ്മായിക്ക് സുഖം തന്നെയല്ലേ . മ്മളെ രമ്യയിപ്പോ ഡിഗ്രി കഴിഞ്ഞ് വെര്‍തെ നില്‍ക്കാണല്ലേ.
എന്താന്നറിയില്ല . മോള്‍ടെ കാര്യം ചോദിച്ചപ്പോള്‍ അമ്മാവന്‍ പിന്നെ അധികം നേരം അവിടെ നിന്നില്ല . ചായയുമായി അമ്മ വരുമ്പോഴേക്കും മൂപ്പര് സ്ഥലം വിട്ടിരുന്നു .
നിശ്ചയവും കഴിഞ്ഞു . കല്ല്യാണ തീയ്യതിയും നിശ്ചയിച്ചു .
ഒരു ദിവസം ഓട്ടവും കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എന്‍റെ കട്ടിലിന്‍റെ മുകളില്‍ ഒരു കെട്ട് കല്ല്യാണ കുറി .
അമ്മ : ഉണ്ണിക്ക് ലീവില്ല . കല്ല്യാണത്തിന് മൂന്ന് ദിവസം മുന്‍പേ അവന്‍ വരൂ . പിന്നെ , ഒരാളേയും ക്ഷണിക്കാന്‍ വിട്ടു പോകാതെ പ്രത്യേകം ശ്രദ്ധിക്കണേ .
നല്ല തിളങ്ങണ പേപ്പറിലടിച്ച കത്തിന്‍റെ അടിയില്‍ ആശംസകളോടെ എന്ന കോളത്തില്‍ എന്‍റെ പേര് കണ്ടപ്പോള്‍ ചെറിയൊരു അഭിമാനമൊക്കെ തോന്നി .
അമ്മ — ഞാന്‍ നിന്നോട് വേറൊരു കാര്യം പറയാനാ ഇപ്പോ ഇങ്ങോട്ട് വന്നത് .
ഞാന്‍ : എന്താ ?
അമ്മ : നീ ഈ ഒറ്റമുണ്ട് മാത്രം ഉടുത്തുള്ള നടത്തം നിര്‍ത്തണം . ഒരന്യ വീട്ടിലെ പെണ്‍കുട്ടി ഇങ്ങോട്ട് കയറി വരാന്‍ പോവ്വാണ് .
ഒരു ബനിയനോ ഷര്‍ട്ടോ ഇട്ടൂടേ നിനക്ക് . പിന്നെ , നിന്നോട് പലവട്ടം ഞാന്‍ പറഞ്ഞതാണ് , ജനവാതിലിനിടയിലൂടെ മൂത്രം ഒഴിക്കരുതെന്ന് . മുറ്റത്തിന്‍റെ ആ ഭാഗത്തൂടെ നടക്കാന്‍ വയ്യ മനുഷ്യന് .
വസ്ത്ര സ്വാതന്ത്രവും പ്രവര്‍ത്തന സ്വാതന്ത്രവും നിഷേധിക്കപ്പെട്ട ഞാന്‍ മൗനം ഭജിച്ചു .
കല്ല്യാണം വിളിക്കാനായി പിറ്റേന്ന് രാവിലെ തന്നെ ഞാനിറങ്ങി .
പണ്ട് ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒറ്റമുണ്ടുടുത്ത് കബഡി കളിക്കാന്‍ പോയപ്പോള്‍ എതിര്‍ ടീമിലെ ഒരുത്തന്‍ എന്‍റെ മുണ്ട് പറിച്ചപ്പോഴുണ്ടായ നാണക്കേടായിരിക്കും എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേട് എന്നായിരുന്നു ഇത് വരെയുണ്ടായിരുന്ന എന്‍റെ വിശ്വാസം .
പക്ഷെ ആ നാണക്കേടൊന്നും ഒന്നുമല്ലെന്ന് ഞാനറിഞ്ഞു .
കല്ല്യാണം കഴിക്കാത്ത ഏട്ടന്‍ സ്വന്തം അനിയന്‍റെ കല്ല്യാണം വിളിക്കാന്‍ വീടു വീടാന്തരം കയറിയിറങ്ങുന്നതിനേക്കാളും വലിയ നാണക്കേട് വെറെയില്ല …
മരണ വീട്ടില്‍ പോയാല്‍ നോക്കുന്ന പോലെയാണ് പല വല്ല്യമ്മമാരും എന്‍റെ മുഖത്തേക്ക് നോക്കിയത് . എന്നിട്ട് ഒരൊറ്റ ചോദ്യമാ , മോന്‍റെത് ഒന്നും ഇതുവരെ ശരിയായില്ലേന്ന് .
കല്ല്യാണ കുറിയെല്ലാം ഒരുവിധം കൊടുത്തു തീര്‍ത്തു . കല്ല്യാണവും അടുത്തെത്തി. കല്ല്യാണത്തിന് മൂന്ന് ദിവസം മുന്‍പ് ഉണ്ണി വന്നു .
കല്ല്യാണത്തിന്‍റെ തലേന്ന് ഉണ്ണീടെ കുറെ ചങ്ങാതിമാര് വന്നു . അവര് ചരിഞ്ഞ് കിടക്കുന്ന പറങ്കി മാവിന്‍റെ മുകളില്‍ കയറിയും പല്ലില്ലാത്ത നാണി തള്ളയുടെ തോളില്‍ കയ്യിട്ടും സെല്‍ഫി എടുത്ത് നടന്നു . എന്‍റെ കുറെ ചങ്ങാതിമാരും വന്നു . അവര് വെള്ളം കോരാനും വിറകു വെട്ടാനും തേങ്ങ ചിരവാനും പച്ചക്കറി നുറുക്കാനും അടുപ്പിലൂതാനും നിന്നു ….
കല്ല്യാണത്തിന്‍റന്ന് രാവിലെ ഉണ്ണിയെ അണിയിച്ചൊരുക്കാന്‍ അവന്‍റെ മുറിയില് നിറയെ ആള്‍ക്കാര് . എന്നാല്‍ ഏട്ടനായ എന്നെ അണിയിച്ചൊരുക്കാന്‍ ഒരു മരങ്ങോടനേയും ഞാനെന്‍റെ മുറിയില്‍ കണ്ടില്ല .
പുതിയ കുപ്പായമിടുന്നതിന് മുന്‍പ് രണ്ട് കക്ഷത്തിലും കുട്ടിക്കൂറ പൗഡര്‍ കമഴ്ത്താനായി ഉണ്ണിയുടെ മുറിയിലേക്ക് ചെന്ന എന്നെ വീഢിയോക്കാരന്‍ ഗെറ്റൗട്ടടിച്ച് പറഞ്ഞു , ഫീല്‍ഡീന്ന് പുറത്ത് നില്‍ക്ക് മനുഷ്യാന്ന് .
ഞാനെന്നോ ഫീല്‍ഡീന്ന് ഔട്ടായ ആളാണെന്നത് ഓനറിയില്ലല്ലോ …
താലി കെട്ട് കഴിഞ്ഞു . ഒരു പിടി പൂവ് വിറയാര്‍ന്ന കൈകളാല്‍ എറിഞ്ഞ എന്‍റെ ചെവിയുടെ തൊട്ടടുത്തൂന്ന് ഒരു കൂവല്‍ … നോക്കിയപ്പോള്‍ അമ്മായി കുരവയിട്ടതായിരുന്നു .
പെട്ടെന്നാണ് സര്‍വ്വ ദിക്കും നടുങ്ങുമാറ് ഒരു ശബ്ദമുയര്‍ന്നത് .
അമ്മാവന്‍ : ചെക്കനും പെണ്ണും കൂടി ഇനി കാരണവരുടെ സ്ഥാനത്ത് കണ്ട് ഏട്ടന്‍റെ കാല് തൊട്ട് അനുഗ്രഹം വാങ്ങുക ..
മണ്ടപത്തിലിരിക്കുന്ന സകലചരാചരങ്ങളുടേയും നോട്ടം എന്നിലേക്കായി .
ഇന്നേ വരെ ഏന്‍റെ മുഖത്ത് പോലും നോക്കാത്ത രമേശേട്ടന്‍റെ മോള് ധന്യ വരെ എന്‍റെ മുഖത്തേക്ക് നോക്കിയത് ഞാന്‍ കണ്ടു . നാണക്കേട് കൊണ്ട് തൊലി ഉരിയണത് പോലെ എനിക്ക് തോന്നി .
അമ്മാവാ , അമ്മാവാ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന എന്‍റെ നാവ് മറുത്തൊരു വിളി അമ്മാവനെ വിളിക്കാതിരിക്കാന്‍ എന്‍റെ വായയിലെ മുഴുവന്‍ പല്ലും ചേര്‍ത്ത് കടിച്ചു പിടിച്ച് ഞാന്‍ നാവിന് തട തീര്‍ത്തു .
രണ്ട് പേരും വന്നെന്‍റെ കാലില്‍ തൊട്ടപ്പോള്‍ ഒരു പ്രത്യേക തരിപ്പ് പാദം വഴി കുണ്ഠലിനിയെ ഒന്ന് തൊട്ടുണര്‍ത്തി സഹസ്രാരപദ്മത്തില്‍ വന്നൊന്ന് തൊട്ടപ്പോള്‍ എന്‍റെ കണ്ണില്‍ സ്വാത്വിക ഭാവം നിഴലിച്ചു .
അനുഗ്രഹം കൊടുത്ത് ഞാന്‍ നേരെ പോയത് ഊട്ടുപുരയിലേക്കാണ് .
ഞാന്‍ — മാധവേട്ടാ സദ്യവട്ടങ്ങളൊക്കെ തയ്യാറായില്ലേ , രമേശേ , സതിശേ , ദിനേശേ , വിളമ്പി കൊടുക്കാനുള്ള കാര്യമൊക്കെ റെഡിയല്ലേ ? വിമലേടത്തീ, ശാന്തേടത്തീ, വനജേടത്തീ, മക്കളൊക്കെ വന്നില്ലേ , എല്ലാവരും സദ്യ കഴിച്ചിട്ടേ പോകാവൂട്ടോ .
സുഹൃത്ത് : നീയൊന്നിവിടെ വന്നേ .
ഞാന്‍ : എന്തിനാ.
സുഹൃത്ത് : അല്ല . നിനക്കെന്തേലും പറ്റീക്കണോ , മൊത്തത്തിലൊരു വശപ്പെശക് . നിന്‍റെ നടത്തത്തിലും സംസാരത്തിലുമൊക്കെ കുറച്ച് നേരമായിട്ട് ഒരു വിത്യാസം പോലെ .
ചോദ്യത്തിനുത്തരം കിട്ടാത്തോണ്ട് അവനെന്നെ രണ്ട് കുലുക്ക് കുലുക്കി . ആ കുലുക്കലില്‍ കണ്ണില്‍ കളിയാടിയിരുന്ന സ്വാത്വിക ഭാവം കാറ്റഴിച്ച് വിട്ട ബലൂണ്‍ പോലെ ഒഴിഞ്ഞു പോയി .
ഞാന്‍ തളര്‍ന്നവന്‍റെ ചുമലിലേക്ക് മുഖം ചാരി . ഒരു നിമിഷം കണ്ണൊന്നടച്ചു .
കണ്ണ് തുറന്നപ്പോള്‍ കണ്ടത് , അമ്മാവന്‍റെ മൂന്ന് പെണ്‍മക്കള്‍ ദാവണിയൊക്കെ ചുറ്റി മുന്നിലൂടെ പോവുന്നതാണ് . ആ കാഴ്ച്ചയെന്നില്‍ പ്രതീക്ഷയും സന്തോഷവും നിറച്ചു ….
പെണ്ണിനേയും ചെക്കനേയും നിലവിളക്കുമായി അമ്മായിമാര്‍ വീട്ടിലേക്ക് സ്വീകരിച്ചു . രാത്രി ഒന്ന് പുറത്ത് പോയി വന്നെന്‍റെ മുറിയില്‍ കയറിയപ്പോള്‍ കണ്ടത് , വാഴക്കൊല കൂട്ടിയിട്ടത് പോലെ കട്ടിലിലും തറയിലും ആരൊക്കെയോ പുതച്ചുമൂടി കിടന്നുറങ്ങുന്നതാണ് .
ഒട്ടും സമയം കളയാതെ ഇടനാഴിയിലെ അയലില്‍ തൂക്കിയിട്ടിരുന്ന അമ്മയുടെ കോട്ടണ്‍ സാരിയെടുത്ത് കൊലായിലെ തറയില്‍ വിരിച്ച് ഞാന്‍ കിടന്നുറങ്ങി .
രണ്ട് ദിവസം ഓട്ടോ ഓടിക്കാന്‍ പോവ്വാതെ വീടിന്‍റെ മുക്കിലും മൂലയിലുമൊക്കെ തട്ടി തടഞ്ഞ് നടന്നു .
മൂന്നാം ദിവസം ഓട്ടം കഴിഞ്ഞ് വരുന്ന വഴി മുറ്റത്തെത്തിയപ്പോള്‍ ഇംഗ്ലീഷില്‍ പൊരിഞ്ഞ കച്ചറ . നോക്കിയപ്പോള്‍ പുതുപ്പെണ്ണ് ഏതോ ഇംഗ്ലീഷ് പടം കാണുകയാണ് .
പതിവ് സീരിയലിന്‍റെ സമയത്ത് അമ്മ അടുക്കളയിലൊരു കസേരയില്‍ താടിക്ക് കയ്യും കൊടുത്തിരിക്കുന്നതും കണ്ടു ..
പിറ്റേന്ന് ഓട്ടം കഴിഞ്ഞ് വരുമ്പോള്‍ അമ്മ ഇതേ ഇരുത്തം ഇരിക്കുന്നുണ്ട് . അടുക്കളക്ക് പകരം കോലായിലാണെന്ന് മാത്രം .
അമ്മ : ഉണ്ണിയും ഭാര്യയും ബാംഗ്ലൂര്‍ക്ക് പോയെടാ . ഓള്‍ക്കിവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ലെന്ന് .
അതും പറഞ്ഞ് അമ്മയെന്‍റെ കയ്യില്‍ പിടിച്ചപ്പോള്‍ നല്ല ചൂട് തോന്നി . നെറ്റിയില്‍ തൊട്ടപ്പോള്‍ പൊള്ളുന്ന ചൂട് . വേഗം ആശുപത്രിയിലേക്ക് കൊണ്ട് പോയി .
തിരിച്ച് വന്ന് അമ്മയെ മുറിയില്‍ കിടത്തി പുതച്ച് കൊടുത്തു . കുറച്ച് കുറിയരിയിട്ട് കഞ്ഞി വച്ചു . കൂടെ രണ്ട് പപ്പടവും ചുട്ടു .
അമ്മയെ ചാരിയിരുത്തി കഞ്ഞി കുമ്പിളില്‍ കോരിക്കൊടുത്തു . ഓരോ കുമ്പിള്‍ കഞ്ഞി കൊടുക്കുമ്പോഴും അമ്മ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു .
അമ്മ : മോനേ .
ഞാന്‍ : എന്താ അമ്മേ .
അമ്മ : ഉള്ളിലുള്ള വിഷമം പുറത്ത് കാണിക്കാതെ തമാശ പറഞ്ഞും കോമാളിത്തരം കാട്ടിയും എന്‍റെ മോന്‍ നടക്കണത് ഈ അമ്മ കാണാഞ്ഞിട്ടല്ല . കുടുംബത്തില് ഒരാളെങ്കിലും രക്ഷപ്പെടുകയാണെങ്കില്‍ രക്ഷപ്പെടട്ടേന്ന് കരുതിയാണ് അമ്മ ഇതിനൊക്കെ സമ്മതം മൂളിയത് .
ഞാന്‍ : ഹേയ് . ഇല്ലമ്മേ , എനിക്കൊരു വിഷമവുമില്ല . അമ്മ കുറച്ചൂടെ കഞ്ഞി കുടിക്ക് .
അമ്മ വിങ്ങിപ്പൊട്ടുകയായിരുന്നു .
ഞാന്‍: ഇനി കരയല്ലേ അമ്മേ , അമ്മക്ക് ഓര്‍മ്മയില്ലേ , ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴല്ലേ അമ്മേ അച്ഛന്‍ മരിക്കണത് .
കീ കൊടുത്താല്‍ ഓടണ കാറും പ്രതീക്ഷിച്ചിരുന്ന ഞാന്‍ കണ്ടത് ഗള്‍ഫില്‍ നിന്ന് വന്ന ജീവനില്ലാത്ത അച്ഛനെയാണ് . അന്ന് ഞാന്‍ കുറെ കരഞ്ഞു , ദിവസങ്ങളോളം കരഞ്ഞു .
ഒരു ദിവസം കരഞ്ഞിരുന്നപ്പോള്‍ ഉണ്ണിയേയും ഒക്കത്തെടുത്ത് വന്ന് അമ്മയാണ് പറഞ്ഞത് , ഇനിയും മോന്‍ കരഞ്ഞാല്‍ ഈ അമ്മയും തളര്‍ന്ന് പോവുമെന്ന് . അന്ന് നിര്‍ത്തിയതാണമ്മേ ഞാനീ കരച്ചില് .
അമ്മയുടെ ചൂടുള്ള കൈ എന്‍റെ നെറ്റിയില്‍ തലോടി .
അമ്മ : അമ്മയോട് ദേഷ്യംണ്ടോ നിനക്ക് .
ഞാന്‍ : ഇല്ല അമ്മേ . എല്ലാരേയും സ്നേഹിക്കാനല്ലേ എന്‍റെ അമ്മ എന്നെ പഠിപ്പിച്ചത് , എന്ത് വിഷമം വന്നാലും തളരരുതെന്നല്ലേ എന്‍റെ അമ്മ എന്നെ പഠിപ്പിച്ചത്.
പിന്നെ എങ്ങനെയാ ദേഷ്യമുണ്ടാവുക . എല്ലാവരേയും സ്നേഹിച്ചും തമാശ പറഞ്ഞും കോമാളിത്തരം കാണിച്ചും ഈ ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ടാകും അമ്മേ.
ഒരു കുമ്പിള്‍ കഞ്ഞി കൂടി ഊട്ടി കൊടുത്ത് ആ മുഖം കയ്യാല്‍ തുടച്ചു കൊടുക്കുമ്പോള്‍ അമ്മയുടെ കണ്ണുനീര്‍ എന്‍റെ ഈ കൈവെള്ളയിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .