അന്ന് തൊട്ട് നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും നിങ്ങളുടെയും…… പിന്നെ ഈ വീടിന്റെ അകത്തേയും പുറത്തെയും പണികൾ ഒക്കെ ഞാൻ തന്നെ അല്ലേ ചെയ്തു കൊണ്ടിരുന്നേ?…

തിരിഞ്ഞു നോട്ടം
(രചന: Jils Lincy)

ഡീ.. മോളു വിളിച്ചാരുന്നോ…? രാവിലെ ചായ പകർന്നു ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോഴായിരുന്നു ആ ചോദ്യം..

ഇടം കണ്ണിട്ട് നോക്കുമ്പോൾ കണ്ടു ഉള്ളിലെ പതർച്ച പുറത്തു കാട്ടാതെയുള്ള ഒരു ചിരി….

ഇല്ല… എന്റെ മനുഷ്യാ… നേരം ഒന്നു വെളുക്കണ്ടേ അവൾ വിളിക്കാൻ….. മാത്രവുമല്ല ഇവിടുത്തെ പോലെ ഫോണും പിടിച്ചിരുന്നാൽ മതിയോ?
രാവിലെ അവൾക്ക് അടുക്കളയിൽ നല്ല പിടിപ്പത് പണി കാണില്ലേ?

അല്ല ഞാൻ ചോദിച്ചൂന്നെ ഉള്ളൂ…. അതും പറഞ്ഞ് ആൾ ചായയും കൊണ്ട് പോയി….

പാവം… അമ്മൂന്റെ കല്യാണം കഴിഞ്ഞതിനു ശേഷം രാവിലത്തെയും വൈകിട്ടത്തെയും സ്ഥിരം ചോദ്യങ്ങളിലൊന്ന് ഇതാണ്….

അപ്പവും നല്ല ചൂട് മസാലക്കറിയും കൊണ്ട് ഡൈനിംഗ് ടേബിളിൽ വെച്ച് ആളെ വിളിക്കാൻ ചെന്നപ്പോൾ… വരാന്തയിൽ പേപ്പറും കയ്യിൽ പിടിച്ചാൾ എന്തോ വലിയ ആലോചനയിലാണ്….

എന്താണ് ഇത്ര ആലോചന? ഇന്ന് ഓഫീസിൽ പോകുന്നില്ലേ?

അല്ല ഞാൻ വിചാരിക്കുവായിരുന്നു… അമ്മൂനെ കുറച്ചു കൂടി കഴിഞ്ഞു കെട്ടിച്ചാൽ മതിയായിരുന്നു…. അവൾക്കൊരു വീടൊക്കെ നോക്കി നടത്താൻ ആകുമോ??

പിന്നെന്താ പറ്റാണ്ട്?? എന്നെ കൊണ്ടു വന്നതേ പതിനെട്ടാമത്തെ വയസ്സിലാ…

അന്ന് തൊട്ട് നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും നിങ്ങളുടെയും…… പിന്നെ ഈ വീടിന്റെ അകത്തേയും പുറത്തെയും പണികൾ ഒക്കെ ഞാൻ തന്നെ അല്ലേ ചെയ്തു കൊണ്ടിരുന്നേ?…

അമ്മൂന് ഇരുപത്തി മൂന്ന് തികഞ്ഞില്ലേ… ജോലിയും ഉണ്ട്.. എന്തായാലും ഞാൻ കഷ്ടപ്പെട്ട അത്രേം വേണ്ടി വരില്ല.

നിന്നെപ്പോലെയാണോ അവൾ… നിനക്ക് ജോലി ഇല്ലാത്തതു കൊണ്ട് വീട്ടു പണി മാത്രം ചെയ്താൽ പോരായിരുന്നോ? അവൾക്ക് ജോലിക്ക് പോകണ്ടേ…

ഞാൻ വല്ലതും പറഞ്ഞു പോകുവേ…. ടെസ്റ്റ്‌ എഴുതി കിട്ടിയ എന്റെ നല്ല ജോലി.. വയ്യാത്ത അച്ഛനെ നോക്കാൻ അമ്മയെ കൊണ്ട് മാത്രം പറ്റില്ല എന്ന് പറഞ്ഞു നിങ്ങൾ വേണ്ടെന്ന് വെച്ചില്ലേ….

ഓ… നീയൊന്ന് നിർത്ത്…

നമുക്കൊന്ന് അമ്മൂന്റെ അടുത്ത് പോകാം.. വേഗം പ്രാതൽ എടുത്ത് വെക്ക്……

അപ്പോ.. ഇന്ന് ഓഫീസിൽ പോകുന്നില്ലേ??

ഇല്ല ഞാൻ ലീവ് എടുത്തു…..

ഒൻപത് മണിയുടെ ദീപ ബസ്സിന്‌ കയറി ബസ്സ്റ്റാൻഡിൽ നിന്ന് കുറച്ചധികം പലഹാരങ്ങളും വാങ്ങി ഒരോട്ടോ വിളിച്ച് അമ്മുവിന്റെ വീട്ടിലെത്തിയപ്പോഴേക്കും സമയം പന്ത്രണ്ട് ആയി…

ഓട്ടോയിൽ നിന്നിറങ്ങിയപ്പോഴേക്കും അരുണും അമ്മയും ഇറങ്ങി വന്നു…

അല്ലാ ഇതാരാ… ഒരു മുന്നറിയിപ്പും ഇല്ലാതെ… വാ… വാ.. കയറി വാ…

അമ്മു എവിടെ??

അവള് പുറകിൽ തുണി അലക്കുവാ…
ടാപ് തുറന്നിട്ടിരിക്കുന്നത് കൊണ്ട് ഓട്ടോ വന്ന ശബ്ദം കേട്ടിട്ടുണ്ടാവില്ല…

പുറകു വശത്തേക്ക് ചെന്നപ്പോൾ കണ്ടു.. രണ്ട് ബക്കറ്റ് നിറയെ തുണി കൂട്ടിയിട്ട് അലക്കുവാണ് ആള്……

തങ്ങളെ കണ്ടതും ഓടി വന്നു…. അയ്യോ… നിങ്ങൾ എപ്പോൾ വന്നു???
ഇന്നലെ വിളിച്ചപ്പോളും വരുന്ന കാര്യം പറഞ്ഞില്ലല്ലോ…

ഞാൻ മുഴുവൻ നനഞ്ഞിരിക്കുവാ….
ഇപ്പൊ ഡ്രസ്സ്‌ മാറ്റിയിട്ടു വരാം…

വേണ്ട മോളേ നിന്റെ പണി നടക്കട്ടെ… അത് കഴിഞ്ഞ് വന്നാൽ മതി….
എന്റച്ചേ… ഇതിപ്പോൾ ഒന്നും തീരില്ല.. ഒരാഴ്ച്ച കറങ്ങി നടന്ന ഡ്രസ്സ്‌ ആണ്… ഇനിയിപ്പോൾ നിങ്ങൾ പോയിട്ട് അലക്കാം….

ചായ കുടിക്കുമ്പോഴും… ഉച്ചക്കത്തെ ഊണ് കഴിക്കുമ്പോഴും കാണുകയായിരുന്നു… എട്ടു മണി വരെ കിടന്നുറങ്ങി… അമ്മേടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിച്ച്….

അച്ഛന്റെ ഒപ്പം പത്രം വായിച്ചു… സകല ചട്ടമ്പിത്തരവും കാണിച്ചു കൊണ്ടിരുന്ന ഒരു കുറുമ്പി പെണ്ണ് ഒരാഴ്ച്ച കൊണ്ട് മാറിയ കാഴ്ച്ച…

അച്ചേ ഈ ചിക്കൻ കറി ഒന്ന് കഴിച്ച് നോക്ക് ഇത് ഞാനുണ്ടാക്കിയതാ എന്ന് പറഞ്ഞവൾ എന്റെ പാത്രത്തിൽ കറി ഒഴിച്ചപ്പോൾ.. സത്യം പറഞ്ഞാൽ സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കണ്ണ് നിറഞ്ഞു പോയി…

എന്റെ മോൾ അവളിന്ന് ഞങ്ങളുടെ ചെല്ല കുട്ടിയല്ല വളർന്നിരിക്കുന്നു… ജീവിതം വെച്ചു നീട്ടിയ ചുമതലകൾ ഏറ്റെടുത്തിരിക്കുന്നു….

വൈകുന്നേരത്തെ ചായ കുടിയും കഴിഞ്ഞ്… അരുണിനെയും അവളെയും വീട്ടിലേക്ക് ക്ഷണിച്ച്….

അവളുടെ മൂർദ്ധാവിൽ ഉമ്മ വെച്ച് നാളെ വീട്ടിലോട്ട് വാ കേട്ടോ മോളേ എന്ന് പറഞ്ഞപ്പോൾ… എന്താണെന്ന് അറിയില്ല പേരറിയാത്തൊരു സങ്കടം കൊണ്ട് സ്വരം ഇടറിയിരുന്നു…..

തിരിച്ചുള്ള യാത്രയിൽ ബസ്സിലിരിക്കവേ സുധയുടെ മുഖത്തേക്ക് നോക്കി… തന്നെ പോലെ അല്ലവൾ… മകളെ വിവാഹം കഴിപ്പിച്ചയച്ചു എന്ന യാഥാർഥ്യം അവൾ മനസ്സിലാക്കിയിരിക്കുന്നു…

പതിനെട്ടാമത്തെ വയ്യസ്സിൽ തന്റെ കയ്യും പിടിച്ചു വന്നവൾ എന്തൊക്കെ സങ്കട നിമിഷങ്ങൾ തരണം ചെയ്തിട്ടുണ്ടാവുമെന്ന് ഓർക്കവേ….

മറ്റൊരിക്കലും കാണിക്കാത്ത സ്നേഹവായ്‌പ്പോടെ അവളെ തന്നോട് ചേർത്ത് നിർത്തിയിട്ടയാൾ പറഞ്ഞു….

മക്കൾ വന്നു പോയതിനു ശേഷം നമുക്കൊന്ന് നിന്റെ വീട് വരെ പോകാം രണ്ട് ദിവസം അവിടെ നിൽക്കുകയും ചെയ്യാം……

ഇരുപത്തഞ്ചു വർഷം കാത്തിരുന്ന ആഗ്രഹം ഒറ്റ നിമിഷത്തിൽ കേൾക്കവേ…

എന്താണെന്നറിയാതെ അത്ഭുതത്തിൽ അവൾ തന്നെ നോക്കവേ ഒരു പുഞ്ചിരിയോടെ താൻ പറഞ്ഞു… ഞാൻ മാറീടോ… സത്യായിട്ടും ഇനി മുതൽ നല്ല അപ്പൻ മാത്രമല്ല നല്ല കെട്ടിയോനും ആയിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *