പൗർണമി
(രചന: മഴ മുകിൽ)
” അവന്റെ വിധവയുടെ വേഷം കെട്ടി നി ഇവിടെ ജീവിക്കേണ്ട… എനിക്കതു ഇഷ്ടമല്ല.. ഒരുപാട് നാളൊന്നും നീ അവന്റെ കൂടേ പൊറുത്തില്ലല്ലോ.. അതുകൊണ്ട്. നീ ഇവിടെ നിൽക്കണ്ട…
നിന്റെ വീട്ടുകാരെ ഞാൻ അറിയിച്ചിട്ടുണ്ട്.അവര് വന്നു വിളിക്കുമ്പോൾ നീ കൂടേ പോകണം എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല…”
അതും പറഞ്ഞു സുലോചനമ്മ മുറിയിലേക്കു പോയി….
മറുത്തു ഒന്നും പറയാതെ പൗർണമി അവിടെ തന്നെ നിന്നു… ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോൾ ആണ്…. ഹർഷന്റെ വിവാഹലോചന പൗർണ്ണമിയെ തേടി വരുന്നത്……….
ആദ്യമൊക്കെ പൗർണമി വിവാഹത്തെ എതിർത്തു… പഠിത്തം കഴിഞ്ഞു മതി… ഇനിയും പഠിക്കണം പിജി ചെയ്യണം എന്നൊക്കെ.. പക്ഷെ വീട്ടുകാർ അവളുടെ ആ തീരുമാനങ്ങൾക്ക് എതിരായിരുന്നു…..
അച്ഛനും അമ്മയ്ക്കും അവളെ കെട്ടിച്ചു അയക്കാൻ ഉള്ള തത്രപാടിൽ ആയിരുന്നു.. അതുകൊണ്ട് അവളുടെ വാക്കുകൾ ആരും ചെവി കൊണ്ടില്ല….
കോളേജിൽ നിന്നും ഒരു ദിവസം വീട്ടിൽ വരുമ്പോൾ ഉമ്മറത്ത് ആരൊക്കെയോ ഇരിക്കുന്നു…. അതുകൊണ്ടു പിൻവശം വഴി വീടിന്റെ ഉള്ളിലേക്ക് കയറി.. അകത്തു ചെല്ലുമ്പോൾ അമ്മ നിൽപ്പുണ്ട്….
വേഗം കയ്യിൽ ഒരു സാരി തന്നു.അതു മാറി ഉടുത്തു വരാൻ പറഞ്ഞു…. ഒന്നും പറയാതെ ആ സാരിയും കയ്യിൽ വാങ്ങി പൗർണമി അകത്തേക്ക് പോയി…..
10 മിനിറ്റ് കൊണ്ട് തന്നെ സാരിയുടുത്തു ഒരുങ്ങിയ അവൾ അമ്മയുടെ അടുത്തേക്ക് വന്നു. അമ്മ കയ്യിൽ കൊടുത്ത ചായയുമായി മുൻവശത്തേക്ക് പോയി….
ചായയും കൊണ്ട് ഉമ്മറത്തേക്ക് ചെന്ന പൗർണമിയെ അച്ഛന്റെ അടുത്തേക്ക് ചേർത്തുപിടിച്ചു…
“ഇതാണ് എന്റെ മോൾ പൗർണമി….”
അച്ഛനും അമ്മയും കൂട്ടത്തിൽ പ്രായമായ അമ്മാവനും ഒപ്പം ഇരിക്കുന്ന ചെറുപ്പക്കാരനായ ഒരു പയ്യൻ…….
ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടമാവും അത്രയും ഭംഗിയായിരുന്നു അയാളെ കാണാൻ….. പൗർണമി എല്ലാവർക്കും ചായ കൊടുത്ത് അച്ഛന്റെ അടുത്തേയ്ക്കു മാറി നിന്നു…
പെണ്ണിനും ചെക്കനും തമ്മിൽ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്ന ചോദ്യത്തിന് ചെറുക്കൻറെ അമ്മയാണ് മറുപടി പറഞ്ഞത് എന്റെ മോനെ അങ്ങനെയുള്ള സ്വഭാവങ്ങൾ ഒന്നുമില്ല……
ഞങ്ങൾ കണ്ട ഇഷ്ടപ്പെടുന്നത് ആരാണോ അവനും അത് സമ്മതമാണ്…….
ചെക്കന്റെ കണ്ണുകൾ പൗർണ്ണമിയിൽ തന്നെയായിരുന്നു….. പൗർണമിയുടെ ഫൈനൽ എക്സാം കഴിഞ്ഞതിനു ശേഷം നിശ്ചയം നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്…
പക്ഷേ എക്സാം കഴിഞ്ഞു. കഴിഞ്ഞപ്പോൾ തന്നെ…നിശ്ചയം നടതേണ്ട നേരെ കല്യാണം നടത്താം എന്ന തീരുമാനത്തിലെത്തി ഇരുകൂട്ടരും……..
അങ്ങനെ സ്വർണ്ണം എടുത്തു. വസ്ത്രം എടുപ്പും കാര്യങ്ങളും ഒക്കെ വളരെ വേഗത്തിൽ തന്നെ നടന്നു….. ഇതിനിടെ എപ്പോഴോ ഒന്നോ രണ്ടോ വട്ടം മാത്രം ഹർഷന്റെ ഫോൺകോളുകൾ പൗർണമിയെ തേടിയെത്തിയിരുന്നു……
ഒരുപാട് സംസാരിക്കുന്ന ആളല്ല എങ്കിൽപോലും ഹർഷന്റെ സംസാരവും പെരുമാറ്റരീതിയും ഒക്കെ പൗർണമിക്കും ഇഷ്ടമായി തുടങ്ങിയിരുന്നു…
ഹർഷൻ കെഎസ്ഇബിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്…. അവിടെ അസിസ്റ്റന്റ് എൻജിനീയർ ആയി വർക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു……
ദിവസങ്ങൾ നടന്നുനീങ്ങി. പൗർണമിയുടെ വീട്ടുകാരെ കൊണ്ട് കഴിയുന്ന രീതിയിലുള്ള ഒരു വിവാഹമായിരുന്നു അവർ നടത്തിയത്…
ഹർഷന്റെ വീട്ടുകാർക്ക് അതിൽ ഒന്നും തന്നെ യാതൊരു പരാതിയും ഇല്ലായിരുന്നു….
ഞങ്ങൾ നിങ്ങളുടെ മകളെ ആണ് ചോദിച്ചത് അവൾക്ക് നിങ്ങൾ എന്തു കൊടുക്കുന്നു എന്നുള്ളത് ഞങ്ങളെ സംബന്ധിക്കുന്ന കാര്യമേ അല്ല…എന്നാണ് മറുപടി പറഞ്ഞത്…..
ഹർഷന്റെ അച്ഛന്റെ അഭിപ്രായവും അതുതന്നെയായിരുന്നു നിങ്ങളുടെ മകൾക്ക് എന്തു കൊടുക്കണം എന്നുള്ളത് നിങ്ങളുടെ ഇഷ്ടമാണ് അതിൽ കൂടുതൽ ഒന്നും കുറവെന്നു ഞങ്ങൾ അന്വേഷിക്കാൻ വരികയില്ല..
വിവാഹം എത്രയും വേഗത്തിൽ നടത്താമോ അത്രയും വേഗത്തിൽ നടത്തണം
പൗർണമി വളരെ വേഗത്തിൽ ഹർഷന്റെ വീടു മായി ഇണങ്ങി ചേർന്നു… ഹർഷന്റെ അമ്മ കുറച്ചു മുൻദേശ്യക്കാരി ആയിരുന്നു എങ്കിലും പൗർണ്ണമിയോട് ഇഷ്ടം ആയിരുന്നു….
എന്തെങ്കിലും ദേഷ്യപ്പെടും എങ്കിലും അവളോട് ഉള്ളിന്റെ ഉള്ളിൽ സ്നേഹം ആയിരുന്നു…..
വിവാഹം ശേഷം ഒന്ന് രണ്ട് തവണയേ പൗർണ്ണമി സ്വന്തം വീട്ടിൽ നിന്നിട്ടുള്ളു… എന്തെങ്കിലും അത്യാവശ്യത്തിനു മാത്രം വരും. ഉടനെ പോകും….
അത്രയും സ്നേഹത്തിൽ ആയിരുന്നു അവർ തമ്മിൽ.ഒരു ദിവസം പോലും തമ്മിൽ കാണാതെ ഇരിക്കില്ല…
വിവാഹം കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞു..പതിവുപോലെ വിശേഷം ഒന്നും ആയില്ലേ എന്ന മുറവിളി എല്ലാരിൽ നിന്നും ഉയർന്നു………
കല്യാണം ഇപ്പോൾ കഴിഞ്ഞതല്ലേ ഉള്ളൂ അതിനിടയ്ക്ക് എന്ത് വിശേഷം ആവാൻ കുട്ടികൾക്ക് അധികം പ്രായമൊന്നും ആയില്ലല്ലോ അതിനൊക്കെ സമയം ആവട്ടെ… എന്ന് സുലോചന മറുപടി പറയും…..
പൗർണമി പതിവുപോലെ അടുക്കളയിൽ വന്നപ്പോഴാണ് സുലോചയുടെ ചോദ്യം ഇന്നെന്താ ഹർഷൻ ഓഫീസിൽ പോകുന്നില്ലേ…..
ഇല്ല അമ്മേ ഹാർഷേട്ടൻ ഇന്ന് ഓഫീസിൽ പോകുന്നില്ല എന്തോ വയ്യായ്ക ഉണ്ടെന്നു പറഞ്ഞു……..
അതെന്താ അവനു പെട്ടെന്ന് ഒരു വയ്യായ്ക ഞാൻ എന്തായാലും ഒന്നു പോയി നോക്കിയിട്ട് വരാം……സുലോചന അതും പറഞ്ഞു മുറിയിലേക്ക് പോയി… പിന്നാലെ തന്നെ പൗർണമിയും….
സുലോചന മുറിയിലേക്ക് ചെല്ലുമ്പോൾ ഹർഷൻ കിടക്കുകയായിരുന്നു….. എന്താടാ നിനക്ക് സുഖമില്ലേ….. മകന്റെ നെറ്റിയിൽ കൈ വച്ചു സുലോച ചോദിച്ചു….
ഒന്നുമില്ല അമ്മ എന്തോ ഒരു വല്ലാത്ത ക്ഷീണം തോന്നി. അതുകൊണ്ട് ഇന്ന് ലീവ് എടുക്കാം എന്ന് വിചാരിച്ചു….അല്ലാതെ എനിക്ക് വേറെ കുഴപ്പമൊന്നുമില്ല…….
അമ്മ ഇവളെ ഒന്ന് പറഞ്ഞു മനസ്സിലാക്കു.. എനിക്ക് വേറെ കുഴപ്പം ഒന്നും ഇല്ല എന്ന്… ഇന്നലെ മുതൽ മുഖം വീർപ്പിച്ചു ഇരിക്കുകയാണ് എനിക്കെന്തോ മാറാരോഗം പോലെ…
എടാ അത് സ്നേഹമുള്ള ഭാര്യമാർ അങ്ങനെയാണ് ഭർത്താവിനെന്തെങ്കിലും ചെറിയ വയ്യായ്ക വന്നാൽ പോലും അവരെക്കൊണ്ട് അത് സഹിക്കാൻ പറ്റില്ല…
അതിന് നീ അവളെ വെറുതെ കുറ്റപ്പെടുത്തേണ്ട…. നിനക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം…..
ഇല്ല അമ്മേ എനിക്ക് കുഴപ്പമൊന്നുമില്ല. വല്ലാത്ത ക്ഷീണം തോന്നുന്നു എനിക്കൊന്നു കിടന്നുറങ്ങിയാൽ മതി…..
എന്നാൽ ശരി നീ കിടന്നു ഉറങ്ങിക്കോ ഞാൻ ശല്യപ്പെടുത്തുന്നില്ല അതും പറഞ്ഞ് സുലോചന മുറിയിൽ നിന്ന് ഇറങ്ങിപ്പോയി……..
സുലോചനയും പൗർണമിയും കൂടി ചേർന്ന് അടുക്കള ജോലികൾ എല്ലാം വളരെ വേഗത്തിൽ ആക്കി……….
ജോലികളെല്ലാം കഴിഞ്ഞ് സുലോചന നേരെ മുറിയിലേക്ക് ചെന്ന് കുളിച്ചു ഫ്രഷ് ആയി ഇറങ്ങിവന്നു….
അടുക്കളയിൽ പോയി കഴിക്കാൻ എല്ലാം വിളമ്പി വച്ചതിനുശേഷം ഹർഷനെ വിളിക്കാനായി തുടങ്ങി….. കിടന്നുറങ്ങുന്ന അവന്റെ അടുത്തേക്ക് ഇരുന്ന് അവനെ അവൾ വിളിച്ചു..
ഒന്ന് രണ്ട് തവണ വിളിച്ചിട്ടും ഹർഷൻ ഉണർന്നില്ല…. ഒരുവശം ചരിഞ്ഞു കിടന്ന് ഉറങ്ങുന്നവനെ പൗർണമി നേരെ കിടത്തി……..
വിളിച്ചിട്ടും വിളികേൾക്കാതെ കിടക്കുന്നവനെ കാണെ പൗർണമിയുടെ സപ്തനാഡികളും തളർന്നു പോയി….
ഒരു വലിയ നിലവിളി അവളുടെ തൊണ്ടയിൽ വന്നു കുടുങ്ങി….. ഒരു നിലവിളിയോടുകൂടി പൗർണമി ഹർഷന്റെ ശരീരത്തിലേക്ക് വീണു……..
പൗർണമിയുടെ നിലവിളിയും ബഹളവും കേട്ട് സുലോചനയും ഭർത്താവും മുറിയിലേക്ക് വന്നു… അവർ വന്നപ്പോൾ കണ്ട കാഴ്ച അവരെ ഞെട്ടിക്കുന്നതായിരുന്നു…
ഹർഷന്റെ ശരീരത്തിലേക്ക് വീണുകിടന്നു പൊട്ടിക്കരയുന്ന പൗർണമി…. സുലോചനയും ഭർത്താവും അവന്റെ അടുത്ത് വന്നു അവനെ കുലുക്കി വിളിച്ചു……..
ആ നിലവിളി ശബ്ദം ഒന്നുംതന്നെ ഹർഷൻ കേട്ടില്ല…… അയൽപക്കത്തുനിന്ന് നിലവിളിഒച്ച കേട്ട് ആരൊക്കെയോ ഓടി കൂടുകയും ഹർഷനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു….
അപ്പോഴേക്കും അവൻ മരിച്ചിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൈലന്റ് അറ്റാക്ക് ആയിരുന്നു കാരണം…… രണ്ടു മാസത്തെ ദാമ്പത്യം അവീടെ അങ്ങനെ അവസാനിച്ചു….
നിലവിളിച്ചു കരയുന്ന പൗർണമിയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല… വിടരും മുമ്പേ കൊഴിഞ്ഞു പോയ ഒരു പൂവിനെ പോലെ……….. അവൾ…..
ഹർഷന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞു ബന്ധുക്കൾ ഓരോരുത്തരായി പിരിഞ്ഞു പോയപ്പോൾ ആ വലിയ വീട്ടിൽ അച്ഛനും അമ്മയും പൗർണമിയും മാത്രമായി…..
മരുമകളുടെ അവസ്ഥയിൽ ആഅമ്മ മനസ്സ് വളരെയധികം ദുഖിച്ചിരുന്നു…. ഹർഷന്റെ മരണശേഷം സുലോചനയുടെ മറ്റൊരു മുഖമാണ് പൗർണമി കണ്ടത്…
തൊടുന്നതിന് പിടിക്കുന്നതിനും എല്ലാം കുറ്റവുമായി നടക്കുന്ന ഒരു അമ്മായി അമ്മയായി സുലോചന മാറി….
സുലോചനയുടെ ഈ പെരുമാറ്റം പൗർണമിയെ വളരെയധികം വിഷമിപ്പിച്ചു….. പലപ്പോഴും ആ വീട്ടിൽനിന്ന് എവിടെയെങ്കിലും ഇറങ്ങി ഓടി പോകണം എന്ന് പോലും പൗർണമിക്ക് തോന്നിത്തുടങ്ങി…….
സുലോചന പറഞ്ഞതനുസരിച്ച് രാവിലെതന്നെ പൗർണമിയുടെ വീട്ടുകാർ എത്തിയിരുന്നു….. തന്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും വന്നിട്ടുണ്ട് എന്നറിഞ്ഞ് പൗർണമി വരാന്തയിലേക്ക് ഓടിവന്നു…..
ഞാൻ വിളിച്ചതനുസരിച്ചട്ടാണ് നിന്റെ അച്ഛനും അമ്മയും ഇവിടേക്ക് വന്നിരിക്കുന്നത്… എന്റെ മകന്റെ ഭാര്യയായിട്ടാണ് നീ ഈ വീട്ടിലേക്ക് കയറിവന്നത്..
ഇന്ന് എന്റെ മകൻ ഇല്ല..അപ്പോൾ നിനക്ക് ഇനി ഇവിടെ ഒരു സ്ഥാനവുമില്ല… നിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം നീ ഈ വീട്ടിൽ നിന്ന് എത്രയും പെട്ടെന്ന് ഇറങ്ങി പോകണം….
പോകുമ്പോൾ ഈ വീട്ടിൽനിന്ന് നിനക്ക് ആവശ്യമുള്ളത് എന്തൊക്കെയാണോ അതൊക്കെ കൊണ്ടുപോകാം പക്ഷേ ഇനിയൊരു മടങ്ങിവരവ് ഇവിടേക്ക് പാടില്ല….
അമ്മ എന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ പറയുന്നത് ഹാർഷേട്ടന്റെ ആത്മാവ് ഉറങ്ങുന്ന ഈ വീട്ടിൽ നിന്ന് ഞാൻ എവിടേക്കാണ് പോകാൻ ഉള്ളത്…..
അതൊന്നും എനിക്ക് കേൾക്കണ്ട ഡാ നീ ഇനി ഒരു നിമിഷം പോലും എന്റെ മകന്റെ ഭാര്യ എന്ന പേരിൽ ഇവിടെ നിൽക്കാൻ പാടില്ല……… അത്രയും പറഞ്ഞ് സുലോചന മുറിക്കകത്തേക്ക് പോയി………
പൗർണമി അച്ഛന്റെ അടുത്തേക്ക് വന്നു… എന്തിനാണ് അച്ഛാ അമ്മ എന്നോട് ഇങ്ങനെയൊക്കെ പറയുന്നത്…
എനിക്ക് ഏട്ടൻ ഉ റങ്ങുന്ന ഈ വീട്ടിൽനിന്നും എവിടേയ്ക്കും പോണ്ട അച്ഛൻ.,., അമ്മയോട് ഒന്ന് പറഞ്ഞു എന്നെ ഇവിടെ നിൽക്കാൻ അനുവദിക്കണം
ഞാൻ എന്ത് ചെയ്യാനാണ് മോളെ അവളുടെ തീരുമാനത്തിന് മാറ്റമില്ല… മോള് നിനക്ക് ആവശ്യം ഉള്ളത് എന്താണെന്ന് വെച്ചാൽ എടുത്തുകൊണ്ട് ഇപ്പോൾ തന്നെ ഇറങ്ങിക്കോ.. അമ്മയുടെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ…
പൗർണമി കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി അവളുടെ സാധനങ്ങൾ എല്ലാം ഒരു ചെറിയ ബാഗിനുള്ളിൽ എടുത്തു കൊണ്ടുവന്നു….
സുലോചനയുടെ മുറിയുടെ മുന്നിലേക്ക് നിന്നു..ബാഗു പുറത്തേക്ക് വെച്ച് അവൾ ഉള്ളിലേക്ക് കടന്നു
ഞാൻ പോവുകയാണ്….. ഞാൻ ഇവിടെ നിന്ന് അങ്ങനെ എല്ലാം ഒന്നും കൊണ്ടുപോകുന്നില്ല… എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നെ വിട്ടുപോയി… ഇവിടെ പിന്നെ ബാക്കിയുള്ളത് അച്ഛന്റെയും അമ്മയുടെയും സ്നേഹം ആണ്..
അതും എനിക്ക് ഇല്ലാതെയായി പിന്നെ ഞാൻ ഇനി എന്തിനു വേണ്ടിയാണ് ഇവിടെ നിൽക്കുന്നത് അതുകൊണ്ട് ഞാൻ പോവുകയാണ്…..
അച്ഛന്റെയും അമ്മയുടെയും ഒപ്പം പൗർണമി ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് നോക്കി സുലോചനയും ഭർത്താവും നിന്നു….
എന്തിനാ സുലോചനെ ആ പാവം പിടിച്ച പെണ്ണിനോട് ഇത്രയും ക്രൂരത നീ കാണിച്ചത്…..
ഇപ്പോൾ നിങ്ങൾക്കും അവർക്കും ഒക്കെ ഞാൻ കാണിച്ചത് ക്രൂരതയാണെന്ന് തോന്നും പക്ഷേ ഞാൻ ഒരിക്കലും അവളോട് ക്രൂരത കാണിച്ചിട്ടില്ല..
എന്റെ മകനെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ ഞാൻ അവളെയാണ് സ്നേഹിച്ചത്…
ഈ വീട്ടിൽ നിന്റെ മകന്റെ ഒപ്പം കയറി വന്നപ്പോൾ ഒരു മരുമകളായി അല്ല ഞാനൊരു മകളായാണ് അവളെ സ്വീകരിച്ചത്…..
അവൾ ഇനിയും പഠിക്കണം അവൾ കഴിഞ്ഞതെല്ലാം മറന്ന്…മറ്റൊരു ജീവിതത്തിലേക്ക് കടന്നു ചെല്ലണം…
അവളൊരു അമ്മയാകണം അതിനെല്ലാം വേണ്ടിയാണ് ഞാൻ ഇന്ന് അവളെ വേദനിപ്പിച്ചു ഇവിടെനിന്നും ഇറക്കിവിട്ടത്…
എന്റെ മകന്റെ വിധവയായി അവൾ ഇവിടെ ജീവിതം ഹോമിക്കേണ്ടവൾ അല്ല.. അവൾക്ക് ഇനിയും ഒരു ഭാവിയുണ്ട്….
ഇവിടത്തെ അടുക്കളയിൽ കിടന്നു നീറി പോകേണ്ടത് അല്ല അവളുടെ ജീവിതം… അതിനു വേണ്ടിയാണ് ഞാൻ ഇങ്ങനെയൊക്കെ അവളോട് പെരുമാറിയത്…….
എന്റെ മോള് എങ്ങനെയെങ്കിലും പോയി രക്ഷപ്പെടട്ടെ……… നമ്മുടെ മോന്റെ ആത്മാവ് പോലും അതായിരിക്കും ആഗ്രഹിക്കുന്നത്……
എനിക്ക് നിന്നെ മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ സുലോചനെ…. അത് സാരമില്ല……… ചിലപ്പോഴൊക്കെ അങ്ങനെയാണ് ആർക്കും ആരെയും മനസ്സിലാവില്ല………..