എന്നാലും എന്റെ വിലാസിനി ആ തങ്കപ്പെട്ട ചെക്കന് ഇങ്ങനെ ഒരു മലടി പെണ്ണിനെ ആണല്ലോ കിട്ടിയത്……..

ഒന്നുമറിയാതെ
(രചന: മഴ മുകിൽ)

എന്തിനാ അമ്മു നീയിങ്ങനെ കരയുന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു വച്ചു….

അമ്മു അമ്മായിയുടെ മടിയിൽ വീണു പിന്നെയും പിന്നെയും കരഞ്ഞു.. മതിയായി അമ്മായി ഈ ജീവിതം ഞാൻ കാരണം കിച്ചേട്ടനും ഒരു മനസമാധാനം ഇല്ലാതായില്ലേ…….

അതിനു അവൻ എന്തെങ്കിലും പറഞ്ഞോ… ഇല്ലല്ലോ പിന്നെന്താ മോളെ… കമല വാത്സല്യത്തോടെ അവളുടെ നെറുകിൽ തഴുകി….

അമ്മു തല ഉയർത്തി അമ്മായിയെ നോക്കി… അമ്മായിക്ക് എന്നോട് ഒരു പൊടിപോലും വെറുപ്പില്ല……..

ഞാൻ എന്തിനാ മോളെ നിന്നെ വെറുക്കുന്ന.. നീ എന്റെ മകന്റെ ഭാര്യയാണ്…. നീ ഈ വീട്ടിൽ വന്നു കയറുമ്പോൾ നിന്നെ ഞാൻ ഒരു മരുമകൾ ആയിട്ടല്ല മകൾ ആയിട്ടാണ് കൈ പിടിച്ചിച്ചു കയറ്റിയത്…….

അമ്മ ഇല്ലാതെ വളർന്ന നിനക്ക് ഞാൻ എന്നും ഒരു അമ്മ ആയിരുന്നു…. ഇപ്പോളും അങ്ങനെ തന്നെ…….

കിച്ചേട്ടന് നല്ല സങ്കടം ഉണ്ട് അമ്മായി ഒരു കുഞ്ഞു ഇല്ലാത്തതിന്……..

അത്‌ നിന്റെ മാത്രം കുഴപ്പം ഒന്നും അല്ലല്ലോ.. നിങ്ങൾ രണ്ടുപേർക്കും കുഴപ്പം ഇല്ല… അപ്പോൾ പിന്നെ ഭഗവാൻ തരുമ്പോൾ രണ്ട് കയ്യും നീട്ടി വാങ്ങണം അത്ര ഉള്ളു…. അതിനിങ്ങനെ കരഞ്ഞാൽ എങ്ങനെ……..

ആളുകൾ പല വിധം അല്ലെ അമ്മു… എല്ലാപേരെയും തൃപ്തി പെടുത്തി നമുക്ക് ജീവിക്കാൻ കഴിയില്ല അപ്പോൾ പിന്നെ അതൊന്നും ആലോചിച്ചു മോൾ തല പുണ്ണാക്കേണ്ട..

മോൾ പോയി ഈ നനഞ്ഞ ഡ്രെസ് ഒക്കെ മാറ്റി വാ അമ്മായി ചായ എടുത്തു വക്കാം…

കമല അടുക്കളയിലേക്ക് പോയി അതിനു പിന്നാലെ അമ്മു ഡ്രെസ്സ് മാറാൻ മുറിയിലേക്കും…

കമലയുടെയും ഗംഗദരന്റെയും മകനാണ് കൃഷ്ണകുമാർ….. എന്ന കിച്ചു….. ഒരുപാട് ആലോചനകൾ നോക്കി..

ഒന്നും അങ്ങ് ശെരിയായില്ല അങ്ങനെ ഇരിക്കെ ആണ് അമ്മുവിന്റെ ആലോചന വരുന്നത്… അച്ഛൻ മാത്രമേ ഉള്ളു……. കാഴ്ചയിലും സുന്ദരി…

അമ്മ അമ്മുവിന്റെ ചെറുപ്പത്തിലേ മരിച്ചു…അടക്കവും ഒതുക്കവും ഉള്ള കുട്ടി ഒറ്റ നോട്ടത്തിൽ തന്നെ അവളെ ഇഷ്ടമായി….

കമലക്കും അമ്മുവിനെ ഇഷ്ടമായി അങ്ങനെ എട് പിടിന്ന് കല്യാണം ആയി….. കിച്ചന് കൃഷി ഓഫീസിൽ ആണ് ജോലി…..

കല്യാണം കഴിഞ്ഞു രണ്ട് വർഷം ആയിട്ടും വിശേഷം ഒന്നും ആയില്ല… കാണിക്കാത്ത ഡോക്ടർ മാരോ ചികിത്സയോ ഇല്ല..പ്രാർത്ഥനയും വഴിപാടും ഒക്കെ നടത്തി….. എന്നിട്ടും ഇതുവരെയും പ്രയോജനം ഒന്നും ഇല്ല…

പാവം പെണ്ണ് ഒരുപാട് വിഷമിക്കുന്നുണ്ട്…… കിച്ചുവിന്റെ മുന്നിൽ പോലും അവളിത്രയും സങ്കടപെട്ടു കണ്ടിട്ടില്ല…

ഒരു അമ്മായിയമ്മ ആയിട്ടല്ല സ്വന്തം അമ്മആയിട്ട് മാത്രമേ അമ്മുവിനോട് ഇന്നും കമലം ഇടപെട്ടിട്ടുള്ളൂ…

വിവാഹം കഴിഞ്ഞ് അന്നുമുതലേ അവളുടെ ചെറിയ ചെറിയ സന്തോഷവും സങ്കടവും എല്ലാം അവൾ പങ്കുവെച്ചിരുന്നത് കമലത്തോടൊപ്പം ആയിരുന്നു…….

ഇന്ന് പതിവില്ലാതെ അലക്കാനുള്ള എല്ലാം വാരി പുഴയിലേക്ക് പോയതാണ് അമ്മു. അവിടെവെച്ച് കുളിക്കാനും നനക്കാനുമായി വന്ന ആരോ അവളെ നല്ലോണം വിഷമിപ്പിക്കുന്ന എന്തോ പറഞ്ഞിട്ടുണ്ട്…

ഇടയ്ക്കിടയ്ക്ക് പുഴയിൽ പോയി മുങ്ങി കുളിച്ചില്ലെങ്കിൽ അവൾക്കു പറ്റില്ല………

മുറിയിൽ പോയി വേഷം മാറുമ്പോൾ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു തൂവി…….. എന്നാലും എന്റെ വിലാസിനി ആ തങ്കപ്പെട്ട ചെക്കന് ഇങ്ങനെ ഒരു മലടി പെണ്ണിനെ ആണല്ലോ കിട്ടിയത്……..

അതിന്റെ ഒരു യോഗം…. എത്രയോ നല്ല ആലോചന വന്നതാ….

ഇതിനെ കെട്ടി ഇങ്ങനെ സങ്കടപെടാൻ വഴി കിടക്കുമ്പോൾ….. എന്നാലും രണ്ട് വർഷം ആയില്ലേ ഇനീ ഈ വയറ്റിൽ ഒരു പുൽക്കൊടി പോലും മുളക്കില്ല എന്നാണ് തോന്നുന്നത്……

ആ കമലക്കു വയസു കാലത്തു ഒരു പേരക്കുട്ടിയെ കാണാൻ ഉള്ള ഭാഗ്യം ഇല്ലല്ലോ ദൈവമേ…….

എന്തിനാ ചേച്ചി ആ കൊച്ചിനെ ഇങ്ങനെ കുത്തുന്നെ അതൊരു പാവം ആയതു കൊണ്ടല്ലേ….. നിങ്ങൾക്കും ഒരു മോൾ ഉണ്ടല്ലോ… സരള ദേഷ്യത്തിൽ പറഞ്ഞു……

അമ്മുവിന്റെ ചെവിയിൽ അവർ പറഞ്ഞ വാക്കുകൾ ഇടി മുഴക്കം പോലെ കേട്ടുകൊണ്ടിരുന്നു……

അതെ കിച്ചേട്ടന് നല്ല പെൺകുട്ടികളെ ഇപ്പോഴുംകിട്ടും എന്നിട്ടും ഞാൻ ഒരു അധിക പറ്റായി ഈ വീട്ടിൽ……… അമ്മു കണ്ണുകൾ തുടച്ചു……..

ഈ വീട്ടിൽ മാത്രം അല്ല.. കിച്ചേട്ടന്റെ മനസ്സിൽ പോലും ഞാൻ ഇപ്പോൾ ഒരു അധികപറ്റ്ആണ്…. അത്‌ കുറച്ചു നാൾ ആയിട്ട് ഞാൻ അറിയുന്നുണ്ട്….

എന്തിനും ഏതിനും കുറ്റപ്പെടുത്തൽ മാത്രം…. പഴയ സ്നേഹവും ചേർത്തു പിടിക്കലും ഒന്നും ഇപ്പോൾ ഇല്ല… അമ്മയുടെ മുന്നിൽ മാത്രമാണ് എന്റെ പഴയ കിച്ചേട്ടൻ ആകുന്നതു…….

എന്റെ കുറ്റം കൊണ്ടോ കിച്ചേട്ടന്റെ കുറ്റം കൊണ്ടോ അല്ല…. എന്നിട്ടും എനിക്ക് മാത്രം ആണ് അവഗണയും കുറ്റപ്പെടുത്തലും….

മോളെ…. അമ്മു………

താഴെ നിന്നും അമ്മയുടെ വിളികേട്ട് അമ്മു ഓർമകളിൽ നിന്നും പുറത്തേക്കു വന്നു….. അമ്മക്ക് അമ്മുവെന്നു വച്ചാൽ ജീവനാണ്……… അവൾക്കും അങ്ങനെ തന്നെ കണ്ണുകൾ അമർത്തി തുടച്ചു അമ്മു താഴേക്കു വന്നു……

അപ്പോഴേക്കും കമല കഴിക്കാൻ അവൽ വിളയിച്ചതും ചായയും എടുത്തു വച്ചു…….

അമ്മുവിന്റെ മുഖം കണ്ടപ്പോൾ തന്നെ കമലക്കു മനസിലായി അവൾ കരഞ്ഞിട്ടുണ്ട് എന്ന്‌…..

അമ്മു….. അമ്മയോട് പറയാത്ത എന്തെങ്കിലും വിഷമം നിനക്കുണ്ടോ….. കമല അമ്മുവിനോട് ചോദിച്ചു……..

ഇല്ലമ്മേ ഒന്നുമില്ല………. ഞാൻ വെറുതെ….

അപ്പോഴേക്കും കിച്ചൻ ജോലികഴിഞ്ഞു വന്നു….

അമ്മയെയും അമ്മുവിനെയും മറികടന്നു… കിച്ചൻ മുറിയിലേക്ക് പോയി…….

അമ്മു കിച്ചന് പിന്നാലെ മുറിയിലേക്ക് ചെന്നു….. എന്താ കിച്ചേട്ടാ കിടക്കുന്നെ വയ്യേ….. അവൾ പതിയെ അവന്റെ നെറ്റിയിൽ കൈവച്ചു……..

കിച്ചൻ ദേഷ്യത്തിൽ ആ കൈകൾ തട്ടി മാറ്റി….

എന്തിനാ എന്റെ ജീവിതത്തിൽ ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കുന്നെ…. നിനക്ക് ഒന്ന് ഒഴിഞ്ഞു പോയികൂടെ അമ്മു… മതിയായി…. ആളുകളുടെ പരിഹാസം കേട്ടു മടുത്തു……….. എനിക്ക് അല്പം സ്വസ്ഥത തരുമോ നീ….

അമ്മു വേഗം മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി…. ചുമരിൽ ചാരി നിന്നു തേങ്ങി കരഞ്ഞു….

അമ്മേ…. വീട്ടിൽ അച്ഛന് സുഖമില്ലെന്നു .കിച്ചേട്ടൻ പറഞ്ഞതാണ്…കിച്ചേട്ടന് അതാണ് സങ്കടം….

എനിക്ക് ഒന്ന് പോയി നിൽക്കണം..ഞാൻ നാളെ തന്നെ പോയിക്കോട്ടെ……..

അതിനെന്താ മോൾ പോയിക്കോ… അവനോടു കൊണ്ട് വിടാൻ പറയാം…….

അത്‌ വേണ്ടമ്മേ ഞാൻ പോയിക്കൊള്ളാം…

അത് പറ്റില്ല അവൻ കൊണ്ട് വിടും……

അടുത്ത ദിവസം രാവിലെ അമ്മു റെഡി ആയി… കിച്ചൻ അവളുടെ മുഖത്തു പോലും നോക്കിയില്ല….. ഞാൻ പോകുന്നു കിച്ചേട്ടാ..

ഇനിയും ഞാൻ ഒരു ശല്യം ആയി ഏട്ടന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങുന്നില്ല……… അവൾ അതും പറഞ്ഞു മുറിയിൽ നിന്നും പുറത്തിറങ്ങി…….

അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു… കമല അവളെ ചേർത്തു പിടിച്ചു… അയ്യേ ഇതെന്തു കരച്ചിലാ പെണ്ണെ…. രണ്ടു ദിവസം കഴിഞ്ഞു ഇങ്ങോട്ടല്ലേ വരുന്നത്…..

അവൾ വേഗം മുഖം തുടച്ചു കിച്ചനൊപ്പം ഇറങ്ങി… വീട് എത്തും വരെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല….

കിച്ചൻ അവളെ വീടിനു മുന്നിൽ ഇറക്കി ഒന്നും മിണ്ടാതെ പോയി….. അവൻ പോകുന്നതും നോക്കി കണ്ണും നിറച്ചു അമ്മു നിന്നു…..

അമ്മു ചെല്ലുമ്പോൾ അച്ഛൻ അടുക്കളയിൽ തിരക്കിട്ട പണിയിൽ ആണ്……

ആഹാ മോൾ എന്താ രാവിലെ…. കിച്ചൻ വന്നില്ലേ……

വന്നു അച്ഛാ… കിച്ചേട്ടൻ എന്നെ ഇവിടെ വിട്ടിട്ടു പോയി.. ഓഫീസിൽ അത്യാവശ്യം പണിയുണ്ട്….

എന്താ മോളെ മുഖം വല്ലാതെ ഇരിക്കുന്നെ.. എന്തെങ്കിലും വിഷമം ഉണ്ടോ…… നിങ്ങൾ തമ്മിൽ…

ഒന്നുമില്ല അച്ഛാ.. ഞാൻ രണ്ട് ദിവസം അച്ഛന്റെ കൂടേ നിൽക്കാൻ വന്നതാ…… അവൾ അതും പറഞ്ഞു മുറിയിൽ പോയി ബാഗും വച്ചു ഡ്രസ്സ്‌ മാറി വന്നു….

കഴിയുന്നതും അച്ഛന്റെ മുന്നിൽ അവൾ സന്തോഷത്തോടെ തന്നെ പെരുമാറാൻ.. ശ്രമിച്ചു…………

കിച്ചൻ വിളിച്ചില്ലേ മോളെ……..

വിളിച്ചു അച്ഛാ… കുറച്ചു മുന്നേ…….

അമ്മു വീട്ടിൽ വന്നിട്ട് രണ്ട് ദിവസം ആയി….. ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് മയങ്ങുവാണു അച്ഛൻ….. അമ്മു മുറിയിൽ വെറുതെ കിടക്കുമ്പോൾ ആണ്… കിച്ചന്റെ ഫോൺ വരുന്നത്…..

കിച്ചേട്ടാ…… ഞാൻ നോക്കി ഇരിക്കുവായിരുന്നു കിച്ചേട്ടൻ വിളിച്ചില്ലല്ലോന്ന്…. എനിക്കറിയാം കിച്ചേട്ടന് എന്നെ….

ഒന്ന് നിർത്തു അമ്മു… ഞാൻ.. ഒരു കാര്യം പറയാൻ ആണ് വിളിച്ചത്….. നമ്മുടെ ബന്ധം അതിനി തുടർന്ന് കൊണ്ടുപോകാൻ എനിക്ക് കഴിയില്ല… നിനക്ക് ഈ ബന്ധത്തിൽ താല്പര്യം ഇല്ലെന്നാണ് ഞാൻ അമ്മയോട് പറഞ്ഞതു…

അമ്മ അത്‌ വിശ്വസിക്കുന്നില്ല… നാളെ ഞാനും അമ്മയും നിന്നെ കാണാൻ വരുമ്പോൾ നീ തന്നെ അമ്മയോട് പറയണം…..

കിച്ചേട്ടാ…… അപ്പോഴേക്കും മറുപുറം ഫോൺ കട്ടായി…..

രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്കു ഉറക്കം വന്നില്ല……

രാവിലെ എഴുനേൽക്കുമ്പോൾ അവൾ ഉറച്ച ഒരു തീരുമാനം എടുത്തിരുന്നു…. വല്ലാത്ത ക്ഷീണവും തളർച്ചയും തോന്നിയെങ്കിലും അവൾ തലേ ദിവസം കഴിക്കാത്തതിനാൽ ആണെന്ന് കരുതി….

അച്ഛൻ വീട്ടിൽ ഇല്ലായിരുന്നനേരം നോക്കി അമ്മു മുറിയിലേക്ക് പോയി……

ഒരു കുഞ്ഞിനെ കിച്ചേട്ടന് തരാൻ എനിക്കുകഴിഞ്ഞില്ല….

പക്ഷെ ഏട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല…… അമ്മു ആർക്കും ശല്യം ആകാതെ പോകുവാണ്… അച്ഛനോടും അമ്മയോടും മാത്രെ ക്ഷമ ചോദിക്കാൻ ഉള്ളു…….

ഇനിയും കുത്തുവാക്കും അധിഷേപവും കേട്ടു ജീവിക്കാൻ വയ്യ…. കഴുത്തിൽ കുരുക്കു മുറുകി…. ശ്വാസം കിട്ടാൻ പ്രയാസപ്പെടുമ്പോൾ അവളുടെ മനസ്സിൽ കിച്ചന്റെ മുഖം മാത്രെ ഉണ്ടായിരുന്നുള്ളു…….

പുറത്തു പോയ അച്ഛനും കിച്ചനും അമ്മയും ഒന്നിച്ചാണ് വീട്ടിൽ എത്തിയത്… പുറത്തു വാതിൽ തുറന്നു കിടന്നു…. അകത്തേക്ക് കയറുമ്പോൾ കണ്ട കാഴ്ച്ചയിൽ മൂന്നുപേരും ഞെട്ടി പോയി……..

കിച്ചന് ഏറ്റവും ഇഷ്ടപെട്ട സാരി അണിഞ്ഞു… അമ്മു……. ഫാനിൽ കെട്ടി തൂങ്ങി തന്റെ ജീവിതം അവസാനിപ്പിച്ചു……….

പോലീസ് എത്തി… ബോടി പോസ്റ്റുമാർട്ടം ചെയ്ത്…. അമ്മുവിന്റെ ബോഡിക്കൊപ്പം….. ആവാർത്തയും കൂടിയാണ് കിച്ചൻ ഏറ്റുവാങ്ങിയത്…..

അവളുടെ വയറ്റിൽ കിച്ചന്റെ ചോരയുടെ തുടിപ്പും…… വിടരും മുൻപേ കൊഴിച്ചു കളഞ്ഞ സ്വപ്നം…… എല്ലാപേരും ആ വാർത്തയിൽ….. തകർന്നു പോയി…..

കിച്ചൻ ഒരു ഭ്രാന്തനെ പോലെ അമ്മുവിനെ കെട്ടിപിടിച്ചു നിലവിളിച്ചു…. ഞാനാണ് കൊന്നത്… ഞാനാണ്….. ഞാനാണ് എന്റെ അമ്മുവിനെ……

പക്ഷെ ആ നിലവിളി കേട്ടു ഉണരാൻ അമ്മുവിന് കഴിയില്ലായിരുന്നു……… ആർക്കും ശല്യം ആകാത്ത ലോകത്തേക്ക് അവൾ പോകുമ്പോൾ അവളുടെ ഉദരത്തിൽ പേറിയ ആജീവനും കൂടേ കൂട്ടായി……. ഒന്നുമറിയാതെ….

Leave a Reply

Your email address will not be published. Required fields are marked *