വരുൺ ഇതു നമുക്ക് നിർത്താം എനിക്കിപ്പോൾ പേടിയായി തുടങ്ങി. നിന്റെയോ എന്റെയോ വീട്ടിൽ ആരെങ്കിലും അറിഞ്ഞാൽ പിന്നെ

(രചന: മഴമുകിൽ)

വരുൺ ഇതു നമുക്ക് നിർത്താം എനിക്കിപ്പോൾ പേടിയായി തുടങ്ങി. നിന്റെയോ എന്റെയോ വീട്ടിൽ ആരെങ്കിലും അറിഞ്ഞാൽ പിന്നെ നമ്മുടെ ജീവിതം അതോടെ കഴിഞ്ഞു…

ഒരു മേശക്കിരുവശവുമായി രണ്ടുപേരും ഇരുന്നു….. ചായക്കപ്പു ചുണ്ടോടു ചേർത്ത വരുൺ പെട്ടെന്ന് താഴേക്കു വച്ചു.

എന്തുപറ്റി നിനക്ക് പെട്ടെന്ന് ഇങ്ങനെ തോന്നാൻ…. ഇപ്പോൾ എന്നെക്കാൾ നല്ലതായി ആരെയെങ്കിലും കിട്ടിയിട്ടുണ്ടോ… അതാണോ ഈ ഒഴിഞ്ഞുമാറ്റം…

വരുണിന്റെ ഭാഗത്തു നിന്നുള്ള ആ ചോദ്യം ഉഷയെ ചൊടിപ്പിച്ചു.

എന്നെക്കുറിച്ചു ഇതാണോ നിന്റെ മനസ്സിൽ… നിന്നെ ഞാനും കുറ്റം പറയില്ല.. ഭർത്താവും മക്കളും ഉള്ള ഞാൻ നീയുമായി സൗഹൃദത്തിൽ ആകാൻ പാടില്ലായിരുന്നു.

ഒരിക്കലും ഒരു പെണ്ണിന്റെയും ആണിന്റെയും സൗഹൃദം സമൂഹം അംഗീകരിക്കില്ല.

നീ എന്റെ വിഷമഘട്ടത്തിൽ ഒരുപാട് സഹായിച്ചിട്ടുണ്ട് വരുൺ.. ഇപ്പോഴും സഹായിക്കുന്നുമുണ്ട്.. പക്ഷെ എത്രനാൾ നിന്നെയിങ്ങനെ ബുദ്ധിമുട്ടിക്കും…

ഫേസ് ബുക്കുവഴി കിട്ടിയ സൗഹൃദം ആണ്. ഇത്രയും നാൾ അത് നല്ലരീതിയിൽ കൊണ്ടുപോകാൻ കഴിഞ്ഞു. പക്ഷെ ഇനി അത് ബുദ്ധിമുട്ട് ആണ്….

നിന്റെ പെരുമാറ്റത്തിൽ ഇപ്പോൾ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട് വരുൺ….

എന്തുമാറ്റം….. വരുണിന്റെ ശബ്ദം ഉയർന്നു.

നിന്റെ സൗഹൃദത്തിലും സ്നേഹത്തിലും ഇപ്പോൾ നിറം മാറി വരുന്നു.

കഴിഞ്ഞദിവസം നീ എന്നോട് എന്തൊക്കെയാണ് ഫോണിലൂടെ പറഞ്ഞതെന്നറിയാമോ….

നിന്റെ ജീവിതത്തിൽ ഞാൻ വേണം. നിനക്ക് ഞാനില്ലാതെ പറ്റില്ല. നിന്റെ ഭാര്യയുടെ സ്ഥാനത്തിപ്പോൾ ഞാനാണ്… എന്നൊക്കെ…. വിളിച്ചു കൂവുകയായിരുന്നു…. ഇനിയും ഞാൻ മിണ്ടാതിരുന്നാൽ കഴിയില്ല.

ഓക്കേ നിനക്കിപ്പോൾ മറ്റാരോ ഉണ്ട് അതാണ് എന്നെ വേണ്ടതായതു…

ഇനി നിന്നോട് സംസാരിച്ചിട്ട് കാര്യമില്ല.. ഞാൻ പോകുന്നു.

ഉഷ ബാഗുമായി എഴുന്നേറ്റ്… പുറത്തേക്കു പോയി..

വരുൺ ബില്ല് പേ ചെയ്തു തൊട്ടു പിന്നാലെ ഇറങ്ങി..

വീട്ടിൽ എത്തുമ്പോൾ പതിവുപോലെ സുകു നാലുകാലിൽ….എന്തൊക്കെയോ ബോധമില്ലാതെ വിളിച്ചു പറയുന്നു..
അസഭ്യവർഷമായി പിന്നെ….

ചെവി പൊതിഞ്ഞു പിടിച്ചു ഉഷ..

പിള്ളേർ രണ്ടുപേരും പഠിക്കാനിരിക്കുന്നു… ഇടയ്ക്കു ലെച്ചുമോൾ തല എത്തിച്ചു നോക്കുന്നുണ്ട്.

ഉഷ അടുക്കളയിൽ കയറി ഒരു ചായയാക്കി കുടിച്ചു….

ഫ്രഷായി വന്നു. ഒരു നൈറ്റി എടുത്തണിഞ്ഞു….

രാത്രിയിലെത്തേക്ക് ചപ്പാത്തിയും കറിയും ഉണ്ടാക്കി. അടുക്കളയിലെ ജോലികൾ ചെയ്യുമ്പോഴും അവളുടെ ശ്രദ്ധ അതിലൊന്നും ആയിരുന്നില്ല. വരുണ് പറഞ്ഞ കാര്യങ്ങളിലൂടെ മനസ്സ് ഓടി നടക്കുകയായിരുന്നു.

താൻ മനസ്സിൽ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ അല്ലേ അവൻ പറഞ്ഞത് പിന്നെ എന്തിനാണ് അവനോട് ഇത്രയും ക്ഷോഭിച്ചത്.

പലപ്പോഴും സുകുവേട്ടന്റെ ഈ സ്വഭാവത്തിന് മുന്നിൽ ജീവിതം അവസാനിപ്പിക്കണമെന്ന് വരെ തോന്നിയിട്ടുണ്ട്. അപ്പോഴെല്ലാം മക്കളുടെ മുഖം മാത്രമായിരുന്നു ആശ്വാസം തന്നത്. എന്നിട്ടും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ കഴിയാതെ വന്നു.

അങ്ങനെയാണ് സോഷ്യൽ മീഡിയയിലേക്ക് കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയത്.

കുഞ്ഞു കുഞ്ഞു കഥകളും കവിതകളും ഒക്കെ വായിച്ച് സമയം ചെലവഴിച്ചിരിക്കുമ്പോഴാണ്.. കുറച്ചു ഫ്രണ്ട്സ് റിക്വസ്റ്റ് വന്നു കിടക്കുന്നത് കണ്ടത്. ആദ്യത്തെ കുറെയെണ്ണം അക്സെപ്റ്റ് ചെയ്തു. ആരാണെന്നോ എന്താണെന്നോ ഒന്നും നോക്കിയില്ല..

ഒന്ന് രണ്ട് ദിവസം കഴിയുമ്പോഴാണ് മെസഞ്ചറിൽ മെസ്സേജ് വരുന്നത്…

ഹായ് ഹലോ എന്നു തുടങ്ങിയ മെസ്സേജ് താൻ എവിടെയാണ്. തന്റെ സ്ഥലം എവിടെയാണ് നമ്മൾ രണ്ടുപേരും അടുത്തടുത്ത സ്ഥലത്താണല്ലോ അങ്ങനെ ഒരായിരം ചോദ്യങ്ങൾ..

ആദ്യം ആദ്യം അവയൊക്കെ പാടെ അവഗണിക്കുകയായിരുന്നു..

ദിവസവും രാവിലെ ഒരു ഗുഡ് മോർണിംഗ് താൻ അന്വേഷിച്ചാലും ഇല്ലെങ്കിലും അയാളുടെ കുറെ വിശേഷങ്ങൾ. പല ദിവസങ്ങളിലും മെസ്സേജുകൾ ഒന്നും നോക്കാറു പോലുമില്ല എങ്കിലും അയാളുടെ വിശേഷങ്ങളും ഗുഡ് മോർണിംഗ് മുറപോലെ വന്നുകൊണ്ടിരുന്നു.

ഒരു ദിവസം റിപ്ലൈ കൊടുത്തു. താൻ എന്തിനാ ദിവസവും ഇങ്ങനെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് എന്റെ മറുപടി ഇല്ലെങ്കിലും എന്തിനാ ഗുഡ്മോർണിംഗ് അയക്കുന്നത്…

ഞാൻ തന്നെ നല്ലൊരു സുഹൃത്തായി എന്റെ മനസ്സിൽ കണ്ടു അതുകൊണ്ട് എന്റെ വിശേഷങ്ങൾ താനുമായി പങ്കുവയ്ക്കാം എന്ന് കരുതി. അപ്പുറത്ത് കേൾക്കാൻ ഒരാൾ ഉണ്ടാകുമ്പോൾ പറയാൻ ഉത്സാഹം കൂടും..

അതിന് ഞാൻ മിക്കവാറും തന്റെ മെസ്സേജുകൾ ഒന്നും നോക്കാറു പോലുമില്ലല്ലോ.. എന്നിട്ടും മടുപ്പില്ലാത്ത താൻ എന്തിനാ ദിവസവും വീണ്ടും മെസ്സേജ് അയക്കുന്നത്…

എനിക്ക് ഉറപ്പുണ്ടായിരുന്നു എപ്പോഴെങ്കിലും ഒരിക്കൽ താൻ എന്റെ മെസ്സേജുകൾ എല്ലാം നോക്കുമെന്ന്.. ആ വിശ്വാസം ഉള്ളതുകൊണ്ട് ഞാൻ ദിവസവും മെസ്സേജ് അയച്ചു കൊണ്ടിരുന്നു.

അന്ന് അത്ര മാത്രമേ സംസാരിച്ചിട്ടുള്ളൂ എങ്കിലും.. ഉഷയുടെ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി..

പതുക്കെപ്പതുക്കെ അത് നല്ലൊരു സൗഹൃദമായി വളർന്നു വന്നു.. എന്താവശ്യത്തിനും. തൊട്ടപ്പുറത്ത് ഒരാൾ…

ഒരിക്കൽ സുകു അമിതമായി മദ്യപിച്ചു വന്നു ഉഷയെ ഒരുപാട് മർദ്ദിച്ചു.. അന്ന് തടസ്സം പിടിക്കാൻ വന്ന മകൾ ലച്ചുവിനും ആവശ്യത്തിന് കിട്ടി..

ആ അടിപിടിയിൽ കുട്ടിക്ക് സാരമായി പരിക്കേറ്റു.. ഹോസ്പിറ്റലിൽ കൊണ്ടുപോയേ പറ്റൂ എന്ന അവസ്ഥയായപ്പോൾ…. കയ്യിൽ പത്തിന്റെ പൈസ പോലുമില്ല..

ചോദിക്കാൻ മറ്റാരും ഇല്ലാത്തത് കൊണ്ട് തന്നെ ഉടനെ വരുണിനെ വിളിച്ചു..

ഫേസ്ബുക്കിൽ തുടങ്ങിയ ആ സൗഹൃദ സംഭാഷണം ഇപ്പോൾ വാട്സ്ആപ്പ് വരെ എത്തിനിൽക്കുന്നത് കൊണ്ട് എന്ത് ആവശ്യത്തിനും വിളിച്ചാൽ ഒരു കൈ അകലത്തിൽ വരുണിന്റെ സേവനം ഉണ്ടായിരുന്നു..

അപ്പോൾ തന്നെ ഗൂഗിൾ പേ വഴി കാശ് കൊടുത്തു…

ആ സംഭവത്തോട് കൂടി തന്നെ അവർ തമ്മിൽ നല്ലൊരു ആത്മ ബന്ധം ഉണ്ടായി..

ദിവസവും പരസ്പരം എന്തുകാര്യവും പറയുന്ന നല്ല സുഹൃത്തുക്കളായി മാറി. ഇരുവരുടെയും ജീവിതത്തിൽ പറയാതെ മറക്കുന്ന സംഭവങ്ങൾ ഒന്നും തന്നെ ഇല്ലാതെയായി..

ഉഷ എവിടെയെങ്കിലും ബന്ധുക്കളുടെ വീട്ടിൽ പോകണമെങ്കിൽ അത് വരുണിനെ അറിയിച്ചിട്ടായിരിക്കും.. വരുൺ തിരിച്ച് അങ്ങനെ തന്നെയായിരുന്നു.. രണ്ടുപേരും പരസ്പരം പറയാതെ എവിടെയെങ്കിലും പോയാൽ പിന്നെ അതിനെ ചൊല്ലിയാവും വഴക്ക്…

സൗഹൃദത്തിന് അപ്പുറത്തേക്കുള്ള ഒരു ബന്ധം അവർക്കിടയിൽ ഉണ്ടായി തുടങ്ങിയപ്പോൾ.. ഉഷ പതിയെ പിൻവലിയാൻ തുടങ്ങി.. പക്ഷേ വരുണിനെ സംബന്ധിച്ചിടത്തോളം അത് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു…

പിന്നീട് അതിനെ ചൊല്ലിയായി അവർക്കിടയിൽ വഴക്ക്.. ഇതിനിടയിൽ വരുണിന്റെ വിവാഹം കൂടി കഴിഞ്ഞതോടുകൂടി… ഉഷ പൂർണ്ണമായും വരുന്നിൽ നിന്ന് അകലം പാലിച്ചു…

പക്ഷേ വരുണിന് അത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഉഷയുടെ സൗഹൃദം ഇല്ലെങ്കിൽ അവന് ജീവിക്കാൻ പോലും കഴിയില്ല എന്ന് അവസ്ഥയായി…

ആ അവസ്ഥയിൽ നിന്നും മാറുന്നതിനു വേണ്ടി ഇപ്പോൾ കൂടുതൽ സമയം ഉഷയോടൊത്ത് സംസാരിക്കുന്നതിന് വരുൺ ചെലവഴിക്കാൻ തീരുമാനിച്ചു..

പക്ഷേ ഉഷ ബുദ്ധിപൂർവ്വം ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു… ആ ഒഴിഞ്ഞുമാറ്റത്തിന്റെ അവസാനമായിരുന്നു ഇന്ന് തമ്മിൽ കണ്ടപ്പോൾ ഉള്ള ചർച്ച….

ആലോചനയോടുകൂടി ജോലികൾ ഓരോന്നായി ചെയ്ത് തീർത്ത് കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണവും കൊടുത്ത് ഉഷയും കഴിച്ചു.

സുകുവിനുള്ള ഭക്ഷണവുമായി ചെന്നപ്പോൾ അയാൾ ബോധമില്ലാതെ ഭക്ഷണം തട്ടിനിലത്തേക്ക് എറിഞ്ഞു..

അതും കൂടി ആയപ്പോൾ ഉഷയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല… കിടക്കാൻ നേരം മൊബൈലുമായി മുറിയിലേക്ക് പോയി…

വരുണിനോട് അല്ലാതെ മറ്റാരോടും സങ്കടങ്ങൾ പറയാൻ ഇല്ല എന്ന് മനസ്സിലായതും ഉഷ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു… അന്നത്തെ വിശേഷങ്ങൾ മുഴുവൻ വരുണിനെ അറിയിച്ചു..

മറുഭാഗത്തുനിന്നും പോട്ടെ സാരമില്ല… ഇതൊക്കെ പതിയെ മാറും.. അങ്ങനെ ഒരു മറുപടി കേട്ടപ്പോൾ.. അതുവരെ ഇല്ലാതിരുന്ന ഒരു സമാധാനം…

ആ മറുപടി അവനിൽ നിന്നായതുകൊണ്ട് തന്നെയാണ് സമാധാനമായത്..

എത്ര അകറ്റി മാറ്റി നിർത്താൻ ശ്രമിച്ചാലും … അവനിൽ നിന്നും തനിക്കൊരു മോചനം ഇല്ലെന്ന് ഉഷയ്ക്ക് അപ്പോൾ മനസ്സിലായി… നമ്മളെ കേൾക്കാൻ ഒരാൾ ഉണ്ടാകുന്നതല്ലേ ഏറ്റവും വലിയ ഭാഗ്യം….

Leave a Reply

Your email address will not be published. Required fields are marked *